This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജമന്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജമന്തി== ==Chrysanthemum== കമ്പോസിറ്റെ (Compositae) സസ്യകുടുംബത്തില്‍പ്പെടുന്...)
അടുത്ത വ്യത്യാസം →
16:09, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജമന്തി
Chrysanthemum
കമ്പോസിറ്റെ (Compositae) സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാരച്ചെടി. ക്രിസാന്തിമം ജീനസില്‍പ്പെടുന്ന ജമന്തിക്ക് ഓഷധികള്‍, കുറ്റിച്ചെടികള്‍, ഏകവര്‍ഷികള്‍, ബഹുവര്‍ഷികള്‍ ഉള്‍പ്പെടെ 150-ഓളം സ്പീഷീസുണ്ട്. ചെടികള്‍ക്ക് നല്ല മണമുണ്ട്. ചെടിത്തണ്ടു സാമാന്യം കട്ടിയുള്ളതാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ക്ക് വിവിധ ആകൃതിയാണുള്ളത്. ലോലമായ ഇലകള്‍ മിക്കവയും ദന്തുരങ്ങളായിരിക്കും. 'ഇന്‍കര്‍വ്ഡ്' (incarved), 'റിഫ്ളെക്സ്' (reflex), 'ഇന്‍കാര്‍വിങ്' (incarving), 'അനിമോണ്‍' (anemon), 'മിസല്ലേനിയസ്' (miscellaneous), 'സ്പൂണ്‍'(spoon), 'കൊറിയന്‍സ് റയോണാന്റിസ്' എന്നിങ്ങനെ പ്രധാനമായി ഏഴിനം ക്രിസാന്തിമങ്ങളുണ്ട്. പന്തുപോലെയുള്ള പുഷ്പങ്ങളാണ് ഇന്‍കര്‍വ്ഡിനുള്ളത്; റിഫ്ളെക്സിന് തൂങ്ങിക്കിടക്കുന്നതും. ഇന്‍കാര്‍വിങ്ങിന്റെ ദളങ്ങള്‍ അയഞ്ഞ് ക്രമമില്ലാതെ വളഞ്ഞതാണ്. അനിമോണിന് ഒറ്റയായ ദളങ്ങളും ഒരു കേന്ദ്രനാള ഡിസ്കും അഞ്ചുവരി വിരിയാത്ത പുഷ്പകങ്ങളുമുണ്ടാവും. ചിലന്തിയെപ്പോലുള്ള മിസല്ലേനിയസിന്റെ ദളങ്ങളുടെ അഗ്രത്തില്‍ കൊളുത്തുപോലുള്ള ഭാഗമുണ്ടായിരിക്കും. ദളങ്ങളുടെ അഗ്രത്തിനു സ്പൂണിന്റെ ആകൃതിയുള്ളതിനാല്‍ ഒരിനത്തിന് സ്പൂണ്‍ എന്നു പേരു ലഭിച്ചു. കൊറിയന്‍സിന് ഒറ്റയോ ഇരട്ടയോ ആയ പുഷ്പങ്ങളും പുറത്തു കാണത്തക്കവിധം പുഷ്പങ്ങളുടെ മധ്യഭാഗത്തായി ഒരു തടവും ഉണ്ട്.
വിത്തുകളും കന്നുകളും കാണ്ഡകരണങ്ങളുമുപയോഗിച്ച് പ്രവര്‍ധനം നടത്തുന്നുണ്ടെങ്കിലും വിത്തു മുളച്ചുണ്ടാകുന്ന ചെടിയുടെ പുഷ്പങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ രൂപം കിട്ടാറില്ല. എന്നാല്‍ പുതിയ ഇനങ്ങളുത്പാദിപ്പിക്കുമ്പോള്‍ സാധാരണ വിത്തു മുളപ്പിച്ച് എടുക്കുന്ന തൈകളാണ് നടുന്നത്. നിരപ്പായ പ്രദേശങ്ങളില്‍ സെപ്.-ഒ. മാസങ്ങളില്‍ വിത്തു വിതയ്ക്കുന്നു. പുഷ്പിക്കുന്നതിനു മുമ്പ് ജമന്തിക്ക് ദീര്‍ഘനാള്‍ ശരിയായ സംരക്ഷണവും ശ്രദ്ധയും ആവശ്യമാണ്. വിതച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ചെടികള്‍ പുഷ്പിക്കുന്നു. പുഷ്പങ്ങള്‍ എല്ലാം തന്നെ ശാഖാഗ്രങ്ങളിലോ ഇലകളുടെ കക്ഷ്യങ്ങളിലോ ആണ് ഉണ്ടാവുക. പുഷ്പങ്ങളുടെ ഞെടുപ്പുകള്‍ നീളം കൂടിയവയായതിനാല്‍ മിക്കവാറും എല്ലാ പുഷ്പങ്ങളും ചെടിയുടെ തലപ്പത്ത് ഒരേ നിരയിലായി കാണപ്പെടുന്നു.
