This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിംനോസ്പേമുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജിംനോസ്പേമുകള്‍== ==Gymnosperms== ഫലകഞ്ചുകം കൊണ്ട് ആവരണം ചെയ്യപ്പെടാ...)
അടുത്ത വ്യത്യാസം →
10:41, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജിംനോസ്പേമുകള്‍
Gymnosperms
ഫലകഞ്ചുകം കൊണ്ട് ആവരണം ചെയ്യപ്പെടാത്ത വിത്തുകള്‍ ഉത്പാദിപ്പിക്കുന്ന സസ്യവിഭാഗം. അനാവൃത ബീജസസ്യങ്ങള്‍, നഗ്നബീജസസ്യങ്ങള്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. നഗ്നം എന്നര്‍ഥമുള്ള ജിംനോസ് (gymnos), വിത്ത് എന്നര്‍ഥമുള്ള സ്പെര്‍മ (sperma) എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് ജിംനോസ്പേം (gymnosperm) എന്ന ആംഗലപദം നിഷ്പന്നമായിട്ടുള്ളത്. ഗ്രീക്കു സസ്യശാസ്ത്രജ്ഞനും ദാര്‍ശനികനുമായ തിയോഫ്രാസ്റ്റസ് (ബി.സി. 3-ാം ശ.) ആണ് ഈ സസ്യവിഭാഗത്തിനു ജിംനോസ്പേം എന്ന പേരു നല്കിയത്.
ഏറ്റവും ഉയര്‍ന്നയിനം സസ്യങ്ങളാണു വിത്തുകള്‍ ഉത്പാദിപ്പിക്കുന്നത് (spermatophyta). ഇവയെ ജിംനോസ്പേമുകളെന്നും (gymnosperms) ആന്‍ജിയോസ്പേമുകളെന്നും (angiosperms) രണ്ടായി തിരിച്ചിരിക്കുന്നു. ജിംനോസ്പേമുകളില്‍ വിത്തുകള്‍ ഉണ്ടാകുന്നതു തുറന്ന സ്പോറപത്രങ്ങളി (sporophylls)ലാണ്. ഇവയുടെ വിത്തുകളെ പൊതിഞ്ഞു ഫലകഞ്ചുകം (fruit wall) കാണപ്പെടുന്നില്ല. ഫലം കൊണ്ട് ആവരണം ചെയ്യപ്പെട്ട വിത്തുകളാണ് ആന്‍ജിയോസ്പേമുകള്‍. അടഞ്ഞ ജനിപര്‍ണങ്ങള്‍ക്കുള്ളിലാണ് ഇവയുടെ വിത്തുകള്‍ രൂപം കൊള്ളുന്നത്.
പാലിയോസോയിക് യുഗത്തിലെ ഡിവോണിയന്‍ കല്പത്തിലാണു ജിംനോസ്പേമുകള്‍ ഉദ്ഭവിച്ചതെന്നു കണക്കാക്കപ്പെടുന്നു. പാലിയോസോയിക് യുഗത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക് യുഗത്തിലും ഭൂമുഖം നിറഞ്ഞുനിന്ന സസ്യജാലം ജിംനോസ്പേമുകളായിരുന്നു. പിന്നീടു പരിസ്ഥിതിയിലുണ്ടായ മാറ്റംമൂലം അനാവൃത ബീജികള്‍ ക്ഷയിക്കുകയും സപുഷ്പികള്‍ പ്രബലമാവുകയും ചെയ്തെന്നു കരുതുന്നു. ഇന്ന് 70 ജീനസ്സുകളിലായി തൊള്ളായിരത്തോളം സ്പീഷീസ് കാണപ്പെടുന്നു.
