This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയപ്രകാശ് നാരായണ്‍ (1902 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജയപ്രകാശ് നാരായണ്‍ (1902 - 79)== ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി...)
അടുത്ത വ്യത്യാസം →

10:27, 8 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജയപ്രകാശ് നാരായണ്‍ (1902 - 79)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റും സര്‍വോദയ നേതാവും രാഷ്ട്രീയാചാര്യനും. ഹര്‍സുദ്ലാലിന്റെയും ഫൂല്‍റാണിയുടെയും മകനായി ബിഹാറില്‍ സരണ്‍ ജില്ലയിലെ സിതബ്-ദിയാരാ ഗ്രാമത്തില്‍ 1902 ഒ. 11-ന് ജനിച്ചു.

ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് പാറ്റ്നാ സയന്‍സ് കോളജിലെ വിദ്യാഭ്യാസമുപേക്ഷിച്ച് ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തു. 1922-ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി യു.എസ്സിലേക്കു പോയി. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം 1929 ന.-ല്‍ ഇന്ത്യയിലെത്തിയ ഇദ്ദേഹം ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നിര്‍ദേശപ്രകാരം അലഹബാദില്‍ കോണ്‍ഗ്രസ്സിന്റെ തൊഴിലാളി വിഭാഗം സംഘടിപ്പിക്കുന്നതിലേര്‍പ്പെട്ടു. ഇന്ത്യയില്‍ നടക്കുന്ന മര്‍ദനങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയുക്തമായ ഇന്ത്യാലീഗ് പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്തിരുന്ന ജയപ്രകാശ് 1933-ല്‍ മദ്രാസില്‍ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. നാസിക് ജയിലില്‍ വച്ച് ഇദ്ദേഹം അശോക് മേത്ത, അച്ചുത് പട്വര്‍ധന്‍, മിനു മസാനി, എസ്.എം. ജോഷി തുടങ്ങിയവരുമായി സമ്പര്‍ക്കം പുലര്‍ത്തി. ജയില്‍ മോചിതനായ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കുന്നതിനു (1934) മുന്‍കൈയെടുക്കുകയും അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആകുകയും ചെയ്തു. ഗാന്ധിജിയുടെ നിയമലംഘന നിസ്സഹകരണ പരിപാടികളെക്കാള്‍ വിപ്ളവമാര്‍ഗമാണ് സ്വാതന്ത്ര്യലബ്ധിക്കനുയോജ്യം എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇക്കാലംതൊട്ട് തീവ്രവാദി ദേശീയ പ്രവര്‍ത്തകനായി ഇദ്ദേഹം അറിയപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ജംഷഡ്പൂരില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1940-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. സോഷ്യലിസ്റ്റു പാര്‍ട്ടിയെ പ്രയോജനപ്പെടുത്തി ഒരു ബഹുജന സമരത്തിനു രാജ്യത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കല്‍ക്കത്തയിലും മുംബൈയിലും മറ്റും രഹസ്യപ്രവര്‍ത്തനം നടത്തിയ ജയപ്രകാശ് മുംബൈയില്‍ വച്ച് വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു (1941).

ക്വിറ്റ് ഇന്ത്യാ സമരപ്രഖ്യാപനകാലത്ത് ജയിലിലായിരുന്ന ഇദ്ദേഹം പിന്നീട് ജയില്‍ ചാടി (1943) വേഷപ്രച്ഛന്നനായി സ്വാതന്ത്ര്യസമരപ്രവര്‍ത്തനം തുടര്‍ന്നു. ബിഹാറില്‍നിന്നു നേപ്പാളിലേക്കു കടന്ന ജയപ്രകാശ് അവിടെ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. നേപ്പാളില്‍ പ്രവര്‍ത്തിച്ചിരുന്ന ആസാദ് സ്ക്വാഡ്ഗാര്‍ഡ് റൂം ആക്രമിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി (1944). ഡല്‍ഹിയില്‍ നിന്നുള്ള തീവണ്ടിയാത്രയ്ക്കിടയില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു (1944). 1946 ഏ.-ല്‍ മോചിതനായി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി 1948-ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേര്‍പെട്ടു സ്വതന്ത്ര പാര്‍ട്ടിയായി. രാഷ്ട്രീയ രംഗത്ത് അംഗീകൃത നേതാവായിക്കഴിഞ്ഞിരുന്ന ഇദ്ദേഹം തൊഴിലാളി രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. അഖിലേന്ത്യാ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍, അഖിലേന്ത്യാ പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് യൂണിയന്‍, ഡിഫന്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ എന്നീ തൊഴിലാളി സംഘടനകളുടെ അധ്യക്ഷനായിരുന്നു ഇദ്ദേഹം.

ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ ജയപ്രകാശിനെ ഗാന്ധിജിയുടെ അക്രമരാഹിത്യമാര്‍ഗങ്ങളിലേക്കു നയിച്ചു. 1952-ലെ പൊതു തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റു പാര്‍ട്ടിക്കുണ്ടായ പരാജയം ഇദ്ദേഹത്തെ വിമര്‍ശന വിധേയനാക്കി. ഇക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം നാമമാത്രമാക്കിക്കൊണ്ട് വിനോബാഭാവെയുടെ ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ബുദ്ധഗയയിലെ സര്‍വോദയ സമ്മേളനത്തില്‍ (1954 ഏ.) വച്ച് ആ പ്രസ്ഥാനത്തിനായി ജീവന്‍ ദാനം ചെയ്യുന്നതായി ഇദ്ദേഹം പ്രഖ്യാപിച്ചു.

