This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജര്‍മന്‍ സംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജര്‍മന്‍ സംഗീതം== ആദ്യകാല ജര്‍മന്‍ സംഗീതത്തെപ്പറ്റി ആധികാര...)
അടുത്ത വ്യത്യാസം →

09:34, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജര്‍മന്‍ സംഗീതം

ആദ്യകാല ജര്‍മന്‍ സംഗീതത്തെപ്പറ്റി ആധികാരികമായ അറിവു ലഭിക്കുന്നത് റോമന്‍ ചരിത്രകാരനായ റ്റാസിറ്റസിന്റെ ജെര്‍മേനിയ എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. ഇതില്‍ യോദ്ധാക്കളുടെ കോറസ്സുകളെ സംബന്ധിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പ്രാചീനകാലത്ത് പാഷണ്ഡ പുരോഹിതന്മാര്‍ ആലപിച്ച ഗോത്രഗാനങ്ങളില്‍ മിക്കവയും യോദ്ധാക്കളുടെ യുദ്ധവീര്യം ഉത്തേജിപ്പിക്കാനുതകുന്ന കോറസ്സുകളായിരുന്നു. ലത്തീന്‍ പ്രാര്‍ഥനകളുടെയും വേദപുസ്തകത്തിലെ സ്തോത്രങ്ങളുടെയും സംഗീതാത്മകമായ പാരായണമാണ് ജര്‍മന്‍ സംഗീതത്തിന്റെ അടിത്തറ. ക്രിസ്തുമതത്തിന്റെ രംഗപ്രവേശത്തോടെ ഗ്രിഗോറിയന്‍ ഗാനങ്ങള്‍ ജര്‍മനിയിലെത്തി. ജര്‍മന്‍കാരുടെ അപ്പോസ്തലന്‍ എന്നറിയപ്പെട്ട സെന്റ് ബോണിഫേസ് (--754) ആണ് ആദ്യത്തെ മതസംഗീത വിദ്യാലയം സ്ഥാപിച്ചത്. സംഗീതത്തിന്റെ വികസനത്തിന് ഷാര്‍ലമേന്‍ ചക്രവര്‍ത്തി വേണ്ട ഒത്താശകള്‍ നല്കിയിരുന്നു.

മിന്നെസിംഗേഴ്സ് എന്ന ഗായകസംഘത്തിന്റെ പ്രേമഗീതങ്ങള്‍ക്ക് 12-ാം ശ.-ല്‍ ദക്ഷിണ ജര്‍മനിയില്‍ വലിയ പ്രചാരമുണ്ടായിരുന്നു. റിഷര്‍ഡ് വാഗ്നറുടെ പ്രശസ്തമായ ദ മൈസ്റ്റെര്‍ സിംഗെര്‍ ഫൊണ്‍ ന്യൂറണ്‍ബെര്‍ഗ് എന്ന ഓപ്പറയില്‍ പ്രകീര്‍ത്തിക്കുകയും പരിഹസിക്കുകയും ചെയ്യപ്പെട്ട മൈസ്റ്റെര്‍ സിംഗേഴ്സ് ജര്‍മന്‍ സംഗീത ചരിത്രത്തിലെ ഒരു പ്രതിഭാസമാണ്. കവിതാനിര്‍മാണവും ആലാപനവും തൊഴിലായി സ്വീകരിച്ച ഇക്കൂട്ടര്‍ മിന്നെ സിംഗെര്‍ പരമ്പരയുടെ രക്ഷിതാക്കള്‍ കൂടിയായിരുന്നു. 1378-ല്‍ ചക്രവര്‍ത്തിയില്‍ നിന്നും ലൈസന്‍സ് നേടിയ ഇവര്‍ 16-ാം ശ. വരെ തങ്ങളുടെ സംഗീതപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

