This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജനതാ പാര്‍ട്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജനതാ പാര്‍ട്ടി== ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി. പൊതു തിരഞ്ഞ...)
അടുത്ത വ്യത്യാസം →
Current revision as of 04:35, 5 ഫെബ്രുവരി 2016
ജനതാ പാര്‍ട്ടി
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി. പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1977-ല്‍ കോണ്‍ഗ്രസ് (ഒ), ജനസംഘം, ഭാരതീയ ലോക് ദള്‍, സോഷ്യലിസ്റ്റു പാര്‍ട്ടി, കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി എന്നീ കക്ഷികള്‍ ചേര്‍ന്ന് രൂപവത്കൃതമായി. അക്കാലത്തെ സമുന്നത നേതാക്കളിലൊരാളായിരുന്ന ജയപ്രകാശ് നാരായണന്‍ പാര്‍ട്ടി രൂപവത്കരിക്കുന്നതിനു നേതൃത്വം നല്കിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരായി അഖിലേന്ത്യാതലത്തില്‍ നിലവില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ഇത്. 1979 വരെ ഇത് പ്രബലമായി നിലനിന്നു. 1977 മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ജനതാ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം നടന്നത്. സ്വതന്ത്ര ഇന്ത്യയില്‍ 30 വര്‍ഷത്തോളം തുടര്‍ച്ചയായി നിലനിന്ന കോണ്‍ഗ്രസ് ഭരണത്തിനു മാറ്റം വരുത്തി ഒരു കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റിനെ കേന്ദ്രത്തില്‍ അധികാരത്തില്‍ കയറ്റാന്‍ ഈ പാര്‍ട്ടിക്കു കഴിഞ്ഞു. 1977 മാ. മുതല്‍ രണ്ടുവര്‍ഷത്തിലേറെക്കാലം ജനതാ പാര്‍ട്ടി ഗവണ്‍മെന്റ് നിലനിന്നു.
1975 മുതല്‍ 77 വരെ നിലനിന്ന ദേശീയ അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനോടുള്ള എതിര്‍പ്പില്‍ നിന്നും ഉളവായ രാഷ്ട്രീയ ഒത്തുചേരലായിരുന്നു ജനതാപാര്‍ട്ടിയുടെ ജനനത്തിനു വഴി തെളിച്ചത്. പൊതു തിരഞ്ഞെടുപ്പു നടത്തുമെന്ന് 1977 ജനു.-ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നേരിടാന്‍ വേണ്ടി ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രാദേശിക സംഘങ്ങളെയും ഒന്നിച്ചുചേര്‍ത്ത് ഒറ്റ പാര്‍ട്ടിയായി നിലനിര്‍ത്താന്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈ എടുത്തു. ജനസംഘം, സോഷ്യലിസ്റ്റു പാര്‍ട്ടി, ഭാരതീയ ലോക് ദള്‍, കോണ്‍ഗ്രസ് (ഒ) എന്നീ കക്ഷികള്‍ ഒത്തുചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപവത്കരിക്കുവാനുള്ള തീരുമാനം 1977 ജനു.-ല്‍ എടുത്തു. ഫെ. 2-ന് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ച ജഗജ്ജീവന്‍ റാം രൂപവത്കരിച്ച കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി കൂടി ജനതാ പാര്‍ട്ടിയോടു ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുശേഷം 1977 മേയ് 1-നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക രൂപവത്കരണം ഉണ്ടായത്. മേയ് 5-നു കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. പാര്‍ട്ടിയുടെ ആദ്യ ചെയര്‍മാന്‍ മൊറാര്‍ജി ദേശായി ആയിരുന്നു; ചരണ്‍ സിങ് ഡെപ്യൂട്ടി ചെയര്‍മാനും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് എതിരായ സമീപനത്തോടെയാണ് ജനതാ പാര്‍ട്ടി 1977 മാ.-ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ട്ടി രൂപവത്കരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. പത്രസ്വാതന്ത്ര്യവും പൗരാവകാശവും ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്പും ഉറപ്പാക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും ജീവിതമാര്‍ഗവും സംരക്ഷിക്കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ പരിപാടികള്‍ വിവരിച്ചുകൊണ്ട് തിരഞ്ഞെടുപ്പു പ്രകടനപത്രികയും പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലും ചില സംസ്ഥാന നിയമസഭകളിലും പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിച്ചു. മാ. 24-നു മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ജനതാ പാര്‍ട്ടി കേന്ദ്രമന്ത്രിസഭ രൂപവത്കരിച്ചു.
ഏറെ താമസിയാതെ പാര്‍ട്ടിയില്‍ ശിഥിലീകരണമുണ്ടായി. ചരണ്‍ സിങ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും രാജിവച്ചു. മന്ത്രിസഭയില്‍ നിന്നും ചരണ്‍ സിങ്ങിന്റെയും രാജ് നാരായണന്റെയും രാജി പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 1979 ജനു.-ല്‍ ചരണ്‍സിങ്ങിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി തുടരുന്നതിന് ചരണ്‍സിങ്ങും അനുയായികളും അനുകൂലമായിരുന്നില്ല 1979 ജൂല. 15-നു മൊറാര്‍ജി ദേശായി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു; എന്നാല്‍ പാര്‍ട്ടി നേതൃത്വം രാജിവച്ചില്ല. ഈ സാഹചര്യത്തില്‍ ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനതാപാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഇതായിരുന്നു പാര്‍ട്ടിയിലെ ആദ്യപിളര്‍പ്പ്. പാര്‍ലമെന്റില്‍ ജനതാ പാര്‍ട്ടി ന്യൂനപക്ഷമായി. തുടര്‍ന്ന് ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ (1979 ജൂല. 28) ജനതാ പാര്‍ട്ടി പ്രതിപക്ഷത്തായി. ജഗജ്ജീവന്‍ റാം പ്രതിപക്ഷത്തുള്ള ജനതാ പാര്‍ട്ടിയുടെ നേതാവായി. ചരണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടിയില്‍ നിന്നും ഭിന്നിച്ചുപോയ വിഭാഗം ലോക് ദള്‍ ആയി രൂപാന്തരം പ്രാപിച്ചു. 1980 ജനു.-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി പിന്‍തള്ളപ്പെട്ടു.
1979-ലെ പിളര്‍പ്പിനുശേഷം നിലനിന്ന ജനതാ പാര്‍ട്ടിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം വീണ്ടും ഭിന്നിപ്പുണ്ടായി. ജനതാ പാര്‍ട്ടിയിലെ മുന്‍ ജനസംഘവിഭാഗം 1980 ഏ.-ല്‍ ഭിന്നിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയായി മാറി. ജഗജ്ജീവന്‍ റാമിന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും ഭിന്നിച്ചുപോയി കോണ്‍ഗ്രസ് (ജെ) ഉണ്ടാക്കി. അവശേഷിച്ച ജനതാ പാര്‍ട്ടിക്ക് കര്‍ണാടക നിയമസഭയിലെ വിജയവും ലോക്ദളിലെ ഒരു വിഭാഗത്തിന്റെ ലയനവും ആശ്വാസമേകി. ദുര്‍ബലമായ പാര്‍ട്ടിയുടെ 1984-ലെ തിരഞ്ഞെടുപ്പു ഫലവും മോശമായിരുന്നു. 1988-ല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടിയിലെ ഒരു വിഭാഗം ജനതാ ദളില്‍ ചേര്‍ന്നു. അവശേഷിച്ച വിഭാഗം ജനതാ പാര്‍ട്ടിയായി തുടര്‍ന്നു.