This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് വാസ്തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചൈനീസ് വാസ്തുവിദ്യ== ചൈനീസ് മാതൃകയിലുള്ള കെട്ടിട നിര്‍മാണത...)
അടുത്ത വ്യത്യാസം →

07:19, 4 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ചൈനീസ് വാസ്തുവിദ്യ

ചൈനീസ് മാതൃകയിലുള്ള കെട്ടിട നിര്‍മാണത്തിന്റെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാനശാഖ. വളരെ സമ്പന്നമായ വാസ്തുവിദ്യാപാരമ്പര്യമാണ് ചൈനയ്ക്കുള്ളത്. ഈ പാരമ്പര്യത്തെ വിളിച്ചോതുന്ന നിരവധി സ്മാരകങ്ങള്‍ ഇന്ന് സംരക്ഷിത നിലയില്‍ കാണപ്പെടുന്നുണ്ട്. ആദ്യകാലത്ത് തനതായ വാസ്തുവിദ്യാശൈലിയായിരുന്നു ചൈനയ്ക്കുണ്ടായിരുന്നത്. ആഗോളതലത്തില്‍ വന്ന പുത്തന്‍ പ്രവണതകളുടെ സ്വാധീനം നിഴലിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നുമില്ലാതെ തനതു സ്വഭാവം ഇന്നും നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നുണ്ട്.

ആമുഖം

ചൈനീസ് വാസ്തുവിദ്യയില്‍ വ്യത്യസ്ത ശൈലികള്‍ ഇല്ലെന്നും സരളമായ വാസ്തുവിദ്യാസമ്പ്രദായങ്ങള്‍ കാലക്രമത്തില്‍ സങ്കീര്‍ണങ്ങളായി പരിണമിക്കുക മാത്രമാണുണ്ടായതെന്നും പരക്കെ അഭിപ്രായമുണ്ട്. ചൈനീസ് വാസ്തുവിദ്യയിലെ അടിസ്ഥാനപദാര്‍ഥം തടി ആയതാണ് ഇങ്ങനെ ഒരു തെറ്റിദ്ധാരണ പ്രചരിക്കാനുണ്ടായ മുഖ്യകാരണം. വളരെപ്പെട്ടെന്നുണ്ടാകുന്ന ശൈലീവ്യതിയാനങ്ങളെ സ്വാംശീകരിക്കാന്‍ അനുയോജ്യമായ മാധ്യമമല്ല തടി.

ചൈനയില്‍ വ്യാപകമായി കാണാറുള്ള ഒന്നാണ് കൂടാരം പോലുള്ള കെട്ടിടങ്ങള്‍. ഇവയുടെ നിര്‍മാണത്തില്‍പ്പോലും പൊതുവായ ചില അടിസ്ഥാനധര്‍മങ്ങള്‍ പാലിക്കപ്പെടണമെന്ന നിര്‍ബന്ധബുദ്ധിയും മേല്പറഞ്ഞ തെറ്റിദ്ധാരണയ്ക്ക് ഇട നല്കി.