യാത്രിസംഗീതജ്ഞരുടെ ശ്രമഫലമായാവണം ഫോക്സ്ലീഡ് എന്നറിയപ്പെട്ട നാടന്‍പാട്ടുകള്‍ ജനമധ്യത്തില്‍ പ്രചാരം നേടിയത്. നാടന്‍ പാട്ടുകളുടെ അനുകരണമെന്നോണം ഇതിഹാസ സംബന്ധി ഗാനങ്ങളും മതസംബന്ധിഗാനങ്ങളും തൊഴിലധിഷ്ഠിത ഗാനങ്ങളും ക്രിസ്തുമസ് പോലുള്ള വിശേഷാവസരങ്ങളോടു ബന്ധപ്പെട്ട ഗാനങ്ങളും 14-ഉം 15-ഉം ശ.ങ്ങളില്‍ പ്രചാരം നേടി. പിന്നീട് വിദ്യാലയങ്ങളിലെ പാഠ്യവിഷയമായി സംഗീതവും ഉള്‍പ്പെടുത്തിവന്നു. ഇക്കാലത്തെ സംഗീത പ്രതിഭകളില്‍പ്പെട്ടവരാണ് ആദം ഡെഫുര്‍ദ, തോമസ് സ്റ്റോള്‍സെര്‍, ഹൈന്റി ഷ്ഫിങ്ക് എന്നിവര്‍.

നവോത്ഥാനകാലം ജര്‍മനിയില്‍ ദേശീയസംഗീതത്തിനു തുടക്കം കുറിച്ചു. സാധാരണക്കാരായ ഭക്തന്മാര്‍ക്കുവേണ്ടി കൊറേല്‍ ഗീതങ്ങള്‍ ആലപിക്കാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ സംവിധാന മുണ്ടാക്കി; ഇദ്ദേഹത്തിന്റെ സഹായിയായ യൊഹാന്‍ വാള്‍ട്ടര്‍ ഒരു പ്രൊട്ടസ്റ്റന്റ് സ്ത്രോത്രാവലി തയ്യാറാക്കുകയും ക്രിസ്തുവിന്റെ പീഡാനുഭവകഥയ്ക്കു സംഗീതരൂപം നല്‍കുകയും ചെയ്തു. 1524-ലെ ക്രിസ്തുമസ് ദിനത്തില്‍ വിറ്റന്‍ബര്‍ഗ് ദേവാലയത്തില്‍ ആദ്യത്തെ ജര്‍മന്‍ സ്ത്രോത്രമാല ആലപിക്കുകയുണ്ടായി. ഒരു സംഗീതജ്ഞന്‍ കൂടിയായ ലൂഥര്‍ 37 കോറേലുകള്‍ രചിച്ചിട്ടുണ്ട്.

ലൂഥറിന്റെ അടുത്ത തലമുറയിലെ ഗായക ശ്രേഷ്ഠരാണ് യൊയാകിം ബുര്‍ക്ക്, യൊഹാന്നെസ് എക്കാര്‍ഡ്, ബര്‍തലോ മൗസ് ഗെസിയുസ് തുടങ്ങിയവര്‍.

പ്രതിനവോത്ഥാനവും പ്രൊട്ടസ്റ്റന്റുകളുടെ ഇടയില്‍ത്തന്നെയുണ്ടായ അസ്വാരസ്യങ്ങളും അവരുടെ സംഗീതത്തിന്റെ ശക്തിക്കു ക്ഷയമുണ്ടാക്കി. തന്മൂലം വിദേശസ്വാധീനം ഈ മേഖലയില്‍ ബലവത്തായി. ഫ്ളെമിഷ് ഇറ്റാലിയന്‍ സ്വാധീനം ഇക്കാലത്ത് പ്രകടമായി കാണാം.

മതേതര രചനകള്‍ കൊണ്ടു പ്രശസ്തനായ മെല്‍ക്കിയോര്‍ ഫ്രാങ്ക്, ജര്‍മന്‍ ബരോക് സംഗീതത്തിന്റെ ഉപജ്ഞാതാവായ മൈക്കല്‍ പ്രിറ്റോറിയസ്, ഡച്ച് സംഗീതജ്ഞന്‍ സ്വീലിങ്കിന്റെ ശിഷ്യനും ഓര്‍ഗാനിസ്റ്റുമായ സാമുവല്‍ ഷൈറ്റ്, സ്വീലിങ്കിന്റെ ശിഷ്യനും ഹാംബെര്‍ഗ് ഓര്‍ഗാനിസ്റ്റു സംഘാംഗവുമായ ഹൈന്റിഷ് ഷൈഡെമര്‍, ഗിയൊവന്നി ഗബ്രീലിയുടെ ശിഷ്യനും ഡ്രെസ്ഡെനിലെ മികച്ച സംഗീതരചയിതാവുമായ ഹൈന്റിഷ് ഷൂറ്റ്സ് തുടങ്ങിയവര്‍ 17-ാം ശ.-ല്‍ ജര്‍മന്‍ സംഗീതം സമ്പന്നമാക്കി.

ജര്‍മനിയിലെ ആദ്യ ഓപ്പറ ഷൂറ്റ്സ് രചിച്ച 'ഡാഫ്നെ' ആണ്. 1678-ല്‍ ഹാംബെര്‍ഗില്‍ ഒരു ഓപ്പറാ കമ്പനിയും ആരംഭിച്ചു. 18-ാം ശ.-ന്റെ പൂര്‍വാര്‍ധത്തില്‍ യൊഹാന്‍ സെബാസ്റ്റ്യന്‍ ബാഹ് (1685-1750), ഗെയോര്‍ഗ് ഫ്രീഡ്റിഹ് ഹാര്‍ഡെല്‍ (1685-1759) എന്നിവരുടെ രചനകളിലൂടെ ജര്‍മന്‍ സംഗീതം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നു. ബാഹിന്റെ കാന്ററ്റകളും ഫ്യൂഗുകളും കണ്‍സെര്‍ട്ടോകളും ഹാന്‍ഡെലിന്റെ 'മെസ്സയ' എന്ന ഓററ്റോറിയോയും പ്രശസ്തങ്ങളാണ്. ഫ്രഡറിക് II-ന്റെ ഭരണകാലത്ത് സംഗീതരംഗം വികസ്വരമായി. കാള്‍ഹൈന്റിഷ് ഗ്രൌണ്‍, കാള്‍ഫിലിപ്പ് ഇമ്മാനുവല്‍ ബാഹ്, യൊഹാന്‍ യൊയാക്വിം ക്വാന്റ്സ്, ഫഷ്, ആബറ്റ് ഗെയോര്‍ഗ് യൊസേഫ് വോഗ്ളെര്‍ എന്നിവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ജര്‍മന്‍ ഓപ്പറയുടെ പുരോഗതിക്കു വഴി തെളിച്ചവരില്‍ പ്രമുഖര്‍ ആന്റണ്‍ ഷ്വൈറ്റ്സര്‍, ഇഗ്നാസ് ഹോള്‍ഡ് ബൗവര്‍ എന്നിവരാണ്.

'സിങ്സ്പീല്‍' എന്ന സംഗീതരൂപത്തിന് യൊഹാന്‍ ആഡംഹില്ലെര്‍, ക്രിസ്റ്റ്യന്‍ ഗോട്ട്ലോബ് നീഫെ, യൊഹാന്‍ പീറ്റര്‍ ഷൂള്‍സ്, യൊഹാന്‍ ഫ്രീഡ്റിഹ് റൈഷാര്‍ട്ട് എന്നിവര്‍ വിലയേറിയ സംഭാവനകള്‍ നല്കി. കഥാഗീതങ്ങളുടെ രചനയില്‍ ഏര്‍പ്പെട്ടവരാണ് യൊഹാന്‍ ആന്ദ്രേയും യൊഹാന്‍ റുഡോള്‍ഫ് സുംസ്റ്റീഗും. ഫഷ് ആരംഭിച്ച ബര്‍ലിന്‍ അക്കാദമിയും കാള്‍ ഫ്രിസ്റിഹ് സെല്‍ട്ടര്‍ ആരംഭിച്ച ബര്‍ലിന്‍ ലീഡെര്‍ടാ ഫെലും കോറല്‍ സംഗീതത്തിന് ഉത്തേജനം നല്കി.

ജര്‍മന്‍ സംഗീതജ്ഞരില്‍ പ്രമുഖനായ ലുഡ്വിഗ് ഫാന്‍ ബീഥോവന്‍ (1770-1827) രചിച്ച സിംഫണികളും കണ്‍സര്‍ട്ടോകളും മറ്റും ലോക ശ്രദ്ധയാകര്‍ഷിച്ചു. ഇദ്ദേഹത്തിന്റെ ലോകപ്രശസ്ത രചനകളാണ് മിസ്സാസോളെംനിസ്, ഫിഡെലിയോ എന്നിവ. ജര്‍മന്‍ റൊമാന്റിക് ഓപ്പറകളുടെ സൃഷ്ടിക്കു തുടക്കം കുറിച്ച കാള്‍ മറിയാഫൊണ്‍ വെബര്‍ (1786-1826) രചിച്ച ഡേര്‍ ഫ്രൈഷൂറ്റ്സ് (1821), യൂറ്യാന്തെ (1823) എന്നീ ഓപ്പറകള്‍ ശ്രദ്ധേയങ്ങളാണ്.