ശൈത്യമേഖലാ പ്രദേശങ്ങളിലാണ് ജിംനോസ്പേമുകളുടെ സാന്നിധ്യം പ്രകടമായിട്ടുള്ളത്. എന്നാല്‍ സൈക്കാഡുകള്‍ (cycads), കോണിഫെറുകള്‍ (conifers), നീറ്റേലുകള്‍ (gnetales) എന്നിവ ഉഷ്ണ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജിങ്കോവൃക്ഷം (Ginkgo) ജപ്പാന്‍, ചൈന, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. വെല്‍വിഷ്യ (Welwitschia) എന്ന കുറ്റിച്ചെടി ദക്ഷിണാഫ്രിക്കന്‍ മരുഭൂമികളിലാണ് വളരുന്നത്. തണുപ്പുള്ള ഇന്ത്യന്‍ വനങ്ങളിലും ജിംനോസ്പേമുകളെ കാണാം.
ജിംനോസ്പേമുകള്‍ മരൂരുഹ സ്വഭാവമുള്ള നിത്യഹരിത സസ്യങ്ങളാണ്. കുറ്റിച്ചെടികള്‍ മുതല്‍ 100 മീറ്ററിലധികം ഉയരം വയ്ക്കുന്ന വന്‍വൃക്ഷങ്ങള്‍ വരെ ഈ ഗണത്തില്‍പ്പെടുന്നു. കായിക ഭാഗങ്ങളിലെന്നപോലെ പ്രത്യുത്പാദനാവയവങ്ങളിലും ഇവ പ്രകടമായ വ്യത്യാസം കാണിക്കുന്നു.
ജിംനോസ്പേമുകളെ റ്റെറിഡോസ്പെര്‍മോഫൈറ്റ (pteridospermophyta), സൈക്കഡോഫൈറ്റ (cycadophyta), ജിങ്കോഫൈറ്റ (ginkgophyta), കോണിഫെറോഫൈറ്റ (coniferophyta), നീറ്റോഫൈറ്റ (gnetophyta) എന്നീ വിഭാഗങ്ങളിലായി വര്‍ഗീകരിച്ചിരിക്കുന്നു.
വിത്തുകളുള്ള പന്നലുകള്‍ (seed ferns) എന്നറിയപ്പെടുന്ന ഫോസില്‍ ജിംനോസ്പേമുകളാണ് റ്റെറിഡോസ്പെര്‍മോഫൈറ്റുകള്‍. ഭൂമുഖത്തുനിന്നു നിശ്ശേഷം തുടച്ചുമാറ്റപ്പെട്ട വിഭാഗമാണിത്. പനപോലെ വളരുന്ന കാണ്ഡത്തിനു മുകളില്‍ ഒരു കിരീടം പോലെ വിരിഞ്ഞു നില്ക്കുന്ന പിച്ഛാകാരപത്ര (pinnate leaves)ങ്ങളാണു സൈക്കഡോഫൈറ്റുകളുടെ സവിശേഷത. സൈക്കാഡുകള്‍ക്കൊപ്പം ജീവിക്കുന്ന ഫോസില്‍ (living fossil) എന്നറിയപ്പെടുന്ന ജിങ്കോ ബൈലോബ (ginkgo biloba) എന്ന ഒറ്റ സ്പീഷീസ് മാത്രമേ ജിങ്കോഫൈറ്റയിലുള്ളൂ. പിരമിഡ് ആകൃതിയില്‍ വളര്‍ന്നു നില്ക്കുന്ന ജിങ്കോ വൃക്ഷങ്ങള്‍ പൈനുകളെപ്പോലെ രണ്ടുതരം ശാഖകള്‍ പേറുന്നു. വള്ളിപോലെ വളരുന്ന സസ്യങ്ങള്‍ (ജൂണിപെറസ് ഹൊറിസോന്‍ ഡാലിസ്) മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെ കോണിഫെറോഫൈറ്റയിലുള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമായ സെക്വയ സെംപര്‍ വൈറന്‍സ് (sequoia semper virens) ഈ വിഭാഗത്തില്‍പ്പെടുന്നു. സു. 125 മീ. ഉയരവും 30 മീ. ചുറ്റളവുമുള്ള ഈ വൃക്ഷത്തിനു നാലായിരം വര്‍ഷം പ്രായമുണ്ടെന്ന് അനുമാനിക്കുന്നു.
