This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാംനഗര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജാംനഗര്‍== ==Jam Nagar== ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും ആസ്ഥാ...)
അടുത്ത വ്യത്യാസം →
10:43, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജാംനഗര്‍
Jam Nagar
ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും ആസ്ഥാന നഗരവും. ജാംനഗര്‍ നഗരം രാജ്കോട്ടിനു 72 കി.മീ. പടിഞ്ഞാറ് - വ.പടിഞ്ഞാറായി കച്ച് ഉള്‍ക്കടല്‍ത്തീരത്തു സ്ഥിതിചെയ്യുന്നു.
മുമ്പ് ഹലാര്‍ജില്ല എന്നറിയപ്പെട്ടിരുന്ന ജാംനഗര്‍ ജില്ല ഗുജറാത്തിലെ കത്തിയവാര്‍ ഉപദ്വീപിലുള്ള ജില്ലകളില്‍ ഒന്നാണ്. പഴയ നാട്ടുരാജ്യങ്ങളായ നവനഗര്‍, ധോല്‍ദേവാനി എന്നിവ ചേര്‍ന്നാണ് പ്രധാനമായി ഈ ജില്ല ഉണ്ടായിരിക്കുന്നത്. അതിരുകള്‍: വ. റാന്‍ ഒഫ് കച്ച്, തെ. ജൂനഗഢ് ജില്ല, കി. രാജ്കോട്ട് ജില്ല, പ. അറേബ്യന്‍ സമുദ്രം. ജില്ലയുടെ അതിര്‍ത്തിയിലായി വരുന്ന ബാര്‍ദോ കുന്നുകള്‍ ഒഴികെ ഉപരിതലത്തിന്റെ ഭൂരിഭാഗവും സമതലങ്ങളാണ്. വടക്കേയറ്റത്തായി കച്ച് ഉള്‍ക്കടല്‍ തീരത്ത് ധാരാളം കണ്ടല്‍ വനങ്ങളുണ്ട്. ഇവ ഇന്ധനത്തിനും കാലിത്തീറ്റയ്ക്കുമായി ഉപയോഗിക്കപ്പെടുന്നു. ജോവര്‍, ബജ്റ, ഗോതമ്പ് എന്നീ ധാന്യങ്ങള്‍; പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, പരുത്തി എന്നിവയെല്ലാം കാര്‍ഷിക വിളകളില്‍ പെടുന്നവയാണ്. കൈത്തറിയും സില്‍ക്കും പ്രധാന വ്യവസായങ്ങളായുള്ള ഈ ജില്ലയില്‍ മത്സ്യബന്ധനത്തിനും സുപ്രധാനമായൊരു പങ്കുണ്ട്.
ജനങ്ങള്‍ മുഖ്യമായി ഹിന്ദുമതത്തില്‍പ്പെട്ടവരാണ്. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍ തുടങ്ങിയവരും കൂട്ടത്തിലുണ്ട്. പ്രധാന ഭാഷകള്‍ ഗുജറാത്തി, ഉര്‍ദു, ഹിന്ദി, സിന്ധി എന്നിവയാണ്.
ജാംനഗര്‍ നഗരത്തില്‍ ഉപ്പളങ്ങളും മുത്തുത്പാദന കേന്ദ്രങ്ങളും ധാരാളമായി കാണുന്നു. സിമന്റ്, തുണിത്തരങ്ങള്‍, കളിമണ്‍പാത്രങ്ങള്‍, എണ്ണകള്‍ എന്നിവയെല്ലാം നഗരത്തിലെ പ്രധാന വ്യാവസായികോത്പന്നങ്ങളാണ്. ചെറുതുറമുഖമായ 'ബേദി' ജാംനഗറിനടുത്തായി സ്ഥിതി ചെയ്യുന്നു.
വീതിയേറിയ റോഡുകളും പാര്‍ക്കുകളും നഗരത്തിന്റെ പ്രത്യേകതയാണ്. 1907 മുതല്‍ 33 വരെ ഇവിടത്തെ ഭരണത്തലവനായിരുന്ന പ്രശസ്ത ക്രിക്കറ്റ് താരം റണ്‍ജീത്സിങ്ങിനോട് നഗരം ഈ പ്രത്യേകതകള്‍ക്ക് കടപ്പെട്ടിരിക്കുന്നു. നഗരത്തിലെ പുരാതന ഭാഗങ്ങളില്‍ ഇടുങ്ങിയ തെരുവുകളാണ് കൂടുതലും. 1788-ല്‍ പണിത ഒരു കോട്ട ഇവിടെയുണ്ട്. പ്രധാന ആകര്‍ഷണകേന്ദ്രമായ റാന്മാര്‍ തടാകത്തിലെ 'ലഖോത്താ' മ്യൂസിയവും, 'കോത്താബാഷനും' മുഖ്യ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഒരു പാലം മുഖേനയാണ് കരയുമായി ഇവയുടെ ബന്ധം. ഇവ കൂടാതെ നഗരത്തിലുള്ള മറ്റു പുരാതന സൗധങ്ങളാണ് ജൈനക്ഷേത്രങ്ങള്‍, ദര്‍ബാര്‍ഘട്ട്, ദിഗ്ജാം അക്വേറിയം എന്നിവ. ധാന്‍വന്തി മന്ദിരം, മെഡിക്കല്‍ കോളജ്, ഇര്‍വിന്‍ ആശുപത്രി, റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട്, ഏറോനോട്ടിക്കല്‍ സ്കൂള്‍ എന്നിവ ഇവിടത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പെടുന്നു. 'ബന്ധ്നി' (tie and die) കരകൗശലം, സ്വര്‍ണശലാക കൊണ്ടുള്ള ചിത്രത്തയ്യല്‍, ലോഹനിര്‍മാണം എന്നീ വ്യവസായങ്ങള്‍ക്ക് നഗരം പ്രസിദ്ധമാണ്. നഗരത്തിനടുത്തായി ഒരു എണ്ണ ശുദ്ധീകരണശാല വികസിച്ചുവരുന്നു. 'ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല'യുടെ ആസ്ഥാനമായ ഈ നഗരത്തില്‍ ഒരു വിമാനത്താവളമുണ്ട്.
ജഡേജ രജപുത്രനായ ജാം റാവല്‍ 1540-ല്‍ സ്ഥാപിച്ചതാണ് ജാംനഗര്‍. ഇത് പഴയ നാട്ടുരാജ്യമായിരുന്ന 'നവ്നഗറി'ന്റെ തലസ്ഥാനമായിരുന്നു.
1948 ആയപ്പോള്‍ ഈ പ്രദേശം സൗരാഷ്ട്ര സംസ്ഥാനത്തില്‍ ലയിക്കുകയും തുടര്‍ന്ന് 1956-ല്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. 1959 ആഗസ്റ്റിലെ പുനഃസംഘടനയുടെ ഫലമായി ദ്വാരകയും ഓഘ തുറമുഖവും ജാംനഗര്‍ ജില്ലയുടെ ഭാഗമായി. 1960-ലാണ് ഈ പ്രദേശം ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നത്.