This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനനക്ഷതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജനനക്ഷതം== ==Birth Injury== ജനന സമയത്തുണ്ടാകുന്ന വൈഷമ്യങ്ങളും ആഘാതങ്ങ...)
അടുത്ത വ്യത്യാസം →
04:36, 5 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജനനക്ഷതം
Birth Injury
ജനന സമയത്തുണ്ടാകുന്ന വൈഷമ്യങ്ങളും ആഘാതങ്ങളുംമൂലം നവജാതശിശുവിനേല്ക്കുന്ന ക്ഷതം. വൈദ്യശാസ്ത്ര പുരോഗതിയോടെ ഇത്തരം അപകടങ്ങളുടെ സാധ്യത വളരെ കുറഞ്ഞിട്ടുണ്ട്. കുട്ടിയുടെ തലയുടെ വലുപ്പവും അമ്മയുടെ ശ്രോണീവഴിയും തമ്മിലുള്ള പൊരുത്തമില്ലായ്മയും, ഗര്‍ഭസ്ഥ ശിശുവിന്റെ വികലമായ കിടപ്പും മറ്റുമാണ് പ്രസവസമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇന്ന് ഇത്തരം പ്രശ്നങ്ങള്‍ നേരത്തേ മനസ്സിലാക്കി സിസേറിയനിലൂടെ ശിശുവിനെ പുറത്തെടുക്കുന്നു. ശ്വാസംമുട്ടല്‍, വിളര്‍ച്ച, അതിരക്തത, മാംസപേശികളുടെ കോച്ചിപ്പിടുത്തം, ദൃഷ്ടിപടലത്തിലെ രക്തസ്രാവം മൂലം കൃഷ്ണമണിയുടെ ക്രമം തെറ്റിയ ചലനം എന്നിവ ജനനക്ഷതങ്ങളുടെ ചില ലക്ഷണങ്ങളാണ്. സാധാരണയായി കണ്ടുവരാറുള്ള ജനനക്ഷതങ്ങള്‍ ഇവയാണ്.
1. ശീര്‍ഷരക്തസംഗ്രഹം (Cephal haematoma). തലയോട്ടിയിലുണ്ടാകുന്ന മുറിവോ ചതവോ കരുവാളിച്ച് ഒരു മുഴയായിത്തീരുന്നു. കാഴ്ചയ്ക്ക് അവലക്ഷണമാണെങ്കിലും ഇത് നിരുപദ്രവകരമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് അപ്രത്യക്ഷമാകാറുണ്ട്.
2. ഫോര്‍സെപ്സ് ക്ഷതങ്ങള്‍. ഫോര്‍സെപ്സ് (കൊടില്‍) ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കുമ്പോള്‍ മുഖത്തോ തലയോട്ടിലോ ചെറിയ മുറിവുകള്‍ ഉണ്ടാവുക സാധാരണമാണ്. ഫോര്‍സെപ്സ് ശക്തിയായി പ്രയോഗിക്കുകമൂലം മുഖത്തെ ഞരമ്പുകള്‍ക്ക് താത്കാലികമായി തളര്‍ച്ച (മുഖാഘാതം) ഉണ്ടാവാനിടയുണ്ട്.
3. എല്ലുകളുടെ ഒടിവ്. മാതാവിന്റെ ഇടുങ്ങിയ ശ്രോണീവഴിയിലൂടെ കടന്നുവരുമ്പോള്‍ ശിശുവിന്റെ എല്ലുകള്‍ക്ക് ക്ഷതമേല്ക്കുന്നു. സിസേറിയനില്‍ ഇത്തരം ക്ഷതങ്ങള്‍ ഉണ്ടാവുകയില്ല.
4. ഞരമ്പുകള്‍ക്കുണ്ടാകുന്ന ആഘാതങ്ങള്‍. മുഖാഘാതത്തിന് പുറമേ സാധാരണയായി കൈകളിലെ ഞരമ്പുകള്‍ക്കും ആഘാതം സംഭവിക്കാറുണ്ട്. അഞ്ചാമത്തെയും ചിലപ്പോള്‍ ആറാമത്തെയും ഗ്രൈവതന്ത്രികള്‍ക്കുണ്ടാകുന്ന ക്ഷതം മൂലമാണ് എര്‍ബ് അംഗഘാതം (Erb's palsy) ഉണ്ടാകുന്നത്. ശിശുവിന്റെ കൈകള്‍ ബലമില്ലാതെ ഞാന്നുകിടക്കും. ഒരു സ്പ്ലിന്റിന്റെ സഹായത്തോടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് നേരെയാക്കാനാവും.
5. ഉദരാവയവങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍. ഇന്ന് ഇത്തരം ആഘാതങ്ങള്‍ വിരളമാണ്. വീട്ടില്‍ വച്ച് പതിച്ചികളും മറ്റും പ്രസവം എടുത്തിരുന്നപ്പോള്‍ ഇത്തരം ആഘാതങ്ങള്‍ സാധാരണയായിരുന്നു. വയറില്‍ പിടിച്ച് ശിശുവിനെ പുറത്തേക്കെടുക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. കുട്ടിയുടെ വികലമായ കിടപ്പുമൂലം കരള്‍, വൃക്ക, പ്ലീഹ എന്നിവയ്ക്ക് ചിലപ്പോള്‍ ചെറിയ ക്ഷതങ്ങള്‍ ഏല്ക്കാനിടയുണ്ട്.
6. നട്ടെല്ലിനേല്ക്കുന്ന ക്ഷതങ്ങള്‍. ഗര്‍ഭപാത്രത്തിലെ ശിശുവിന്റെ തെറ്റായ കിടപ്പുമൂലം കാലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എടുക്കേണ്ടിവരുമ്പോഴാണ് നട്ടെല്ലിനു ക്ഷതം സംഭവിക്കുന്നത്. നട്ടെല്ലിന്റെ കണ്ഡരങ്ങള്‍ (tendons) വളരെ മൃദുവും ഇലാസ്തികവുമാണ്. ഒരു ചെറിയ വളവോ വലിച്ചിലോ പോലും സാരമായ തകരാറിന് ഇടയാകും. രൂക്ഷമായ അപകടങ്ങളില്‍ നട്ടെല്ല് പൂര്‍ണമായും പൊട്ടിപ്പോകാനിടയുണ്ട്.
7. തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങള്‍. തലച്ചോറിനാണ് സാധാരണ ക്ഷതങ്ങള്‍ സംഭവിക്കാറുള്ളത്. ഇവ തികച്ചും ആപത്കരമായേക്കാം. സുഖപ്രസവത്തില്‍പ്പോലും കുട്ടിയുടെ തലയ്ക്ക് പലതരം ആഘാതങ്ങളുണ്ടാകും. അകാലജനനങ്ങളില്‍ ശിശുവിന്റെ തലയോട്ടിയിലെ മൃദുലമായ എല്ലുകള്‍ തലച്ചോറിനെ ആഘാതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ തലച്ചോറിന് ആപത്കരമായ ക്ഷതങ്ങള്‍ ഉണ്ടാവാനിടയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തലച്ചോറിലെ കലകള്‍ മുറിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടാകും. രക്തസ്രാവം അധികമാണെങ്കില്‍ മണിക്കൂറുകള്‍ക്കകം തന്നെ മരണം സംഭവിക്കാം. മറുപിള്ള (placenta) നേരത്തെ വേര്‍പെടുക, പൊക്കിള്‍ക്കൊടി ചുറ്റിപ്പിണയുക, ആവശ്യത്തിന് ശ്വാസവായു ലഭ്യമാകാതെ വരിക എന്നിവമൂലം ഗുരുതരമായ തകരാറുകള്‍ സംഭവിക്കാം. തലച്ചോറിന് ഏല്ക്കുന്ന ക്ഷതങ്ങള്‍മൂലം ബുദ്ധിമാന്ദ്യം, സ്ഥായിയായ മുറിവുകള്‍, മുഴകള്‍ എന്നിവയും ഉണ്ടാകാം. തലയ്ക്ക് ക്ഷതം ഏറ്റിട്ടുള്ള ശിശുക്കളെ ആഴ്ചകളോ മാസങ്ങളോ വൈദ്യനിരീക്ഷണത്തില്‍ വയ്ക്കേണ്ടതാണ്. പില്ക്കാലത്ത് അപസ്മാരം, ജലശീര്‍ഷത, മാനസിക വൈകല്യങ്ങള്‍ എന്നിവ സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും എടുക്കേണ്ടതാണ്.