This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാപ്പനീസ് കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജാപ്പനീസ് കല== ജാപ്പനീസ് കലയുടെ ചരിത്രത്തിന്റെ ഏറിയ കൂറും വി...)
അടുത്ത വ്യത്യാസം →

05:03, 19 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജാപ്പനീസ് കല

ജാപ്പനീസ് കലയുടെ ചരിത്രത്തിന്റെ ഏറിയ കൂറും വിദേശ കലാരൂപങ്ങളുടെ അനുകരണത്തിന്റെ ചരിത്രമാണ്. ബി.സി. 6-ാം ശ.-ല്‍ ബുദ്ധമതത്തിന്റെ വരവോടുകൂടിയാണ് വിദേശ സ്വാധീനം ആരംഭിക്കുന്നത്. ഈ സ്വാധീനം ഏറിയകൂറും ചൈനയിലും കൊറിയയിലും നിന്നായിരുന്നു. അതിനുമുമ്പുള്ള പ്രാചീനഘട്ടത്തില്‍ ജപ്പാന്‍ ജനത സ്വന്തമായ ചില കലാ സങ്കേതങ്ങള്‍ക്കു രൂപം നല്കിയിരുന്നു. നാട്ടു പ്രമാണിമാരുടെ ശവകൂടീരങ്ങളില്‍ അടക്കം ചെയ്യാന്‍വേണ്ടി കളിമണ്ണ് ഉണക്കി ചുട്ട് ഉണ്ടാക്കിയിരുന്ന മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശില്പകലാ സൃഷ്ടികള്‍. പിച്ചള കൊണ്ടുള്ള കണ്ണാടികളില്‍ കാണുന്ന ചില ചിത്രപ്പണികളല്ലാതെ അക്കാലത്തെ മറ്റു ചിത്രകലാ സൃഷ്ടികളൊന്നും അവശേഷിച്ചിട്ടില്ല.

അസുക ഘട്ടം (570-650) ബുദ്ധമതം ജപ്പാനില്‍ പ്രചാരത്തില്‍ വന്ന കാലമാണിത്. കലയുടെ രംഗത്തും ബുദ്ധമതം സ്വാധീനം ചെലുത്താന്‍ തുടങ്ങി. തടികൊണ്ടുള്ള പലതരം ബുദ്ധപ്രതിമകള്‍ നിര്‍മിക്കപ്പെട്ടു. 607-ല്‍ നിര്‍മിച്ച യകുഷി എന്ന വെങ്കല പ്രതിമയാണ് കണ്ടുകിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമുള്ളത്. ഇക്കാലത്തെ ശില്പങ്ങളില്‍ പ്രകടമായ ചൈനീസ് സ്വാധീനം കാണാം. ആദ്യകാല ജാപ്പനീസ് ശില്പികള്‍ ചൈനയില്‍ നിന്നുകൊണ്ടുവന്ന ശില്പങ്ങളെ അനുകരിക്കുകയാണു ചെയ്തിട്ടുള്ളത്. ചൈനീസ് ശില്പങ്ങള്‍ കല്ലുകൊണ്ടുണ്ടാക്കിയതാണെങ്കില്‍ ജാപ്പനീസ് ശില്പങ്ങള്‍ തടിയോ പിച്ചളയോ കൊണ്ടുണ്ടാക്കിയതാണെന്നത് ശ്രദ്ധേയമാണ്. ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടായതുകൊണ്ടാകാം കല്ലിന് കലാസൃഷ്ടിയില്‍ സ്ഥാനം ലഭിക്കാതെ പോയത്. ഷിബാ താസുനയും അദ്ദേഹത്തിന്റെ പുത്രനായ ഷിബാ തോറിയുമാണ് ഇക്കാലത്തെ പ്രമുഖരായ രണ്ടു ശില്പികള്‍. ഹൊറ്യൂജിയിലെ യുമെദോ നോ ക്വാനന്‍, ചുഗുജിയിലെ കുദാര ക്വാനന്‍ മുതലായവ ഇക്കാലത്തെ പ്രമുഖ ശില്പകലാ സൃഷ്ടികളാണ്. അസുക ഘട്ടത്തിന്റെ ഒടുവില്‍ കൊറിയന്‍ സ്വാധീനത്തിന്റെ മിന്നാട്ടവും കാണാം.