മൂവായിരം വര്‍ഷം തുടര്‍ച്ചയായി വികാസം പ്രാപിച്ചതാണ് ചൈനീസ് വാസ്തുവിദ്യ. ചൈന ഭരിച്ച രാജവംശങ്ങള്‍ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് വിവിധ വാസ്തുവിദ്യാസമ്പ്രദായങ്ങളാണ് പ്രോത്സാഹിപ്പിച്ചതെങ്കിലും ഇവയിലുടനീളം ചൈനീസ് സംസ്കാരത്തിന്റെ മൂല്യങ്ങളായി കരുതപ്പെടുന്ന ചില പൊതു തത്ത്വങ്ങളും ചിന്താഗതികളും പ്രതിഫലിച്ചു കാണുന്നുണ്ട്. ചൈനയിലെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതിയും അവരുടെ മതപരമായ കാഴ്ചപ്പാടുമാണ് വാസ്തുവിദ്യാപ്രക്രിയകളെ പ്രോത്സാഹിപ്പിച്ചിരുന്നത്. ചൈനയിലെ നഗര സംവിധാനത്തിന്റെ കാര്യം തന്നെ ഉദാഹരണമാണ്. അതിന്റെ കേന്ദ്രബിന്ദു രാജകൊട്ടാരമാണ്. അതിനു താഴെ പടിപടിയായ സാമൂഹ്യനിലയെ അടിസ്ഥാനമാക്കി മറ്റു വ്യക്തികളുടെ കെട്ടിടങ്ങള്‍ പണിയുന്നു. അവയുടെ നിര്‍മാണത്തിലുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍, അവയുടെ നിറം, മാറ്റ് എന്നിവ നിശ്ചയിക്കുന്നത് അതിന്റെ ഉടമയുടെ സാമുദായികനിലയെ ആസ്പദമാക്കിയാണ്. കണ്‍ഫ്യൂഷ്യന്‍ പ്രായോഗികവാദമാണ് (Confucian Pragmatism) ഈ സ്ഥിതിക്കു കാരണമെന്നു കരുതപ്പെടുന്നു. അതേസമയം, വാസ്തുവിദ്യയില്‍ പ്രകടമായിക്കാണുന്ന പ്രകൃതിസ്നേഹത്തിനു നിദാനം ചൈനയിലെ തത്ത്വചിന്തയുടെയും മതവിശ്വാസത്തിന്റെയും വേറൊരു മുഖമായ ദൗയിസം (Taoism) ആണ്. പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും സന്തുലിതാവസ്ഥയെ തകരാറിലാക്കുന്ന തരത്തിലുള്ള ഒരു നിര്‍മാണശൈലിക്കും ചൈനക്കാര്‍ മുതിര്‍ന്നിരുന്നില്ല. അത്തരത്തില്‍ എന്തെങ്കിലും ഒന്നു സംഭവിച്ചാല്‍ അത് മാന്ത്രികതലങ്ങളില്‍ (Magic level) വളരെ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നവര്‍ ഭയപ്പെട്ടിരുന്നു. ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുപോരുന്ന രീതിയിലാണ് ചൈനീസ് വാസ്തുവിദ്യാശൈലിതന്നെ. ഉദാഹരണമായി സമീപത്തുള്ള കുന്നുകളുടെ ബാഹ്യരൂപവുമായി (contours) ചേര്‍ന്നു പോകത്തക്കരീതിയിലാണ് മതിലുകള്‍ പണിതിരുന്നത്. ചൈനയിലെ വന്‍മതില്‍, മറ്റു ഗംഭീരങ്ങളായ രാജകീയാരാമങ്ങള്‍ എന്നിവ പണിയുമ്പോള്‍ അവയ്ക്കിടയില്‍ വരുന്ന നദികള്‍, തടാകങ്ങള്‍, കുന്നുകള്‍ തുടങ്ങിയവയെ നശിപ്പിക്കാതെ അവയെക്കൂടി ആ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന രീതിയാണുണ്ടായിരുന്നത്. ചെറിയ പൂന്തോട്ടങ്ങളില്‍ ചെടികള്‍, ചരല്‍ക്കല്ലുകള്‍, പാറക്കഷണങ്ങള്‍ എന്നിവയെല്ലാം സ്ഥാപിക്കുന്നത് ചില അടിസ്ഥാന തത്ത്വങ്ങള്‍ക്കും മാന്ത്രികവിധികള്‍ക്കും (magical relationships) അനുരൂപമായിട്ടാണെങ്കിലും അവയെല്ലാം ചുറ്റുപാടുകളുമായി അനുയോജ്യമായ രീതിയിലാണു നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

ഇങ്ങനെ അനേകം നിയമാവലികള്‍ക്കു വിധേയമായതാണ് ചൈനീസ് വാസ്തുവിദ്യാരീതികള്‍. ഇവയെല്ലാം ഓരോ തലമുറയും വരുംതലമുറയ്ക്കു കൈമാറി എന്നല്ലാതെ വാസ്തുവിദ്യാസമ്പ്രദായങ്ങളെ ചൈനക്കാര്‍ പ്രത്യേകമായി രേഖപ്പെടുത്തി വച്ചിരുന്നില്ല. ചില സാങ്കേതിക മാനുവലുകള്‍ ഉണ്ടായിരുന്നെന്നല്ലാതെ വാസ്തുവിദ്യയെക്കുറിച്ചു ഗഹനമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇല്ലായിരുന്നു. ഹാന്‍ വംശകാലം തൊട്ടു പ്രചാരത്തില്‍ വന്ന രീതികള്‍ ക്രമേണ വിദൂരപൗരസ്ത്യദേശങ്ങള്‍ മുഴുവനും വ്യാപിച്ചു.

