This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിവാദനരീതികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഭിവാദനരീതികള്‍) |
|||
വരി 23: | വരി 23: | ||
അഭിവാദനമെന്ന ഈ സാര്‍വജനീനസമ്പ്രദായത്തില്‍ ഏതെങ്കിലുമൊരു രീതി സ്വീകരിക്കാത്ത ഒരു കാലഘട്ടവുമില്ല; ഒരു ജനസമൂഹവുമില്ല. | അഭിവാദനമെന്ന ഈ സാര്‍വജനീനസമ്പ്രദായത്തില്‍ ഏതെങ്കിലുമൊരു രീതി സ്വീകരിക്കാത്ത ഒരു കാലഘട്ടവുമില്ല; ഒരു ജനസമൂഹവുമില്ല. | ||
+ | |||
+ | [[Category:ആചാരം]] |
06:22, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഭിവാദനരീതികള്‍
രണ്ടു വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴും പിരിഞ്ഞുപോകു മ്പോഴും അഭിവാദനം ചെയ്യുന്ന സമ്പ്രദായം. വാഗ്രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും അഭിവാദനം ചെയ്യപ്പെടുന്നു. സ്ഥലകാലങ്ങളുടെയും ഗോത്രസംസ്കാരങ്ങളുടെയും വ്യത്യാസമനുസരിച്ച് അഭിവാദനരീതികള്‍ക്ക് വ്യത്യാസം വന്നിട്ടുള്ളതായിക്കാണാം.
വാഗ്രൂപത്തിലുള്ള അഭിവാദനരീതിക്കാണ് ഇന്നു വലിയ പ്രചാരമുള്ളത്. ഇന്ത്യക്കാര്‍ പൊതുവേ 'നമസ്തേ', 'നമസ്കാരം' എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ ആംഗലേയമാതൃകയിലുള്ള 'ഗുഡ്മോര്‍ണിങ്', 'ഗുഡ് ഈവനിങ്' തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പ്രചാരം ഏറിയിട്ടുണ്ട്. മതത്തിന്റെ സ്വാധീനത പ്രകടമാക്കുന്ന അഭിവാദനവചസ്സുകളും കുറവല്ല. ഈശ്വരപ്രീതി, നന്മ, ആരോഗ്യം, സമാധാനം എന്നിവ നേരുന്നു എന്നര്‍ഥം വരുന്ന വാക്കുകള്‍ ഇതിനു തെളിവാണ്. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ അഭിവാദനം ചെയ്യുന്നത് സലാം അലൈക്കും (അല്ലാഹു അനുഗ്രഹിക്കട്ടെ, എന്നെ വിശ്വസ്തനായി കരുതാം) എന്നു പറഞ്ഞുകൊണ്ടാണ്. വ അലൈക്കും അസലാം (അല്ലാഹു നിങ്ങളെയും അനുഗ്രഹിക്കട്ടെ, എന്നെയും വിശ്വസ്തനായി കരുതാം) എന്നാണ് പ്രത്യഭിവാദനം. കോംഗോയിലെ നീഗ്രോകള്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ 'ഒക്കോവെ' (Okowe) എന്ന് അഭിവാദനം ചെയ്യുന്നു. അവരുടെ ഭാര്യമാര്‍ 'കാകാ' എന്നു പ്രത്യഭിവാദനം ചെയ്യുന്നു. ഗ്രീക്കുകാര്‍ കാണുമ്പോഴും പിരിയുമ്പോഴും 'സന്തോഷമുണ്ടാകട്ടെ' എന്ന് ആശംസിക്കുന്നു. റോമാക്കാര്‍ സ്വീകരണത്തില്‍ 'സാല്‍വെ' (Salve-ആരോഗ്യവാന്‍മാരായിരിക്കട്ടെ) എന്നും വേര്‍പാടില്‍ 'വേല്‍' Vale-നല്ലതു വരട്ടെ) എന്നും അഭിവാദനം ചെയ്യുന്നു.
അംഗവിക്ഷേപങ്ങള്‍ മുഖേനയുള്ള അഭിവാദനം പലതരത്തിലുണ്ട്. ആലിംഗനബദ്ധരായി അഭിവാദനം ചെയ്യുന്നരീതി ആന്തമാന്‍ദ്വീപുവാസികളുടെ ഒരു ആചാരമാണ്. ആസ്റ്റ്രേലിയയിലെ ആദിവാസികള്‍ക്കിടയിലും ഈ രീതിക്കു പ്രചാരമുണ്ട്. പുരാതന ആര്യന്മാരും സെമിറ്റിക്കുകളും ഈ രീതി അവലംബിച്ചുവരുന്നു. കണ്ടുമുട്ടുമ്പോള്‍ പരസ്പരം ഇറുക്കിപ്പിടിക്കുക എന്നതാണ് ഫിജിദ്വീപിലെ പതിവ്. പരിഷ്കൃതജനതകള്‍ക്കിടയിലും ആലിംഗനരൂപത്തിലുള്ള അഭിവാദനരീതിക്കു സ്ഥാനമുണ്ട്.
