This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജമേക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജമേക്ക== Jamaica കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപരാഷ...)
അടുത്ത വ്യത്യാസം →
16:18, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ജമേക്ക
Jamaica
കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപരാഷ്ട്രം. ക്യൂബയ്ക്ക് 150 കി.മീ. തെക്കുമാറി കരീബിയന്‍ കടലില്‍ സ്ഥിതിചെയ്യുന്നു. വെസ്റ്റിന്‍ഡീസ് ദ്വീപസമൂഹത്തിന്റെ കൂട്ടത്തില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമുള്ള ഈ രാജ്യം ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗമാണ്. വിസ്തീര്‍ണം: 10,991 ച.കി.മീ.; ജനസംഖ്യ: 26,07,632 (2001); ശരാശരി നീളം: 235 കി.മീ.; ശരാശരി വീതി: 82 കി.മീ.; തലസ്ഥാനം: കിങ്സ്റ്റണ്‍.
ആദ്യമായി ഈ ദ്വീപില്‍ താമസമുറപ്പിച്ചത് 'ആരവാക്' ഇന്ത്യക്കാര്‍ ആയിരുന്നു. ഇവര്‍ ദ്വീപിനെ സമേകോ എന്നാണു വിളിച്ചിരുന്നത്. ഇവരുടെ ഭാഷയില്‍ 'അരുവികളുടെ ദ്വീപ്' എന്നാണ് പദാര്‍ഥം. മൂന്നു ശ.-ത്തോളം ബ്രിട്ടീഷ് കോളനിയായിരുന്ന ഈ ദ്വീപിന് 1962 ആഗ. 2-നു സ്വാതന്ത്യ്രം ലഭിച്ചു.
ഭൂപ്രകൃതി
കരയുടെ 80 ശ.മാ.-വും ചെറുകുന്നുകളും മലനിരകളുമാണ്. പകുതിയോളം കടല്‍ നിരപ്പില്‍ നിന്ന് 305 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശരാശരി ഉയരം 460 മീ. കുന്നിന്‍ പുറങ്ങളിലും പീഠഭൂമികളിലും ചുണ്ണാമ്പുകല്ല് ധാരാളമായി കാണാം. മധ്യഭാഗത്തായി കാണുന്ന മലനിരകള്‍ ദ്വീപിനെ രണ്ടായി വിഭജിക്കുന്നു. ബ്ളൂ മൌണ്ടന്‍ കൊടുമുടിയാണ് (ഉയരം 2,252 മീ.) ജമേക്കയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ദ്വീപിന്റെ പ്രത്യേക ഭൂപ്രകൃതിമൂലം കൃഷിയിടങ്ങള്‍ തുലോം കുറവായിരിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ മണ്ണൊലിപ്പിന്റെ തോത് കൂടുതലാണുതാനും. മൊത്തം വിസ്തീര്‍ണത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമാണ് തുടര്‍ച്ചയായി കൃഷിക്കുപയോഗപ്പെടുന്നത്.
പടിഞ്ഞാറും മധ്യഭാഗത്തുമുള്ള ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്തിനു നടുക്കായി ദുഷ്പ്രാപ്യമായ ഒരു പീഠഭൂമിയുണ്ട്. ഇതിന്റെ വിസ്തീര്‍ണം: 1,300 ച.കി.മീ. ആഴമേറിയതും വൃത്താകാരത്തിലുള്ളതുമായ താഴ്വാരങ്ങളും അരുവികളും ചെറുനദികളും ഭൂഗര്‍ഭഗുഹകളും ഇവിടത്തെ പ്രത്യേകതകളാണ്. താഴ്വാരങ്ങളെ 'കോക്പിറ്റു'കള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
മലനിരകളിലെ മുഖ്യവിള കാപ്പിയാണ്. തീരപ്രദേശം പൊതുവെ വീതികുറഞ്ഞിരിക്കുന്നു; പരമാവധി വീതി തെക്കന്‍ തീരത്തിനാണ്. ഉള്‍നാടന്‍ താഴ്വരകളും തീരപ്രദേശങ്ങളും എക്കല്‍ മണ്ണടിഞ്ഞുണ്ടായതാണ്. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. മുഖ്യ കൃഷിയിടങ്ങളും ഇവ തന്നെ.
ദ്വീപിലെ പ്രധാന പട്ടണങ്ങളെല്ലാം തീരദേശ സമതലങ്ങളിലാണ്. തലസ്ഥാനമായ കിങ്സ്റ്റണ്‍, മുമ്പത്തെ തലസ്ഥാനമായിരുന്ന സ്പാനിഷ്ടൌണ്‍ ഇവ തെക്കന്‍ തീരസമതലങ്ങളില്‍ സ്ഥിതിചെയ്യുന്നു. വടക്കന്‍ തീരപ്രദേശത്തുള്ള ഓകോ റീയസ്, മോണ്‍ടീഗോ ബേ, പോര്‍ട്ട് അന്റോണിയോ തുടങ്ങിയ കേന്ദ്രങ്ങള്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. നിഗ്രില്‍ വിനോദ സഞ്ചാരകേന്ദ്രം ദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നു. കടലോരങ്ങളും നിമ്നോന്നതമായ ഭൂപ്രകൃതിയും മിതോഷ്ണ കാലാവസ്ഥയുമാണ് വിനോദസഞ്ചാരികളെ ഈ ചെറുദ്വീപിലേക്കാകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.
