This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാക്സണ്‍, മൈക്കല്‍ (1958 - 2009)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജാക്സണ്‍, മൈക്കല്‍ (1958 - 2009)== അമേരിക്കന്‍ പോപ് ഗായകന്‍. ജോ-കാതറിന...)
അടുത്ത വ്യത്യാസം →

04:52, 19 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജാക്സണ്‍, മൈക്കല്‍ (1958 - 2009)

അമേരിക്കന്‍ പോപ് ഗായകന്‍. ജോ-കാതറിന്‍ ജാക്സണ്‍ ദമ്പതിമാരുടെ ഒന്‍പത് മക്കളില്‍ ഏഴാമനായി 1958-ല്‍ ഇന്ത്യാനായില്‍ ജനിച്ചു. ജാക്കി, ടിറ്റോ, ജറാമീന്‍, മര്‍ലോണ്‍ എന്നീ സഹോദരങ്ങളോടൊപ്പം ജാക്സണ്‍ തന്റെ അഞ്ചാമത്തെ വയസ്സില്‍ ജാക്സണ്‍-ഫൈവ് എന്ന സംഗീത ട്രൂപ്പ് ആരംഭിച്ചു (1963). ട്രൂപ്പിന്റെ നായകസ്ഥാനം മൈക്കലിനായിരുന്നു. 1965-ല്‍, യു.എസ്. ടോപ്പ് ടെന്‍ പരിപാടിയില്‍ തുടര്‍ച്ചയായി നാലു പ്രാവശ്യം ജാക്സണ്‍ ഫൈവിന്റെ ഗാനങ്ങള്‍ ഒന്നാം സ്ഥാനം നേടിയതോടെ ജാക്സണ്‍ താരപദവിയിലേക്ക് ഉയര്‍ന്നു. 1972-ല്‍ ട്രൂപ്പില്‍ നിന്നു വിട്ട് ജാക്സണ്‍ തന്റെ ആദ്യത്തെ സോളോ ഗാനം അവതരിപ്പിച്ചു. 1979-ലാണ് ആദ്യത്തെ സോളോ ആല്‍ബം പുറത്തിറക്കിയത്. ഓഫ് ദ് വോള്‍ (Off the wall) എന്ന ഈ ആല്‍ബത്തിലെ നാലു ഗാനങ്ങള്‍ ജനപ്രിയങ്ങളായി. നാലു സോളോ ഗാനങ്ങള്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ആല്‍ബം എന്ന റെക്കോഡ് അതോടുകൂടി ജാക്സന്റെതായി. 'ഡോണ്ട് സ്റ്റോപ്പ് ടില്‍ യു ഗെറ്റ് ഇനഫ്' എന്ന ഗാനത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചു. ത്രില്ലര്‍ (1982) ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആല്‍ബം എന്ന റെക്കോഡ് നേടിയെടുത്തു. നാല്പത്തഞ്ചു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഈ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. ഈ ആല്‍ബം 1984-ലെ എട്ട് ഗ്രാമി അവാര്‍ഡുകള്‍ നേടി. പോസ്റ്റല്‍ സ്റ്റാമ്പില്‍ മൈക്കലിന്റെ മുഖം അച്ചടിച്ചു വന്നത് മറ്റൊരു റെക്കോഡായി. 'ബാഡ്' (1987) എന്ന ആല്‍ബം ജാക്സന്റെ വിജയത്തിന്റെ മറ്റൊരു തുടര്‍ക്കഥയായിരുന്നു. 'പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്', 'സോള്‍ ട്രെയിന്‍ മ്യൂസിക് അവാര്‍ഡ്', 'എം.ടി.വി. വീഡിയോ' അവാര്‍ഡ് തുടങ്ങിയവയും ദൃശ്യ വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും ജനപ്രീതി നേടിയ കലാകാരന്‍ എന്ന വാനിറ്റി ഫെയറിന്റെ ബഹുമതിയും ജാക്സനു ലഭിച്ചു. 'ഡെയിഞ്ചറസ്' (1991), 'ഹിസ്റ്ററി' (1995), 'ഹിസ്റ്ററി റീമേക്ക്' (1997) എന്നിവയാണ് മറ്റ് ആല്‍ബങ്ങള്‍.

ജാക്സണ്‍ ഗാനമേളകള്‍ എക്കാലത്തും വിസ്മയങ്ങളായിരുന്നു. ഗാനങ്ങളുടെ മാസ്മരികതയും താളബദ്ധമായ ചുവടുവയ്പും മാത്രമല്ല വര്‍ണാഭമായ വേഷവിധാനങ്ങള്‍, വര്‍ണ വെളിച്ചങ്ങള്‍, ലേസര്‍ ദീപങ്ങള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക തന്ത്രങ്ങളും ജാക്സന്റെ വിജയത്തിനു കാരണമാണ്. സാമൂഹികവും സാംസ്കാരിവുമായുള്ള ജാക്സന്റെ പ്രതിബദ്ധത ഗാനങ്ങളില്‍ പ്രകടമാണ്. വര്‍ണവിവേചനം, പരിസര മലിനീകരണം, വനനശീകരണം തുടങ്ങിയ പ്രമേയങ്ങള്‍ ജാക്സനു പ്രിയപ്പെട്ടവയാണ്. വ്യക്തിജീവിതത്തില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങളും ഏകാന്തതയും പ്രേമവും സ്നേഹവും നിരാശയും ആ ഗാനങ്ങളില്‍ കേള്‍ക്കാം. ജാക്സണ്‍ കാണികളില്‍ ഭ്രാന്തമായ ആവേശവും വൈകാരികമായ ഉന്മാദവും ഉണ്ടാക്കുന്നതായി ഒരു വിമര്‍ശനമുണ്ട്.

ജാക്സന്റെ വ്യക്തിജീവിതം പലപ്പോഴും വിവാദങ്ങളില്‍ കുരുങ്ങിയിട്ടുണ്ട്. തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ് ഒരു നാണംകുണുങ്ങിയുടെ ഏകാന്തജീവിതമായിരുന്നു എന്നും ജാക്സണ്‍ നയിച്ചിരുന്നത്. കറുപ്പായാലും വെളുപ്പായാലും എന്തു വ്യത്യാസം? (Black or white?) എന്നു ചോദിക്കുന്ന ജാക്സണ്‍ തന്റെ മുഖം ബ്ളീച്ച് ചെയ്തു വെളുപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ചുണ്ടിന്റെയും മൂക്കിന്റെയും ആകൃതി മാറ്റി, ചുരുണ്ട മുടിയുടെ ചുരുളും മാറ്റി. ജാക്സന്റെ ഓരോ പ്രവര്‍ത്തിയും വിവാദങ്ങളായി. സ്വവര്‍ഗരതി, ഒരു കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കി എന്ന കേസ് എന്നിവയൊക്കെ ഈ പട്ടികയില്‍പ്പെടുന്നു.

മൂണ്‍ വാക്ക് (Moon walk) എന്ന ആത്മകഥ 1988-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1997-ല്‍ മൈക്കല്‍ ജാക്സണ്‍ ഇന്ത്യയിലെത്തി ഗാനമേള അവതരിപ്പിച്ചു. 2009 ജൂണ്‍ 25-ന് ലോസ് ആഞ്ചല്‍സില്‍ ജാക്സന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