This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജപ്പാന്‍ മസ്തിഷ്കജ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജപ്പാന്‍ മസ്തിഷ്കജ്വരം== ==Japanese Encephalitis== ഒരു സാംക്രമിക രോഗം. ഗ്രൂപ...)
അടുത്ത വ്യത്യാസം →

16:02, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാന്‍ മസ്തിഷ്കജ്വരം

Japanese Encephalitis

ഒരു സാംക്രമിക രോഗം. ഗ്രൂപ്പ് ബി-ആര്‍ബൊ വൈറസ് (ഫ്ളാവി വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു വൈറസാണ് രോഗഹേതു. ഒരു ജന്തുജന്യ രോഗമാണ് ജപ്പാന്‍ ജ്വരം.

ജപ്പാനില്‍ 1920-കളിലുണ്ടായ ഒരു പകര്‍ച്ചവ്യാധിയിലാണ് ഇതിന്റെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് (1924). 1970-കളില്‍ ജപ്പാന്‍, ചൈന, കൊറിയ എന്നിവിടങ്ങളില്‍ ഇതു പകര്‍ച്ചവ്യാധിയായി കാണപ്പെട്ടു. അടുത്തകാലത്തായി ഈ രോഗം തെ. കിഴക്കേഷ്യയിലേക്കു വ്യാപിച്ചു. തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ഇന്ത്യ, മ്യാന്മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ഈ രോഗം വന്‍തോതില്‍ പടര്‍ന്നു പിടിച്ചത്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെയും (8.5 ശ.മാ.) രോഗപ്രതിരോധശേഷി കുറഞ്ഞ വൃദ്ധരെയും (10 ശ.മാ.) ഈ രോഗം കൂടുതലായി ബാധിക്കുന്നു. രോഗബാധിതരില്‍ മുക്കാല്‍ ഭാഗവും ചൈനയിലും സമീപ രാഷ്ട്രങ്ങളിലുമാണ്. ബാക്കി തെ. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും. ഇതില്‍ മുന്തിയസ്ഥാനം ഇന്ത്യയ്ക്കാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ രോഗബാധ ഇല്ലെന്നു തന്നെപറയാം. രോഗബാധിത പ്രദേശങ്ങളില്‍നിന്നു യാത്ര ചെയ്ത് ഇവിടെ എത്തുന്നവരാണ് അപൂര്‍വമായെങ്കിലും ഇവിടങ്ങളില്‍ രോഗവ്യാപനമുണ്ടാക്കുന്നത്.

ഇന്ത്യയില്‍. 1955-ല്‍ തമിഴ്നാട്ടിലാണ് ഈ രോഗബാധ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നടത്തിയ ഒരു പഠനത്തില്‍ ദക്ഷിണേന്ത്യയിലെ ജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ക്ക് ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ അസം, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗോവ, കര്‍ണാടക, മണിപ്പൂര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പോണ്ടിഞ്ചേരി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ ജ്വരം വ്യാപകമായി കാണപ്പെട്ടു. 1991 മുതല്‍ 95 വരെയുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ 12,000-ലധികം ആളുകള്‍ രോഗബാധിതരായെന്നും അതില്‍ 4,600-ലധികം ആളുകള്‍ മരണമടഞ്ഞുവെന്നും കണക്കാക്കിയിട്ടുണ്ട്. 1997-ലാണ് കേരളത്തില്‍ ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഈ രോഗം വ്യാപിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം ആളുകള്‍ മരണമടഞ്ഞു. ജനു. മുതല്‍ മാ. വരെയുള്ള കാലത്താണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ചാക്രികസ്വഭാവമുള്ളതാണീരോഗം; ഓരോ വര്‍ഷവും നിശ്ചിതമാസങ്ങളില്‍ തന്നെ രോഗം പ്രത്യക്ഷപ്പെടുന്നു.

കൊക്കുവര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍, വളര്‍ത്തു മൃഗങ്ങളായ കന്നുകാലികള്‍, പന്നി എന്നിവ രോഗാണുവാഹകരാണ്. കൊക്കുവര്‍ഗങ്ങളില്‍ നിന്നും കൊതുകുകളിലേക്കും മറിച്ചും രോഗം ബാധിക്കുന്നു. പന്നികളില്‍ നിന്നു കൊതുകുകളിലേക്കും കൊതുകുകളില്‍ നിന്നു പന്നികളിലേക്കും തുടര്‍ന്നു മനുഷ്യരിലേക്കും രോഗവ്യാപനം നടക്കുന്നു. മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ജപ്പാന്‍ ജ്വരം പകരാറില്ല.