ചൈനീസ് വാസ്തുവിദ്യയുടെ മറ്റൊരു സവിശേഷതയാണ് അതിന്റെ അനാവരണ ശൈലി. ചൈനയിലെ പൂന്തോട്ടസംവിധാനത്തിലും ഇതേ ശൈലിയാണു സ്വീകരിച്ചിട്ടുള്ളത്. ഒരു വാസ്തുശില്പത്തിന്റെ ഗാംഭീര്യം പൂര്‍ണമായി ഒറ്റനോട്ടത്തില്‍ത്തന്നെ കാണികളുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുവാന്‍ ചൈനക്കാര്‍ ആഗ്രഹിച്ചിരുന്നില്ല. വാസ്തുശില്പത്തിന്റെ ഉള്ളിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുചെല്ലുമ്പോള്‍ മാത്രമേ അതിന്റെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യപ്പെടാവൂ എന്നവര്‍ നിഷ്കര്‍ഷിച്ചിരുന്നു. എത്രത്തോളം അതിനെ വിശകലനം ചെയ്യുന്നുവോ അത്രത്തോളം ഇതിന്റെ മഹനീയതയും വെളിവാക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

സവിശേഷതകള്‍.

മറ്റു കിഴക്കന്‍ രാജ്യങ്ങളുടേതില്‍ നിന്നും തികച്ചും വിഭിന്നമായ ഒന്നാണ് ചൈനക്കാരുടെ വാസ്തുവിദ്യാസമ്പ്രദായം. അവയുടെ രൂപഭംഗി, അലങ്കാരപ്പണി എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന പദാര്‍ഥങ്ങള്‍ മാര്‍ബിള്‍, കല്ല്, ചെങ്കല്ല്/ഇഷ്ടിക, തടി, മുള, കളിമണ്ണില്‍ തീര്‍ത്ത ഓടുകള്‍ മുതലായവയാണ് മിക്കപ്പോഴും ഇവ തേച്ചു മിനുക്കി ചായം പൂശി മോടിപിടിപ്പിച്ചവയുമായിരിക്കും.

ചൈനയിലെ ഭൂരിഭാഗം കെട്ടിടങ്ങളും രണ്ടു നിലകളുള്ളവയാണ്. എന്നാല്‍ അപൂര്‍വമായി അനേക നിലകളുള്ള കെട്ടിടങ്ങളും പണിയാറുണ്ട്. നിര്‍മാണത്തിനുപയോഗിക്കുന്ന തടികളെ കമനീയമായി ചായം പൂശി അവയില്‍ ചിത്രപ്പണികള്‍ ചെയ്യുന്നതുകൊണ്ട് കെട്ടിടങ്ങള്‍ നയനമനോഹരമായ ദൃശ്യം പ്രദാനം ചെയ്യുന്നു. ജനാലകള്‍ സൂക്ഷ്മമായ ട്രെസ്സില്‍പ്പണി (trestle work) കൊണ്ടു മോടിപിടിപ്പിച്ചവയായിരിക്കും. ചുവരുകളോടു ചേര്‍ത്ത് തടികൊണ്ടു പണിത തൂണുകളാണ് മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നത്. ഇതിനാല്‍ ചുവരുകള്‍ക്ക് മേല്‍ഭാരം അധികമായി വഹിക്കേണ്ടിവരുന്നില്ല. മേല്‍ക്കൂര മിക്കവാറും മുള കൊണ്ടായിരിക്കും നിര്‍മിക്കുക.