തമാമുഷി ദേവാലയത്തില്‍ കാണുന്ന ചിത്രങ്ങള്‍ ഇക്കാലത്തെ ജാപ്പനീസ് ചിത്രകലയുടെ പ്രാതിനിധ്യം വഹിക്കുന്നു. ഷൊതോകു തൈഷിയുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും ചിത്രങ്ങളും നിര്‍ണായക പ്രാധാന്യമുള്ളവ തന്നെ.

ഹകുഹോ ഘട്ടം (650-710). ഈ കാലഘട്ടത്തിലും ജാപ്പനീസ് കലാകാരന്മാര്‍ ചൈനീസ് കലാകാരന്മാരില്‍ നിന്നാണ് പ്രചോദനം കൊണ്ടത്. ജപ്പാന്‍ സര്‍ക്കാരും ഇക്കാലത്ത് ചൈനയിലേക്കാണ് തങ്ങളുടെ ദൃഷ്ടി തിരിച്ചത്. ചൈനയില്‍ നിന്ന് ധാരാളം കലാകാരന്മാരെ അവര്‍ ജപ്പാനിലേക്കു ക്ഷണിച്ചുവരുത്തി. തലസ്ഥാനമായ നാറ ചൈനീസ് മാതൃകയിലാണ് പണികഴിപ്പിച്ചത്. ബുദ്ധപ്രതിമകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവന്ന ഈ ഘട്ടത്തില്‍ കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളുടെ ശില്പഭദ്രതയില്‍ അത്ര കണ്ടു ശ്രദ്ധ പതിപ്പിക്കുകയുണ്ടായില്ല. തചിബാനാ ദേവാലയത്തില്‍ കാണുന്ന മൂന്നു പ്രതിമകളും യകുഷിജിയിലെ യകുഷി ശില്പത്രയവും ഈ കാലഘട്ടത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു.

ചിത്രകലയിലും ചൈനീസ് സ്വാധീനം പ്രകടമാണ്. ഹോറ്യൂജിയിലെ ബുദ്ധമണ്ഡപത്തില്‍ കാണുന്ന ചുവര്‍ചിത്രങ്ങളാണ് ഇക്കാലത്തെ ഏറ്റവും മഹത്തായ സൃഷ്ടി. ഈ ചിത്രങ്ങളുടെ രചനയില്‍ ചൈനീസ് ചിത്രകാരന്മാര്‍ നിര്‍ണായക പങ്കു വഹിച്ചതായി കാണുന്നു.

നാറാ ഘട്ടം (710-800). ഈ കാലഘട്ടത്തില്‍ ബുദ്ധമതം അതിവേഗം പ്രചാരം നേടുകയും തലസ്ഥാനം ബുദ്ധക്ഷേത്രങ്ങള്‍ കൊണ്ടു നിറയുകയും ചെയ്തു. ബുദ്ധശില്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നു. മാധ്യമത്തിന്റെ കാര്യത്തില്‍ പിച്ചളയുടെയും തടിയുടെയും സ്ഥാനം കളിമണ്ണ് ഏറ്റെടുത്തു. 730-നും 750-നും ഇടയില്‍ കളിമണ്‍ ശില്പകലയില്‍ തനതായ ഒരു ജാപ്പനീസ് ശൈലി ഉടലെടുത്തു. വജ്രപാണി തുടങ്ങിയ ദേവതമാരുടെയും നാലു രക്ഷക രാജാക്കന്മാരുടെയും (Four Guardian Kings) പ്രതിമകളില്‍ ഈ ശൈലി സ്പഷ്ടമായി കാണാം. 10 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയതും 752-ല്‍ അനാച്ഛാദനം ചെയ്തതുമായ ബുദ്ധവൈരോചന പ്രതിമയാണ് ഇക്കാലത്തെ ഏറ്റവും മഹത്തായ സൃഷ്ടി. നാറായിലെ ദൈബുത്സു (Great Buddha of Nara) എന്ന് ഈ ശില്പം അറിയപ്പെടുന്നു. 16 മീ. ഉയരമുള്ള ഈ പ്രതിമ പലഭാഗങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നത്. കാലപ്രവാഹത്തില്‍ പല ക്ഷതങ്ങളും സംഭവിച്ച ഈ പ്രതിമയുടെ കാല്‍മുട്ടു മാത്രമേ മൗലിക രൂപത്തില്‍ അവശേഷിച്ചിട്ടുള്ളൂ.