കാലാവസ്ഥ
ജമേക്കയില്‍ ഉഷ്ണമേഖലാകാലാവസ്ഥയാണനുഭവപ്പെടുന്നത്. എന്നാല്‍ സ്ഥലത്തിന്റെ ഉയരം, അക്ഷാംശീയ വ്യതിയാനം എന്നിവയ്ക്കനുസൃതമായ മാറ്റങ്ങള്‍ വളരെ വ്യക്തമാണുതാനും. ഉയരം കൂടിയ മലനിരകളില്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ചൂടു കുറവാകുന്നു. തീരപ്രദേശത്തെ ചൂടിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്ന മുഖ്യഘടകമാണ് കടല്‍ക്കാറ്റുകള്‍. മേയ് മുതല്‍ ജൂണ്‍ വരെയും സെപ്. മുതല്‍ ന. വരെയുമാണ് പ്രധാന മഴക്കാലം. ശരാശരി വാര്‍ഷിക വര്‍ഷപാതം 1950 മി.മീ. താപനിലയെ നിയന്ത്രിക്കുന്ന അതേ ഘടകങ്ങള്‍ മഴയുടെ വിതരണത്തെയും ബാധിക്കുന്നു. തലസ്ഥാനമായ കിങ്സ്റ്റണിലെ താപനില ജനു.-ല്‍ ശരാശരി 24.4ീഇ-ഉം ജൂല.-ല്‍ 27.2ീഇ-ഉം ആയിരിക്കും. ഇവിടെ ലഭിക്കുന്ന ശരാശരി വാര്‍ഷിക വര്‍ഷപാതം 800 മി.മീ. ആണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന കൊടുങ്കാറ്റുകള്‍ (വൌൃൃശരമില) ദ്വീപില്‍ ചെറിയ തോതില്‍ നാശനഷ്ടം വിതയ്ക്കാറുണ്ട്. 1692-ല്‍ പോര്‍ട്ട് റോയലിലും 1907-ല്‍ കിങ്സ്റ്റണിലും ഭൂകമ്പങ്ങളുണ്ടായതായും രേഖപ്പെടുത്തിയിരിക്കുന്നു.
ജീവജാലവും ജലസമ്പത്തും
സസ്യസമ്പന്നമാണ് ജമേക്ക. ദേശീയപുഷ്പം നല്കുന്ന ലിഗ്നം വിറ്റേ, പോയ്ന്‍സീയാന, കാസിയ, പൂയി, സീബ, സാമാന്‍, മോഹീ (ദേശീയ വൃക്ഷം), മഹാഗണി, സീഡര്‍, കാറ്റാടിമരം, എബണി, ഈട്ടി, വിവിധതരം മുളകള്‍ എന്നിവ ഇവിടത്തെ പ്രധാന വൃക്ഷയിനങ്ങളാണ്. കുറ്റിച്ചെടികളില്‍ ബൂഗന്‍വിലീ, പോയ്ന്‍സെറ്റിയ, ചെമ്പരത്തികള്‍, ആലമാന്‍ഡ, പലതരം ക്രോട്ടനുകള്‍, ഓര്‍കിഡുകള്‍, വിവിധതരം പന്നലുകള്‍ എന്നിവയാണ് പ്രധാനം.
മുതല, വിവിധതരം ഇഴജന്തുക്കള്‍, പലയിനം പക്ഷികള്‍, കീരി, കാട്ടുകുതിര എന്നിവ ജമേക്കയിലെ വന്യജീവികളില്‍പ്പെടുന്നു. ഹമ്മിങ്ബേഡ് ആണ് ദേശീയപക്ഷി. പല തരത്തിലുള്ള ഷട്പദങ്ങളും കീടങ്ങളും കൊതുകുകളും വനങ്ങളില്‍ സമൃദ്ധമാണ്. ജലജീവികളില്‍, ശുദ്ധജലത്തില്‍ കാണുന്ന കണമ്പ്, കൊഞ്ച്, ചിറ്റക്കൊഞ്ച്, ഞണ്ട് എന്നിവയും റ്റാര്‍പന്‍ പോലുള്ള ആഴക്കടല്‍ മത്സ്യങ്ങളുമാണ് മുഖ്യം.
മലനിരകളില്‍ നിന്നും വീതി കുറഞ്ഞ്, ആഴമില്ലാത്ത അനേകം ചെറുനദികള്‍ ഉദ്ഭവിക്കുന്നു. അവിടവിടെയായി കുത്തനെയുള്ള ചെറുവെള്ളച്ചാട്ടങ്ങളും ഏറെയുണ്ട്. ഇക്കാരണങ്ങളാല്‍ ജമേക്കന്‍ നദികള്‍ മിക്കതും ഗതാഗതയോഗ്യമല്ല. ബ്ലാക്ക് നദിയുടെ 40 കി.മീറ്ററും മില്‍ക് നദിയുടെ 3 കി.മീറ്ററും മാത്രം ഗതാഗതയോഗ്യമായിരിക്കുന്നു. ചില നദികളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുമുണ്ട്.
