This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 26: വരി 26:
(പ്രൊഫ. കെ. വിദ്യാധരന്‍, സ.പ.)
(പ്രൊഫ. കെ. വിദ്യാധരന്‍, സ.പ.)
 +
[[Category:പദാര്‍ത്ഥം]]

Current revision as of 06:02, 8 ഏപ്രില്‍ 2008

അഞ്ജനം

ചില രാസപദാര്‍ഥങ്ങളുടെ പഴയ സാമാന്യനാമം. സൌവീരാഞ്ജനം (styonitis), രസാഞ്ജനം (yellow oxide of mercury), സ്രോതോഞ്ജനം (antimony sulphide), പുഷ്പാഞ്ജനം (zinc oxide), നീലാഞ്ജനം (lead sulphide) എന്നിങ്ങനെ അഞ്ജനം അഞ്ചുവിധത്തില്‍ ഉണ്ട്.

സൌവീരാഞ്ജനം. ഇത് ചിതല്‍പ്പുറ്റിന്റെ ശിഖരങ്ങള്‍പോലുള്ള ആകൃതിയും പൊട്ടിച്ചുനോക്കിയാല്‍ കരിംകൂവളപ്പൂവിന്റെ കാന്തിയും ഉള്ളതാണ്. ഇതൊരു നേത്രരോഗശമനൌഷധമാണ്. നേത്രസംരക്ഷണത്തിനുവേണ്ടി ഈ അഞ്ജനം നിത്യവും കണ്ണില്‍ എഴുതുവാന്‍ ആയുര്‍വേദത്തില്‍ വിധിയുണ്ട്. ശീതവീര്യമായ ഈ അഞ്ജനം രക്തപിത്തം, ഇക്കിള്‍ എന്നീ രോഗങ്ങളെ ശമിപ്പിക്കുകയും വ്രണങ്ങളെ ശുദ്ധിയാക്കി ഉണക്കുകയും ചെയ്യും.

രസാഞ്ജനം. ഇത് മൂന്നുവിധത്തില്‍ ഉണ്ട്. ഒന്നാമത്തേത് ശൈലജമായി പ്രകൃതിയില്‍നിന്നും ലഭിക്കുന്നു; മഞ്ഞനിറമായിരിക്കും. ഇത് ശ്ളേഷ്മവിഷനേത്രവികാരങ്ങളെ ശമിപ്പിക്കുന്നു. കടുതിക്തരസവും ഉഷ്ണവീര്യവും രസായനഗുണവും ഉള്ള ഈ പദാര്‍ഥം വ്രണത്തെ ഉണക്കുന്നു. മറ്റു രണ്ടുവിധത്തിലുള്ള രസാഞ്ജനങ്ങള്‍ കൃത്രിമമായി ഉണ്ടാക്കപ്പെടുന്നു. അവയില്‍ ആദ്യത്തേത് പീതചന്ദനനിര്യാസം തന്നെയാണ്. പീതചന്ദനം കഷായംവച്ചു വറ്റിച്ചു കുറുക്കി എടുക്കുകയും ആകാം. ഇതിന് മഞ്ഞനിറമായിരിക്കും. വക്ത്രരോഗങ്ങള്‍, ശ്വാസരോഗങ്ങള്‍, വാതപിത്ത രക്തവികാരങ്ങള്‍ എന്നിവയ്ക്കു ശമനകരമായിട്ടുള്ളതാണ്. അടുത്തത് മരമഞ്ഞള്‍ക്കഷായത്തില്‍ സമം പശുവിന്‍പാലും ചേര്‍ത്തു നാലിലൊന്നായി വറ്റിച്ച് എടുക്കുന്നതാണ്. ഇത് നേത്രരോഗശമനാര്‍ഥം ഉപയോഗപ്പെടുത്താം.