ക്യുലിസിന്‍ കൊതുകുകളാണ് പ്രധാന വൈറസ് വാഹകര്‍. ക്യുലക്സ് വിഭാഗത്തില്‍പ്പെട്ട ക്യുലെക്സ് ട്രൈറ്റീനിയോറിങ്കസ്, സി. വിഷ്ണയി, സി. ഗെലിഡസ് എന്നീയിനം കൊതുകുകളും അനോഫിലൈന്‍ വിഭാഗത്തില്‍പ്പെട്ട കൊതുകുകളും രോഗവാഹകരാണ്. ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനം സി. ട്രൈറ്റീനിയോറിങ്കസിനാണ്. കേരളത്തില്‍ ഇവയോടൊപ്പം മന്‍സോണിയ യൂണിഫോമിസും രോഗാണു പരത്തുന്നു. ജലസേചിതമായ നെല്‍പ്പാടങ്ങളിലും കെട്ടിക്കിടക്കുന്ന കുളങ്ങളിലും മറ്റു ജലാശയങ്ങളിലും കൊതുകിനങ്ങള്‍ മുട്ടയിട്ടു പെരുകി രോഗവ്യാപനം നടത്തുന്നു. രോഗബാധയുള്ള കശേരുകികളുടെ രക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ 9-12 ദിവസങ്ങള്‍ക്കുശേഷമാണ് മനുഷ്യരുള്‍പ്പെടെ മറ്റ് ആതിഥേയരിലേക്കു രോഗം പകര്‍ത്തുന്നത്.

മനുഷ്യരിലെ രോഗവ്യാപനകാലം കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഇത് 5-15 ദിവസം നീണ്ടുനില്‍ക്കും. രോഗവ്യാപനത്തിന് മൂന്നു ഘട്ടങ്ങളുണ്ട്; ആദ്യഘട്ടത്തില്‍ (1 മുതല്‍ 6 വരെ ദിവസങ്ങള്‍) പനി, തലവേദന, ഛര്‍ദി, അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുന്നു. രണ്ടാംഘട്ടത്തില്‍ പനി 30oC മുതല്‍ 40.7oC വരെ ഉയരും. പിടലിക്കു കടുപ്പം അനുഭവപ്പെടുന്നതിനാല്‍ ശരീരം കുനിക്കാന്‍ കഴിയുകയില്ല. നിര്‍ജലീകരണം, സന്നി, അവയവങ്ങള്‍ക്കു തളര്‍ച്ച എന്നിവയും ഉണ്ടാകും. മൂന്നാമത്തെ ഘട്ടമാവുമ്പോഴേക്കും താപനിലയും ഇ.എസ്.ആറും സാധാരണ നിലയിലാകുന്നു. മൂന്നിലൊരു ഭാഗം രോഗികള്‍ സുഖം പ്രാപിക്കുന്നു; മൂന്നിലൊന്ന് മരണമടയുന്നു. ലക്ഷണങ്ങള്‍ തുടങ്ങി 9 ദിവസത്തിനകം മരണം സംഭവിക്കും. മൂന്നിലൊരു ഭാഗം രോഗികള്‍ക്കു ബുദ്ധിക്കോ സിരാവ്യൂഹത്തിനോ സ്ഥിരമായി കേടു സംഭവിക്കുന്നു.

ജപ്പാന്‍ജ്വര ചികിത്സയ്ക്ക് ഫലപ്രദമായ ഔഷധം കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്.

രോഗവ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗം രോഗപ്രതിരോധം തന്നെയാണ്. ഒരു പ്രദേശത്ത് നിരവധിയാളുകള്‍ക്ക് അമിതമായ പനി, തലവേദന, ഛര്‍ദി എന്നിവ അനുഭവപ്പെട്ടാല്‍ അത് ജപ്പാന്‍ ജ്വരമാകാന്‍ സാധ്യതയുണ്ട്. രക്തം, നട്ടെല്ലിനുള്ളിലെ ദ്രാവകം എന്നിവ പരിശോധിച്ച് രോഗനിര്‍ണയനം നടത്താം. പന്നികളിലും കൊക്കു വര്‍ഗത്തില്‍പ്പെട്ട പക്ഷികളിലും ആര്‍ബോ വൈറസുകളുടെ സാന്നിധ്യപരിശോധന നടത്തി രോഗ വ്യാപന സാധ്യത പ്രവചിക്കാന്‍ കഴിയും. കൊതുകു നിയന്ത്രണമാണ് ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധമാര്‍ഗം. കൊതുകിനങ്ങളുടെ ഋതുഭേദാധിഷ്ഠിത വംശവര്‍ധനയെ സംബന്ധിച്ച സാംഖ്യിക പഠനങ്ങള്‍ രോഗവ്യാപന സാധ്യതയെക്കുറിച്ച് അറിവു പകരാനും രോഗവ്യാപനം തടയാനും സഹായകമാണ്. പന്നികളും മനുഷ്യരും തമ്മിലുള്ള സഹവാസം ആവുന്നത്ര നിയന്ത്രിക്കുന്നതും രോഗവ്യാപനത്തെ തടയുന്നു. നോ: എന്‍കെഫലൈറ്റിസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