754-ല്‍ ഗഞ്ചിന്‍ എന്ന ചൈനീസ് പുരോഹിതന്‍ നിരവധി കരകൗശല വിദഗ്ധരുമായി എത്തിച്ചേര്‍ന്നത് ജാപ്പനീസ് കലയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക സംഭവമാണ്. തോഷോദൈജി എന്ന പേരില്‍ ഒരു പ്രത്യേക ശൈലി തന്നെ രൂപപ്പെടാന്‍ ഇതു കാരണമായി.

ചിത്രകലയിലും ഏഷ്യന്‍ മാതൃകകളുടെ അനുകരണങ്ങള്‍ തന്നെയാണ് മുന്നിട്ടുനില്ക്കുന്നത്. ഇക്കാലത്തു രചിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ ഷൊസോയിന്‍ കലാശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കിചിജോതന്‍ എന്ന അമാനുഷിക രാജ്ഞിയുടെ രേഖാചിത്രം കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

ഹീയന്‍ ഘട്ടം (800-1170). ഹീയന്‍ (ക്യോട്ടോ) ആസ്ഥാനമാക്കി പുതിയ ഭരണം നിലവില്‍ വന്നതോടുകൂടി മതാധിഷ്ഠിത കലകളുടെ രംഗത്ത് ഒരുതരം നിശ്ചലാവസ്ഥ ഉണ്ടായി. ക്യോട്ടോയിലെ ബൗദ്ധക്ഷേത്രങ്ങളില്‍ ആദ്യകാലത്തു നിര്‍മിക്കപ്പെട്ട പ്രതിമകള്‍ മിക്കവാറും ബറോക് ശൈലിയുടെ അനുകരണമായിരുന്നു. തെന്‍തായ്, ഷിങ്ഗോന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ വരവോടു കൂടി പുതിയതരം ശില്പങ്ങള്‍ ആവശ്യമായി വന്നു. ബുദ്ധപ്രതിമകള്‍ എണ്ണത്തില്‍ കുറഞ്ഞുവെന്നു മാത്രമല്ല അവയുടെ ശില്പപരമായ സൗന്ദര്യത്തിന് ഉടവുതട്ടുകയും ചെയ്തു. ഗുഹാശില്പങ്ങളുടെ സൃഷ്ടിയാണ് ഇക്കാലത്തെ എടുത്തു പറയത്തക്ക ഒരു സവിശേഷത. പാറകളില്‍ ഗുഹകള്‍ സൃഷ്ടിച്ച് അവിടെ കല്ലില്‍ കൊത്തിയ നിരവധി ശില്പങ്ങള്‍ ഉടലെടുത്തുവെങ്കിലും വളരെ കുറച്ചു മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ദുര്‍മേദസ്സാര്‍ന്ന ഷിന്റോ പ്രതിമകളും ബൗദ്ധ പുരോഹിതന്റെ വേഷത്തിലുള്ള ഹചിമാന്‍ എന്ന യുദ്ധദേവതയുടെ പ്രതിമകളുമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത.

ക്രമേണ മതേതരമായ കല വികാസം പ്രാപിക്കുകയും മതാധിഷ്ഠിതകല പിന്തള്ളപ്പെടുകയും ചെയ്തു. രാജസദസ്സിനെ കേന്ദ്രീകരിച്ചു വളര്‍ന്ന മതേതര കലാശൈലി 11-ഉം 12-ഉം ശ.-ങ്ങളില്‍ വളര്‍ച്ചയുടെ പരകോടിയിലെത്തി. യമതോ-ഇ എന്നറിയപ്പെടുന്ന ജാപ്പനീസ് ചിത്രകലാശൈലി ഉടലെടുത്തത് ഇക്കാലത്താണ്. ഫുജിവാറ നോ തകയോഷി എന്ന കലാകാരന്‍ ഗെഞ്ചിയുടെ കഥ എന്ന ഗ്രന്ഥത്തിനുവേണ്ടി രചിച്ചതായി വിശ്വസിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഈ ശൈലിയുടെ മിന്നാട്ടം കാണാം.

