This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാസ് സംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജാസ് സംഗീതം== യു.എസ്സില്‍ വികാസം പ്രാപിച്ച സംഗീതസമ്പ്രദായം. ...)
അടുത്ത വ്യത്യാസം →

03:07, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജാസ് സംഗീതം

യു.എസ്സില്‍ വികാസം പ്രാപിച്ച സംഗീതസമ്പ്രദായം. ആഫ്രിക്കയാണ് ജാസിന്റെ ജന്മനാട്. അടിമത്തത്തില്‍ നിന്നു മോചനം നേടിയ അമേരിക്കന്‍ നീഗ്രോകളുടെ തൊഴില്‍സമയ ഗാനങ്ങളായി മുളപൊട്ടിയ ജാസ് സംഗീതം 1890-ലാണ് ആദ്യമായി ആലപിക്കപ്പെട്ടത്. 1920-കളില്‍ വെള്ളക്കാര്‍ ഈ ഗാനരൂപത്തെ സ്വന്തമാക്കി. തെക്കന്‍ പ്രദേശങ്ങളിലായിരുന്നു ഇതിന്റെ തുടക്കം. ശവസംസ്കാരം മുതല്‍ നൃത്തപരിപാടികള്‍ക്കു വരെ ജാസ് സംഗീതം അകമ്പടിയാകാറുണ്ട്.

ശബ്ദോത്പത്തി അജ്ഞാതമാകുമ്പോള്‍ ഒരു വാക്കിന്റെ നിരുക്തം ഊഹാപോഹങ്ങള്‍ക്കു വഴി മാറുന്നു. അങ്ങനെയൊരു പരിണാമം ജാസ് എന്ന വാക്കിനുമുണ്ടായി. 1909-ല്‍ മാത്രമാണ് ജാസിന് ഇംഗ്ലീഷ് ശബ്ദാവലിയില്‍ സ്ഥാനം ലഭിച്ചത്. അതും അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പറഞ്ഞുവരുന്ന 'കറുത്ത ഇംഗ്ലീഷാ'യി. അന്നു മുതല്‍ ഈ വാക്കിന്റെ പൂര്‍വികനെ ചുറ്റിപ്പറ്റി അന്വേഷണമാരംഭിച്ചു.

പശ്ചിമ ആഫ്രിക്കന്‍ ഭാഷയില്‍ നിന്നാണ് ജാസ് എന്ന സംജ്ഞ രൂപം കൊണ്ടതെന്നൊരു മതമുണ്ട്. വളരെനാള്‍ ജാസ് 'കറുത്ത സ്ലാങ്' ആയിരുന്നു. ആയാസമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന അര്‍ഥത്തില്‍, പ്രത്യേകിച്ചും രതിയുമായി ബന്ധപ്പെട്ട് ഈ സംജ്ഞ ദീര്‍ഘകാലം മുഖ്യധാരാ ഇംഗ്ലീഷ് ഭാഷയില്‍ പൊങ്ങുതടിപോലെ കിടന്നു.

തൊട്ടടുത്ത ആദ്യസ്വരവുമായി അന്ത്യസ്വരം സംയോജിപ്പിച്ച് താളലയങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തി വിസ്തരിക്കുന്ന 'കറുത്ത അമേരിക്കന്‍ സംഗീത സമ്പ്രദായം' എന്ന് ജാസ് പില്ക്കാലത്തു നിര്‍വചിക്കപ്പെട്ടു. അമേരിക്കന്‍ നീഗ്രോകളുടെ ഗ്രാമീണ ഗാനമെന്ന വിശേഷണവും ജാസിനു നല്കുകയുണ്ടായി. ഈ സംഗീതരൂപത്തെ ആസ്പദമാക്കി സ്വരൂപിച്ചെടുത്ത പലയിനം നൃത്തസംഗീതങ്ങള്‍ക്കും പൊതുവേ ജാസ് സംഗീതമെന്ന പേരുണ്ടായി. നൃത്തസംഗീതത്തില്‍ മേളക്കൊഴുപ്പു വരുത്തുക, ലക്ഷണം വരുത്തുക എന്നീ അര്‍ഥത്തിലും 'ജാസ്' എന്ന പദം ഉപയോഗിക്കപ്പെട്ടു. 'യു.എസ്. സ്ലാങ്ങി'ല്‍ സംഗീതത്തിനൊത്തു നൃത്തം ചവിട്ടുക, ധൃതികൂട്ടുക, ആഭാസമോ അയോഗ്യമോ ആയ രീതിയില്‍ ആമോദിക്കുക എന്നീ   അര്‍ഥങ്ങളും ജാസിനു കല്പിക്കപ്പെട്ടു.

