This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിംനേഷ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജിംനേഷ്യം== ==Gymnasium== 'ജിംനാസ്റ്റിക്സ്' ഉള്‍പ്പെടെ കായികകലകള്‍ പ...)
അടുത്ത വ്യത്യാസം →

10:24, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജിംനേഷ്യം

Gymnasium

'ജിംനാസ്റ്റിക്സ്' ഉള്‍പ്പെടെ കായികകലകള്‍ പരിശീലിപ്പിക്കുന്ന സ്ഥലം. 'ഗുംനാസിയന്‍' (gymnasion) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ജിംനേഷ്യം എന്ന പദത്തിന്റെ ഉത്പത്തി. ഗുംനാസോ എന്ന ഗ്രീക്കു പദത്തിന് നഗ്നവ്യായാമം എന്നാണര്‍ഥം. നഗ്നവ്യായാമം (നഗ്ന കായികപരിശീലനം) എന്ന വാച്യാര്‍ഥത്തില്‍ത്തന്നെ പ്രാചീന ഗ്രീസില്‍ 'ഗിംനാസിയന്‍' (gymnazein) അറിയപ്പെട്ടിരുന്നു. ജര്‍മനിയില്‍ സെക്കന്‍ഡറിതല വിദ്യാഭ്യാസം നല്കുന്ന സ്കൂളുകള്‍ 'ജിംനേഷ്യം' എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലെ 'കളരി'യുടെ വ്യാപകമായ രൂപമാണ് ജിംനേഷ്യം. ബാസ്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ എന്നീ കളികള്‍ നടത്തപ്പെടുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്ന വേദികളെയും ജിംനേഷ്യം എന്നു വിളിച്ചുവരുന്നു. സാമാന്യം ഒരു വലിയ മുറിയില്‍ നടത്താവുന്ന ഏതു കായിക ഇനത്തിന്റെയും വേദിയാണ് ജിംനേഷ്യം. കാണികളുടെ പങ്കാളിത്തമുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന വിവക്ഷയും ആകാം. കളിക്കാര്‍ക്ക് പരിശീലനത്തിനുള്ള കളരി, വിശ്രമമുറികള്‍, കുളിമുറികള്‍, കായികോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറികള്‍, പഠനമുറികള്‍ എന്നിവയെല്ലാം കൂടിച്ചേരുന്ന സമുച്ചയത്തെ ജിംനേഷ്യമായി കണക്കാക്കുന്നതാവും കൂടുതല്‍ യുക്തം.

ഗുംനാസിയന്‍. പുരാതന ഗ്രീസിലാണ് ജിംനേഷ്യങ്ങളുടെ തുടക്കം. നഗ്നരായി കായികപരിശീലനം നടത്തുന്നവര്‍ക്കുവേണ്ടിയുള്ള കളരികളായിരുന്നു അവ. ആകാശത്തിനു കീഴെ മറകളില്ലാതെ കായികപരിശീലനം നടത്തുന്നതിനുള്ള ഈ വേദികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളവയായിരുന്നു. മേല്‍ക്കൂരയില്ലാത്ത തുറസ്സായ സ്ഥലത്തെ വിസ്തൃതമായ വേദികളായിരുന്നു ഗ്രീക്ക് ജിംനേഷ്യങ്ങള്‍. ഗ്രീക്കുകാര്‍ ഒരിക്കലും മേല്‍ക്കൂരയുള്ള വേദികളില്‍ പരിശീലനം നടത്തിയിരുന്നില്ല. കായികപരിശീലനത്തിനെത്തുന്നവര്‍ പിന്നീട് ചര്‍ച്ചകളിലും മറ്റും താത്പര്യം കാണിച്ചു തുടങ്ങിയതോടെ കളിസ്ഥലങ്ങളോടു ചേര്‍ന്ന് വിവിധാവശ്യങ്ങള്‍ക്കുള്ള ചെറിയ ചെറിയ മുറികള്‍ പണിയുവാന്‍ തുടങ്ങി. അങ്ങനെയാണ് മറ്റു സൌകര്യങ്ങള്‍ പരിശീലന സ്ഥലത്തിനുചുറ്റും ഉയര്‍ന്നുവന്നത്. കാലക്രമേണ 'ഗുംനാസിയന്‍' എന്ന വാക്കിന് അര്‍ഥവ്യാപ്തി കൈവന്നു. 'അക്കാദമി' എന്ന് അറിയപ്പെട്ടിരുന്ന ഒരു ഗുംനാസിയനിലായിരുന്നു ഗ്രീക്ക് ദാര്‍ശനികനായ പ്ളേറ്റോ നേതൃത്വം നല്കിയ ചര്‍ച്ചാവേദികള്‍ സംഘടിപ്പിക്കപ്പെട്ടത്. 'ലൈസിയം' എന്ന മറ്റൊരു ഗുംനാസിയന്‍ പ്ളേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടലിന്റെ പ്രഭാഷണങ്ങള്‍ക്കു വേദിയായി. ഗ്രീക്ക് ദര്‍ശനത്തിന്റെ കളരികളായി മാറുകയായിരുന്നു ഈ ഗുംനാസിയങ്ങള്‍.

