This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചോളരാജവംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചോളരാജവംശം== മധ്യകാലത്തു പ്രബലമായിരുന്ന പ്രമുഖ ദക്ഷിണേന്ത്...)
അടുത്ത വ്യത്യാസം →
09:23, 4 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചോളരാജവംശം
മധ്യകാലത്തു പ്രബലമായിരുന്ന പ്രമുഖ ദക്ഷിണേന്ത്യന്‍ സാമ്രാജ്യം. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ് ഡക്കാണ്‍ പീഠഭൂമിക്കും സാതവാഹന സാമ്രാജ്യത്തിനും തെക്ക് തഞ്ചാവൂര്‍, മധുര, തിരുവഞ്ചിക്കുളം എന്നിവ ആസ്ഥാനമാക്കി മൂന്നു രാജ്യങ്ങളാണുണ്ടായിരുന്നത്. തഞ്ചാവൂരില്‍ ചോളരും മധുരയില്‍ പാണ്ഡ്യരും തിരുവഞ്ചിക്കുളത്ത് ചേരരുമായിരുന്നു ഭരണാധികാരികള്‍. സംഘകാലകൃതികളില്‍നിന്ന് ഈ സാമ്രാജ്യങ്ങളെക്കുറിച്ച് അറിവു ലഭിക്കുന്നുണ്ട്. ബദ്ധവൈരികളായിരുന്ന മൂവരും പരസ്പരം നടത്തിയ യുദ്ധങ്ങളുടെ വിവരണങ്ങളും സംഘകാലകൃതികളിലുണ്ട്.
ഐതിഹ്യം. പുരാണങ്ങളില്‍ ചോളസാമ്രാജ്യത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. ചോളന്‍ എന്നു പേരായ ചക്രവര്‍ത്തിയായിരുന്നു കാഞ്ചീപുരം ഭരിച്ചിരുന്നത്. ധര്‍മിഷ്ഠനായ ഈ ചക്രവര്‍ത്തിയുടെ ഭരണം കൊണ്ടാണ് ആ രാജ്യത്തിന് ചോളരാജ്യമെന്ന പേരുണ്ടായത്. വിഷ്ണുഭക്തനായിരുന്ന ചോളന്‍ വൈകുണ്ഠലോകം പ്രാപിച്ചതിനെപ്പറ്റി ഒരു ഐതിഹ്യം പദ്മപുരാണത്തിലുണ്ട് (110,111 എന്നീ അധ്യായങ്ങള്‍).
രുക്മിണീസ്വയംവരത്തില്‍ പങ്കെടുക്കാന്‍ ചോളനും പാണ്ഡ്യനും കേരളനുമുണ്ടായിരുന്നത് (ഭാഗവതം ദശമസ്കന്ധം), അര്‍ജുനന്‍ ചോളരുടെ സൈന്യത്തെ കീഴടക്കിയത് (മ.ഭാ. സഭാപര്‍വം 27, 21), രാജാവ് ധര്‍മപുത്രര്‍ക്ക് കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിച്ചത് (സഭാപര്‍വം 52, 35), കുരുക്ഷേത്രയുദ്ധത്തില്‍ ചോളയോദ്ധാക്കള്‍ ദ്രുപദപുത്രനായ ധൃഷ്ടദ്യുമ്നന്‍ നിര്‍മിച്ച ക്രൌഞ്ചവ്യൂഹത്തിന്റെ ദക്ഷിണപാര്‍ശ്വം കാത്തുനിന്നത് (ഭീഷ്മപര്‍വം 50,52), ശ്രീകൃഷ്ണന്‍ ചോളദേശത്തെ കീഴടക്കിയത് (ദ്രോണപര്‍വം 11, 17) തുടങ്ങിയ ഇതിഹാസ പരാമര്‍ശങ്ങള്‍ ചോളസാമ്രാജ്യത്തിന്റെ പ്രാചീനതയിലേക്കു വിരല്‍ ചൂണ്ടുന്നു.
മെഗസ്തനീസിന്റെ ഇന്തിക്കയിലും അശോകന്റെ ശിലാശാസനങ്ങളിലും ചോളരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മഹാവംശത്തില്‍ ചോളരും സിംഹളരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നുണ്ട്. ടോളമിയുടെ ഭൂമിശാസ്ത്രത്തിലും നാവികശ്രേഷ്ഠരായിരുന്ന ചോളരെപ്പറ്റി പരാമര്‍ശമുണ്ട്.
വംശാവലി. സംഘകാലകൃതികളില്‍ നിന്നാണ് ചോളരാജാക്കന്മാരെപ്പറ്റിയുള്ള വിവരങ്ങള്‍ കിട്ടുന്നത്. ഉരുവപ്പറേര്‍ ഇളംചേട് ചെന്ന് ആയിരുന്നു ആദ്യത്തെ ചോളരാജാവ്. ഇദ്ദേഹത്തിന്റെ പുത്രനാണ് ചോളസാമ്രാജ്യത്തിന് അടിത്തറയുണ്ടാക്കിക്കൊടുത്ത കരികാലചോളന്‍, ആദ്യകാലങ്ങളില്‍ ചോളര്‍ രണ്ടായി പിരിഞ്ഞിരുന്നു. ഒരു കൂട്ടര്‍ ഉറയൂരും (ഇന്നത്തെ തിരിച്ചിറപ്പള്ളി) മറ്റൊരു കൂട്ടര്‍ പൂംപുകാറും (കാവേരിപ്പൂംപട്ടണം) കേന്ദ്രമാക്കി ഭരണം നടത്തി. കാവേരിപ്പൂംപട്ടണം ആസ്ഥാനമാക്കിയാണ് കരികാലചോളന്‍ ഭരിച്ചിരുന്നത്.
9-ാം ശതകത്തിന്റെ ആരംഭത്തില്‍ പ്രബലമായ ചോളസാമ്രാജ്യം 1279 ആയപ്പോഴേക്കും നാമാവശേഷമായി. കേന്ദ്രീകൃതഭരണകൂടത്തിന്റെ ദൗര്‍ബല്യവും അടിക്കടിയുണ്ടായ യുദ്ധങ്ങളും ഹൊയ്സാലന്മാരുടെ രാജ്യവികസനശ്രമങ്ങളുമാണ് ചോളസാമ്രാജ്യത്തിന്റെ പതനത്തിനു വഴി തെളിച്ചത്. കരികാലചോളന്‍ അരക്കിട്ടുറപ്പിച്ച സാമ്രാജ്യം ക്ഷയിച്ചു തുടങ്ങുന്നത് രാജരാജന്‍ കക, കുലോത്തുംഗ ചോളന്‍ III, രാജരാജന്‍ III, രാജേന്ദ്രന്‍ IV എന്നിവരുടെ കാലത്താണ്.
സംഘകാലകൃതികളില്‍ ആദിചോളന്മാര്‍ എന്ന വിശേഷണം നല്കി കരികാലചോളന്‍, നെടുങ്കിണു (കരികാലചോളന്റെ പൗത്രന്‍), ചെങ്കന്നന്‍ എന്നീ മൂന്നു രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്നുണ്ട്. ചോളരാജാക്കന്മാര്‍ സാഹിത്യവും കലയും പ്രോത്സാഹിപ്പിച്ചിരുന്നു. കലിംഗത്തുപ്പരണിയുടെ കര്‍ത്താവ് ജയങ്കൊണ്ടാര്‍, ദക്ഷയാഗപ്പരണിയുടെ കര്‍ത്താവ് ഓട്ടക്കൂത്തന്‍, രാമായണ കര്‍ത്താവ് കമ്പര്‍, ഋഗ്വേദത്തിന് ഋഗ്വര്‍ഥദീപിക എന്ന ഭാഷ്യം രചിച്ച വെങ്കട മാധവന്‍, വിജ്ഞാനകോശ കര്‍ത്താവ് നമ്പി ആണ്ടാര്‍ നമ്പി, പെരിയപുരാണമെഴുതിയ ചേക്കിഴാര്‍, യാപ്പരുങ്കളത്തിന്റെ കര്‍ത്താവ് അമിതസാഗരന്‍, നന്നൂലിന്റെ രചയിതാവ് ഭവനന്ദി, വീരചോഴിയത്തിന്റെ കര്‍ത്താവ് ബുദ്ധമിത്രന്‍ എന്നിവരായിരുന്നു ചോളകാലത്തെ പ്രമുഖ സാഹിത്യകാരന്മാര്‍. ഇവരുടെ കൃതികളില്‍ അതതുകാലത്തെ രാജാക്കന്മാരെപ്പറ്റി പരാമര്‍ശമുണ്ട്.