വെബറുടെ സംഗീതത്തില്‍ നിന്നു പ്രചോദനം കൊണ്ട ഫെലിക്സ് മെന്‍ ഡെല്‍സോണും (1809-47) റോബര്‍ട്ട് ഷൂമാനും തങ്ങളുടെ രചനകള്‍ കൊണ്ട് ജര്‍മന്‍ സംഗീതത്തെ സമ്പന്നമാക്കി. മെന്‍ഡെല്‍ സോണിന്റെ പ്രമുഖ രചനകള്‍ ഓവെര്‍റ്റ്യൂര്‍ റ്റു എ മിഡ്സമ്മര്‍ നൈറ്റസ് ഡ്രീം, എലിജാ, സെന്റ് പാള്‍ എന്നിവയാണ്. ഷൂമാന്റെ ശ്രദ്ധേയങ്ങളായ രചനകള്‍ സിംഫണിക് എറ്റൂസെസ്, പാപ്പിലോണ്‍സ്, ഡേവിഡ്സ് ബുങ്ങ് ലെര്‍റ്റേന്‍സെ, കാര്‍ണവാല്‍, ക്രൈസ് ലെറിയാനാ ഫ്രൌവെന്‍ലീബെ ഉന്‍ഡ്ലേബെന്‍, ഡിഷ്ടെര്‍ലീബെ എന്നിവയാണ്.

നിയോ ജര്‍മന്‍ സ്കൂളിന്റെ പ്രതിനിധികളാണ് ഫ്രാന്‍സ് ലിസ്റ്റും (1811-86) റിഷാര്‍ഡ് വാഗ്നറും (1813-83). ഹംഗറിയില്‍ ജനിച്ച്, പാരിസില്‍ വളര്‍ന്ന ലിസ്റ്റ് വൈമാറിലാണ് ജീവിതത്തിന്റെ നല്ലഭാഗം ചെലവഴിച്ചത്. ഇദ്ദേഹത്തിന്റെ ദാന്തെ, ഫൌസ്റ്റ് എന്നീ സംഫണികളും 15 ഹംഗേറിയന്‍ റാപ്സഡീസ് എന്ന പിയാനോ കണ്‍സെര്‍ട്ടോയും ശ്രദ്ധേയങ്ങളാണ്. വാഗ്നറുടെ രചനകളില്‍ ഡേര്‍ ഫ്ളീഗെന്‍ഡെ ഹോളേണ്ടര്‍, ടാന്‍ഹൗസെര്‍, ലോഹെന്‍ഗ്രിന്‍, ദ റിങ്, ട്രിസ്റ്റാന്‍ ഉന്‍ഡ് ഇസോള്‍ഡെ, ദ മൈസ്റ്റെര്‍ സിംഗെര്‍ ഫൊണ്‍ ന്യൂറെണ്‍ബര്‍ഗ് എന്നിവ പ്രമുഖങ്ങളാണ്.

നിയോ ജര്‍മന്‍ സ്കൂളിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത സംഗീതജ്ഞനാണ് യൊഹാന്നെസ് ബ്രാംസ് (1833-97). ബ്രാംസ്-വാഗ്നര്‍ തര്‍ക്കം സംഗീതചരിത്രത്തിലെ കയ്പേറിയ വാക്പയറ്റായിരുന്നു. വാഗ്നര്‍ക്കുശേഷം പ്രശസ്തി നേടിയ ഓപ്പറെ രചയിതാക്കളില്‍ പ്രമുഖര്‍ മാക്സ് ഫൊണ്‍ ഷില്ലിങ്സ്, എംഗെല്‍ബെര്‍ട്ട് ഹുംപെര്‍ഡിങ്ക് (ഹേന്‍സെല്‍ ഉന്‍ഡ് ഗ്രേറ്റെല്‍, ഡീ കോണിഗ്സ് കിന്‍ഡെര്‍) എന്നിവരാണ്. റിച്ചാര്‍ഡ് സ്റ്റ്രൌസിന്റെ ഇന്റര്‍മെസ്സോ എന്ന ഓപ്പറ അന്താരാഷ്ട്ര പ്രശസ്തി നേടി. 20-ാം ശ.-ല്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരില്‍ പ്രമുഖര്‍ ആര്‍ണോള്‍ഡ് ഷോയെന്‍ബര്‍ഗ്, പോള്‍ഹിന്‍ഡെമിത്ത് (കര്‍ഡില്ലാക്, മത്തിസ്ദേര്‍ മാലെര്‍, ഡെര്‍ഷ്വാനെന്‍ ഡ്രേഹെര്‍, ഹാര്‍മണീ ഡേര്‍ വെല്‍റ്റ്, ദ ഫോര്‍ ടെമ്പറമെന്റ്സ്), വെര്‍ണര്‍ എഗ്ക് (ഡീ സൗ ബെര്‍ ഗൈഗെ), കാള്‍ ഓര്‍ഫ് (കാര്‍മിനാ ബുറാനാ, ഇല്‍ ട്രയോണ്‍ ഫൊ ദെല്‍ ആഫ്രൊഡൈറ്റ്, ഡീ ക്ളൂഗെ ഡീബെര്‍ണൌവെറിന്‍ ആന്റിഗോണേ) എന്നിവരാണ്.

വിദേശങ്ങളില്‍ പ്രശസ്തി നേടിയ ജര്‍മന്‍ സംഗീതജ്ഞരില്‍ പ്രമുഖര്‍ കാള്‍ ഡിക്ക്, ആല്‍ഫ്രഡ് ഹെര്‍ട്ടസ്, ഫ്രെഡറിക് ഔഗുസ്ത് സ്റ്റോക്ക്, ഫ്രാങ്ക് ഡാംറോഷ്, വാള്‍ട്ടര്‍ ഡാംറോഷ് എന്നിവരാണ്. നാസി ഭരണകാലത്ത് ജര്‍മനിയില്‍ നിന്ന് യു.എസ്സില്‍ എത്തിയ സംഗീതജ്ഞരില്‍ പ്രധാനികള്‍ ഓട്ടോ ക്ളെമ്പറര്‍, ബ്രൂണോ വാള്‍ട്ടര്‍, ഫ്രീറ്റ്സ് ബുഷ്, അഡോള്‍ഫ് ബുഷ്, ലോട്ടെലേമന്‍, എലിസബത്ത് ഷൂമന്‍, കാള്‍ എബെര്‍ട്ട്, കുര്‍ട്ട് സാഹ്സ്, ആല്‍ഫ്രഡ് ഐന്‍സ്റ്റൈന്‍ എന്നിവരാണ്.

രണ്ടാംലോക യുദ്ധാനന്തരം ജര്‍മനിയില്‍ പ്രശസ്തരായ സംഗീതജ്ഞരില്‍പ്പെട്ടവരാണ് ഹന്‍സ് വെര്‍ണര്‍ ഹെന്‍സെ, കാള്‍ അമാദിയുസ് ഹാര്‍ട്ട്മന്‍, പാള്‍ ഡെസ്സൗ, ഹെര്‍ബെര്‍ട്ട് ഐമര്‍ട്ട് വില്‍ഹെല്‍മ് കില്‍മായെര്‍ തുടങ്ങിയവര്‍.

ജര്‍മനിയില്‍ എണ്‍പതോളം ഓപ്പറാ മന്ദിരങ്ങളുണ്ട്. ബര്‍ലിന്‍, മ്യൂണിക്, ഡ്രെസ്ഡെന്‍, ലൈപ്സിഗ്, ഫ്രാങ്ക്ഫര്‍ട്ട് അം മെയിന്‍, കൊളോണ്‍, ഹാംബര്‍ഗ്, ഡ്യൂസ്സെല്‍ഡോര്‍ഫ് എന്നിവയാണ് പ്രമുഖ സംഗീത കേന്ദ്രങ്ങള്‍. ബര്‍ലിന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര, ലൈപ്സിഗിലെ ഗെവാന്‍ഡ്ഹൗ ഓര്‍ക്കസ്ട്ര എന്നിവയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