കുറ്റിച്ചെടിയായോ ചെറുമരമായോ വളരുന്ന നീറ്റം, വൈല്‍വിഷ്യ എന്നീ ജീനസ്സുകളാണ് നീറ്റോഫൈറ്റയില്‍പ്പെടുന്നത്. ജാലികാസിരാവ്യൂഹമുള്ള പത്രങ്ങള്‍, ദ്വിലിംഗി പുഷ്പങ്ങള്‍, ഖരവാഹികളുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവ ജിംനോസ്പേമുകളെക്കാള്‍ ആന്‍ജിയോസ്പേമുകളോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നു.
സസ്യശരീരത്തിന് വേര്, ഇല, കാണ്ഡം എന്നീ ഭാഗങ്ങളുമുണ്ട്. ദ്വിബീജപത്ര സസ്യങ്ങളെപ്പോലെ നാരായവേരു പടലമാണ് (tap root system) ജിംനോസ്പേമുകള്‍ക്കും. സൈക്കാഡില്‍ ദ്വിതീയ വേരുകള്‍ ഭൂകേന്ദ്രത്തിനു വിപരീതദിശയില്‍ വളര്‍ന്നു നിരവധി ശാഖകളായി പിരിയുന്നു. പവിഴപ്പുറ്റു വേരുകള്‍ (coralloid roots) എന്നറിയപ്പെടുന്ന ഇവയില്‍ പ്രകാശസംശ്ളേഷണശേഷിയുള്ള ആല്‍ഗകള്‍ കാണപ്പെടുന്നു.
പന്നലുകളെപ്പോലെ ഇവയിലും പ്രകാശസംശ്ളേഷണ ധര്‍മമുള്ള ഹരിതപത്രങ്ങളും (foliage leaves) സംരക്ഷണ ധര്‍മമുള്ള ശല്ക്കപത്രങ്ങളും (scale leaves) ഉണ്ട്. ഇലകള്‍ക്ക് മരുജീവിതത്തിനു യോജിച്ച ഘടനയാണുള്ളത്.
കാണ്ഡം അനേകം ശാഖോപശാഖകളായി പിരിയുന്നു. ശാഖകള്‍ രണ്ടുതരത്തില്‍പ്പെടുന്നു: അനിയന്ത്രിത വളര്‍ച്ചയുള്ള മുഖ്യശാഖകളും നിയന്ത്രിത വളര്‍ച്ചയുള്ള ഉപശാഖകളും. സൈക്കാഡ്, ജിങ്കോ എന്നിവയുടെ കാണ്ഡത്തിനുള്ളില്‍ ശ്ളേഷ്മ ചാലു (muscillage canals)കളും കോണിഫെറുകളില്‍ റെസിന്‍ ചാലു (resin canals)കളും കാണപ്പെടുന്നു. സൈലവും (xylem) ഫ്ലോയ(phloem)വുമാണു സംവഹനകല(conducting tissues)കള്‍. ഇവ സംവഹന വ്യൂഹ (vascular bundles)ങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്നു. സംവഹനവ്യൂഹങ്ങള്‍ വൃത്താകാരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൈലത്തില്‍ വാഹി (vessels)കളും നാരു(fibers)കളും ഫ്ലോയത്തില്‍ സീവ് നാളി(sieve tubes)കളും കംപാനിയന്‍ കോശ(companian cells)ങ്ങളും കാണപ്പെടുന്നില്ല (നീറ്റത്തില്‍ ഇവ കാണപ്പെടുന്നു). വേരും കാണ്ഡവും ദ്വിതീയ വൃദ്ധി(secondary growth)ക്കു വിധേയമാകുന്നു. ദ്വിതീയ കോശങ്ങളെ വ്യക്തമായ വാര്‍ഷിക വലയങ്ങളായി വേര്‍തിരിച്ചറിയാം. സൈക്കാഡില്‍ പ്രാഥമിക കാമ്പിയം കുറച്ചുകാലം മാത്രമേ നിലനില്ക്കുന്നുള്ളൂ.