കരികാലചോളന്‍ (2-ാം ശ). ആദ്യത്തെ ചോളരാജാവായ ഉരുവപ്പറേര്‍ ഇളംചേട് ചെന്നിന്റെ പുത്രനായ ഇദ്ദേഹം അഞ്ചാമത്തെ വയസ്സില്‍ രാജാവായി. ബാല്യത്തില്‍ ശത്രുക്കള്‍ ഒരുക്കിയ കെണിയില്‍പ്പെട്ട് കാല് വെന്തുപോയതിനാല്‍ കരികാലന്‍ എന്ന പേരു ലഭിച്ചുവെന്നും അതല്ല, ശത്രുക്കളുടെ (ആനയുടെ എന്നും) കാലനായിരുന്നതിനാലാണ് ഈ പേരു ലഭിച്ചതെന്നും രണ്ടഭിപ്രായമുണ്ട്. ചോളന്മാര്‍ വഴി പിരിഞ്ഞപ്പോള്‍ ശത്രുക്കള്‍ കരികാലനെ തടവിലാക്കി. തടവില്‍നിന്നു രക്ഷപ്പെട്ട ഇദ്ദേഹം കാവേരിപ്പൂംപട്ടണം (പുംപൂകാര്‍) കേന്ദ്രമാക്കി ഭരണം നടത്തി.
വെണ്ണി, വാകൈപ്പറന്തലൈ എന്നീ യുദ്ധങ്ങളാണ് കരികാലനെ പ്രശസ്തനാക്കിയത്. ചേരരെയും പാണ്ഡ്യരെയും പരാജയപ്പെടുത്തിയ കരികാലനെപ്പറ്റി പട്ടിനപ്പാലൈ എന്ന സംഘകൃത്യയില്‍ വിവരിച്ചിട്ടുണ്ട്. കരികാലന്റെ മരണത്തെക്കുറിച്ച് സംഘകവിയായ കരിങ്കള വാതനാര്‍ ഒരു വിലാപഗാനവും രചിച്ചു. ചേരരാജാവിന് തന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുത്ത് കരികാലന്‍ കേരളവുമായി സൗഹൃദം സ്ഥാപിച്ചു. ലങ്ക കീഴടക്കി അവിടെനിന്നു കൊണ്ടുവന്ന 12,000 തടവുകാരക്കൊണ്ട് കാവേരിയില്‍ ജലസേചനമാര്‍ഗങ്ങള്‍ ഉണ്ടാക്കി.
ആദിചോളര്‍ക്കുശേഷം സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പല്ലവന്മാര്‍, പാണ്ഡ്യന്മാര്‍, ചേരന്മാര്‍ എന്നിവരുടെ ആക്രമണം മൂലമാണ് ചോളശക്തിക്കു ക്ഷയം സംഭവിച്ചത്. 9-ാം ശതകത്തില്‍ പല്ലവ ശക്തി നശിച്ചതിനുശേഷം മാത്രമാണ് ചോളര്‍ക്ക് ആധിപത്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.
വിജയാലയന്‍ (ഭ.കാ.സു. 850-71). ചോളപ്രാബല്യം വീണ്ടെടുത്ത വിജയാലയന്‍ തഞ്ചാവൂര്‍ കീഴടക്കുകയും ചോള തലസ്ഥാനം അങ്ങോട്ടു മാറ്റുകയും ചെയ്തു. തുടര്‍ന്ന് വിജയാലയന്റെ പുത്രനായ ആദിത്യന്‍ I (ഭ.കാ. 871-907) രാജാവായി. രാജ്യവിസ്തൃതിയില്‍ തത്പരനായ ആദിത്യചോളന്‍ പല്ലവരാജാവായ അപരാജിതനെ തോല്പിച്ച് പല്ലവരാജ്യവും പരാന്തകവീരനാരായണനെ തോല്പിച്ച് കൊങ്കണരാജ്യവും ചോളസാമ്രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. ശിവഭക്തനായ ഇദ്ദേഹം അനേകം ശിവക്ഷേത്രങ്ങളും പണികഴിപ്പിച്ചു.
പരാന്തകന്‍ I (ഭ.കാ. 907-55). ആദിത്യചോളന്റെ പുത്രനായ പരാന്തകന്‍ ക പാണ്ഡ്യരാജ്യത്തെ ആക്രമിച്ചു കീഴടക്കി. പരാജിതനായ പാണ്ഡ്യരാജാവ് ലങ്കയില്‍ അഭയംപ്രാപിച്ചു. വിജയശ്രീലാളിതനായ പരാന്തകന്‍ I 'മധുരൈ കൊണ്ട ചോളന്‍' എന്ന ബിരുദം സ്വീകരിച്ചു. തുടര്‍ന്ന് പല്ലവരാജ്യം ആക്രമിച്ച് ചോളസാമ്രാജ്യാതിര്‍ത്തി നെല്ലൂര്‍ വരെ വ്യാപിപ്പിച്ചു. ഗംഗാരാജാവിന്റെ സഹായത്തോടെ രാഷ്ട്രകൂട രാജാവായ കൃഷ്ണന്‍ III തക്കോലം യുദ്ധത്തില്‍ പരാന്തകനെ തോല്പിച്ച് കാഞ്ചീപുരവും തഞ്ചാവൂരും കീഴ്പ്പെടുത്തിയതായി കൃഷ്ണന്‍ അവകാശപ്പെടുന്നു. തക്കോലം യുദ്ധത്തില്‍ മൂത്ത പുത്രന്‍ കൊല്ലപ്പെട്ടു (949). പരാന്തകശാസനങ്ങള്‍ പരാന്തകനെ വിജിഗീഷുവായിത്തന്നെ ആദരിക്കുന്നു.
ഗ്രാമങ്ങളില്‍ ജനാധിപത്യപരമായുള്ള ഭരണക്രമം ഏര്‍പ്പെടുത്തുന്നതില്‍ പരാന്തകന്‍ വിജയിച്ചു. സാഹിത്യത്തെയും വിജ്ഞാനത്തെയും പരാന്തകന്‍ പ്രോത്സാഹിപ്പിച്ചു. ഋഗ്വേദ വ്യാഖ്യാതാവായ വെങ്കട മാധവന്‍ പരാന്തകന്റെ സദസ്സിലെ അംഗമായിരുന്നു.
പരാന്തകനുശേഷം മങ്ങിപ്പോയ ചോളചരിത്രം പുനഃസ്ഥാപിക്കപ്പെടുന്നത് മഹാനായ രാജരാജന്റെ വരവോടെയാണ്.