കഢ. സമ്പദ്ഘടന. കൃഷി വ്യാപകമായുള്ളത് തീരദേശസമതലങ്ങളില്‍ മാത്രമാണെങ്കിലും ജമേക്കന്‍ ജനതയുടെ മുഖ്യഉപജീവനമാര്‍ഗമാണ് കൃഷി. കരിമ്പ്, വാഴപ്പഴങ്ങള്‍, മാങ്ങ, നാരങ്ങ പിമെന്റോ, കൊക്കോ, ഇഞ്ചി, കാപ്പി, തേങ്ങ, പുകയില എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. മൊത്തം ജനതയുടെ 28 ശ.മാ.-ന് തൊഴില്‍ നല്കുന്ന കാര്‍ഷിക മേഖല രാജ്യത്തിന്റെ മൊത്തോത്പാദനത്തില്‍ 10 ശ.മാ.-ല്‍ കുറയാത്ത സംഭാവന നല്കുന്നു. കരിമ്പാണ് പ്രധാന കയറ്റുമതി വിഭവം. കൂടാതെ വാഴപ്പഴങ്ങള്‍, നാരങ്ങ, നാളികേരം എന്നിവയും ദ്വീപില്‍ നിന്ന് കയറ്റി അയയ്ക്കുന്നുണ്ട്. ലോകകമ്പോളത്തിലെ കടുത്ത മത്സരവും വിലയിടിവും കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു. രാജ്യത്തിന്റെ ആഭ്യന്തരാവശ്യങ്ങള്‍ക്കു മതിയായ ചോളം, അരി, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുമില്ല. കന്നുകാലി വളര്‍ത്തലും മരംവെട്ടും ഇവിടത്തെ സമ്പദ്ഘടനയെ സഹായിക്കുന്ന ചെറിയ ഘടകങ്ങളാണ്.
അലുമിനിയം അയിരിന്റെയും (ബോക്സൈറ്റ്) ശുദ്ധീകരിച്ച അലുമിനിയത്തിന്റെയും മുഖ്യ ഉത്പാദകരാജ്യങ്ങളിലൊന്നാണ് ജമേക്ക; ലോകരാജ്യങ്ങളില്‍ രണ്ടാംസ്ഥാനവുമുണ്ട്. മെക്സിക്കോയും ജമേക്കയും ചേര്‍ന്ന് ഒരു ബോക്സൈറ്റ്-അലുമിന ക്ളോംപക്സും ഒരു എണ്ണ ശുദ്ധീകരണശാലയും നിര്‍മിക്കുന്നുണ്ട്. 1970-കളുടെ മധ്യത്തില്‍ രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ 40 ശ.മാനവും ബോക്സൈറ്റ് ഉത്പാദനത്തില്‍ നിന്നു ലഭിച്ചതായിരുന്നു. എന്നാല്‍ 1980-കളുടെ ആരംഭത്തോടെ ഇതിന്റെ കയറ്റുമതി ഗണ്യമായി കുറഞ്ഞിരിക്കയാണ്. രാജ്യവ്യാപകമായി അലുമിനിയത്തിന്റെ ആവശ്യം കുറഞ്ഞതും ആസ്റ്റ്രേലിയയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ഉണ്ടായതുമാണ് ഇതിനു കാരണം. ഇവിടത്തെ വ്യവസായ ഘടനയിലുള്ള പ്രശ്നങ്ങളും മത്സരബുദ്ധിയില്ലായ്മയും ജമേക്കയിലുള്ള പല അന്താരാഷ്ട്ര കമ്പനികളും നിര്‍ത്തലാക്കുവാനിടയാക്കി. ഇവയെല്ലാം ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക് പരമാവധി വര്‍ധിപ്പിക്കുകയും ചെയ്തു.
ആധുനിക ഗവണ്‍മെന്റ് 1980 മുതല്‍ തന്നെ 250-ഓളം വ്യവസായങ്ങളെ ജമേക്കയിലേക്കാകര്‍ഷിച്ചിട്ടുണ്ടെന്നവകാശപ്പെടുന്നു. ഇവയിലധികവും വസ്ത്രനിര്‍മാണരംഗത്താണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു പരിധി വരെ ഇവയ്ക്കു കഴിയുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരത്തിന് ഈ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാനമായൊരു പങ്കുണ്ട്. ജമേക്കയിലെ എല്ലാ തീരസമതലങ്ങളും ബീച്ചുകളുംതന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെങ്കിലും വടക്കുഭാഗത്തുള്ള ബീച്ചുകളാണ് ഏറ്റവും മനോഹരം. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം വരുന്നതും ഇവിടേക്കു തന്നെ.