ജിംനോസ്പേമുകളിലെ പ്രത്യുത്പാദന അവയവങ്ങള്‍ കോണുകളാണ് (ആന്‍ജിയോസ്പേമുകളില്‍ ഇത് പുഷ്പങ്ങളാണ്). രൂപാന്തരം പ്രാപിച്ച ശാഖകളാണ് കോണുകളായി മാറുന്നത്. ശാഖകളിലെ ഹരിതപത്രങ്ങള്‍ സ്പോറപത്രങ്ങളായും ശല്ക്കപത്രങ്ങള്‍ സഹപത്രങ്ങളായും രൂപം പ്രാപിക്കുന്നു. സ്പോറപത്രങ്ങളിലാണ് സ്പോറുകള്‍ ഉണ്ടാകുന്നത്. കോണുകളില്‍ സ്പോറപത്രങ്ങള്‍ വളരെ അടുത്തടുത്തു സര്‍പ്പിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു.
ഏകലിംഗ കോണുക(unisexual cones)ളാണ് ജിംനോസ്പേമുകളില്‍ സാധാരണയായുള്ളത്. എന്നാല്‍ നീറ്റോഫൈറ്റയില്‍ ദ്വിലിംഗകോണു(bisexual cones)കളും കാണപ്പെടുന്നു. സൂക്ഷ്മസ്പോറപത്രങ്ങള്‍ നിറഞ്ഞ (microsporophylls) ആണ്‍കോണുകള്‍ പൊതുവേ ചെറുതാണ്. പരന്നു വീതിയുള്ള അടിവശവും കൂര്‍ത്ത അഗ്രവുമുള്ള സൂക്ഷ്മസ്പോറപത്രങ്ങളാണ് സൈക്കാഡുകളില്‍. കോണിഫെറുകളില്‍ ഇവ ചെറുതും വളരെ കാഠിന്യമുള്ളതുമാണ്. നീറ്റേലുകളില്‍ സൂക്ഷ്മസ്പോറപത്രങ്ങള്‍ പരാഗകോശങ്ങളുടെ തണ്ടായി പരിണമിച്ചിരിക്കുന്നു. പരാഗകോശങ്ങളുടെ എണ്ണത്തിലും ജിംനോസ്പേമുകളില്‍ വ്യതിയാനം കാണാം. അനേകം പരാഗകോശങ്ങളുള്ള സൈക്കാഡുകളില്‍ ഇവ രണ്ടു മുതല്‍ ആറുവരെയുള്ള ഗ്രൂപ്പുകളായി ചേര്‍ന്നു സൂക്ഷ്മസ്പോറപത്രത്തിന്റെ അടിവശത്തു കാണപ്പെടുന്നു. കോണിഫെറുകളില്‍ രണ്ടു പരാഗകോശങ്ങളുള്ള സ്പോറപത്രങ്ങളാണുള്ളത്. നീറ്റം, വെല്‍വിഷ്യ എന്നിവയില്‍ ഓരോ സ്പോറപത്രത്തിലും ഒരൊറ്റ പരാഗകോശമേയുള്ളൂ. പരാഗകോശത്തിനുള്ളിലെ പരാഗരേണു മാതൃകോശങ്ങള്‍ ക്രമാര്‍ധ ഭംഗത്തിനുവിധേയമായി പരാഗരേണുക്കളായിത്തീരുന്നു. സൈക്കാഡിലും ജിങ്കോയിലും പരാഗരേണുക്കള്‍ ലോമാവൃതമാണ്. ഇതു ദ്രാവകമാധ്യമത്തില്‍ നീന്താന്‍ ഇവയെ കെല്പുള്ളതാക്കുന്നു. പൈനുകളില്‍ പരാഗകോശങ്ങള്‍ പൊട്ടുമ്പോള്‍ മഞ്ഞനിറത്തിലുള്ള പരാഗരേണുക്കളെ കാറ്റു വഹിച്ചു കൊണ്ടുപോകുന്നു. ഇതിനെ 'മഞ്ഞവര്‍ഷം' എന്നു പറയാറുണ്ട്.