പാശ്ചാത്യരെപ്പോലെ മേല്‍ക്കൂരയുടെ താങ്ങിനായി ചൈനക്കാര്‍ ത്രികോണാകൃതിയിലുള്ള ബലമേറിയ ട്രസ്സ് (rigid triangular truss) ഉപയോഗിക്കാറില്ല. പകരം തൂണുകളും ഉത്തരങ്ങളും കൊണ്ടു തീര്‍ത്ത ഒരു ചട്ടക്കൂടില്‍ ഉറപ്പിച്ചിട്ടുള്ള നെടുകെയുള്ള പര്‍ലിനുകള്‍ (longitudinal purlins) ആണ് ഉപയോഗിക്കാറുള്ളത്. ഈ ചട്ടക്കൂടിന്റെ ആകാരം ഏതു രൂപത്തിലും പണിയാം. ഇതുകൊണ്ടുതന്നെ ഈ രീതി ചൈനയിലെ വീടുകളുടെ പ്രത്യേകതയായ കോണ്‍കേവ് നിഴല്‍ച്ചിത്ര (concave silhouette) മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മാണത്തിന് തികച്ചും അനുയോജ്യവുമാണ്. സവിശേഷമായതും വക്രീയരൂപത്തിലുള്ളതുമായ ഈ മേല്‍ക്കൂരയുടെ ഉദ്ഭവത്തെക്കുറിച്ച് അറിവില്ല. വാസ്തുവിദ്യയുമായി ബന്ധപ്പെട്ടവരുടെ ഇടയില്‍ത്തന്നെ ഇതിനെക്കുറിച്ച് ഏകാഭിപ്രായമില്ല. ഇത്തരത്തിലുള്ള മേല്‍ക്കൂരകള്‍ ചൈനയില്‍ ആദ്യമായി കണ്ടുതുടങ്ങുന്നത് 6-ാം ശ.-ലാണ്. അതിനുമുമ്പ് അന്നത്തെ ചൈനയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് ഈ മാതൃക ദൃശ്യമായിരുന്നത്. അവിടെയുണ്ടായിരുന്നവര്‍ തങ്ങളുടെ മേല്‍ക്കൂരയില്‍ പാകിയിരുന്നത് 'നിപാ' മരത്തിന്റെ (nipa palm) ഇലകളോ പിളര്‍ന്ന മുളത്തുണ്ടുകളോ ആയിരുന്നു. ഉണങ്ങുന്തോറും അല്പാല്പം താഴ്ന്നുവരുന്ന ഇവ ക്രമേണ വക്രീയരൂപം കൈക്കൊള്ളുന്നു. ക്രമേണ ഇത് കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ദൃശ്യസൗകുമാര്യം വര്‍ധിക്കുവാന്‍ സഹായകമാകുന്നു. ഈ കലാഭംഗി കാരണമാകാം വക്രീയരീതിയിലുള്ള നിര്‍മാണ മാതൃക ചൈനക്കാര്‍ സ്വീകരിച്ചത്.

ചൈനയില്‍ കാണാറുള്ള മേല്‍ക്കൂരയുടെ മറ്റൊരു പ്രത്യേകത അവയുടെ അരികുകള്‍ മുകളിലോട്ട് വളഞ്ഞിരിക്കുന്നു എന്നതാണ്. മേല്‍ക്കൂര അമിതമായി പുറത്തോട്ടു തള്ളിനില്ക്കുന്നതിനെ നിയന്ത്രിക്കുകയാണതിന്റെ ലക്ഷ്യം. ചില അവസരങ്ങളില്‍ ഒന്നില്‍ നിന്നും മറ്റൊന്നു പുറത്തേക്കു വരുന്നു എന്നു തോന്നത്തക്കരീതിയിലും മേല്‍ക്കൂരകള്‍ പണിയാറുണ്ട്.

ജനാലകളും വാതിലുകളും വര്‍ത്തുളാകൃതിയിലാണ് മിക്കവാറും നിര്‍മിക്കുന്നത്. ചുവരുകളില്‍ കുമ്മായം പൂശാറുണ്ട്. കൂടാതെ ചൈനയില്‍ അന്ന് അറിയപ്പെട്ടിരുന്ന പലതിന്റെയും പ്രതീകാത്മക ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തും കൊത്തിവച്ചും ചുവരുകളെ വീണ്ടും മോടി പിടിപ്പിച്ചിരുന്നു. തടികൊണ്ടു നിര്‍മിക്കുന്ന വീടിന്റെ പ്രധാനഭാഗങ്ങള്‍ യഥാക്രമം അസ്തിവാരം, വാതിലിന്റെ ട്രസ്സ് (roof bracket/truss), മേല്‍ക്കൂര എന്നിവയാണ്. കൊട്ടാരങ്ങളുടെ പ്രവേശനകവാടങ്ങള്‍, പാലങ്ങളുടെ കമാനങ്ങള്‍, ശവക്കല്ലറകള്‍, നിലവറകള്‍ തുടങ്ങിയവ പണിയാന്‍ കല്ലും ഇഷ്ടികയുമാണുപയോഗിച്ചിരുന്നത്.

രണ്ടു നിലക്കെട്ടിടമാണെങ്കില്‍ ഒന്നാം നിലയിലെ മുറികള്‍ക്കു മുമ്പില്‍ സാധാരണയായി മട്ടുപ്പാവ് (balcony) നിര്‍മിക്കുന്നു. മട്ടുപ്പാവിന്റെ മുന്‍ഭാഗത്ത് അലങ്കാരങ്ങളും കാണാം.