കാമാകുറ ഘട്ടം (1170-1350). ലൌകിക വിഷയങ്ങള്‍ക്കും ജീവിതഗന്ധിയായ വിഷയങ്ങള്‍ക്കും മുന്‍തൂക്കം കൈവന്ന കാലമാണിത്. കോകെയ് എന്ന കലാകാരന്‍ ശില്പകലയില്‍ ഒരു പുതിയ ശൈലി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ പുത്രനായ ഉന്‍കെയ് അതിനെ പരിപോഷിപ്പിക്കുകയും ചെയ്തു. നാറാ ഘട്ടത്തിന്റെ സ്വാധീനമാണ് ഇവരുടെ സൃഷ്ടികളില്‍ കാണുന്നത്. കാമാകുറയിലെ 11 മീ. ഉയരമുള്ള വെങ്കല നിര്‍മിതമായ ബുദ്ധപ്രതിമയാണ് ഈ ഘട്ടത്തിലെ മഹത്തായ സൃഷ്ടി.

ചിത്രകലാ രംഗത്ത് മിത്സുംഗ എന്ന കലാകാരന്‍ ഒരുതരം ചിത്രാഖ്യാന സമ്പ്രദായം ആവിഷ്കരിച്ചു. വാക്കുകളുടെ പറയത്തക്ക സഹായമില്ലാതെ തുടര്‍ച്ചയായ ചിത്രങ്ങള്‍ കൊണ്ടു കഥ പറയുന്ന രീതിയാണിത്. ഇത് താമസിയാതെ മതാധിഷ്ഠിത ചിത്രകലയിലും സ്വീകരിക്കപ്പെട്ടു. മലമുകളില്‍ നിന്നുയര്‍ന്നുവരുന്ന യമഗോഷി ബുദ്ധന്മാരുടെയും കടല്‍ കടന്നു ജപ്പാനിലേക്ക് ബോധോദയത്തിന്റെ പുതിയ പാഠങ്ങള്‍ കൊണ്ടുവന്ന മൊഞ്ചു ബോധിസത്വന്റെയും നിരവധി ചിത്രങ്ങള്‍ ഈ ഘട്ടത്തില്‍ രചിക്കപ്പെട്ടു. 12-ാം ശ.-ന്റെ അവസാനത്തോടുകൂടി ചൈനീസ് സ്വാധീനം വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതുകാണാം.

അഷികാഗ ഘട്ടം (1350-1570). ജപ്പാനില്‍ സെന്‍ ബുദ്ധമതം അതിവേഗം പ്രചരിച്ച കാലമാണിത്. പരമ്പരാഗതമായ ബൗദ്ധകലാ സൃഷ്ടികള്‍ പ്രചാരലുപ്തമാവുകയും സെന്‍ ബുദ്ധ സന്ന്യാസിമാരുടെ ശില്പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ജനപ്രീതിയേറുകയും ചെയ്തു. പുതിയ ചിത്രകലാശൈലിയുടെ മുഖ്യപ്രയോക്താക്കളും സെന്‍ സന്ന്യാസിമാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അവരില്‍ പലരും ചൈന സന്ദര്‍ശിക്കുകയും ചൈനീസ് കലാസൃഷ്ടികളുമായി തിരിച്ചുവരികയും ചെയ്തു. ബുദ്ധവിഹാരങ്ങളിലും പ്രഭുകുടുംബങ്ങളിലും ഈ കലാസൃഷ്ടികളുടെ വന്‍ശേഖരങ്ങള്‍ തന്നെ ഉണ്ടായി. സെഷു (1420-1506), കാനോ മസാനോബു (1434-1530), മൊതൊനോബു (1476-1559), തോസാ മിത്സുനോബു (1434-1525) എന്നിവരാണ് ഈ ഘട്ടത്തിലെ പ്രമുഖ ചിത്രകാരന്മാര്‍.