ബീജാണ്ഡങ്ങളെ വഹിക്കുന്ന സ്ഥൂലസ്പോറപത്രങ്ങള്‍ (megasporophylls) ചേര്‍ന്നാണ് പെണ്‍കോണുകള്‍ ഉണ്ടായിരിക്കുന്നത്. അണ്ഡാശയം, വര്‍ത്തിക, വര്‍ത്തികാഗ്രം എന്നിവയുള്ള ജനിപര്‍ണം ജിംനോസ്പേമുകളില്‍ കാണപ്പെടുന്നില്ല. സ്ഥൂലസ്പോറപത്രങ്ങളില്‍ നഗ്നമായ ബീജാണ്ഡങ്ങള്‍ മാത്രം കാണപ്പെടുന്നു. സൈക്കാഡില്‍ സ്ഥൂലസ്പോറപത്രങ്ങള്‍ ചേര്‍ന്നു കോണുകള്‍ ഉണ്ടാകുന്നില്ല. മറിച്ച് ഹരിതപത്രങ്ങളുടെ ഇടയിലുള്ള സ്പോറപത്രങ്ങളുടെ വശങ്ങളിലാണ് ബീജാണ്ഡങ്ങള്‍ കാണപ്പെടുന്നത്. കോണുകളുള്ള ജിംനോസ്പേമുകളില്‍ സ്ഥൂലസ്പോറപത്രങ്ങളുടെ മുകള്‍വശത്താണ് ബീജാണ്ഡങ്ങള്‍. സ്പോറപത്രങ്ങള്‍ക്കിടയിലുള്ള സഹപത്രങ്ങള്‍ ബീജാണ്ഡങ്ങളെ മറച്ചു കാണപ്പെടുന്നു.
ബീജാണ്ഡം നഗ്നമാണ്. അനേക കോശങ്ങളുടെ ബീജാണ്ഡകായവും അതിനെ പൊതിഞ്ഞു കാണുന്ന അധ്യാവരണങ്ങളും ചേര്‍ന്നതാണു ബീജാണ്ഡം. അധ്യാവരണങ്ങള്‍ ബീജാണ്ഡത്തിനു മുകളില്‍ ഒരു സുഷിരം അവശേഷിപ്പിക്കുന്നു. ഇതാണ് ബീജാണ്ഡദ്വാരം. സ്ഥൂലസ്പോറമാതൃകോശം ക്രമാര്‍ധഭംഗത്തിനു വിധേയമായി നാല് അണ്ഡകോശങ്ങളായി മാറുന്നു. ഇവയില്‍ മൂന്നെണ്ണം നശിച്ചുപോകുന്നു. ശേഷിക്കുന്ന അണ്ഡകോശം അണ്ഡമായി പരിണമിക്കുന്നു.
അണ്ഡകേന്ദ്രം തുടര്‍ച്ചയായ വിഭജനങ്ങള്‍ക്കും വിധേയമാകുന്നു. കേന്ദ്രങ്ങള്‍ക്കു ചുറ്റും കോശദ്രവ്യം കേന്ദ്രീകരിച്ച് നിരവധി കോശങ്ങളുണ്ടാകുന്നു. ഇതാണ് ജിംനോസ്പേമുകളില്‍ ബീജാന്ന(endosperm)മായിത്തീരുന്നത്. ബീജാന്നത്തില്‍ ഒന്നിലേറെ ആര്‍ക്കിഗോണിയങ്ങള്‍ രൂപമെടുത്ത് പെണ്‍ഗാമിറ്റോഫൈറ്റ് ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.
പരാഗണം നടക്കുന്നതു കാറ്റുമൂലമാണ്. പരാഗരേണുക്കള്‍ നേരിട്ടു ബീജാണ്ഡത്തില്‍ പതിക്കുന്നു. അവിടെ അവ വിഭജനങ്ങള്‍ക്കു വിധേയമായി ആണ്‍ഗാമിറ്റോഫൈറ്റായി മാറുന്നു. പരാഗരേണുവിന്റെ ഉള്ളിലെ ആവരണ(encline )മാണ് പരാഗനാളിയുടെ രൂപത്തില്‍ പുറത്തേക്കുവരുന്നത്. പരാഗനാളിയില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന പുരുഷബീജങ്ങള്‍ ആള്‍ക്കിഗോണിയത്തിനുള്ളിലെ അണ്ഡവുമായി സംയോജിച്ച് സൈഗോട്ട് (zygote) ഉണ്ടാകുന്നു. പുരുഷബീജം അണ്ഡവുമായി മാത്രം സംയോജിക്കുന്നതിനാല്‍ ജിംനോസ്പേമുകളിലെ ബീജസങ്കലനം ഏകബീജസങ്കലനം (single fertilization) എന്നറിയപ്പെടുന്നു.
