This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജകാര്‍ത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജകാര്‍ത== ==Jakarta== ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനം. രാ...)
അടുത്ത വ്യത്യാസം →
04:09, 5 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജകാര്‍ത
Jakarta
ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനം. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖനഗരം കൂടിയാണിത്. ജാവാദ്വീപിന്റെ വ. പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ള ജകാര്‍ത റായ സ്വയംഭരണ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്നു. ഇന്തോനേഷ്യയിലെ ഭരണ വാണിജ്യ-വ്യാവസായികകേന്ദ്രമാണ് ഈ നഗരം. രാജ്യത്തിലെ 45 ശ.മാ. ഉത്പാദനവും നടക്കുന്നത് ഈ മേഖലയിലാണ്. മറ്റു പ്രദേശങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ് ഇവിടത്തെ ജനങ്ങളിലധികവും. ജനസംഖ്യയുടെ 7 ശ.മാ. ചൈനീസ് വംശജരാണ്. മലയന്‍ ഭാഷ സംസാരിക്കുന്ന ഗ്രാമീണര്‍ 'കാംപോങ്' എന്നറിയപ്പെടുന്ന ചെറു ഗ്രാമങ്ങളില്‍ വസിക്കുന്നു. ഈ ഗ്രാമങ്ങളില്‍ കൃഷിക്കാണ് പ്രാമുഖ്യം. ചൂടുള്ളതാണ് സാധാരണ കാലാവസ്ഥ; ശരാശരി വാര്‍ഷിക താപനില 25oC; ശരാശരി വാര്‍ഷിക വര്‍ഷപാതം 1,775 മി.മീ. കോട്ട എന്ന നഗരകേന്ദ്രത്തില്‍ ചൈനീസ് വംശജരാണധികവും. നഗരത്തില്‍ അവിടവിടെയായി കാണപ്പെടുന്ന ചന്തകള്‍ 'പാസര്‍' എന്നറിയപ്പെടുന്നു. പ്രസിഡന്റ് സുകാര്‍ണോയുടെ ഭരണകാലത്ത് (1945-67) നിര്‍മിക്കപ്പെട്ട അനേകം സ്മാരകങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കുന്ന 'ദേശീയ സ്വാതന്ത്ര്യസ്മാരകം' ഇവിടെയാണ്.
16-ാം ശ.-ന്റെ ആദ്യഘട്ടത്തില്‍ 'സുന്ദാകെലാപ' എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് ജകാര്‍ത (jakarta) എന്ന് വിവക്ഷിക്കപ്പെടാന്‍ തുടങ്ങി. ഈ ചെറുപട്ടണത്തില്‍ നിന്നാണ് ആധുനിക ജകാര്‍തയുടെ തുടക്കം. പിന്നീട് ഡച്ചുകാരുടെ അധീനതയിലായിരുന്നപ്പോള്‍ ഇത് ബെറ്റേവിയ എന്നറിയപ്പെട്ടു. 1949-ല്‍ ഇന്തോനേഷ്യ ഡച്ചധീനതയില്‍ നിന്നു സ്വതന്ത്രമായതോടെ ഇത് ജകാര്‍ത (jakarta)എന്നറിയപ്പെട്ടു തുടങ്ങി. നഗരകേന്ദ്രമായി വര്‍ത്തിക്കുന്ന പഴയ പട്ടണമാണ് ഇന്നും ഈ നഗരത്തിന്റെ വാണിജ്യവ്യവസായ കേന്ദ്രം. എന്നാല്‍ ക്രമേണ വികസിതമായിക്കൊണ്ടിരുന്ന മറ്റു വ്യവസായങ്ങള്‍ നഗരപ്രാന്തങ്ങളിലാണ് കൂടുതലായി രൂപംകൊണ്ടിട്ടുള്ളത്.
ഏഷ്യയിലെതന്നെ പ്രധാന തുറമുഖമായ റ്റാന്‍ജൂങ് പ്രീയോക്, ജകാര്‍താനഗരത്തിന് 6 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്നു. ഇന്തോനേഷ്യയില്‍ ആകെയുള്ള 16 തുറമുഖങ്ങളില്‍ മുഖ്യമായതും ഇതുതന്നെ. കപ്പലുകളില്‍ നിന്ന് കയറ്റിറക്കു നടത്താന്‍ സൗകര്യമുള്ള ഒരു കണ്ടെയ്നര്‍ ടെര്‍മിനലും ഇവിടെയുണ്ട്. ജകാര്‍ത ലോയ്ഡ് എന്ന ഷിപ്പിങ് ഏജന്‍സി ഒരു നാവിക ശൃംഖലയാല്‍ ഹാംബര്‍ഗ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം തുടങ്ങിയ പ്രമുഖ നഗരങ്ങളെ ഇവിടവുമായി ബന്ധിപ്പിക്കുന്നു.
ഏഴു സര്‍വകലാശാലകളുള്ള ജകാര്‍താനഗരത്തില്‍ രണ്ട് വിമാനത്താവളങ്ങളുമുണ്ട്; ആഭ്യന്തരസര്‍വീസുകള്‍ നടത്തുന്ന കീമയാരനും അന്തര്‍ദേശീയ വിമാനത്താവളമായ സുകാര്‍ണോഹട്ടയും. നഗരത്തിന് 18 കി.മീ. പടിഞ്ഞാറുള്ള സെങ് കാരങ്ങില്‍ പുതിയ ഒരു അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ പണിയും നടക്കുന്നുണ്ട്.
ജകാര്‍താനഗരകേന്ദ്രത്തില്‍ ധാരാളമായി കാണുന്ന കനാലുകള്‍ ഡച്ച് സംഭാവനയാണ്. ഇവിടത്തെ വാസ്തുശില്പകലയും ഡച്ച് മാതൃകയില്‍ത്തന്നെ രൂപമെടുത്തിരിക്കുന്നു. സാംസ്കാരിക-സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങളുടെ ആകെത്തുകയാണ് ഈ നഗരം എന്നു പറയാം. ഇക്കാരണത്താല്‍ ജകാര്‍താനഗരം രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി സാംസ്കാരിക-സാമ്പത്തിക മേഖലകളില്‍ തുലോം വ്യത്യസ്തമായിരിക്കുന്നു.