ജര്‍മന്‍ ജിംനേഷ്യം. 15-ാം ശ.-ല്‍ യൂറോപ്പില്‍ ഉണ്ടായ കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ഘട്ടത്തില്‍ ഗ്രീക്കു സംസ്കാരത്തിനു സംഭവിച്ച മാറ്റം 'ജിംനേഷ്യം' എന്ന പദത്തിന് മറ്റൊരര്‍ഥം നല്കി. ഇറ്റലിയില്‍ ഇത് മാനവിക സാംസ്കാരിക പദ്ധതിയുടെ മറുപേരായി മാറി. ജര്‍മനിയിലേക്ക് ഇത് പടര്‍ന്നപ്പോള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ബുദ്ധിജീവികള്‍ ലാറ്റിനും ഗ്രീക്കും സ്കൂളുകളില്‍ പഠിപ്പിച്ച് ഈ വാക്കിന് അര്‍ഥവ്യാപ്തി നല്കി. ക്ളാസ്സിക്കല്‍ ഭാഷകളുടെ അഭ്യസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടാണ് സ്ട്രാസ്ബെര്‍ഗില്‍ 1537-ല്‍ യൊഹാന്നെസ് സ്റ്റുര്‍മ് ജിംനേഷ്യം സ്ഥാപിച്ചത്. ഈ ജിംനേഷ്യത്തിന്റെ പ്രവര്‍ത്തനം ജര്‍മനിയിലാകെ പ്രസിദ്ധമായി. ഇതിന്റെ ചുവടു പിടിച്ച് സെക്കന്‍ഡറി നിലവാരത്തില്‍ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകൊണ്ട് അനേകം ജിംനേഷ്യങ്ങള്‍ ജര്‍മനിയില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നുവന്നു. വിദ്യ അഭ്യസിക്കുന്നതിനുള്ള കളരിയെന്ന വ്യാപകമായ അര്‍ഥം 'ജിംനേഷ്യം' എന്ന സംജ്ഞയ്ക്കു കൈവന്നത് അങ്ങനെയാണ്. 1811-ല്‍ ബര്‍ലിനിലാണ് ആധുനിക കോഴ്സ് ജിംനേഷ്യത്തിന്റെ തുടക്കം. സ്കൂള്‍ വിദ്യാഭ്യാസ പരിപാടിയില്‍ കായിക പരിശീലനത്തിനു പ്രാധാന്യം നല്കിക്കൊണ്ട് 1870-ല്‍ ആധുനിക സ്പോര്‍ട്സ് ജിംനേഷ്യങ്ങള്‍ ജര്‍മനിയിലൊട്ടാകെ സ്ഥാപിതമായി. കായിക വിദ്യാഭ്യാസത്തിന് സാര്‍വത്രികമായ പ്രചാരം ലഭിക്കുവാന്‍ ഈ ജിംനേഷ്യങ്ങള്‍ കാരണമായി. വമ്പിച്ച പ്രതികരണമാണ് ലോകമെമ്പാടും നിന്ന് ആധുനിക സ്പോര്‍ട്സ് ജിംനേഷ്യങ്ങള്‍ക്കു ലഭിച്ചത്. ജര്‍മനി, റഷ്യ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, യു.എസ്., പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ജിംനേഷ്യങ്ങള്‍ പടര്‍ന്നു പന്തലിച്ചു. നോര്‍ത്താംപ്ടണ്‍, ഹാര്‍വാഡ്, പ്രിന്‍സ്ടണ്‍ തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ ജിംനേഷ്യങ്ങള്‍ സ്ഥാപിതമായതോടെ കായികവിദ്യാഭ്യാസത്തിന് പ്രാധാന്യവും ലഭിച്ചു. അങ്ങനെ ജിംനേഷ്യങ്ങള്‍ വീണ്ടും കായികകലയുടെ കളരികളായി മാറി.

(ജോണ്‍ സാമുവല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