This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോരക്കാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചോരക്കാലി== ==Red Shank== സ്കോളോപാസിഡേ (Scolopacidae) കുടുംബത്തില്‍പ്പെട്ട ഒ...)
അടുത്ത വ്യത്യാസം →

09:16, 4 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചോരക്കാലി

Red Shank

സ്കോളോപാസിഡേ (Scolopacidae) കുടുംബത്തില്‍പ്പെട്ട ഒരിനം കാടക്കൊക്ക്. ശാസ്ത്രനാമം: ട്രിങ്ഗ റ്റൊറ്റാനസ് റ്റൊറ്റാനസ് (Tringa totanus totanus). പേര് സൂചിപ്പിക്കുന്നതുപോലെ ചുവപ്പു നിറമുള്ള നീണ്ട കാലുകളോടുകൂടിയ ഈ പക്ഷിക്ക് കാടപ്പക്ഷിയെക്കാള്‍ അല്പം വലുപ്പം കുറവാണ്. ഗോത്രനാമം: കരാഡ്രിഫോര്‍മിസ് (Charadriformes). ചോരക്കാലിയുടെ കാലുകള്‍ക്ക് സു. 30 സെ.മീ. നീളമുണ്ട്. ഇവയുടെ പുറത്തിനു തവിട്ടുനിറമോ ഇളം ചാരനിറമോ ആയിരിക്കും. വാല് തുടങ്ങുന്നിടത്തും ചിറകിന്റെ അരികുകളിലും വെളുത്ത നിറമാണ്. വാലിന് സു. 30 മി.മീ. നീളമുണ്ട്. മാറിടത്തില്‍ ധാരാളം തവിട്ടു വരകളുള്ളതൊഴിച്ചാല്‍ അടിവശം ആകെ വെള്ളയാണ്. ഇതിനും ഉപരിഭാഗത്ത് വെളുത്ത ത്രികോണ അടയാളമുണ്ട്. ചുവന്ന കൊക്കിന്റെ അഗ്രഭാഗത്തിനും നഖത്തിനും കറുത്ത നിറമാണ്. ചിറകുകളുടെ പിന്‍ അരികില്‍ ദേഹത്തിനു തൊട്ടുകിടക്കുന്ന വീതിയുള്ള തൂവെള്ളപ്പട്ട ചോരക്കാലിയുടെ പ്രധാന ലക്ഷണമാണ്. ഇരുണ്ട ചിറകുകള്‍ ഈ പട്ടയ്ക്കു പരഭാഗശോഭ നല്കുന്നതില്‍ അതു വളരെ തെളിഞ്ഞുകാണാം. രൂപത്തില്‍ ആണിനും പെണ്ണിനും വ്യത്യാസമില്ലായെന്നതും ഈ പക്ഷിയുടെ പ്രത്യേകതയാണ്. ശൈത്യകാലത്ത് ഇവയുടെ പറക്കത്തൂവലിന്റെ മുകള്‍ഭാഗം ഇളം ചാരനിറം കലര്‍ന്ന തവിട്ടു നിറവും കീഴ്ഭാഗം വെള്ളനിറവും ആര്‍ജിക്കുന്നു. വേനല്‍ക്കാലത്ത് പുറംതൂവലിന്റെ മുകള്‍തലം രേഖാങ്കിതമായ തവിട്ടു നിറവും കീഴ്ഭാഗം തവിട്ടു നിറത്തിലുള്ള പുള്ളികളോടുകൂടിയ വെളുത്ത നിറവും കൈവരിക്കുന്നു.

ചതുപ്പുപ്രദേശങ്ങളിലും കായല്‍ത്തീരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ചെറിയ ഇനം ജലപ്രാണികള്‍, കവചമത്സ്യങ്ങള്‍, ക്രസ്റ്റേഷ്യ ഇനത്തിലുള്ള ജീവികള്‍, വാല്‍മാക്രി, ചിലയിനം ഒച്ചുകള്‍ എന്നിവയാണ് ആഹാരം.

ചതുപ്പുനിലങ്ങളില്‍ ഇവ പുല്‍നാമ്പുകള്‍ കൊണ്ടു കൂടുണ്ടാക്കുന്നു. പുല്ലുകള്‍ കൊണ്ടുതന്നെ കൂട് മുറിച്ചുവയ്ക്കുകയും ചെയ്യും. ഒരു തവണ നാലു മുട്ടകള്‍ വരെ ഇടാറുണ്ട്. മുട്ടകളില്‍ തവിട്ടു നിറത്തിലുള്ള പുള്ളികളുണ്ട്.

വേനല്‍ക്കാലത്ത് കാശ്മീര്‍, ലഡാക്ക്, തിബത്ത് എന്നിവിടങ്ങളിലും യൂറോപ്പിലും ഏഷ്യയുടെ വടക്കന്‍ പ്രദേശങ്ങളിലും പശ്ചിമചൈനയിലും ഇവ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശൈത്യകാലത്ത് ഇന്ത്യ, ശ്രീലങ്ക, മ്യാന്മര്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കേ ഏഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും കണ്ടുവരുന്നു.

അഞ്ചും എട്ടും മുതല്‍ മുപ്പതും നാല്പതും അടങ്ങുന്ന ചെറുകൂട്ടങ്ങളായാണ് മിക്കപ്പോഴും ഇവ കാണപ്പെടുക; കൊക്കുവര്‍ഗത്തില്‍പ്പെട്ട മറ്റിനം പക്ഷികളുമായി നീങ്ങുന്നതും അപൂര്‍വമല്ല. 'ടിയു-ടിയു-ടിയു' എന്നും 'ടിയു-ടിയിയിയി-ടിയു' എന്നും ചൂളമിട്ടുകൊണ്ടു പറക്കും.

ട്രിങ്ഗ നെബുലേറിയ എന്നു ശാസ്ത്രനാമമുള്ള പച്ചക്കാലി (ഗ്രീന്‍ ഷാങ്ക്)ക്ക് ചോരക്കാലിയോട് ഏറെ സാദൃശ്യമുണ്ട്. കൊക്കിനു വളവില്ല എന്നതൊഴിച്ചാല്‍ ഇവയുടെ രൂപം പച്ചക്കാലിയുടേതു തന്നെയാണ്.

ചോരക്കാലി ഉള്‍പ്പെടുന്ന ട്രിങ്ഗ ജീനസ്സില്‍പ്പെട്ട മറ്റിനം പക്ഷികളാണ് ട്രിങ്ഗ എറിത്രോപസ് (Tringa erythropus) ട്രിങ്ഗ സ്റ്റാഗ്നാറ്റിലിസ് (Tringa stagnatilis -ചതുപ്പന്‍), ട്രിങ്ഗ ഒക്റോപസ് (Tringa ochropus - കരിമ്പന്‍ കാടക്കൊക്ക്), ട്രിങ്ഗ ഗ്ലേറിയോള (Tringa glareola- പുള്ളിക്കാടക്കൊക്ക്), ട്രിങ്ഗ സിനീരിയ (Tringa cinerea - ടെറക് മണലൂതി), ട്രിങ്ഗ ഹൈപ്പോലൂക്കോസ് (Tringa hypoleucos -നീര്‍ക്കാട) എന്നിവ.

(ഡോ. ആര്‍. രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