ഉത്തരേന്ത്യന്‍ സമതലപ്രദേശങ്ങളില്‍ ജമന്തിയുടെ പുഷ്പകാലം കഴിയുമ്പോള്‍ (ഫെ. ആരംഭത്തോടെ) ചെടിയുടെ തലപ്പുകള്‍ മുറിക്കുന്നു. തന്മൂലം മാതൃസസ്യത്തിന്റെ ചുവട്ടില്‍ നിന്ന് ധാരാളം പുതിയ കന്നുകളുണ്ടാകും. ഈ ഘട്ടത്തില്‍ കടുംവെയിലില്‍ നിന്നും കനത്ത മഴയില്‍ നിന്നും ചെടിയെ പരിരക്ഷിക്കണം. ആഗ. മാസാദ്യത്തോടെ കന്നുകള്‍ വേര്‍പെടുത്തിയെടുത്ത് ചട്ടികളില്‍ നടണം. ചട്ടികളില്‍ ഒരു ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, രണ്ടു ഭാഗം ഇലവളം, രണ്ടുഭാഗം ചാണകവളം, കാല്‍ഭാഗം ചെറിയ മരക്കരി കഷ്ണങ്ങളും ചാരവും; രണ്ടു സ്പൂണ്‍ എല്ലുപൊടി എന്നിവ അടങ്ങിയ മിശ്രിതവും നിറച്ചിരിക്കണം. ചെടികള്‍ വല്ലപ്പോഴും നനച്ചു കൊടുക്കേണ്ടതാണ്.
വലുപ്പമേറിയതും ഭംഗിയുള്ളതുമായ പുഷ്പങ്ങളുത്പാദിപ്പിക്കുന്നയിനങ്ങളില്‍ പുഷ്പങ്ങളുണ്ടാകുന്നതിനു മുമ്പ് അഗ്രം നുള്ളിക്കളയേണ്ടതാണ്. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പാര്‍ശ്വിത കാണ്ഡങ്ങളുണ്ടാകുമ്പോഴും തൈകളുടെ പ്രധാന കാണ്ഡത്തിന്റെ അഗ്രം നുള്ളിക്കളയണം. ഓരോ ശാഖയുടെയും അറ്റത്തുണ്ടാകുന്ന ആദ്യത്തെ മുകുളം വളരാനനുവദിക്കുന്നു. വര്‍ഷകാലത്ത് ചെടിച്ചുവട്ടില്‍ ഉണ്ടാകുന്ന ചാഫര്‍വണ്ടിന്റെ പുഴുക്കളെ പെറുക്കിക്കളയണം. അല്ലെങ്കില്‍ ചെടികള്‍ക്കു വാട്ടം സംഭവിക്കും. തണുപ്പുകാലത്ത് ഇലകളിലുണ്ടാകുന്ന ഇലപ്പേനുകളെ കീടനാശിനികളുപയോഗിച്ച് നിയന്ത്രിക്കണം. രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് തീ കത്തിച്ചു കളയണം. പൂജയ്ക്കും സ്ത്രീകള്‍ മുടിയില്‍ ചൂടാനും പൂമാലകളുണ്ടാക്കാനും ജമന്തിപ്പൂ ഉപയോഗിക്കുന്നുണ്ട്.