മൊമൊയാമ ഘട്ടം (1570-1630). ജപ്പാനില്‍ ഏകീകൃത ഭരണം നടപ്പിലാക്കിയ വീരയോദ്ധാക്കള്‍ക്കും നാട്ടുപ്രഭുക്കന്മാര്‍ക്കും സമൂഹത്തില്‍ മേല്‍ക്കോയ്മ കിട്ടിയ കാലമാണിത്. തങ്ങള്‍ക്കു കൈവന്ന വിജയത്തിന്റെ ഫലം പൂര്‍ണമായി ആസ്വാദിക്കാനാഗ്രഹിച്ച അവര്‍ക്കുവേണ്ടത് പലപ്പോഴും ബീഭത്സതയുടെയും അസഭ്യതയുടെയും അതിരോളം ചെല്ലുന്ന ചിത്രങ്ങളായിരുന്നു. ഒരു ചായസത്കാരം പോലും അവര്‍ക്ക് പ്രതാപം പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരുന്നു. തന്നിമിത്തം അവര്‍ കലാകാരന്മാരെക്കൊണ്ട് നിര്‍മിപ്പിച്ച ചിത്രങ്ങളും ശില്പങ്ങളും ഏറിയകൂറും അലങ്കാര വസ്തുക്കളായിരുന്നു. സ്വര്‍ണഖചിതമായ പശ്ചാത്തലമായിരുന്നു പല ചിത്രങ്ങള്‍ക്കും. എയ്തോകു, സന്റാകു തുടങ്ങിയ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ പഴയ കാനോശൈലി തുടര്‍ന്നും നിലനിന്നുവെങ്കിലും പുതിയ ശൈലികളും ഉടലെടുത്തു. സെഷുവിന്റെ സര്‍ഗാത്മക പാരമ്പര്യം അവകാശപ്പെട്ട ഉന്‍കോകു, ഹസെഗാവ എന്നിവയും ചൈനീസ് രീതിയില്‍ നിന്നു വികാസം പ്രാപിച്ച സോഗ, കൈഹോ എന്നിവയുമാണ് ഈ രംഗത്തു പ്രചാരം നേടിയത്. നിതെന്‍ (1584-1654), ഷൊകാദോ (1584-1639) തുടങ്ങി ഒരു പ്രത്യേക ചിത്രരചനാ പദ്ധതിയില്‍ ഒതുങ്ങി നില്ക്കാത്ത കലാകാരന്മാരും ഈ കാലഘട്ടത്തിനു തിളക്കം പകര്‍ന്നു. തോസ മിത്സുയോഷി (1539-1613), തവരായ സൊതാത്സു (-1643), ഹൊനാമി കൊയെത്സു (1558-1637) തുടങ്ങിയ ചിത്രകാരന്മാരിലൂടെ പഴയ യമതോ-ഇ ശൈലി കുറേക്കാലം കൂടി തുടര്‍ന്നു.

1542-ല്‍ യൂറോപ്യന്‍ കച്ചവടക്കാരും മിഷനറിമാരും ജപ്പാനിലെത്തിയതോടെ ജാപ്പനീസ് ചിത്രകലയില്‍ പാശ്ചാത്യ സ്വാധീനം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എണ്ണച്ചായ ചിത്രങ്ങളുടെ പ്രചാരമാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

ശില്പകലയിലും ഈ ഘട്ടത്തില്‍ ഒരു നവോത്ഥാനം ദൃശ്യമായി. ഹിദാരി ജിങ്ഗോറോ (1584-1643) ഇക്കാലത്തെ ശില്പികളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

ഇഡോ (ടോകുഗാവ) ഘട്ടം (1630-1870). ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ കലയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കാലഘട്ടമാണിത്. പൊതുവില്‍ സമാധാനത്തിന്റെ അന്തരീക്ഷം പുലര്‍ന്നത് കലയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കു സഹായകമായി. താന്യു (1602-74), നവൊനോബു (1607-50), യാസുനോബു (1613-85) എന്നിവരുടെ നേതൃത്വത്തില്‍ കാനോ ചിത്രകലാസമ്പ്രദായം മൂന്നു വ്യത്യസ്ത ശാഖകളായി വികസിച്ചു. മിത്സുവോകി (1617-91) എന്ന ചിത്രകാരന്‍ തോസാരീതി പരിപോഷിപ്പിച്ചപ്പോള്‍ ഒഗാതകോറിന്‍ (1658-1716) സൊതാത്സുവിന്റെ ആലങ്കാരിക ശൈലി പിന്തുടര്‍ന്നു. സാധാരണ ജനങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന ഉകിയോ-ഇ എന്നൊരു രീതിയും ഇതോടൊപ്പം വളര്‍ന്നുവന്നു. നഗരങ്ങളില്‍ താമസിക്കുന്ന മധ്യവര്‍ഗക്കാരില്‍ നിന്നു ചിത്രങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചപ്പോള്‍ ചിത്രങ്ങളുടെ കോപ്പികള്‍ (ജൃശി) ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന രീതി ഉടലെടുത്തതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സംഭവ വികാസം. ഹിഷികാവമൊറൊനോബു (-1694), തോറി കിയൊനോബു (1664-1729), മൊറികാഗെ (-1700), വതനാബേ ഷികൊ (1683-1755), ഹനാബുസ ഇച്ചോ (1652-1724), മിയാഗാവ ചോഷുന്‍ (1682-1752) എന്നിവരാണ് ഈ ഘട്ടത്തിലെ പ്രമുഖ ചിത്രകാരന്മാര്‍.

