This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാക്സണ്‍, ആന്‍ഡ്രു (1767 - 1845)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജാക്സണ്‍, ആന്‍ഡ്രു (1767 - 1845)== യു.എസ്സിലെ ഏഴാമത്തെ പ്രസിഡന്റ് (ഭ.ക...)
അടുത്ത വ്യത്യാസം →
04:01, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജാക്സണ്‍, ആന്‍ഡ്രു (1767 - 1845)
യു.എസ്സിലെ ഏഴാമത്തെ പ്രസിഡന്റ് (ഭ.കാ. 1829-37). ആന്‍ഡ്രൂ ജാക്സന്റെയും എലിസബത്ത് ഹച്ചിന്‍സന്റെയും മൂന്നാമത്തെ പുത്രനായി 1767 മാ. 15-ന് ദക്ഷിണ കരോലിനയില്‍ ജനിച്ചു. ജാക്സണ്‍ ജനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പിതാവ് അന്തരിച്ചു. ജാക്സന്റെ ബാല്യത്തില്‍ തന്നെ മാതാവും രണ്ടു സഹോദരിമാരും മരണമടഞ്ഞു. 13-ാം വയസ്സില്‍ ജാക്സണ്‍ സൈന്യത്തില്‍ ചേര്‍ന്നു. അമേരിക്കന്‍ വിപ്ലവാനന്തരകാലത്ത് ഉത്തര കരോലിനയില്‍ താമസിച്ച ജാക്സണ്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1788-ല്‍ ടെന്നിസിയിലെ നാഷ്വില്ലില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ടെന്നിസിയില്‍ വച്ച് ജാക്സണ്‍ തന്റെ ഭൂവുടമയുടെ മകളും ക്യാപ്റ്റന്‍ ലെവിസ് റൊബാര്‍ഡ്സിന്റെ പത്നിയുമായ റേച്ചല്‍ ഡൊനെത്സണ്‍ റൊബാര്‍ഡ്സുമായി പരിചയപ്പെട്ടു. ഭര്‍ത്താവില്‍നിന്നും അകന്നു കഴിയുകയായിരുന്ന റേച്ചല്‍ വിവാഹമോചിതയാണെന്ന തെറ്റായ ധാരണയില്‍ ജാക്സണ്‍ 1791 ആഗ.-ല്‍ അവരെ വിവാഹം കഴിച്ചു. 1793-ല്‍ മാത്രമേ വിവാഹമോചനം നടന്നുള്ളു. അതിനാല്‍ 1794 ജനു. 17-ന് ഇവര്‍ രണ്ടാമതൊരു വിവാഹച്ചടങ്ങും നടത്തി. മറ്റൊരാളിന്റെ ഭാര്യയെ മോഷ്ടിച്ചുവെന്നും അവരുമായി 1791 മുതല്‍ 93 വരെ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ക്യാപ്റ്റന്‍ റൊബാര്‍ഡ്സും ജാക്സന്റെ ശത്രുക്കളും ഉന്നയിച്ച ആരോപണം ജാക്സണ്‍ സമര്‍ഥമായി നേരിട്ടു.
1795-ല്‍ ടെന്നിസിയുടെ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗമായ ജാക്സണ്‍ 1796-ല്‍ യു.എസ്. കോണ്‍ഗ്രസ് അംഗമായി; 1797-ല്‍ സെനറ്റ് അംഗവുമായി. 1798 ഏ.-ല്‍ തത്സ്ഥാനം രാജിവച്ചു. 1798 സെപ്.-ല്‍ ടെന്നിസിയിലെ പരമോന്നത കോടതിയിലെ ന്യായാധിപനായി നിയമിതനായ ജാക്സണ്‍ 1804 വരെ അവിടെ തുടര്‍ന്നു. പിന്നീട് സൈന്യത്തില്‍ ചേര്‍ന്ന് മേജര്‍ ജനറലായി. 1814 മാ. 17-ന് ഹോഴ്സ് ഷൂ ബെന്‍ഡ് യുദ്ധത്തില്‍ ക്രീക്ക് ഇന്ത്യരെ പരാജയപ്പെടുത്തി. മേയില്‍ ഇദ്ദേഹം മേജര്‍ ജനറലായി. 1815-ല്‍ ന്യൂ ഓര്‍ലീന്‍സ് യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ തോല്പിച്ചു. 1818-ല്‍ ഫ്ലോറിഡ ആക്രമിച്ച് അവിടത്തെ സെമിനോള്‍ ഇന്ത്യരെ നേരിട്ടു. 1821-ല്‍ ഇദ്ദേഹം ഫ്ലോറിഡയിലെ ഗവര്‍ണറായി. 1823 മുതല്‍ 25 വരെ ടെന്നിസിയെ പ്രതിനിധീകരിച്ച് സെനറ്റംഗമായി സേവനം അനുഷ്ഠിച്ചു. 1828-ല്‍ ഡെമോക്രാറ്റിക് കക്ഷിയുടെ പ്രതിനിധിയായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജാക്സണ്‍ രൂപം നല്കിയ ജനാധിപത്യ പരിഷ്കരണങ്ങള്‍ 'ജാക്സോണിയന്‍ ഡെമോക്രസി' എന്നു വിശേഷിപ്പിക്കപ്പെടുന്നു. സ്റ്റേറ്റിന്റെ അവകാശങ്ങളും ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന പരിമിതികളും അംഗീകരിക്കുന്നതോടൊപ്പം ശിഥിലീകരണ പ്രവണതകള്‍ നേരിടാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ശക്തമായിരിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്ക് ഉദ്യോഗം നല്കുന്ന കീഴ്വഴക്കം (സ്പോയില്‍ഡ് സിസ്റ്റം) ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് തുടങ്ങിയത്. ബാങ്ക് ഒഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ ഇദ്ദേഹം സ്വീകരിച്ച സമീപനം ഏറെ വിവാദമുണ്ടാക്കി. ബാങ്കിന്റെ ചാര്‍ട്ടര്‍ പുതുക്കുവാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം ഇദ്ദേഹം വീറ്റോ ചെയ്തു. ജാക്സണ്‍ രണ്ടാം പ്രാവശ്യവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (1832). ടെന്നിസിയിലെ നാഷ് വില്ലില്‍ 1845 ജൂണ്‍ 8-ന് ഇദ്ദേഹം അന്തരിച്ചു. ദക്ഷിണ കരോലിന സ്റ്റേറ്റില്‍ ആന്‍ഡ്രൂ ജാക്സണ്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്.