കാവ്യശാഖയിലും ജാസ് സ്ഥാനം പിടിച്ചെടുത്തു. ജാസ് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പാരായണം ചെയ്യുന്ന കവിതയാണ് ജാസ് കവിത. ജാസ് കവിത ആദ്യം പ്രത്യക്ഷപ്പെടുന്നത് വചല്‍ ലിന്‍ഡ്സ് സെ(1879-1931)യുടെ പ്രസിദ്ധ ഗീതികളായ 'ജനറല്‍ വില്യം ബൂത്ത്' (1913), 'ദ് കോങ്ഗോ' (1914) എന്നിവയിലാണ്.

സംഗീതജ്ഞരുമായി സഹകരിച്ച ആദ്യത്തെ ജാസ് കവി ലാങ്സ്റ്റണ്‍ ഹഗ്സ് (1902-67) ആയിരുന്നു. 1950-കളില്‍ ജാസ് കവിതകള്‍ അമേരിക്കയില്‍ ജനപ്രിയമായി. തുടര്‍ന്ന് 1950-കളുടെ മധ്യത്തില്‍ തന്നെ ഈ കാവ്യരചനാസമ്പ്രദായം ബ്രിട്ടനിലേക്കു കടന്നു കയറി. 'പംഗ് യുഗം', 'പംഗ് അനന്തരം' 'ന്യൂവേവ് സബ്കള്‍ച്ചര്‍'-ഇങ്ങനെ ജാസ് കവിത വളര്‍ന്നുകൊണ്ടിരുന്നു. ലിവര്‍പൂള്‍ കവികള്‍ ആംഗ്ളോ-അമേരിക്കന്‍ ജാസ് കാവ്യപ്രസ്ഥാനത്തിലെ പ്രമുഖരാണ്. ജാസ് കാവ്യങ്ങള്‍ക്കു സമാനമാണ് 'അണ്ടര്‍ഗ്രൌണ്ട് ലിറ്റ്റെച്ചര്‍'/'പൊയട്രി'. ജാസ് കവികള്‍ ജാസിന്റെ താളവും സ്വാതന്ത്ര്യവും അതിശയിക്കാന്‍ ശ്രമിക്കുന്നു. ബീറ്റില്‍ കവികളെയും ജാസ് കവികള്‍ എന്നു പറഞ്ഞുവന്നു.

'മുന്നൊരുക്കങ്ങളൊന്നും കൂടാതെ ആലപിക്കുന്ന ആഫ്രോ-അമേരിക്കന്‍ സംഗീതശൈലി' എന്നൊരു നിര്‍വചനവും അഭിജ്ഞര്‍ ജാസ് സംഗീതത്തിനു നല്കിയിട്ടുണ്ട്. ഇതിന്റെ സുസ്വരതയും ശ്രുതിസുഖവും യൂറോപ്യന്‍ സംഗീതത്തിന്റെ സ്വാധീനവലയത്തിലാണെങ്കിലും അടിസ്ഥാനപരമായി ഇത് ആഫ്രിക്കന്‍ സംഗീതം തന്നെയാണ്.

സംഗീതേതരമായ ഉത്പത്തിയുള്ള ജാസ്, സംഗീതത്തിലേക്കു പ്രയോഗിക്കപ്പെട്ടത് 20-ാം ശ.-ന്റെ ആദ്യദശകങ്ങളില്‍ ഷിക്കാഗോയിലാണ്. നീഗ്രോ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്ന കലാസംഗീതമാണ് ജാസ്. 2/4 അല്ലെങ്കില്‍ 4/4 കാലമുദ്ര ഇതില്‍ പ്രയോഗിക്കപ്പെടുന്നു.

