This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജിന്ന, മുഹമ്മദ് അലി (1876 - 1948)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജിന്ന, മുഹമ്മദ് അലി (1876 - 1948)== പാകിസ്താന്റെ സ്ഥാപക നേതാവും ആദ്യ ...)
അടുത്ത വ്യത്യാസം →
03:49, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജിന്ന, മുഹമ്മദ് അലി (1876 - 1948)
പാകിസ്താന്റെ സ്ഥാപക നേതാവും ആദ്യ ഗവര്‍ണര്‍ ജനറലും. മുഹമ്മദ് അലി ജിന്ന 1876 ഡി. 25-നു ജിന്ന പൂന്‍ജയുടെ മകനായി കറാച്ചിയില്‍ ജനിച്ചു. കറാച്ചിയിലെയും ബോംബെയിലെയും വിദ്യാഭ്യാസത്തിനുശേഷം 1892-ല്‍ ജിന്ന നിയമപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയി. 1896-ല്‍ മടങ്ങിയെത്തിയ ഇദ്ദേഹം ബോംബെയില്‍ അഭിഭാഷകനായി. ഇക്കാലത്ത് ജിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ദാദാബായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, സുരേന്ദ്രനാഥ ബാനര്‍ജി, ഫിറോസ് ഷാ മേത്ത തുടങ്ങിയ നേതാക്കളുമായി ഇദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തില്‍ (1906) ഇദ്ദേഹം നവറോജിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1910-ല്‍ ഇദ്ദേഹത്തെ ബോംബെയില്‍ നിന്നും കേന്ദ്ര നിയമ നിര്‍മാണ സഭയില്‍ (ഇംപീരിയല്‍ ലെജിസ്ലേറ്റിവ് കൌണ്‍സില്‍) അംഗമായി തെരഞ്ഞെടുത്തു. പിന്നീട് 1913-ല്‍ നാമനിര്‍ദേശത്തിലൂടെയും 1915, 23, 26, 34 എന്നീ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെയും ഇദ്ദേഹം കേന്ദ്രനിയമസഭയില്‍ അംഗമായി. മുസ്ലിം ലീഗ് രൂപവത്കൃതമായപ്പോള്‍ (1906) അതില്‍ ചേരാന്‍ ജിന്ന വിമുഖത കാട്ടിയിരുന്നു. മുസ്ലിം ലീഗില്‍ ചേരാതെതന്നെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ ക്ഷേമത്തിനാവശ്യമായ സാഹചര്യമൊരുക്കാന്‍ കഴിയുമെന്ന് അക്കാലത്ത് ഇദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീട് 1913-ല്‍ ജിന്ന മുസ്ലിം ലീഗില്‍ അംഗമായി. 1914-ല്‍ കോണ്‍ഗ്രസ് നിവേദക സംഘത്തില്‍ അംഗമായി ഇദ്ദേഹം ഇംഗ്ലണ്ടില്‍ പോയി. ഇക്കാലത്ത് കോണ്‍ഗ്രസ്സിനെയും മുസ്ലിം ലീഗിനെയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ ഇദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. 1916-ല്‍ ജിന്ന ഹോം റൂള്‍ ലീഗില്‍ ചേര്‍ന്നു.
1920-ഓടെ ദേശീയ രാഷ്ട്രീയത്തില്‍ ജിന്നയ്ക്ക് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി. ഇദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍ സ്വാധീനം കുറഞ്ഞു. 1920-ല്‍ ജിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഹോം റൂള്‍ ലീഗില്‍ നിന്നും പിന്മാറുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായി. മുസ്ലിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പിന്നീട് ജിന്ന പ്രധാനമായും പ്രവര്‍ത്തിച്ചത്. മുസ് ലിങ്ങള്‍ക്കു ഭരണകാര്യങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും നിയമ നിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങളും വേണമെന്ന് ഇദ്ദേഹം വാദിച്ചു. സൈമണ്‍ കമ്മിഷനെ (1927) ബഹിഷ്കരിക്കുവാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിങ്ങളുടെ അവകാശവാദങ്ങള്‍ക്കുവേണ്ടി ജിന്ന 14 ആവശ്യങ്ങള്‍ ഉന്നയിച്ചു (1929). ലണ്ടനില്‍ നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളില്‍ (1930-31) പങ്കെടുത്ത ജിന്ന ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആവശ്യം അവിടെ ഉന്നയിച്ചു. പിന്നീട് കുറച്ചുകാലം ഇദ്ദേഹം പ്രിവി കൗണ്‍സിലില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട് ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടി.
1935 ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ ജിന്ന മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. തുടര്‍ന്ന് ലീഗിന്റെ രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു. ജിന്നയുടെ നേതൃത്വത്തിലാണ് മുസ്ലിം ലീഗ് 1937-ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രവിശ്യകളില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ചേര്‍ന്ന് മന്ത്രിസഭ രൂപവത്കരിക്കണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശം പ്രാവര്‍ത്തികമായില്ല. 1937-ഓടെ ജിന്ന ദ്വി-രാഷ്ട്രവാദം ഉന്നയിച്ചു. ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെല്ലാം പ്രത്യേകമാക്കി ഇന്ത്യ വിഭജിച്ച് പ്രത്യേക രാഷ്ട്രം രൂപവത്കരിക്കണമെന്ന് ഇദ്ദേഹം വാദിച്ചു. 1940-ലെ ലാഹോര്‍ പ്രമേയത്തിലൂടെ ഈ വാദം മുസ്ലിം ലീഗിനെക്കൊണ്ട് ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതില്‍ ജിന്ന വിജയിച്ചു. ക്രിപ്സ് ദൗത്യത്തിലെ (1942) പ്രത്യേക രാഷ്ട്രത്തെ സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ ജിന്ന തൃപ്തനാരുന്നില്ല, പ്രത്യേകരാഷ്ട്ര രൂപവത്കരണം സംബന്ധിച്ചുള്ള രാജാജി ഫോര്‍മുല (1944) ജിന്ന തിരസ്കരിച്ചു. തുടര്‍ന്ന് ഇതു സംബന്ധിച്ച് ജിന്നയുമായി ഗാന്ധി നടത്തിയ ചര്‍ച്ചയും (1944) ഫലവത്തായില്ല. ജിന്ന തന്റെ പ്രത്യേക രാഷ്ട്രവാദത്തില്‍ ഉറച്ചുനിന്നു. 1946 ആഗ. 16 പ്രത്യക്ഷ സമരദിനമായി ജിന്ന പ്രഖ്യാപിച്ചു. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ബഹിഷ്കരിക്കുവാന്‍ ജിന്ന മുസ്ലിം ലീഗ് അംഗങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ വിഭജനപദ്ധതി ജിന്ന അംഗീകരിച്ചു. 1947 ആഗ. 15-ന് പാകിസ്താന്‍ രൂപവത്കൃതമായതോടെ ജിന്ന അതിന്റെ ആദ്യ ഗവര്‍ണര്‍ ജനറലായി. 1948 സെപ്. 11-ന് ഇദ്ദേഹം മരണമടഞ്ഞു.