This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജില്ലാഭരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജില്ലാഭരണം== പൊതുഭരണ വ്യവസ്ഥിതിയിലെ മേഖലാഭരണ സംവിധാനം. സുഗമ...)
അടുത്ത വ്യത്യാസം →
04:08, 9 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാഭരണം
പൊതുഭരണ വ്യവസ്ഥിതിയിലെ മേഖലാഭരണ സംവിധാനം. സുഗമമായ പൊതുഭരണ നടത്തിപ്പിനായി പ്രത്യേകം നിജപ്പെടുത്തിയ പ്രദേശങ്ങളാണ് ജില്ലകള്‍. ഇത്തരം മേഖലയിലെ എല്ലാ ഗവണ്‍മെന്റു പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ടതാണ് അവിടത്തെ ജില്ലാഭരണം.
ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നു വന്നതിന്റെ പുരോഗമനപരമായ പരിണാമമാണ് ഇന്ത്യയിലെ ഇന്നത്തെ ജില്ലാഭരണസംവിധാനം. ജില്ലയുടെ ഉന്നത പൊതു ഭരണാധികാരി കളക്ടര്‍ (ഡെപ്യൂട്ടി കമ്മിഷണര്‍) ആണ്. ഓരോ സംസ്ഥാന വകുപ്പിനും പ്രത്യേക ജില്ലാ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ അതതു വകുപ്പുകളുടെ ജില്ലാതല ഭരണത്തിന് നേതൃത്വം നല്കുന്നു. ജില്ലാ കളക്ടറോട് എന്നതുപോലെ അവര്‍ ഭരണകാര്യങ്ങളില്‍ വകുപ്പുകളുടെ സംസ്ഥാനതല അധികാരികളുമായും ബന്ധപ്പെടുന്നു. ഇങ്ങനെ, സംസ്ഥാന ഭരണത്തിന്റെ ഒരു ഉപകേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ജില്ലാതല ഭരണസംവിധാനം, സാധാരണപൌരനെ ഭരണപ്രക്രിയയുമായി ബന്ധപ്പെടുത്തുന്നു. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്, റവന്യു നിയമങ്ങള്‍ തുടങ്ങിയ പ്രത്യേകം സ്റ്റാറ്റ്യൂട്ടുകളില്‍ ജില്ലാ ഭരണത്തെപ്പറ്റി പരാമര്‍ശമുണ്ട്.
ക്രമസമാധാനപാലനം, പൊതു സുരക്ഷിതത്വം, റവന്യു, എക്സൈസ്, ഭൂമി സംബന്ധമായ ഭരണ നടപടികള്‍, കൃഷി, ജലസേചനം, വ്യവസായം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, ഭക്ഷ്യം, പൊതു വിതരണം, ദുരിതാശ്വാസപ്രവര്‍ത്തനം, തെരഞ്ഞെടുപ്പ്, പ്രാദേശികസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.
ഇപ്രകാരമുള്ള ഭരണ നടത്തിപ്പിനായി കേരളത്തെ 14 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് ഈ ജില്ലകള്‍.
സംസ്ഥാന തലത്തില്‍ നിന്നും ജില്ലാതലത്തിലേക്കുള്ള അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ ജില്ലാഭരണബില്‍ 1979 മാര്‍ച്ചില്‍ നിയമസഭ പാസാക്കി. ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച് (1991 ജനു.) അവയ്ക്കു കൂടുതല്‍ അധികാരങ്ങളും ചുമതലകളും നല്കി. 1995 സെപ്തംബറില്‍ സംസ്ഥാനത്ത് ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിങ്ങനെ മൂന്നു തലങ്ങളിലായി അധികാരവികേന്ദ്രീകരണം നടത്തിയിരിക്കുന്നു. ഇതിലൂടെ ജില്ലാതലത്തില്‍ (ജില്ലാ പഞ്ചായത്ത്) വീണ്ടും അധികാരവികേന്ദ്രീകരണം നടപ്പിലായി. നോ. കേരളം; പഞ്ചായത്തീരാജ്; പൊതുഭരണം ജിവാജി സര്‍വകലാശാല
മധ്യപ്രദേശിലെ ഗ്വാളിയറില്‍ സ്ഥിതിചെയ്യുന്ന അധ്യയന സൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. 1963-ലെ മധ്യപ്രദേശ് ആക്റ്റ് (ആക്റ്റ് ന. 15) പ്രകാരം നിലവില്‍ വന്ന സര്‍വകലാശാല 1964 മേയ് 23 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജിവാജി റാവു സിന്ധ്യ മഹാരാജാവിന്റെ സഹായ സഹകരണങ്ങളോടുകൂടി സ്ഥാപിക്കപ്പെട്ടതിനാലാണ് സര്‍വകലാശാലയ്ക്ക് ഈ പേരു സിദ്ധിച്ചിട്ടുള്ളത്.
ഗ്വാളിയര്‍, ബിന്ദ്, മൊറിന, ശിവപുരി, ഗുണ, ദാത്യ എന്നീ റവന്യു ജില്ലകളാണ് സര്‍വകലാശാലയുടെ അധികാരപരിധി. മിക്കവാറും എല്ലാ മാനവികവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ സര്‍വകലാശാല നടത്തിവരുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ പിഎച്ച്.ഡി., ഡി.എസ്സി, ഡി.ലിറ്റ് തുടങ്ങിയ ഉന്നതബിരുദങ്ങളും സര്‍വകലാശാല നല്കുന്നുണ്ട്. ലൈഫ് സയന്‍സ്, കോമേഴ്സ്, ലോ, എഡ്യൂക്കേഷന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എന്‍ജിനീയറിങ്, മെഡിസിന്‍, ഹോം സയന്‍സ്, ആയുര്‍വേദം എന്നിവയ്ക്ക് പ്രത്യേകം ഫാക്കല്‍റ്റികള്‍ സര്‍വകലാശാലയില്‍ ഉണ്ട്. 54 കോളജുകള്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ബി.എ.; എം.എ.; ബി.കോം.; എം.കോം.; എം.എസ്സി.(ഗണിതശാസ്ത്രം, സൈനികശാസ്ത്രം) എന്നീ ബിരുദങ്ങള്‍ക്ക് പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ട്.
മൂന്നു ഘട്ടങ്ങളിലായി തിരിച്ചിട്ടുള്ള അധ്യയന വര്‍ഷം ജൂലായ് 1-ന് ആരംഭിച്ച് ജൂണ്‍ 30-ന് അവസാനിക്കുന്നു. വാര്‍ഷിക പരീക്ഷ മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളിലാണ് നടത്താറുള്ളത്. ബി.ഇ.; എം.ഇ.; എല്‍.എല്‍.ബി എന്നീ കോഴ്സുകള്‍ സെമസ്റ്റര്‍ സമ്പ്രദായമാണ്. മികച്ച ഗ്രന്ഥശേഖരമുള്ള സര്‍വകലാശാലാ ലൈബ്രറിയില്‍ മൈക്രോഫീലിങ് സൗകര്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുള്ള ഒരു ബ്യൂറോ ഗ്വാളിയറിലെ മഹാറാണി ലക്ഷ്മീബായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഹോസ്റ്റല്‍, കായിക വിനോദം, ചികിത്സ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.