സ്രോതോഞ്ജനം. ഇതും ചിതല്‍പ്പുറ്റിന്റെ ആകൃതിയും പൊട്ടിച്ചാല്‍ കരിംകൂവളപ്പൂവിന്റെ നിറവും ഉള്ളതാണ്. കഷായസ്വാദുരസങ്ങളടങ്ങിയിരിക്കുന്നു. ഇക്കിള്‍, വിഷം, ഛര്‍ദി, കഫപിത്തരക്ത വികാരങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു. കണ്ണിനു ഹിതകരവുമാണ്.

പുഷ്പാഞ്ജനം. വെള്ളനിറവും ശീതവീര്യവുമാണിതിനുള്ളത്. വിഷം, ജ്വരം, ഇക്കിള്‍, നേത്രരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു.

നീലാഞ്ജനം. നീലനിറത്തിലുള്ള ഈ അഞ്ജനം ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. രസായനഗുണമുണ്ട്. സ്വര്‍ണം ഭസ്മമാക്കുന്നതിന് സഹായകവും കണ്ണിന് ഹിതകരവുമാണ്.

മേല്പറഞ്ഞ അഞ്ചുതരം അഞ്ജനങ്ങള്‍ക്കു പുറമേ 'കുലത്ഥാഞ്ജനം' എന്നൊരുതരം അഞ്ജനത്തെയും ചില ഗ്രന്ഥങ്ങളില്‍ വിവരിച്ചുകാണുന്നുണ്ട്. ഇതിന് മറ്റ് അഞ്ജനങ്ങള്‍ക്കുള്ള ഗുണങ്ങള്‍ക്കു പുറമേ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവുംകൂടിയുണ്ട്.

എല്ലാവിധ അഞ്ജനങ്ങളും ശുദ്ധിചെയ്യേണ്ടതാണ്. ഇവ കയ്യോന്നിച്ചാറില്‍ ശുദ്ധിയാകും.

ഒരു നേത്രലേപനമെന്ന നിലയില്‍ ഭാരതീയകവികള്‍ അഞ്ജനത്തെ പുകഴ്ത്തിയിട്ടുണ്ട്. ശ്രീരാമന്റെ ബാല്യകാലത്തെ വര്‍ണിക്കുമ്പോള്‍ 'അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ കഞ്ജ നേത്രവും' എന്ന് എഴുത്തച്ഛന്‍ പാടിയിരിക്കുന്നു (അധ്യാത്മരാമായണം). '... ഭവാനെയാര്‍ കാണ്മൂ ചരചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാല്‍' എന്ന് ഉള്ളൂര്‍ പരമേശ്വരയ്യരും ആലങ്കാരികമായി പ്രയോഗിച്ചിട്ടുണ്ട് (പ്രേമസംഗീതം).

അഞ്ജനം 2 അഗ്നിയെന്നും ഇരുട്ടെന്നും രാത്രിയെന്നും അഞ്ജനശബ്ദത്തിന് അര്‍ഥമുണ്ട്. 'ബ്രഹ്മ പ്രളയകാലത്തില്‍ ആകാശം അഞ്ജനത്തില്‍ ലയിക്കുമെന്നും അഞ്ജനം ബ്രഹ്മത്തില്‍ ലയമാകുമെന്നും ബ്രഹ്മമൊന്നുമാത്രം ശേഷിച്ചുനില്‍ക്കു'മെന്നും വേദാന്തവിചാരണ എന്ന പ്രാചീന ഗദ്യഗ്രന്ഥത്തില്‍ കാണുന്നു.

അഞ്ജനം 3 പുരാണ പരാമൃഷ്ടമായ ഒരു പര്‍വതം. 'അഞ്ജനാഭിഖ്യഗിരിയില്‍ പാര്‍ത്തുപോരും പ്ളവംഗമര്‍' എന്ന് വാല്മീകിരാമായണം.

അഞ്ജനം 4 ഭൂതാഞ്ജനം, പാതാളാഞ്ജനം, ചോരാഞ്ജനം തുടങ്ങിയവ മഷിനോട്ടത്തിനുള്ള കൂട്ടുകളെന്ന നിലയില്‍ അറിയപ്പെടുന്നു.

(പ്രൊഫ. കെ. വിദ്യാധരന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