1983-ലെ കരീബിയന്‍ ബേസിന്‍ ഇനീഷിയേറ്റിവിന്റെ ആദ്യത്തെ ഗുണഭോക്താവ് ജമേക്കയാണ്. കാരികോം (CARICOM) എന്നറിയപ്പെടുന്ന കരീബിയന്‍ കോമണ്‍ മാര്‍ക്കറ്റ് ഒ എ എസ് (Organisation of American States), ഇന്റര്‍നാഷണല്‍ ബോക്സൈറ്റ് അസോസിയേഷന്‍, ലാറ്റിന്‍ അമേരിക്കന്‍ ഇക്കണോമിക് സിസ്റ്റം (SELA) എന്നീ സംഘടനകളില്‍ അംഗവുമാണ് ജമേക്ക.
ഗതാഗതവും വാര്‍ത്താവിനിമയവും
ധാരാളം റെയില്‍പ്പാതകളും, പ്രധാനവും അപ്രധാനവുമായ റോഡുകളുടെ ഒരു ശൃംഖലയുമടങ്ങിയതാണ് ജമേക്കയുടെ ഗതാഗതമേഖല. ഗവണ്‍മെന്റധീനതയിലായിരുന്ന റെയില്‍വേ ഇപ്പോള്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്: ജമേക്കന്‍ റെയില്‍വേ കോര്‍പ്പറേഷന്‍. കിങ്സ്റ്റണിലും മറ്റു വാണിജ്യ-വ്യാപാര മേഖലകളിലും ഗതാഗതം നന്നായി വികസിച്ചിട്ടുണ്ടെങ്കിലും ദ്വിപിന്റെ ചില ഭാഗങ്ങളില്‍ സാരമായ ഗതാഗത പ്രശ്നങ്ങളുണ്ട്. പാലിസാഡോസി(Palisadoes)ലും മോണ്ടീഗോ ബേയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ രാജ്യാന്തരഗതാഗതം കൈകാര്യം ചെയ്യുന്നു. 1968-ല്‍ തുടങ്ങിയ 'ഏര്‍ ജമേക്ക' യു.എസ്., കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രധാന തുറമുഖമായ കിങ്സ്റ്റണ്‍ ഇറക്കുമതിയില്‍ മുഖ്യപങ്കു വഹിക്കുന്നു. കയറ്റുമതിയില്‍ വേറെ 17 ചെറു തുറമുഖങ്ങള്‍ക്കാണ് പ്രാധാന്യം. ഒരു സ്വകാര്യ സ്ഥാപനമാണ് ഇവിടത്തെ ടെലഫോണ്‍ ശൃംഖല കൈകാര്യം ചെയ്യുന്നത്. ജമേക്കയെയും യു.എസ്സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സമുദ്രാന്തര കേബിളുണ്ട്. 1964-ല്‍ ആഭ്യന്തര ടെലക്സ് സംവിധാനം നടപ്പില്‍ വന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള 3 പ്രക്ഷേപണ നിലയങ്ങളും ഒരു പൊതു പ്രക്ഷേപണ നിലയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ജനങ്ങള്‍.
2001-ല്‍ ജമേക്കയില്‍ ജനസംഖ്യ: 26,07,632 ആയിരുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരങ്ങള്‍ കിങ്സ്റ്റണും സെന്റ് ആന്‍ഡ്രൂവുമാണ്. സ്പാനിഷ് ടൌണ്‍, പോര്‍ട്ട്മൂര്‍, മോണ്ടീഗോബേ, മേ പെന്‍, മാന്‍ഡവില്‍ എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍. 90 ശ.മാ.-ത്തിലധികം ജനങ്ങളും ആഫ്രിക്കന്‍ വംശജരോ ആഫ്രോ-യൂറോപ്യന്‍ സങ്കരവംശജരോ ആണ്; ബാക്കി ഈസ്റ്റ് ഇന്ത്യക്കാര്‍, ചൈനക്കാര്‍, യൂറോപ്യര്‍ എന്നിവരും. വിവിധ നരവംശത്തില്‍പ്പെട്ട ജനങ്ങളുടെ സ്വാധീനം മൂലം സാംസ്കാരികത പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസൃതമായിരിക്കുന്നു. ഈ ദ്വീപില്‍ ആദ്യം താമസമുറപ്പിച്ച 'ആരവാക് ഇന്ത്യക്കാര്‍' ഇന്ന് നാമാവശേഷമായിരിക്കുകയാണ്. പിന്നീട് കുടിയേറിവന്നവരുടെ പിന്‍ഗാമികളാണ് ഇന്നുള്ളവര്‍. ഇതില്‍ 90 ശ.മാ.-ത്തോളം ആഫ്രിക്കന്‍ വംശജരാണ്. 1962-ലെ കോമണ്‍വെല്‍ത്ത് ഇമിഗ്രേഷന്‍ ആക്റ്റ് പ്രകാരം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ നിയന്ത്രണം വന്നത് ഇവിടത്തെ ജനസംഖ്യാ വര്‍ധനയ്ക്കിടയാക്കി.
ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്തുമതവിശ്വാസികളാണ്. ബാക്കിയുള്ളവര്‍ ജൂതമതം, ഹിന്ദുമതം, ഇസ്ലാംമതം എന്നീ വിഭാഗങ്ങളില്‍പെടുന്നു. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ആഫ്രിക്കന്‍ ഭാഷകള്‍ എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള ഒരു സങ്കരഭാഷയും ഇവിടെ നിലവിലുണ്ട്. 83 ശ.മാ.-ത്തോളം ജനങ്ങളും സാക്ഷരരാണ്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്നു. വെസ്റ്റിന്‍ഡീസ് സര്‍വകലാശാലയുടെ ഒരു ശാഖ കിങ്സ്റ്റണിലുണ്ട്. 1948-ല്‍ രൂപം കൊണ്ട ഈ സ്ഥാപനം അന്ന് യൂണിവേഴ്സിറ്റി കോളജ് ഒഫ് വെസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ജമേക്കന്‍ യുവാക്കള്‍ വ. അമേരിക്കയിലേക്കും പ. യൂറോപ്പിലേക്കും കുടിയേറുന്നതിനാല്‍ രാജ്യത്തിന് കാര്യമായ മസ്തിഷ്ക ചോര്‍ച്ച നേരിടേണ്ടി വരുന്നു.
കുടുംബാസൂത്രണം മൂലം ജനനനിരക്ക് 1960-കളിലെ 42/1000 എന്നില്‍ നിന്ന് എണ്‍പതുകളില്‍ 26.8/1000 ആയി കുറഞ്ഞിട്ടുണ്ട്. കാര്യക്ഷമമായ ആരോഗ്യസംരക്ഷണം മൂലം മരണനിരക്കും കുറഞ്ഞിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും നഗരങ്ങളിലേക്കു കുടിയേറാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇത് നഗരങ്ങളില്‍ രൂക്ഷമായ തൊഴിലില്ലായ്മയുണ്ടാക്കുന്നുവെന്നു മാത്രമല്ല, യുവാക്കളെ വിപ്ളവപ്രസ്ഥാനങ്ങളിലേക്കും മറ്റും നയിക്കുകയും ചെയ്യുന്നു.
നിയമനിര്‍മാണവും നിയന്ത്രണാധികാരവും സുപ്രീംകോടതിക്കാണ്. മറ്റു കോടതികള്‍ ഇതിനു കീഴിലായി പ്രവര്‍ത്തിക്കുന്നു. ചീഫ് ജസ്റ്റിസിനാണ് നിയമനിര്‍മാണ പരമാധികാരം.
റാസ് ടഫാരിയുടെ നവോത്ഥാനപ്രസ്ഥാനം ഇന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ നിയന്ത്രണത്തിലാണ്. റാസ് ടഫാരിയന്‍സ് എന്നറിയപ്പെടുന്ന ഇവര്‍ കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരില്‍ നിന്ന് അകലണം എന്ന ആവശ്യം ഉന്നയിക്കുന്നു. ഈ വിഭാഗത്തിന് 'റാസ്റ്റാസ് റിഗ് മ്യൂസിക്' എന്ന ഒരു പ്രത്യേക സംഗീത ശൈലിയുണ്ട്. ഇതുപയോഗിച്ച് ഇവര്‍ തങ്ങളുടെ സ്വാധീനം ദ്വീപിനകത്തും പുറത്തും പ്രചരിപ്പിക്കുന്നു. ജമേക്കന്‍ സംസ്കാരത്തിന്റെയും ഒരുമയുടെയും ഉത്തമ നിദര്‍ശനമാണ് റിഗ് മ്യൂസിക്.
റാസ് ടഫാറിയന്‍സ് ജമേക്കക്കാരനായ മാര്‍കസ് ഗാര്‍വീയുടെ തത്ത്വങ്ങള്‍ പിന്തുടരുന്നവരാണ്. 1920-ല്‍ യു.എസ്സിലെ കറുത്ത വര്‍ഗക്കാരെല്ലാം തങ്ങളുടെ യഥാര്‍ഥ നാടായ ആഫ്രിക്കയിലേക്കു തിരിച്ചുപോകണം എന്ന പ്രധാന ആവശ്യമായിരുന്നു ഗാര്‍വീ ഉന്നയിച്ചിരുന്നത്. ഇവരുടെ ദൈവമായിരുന്ന 'യാ'യുടെ അവതാരമാണ് എത്യോപ്യയിലെ അവസാനത്തെ ചക്രവര്‍ത്തിയായ ഹെയ്ലി സെലാസീ എന്നാണ് ഈ ആളുകള്‍ വിശ്വസിക്കുന്നത്. 'യാ' പല വേഷങ്ങളില്‍ ജനങ്ങളുടെ ഇടയിലുണ്ടത്രേ.