ബുഞ്ജിങ്ഗ എന്ന ചിത്രകലാരീതിയാണ് ഈ കാലഘട്ടത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. സാഹിത്യകാരന്റെ ചിത്രകല എന്നാണ് വാക്കിന്റെ അര്‍ഥം. കവികളുടെയിടയ്ക്കു വളര്‍ന്നുവന്ന ഈ ചിത്രകലാ പ്രസ്ഥാനത്തില്‍ മാനുഷിക വികാരങ്ങള്‍ക്കും ആധ്യാത്മികതയ്ക്കും സാങ്കേതികമായ നൂലാമാലകളെക്കാള്‍ പ്രാധാന്യമേറും. ഗിയോന്‍ നങ്കായ് ആണ് ഇതിന്റെ ഉപജ്ഞാതാവ്. മറുയാമ ഓക്യോ (1733-95), മത്സുമാറ ഗോഷന്‍ (1752-1811), യോസാനോ ബുസോന്‍ (1716-83), സുസുകി ഹറുനോബു (1724-70), കത്സുകാവ ഷുന്‍സോ (1726-92), തോറികിയൊനാഘ (1752-1815), കിതഗാവ ഉതമാരോ (1754-1806), തോഷുസായ് ഷരാകു, ഉതഗാവ തൊയോകുനി (1769-1825), കത്സുഷിക ഹൊകുസായ് (1760-1849), ഔദോ ഹിരോഷിഗെ (1797-1858) എന്നിവരാണ് ഈ ഘട്ടത്തിലെ മറ്റു പ്രമുഖ ചിത്രകാരന്മാര്‍.

ആധുനികഘട്ടം (1870-). മെയ്ജി ഭരണം സ്ഥാപിതമായതിനെത്തുടര്‍ന്നുള്ള ഈ ഘട്ടത്തില്‍ വിദേശകലാസങ്കേതങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതായി കാണാം. ഷിബാത സെഷിന്‍ (1807-91), കാനോ ഹൊഗായ് (1828-88), ഹഷിമോതോ ഗാഹോ (1835-1908), കവാബത്ത ഗ്യോകുഷോ (1842-1913), ഹിഷിദാ സുന്‍ഷോ (1874-1907) തുടങ്ങിയവരാണ് ഈ ഘട്ടത്തിലെ മികച്ച കലാകാരന്മാര്‍. 20-ാം ശ.-ന്റെ മധ്യത്തോടുകൂടി ജാപ്പനീസ് കലാരംഗത്ത് ജാപ്പനീസ് തനതു ശൈലിയും പാശ്ചാത്യാനുകരണ ശൈലിയും രണ്ടു സുവ്യക്ത ശാഖകളായി ഉരുത്തിരിയുകയുണ്ടായി. തകെയൂചി സെയ്ഹോ (1865-1944), യൊകൊയാമ തൈകാന്‍ (1868-1958) തുടങ്ങിയവരാണ് ജാപ്പനീസ് തനതു ശൈലിക്കാരില്‍ പ്രമുഖര്‍. യാസുവോ കുനിയോഷി (1893-1953) ആണ് പാശ്ചാത്യാനുകരണ ശൈലിക്കാരില്‍ അഗ്രഗണ്യന്‍. ജാപ്പനീസ് ശൈലിയും പാശ്ചാത്യശൈലിയും തമ്മില്‍ സമഞ്ജസമായി മേളിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ശൈലി വാര്‍ത്തെടുക്കാനുള്ള ചില ശ്രമങ്ങള്‍ അങ്ങിങ്ങു നടന്നിട്ടുണ്ടെങ്കിലും ഫലപ്രാപ്തി കൈവന്നിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