രാജരാജന്‍ I (ഭ.കാ. 985-1014). സുന്ദരചോളന്റെ പുത്രനായ രാജരാജചോളന്‍ I 985-ല്‍ സ്ഥാനാരോഹണം ചെയ്തു. നേരത്തേതന്നെ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന രാജരാജന്‍ സഹോദരന്‍ ആദിത്യചോളനെ വധിച്ചശേഷമാണ് രാജാവായത്. 986 മുതല്‍ 1014 വരെയുള്ള ഇദ്ദേഹത്തിന്റെ ചരിത്രം വിവിധ ശാസനങ്ങളിലുണ്ട്. തഞ്ചാവൂര്‍ ശാസനത്തില്‍ രാജരാജന്‍ നടത്തിയ യുദ്ധങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം തിരുവനന്തപുരത്തുവച്ച് ചേരരെ നാവികയുദ്ധത്തില്‍ പരാജയപ്പെടുത്തി. പിന്നീട് പാണ്ഡ്യതലസ്ഥാനമായ മധുരയും കീഴടക്കി. കുടക്, നീലഗിരി എന്നീ പ്രദേശങ്ങളും പിടിച്ചെടുത്തു. ലങ്കാ രാജാവായ മഹേന്ദ്രനെ പരാജയപ്പെടുത്തി വടക്കന്‍ ലങ്കയും ഇദ്ദേഹം തന്റെ അധീനത്തിലാക്കി. ആന്ധ്ര, ഗംഗാരാജ്യം, കലിംഗം, മാലദ്വീപ് എന്നീ പ്രദേശങ്ങളും ചോളരാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. മികച്ച ഭരണതന്ത്രജ്ഞന്‍ എന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ചോളശില്പകലയുടെ ഉദാത്ത മാതൃകയെന്നു പേരുകേട്ട തഞ്ചാവൂരിലെ രാജരാജേശ്വരക്ഷേത്രം പണികഴിപ്പിച്ചത് (1010).
രാജേന്ദ്രന്‍ I (ഭ.കാ. 1014-44). രാജരാജന്‍ ക-നെ തുടര്‍ന്ന് പുത്രനായ രാജേന്ദ്രന്‍ I ചക്രവര്‍ത്തിയായി. ഇദ്ദേഹം 1018-ല്‍ പുത്രനായ രാജാധിരാജനെ യുവരാജാവാക്കി രാജ്യകാര്യങ്ങളില്‍ പ്രവേശിപ്പിച്ചു. 1014-ലേതെന്നു കണക്കാക്കപ്പെടുന്ന തിരുവാലങ്ങാടു ശാസനങ്ങള്‍ രാജേന്ദ്രചോളന്റെ യുദ്ധങ്ങളെ പ്രകീര്‍ത്തിക്കുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് സിലോണ്‍ മുഴുവന്‍ ചോള രാജ്യത്തിന്റെ കീഴിലായി. വടക്കേ ഇന്ത്യ പിടിച്ചടക്കിയതിന്റെ വിജയസ്മാരകമായി ഇദ്ദേഹം ഗംഗൈക്കൊണ്ടചോളപുരം എന്ന തലസ്ഥാന നഗരം സ്ഥാപിച്ചു; ഗംഗൈക്കൊണ്ടചോളന്‍ എന്ന ബിരുദവും സ്വീകരിച്ചു. പുതിയ തലസ്ഥാനത്ത് ചോളഗംഗ എന്ന പേരില്‍ ജലസേചന സംവിധാനവും ഉണ്ടാക്കി. ബംഗാള്‍, കര്‍ണാടകം എന്നിവിടങ്ങളിലും ഇദ്ദേഹം വിജയിച്ചു. ഇദ്ദേഹത്തിന്റെ നാവികപ്പട ചില ഇന്തോനേഷ്യന്‍ ദ്വീപുകളും പിടിച്ചടക്കിയിരുന്നു. ചൈനയിലെ ചക്രവര്‍ത്തിയുമായി സൗഹൃദബന്ധം സ്ഥാപിച്ചിരുന്ന രാജേന്ദ്രന്‍ 1016-ലും 1033-ലും ചൈനയിലേക്ക് അംബാസഡര്‍മാരെ അയച്ചിരുന്നു. ഒരു പ്രധാന വൈഷ്ണവകേന്ദ്രത്തില്‍ ഇദ്ദേഹം ഒരു വേദകലാശാലയും സ്ഥാപിച്ചു. 340 വിദ്യാര്‍ഥികളുടെ അധ്യയനത്തിനുവേണ്ടി 14 അധ്യാപകരെ നിയമിക്കുകയും സ്ഥാപനത്തിന്റെ നടത്തിപ്പിനുള്ള എല്ലാ വ്യവസ്ഥകളും ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
രാജാധിരാജന്‍ I (ഭ.കാ. 1044-54); രാജേന്ദ്രന്‍ II (ഭ.കാ. 1054-63). ലങ്കയില്‍ ശക്തിപ്പെട്ടിരുന്ന ആഭ്യന്തര സമരത്തെ അടിച്ചമര്‍ത്തുന്നതിന് രാജാധിരാജന്‍ I ഭരണാരംഭത്തില്‍ ത്തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ലങ്കാറാണിയുടെ നാസികാച്ഛേദം വരെ നടത്തിയതായി രേഖയുണ്ട്. ചാലൂക്യരുടെ നേരെ ഹീനവും മൃഗീയവുമായ നടപടകിള്‍ സ്വീകരിച്ച ഇദ്ദേഹം വിശ്വവിജയാഘോഷത്തിനായി അശ്വമേധയാഗം നടത്തിയിരുന്നു. രാജാധിരാജന്‍ ക-നുശേഷം ഭരണമേറ്റ രാജേന്ദ്രന്‍ കക-ഉം ചാലൂക്യര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നു.
വീരരാജേന്ദ്രന്‍ I (ഭ.കാ. 1063-69). രാജേന്ദ്രന്‍ II-ന്റെ അനുജനായ വീരരാജേന്ദ്രന്‍ ക 1063-ല്‍ രാജാവായി. കൂടല്‍സംഗമ യുദ്ധക്കളത്തില്‍വച്ച് ചാലൂക്യരാജാവായ സോമേശ്വരന്‍ നടത്തിയ വെല്ലുവിളി സ്വീകരിച്ച് 1067-ല്‍ വീരരാജേന്ദ്രന്‍ ക പശ്ചിമ ചാലൂക്യ രാജ്യത്തെ ആക്രമിച്ചു. രണാങ്കണത്തില്‍ എതിരാളിയെ കാണാതെ മടങ്ങിയ വീരരാജേന്ദ്രന്‍ ക തുഗംഭദ്രാനദീതീരത്ത് വിജയസ്തംഭം നാട്ടുകയും ഭീരുവായ സോമേശ്വരന്റെ കോലം കത്തിച്ച് ചാലൂക്യന്മാരെ അപമാനിക്കുകയും ചെയ്തു. വീരരാജേന്ദ്രന്‍ സോമേശ്വരത്തെ അഞ്ചുപ്രാവശ്യം തോല്പിച്ചതായി ചോളശാസനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗഗ്രസ്തനായ സോമേശ്വരന്‍ തുംഗഭദ്രയില്‍ മുങ്ങിമരിച്ചതായും പറയപ്പെടുന്നു.
അധിരാജേന്ദ്രന്‍ (ഭ.കാ. 1069-70). വീരരാജേന്ദ്രനെ തുടര്‍ന്ന് പുത്രന്‍ അധിരാജേന്ദ്രന്‍ രാജാവായി. കുറച്ചു മാസങ്ങള്‍ക്കുശേഷം അധിരാജേന്ദ്രന്‍ അകാലചരമമടയുകയും ചാലൂക്യവംശജനായ രാജേന്ദ്രന്‍ II, കുലോത്തുംഗന്‍ I എന്ന പേരില്‍ രാജ്യഭാരം ഏറ്റെടുക്കുകയും ചെയ്തു.