ഭരണകൂടം
300 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഈ ദ്വീപ് 1962-ല്‍ സ്വതന്ത്രമായി ബ്രിട്ടീഷ് ഭരണഘടനയുടെ മാതൃകയിലാണ് ജമേക്കന്‍ ഭരണഘടനയും രൂപം കൊണ്ടിട്ടുള്ളത്. 1962-ല്‍ നിലവില്‍ വന്ന ഭരണഘടന പ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയായ ഗവര്‍ണര്‍ ജനറലാണ് രാഷ്ട്രത്തലവന്‍. ആഡംബരപദവി മാത്രമുള്ള ഈ സ്ഥാനപതിയെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാജ്ഞി നിയമിക്കുന്നു. ഭരണാധികാരം കാബിനറ്റില്‍ നിക്ഷിപ്തമാണ്. കാബിനറ്റിന് രണ്ടു സഭകളുണ്ട്; 60 അംഗങ്ങളുള്ള ഹൗസ് ഒഫ് റെപ്രസന്റേറ്റിവ്സും 21 അംഗങ്ങളുള്ള സെനറ്റും. 5 വര്‍ഷത്തില്‍ കൂടാത്ത കാലത്തേക്ക് ഹൗസ് ഒഫ് റെപ്രസന്റേറ്റിവ്സിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നു. സെനറ്റിലെ 13 അംഗങ്ങളെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരവും, 8 പേരെ പ്രതിപക്ഷനേതാവിന്റെ ഉപദേശപ്രകാരവും ഗവര്‍ണര്‍ ജനറല്‍ ആണ് നിയമിക്കുന്നത്. ഗവര്‍ണര്‍ ജനറലിനെ സഹായിക്കുവാനായി 6 അംഗങ്ങളുള്ള പ്രിവി കൌണ്‍സിലുമുണ്ട്. ഹൗസ് ഒഫ് റെപ്രസന്റേറ്റിവ്സിലെ ഭൂരിപക്ഷ പാര്‍ട്ടിയുടെ നേതാവായിരിക്കും പ്രധാനമന്ത്രി.
ജമേക്കന്‍ സൈന്യത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട്: റെഗുലര്‍ ഫോഴ്സ്, റിസെര്‍വ് ഫോഴ്സ്. 1963-ല്‍ ജമേക്കന്‍ വ്യോമപ്രതിരോധ സൈന്യം സ്ഥാപിതമായി.
ജമേക്കന്‍ ഡോളര്‍ (JMD) ആണ് ഇവിടത്തെ നാണയം. ബാങ്കിങ് മേഖലയില്‍ ബാങ്ക് ഒഫ് ജമേക്കയ്ക്കാണ് മുഖ്യസ്ഥാനം. 10 വാണിജ്യബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ബാങ്കുകള്‍ ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കിങ്സ്റ്റണില്‍ ഒരു 'സ്റ്റോക്ക് എക്സ്ചേഞ്ച്' ഉണ്ട്. ഇത് 'റീജണല്‍ കരീബിയന്‍ എക്സ്ചേഞ്ചി'ലും പങ്കെടുക്കുന്നു.
ചരിത്രം
1494 മേയ് 4-ന് ക്രിസ്റ്റഫര്‍ കൊളംബസ് കണ്ടുപിടിച്ചു. ജമേക്ക ദ്വീപിലെ ആദിവാസികള്‍ ആരവാക് ഇന്ത്യക്കാരായിരുന്നു. ഇവര്‍ തെ. അമേരിക്കയില്‍ നിന്ന് 250-ല്‍ വെസ്റ്റിന്‍ഡീസിലേക്കു കുടിയേറിയവരാണെന്നാണ് വിശ്വാസം. 1509-ല്‍ സ്പെയിന്‍കാര്‍ ഈ ദ്വീപിനെ അവരുടെ കോളനിയാക്കി. എന്നാല്‍ സ്വര്‍ണവും വെള്ളിയും ലഭിക്കാത്ത ജമേക്കയോട് അവര്‍ക്ക് യാതൊരു മമതയും തോന്നിയില്ല ഇതുപേക്ഷിച്ച് അവര്‍ മറ്റു കോളനികള്‍ തേടിപ്പോയി. ഇതിനകം ആദിവാസികളായിരുന്ന ആരവാക് ഇന്ത്യക്കാര്‍ നാമാവശേഷരായിക്കഴിഞ്ഞിരുന്നു. പിന്നീട് ഇവിടത്തെ പണിയാവശ്യങ്ങള്‍ക്കായി ആഫ്രിക്കയില്‍ നിന്ന് അടിമകളെ കൊണ്ടുവന്നു. തന്റെ നാലാമത്തെതും അവസാനത്തെതുമായ സാഹസികയാത്രയില്‍ കൊളംബസ് വീണ്ടും ഈ ദ്വീപില്‍ വരികയുണ്ടായി. 