വാദ്യോപകരണ ശൈലിയെന്ന അര്‍ഥത്തില്‍ ജാസ് ആദ്യമായി രൂപംകൊണ്ടത് 19-ാം ശ.-ന്റെ അവസാനവര്‍ഷങ്ങളില്‍ ന്യൂ ഓര്‍ലീന്‍സിലാണ്. നീഗ്രോ-അമേരിക്കന്‍ ഉദ്ഭവമെന്ന നിലയില്‍ ജാസിനു രണ്ടു ജനപ്രിയ പ്രസ്ഥാനങ്ങളുമുണ്ട്: 'റാഗ് ടൈം', 'ദ് ബ്ളൂസ്'. 1895-ല്‍ ഉണ്ടായിരുന്നത് ആഫ്രോ അമേരിക്കന്‍ സംഗീതമായ 'കേക്ക് വാക്ക്' സംഗീതമായിരുന്നു. 1910-ല്‍ ഇത് സര്‍ഗാത്മക ഔന്നത്യവും നേടി. അടിസ്ഥാനപരമായി ഇത് പിയാനിസ്റ്റിക് ശൈലിയാണ്. ഇതിലെ പ്രമുഖ രചയിതാക്കള്‍: സ്കോട്ട് ജോപ്ളിന്‍ (1868-1917), (മാപ്ളെ ലീഫ് റാഗ്); ജയിംസ് സ്കോട്ട് (1886-1938), ടോം ടര്‍പിന്‍ (1873-1922).

'ദ് ബ്ളൂസ്' എന്നത് പന്ത്രണ്ട്-താള കൂട്ടുസംഗീത കച്ചേരിയാണ്. ആഭ്യന്തരയുദ്ധത്തിനു തൊട്ടുമുമ്പായിരുന്നു ഇതിന്റെ അരങ്ങേറ്റം. ആധ്യാത്മികമല്ലാത്ത നീഗ്രോ ഗാനമായിരുന്നു, 'സെന്റ് ലൂയി ബ്ളൂസ്', 'ബീയ്ലെ സ്ട്രീറ്റ് ബ്ളൂസ്', 'യെല്ലോ ഡോഗ് ബ്ളൂസ്' എന്നിവ.

ദീനമാനസമാണ് ബ്ളൂസിന്റെ മുഖമുദ്ര. ബെസ്സിസ്മിത്ത് (1874-1937) എന്ന പ്രസിദ്ധ ബ്ളൂ ഗായകന്‍ 'റോക് എന്‍ റോളി'ന്റെ ശൈലിക്കു പ്രേരണയുമായി ഇത്.

ന്യൂ   ഓര്‍ലീയന്‍സ് ജാസിലെ ഇതിഹാസ പുരുഷനാണ് ചാള്‍സ് 'ബുഡി' ബോര്‍ഡന്‍ (1868-1931). ഈ ശൈലിയുടെ വാദ്യോപകരണ വിദഗ്ധനാണ് ജോസഫ് 'കിങ്' ഒളിവര്‍ (1885-1932).

ലൂയി ആംസ്ട്രോങ് കോര്‍ണറ്റ് (പിത്തള കുഴല്‍വാദ്യം) വാദകനും ട്രമ്പറ്റുവാദകനുമായിരുന്നു. ആദ്യം 'റിങ്' ഒളിവറുടെ സംഘത്തിലായിരുന്ന ഇദ്ദേഹത്തിന്റെ സുപ്രസിദ്ധ റിക്കാര്‍ഡുകളാണ് 'സ്റ്റാര്‍ഡസ്റ്റ്' (1931), 'ബിറ്റ്വിന്‍ ദ ഡെവിള്‍ ആന്‍ഡ് ഡീപ് ബ്ളൂ സീ' (1932).

പിയാനിസ്റ്റ് വില്യം 'കൌണ്ട്' ബാസീ പ്രസിദ്ധ സോളോയിസ്റ്റാണ്. സാക്സോഫോണ്‍ വാദകനായ ചാര്‍ലി പാര്‍ക്കറുടെ സംഗീതം 'ബീബോപ്പ്' അഥവാ 'ബോപ്പ്' എന്നറിയപ്പെടുന്നു.

1930-ല്‍ ജാസില്‍ 'സ്വിങ്' എന്ന പുതിയ ശൈലിയും രൂപംകൊണ്ടു. ക്രമേണ പാശ്ചാത്യ സംഗീതത്തിലെ പല സവിശേഷതകളും ജാസിലേക്കു പടര്‍ന്നു കയറി.