കുലോത്തുംഗന്‍ (ഭ.കാ. 1070-1122). ചോളാധിപതിയായി ത്തീരുന്നതുവരെയുള്ള കുലോത്തുംഗന്റെ ചരിത്രം അജ്ഞാതമാണ്. കോട്ടാര്‍, വിഴിഞ്ഞം, ചാല എന്നിവിടങ്ങളില്‍ വച്ച് ഇദ്ദേഹം പാണ്ഡ്യ-കേരള രാജാക്കന്മാരെ പരാജയപ്പെടുത്തി. ചൈന, സിലോണ്‍ എന്നീ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. 1088-ല്‍ സിലോണ്‍ രാജാവ് വിജയബാഹുവുമായി കരാറിലേര്‍പ്പെട്ടുവെന്നു മാത്രമല്ല, തന്റെ മകളെ ഒരു സിംഹളരാജാവിന് വിവാഹം കഴിച്ചുകൊടുത്തു സിലോണുമായി സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്തു. 1096-ല്‍ വേണാട്ടില്‍ ചോളരാജവംശത്തിനെതിരെ ചില കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെതിരെ കൊല്ലത്തുവച്ചു നടന്ന യുദ്ധത്തില്‍ കുലോത്തുംഗന്റെ പടത്തലവനായ നരലോകവീരന്‍ വിജയിച്ചു. കുലോത്തുംഗന്‍ രണ്ടു തവണ കലിംഗരാജ്യം ആക്രമിച്ചിട്ടുണ്ട്.
വിക്രമചോളന്‍ (ഭ.കാ. 1118-35). കുലോത്തുംഗന്റെ പുത്രനായ വിക്രമചോളന്‍ 1118-ല്‍ രാജാവായി. 1126-ല്‍ വെംഗിയിലെ വിക്രമാദിത്യന്‍ കഢ അന്തരിച്ചതിനെത്തുടര്‍ന്ന് വെംഗിയും ഗംഗാവാഡിയിലെ ചില പ്രദേശങ്ങളും വിക്രമചോളന്‍ വീണ്ടെടുത്തു. പരാന്തകന്‍ മുതലുള്ള ചോളചക്രവര്‍ത്തിമാരാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന ചിദംബരം നടരാജക്ഷേത്രം ഏറ്റവും സമ്പന്നമാക്കപ്പെട്ടത് (1128) വിക്രമചോളന്റെ ഭരണകാലത്താണ്. ഇടയ്ക്കിടയ്ക്ക് സാമ്രാജ്യത്തിലൊട്ടാകെ ചുറ്റി സഞ്ചരിക്കുക വിക്രമചോളന്റെ പതിവായിരുന്നു. വിക്രമചോളന്റെ ആദര്‍ശ ശുദ്ധിയെയും ധാര്‍മികജീവിതത്തെയും സൂചിപ്പിക്കുന്നവയാണ് ഇദ്ദേഹം സ്വീകരിച്ച 'ത്യാഗസമുദ്രം', 'അകളങ്കന്‍' എന്നീ ബിരുദങ്ങള്‍. 1121-ലെ ഒരു ലിഖിതത്തില്‍ വിക്രമചോളന്‍ തിരുവാടുതുറയില്‍ അഷ്ടാംഗഹൃദയസംഹിതയും ചരകസംഹിതയും പഠിപ്പിക്കുന്നതിന് ഒരു വൈദ്യവിദ്യാപീഠം സ്ഥാപിച്ചതായി പറയുന്നു.
കുലോത്തുംഗന്‍ II (ഭ.കാ. 1135-50). വിക്രമചോളനുശേഷം പുത്രന്‍ കുലോത്തുംഗന്‍ II രാജാവായി. ഇദ്ദേഹം ചിദംബരക്ഷേത്രത്തിന് വളരെ ആനുകൂല്യങ്ങള്‍ നല്കി. വൈഷ്ണവ വിരോധിയായിരുന്ന ഇദ്ദേഹം ഗോവിന്ദരാജവിഗ്രഹം കടലില്‍ വലിച്ചെറിഞ്ഞതായി പറയപ്പെടുന്നു. കുലോത്തുംഗന്റെ ഭരണകാലത്ത് തമിഴ് സാഹിത്യം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു. ഒറ്റക്കൂത്തന്‍, ചേക്കിഴാര്‍, കമ്പര്‍ എന്നീ കവികള്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ജീവിച്ചിരുന്നത്.
രാജരാജന്‍ II (ഭ.കാ. 1146-73); രാജാധിരാജന്‍ II (ഭ.കാ. 1173-78). കുലോത്തുംഗന്‍ II-നു ശേഷം പുത്രന്‍ രാജരാജന്‍ II രാജാവായി. രാജരാജന്‍ II-ന്റെ കാലത്ത് 1169-ല്‍ പരാക്രമപാണ്ഡ്യനും കുലശേഖരപാണ്ഡ്യനും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ കുലശേഖരപാണ്ഡ്യന്‍ മധുര പിടിച്ചടക്കുകയും പരാക്രമപാണ്ഡ്യനെ വധിക്കുകയും ചെയ്തു. തുടര്‍ന്ന് പരാക്രമപാണ്ഡ്യനെ സഹായിക്കാനെത്തിയ ലങ്കാധിപന്റെ സൈന്യാധിപനായ ലങ്കാപുരന്‍ പാണ്ഡ്യദേശത്ത് ഭീകരമായ നരവേട്ട നടത്തുകയും ചോളരാജാവിനെ യുദ്ധത്തില്‍ തോല്പിക്കുകയും ചെയ്തു. ലങ്കാപുരന്‍ വിക്രമപാണ്ഡ്യന്റെ പുത്രനായ വീരപാണ്ഡ്യനെ രാജാവായി വാഴിച്ചെങ്കിലും, ചോളരാജാവ് രാജാധിരാജന്‍ II കുലശേഖരനെ പാണ്ഡ്യരാജാവായി വാഴിച്ച് ലങ്കയെ ആക്രമിച്ചു. ലങ്കാധിപനായ പരാക്രമബാഹു കുലശേഖരനുമായി സഖ്യം ചെയ്ത് ചോള സാമ്രാജ്യത്തെ ആക്രമിച്ചു. പിന്നീട് രാജരാജചോളന്‍ വീരപാണ്ഡ്യനെ പാണ്ഡ്യരാജാവായി പ്രഖ്യാപിച്ചു. 1177 വരെ നീണ്ടുനിന്ന ഈ ആഭ്യന്തരസമരം ചോളസാമ്രാജ്യത്തിന്റെ ശക്തിയെ ഗണ്യമായി കുറയ്ക്കുകയുണ്ടായി. വിക്രമചോളന്റെ പൗത്രനായ രാജാധിരാജന്‍ II ആണ് ഈ ആഭ്യന്തരയുദ്ധത്തിന് അവസാനമിട്ടത്.
കുലോത്തുംഗന്‍ III (ഭ.കാ. 1178-1218). രാജാധിരാജന്‍ II-നുശേഷം കുലോത്തുംഗന്‍ III രാജാവായി. ലങ്കാധിപതിയുമായി സഖ്യം ചെയ്യുന്നതിന് രാജാധിരാജന്‍ പാണ്ഡ്യരാജാവായ വീരപാണ്ഡ്യനെ സഹായിച്ചു. ഇത് വീരപാണ്ഡ്യനെ ചോളന്മാര്‍ക്കെതിരാക്കിത്തീര്‍ത്തു. 1182-ല്‍ കുലോത്തുംഗന്‍ വീരപാണ്ഡ്യനെ തടവിലാക്കുകയും വിക്രമപാണ്ഡ്യനെ പാണ്ഡ്യരാജാവാക്കുകയും ചെയ്തു. ചേരരാജാവുമായി സഖ്യം ചെയ്ത (1189) വീരപാണ്ഡ്യന്‍ കുലോത്തുംഗനുമായി സമരത്തിനു ശ്രമിച്ചു. കുലോത്തുംഗന്റെ അവസാനകാലത്ത് പാണ്ഡ്യരാജാവായ മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ യുദ്ധത്തിനു വരികയും ഹോയ്സാല രാജാവിന്റെ സഹായത്തോടെ കുലോത്തുംഗന്‍ രക്ഷപ്പെടുകയും ചെയ്തു.
തിരുവണ്ണാമല ശാസനമനുസരിച്ച് കുലോത്തുംഗന്‍ III ആദര്‍ശവാനായി കാണുന്നു. 'മധുരൈയും പാണ്ഡ്യമുടിത്തലയും കൊണ്ടരുളിയ' എന്ന ബിരുദം സ്വീകരിച്ച കുലോത്തുംഗന്‍ സാമന്തന്മാരായ തെലുഗു ചോഡന്മാരെ നിയന്ത്രിച്ചു നിര്‍ത്തി. തിരൂരവാരിയൂര്‍ ശാസനത്തില്‍ കുലോത്തുംഗന്‍ വ്യാകരണം പഠിപ്പിക്കുന്നതിനായുള്ള ഒരു കലാലയം സ്ഥാപിച്ചതായി പറയുന്നു. കുലോത്തുംഗന്‍ പണിയിച്ച ത്രിഭുവനം ക്ഷേത്രത്തില്‍ രാമായണകഥ ചിത്രങ്ങളായി കൊത്തിവച്ചിട്ടുണ്ട്. കുലോത്തുംഗന്റെ മരണത്തോടെ തെലുഗു ചോഡന്മാര്‍, ബാണന്മാര്‍, സാംബുവരായന്മാര്‍ മുതലായ സാമന്തന്മാര്‍ സ്വതന്ത്രരായി. അതോടൊപ്പം ശക്തി പ്രാപിച്ചുവന്ന പാണ്ഡ്യന്മാര്‍ ചോളശക്തിക്കെതിരായി മാറുകയും ചെയ്തു.
അന്ത്യഘട്ടം (1216-79). കുലോത്തുംഗനുശേഷം രാജാവായ രാജരാജന്‍ III (ഭ.കാ. 1218-56)- ന് സാമന്തന്മാരുടെയും ശത്രുരാജ്യങ്ങളുടെയും എതിര്‍പ്പിനെ നേരിടേണ്ടിവന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പാണ്ഡ്യന്മാര്‍ ചോള തലസ്ഥാനം കീഴടക്കി. രാജരാജന്റെ പരാജയത്തെയും കോപ്പെരുംചിങ്ങനെന്ന സാമന്തകന്റെ വിജയത്തെയും കുറിച്ച് കാലകളഭന്റെ ഗദ്യകര്‍ണാമൃതമെന്ന ചരിത്രാഖ്യായികയില്‍ വിവരിക്കുന്നുണ്ട്. 1232-ല്‍ കോപ്പെരുംചിങ്ങന്‍ ചോളരാജാവിനെ തടവിലാക്കി. ഹോയ്സാല രാജാവ് നരസിംഹന്‍ II കോപ്പെരുംചിങ്ങനെ തോല്പിച്ച് രാജരാജനെ മോചിപ്പിച്ചു. നരസിംഹന്‍ II ശ്രീരംഗവും കാഞ്ചിയും കീഴടക്കുകയും രാമേശ്വരത്ത് ജയസ്തംഭം സ്ഥാപിക്കുകയും ചെയ്തു. പാണ്ഡ്യരാജനെ പരാജയപ്പെടുത്തിയ നരസിംഹന്‍ 'ചോളരാജ്യപ്രതിഷ്ഠാപനാചാര്യ'നെന്ന ബിരുദം നേടി. ഈ കാലത്തു തന്നെയാണ് വേണാട്ടരചനായ കുലേശഖരന്‍ ചോളരാജനെ പരാജയപ്പെടുത്തിയത്. കുലശേഖരന്‍ നെല്ലൂര്‍ വരെ പടയോട്ടം നടത്തി. ഇതോടെ ചോള സാമ്രാജ്യം പൂര്‍ണമായി തകരുകയും സാമന്തന്മാര്‍ സ്വതന്ത്രരാവുകയും ചെയ്തു. ഹോയ്സാലന്മാരും ശക്തി പ്രാപിച്ചു. ചോളരാജാവായ രാജേന്ദ്രന്‍ III-ന്റെ കാലശേഷം ഛിന്നഭിന്നമായ ചോളസാമ്രാജ്യം ഹോയ്സാലന്മാരും പാണ്ഡ്യന്മാരും പങ്കിട്ടെടുത്തു.
ഭരണസംവിധാനം. ചോളസാമ്രാജ്യത്തില്‍ സുശക്തമായ ഭരണസംവിധാനമാണുണ്ടായിരുന്നത്. ചൈന, തെക്കുകിഴക്കേ ഏഷ്യ, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടുവെന്ന ഖ്യാതിയും ചോളരാജാക്കന്മാര്‍ക്കുണ്ട്.
എല്ലാ അധികാരങ്ങളും സുശക്തനായ രാജാവിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഭരണസൗകര്യാര്‍ഥം സാമ്രാജ്യത്തെ പ്രവിശ്യകളായും പ്രവിശ്യകളെ മണ്ഡലങ്ങളായും മണ്ഡലങ്ങളെ മലൈനാടുകളായും മലൈനാടിനെ നാടുകളായും നാടിനെ കോട്ടങ്ങളായും കോട്ടത്തെ ഗ്രാമങ്ങളായും വിഭജിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. ഭരണസംവിധാനത്തില്‍ പ്രധാനപ്പെട്ട ഘടകമായിരുന്നു ഗ്രാമങ്ങള്‍.
തഞ്ചാവൂരിലെ പല പ്രമുഖ കേന്ദ്രങ്ങളും നിര്‍മിച്ചത് ചോളരാജാക്കന്മാരായിരുന്നു. രാജകൊട്ടാരങ്ങള്‍ ആര്‍ഭാടത്തിന്റെ കേന്ദ്രങ്ങളായിരുന്നു; രാജധാനികള്‍ രാഷ്ട്രജീവിതത്തിന്റെ സിരാകേന്ദ്രങ്ങളും. തഞ്ചാവൂര്‍, ഗംഗൈക്കൊണ്ടചോളപുരം, മുടിക്കോണ്ട, കാഞ്ചീപുരം എന്നീ നഗരങ്ങള്‍ രാജകീയ പ്രാബല്യത്തെയും സാമ്രാജ്യശക്തിയെയും സൂചിപ്പിക്കുന്നു. അക്കാലത്ത് പലദൈവ വിഗ്രഹങ്ങള്‍ക്കും ചോളാധിപന്മാരുടെ പേരുകള്‍ നല്കിയിരുന്നു. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പ്രതിമകളെ ജനങ്ങള്‍ ആരാധിച്ചിരുന്നു.
ഭരണം നടത്തുന്ന രാജാവ് തന്റെ ഏതെങ്കിലുമൊരു പുത്രനെയാണ് യുവരാജാവായി വാഴിച്ചിരുന്നത്. ഇതുകൊണ്ട് പിന്തുടര്‍ച്ചാകലഹങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനും സാധിച്ചിരുന്നു. ഭരണകാര്യങ്ങളില്‍ രാജാവിന്റെ സഹായത്തിനായി വ്യവസ്ഥാപിതമായ ഉദ്യോഗസ്ഥവൃന്ദം ഉണ്ടായിരുന്നു. വകുപ്പധ്യക്ഷന്മാര്‍ കാര്യവിചാരണയ്ക്കു ക്ഷണിക്കപ്പെടുകയെന്നത് അലിഖിതനിയമമായിരുന്നു. രാജ്യത്തുടനീളം രാജാവ് നടത്തിയിരുന്ന സന്ദര്‍ശനം ഭരണത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ സഹായകമായി. സ്ഥാനമാനങ്ങള്‍ കൊണ്ടും ബിരുദങ്ങള്‍ കൊണ്ടും കഴിവുള്ള ഉദ്യോഗസ്ഥന്മാര്‍ക്കു പ്രോത്സാഹനം നല്കിയിരുന്നു. രാജ്യത്തുടനീളം പാതകളുണ്ടാക്കി.
ചോളരാജ്യത്ത് പ്രശസ്തരായ വര്‍ത്തകസംഘമുണ്ടായിരുന്നു. ലോഹപ്പണി, മരപ്പണി, നെയ്ത്ത്, ആഭരണനിര്‍മാണം, ഉപ്പുനിര്‍മാണം എന്നീ തൊഴിലുകളില്‍ പ്രത്യേക സാമര്‍ഥ്യം നേടിയവര്‍ ചോളരാജ്യത്തുണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ പ്രധാന വരവിനം ഭൂനികുതി ആയിരുന്നു. ഇത് പണമായും സാധനങ്ങളായും ഗ്രാമസഭകള്‍ പിരിച്ചെടുത്തിരുന്നു. ഭൂമിയുടെ കൈവശാവകാശം വ്യക്തിക്കും സമൂഹത്തിനും ഉണ്ടായിരുന്നു. ജലസേചന പ്രവൃത്തികള്‍ മുടക്കം കൂടാതെ നടത്തിയിരുന്നു. കാവേരി നദിയും മറ്റും ജലസേചനത്തിനുപയുക്തമാക്കിത്തീര്‍ത്തു. ഭൂനികുതി നിശ്ചയിച്ചിരുന്നത് ശാസ്ത്രീയമായ സര്‍വേക്ക് ശേഷമായിരുന്നു. നികുതിയുടെ തോത് ഇടയ്ക്കിടെ പുനഃപരിശോധന നടത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി പ്രതിഫലം കൂടാതെ പണിയെടുക്കുവാന്‍ ജനങ്ങള്‍ ബാധ്യസ്ഥരായിരുന്നു. നികുതി കൊടുക്കാത്തവര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന നിയമവും ഉണ്ടായിരുന്നു. ദേവാലയങ്ങള്‍ക്കും നികുതി ചുമത്തിയിരുന്നു. പ്രതിരോധം, രാജകുടുംബത്തിന്റെ ചെലവ്, ജലസേചനം, ഗതാഗതം എന്നിവയ്ക്കായാണ് വരവിന്റെ സിംഹഭാഗവും ചെലവാക്കിയിരുന്നത്. ക്ഷാമകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ബ്രാഹ്മണ പണ്ഡിതന്മാരെ ചോളരാജാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചു. അവര്‍ക്ക് ഭൂമി കരമൊഴിവായി (ബ്രഹ്മദേയം) കൊടുത്തിരുന്നു.
സൈന്യം. പ്രബലമായ നാവികശക്തിയായിരുന്നു ചോളര്‍. സിലോണ്‍ പിടിച്ചടക്കിയത് ചോളപ്പടയുടെ നാവികശക്തിക്കുദാഹരണമാണ്. കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളില്‍ ചോളന്മാര്‍ ആധിപത്യം പുലര്‍ത്തി. ബംഗാള്‍ ഉള്‍ക്കടല്‍ ചോളരാജ്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ശത്രുക്കപ്പലുകളുടെ മുകള്‍ത്തട്ടില്‍ ചാടി വീണ് ശത്രുവിനെ നശിപ്പിക്കാന്‍ ചോളപ്പടയ്ക്കുണ്ടായിരുന്ന കഴിവ് അദ്ഭുതാവഹമായിരുന്നു.
ആനപ്പട, കുതിരപ്പട, കാലാള്‍പ്പട എന്നീ വിഭാഗങ്ങളിലായി ഒരു മഹാസൈന്യത്തെ ചോളരാജാക്കന്മാര്‍ സംഘടിപ്പിച്ചിരുന്നു. അച്ചടക്കം, പരിശീലനം, യുദ്ധതന്ത്രം എന്നിവയില്‍ ചോളപ്പട ഉയര്‍ന്ന നിലവാരം പുലര്‍ത്തി. രാജാവിന്റെ ചിതാഗ്നിയില്‍ ആത്മാഹുതി ചെയ്യാന്‍ പോലും അംഗരക്ഷകര്‍ തയ്യാറായിരുന്നു. അറേബ്യയില്‍ നിന്ന് മേല്‍ത്തരം കുതിരകളെ സൈനികാവശ്യത്തിനുവേണ്ടി ഇറക്കുമതി ചെയ്തു വന്നിരുന്നു. നായക്, സേനാപതി, മഹാദണ്ഡനായകന്‍ തുടങ്ങിയവയായിരുന്നു സൈനികമേധാവികളുടെ പദവികള്‍. യുദ്ധങ്ങളില്‍ രാജാവും രാജകുമാരന്മാരുമായിരുന്നു പടനയിച്ചിരുന്നത്. യുദ്ധത്തില്‍ അസാമാന്യധൈര്യം കാണിക്കുന്നവര്‍ക്ക് 'ക്ഷത്രിയശിഖാമണി' എന്ന ബിരുദം കൊടുത്തിരുന്നു. ശത്രുവിനെ തകര്‍ക്കുമ്പോള്‍ പൗരജീവിതം താറുമാറാക്കാനും എതിരാളികളെ അംഗഭംഗപ്പെടുത്താനും സ്ത്രീകളെ അപമാനിക്കാനും ചോളപ്പടയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
പല്ലവരെയും മറ്റും ചോളരാജാക്കന്മാര്‍ യുദ്ധത്തില്‍ തോല്പിച്ചു. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ ചിലതും ഗംഗാതടത്തിലെ പല പ്രദേശങ്ങളും കീഴടക്കാന്‍ ചോളസൈന്യത്തിനു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മതസ്ഥാപനങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ പ്രചാരം ലഭിച്ചത് ഇങ്ങനെയാണ്.
1000-ത്തില്‍ രാജരാജചോളന്‍ കേരളത്തെ ആക്രമിച്ചു. ഈ ചോള-കേരളയുദ്ധങ്ങള്‍ 1120 വരെ തുടര്‍ന്നു. യുദ്ധത്തില്‍ അന്തിമമായി കേരളമാണ് വിജയിച്ചത്. നൂറുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഈ യുദ്ധം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കി. ചോള-കേരളയുദ്ധത്തിന്റെ ഭാഗമായി 1096-ല്‍ കുലോത്തുംഗന്‍ കൊല്ലം രാജ്യത്തെ ആക്രമിക്കുകയും തെക്കന്‍ കൊല്ലം ചുട്ടു നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ സ്മാരകമായി കൊല്ലം അഴിഞ്ഞാണ്ട് എന്ന പേരില്‍ ഇദ്ദേഹം ഒരു അബ്ദം ആരംഭിച്ചു.
തദ്ദേശ സഭകള്‍. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാന പങ്ക് പ്രാദേശിക ഭരണത്തിനായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ രാഷ്ട്രജീവിതത്തില്‍ പങ്കാളികളായി. ഓരോ ഗ്രാമത്തിലും രണ്ടു കാര്യനിര്‍വഹണ സഭകള്‍ ഉണ്ടായിരുന്നു. ഇവ 'ഊര്‍' എന്നും 'മഹാസഭ'യെന്നും അറിയപ്പെട്ടു. ഇവ രണ്ടും അതാതിടത്തെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെ സഭകളായിരുന്നു. 'ഊര്‍' പൊതുസ്വഭാവമുള്ളതും 'മഹാസഭ' ബ്രാഹ്മണരുടേതുമായിരുന്നു. പരാന്തകന്‍ ക-ന്റെ ഉത്തിരമേരൂര്‍ ശാസനം അവിടത്തെ മഹാസഭയുടെ തീരുമാനങ്ങളെയും അതിന്റെ കീഴിലുള്ള നിര്‍വഹണ സമിതികളായ 'വാരിയം' മുതലായവയെപ്പറ്റിയും പ്രതിപാദിക്കുന്നു. ഒന്നര ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം, സ്വന്തം ഭവനം, 35-നും 70-നും മധ്യേ പ്രായം, വേദശാസ്ത്രങ്ങളില്‍ അറിവ് എന്നീ യോഗ്യതകള്‍ ഉള്ളവരെ മാത്രമേ വാരിയത്തില്‍ അംഗങ്ങളാക്കിയിരുന്നുള്ളൂ. കണക്കു ബോധിപ്പിക്കാത്തവരും പാപികളും മോഷ്ടാക്കളും നിരുത്തരവാദികളും അംഗത്വത്തിന് അര്‍ഹരായിരുന്നില്ല. മൂന്നു കൊല്ലം അംഗമായിരുന്ന ആള്‍ പിന്നീട് അംഗമാകാന്‍ പാടില്ലെന്ന വ്യവസ്ഥ മൂലം ഓരോ പൗരനും ഭരണസമിതിയില്‍ പങ്കാളികളാകാന്‍ സന്ദര്‍ഭം ലഭിച്ചു. ഓരോ ഗ്രാമവും മുപ്പതു വാര്‍ഡുകളായി തിരിച്ച് ഓരോ വാര്‍ഡില്‍ നിന്നും ഓരോരുത്തരെ 'കുടപോല' സമ്പ്രദായമനുസരിച്ച് തെരഞ്ഞെടുത്തിരുന്നു.
ഈ മുപ്പതു പേരില്‍ പ്രായവും പരിചയവും ഉള്ള പന്ത്രണ്ടു പേരെ 'സംവത്സരവാരിയ'ത്തിലേക്കും പന്ത്രണ്ടു പേരെ 'തോട്ടം വാരിയ'ത്തിലേക്കും ആറുപേരെ 'ഏറിവാരിയ'ത്തിലേക്കും തെരഞ്ഞെടുക്കുമായിരുന്നു. ഇതുപോലെ തന്നെ 'പഞ്ചവാരമവാരിയ'വും 'പൊന്‍ വാരിയവും' ഉണ്ടായിരുന്നു. അര്‍ഹരായ വ്യക്തികളുടെ പേരുകള്‍ പ്രത്യേകം ഓലയിലെഴുതി ഒരു പാത്രത്തിലിട്ടു കറക്കി ഒരു ചെറിയ കുട്ടിയെക്കൊണ്ട് എടുപ്പിച്ചാണ് ഇതിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. വിദേശീയം, നീതിന്യായം, കൃഷി മുതലായവ നോക്കുന്നതിനും പ്രത്യേകം നിര്‍വഹണ സമിതികള്‍ ഉണ്ടായിരുന്നു. പ്രതിഫലത്തിനവകാശമില്ലാത്തതിനാല്‍ ഈ സമ്പ്രദായം ഏറ്റവും കാര്യക്ഷമതയോടുകൂടിയാണ് നടന്നിരുന്നത്. വാരിയ സാമാജികരെ 'വാരിയപ്പെരുമാക്ക'ളെന്നും മഹാസഭാ സാമാജികരെ 'പെരുംകുറിപ്പെരുമാക്ക'ളെന്നും വിളിച്ചിരുന്നു. കുളക്കര, അമ്പലമുറ്റം, ഗ്രാമത്തിലെ വലിയൊരു വൃക്ഷച്ഛായ എന്നിവയായിരുന്നു സമ്മേളന സ്ഥലങ്ങള്‍. സമിതി എല്ലാ പൊതുകാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നുവെന്നു മാത്രമല്ല, തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ചരിത്രരേഖകളില്‍ പറയുന്നു.
ഭൂമിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും മഹാസഭയുടെ അധികാര പരിധിയിലായിരുന്നു. തരിശുഭൂമി കൃഷിക്കുപയുക്തമാക്കുന്നതും നികുതി പിരിച്ച് കേന്ദ്രത്തിലേക്കയയ്ക്കുന്നതും കേന്ദ്രത്തിന്റെ ശാസനയ്ക്കനുസരിച്ചു ഭരിക്കുന്നതും മഹാസഭയായിരുന്നു. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നതും മഹാസഭയായിരുന്നു. മഹാസഭയുടെ അനുവാദമില്ലാതെ ഭൂമിയുടെ തരം മാറ്റി നിശ്ചയിക്കുന്നതിന് കേന്ദ്രം പോലും തയ്യാറായിരുന്നില്ല. ഗ്രാമഭരണത്തിന്റെ ചെലവിലേക്കായി പ്രത്യേകം നികുതി ചുമത്തുവാനും മഹാസഭയ്ക്കധികാരമുണ്ടായിരുന്നു. നീതിന്യായ നിര്‍വഹണ സമിതിയെ 'ന്യായത്തര്‍' എന്നാണ് വിളിച്ചിരുന്നത്. ഈ സമിതി മഹാസഭയുടെ അംഗീകാരത്തോടെ ശിക്ഷകള്‍ വിധിച്ചുപോന്നു.
സംസ്കാരം. സാംസ്കാരികമായി ഔന്നത്യം നേടിയിരുന്നവരായിരുന്നു ചോളദേശക്കാര്‍. ആചാര്യരായ ശങ്കരനും രാമാനുജനും ജീവിച്ചത് ഇക്കാലത്താണ്. ദ്രാവിഡ ഭാഷകളില്‍ ധാരാളം കൃതികള്‍ ഇക്കാലത്തുണ്ടായി.
ജനസമുദായം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരുന്നു. ചാതുര്‍വര്‍ണ്യവിഭജനത്തിനു പുറമേ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഉപജാതിവിഭജനവും ഉണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെട്ടതായിരുന്നില്ല. അടിമത്തം നടപ്പുണ്ടായിരുന്നു. ശൈശവ വിവാഹവും സതി സമ്പ്രദായവും നിലവിലുണ്ടായിരുന്നു.
വ്യക്തികള്‍ക്കും സമുദായത്തിനും ഭൂമിയില്‍ കൈവശാവകാശം ഉണ്ടായിരുന്നു. കൃഷി അഭിവൃദ്ധിപ്പെട്ടിരുന്നതിനാല്‍ ക്ഷാമം കുറവായിരുന്നു. അണക്കെട്ടുകളും ജലസംഭരണികളും ധാരാളമായി നിര്‍മിക്കപ്പെട്ടു. ലോഹവ്യവസായവും തുണി വ്യവസായവും പുരോഗമിച്ചു. മേന്മയേറിയ വസ്ത്രങ്ങളുടെ നിര്‍മാണ കേന്ദ്രമായിത്തീര്‍ന്നു കാഞ്ചീപുരം.
'മട' അല്ലെങ്കില്‍ 'പൊന്‍' എന്നറിയപ്പെട്ടിരുന്ന സ്വര്‍ണ നാണയങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് കച്ചവടത്തെ സഹായിച്ചു.