1506-ല്‍ കൊളംബസിന്റെ മരണത്തോടെ മകനായ ദീയേഗോ അച്ഛന്റെ സ്വത്തിനവകാശിയായിത്തീര്‍ന്നു. പിന്നീട് ഹിസ്പാനിയോളയിലെ ഗവര്‍ണറായിപ്പോയ ഇദ്ദേഹം 1534-ല്‍ അനുചരന്മാര്‍ വഴി ഇന്ന് സ്പാനിഷ്ടൌണ്‍ എന്നറിയപ്പെടുന്ന 'സെന്റ് യാഗോ ദ ലാ വേഗ' സ്ഥാപിച്ചു. സ്പാനിഷ് അധീനതയിലായിരുന്ന കരീബിയന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുവാനുള്ള ഒലീവര്‍ ക്രോംവെലിന്റെ പദ്ധതിപ്രകാരം 1655-ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപ് കീഴടക്കി. 1670-ലെ മാഡ്രിഡ് ഉടമ്പടി ഇതിന് ആക്കം കൂട്ടുന്നതായിരുന്നു. 307 വര്‍ഷത്തെ തുടര്‍ച്ചയായ ബ്രിട്ടീഷ് ഭരണത്തിനു തുടക്കം കുറിക്കലായിരുന്നു ഇത്. തികച്ചും അമംഗളകരമായ സംഭവമായി ഇതു ഗണിക്കപ്പെടുന്നു. ധാരാളം സമ്പത്തു ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഈ ദ്വീപിലെത്തിയവര്‍ അതു കിട്ടാതെ വന്നപ്പോള്‍ പ്രകോപിതരായി. ദ്വീപ് നിവാസികളെ തങ്ങളുടെ ആജ്ഞാപാലകരാക്കാന്‍ ഇവര്‍ ദ്വീപിലെ കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍ ഇത് കൊണ്ടും പ്രതീക്ഷിച്ച ഫലം കിട്ടാത്തതില്‍ നിരാശനായ കോണ്‍വെല്‍ പ്രഭു ദ്വീപിനെ ഒരു കോളനിയാക്കാന്‍ തീരുമാനിച്ചു. സേനയിലുള്ള ബ്രിട്ടീഷുകാര്‍ക്ക് സ്ഥലം ദാനം ചെയ്തതോടൊപ്പം അമേരിക്കയില്‍ നിന്ന് ജനങ്ങളെ ദ്വീപിലേക്കു കൊണ്ടുവരികയും ചെയ്തു.
17-ാം ശ.-ന്റെ രണ്ടാം പകുതിയില്‍ ജമേക്ക ഒരു 'ഗുദാം' ആയി മാറി. കൃഷി ഫലവത്താകാത്തതായിരുന്നു ഇതിനു കാരണം. കിങ്സ്റ്റണ് അടുത്തായുള്ള പോര്‍ട്ട് റൊയാല്‍ ആയിരുന്നു വാണിജ്യ കേന്ദ്രം. ഇവിടം 'ബക്കനീര്‍' എന്നറിയപ്പെട്ടിരുന്ന കപ്പല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു. ഹെന്റി മോര്‍ഗന്‍ എന്ന കുപ്രസിദ്ധ ബക്കനീറിനെ ചാള്‍സ് II ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. ഇംഗ്ലീഷുകാരുടെ ആഗമനത്തോടെ സ്പാനിഷ് യജമാന്മാരില്‍ നിന്നു രക്ഷപ്പെട്ട ആഫ്രി(Maroons)ക്കന്‍ അടിമകള്‍ നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ ഗറിലായുദ്ധം തുടങ്ങി. 1738-ല്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെയും ഇവര്‍ ഇംഗ്ലീഷുകാര്‍ക്ക് തലവേദനയായിരുന്നു. 18-ാം ശ.-ത്തോടെ ഇവിടത്തെ കരിമ്പിന്‍ തോട്ടങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതിനാല്‍ ബ്രിട്ടനിലേക്കു കയറ്റുമതി ആരംഭിച്ചു. ഒപ്പം സ്പെയിന്‍കാര്‍ തുടങ്ങിവച്ച അടിമക്കച്ചവടം വികസിക്കുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഏറ്റവും ആദായകരമായ കോളനിയായി ജമേക്ക മാറി.
