This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജറൂസലേം തോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജറൂസലേം തോണ്‍== ==Jerusalem Thorn== ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടു...)
അടുത്ത വ്യത്യാസം →
06:15, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജറൂസലേം തോണ്‍
Jerusalem Thorn
ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുമരം. ശാസ്ത്രനാമം: പാര്‍ക്കിന്‍സോണിയ അക്യുലിയേറ്റ (Parkinsonia aculeata). ബ്രിട്ടീഷ് ഭിഷഗ്വരനായ ജോണ്‍ പാര്‍ക്കിന്‍സണിന്റെ ബഹുമാനാര്‍ഥമാണ് ഇതിന് പാര്‍ക്കിന്‍സോണിയ എന്ന പേര് നല്കിയിരിക്കുന്നത്. 'ചെറിയ സൂചി' എന്നര്‍ഥമുള്ള ലാറ്റിന്‍ പദമായ 'അക്യുലിയസ്സി'ല്‍ നിന്നാണ് അക്യുലിയേറ്റ എന്ന പദം നിഷ്പന്നമായത്. ഈ ചെറുമരത്തിന്റെ സൂചിപോലുള്ള ദൃഢവും ദാരുമയവുമായ ചെറിയ മുള്ളുകളും ഈ പേരിന് കാരണമായി.
അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇവ ധാരാളമായി വളരുന്നു. ഇത് 3-6 മീ. വരെ ഉയരത്തില്‍ വളരും. ഇതിന്റെ ഇലകള്‍ സരളമായിരിക്കും. ചെറിയ റാക്കിസില്‍നിന്നുള്ള രണ്ട് പിച്ഛകങ്ങള്‍ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ പിച്ഛകം സരളമായ ഇലയുടെ ആകൃതിയിലായിരിക്കും. ഇലകള്‍ക്ക് 15-35 സെ.മീറ്ററോളം നീളംവരും. ഞെടുപ്പു കുറിയ, കുന്തംപോലുള്ള ധാരാളം പര്‍ണകങ്ങളുണ്ടായിരിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് റസീം (raceme) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പവൃന്തം ലോലമാണ്. അഞ്ചു ബാഹ്യദളങ്ങളും സ്വതന്ത്രവും ദീര്‍ഘായതവുമാണ്. കടുംമഞ്ഞ നിറത്തിലുള്ള അഞ്ചുദളങ്ങളും അണ്ഡാകാരത്തിലോ അര്‍ധവൃത്താകാരത്തിലോ കാണപ്പെടുന്നു. ദളങ്ങള്‍ക്ക് നീളം കുറഞ്ഞ് ലോമിലമായ ചെറിയ മുന ഉണ്ടായിരിക്കും. പരന്നിരിക്കുന്ന കേസര തന്തുക്കളുടെ ചുവടുഭാഗത്ത് ധാരാളം ലോമങ്ങള്‍ കാണപ്പെടുന്നു. 5-12 സെ.മീ. നീളവും 1-1.5 സെ.മീ. വീതിയുമുള്ള പോഡ് ആണ് ഫലം. ഫലത്തിന്റെ രണ്ട് അഗ്രങ്ങളും കൂര്‍ത്തിരിക്കും. ഓരോ പോഡിലും 1-6 വിത്തുകള്‍ ഉണ്ടാവും. വിത്തുകള്‍മൂലമാണ് പ്രവര്‍ധനം നടക്കുന്നത്. അലങ്കാര വൃക്ഷമായും വേലിക്കായിട്ടും ഇവ നട്ടുവളര്‍ത്തപ്പെടുന്നു. വളരെ വേഗത്തില്‍ വളരുന്ന ഈ ചെറുമരത്തിന് കടുത്ത വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.
യേശുവിനെ ക്രൂശിലേറ്റിയപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍മുടി ഈ ചെടിയുടേതാണെന്ന് കരുതപ്പെടുന്നതിനാല്‍ 'ക്രൈസ്റ്റ്സ് തോണ്‍' എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. പാലിയുറസ് സ്പൈനക്രൈസ്റ്റിയും സിസിപ്പസ് ജൂബ്ജൂബായും 'ക്രൈസ്റ്റ്സ് തോണ്‍' എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.