ഇതിനിടെ സോഷ്യലിസ്റ്റു പാര്‍ട്ടി 'പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി'യായി രൂപാന്തരപ്പെട്ടിരുന്നു. 1957 ഡി.-ല്‍ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നു രാജി വച്ചു. സോഷ്യലിസം സര്‍വോദയമായി വികസിക്കാത്തിടത്തോളം ഉദ്ദേശിക്കപ്പെട്ട ഫലം സിദ്ധിക്കുകയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.

കക്ഷിരാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുനിന്നെങ്കിലും ദേശീയ പ്രശ്നങ്ങളോട് ഇദ്ദേഹം പ്രതികരിച്ചിരുന്നു. ചൈനയുടെ തിബത്ത് ആക്രമണത്തെ ഇദ്ദേഹം അപലപിച്ചു (1959). ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആധിപത്യപ്രദേശങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ ഇന്ത്യയോടു ചേര്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു (1961). വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്ന ഷെയ്ഖ് അബ്ദുല്ലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. 1962-ല്‍ ഇന്ത്യാ-പാകിസ്താന്‍ അനുരഞ്ജന സംഘത്തിന് രൂപം കൊടുത്തു. നാഗാലന്‍ഡിലെ വിപ്ളവ പ്രസ്ഥാനത്തിനെതിരെ ആയുധം ഉപയോഗിക്കുന്നതിനു പകരം സമാധാനപരമായ കൂടിയാലോചനയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. പശ്ചിമപാകിസ്താന്‍ പൂര്‍വപാകിസ്താനില്‍ നടത്തിയിരുന്ന ക്രൂരതകള്‍ക്കെതിരെ പ്രചാരണം നടത്തി. മധ്യപ്രദേശിലെ ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരെ ആയുധം വച്ചു കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന് ഇദ്ദേഹത്തിനു കഴിഞ്ഞു (1972). പൊതുപ്രവര്‍ത്തന രംഗത്തു നിലയുറപ്പിച്ചിരുന്ന പത്നി പ്രഭാവതി 1973-ല്‍ മരണമടഞ്ഞു.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യുവാക്കള്‍ കര്‍മരംഗത്തിറങ്ങണമെന്ന് ജയപ്രകാശ് ആഹ്വാനം ചെയ്തിരുന്നു. ഗുജറാത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇദ്ദേഹം 1974 ഫെ.-ല്‍ അവിടം സന്ദര്‍ശിച്ചു. 1974 മാ.-ല്‍ ബിഹാറില്‍ ഛത്രസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത ജയപ്രകാശ് അതിനെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ബഹുജന പ്രക്ഷോഭണമാക്കി മാറ്റി. സര്‍വോദയ മണ്ഡലം, തരുണ്‍ ശാന്തിസേന, ഗാന്ധി പീസ് ഫൌണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഏ.-ല്‍ പാറ്റ്നയില്‍ പ്രകടനം നടത്തി. പിന്നീട് ഡല്‍ഹിയില്‍ സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി എന്ന പൗരാവകാശ സംരക്ഷണ സമിതി രൂപവത്കരിച്ചു. ജനാധിപത്യമൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഗയയിലെ വെടിവയ്പ്പിനെത്തുടര്‍ന്ന് ബിഹാറില്‍ പ്രകടനങ്ങളും ഹര്‍ത്താലും സംഘടിപ്പിക്കുന്നതിനും നിയമസഭാ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിനും ജയപ്രകാശ് നേതൃത്വം നല്കി. വെല്ലൂരിലെ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ ജയപ്രകാശ് ജൂണില്‍ നിയമസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. അഴിമതിക്കെതിരെ പോരാടന്‍ 'സമ്പൂര്‍ണ വിപ്ളവം' എന്ന ആശയം മുന്നോട്ടു വച്ചു. 1975-ഓടെ ഈ സമരം ദേശീയ പ്രശ്നമാക്കി ഡല്‍ഹിയിലേക്കു വ്യാപിപ്പിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെയുള്ള തിരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്താന്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ തീരുമാനമായി. 1975 ജൂണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇദ്ദേഹം അറസ്റ്റിലായി; ഡി.-ല്‍ തടങ്കല്‍ അവസാനിച്ചു. പ്രതിപക്ഷ ജനാധിപത്യ കക്ഷികളെ ഒന്നിച്ചു ചേര്‍ത്ത് രൂപവത്കരിച്ച ജനതാ പാര്‍ട്ടിക്കുവേണ്ടി 1977-ല്‍ ഇദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണം നടത്തി. ഈ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. ജനതാപാര്‍ട്ടിയില്‍ പിന്നീടുണ്ടായ ഉള്‍പ്പോരും പിളര്‍പ്പും ഇദ്ദേഹത്തെ നിരാശനാക്കിയിരുന്നു. 1979-ല്‍ രോഗം മൂര്‍ച്ഛിച്ചു. 1979 ഒ. 8-ന് മുംബൈയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