1833-ല്‍ ഇംഗ്ലണ്ടിലെ വിക്റ്റോറിയാ രാജ്ഞി ജമേക്കയില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി. ഇത് ദ്വീപിലെ തോട്ടക്കൃഷിക്ക് അവസാനം കുറിച്ചു. മോചിതരായ അടിമകള്‍ ശേഷിച്ച തോട്ടങ്ങളുടെ ഉടമകളായി മാറി. 1865-ലെ മോറാന്ത് ബേ ലഹളയോടെ തോട്ടമുടമകളും പണിക്കാരും തമ്മില്‍ സംഘര്‍ഷമാരംഭിച്ചു. ഇതിനിടെ അമേരിക്കന്‍ ആഭ്യന്തരയുദ്ധം മൂലം ജമേക്കക്കാര്‍ക്ക് ധാന്യവും മത്സ്യവും കിട്ടാതെയായി. അപ്പോഴത്തെ ഗവര്‍ണറായിരുന്ന എഡ്വേഡ് അയര്‍ അതിക്രൂരമായ പട്ടാളനടപടികളിലൂടെയാണ് പ്രക്ഷുബ്ധരായ ജനങ്ങളെ നേരിട്ടത്. ഈ പ്രവൃത്തി ദ്വീപില്‍ കറുത്ത വര്‍ഗക്കാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ചു. അടുത്ത 75 വര്‍ഷങ്ങള്‍ ജമേക്കയില്‍ പുരോഗതിയുടെ കാലമായിരുന്നു. ഇക്കാലത്തെ ഏറ്റവും പ്രധാന വികസനം വാഴത്തോട്ടങ്ങളുടെ ഉദ്ഭവമാണ്. 1930-ല്‍ 57 ശ.-മാനത്തോളം കയറ്റുമതി ഈ മേഖലയില്‍ നിന്നായിരുന്നു. പിന്നീടുണ്ടായ 'മഹാമാന്ദ്യം' ഈ വ്യവസായത്തെ നശിപ്പിക്കുകയും 'പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി' (PNP) ജമേക്കന്‍ ലേബര്‍ പാര്‍ട്ടി (JLP) എന്നിവയുടെ രൂപീകരണത്തിന് സഹായകമാവുകയും ചെയ്തു. രാഷ്ട്രീയരംഗത്തുണ്ടായ ദീര്‍ഘമായ പ്രവര്‍ത്തനരാഹിത്യത്തില്‍ അസന്തുഷ്ടരായിരുന്ന ജനങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി വാദിച്ച അലക്സാണ്ടര്‍ ബൂസ്റ്റാമാന്റായുടെ പിന്നില്‍ അണിനിരന്നതോടെ 'ബൂസ്റ്റാമാന്റാ ഇന്‍ഡസ്ട്രിയല്‍ ട്രേഡ് യൂണിയന്‍' എന്ന സംഘടന ഉദയം ചെയ്തു. ബൂസ്റ്റാമാന്റായുടെയും അഭിഭാഷകനായിരുന്ന നോര്‍മന്‍ മാന്‍ലീയുടെയും പരിശ്രമഫലമായി 1944-ല്‍ ജമേക്കയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. 1953-ല്‍ ജമേക്കയില്‍ മിനിസ്റ്റീരിയല്‍ സിസ്റ്റം ഒഫ് ഗവണ്‍മെന്റിന് തുടക്കം കുറിച്ചു. 1958-ല്‍ 'ബ്രിട്ടീഷ് ഫെഡറേഷന്‍ ഒഫ് ദ വെസ്റ്റ് ഇന്‍ഡീസ്' രൂപം കൊണ്ടപ്പോള്‍ അതിലെ ഏറ്റവും വലിയ അംഗരാഷ്ട്രമായിരുന്നു ജമേക്ക. എന്നാല്‍ മറ്റു കോളനികളില്‍ നിന്നുള്ള ഒറ്റപ്പെടലും ദേശീയബോധത്തിലുണ്ടായ വര്‍ധനവും 1962-ല്‍ ജമേക്ക ഈ ഫെഡറേഷനില്‍ നിന്നു പിന്‍ വാങ്ങാന്‍ ഇടയാക്കി. അതിനു ശേഷമാണ് ദ്വീപ് സ്വതന്ത്രയായത്.
1972-ല്‍ മൈക്കള്‍ മാന്‍ലീയുടെ നേതൃത്വത്തിലുള്ള 'പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി' അധികാരത്തില്‍ വന്നു. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ ധാരാളം സാമൂഹിക പരിപാടികള്‍ ഇവര്‍ ആസൂത്രണം ചെയ്യുകയുണ്ടായി. 1970-കളില്‍ ഇവിടത്തെ തൊഴിലില്ലായ്മയും കുറ്റകൃത്യവര്‍ധനയും രാജ്യത്തില്‍ ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഇതിനു കാരണം.
1962-ലും 67-ലും വിജയം നേടിയ ജമേക്കന്‍ ലേബര്‍ പാര്‍ട്ടിയുടെ പിന്നീടുള്ള ജനദ്രോഹ നടപടികള്‍ 1972-ല്‍ ഇവരുടെ പരാജയത്തിനു കാരണമായി എന്ന് വിമര്‍ശകര്‍ വിലയിരുത്തുന്നു. നോര്‍മന്‍ മാന്‍ലീയുടെ പുത്രനായ മൈക്കള്‍ മാന്‍ലീക്ക് വിജയം നേടിക്കൊടുത്തതും ഇതു തന്നെ. 1976-ല്‍ മാന്‍ലീ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും രാജ്യം അഭിമുഖീകരിച്ച സാമ്പത്തിക പ്രശ്നങ്ങള്‍ 1980-ല്‍ ജെഎല്‍പിയുടെ വിജയത്തിന് കാരണമായി. വിജയാഘോഷത്തില്‍ അക്രമാസക്തമായ ജനക്കൂട്ടം പലയിടത്തും സംഘര്‍ഷങ്ങളുണ്ടാക്കി. എഴുനൂറോളം പേര്‍ ഇതില്‍ കൊല്ലപ്പെട്ടു. 1993 സെപ്.-ല്‍ പെഴ്സിവാള്‍ പാറ്റേഴ്സന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു.