This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജോസഫ് പാറേക്കാട്ടില്‍ (1912 - 87)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജോസഫ് പാറേക്കാട്ടില്‍ (1912 - 87)== [[ചിത്രം:Joseph Parekattil.png|150px|right|thumb|ജോസഫ് പാ...)
അടുത്ത വ്യത്യാസം →
Current revision as of 16:06, 14 ഫെബ്രുവരി 2016
ജോസഫ് പാറേക്കാട്ടില്‍ (1912 - 87)
കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും കര്‍ദിനാള്‍. ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1912 ഏ. 1-ന് അങ്കമാലിക്കടുത്തുള്ള കിടങ്ങൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ ഇട്ടിര-ഏലിശ്വ ദമ്പതികളുടെ നാലാമത്തെ സന്താനമായി ജനിച്ചു.
കിടങ്ങൂര്‍, അങ്കമാലി, വേങ്ങൂര്, മൂഴിക്കുളം എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. മലയാളം ഏഴാം ക്ളാസ് പാസായതിനെ തുടര്‍ന്ന് അങ്കമാലി സെന്റ്ജോസഫ്സ് മിഡില്‍ സ്കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം 1930-ല്‍ വൈദിക പഠനത്തിനായി എറണാകുളം പെറ്റി സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് സിലോണിലെ (ശ്രീലങ്ക) കാന്‍ഡിയിലുള്ള പേപ്പല്‍ സെമിനാരിയില്‍ എത്തി (1933) ദാര്‍ശനിക ശാസ്ത്രത്തില്‍ പിഎച്ച്.ഡി., വൈദ്യശാസ്ത്രത്തില്‍ എല്‍.ഡി. എന്നീ ബിരുദങ്ങള്‍ നേടി. 1941-ല്‍ കാന്‍ഡിയില്‍ നിന്ന് വീണ്ടും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1945-ല്‍ തേവര സേക്രട്ട്ഹാര്‍ട്ട് കോളജില്‍ പഠനം തുടര്‍ന്നു. 1947-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിങ്ഷനോടെ ബി.എ. പാസായി. 1970-ല്‍ വെയ്ന്‍ സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു.
1939 ആഗ. 24-നു ഞാറയ്ക്കല്‍ പള്ളിയില്‍ സഹവികാരിയായി നിയമിതനായി. തുടര്‍ന്ന് വടക്കന്‍ പറവൂരില്‍ സഹവികാരി, ചുണങ്ങുംവേലി, മാറാമ്പിള്ളി എന്നിവിടങ്ങളില്‍ വികാരി; ചുണങ്ങുംവേലി മഠത്തിലെ നോവീഷ്യേറ്റ് ഗുരു, പെരുമാനൂര്‍ ലൂര്‍ദ് പള്ളിയുടെ ചുമതലക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1947 ജൂണ്‍ 4-നു സത്യദീപം വാരികയുടെ പത്രാധിപരായി. 1953 ഒ. 28-നു പീയുസ് XII മാര്‍പ്പാപ്പാ, ഇദ്ദേഹത്തെ ആരത്തൂസായുടെ സ്ഥാനിക മെത്രാനും എറണാകുളം അതിരൂപതയുടെ സഹായമെത്രാനുമായി നിയമിച്ചു; 1953 ന. 30-നു മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അന്നത്തെ മെത്രാപ്പോലീത്ത 1950 ജനു. 10-നു കാലംചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം ജനു. 27-ന് അപ്പോസ്തലിക് അഡ്മിനിസ്റ്റ്രേറ്റര്‍ ആയി. 1956 ജൂല. 20-ന് പീയുസ് XII മാര്‍പ്പാപ്പാ ഇദ്ദേഹത്തെ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി അവരോധിച്ചു. 1969 മാ. 28-നു പോള്‍ VI മാര്‍പ്പാപ്പാ ഇദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ഏപ്രില്‍ 30-ന് റോമില്‍ വച്ച് കര്‍ദിനാളിന്റെ ചുവന്ന തൊപ്പി അണിയിക്കുകയും ചെയ്തു.
അഞ്ചു മാര്‍പ്പാപ്പമാരുടെ കീഴില്‍ (പിയൂസ് XII, പോള്‍ VI, ജോണ്‍ XXIII, ജോണ്‍ പോള്‍ I, ജോണ്‍ പോള്‍ II) സഭാസേവനം നടത്താന്‍ കഴിഞ്ഞ അപൂര്‍വം പുരോഹിതശ്രേഷ്ഠന്മാരിലൊരാളായിരുന്നു പാറേക്കാട്ടില്‍. ചരിത്രപ്രധാനമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രാരംഭ രൂപരേഖ തയ്യാറാക്കിയ പ്രിപ്പറേറ്ററി കമ്മിഷന്‍ അംഗം എന്ന പദവി ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രിസ്തീയ മതസംഘടനകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ വിദേശയാത്രകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസരംഗങ്ങളില്‍ എറണാകുളം അതിരൂപത പ്രശംസനീയമായ പുരോഗതി കൈവരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍ എന്നിവ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടു. എറണാകുളത്തെ സെന്റ് മേരീസ് ദേവാലയം കലാസുന്ദരമായി പുതുക്കിപ്പണിയുന്നതിനും മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുന്നതിനും ഇദ്ദേഹം മുന്‍കൈ എടുത്തു.
കേരള ക്രിസ്തീയസഭയുടെ ഭാരതവത്കരണ പ്രക്രിയയ്ക്ക് ഇദ്ദേഹം നേതൃത്വം നല്കി. കേരളത്തിലെ ആരാധനാക്രമം സുറിയാനിക്കു പകരം മലയാളത്തിലാക്കുന്നതിനും ഭാരതീയമായ ആചാരാനുഷ്ഠാനങ്ങള്‍ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഇദ്ദേഹം പ്രമുഖ പങ്കു വഹിച്ചു.
ഹൃദ്രോഗബാധയെ തുടര്‍ന്ന് 1987 ഫെ. 20-ന് ഇദ്ദേഹം കാലം ചെയ്തു. 1987 ഫെ. 22-ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയുടെ മദ്ബഹയില്‍ പ്രത്യേകം തയ്യാറാക്കിയ കബറില്‍ ഇദ്ദേഹത്തിന്റെ ഭൌതികശരീരം അടക്കം ചെയ്യപ്പെട്ടു.