ശൈവമതവും വൈഷ്ണവ മതവുമായിരുന്നു അക്കാലത്തെ രണ്ടു പ്രധാന മതവിഭാഗങ്ങള്‍. ഇവയുടെ അടിസ്ഥാനപ്രമാണങ്ങള്‍ രൂപപ്പെടുത്തിയത് ചോളകാലത്താണ്. ശൈവ-വൈഷ്ണവ മതങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞിരുന്നു. കന്ദവാ രാജകുമാരി ധാരാപുരത്ത് പണികഴിപ്പിച്ച ശൈവ-വൈഷ്ണവക്ഷേത്രങ്ങള്‍ ഇതിനുദാഹരണമാണ്. ഇടയ്ക്കിടയ്ക്ക് ശൈവ-വൈഷ്ണവ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുലോത്തുംഗന്‍ II-ന്റെ കാലത്ത് രാമാനുജന്റെ മതശാസനങ്ങള്‍ മതപരമായ അസഹിഷ്ണുതയുണ്ടാക്കി. തഞ്ചാവൂര്‍ മഹാസഭയുടെ ഒരു തീരുമാനമനുസരിച്ച് (1160) വൈഷ്ണവരുമായി സൗഹാര്‍ദത്തില്‍ വര്‍ത്തിക്കുന്ന ശൈവര്‍ ശിക്ഷാര്‍ഹരായിത്തീര്‍ന്നു. ശൈവമതത്തിലെ 'കാളമുഖ'ക്കാര്‍ കൂടുതല്‍ രൂക്ഷരുമായി. മനുഷ്യന്റെ തലയോട്ടിയില്‍ ഭക്ഷണം കഴിക്കുക, ചാരം കലക്കി കുടിക്കുക മുതലായ കാപാലികാചാരങ്ങള്‍ക്ക് അവര്‍ തയ്യാറായി. ഈ മതങ്ങളോടൊപ്പം ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയും ചോളസാമ്രാജ്യത്തില്‍ നിലനിന്നു.
ചോളരാജാക്കന്മാര്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്കിയിരുന്നു. മീമാംസ, വ്യാകരണം എന്നിവ പഠിപ്പിക്കുന്ന ഉന്നത വിദ്യാപീഠങ്ങള്‍ സ്ഥാപിതമായി. അധ്യാപകാധ്യേതാക്കള്‍ക്ക് നിത്യച്ചെലവിനു പുറമേ വേതനവും നല്കിയിരുന്നു. ത്രിഭുവനയില്‍ ഒരു കലാശാല പ്രവര്‍ത്തിച്ചിരുന്നു (1048-ലെ ശാസനം). തിരുവാടുതുറൈയിലെ വൈദ്യശാസ്ത്ര കലാലയത്തില്‍ ചരക സംഹിതയും വാഗ്ഭടന്റെ അഷ്ടാംഗഹൃദയസംഗ്രഹവും അഭ്യസിപ്പിച്ചിരുന്നു (1121-ലെ ശാസനം).
ഉത്കൃഷ്ടങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ ചോളഭരണകാലത്തു രചിക്കപ്പെട്ടു. സുപ്രസിദ്ധ തമിഴ് ക്ലാസ്സിക് ആയ ശിവകചിന്താമണി 10-ാം ശതകത്തിലെ വിശിഷ്ട കൃതിയാണ്. ജൈന സന്ന്യാസിയായ തിരുത്തക്ക ദേവരാണ് കര്‍ത്താവ്. കല്ലടനാര്‍ രചിച്ച കല്ലാടവും കുന്തളകേശിയെന്ന ബൗദ്ധകവിതയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. ശൈവ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ രചിച്ച നമ്പി ആണ്ടാര്‍ നമ്പി 11-ാം ശതകത്തിലെ സുപ്രസിദ്ധ വേദാന്തിയായിരുന്നു. ബുദ്ധമിത്രന്‍ വ്യാകരണശാസ്ത്രമായ വീരശോളിയം രചിച്ചതും ഇക്കാലത്താണ്. കുലോത്തുംഗന്‍ I-ന്റെ കലിംഗ യുദ്ധത്തിന്റെ വിവരണമാണ് ജയങ്കൊണ്ടാരുടെ കലിംഗത്തുപ്പരണി. വിക്രമ ചോളന്റെയും കുലോത്തുംഗന്‍ II-ന്റെയും ആസ്ഥാന കവിയായിരുന്നു ഒറ്റകൂത്തന്‍. നളവെമ്പ എന്ന നളചരിതത്തിന്റെ കര്‍ത്താവായ പുഗഴേന്തി പ്രസിദ്ധനാണ്. പെരിയപുരാണ കര്‍ത്താവായ ചേക്കിഴാര്‍ ഈ കാലത്താണ് ജീവിച്ചത്. ദണ്ഡിയുടെ കാവ്യാദര്‍ശത്തെ അനുകരിച്ച് ദണ്ഡിയലങ്കാരം ഇക്കാലത്ത് വിരചിതമായി. ജൈനമത വൈയാകരണനായ പവനാണ്ടി കുലോത്തുംഗന്‍ III-ന്റെ കാലത്തു ജീവിച്ചിരുന്നു. ഋഗ്വേദഭാഷ്യം രചിച്ച വെങ്കട മാധവന്‍ പരാന്തകന്‍ I-ന്റെ കാലത്ത് ജീവിച്ചു. രാജരാജന്‍ II-ന്റെ ആജ്ഞയനുസരിച്ച് കേശവസ്വാമി നനാര്‍ഥാണ്ണവ സംക്ഷേപം എന്ന നിഘണ്ടു നിര്‍മിച്ചു.
വാസ്തുശില്പം. ചോള ഭരണകാലത്ത് ശില്പകല വളരെയധികം പുരോഗമിച്ചു. ചൈതന്യവത്തായ ഒരു വാസ്തുശില്പശൈലി ആവിഷ്കരിക്കുവാന്‍ ചോളന്മാര്‍ക്കു കഴിഞ്ഞു. ക്ഷേത്രശില്പകലയില്‍ പല്ലവശൈലിയെ അനുകരിച്ചിട്ടുമുണ്ട്. വിജയാലയചോളന്‍ പണിചെയ്യിച്ച വിജയാലയചോളേശ്വര ക്ഷേത്രത്തിനു വൃത്താകൃതിയിലുള്ള ശ്രീകോവിലിനു പുറമേ ചതുരത്തിലുള്ള ചുറ്റമ്പലവും ഉണ്ട്. പരാന്തകന്‍ ക-ന്റെ കാലത്ത് ശ്രീനിവാസനല്ലൂരില്‍ (തിരുച്ചിറപ്പള്ളി) പണിത കൊരംഗനാഥക്ഷേത്രം ചോളശൈലിയുടെ പ്രാരംഭമാണ്. ലളിതമായ ശ്രീകോവിലും മണ്ഡപവും മാത്രം അതിലുള്‍ക്കൊള്ളുന്നു.
ദ്രാവിഡ ക്ഷേത്രനിര്‍മാണശൈലി പോഷിപ്പിച്ചത് രാജരാജന്‍ I-ഉം പുത്രനായ രാജേന്ദ്രന്‍ I-ഉം ആണ്. രാജരാജന്‍ തഞ്ചാവൂരില്‍ പണിചെയ്യിച്ച (1003-10) പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്രത്തിന്റെ പ്രത്യേകത ഗോപുരത്തിലെ സൂചീസ്തംഭാകാര വിമാനമാണ്.
രാജേന്ദ്രചോളനു ശേഷം വാസ്തുശൈലിയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. പാണ്ഡ്യശക്തി വര്‍ധിച്ചതോടെ ചോളശൈലിയുടെ വ്യക്തിത്വം നഷ്ടപ്പെട്ടു. ധാരാപുരത്തെ ഐരാവതേശ്വര ക്ഷേത്രവും ത്രിഭുവനത്തിലെ ത്രിഭുവനേശ്വരക്ഷേത്രവും ഇതിനുദാഹരണങ്ങളാണ്. ദേവാലയ പരിസരങ്ങളില്‍ ഉണ്ടാക്കിയ ഉപക്ഷേത്രങ്ങള്‍ക്ക് പ്രധാന ക്ഷേത്രത്തെക്കാള്‍ പ്രാധാന്യം വര്‍ധിച്ചതും ഗോപുരത്തിന് പ്രാധാന്യമുണ്ടായതും പാണ്ഡ്യ വാസ്തുശില്പശൈലിയുടെ സ്വാധീനംമൂലമായിരുന്നു.
(കെ.എസ്. ആഷിക്; സ.പ.)