സംഘഗാനം പോലെ വലിയൊരു സംഘം ഗായകരാണ് ബിഗ് ബാന്‍ഡ് ജാസ് സംഗീതം ആലപിക്കുന്നത്. ചെറിയ സംഘത്തെ 'കോമ്പോ' എന്നും ഒരാള്‍ തനിയെ നടത്തുന്നതിനെ 'സോളോ' സംഗീതം എന്നും പറയുന്നു.

പിയാനിസ്റ്റ് മാര്‍ക്കസ് റോബൊര്‍ട്ട്സ് പ്രസിദ്ധ സോളോയിസ്റ്റാണ്.

പിത്തളയിലുള്ള ട്രമ്പറ്റ്, കോര്‍ണറ്റ്, സ്ളൈഡ് ട്രോമ്പോണ്‍, ഫ്രഞ്ച് ഹോണ്‍, വാല്‍വ് ട്രോമ്പോണ്‍, ബാസിടോണ്‍ ഹോണ്‍; സുഷിരവാദ്യങ്ങളായ ക്ളാരിനെറ്റ്, സാക്സോഫോണ്‍; ഡ്രം എന്നിവയാണ് ജാസിലെ ഉപകരണങ്ങള്‍. കോമ്പോസിലെ 'വൈബ്രാഫോണ്‍' എന്ന ഉപകരണത്തിനു ജനപ്രിയമേറെയാണ്.

'കറുത്ത അമേരിക്കന്‍ സംഗീതം' ആണെങ്കിലും ആഫ്രിക്കന്‍ സംഗീതത്തിലെ താളവും അമേരിക്കന്‍ ബാന്‍ഡ് പാരമ്പര്യവും യൂറോപ്യന്‍ ഹാര്‍മണിയും രൂപവും ജാസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മുന്നൊരുക്കങ്ങളില്ലാത്ത ആലാപനം ആയതിനാല്‍ സ്വാത്മപ്രചോദിതമായ പുതിയ സംഗീതം സൃഷ്ടിക്കലാണ് ജാസിന്റെ ആത്മാവ്.

ജാസിന്റെ ചരിത്രവും സവിശേഷതയാര്‍ന്നതാണ്. 1900-ങ്ങളില്‍ വികാസം പ്രാപിച്ച ജാസിന്റെ സുവര്‍ണഘട്ടമായിരുന്നു 1920-കള്‍. ഇത് ജാസ് യുഗം എന്നറിയപ്പെടുന്നു.

1930-കള്‍ മുതല്‍ 40-കള്‍ വരെ 'സ്വിങ്' യുഗമായിരുന്നു. 1950-കള്‍ ഹാര്‍ഡ് ബോപ്പ് കാളിന്റേതാണ്. പരീക്ഷണാത്മകമായ ജാസ് സംഗീതത്തിന്റെ കാലവുമാണ്. ഇക്കാലത്ത് പുതിയൊരു ദിശയിലൂടെ ജാസ് വികസിച്ചു. പരമ്പരാഗതമല്ലാത്ത വാദ്യോപകരണങ്ങളും ഇക്കാലത്തു പ്രത്യക്ഷപ്പെട്ടു. ഉദാ. ഫ്രഞ്ച് ഹോണ്‍, ബാസ് ഫ്ളൂട്ട്. 1970-കളില്‍ ജാസ് സംഗീതവും റോക് സംഗീതവും സംയോജിപ്പിച്ചുകൊണ്ടുള്ള 'ഫ്യൂഷന്‍ ജാസ്' പരീക്ഷിക്കപ്പെട്ടു. 1990-കള്‍ യുവസംഗീതജ്ഞരുടെ കാലമായി കരുതപ്പെടുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയന്‍ ട്രമ്പറ്റര്‍ മാര്‍സെയ്ലിസ് ആണ്. പുതിയ പാട്ടുകാര്‍ പുതിയ ശൈലികള്‍ അവതരിപ്പിച്ചു. ഉദാ. 'മിനിമലിസം'. നീണ്ട സമയം ശുദ്ധ മാതൃകകള്‍ ആവര്‍ത്തിക്കുന്ന ശൈലിയാണിത്. നവാഗതരില്‍ നല്ല പങ്കും ചരിത്രാത്മക ശൈലി തന്നെ ആവിഷ്കരിക്കുന്നു-സ്വിങും ബീബോപ്പും.