ബീജാണ്ഡത്തില്‍ ഒന്നിലേറെ ആര്‍ക്കിഗോണിയങ്ങള്‍ ഉള്ളതിനാല്‍ ബഹുഭ്രൂണത്വം (poly embryony) സാധാരണമാണ്. ക്രമേണ ഒന്നൊഴികെയുള്ള ഭ്രൂണങ്ങള്‍ മിക്കവാറും നശിച്ചു പോവുകയാണു ചെയ്യുന്നത്. ബീജാണ്ഡകായത്തില്‍ നിന്ന് ആഹാരം സ്വീകരിച്ചാണ് ഭ്രൂണം വളരുന്നത്.
പാകമായ ബീജാണ്ഡം വിത്തായി മാറുന്നു. ഉള്ളിലെ അധ്യാവരണം വിത്തിന്റെ അകംപാളിയായും പുറത്തെ അധ്യാവരണം പുറന്തോടായും മാറുന്നു. വിശ്രമവേളയില്ലാതെ മുളയ്ക്കാന്‍ കഴിവുള്ള വിത്തുകളാണ് മിക്ക ജിംനോസ്പേമുകളും. വിത്തു മുളച്ചു സ്പോറവാഹികള്‍ (sporophyte) ഉണ്ടാകുന്നു.
പരിണാമം. പാലിയോസോയിക് യുഗത്തിലെ ഡിവോണിയന്‍ കല്പത്തിലാണു ജിംനോസ്പേമുകള്‍ ഉടലെടുത്തതെന്നു കരുതപ്പെടുന്നു. എന്നാല്‍ അവയുടെ മുന്‍ഗാമികളെ സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല. ഡിവോണിയന്‍ കല്പത്തിന്റെ ആദ്യകാലങ്ങളില്‍ (upper devonian period) ജീവിച്ചിരുന്ന വിത്തുകളുള്ള പന്നലു(seed ferns)കളുടെ ഫോസില്‍ കണ്ടെടുത്തിട്ടുണ്ട്.
പന്നലുകളില്‍ നിന്നാണ് ജിംനോസ്പേമുകള്‍ ഉദ്ഭവിച്ചതെന്നാണ് ഒരു വാദം. എന്നാല്‍ ഡിവോണിയന്‍ കല്പത്തില്‍ ജീവിച്ചിരുന്ന ആര്‍ക്കിയോറ്റെറിസ് (Archeopteris), പ്രോട്ടോറ്റെറിഡിയം (Protopteridium), ടെട്രാസൈലോറ്റെറിസ് (Tetraxylopteris) തുടങ്ങിയവയുടെ ഫോസില്‍ പഠനങ്ങളില്‍ നിന്നു ജിംനോസ്പേമുകളുടെ മുന്‍ഗാമികള്‍ ഇവയൊക്കെയാണ് എന്ന അഭിപ്രായം പ്രബലമായി. പ്രോജിംനോസ്പേമുകള്‍ എന്നറിയപ്പെടുന്ന ഇവ കാണ്ഡത്തിന്റെ ആന്തരികഘടനയിലും മറ്റും പന്നലുകളെക്കാളേറെ ജിംനോസ്പേമുകളോടു സാദൃശ്യം പുലര്‍ത്തുന്നവയാണ്. പ്രോജിംനോസ്പേമുകളില്‍ നിന്നു വിത്തുള്ള പന്നലുകളും അവയില്‍ നിന്നു ജിംനോസ്പേമുകളും ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതേസമയം വിത്തുള്ളതും ഇല്ലാത്തതുമായ പന്നലുകള്‍ തമ്മിലുള്ള സാദൃശ്യം രണ്ടു ഗ്രൂപ്പുകളുടെയും സമാന്തര പരിണാമത്തിന്റെ ഫലമാണെന്നു കരുതപ്പെടുന്നു.
(ബി. പ്രസാദ്)