അഭിവാദനത്തിനായി ചുംബിക്കുന്ന സമ്പ്രദായത്തിനു പാശ്ചാത്യരാജ്യങ്ങളിലാണ് ഏറെ പ്രചാരമുള്ളത്. കപോലത്തിലാണ് സാധാരണ ചുംബിക്കാറുള്ളത്. ഈ രീതി ആംഗ്ളോഇന്ത്യരും ഒട്ടൊക്കെ അനുകരിക്കുന്നുണ്ട്. പുരാതന ആര്യന്മാരും സെമിറ്റിക്കുകളും ചുംബനരീതി സ്വീകരിക്കുന്നവരാണ്. പേര്‍ഷ്യക്കാര്‍ സമന്‍മാരുടെ ചുണ്ടിലും ഇളയവരുടെ കവിളിലും ചുംബിക്കുമായിരുന്നു. പുരാതന ഗ്രീസില്‍ മുതിര്‍ന്നവരെ അഭിവാദനം ചെയ്തിരുന്നത് അവരുടെ കൈയിലോ മാറിലോ കാല്‍മുട്ടിലോ ചുംബിച്ചുകൊണ്ടാണ്. ആദ്യകാലക്രൈസ്തവര്‍ അന്യോന്യം ചുംബിക്കുകയെന്നത് വിശുദ്ധമായ ഒരു അഭിവാദനരീതിയായി കണക്കാക്കിയിരുന്നു. സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായിരുന്നു അത്. 'എല്ലാ സഹോദരങ്ങളെയും വിശുദ്ധചുംബനത്താല്‍ അഭിവാദനം ചെയ്യുക' (1 തെസ്സ. 5:26) എന്നതായിരുന്നു അവരുടെ പ്രമാണം. ഈ വിശുദ്ധചുംബനത്തിന്റെ സ്ഥാനമാണ് കേരളത്തിലെ സുറിയാനിസഭകളില്‍ ആരാധനയുടെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നടത്തുന്ന 'കൈയസൂരി'ക്കുള്ളത്. ഒരാള്‍ തന്റെ കൈപ്പത്തികള്‍ മുകുളാകൃതിയില്‍ നീട്ടിക്കൊടുക്കുന്നു. മറ്റൊരാള്‍ ഈ കൈപ്പത്തികളെ സ്വന്തം കൈപ്പത്തികളില്‍ ഗ്രഹിച്ച് ആ കൃത്യം പൂര്‍ത്തിയാക്കുന്നു. പുരോഹിതന്‍ ആരംഭിക്കുന്ന ഈ പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നതിലൂടെ സഭാംഗങ്ങളിലാകെ 'കൈയസൂരി' ചെന്നെത്തുന്നു. ഈ അഭിവാദനസമ്പ്രദായം സുറിയാനിസഭകളില്‍നിന്ന് ഇന്ത്യയിലെ ഇതര ക്രൈസ്തവസഭകളും സ്വീകരിച്ചിട്ടുണ്ട്. ജ്ഞാനസ്നാനാനന്തരചുംബനം ഗ്രീക്കുസഭയ്ക്ക് ഒരു വിശുദ്ധകര്‍മമായിരുന്നു. റോമന്‍കത്തോലിക്കാസഭയുടെ വിശുദ്ധാചാരങ്ങളിലും അഭിവാദനചുംബനത്തിനു സ്ഥാനമുണ്ട്. മെത്രാന്‍മാരുടെ മോതിരം മുത്തുകയെന്നത് ക്രിസ്ത്യാനികള്‍ പൊതുവേ സ്വീകരിച്ചിട്ടുള്ള അഭിവാദനരീതിയാണ്.
ചുംബനംപോലെതന്നെ പുരാതനമായ ഒരു രീതിയാണ് അന്യോന്യം മണത്ത് അഭിവാദനം ചെയ്യുന്നത്. ഈ സമ്പ്രദായം മലയ, മ്യാന്‍മാര്‍, പോളിനേഷ്യ, മംഗോളിയ എന്നിവിടങ്ങളില്‍ പ്രചാരത്തിലിരുന്നു. എസ്കിമോകളും പാപ്പ്ലാന്‍ഡ്വര്‍ഗക്കാരും ഈ രീതി ഇന്നും ഇഷ്ടപ്പെടുന്നു. അഭിവാദനത്തിനും ശുഭാശംസയ്ക്കും എല്ലാമായി ഹവായീദ്വീപിലെ ജനങ്ങള്‍ 'അലോഹ' (Aloha) എന്നു മധുരമായി നീട്ടി ആലപിക്കുന്നു. അതിഥികളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോള്‍ പുഷ്പമാല്യം ചാര്‍ത്തുകയും 'അലോഹ' പറയുകയും ചെയ്യും.
വിരഹത്തിനുശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ സന്തോഷത്തോടുകൂടി വിമ്മുക (weep) എന്ന അഭിവാദനരീതിയാണ് ആസ്റ്റ്രേലിയയിലെ ആദിവാസികളുടേത്. മരിച്ചുപോയ ബന്ധുക്കളെച്ചൊല്ലിയുള്ള വിലാപത്തിനായും അഭിവാദനവേള ഉപയോഗിക്കപ്പെടുന്നു. പുരുഷന്മാര്‍ തമ്മിലാണ് അഭിവാദനം ചെയ്യുന്നതെങ്കില്‍ അവര്‍ അന്യോന്യം മാറോടമര്‍ത്തിപ്പിടിക്കുന്നു. സ്ത്രീയും പുരുഷനും കണ്ടുമുട്ടുമ്പോള്‍ സ്ത്രീ വിതുമ്മലോടുകൂടി ഒരു കൈകൊണ്ട് പുരുഷന്റെ കാലില്‍ കെട്ടിപ്പിടിക്കുകയും അയാളുടെ മാറില്‍ മുഖം അമര്‍ത്തി ചോര പൊടിയുംവരെ ഉരസുകയും ചെയ്യുന്നു.
ശരീരം കൂമ്പിനിന്ന് അഭിവാദനമര്‍പ്പിക്കുന്ന ഒരു രീതി പുരാതനഗ്രീസില്‍ നിലനിന്നിരുന്നു. ഭീതിയും നിസ്സഹായതയും ദ്യോതിപ്പിക്കുന്ന ഈ രീതി അടിമകളിലായിരുന്നു ഏറിയകൂറും ദൃശ്യമായിരുന്നത്. പൌരസ്ത്യരാജ്യങ്ങളില്‍ അടിമ യജമാനന്റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തിയാണ് അഭിവാദ്യം ചെയ്തിരുന്നത്. തായ്ലന്‍ഡില്‍ പ്രജകള്‍ രാജാവിന്റെ മുമ്പില്‍ ഇഴഞ്ഞുകൊണ്ടാണ് അഭിവാദനം ചെയ്തിരുന്നത്.
മധ്യകാലസംസ്കാരത്തിന്റെ സംഭാവനയായി മുട്ടുകുത്തിയുള്ള അഭിവാദനരീതി നിലവില്‍ വന്നു. ചൈനയില്‍ ഇതിനു വലിയ പ്രചാരമുണ്ടായി. ഇതു പില്ക്കാലത്ത് ഈശ്വരാരാധനയുടെ ഒരു ഭാഗമായി പരിണമിച്ചു.
കുമ്പിട്ടു നിന്ന് അഭിവാദനം ചെയ്യുന്ന സമ്പ്രദായം പൌരസ്ത്യരാജ്യങ്ങളില്‍ സാധാരണയായിരുന്നു. പുരാതന ഇസ്രായേലികള്‍ ആദരസൂചകമായി ഒരു വ്യക്തിയുടെ മുന്‍പില്‍ ഏഴു പ്രാവശ്യം കുമ്പിടുമായിരുന്നുവത്രേ. ചൈനക്കാര്‍ക്കിടയില്‍ അഭിവാദിതനോടുള്ള ആദരവിന്റെ ഏറ്റക്കുറവനുസരിച്ച് കുമ്പിടുകയോ മുട്ടുകുത്തുകയോ നില്ക്കുകയോ ചെയ്യുന്ന പതിവുണ്ടായിരുന്നു. തലയില്‍നിന്ന് തൊപ്പി ഊരി അഭിവാദനം ചെയ്യുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണയാണ്. മ്യാന്‍മാറില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ അവരുടെ മുന്‍പില്‍ കുത്തിയിരിക്കുന്ന സമ്പ്രദായം നിലനില്ക്കുന്നു. എളിയവര്‍ മുതിര്‍ന്നവരുടെ മുന്‍പില്‍ നില്ക്കുകയെന്നതാണ് മറ്റെല്ലായിടത്തുമുള്ള ആചാരം.
കൈപിടിച്ചു കുലുക്കുകയെന്നത് മറ്റൊരു അഭിവാദനരീതിയാണ്. വിവാഹവേളയില്‍ വധൂവരന്മാര്‍ കൈകോര്‍ത്തു പിടിക്കുന്ന സമ്പ്രദായം (പാണിഗ്രഹണം) ഹിന്ദുക്കള്‍ക്കിടയില്‍ പണ്ടുമുതലേ നിലനിന്നുവരുന്നു.
അഭിവാദനമെന്ന ഈ സാര്‍വജനീനസമ്പ്രദായത്തില്‍ ഏതെങ്കിലുമൊരു രീതി സ്വീകരിക്കാത്ത ഒരു കാലഘട്ടവുമില്ല; ഒരു ജനസമൂഹവുമില്ല.