ജാസില്‍ ഇലക്ട്രോണിക്സിന് വലിയ സ്വാധീനമുണ്ട്. യുവ സംഗീതജ്ഞന്‍ മൈക്കേല്‍ ഡാട്ടേര്‍ട്ടി ആണ് ഇക്കൂട്ടത്തില്‍ പ്രമുഖന്‍. സാക്സോഫോണ്‍ വാദകന്‍ സ്കോട്ട് ഹാമില്‍ട്ടണ്‍; പിയാനിസ്റ്റ് മാര്‍ക്സ് റോബര്‍ട്ട്സ്, ട്രമ്പറ്റര്‍ റോയി ഹാര്‍ഗ്രോവ്, ട്രോമ്പോണിസ്റ്റ് ഡാന്‍ബാററ്റ്, ഗിറ്റാറിസ്റ്റ് ഹാവാര്‍ഡ് എയ്ഡന്‍ എന്നിവരാണ് ഗായകരില്‍ പ്രമുഖര്‍.

അച്ചടിച്ച ലയരേഖകളുടെ വിന്യാസം എന്ന രൂപത്തില്‍ ജാസ് സംഗീതം ലഭ്യമല്ല. ആലാപനത്തിന്റെ ഫോണോഗ്രാഫ് റിക്കോര്‍ഡുകളായി മാത്രമേ ജാസ് സംഗീതം ലഭിക്കൂ.

പൗരസ്ത്യനാടുകളിലും ജാസ് പ്രചാരത്തിലായിട്ടുണ്ട്. 20-ാം ശ.-ന്റെ ആദ്യപകുതിയില്‍ ജാസ് ഇന്ത്യയിലെത്തി.

കൂച്ചുബിഹര്‍ രാജാവാണ് ജാസിനെ ആദ്യമായി വരവേറ്റത്. പ്രസിദ്ധ നീഗ്രോ ഗായകരെ കല്‍ക്കത്തയിലെയും ബോംബെയിലെയും വന്‍കിട ഹോട്ടലുകളില്‍ ജാസ് സംഗീതപരിപാടികള്‍ക്ക് അദ്ദേഹം ക്ഷണിച്ചു.

1955-നും 65-നുമിടയ്ക്ക് ലൂയി ആംസ്ട്രോങ്, ഡ്യൂക്ക് എല്ലിങ്ടണ്‍, ഡേവ് ബ്രൂബക്ക് തുടങ്ങിയ പ്രമുഖര്‍ ഇന്ത്യയിലെത്തി സംഗീത സദസ്സുകളൊരുക്കി. മാക്സ് മ്യൂളര്‍ ഭവനും ജാസ് സംഗീത വികസനത്തില്‍ താത്പര്യമെടുത്തു. നഗരവാസികളാണ് ജാസിനെ അധികവും സ്വാഗതം ചെയ്യുന്നത്.

ഇന്ത്യയില്‍ ജാസ് സംഗീതമേഖലയിലെ പ്രമുഖന്‍ നിരഞ്ജന്‍ ഝാവേരിയാണ്. 1952-ല്‍ ബോംബെയില്‍ ഇദ്ദേഹം സ്ഥാപിച്ച 'ബ്ളൂറിഥം' ജാസ് ക്ളബ്ബ് പ്രസിദ്ധമാണ്. ഒരു മാസികയും ഇതേ പേരില്‍ ഇറക്കി. പിന്നീട് ജാസിന്റെ കേന്ദ്രം കല്‍ക്കത്തയായി.

ജാസ് ഭേരി വാദകന്‍ ജോ മേറെല്ലോ മൃദംഗവിദ്വാന്‍ പഴനി സുബ്രഹ്മണ്യപിള്ളയോടൊത്തു കര്‍ണാടക സംഗീതത്തിന്റെ താള പദ്ധതി പഠിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജോണ്‍ ഹാന്‍ഡി, അലി അക്ബര്‍ ഖാന് ശിഷ്യപ്പെട്ടു.

രവി ശങ്കറും യഹൂദി മെനൂഹിനും ചേര്‍ന്ന് ചില പരീക്ഷണങ്ങള്‍ നടത്തി. അംജദ് അലിഖാന്‍ വിദേശത്തെ ചില പ്രസിദ്ധ ജാസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ സംഗീത സമ്പ്രദായങ്ങളിലൊന്നാകാന്‍ ജാസിന് ഇന്നും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീതസമ്പ്രദായം ജാസില്‍ നല്ലൊരു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പറയാം.

(പി. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