രാജകൊട്ടാരമാണെങ്കില്‍ വിശാലവും ചായം പൂശി ഭംഗിയാക്കിയതുമായ അങ്കണങ്ങള്‍, ഗാലറികള്‍, സഭാമുറികള്‍ എന്നിവയാല്‍ അലങ്കൃതവുമായിരിക്കും. തൂണുകളും ഉത്തരങ്ങളും ഉപയോഗിച്ചു ചെയ്യുന്ന കെട്ടിടനിര്‍മാണത്തിന്റെ സവിശേഷത അവയുടെ ഭാരവാഹകസ്വഭാവമാണ്. ഭാരവാഹകങ്ങളല്ലാത്ത ചുവരുകള്‍ക്കു പകരം മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നത് ചട്ടക്കൂടുകളാണ്. കെട്ടിടത്തെ ആവശ്യാനുസരണം വിവിധ മുറികളായി ഭാഗിക്കുവാന്‍വേണ്ടി മാത്രമാണ് ചുവരുകള്‍ പണിഞ്ഞിരുന്നത്. മുറിയുടെ വിസ്തൃതിക്കനുസരണമായി ചുവരുകളുടെ സ്ഥാനവും മാറുന്നു. തുറന്ന ഹാളുകള്‍ക്കും ചെറിയ മുറിയുടെ രൂപത്തിലുള്ള പവിലിയനുകള്‍ക്കും ചുവരുകള്‍ കാണാറില്ല. മരത്തടിയില്‍ത്തീര്‍ത്ത ചട്ടക്കൂടിനു നല്ല ഇലാസ്തികത ഉള്ളതിനാല്‍ അവയ്ക്കു ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കാന്‍ കഴിയുന്നു. സഹസ്രാബ്ദങ്ങളായി ശക്തിയേറിയ ഭൂമികുലുക്കങ്ങളെപ്പോലും അതിജീവിച്ചവയും തടിയില്‍ പണിതതുമായ അനേകം മന്ദിരങ്ങള്‍ ഇന്നും ചൈനയില്‍ ഉണ്ട്. ഷാന്‍സി പ്രവിശ്യയിലെ യിന്‍സിയന്‍ (Yingxian) പ്രവിശ്യയില്‍ പണിത (1056) മരം കൊണ്ടുള്ള പഗോഡ, ടിയന്‍ജിന്‍ (Tianjin) നഗരത്തിലെ ഡോലെ (Du'le) ക്ഷേത്രത്തില്‍ പണിത (1884) അവലോകിതേശ്വര പവിലിയന്‍ എന്നിവ ഇവയില്‍ ശ്രദ്ധേയങ്ങളാണ്. രണ്ടാമത്തെ പവിലിയന്‍ വളരെ കഠിനമായ ഭൂമികുലുക്കങ്ങളെപ്പോലും അതിജീവിച്ചതാണ്. കെട്ടിടങ്ങളുടെ ഈ സ്വഭാവവിശേഷത്തെ സൂചിപ്പിക്കുന്ന 'ചുവരുകള്‍ തകര്‍ന്നുവീണാലും കെട്ടിടം നിലംപതിക്കില്ല' എന്നൊരു ചൊല്ലു തന്നെ ചൈനയില്‍ പ്രചാരത്തിലുണ്ട്.

ആവശ്യാനുസരണമായി മാത്രമേ പ്രാചീന വാസ്തുവിദ്യയില്‍ പ്ളെയിന്‍ ലേ ഔട്ടിന്റെ രൂപം നിശ്ചയിച്ചിരുന്നുള്ളു. മഹാന്മാരോടുള്ള ആദരസൂചകമായോ മതപരമായ കാര്യങ്ങള്‍ക്കായോ പണിതിരുന്ന രാജകൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍, ആഫീസുകള്‍, ഉദ്യോഗസ്ഥരുടെ വസതികള്‍ തുടങ്ങിയവ പ്രതിസാമ്യമുള്ളവയും (symmetrical) വൃത്തിയുള്ളവയും തമ്മില്‍ ഇണങ്ങിച്ചേരുന്ന ഘടനയുള്ളവയും ആയിരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകത; സൂര്യപ്രകാശത്തിന്റെ തോത്, കാറ്റിന്റെ ദിശ, മഴയുടെ അളവ് തുടങ്ങിയ കാലാവസ്ഥാപ്രത്യേകതകള്‍; ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുമായി കൂടിച്ചേര്‍ന്നു പോകത്തക്ക രീതിയിലാണ് സ്വകാര്യഭവനങ്ങള്‍, പൂന്തോട്ടങ്ങള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍ മുതലായവ നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇവയെല്ലാം വ്യത്യസ്ത സ്ഥലങ്ങളില്‍ വിവിധതരത്തിലായതിനാല്‍ നിര്‍മാണശൈലിയിലും ഈ മാറ്റം പ്രതിഫലിച്ചിരുന്നു.

പവിലിയന്‍ സങ്കല്പം

പവിലിയന്‍ സങ്കല്പം (Pavillion concept) കെട്ടിടനിര്‍മാണ പദ്ധതിയുടെ രൂപഭാവങ്ങള്‍ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകം ചൈനക്കാരുടെ പവിലിയന്‍ മാതൃകയിലുള്ള കെട്ടിടനിര്‍മാണമാണ്. ഈ രീതിയനുസരിച്ച് ഓരോ വീടും സമചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ഉള്ള ഓരോ പ്രത്യേക യൂണിറ്റായി വിഭാവനം ചെയ്യപ്പെടുന്നു. അങ്കണത്തിനു ചുറ്റുമായി പണിതുയര്‍ത്തുന്ന യൂണിറ്റുകളെ അങ്കണവുമായി ബന്ധിപ്പിക്കുന്നതു തുറന്ന ഗാലറികളിലൂടെയാണ്. സ്വകാര്യ ആവശ്യത്തിനുള്ള വലിയ ഹര്‍മ്യങ്ങളാണെങ്കില്‍ അവയിലെ മുറികളെ ഹാളുകള്‍, അങ്കണങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുന്നത് അനൌപചാരികമായ രീതിയിലായിരിക്കും. ബൃഹത്തായ കൊട്ടാരങ്ങളില്‍ പ്രധാന മുറികളുടെ പുറകുവശത്ത് അതിനോടു ചേര്‍ന്ന് അങ്കണങ്ങള്‍ പണിയുന്നു. മറ്റ് അങ്കണങ്ങളും അപ്രധാനമുറികളും ഇതിനു പിന്നിലായികാണാം. പക്ഷേ, എല്ലായിടത്തും പ്രവേശനകവാടമായുപയോഗിക്കുന്ന അങ്കണവും അതിനോടുചേര്‍ന്നു നില്ക്കുന്ന പ്രധാന ഹാളും കവാടത്തിന്റെ (gate) അക്ഷീയരേഖയില്‍ വരുന്ന രീതിയിലാണ് പണിയുന്നത്. പുരാതന മുറികളും ക്ഷേത്രങ്ങളും ഇതേ മാതൃകയില്‍ത്തന്നെയാണ് പണിതിട്ടുള്ളത്. ഓരോ കെട്ടിടത്തിന്റെയും രൂപം നിര്‍ണയിക്കുന്നതില്‍ അവയുടെ മേല്‍ക്കൂരയുടെ ആകാരത്തിനും കാര്യമായ പങ്കുണ്ട്. മേല്‍ക്കൂരയുടെ നിര്‍മാണത്തിലെ വൈവിധ്യം ഏറ്റവും കൂടുതല്‍ പ്രകടമായിക്കാണുന്നത് സുങ് (960-1279), മിങ് (1368-1644), ചിങ് (1644-1912) തുടങ്ങിയ രാജവംശങ്ങളുടെ കാലത്താണ്. അക്കാലത്തെ വാസ്തുശില്പങ്ങളുടെ പകിട്ടിനുള്ള പ്രധാന കാരണവും ഇതാണ്.

കെട്ടിടനിര്‍മാണരീതിയുടെ മറ്റൊരു സവിശേഷതയാണ് മേല്‍ക്കൂരയുടെ താങ്ങിനായി പണിയുന്ന തൂണുകള്‍. ആദ്യം തൂണുകള്‍ താത്കാലികമായിട്ടാണ് നിര്‍മിക്കുന്നത്. ഇവയുടെ മുകളില്‍ മേല്‍ക്കൂര പണിതശേഷം അതിനനുയോജ്യമായ രീതിയില്‍ സ്ഥിരമായി നില്ക്കുന്ന തൂണുകള്‍ പണിയുന്നു. പിന്നീട് താത്കാലിക തൂണുകള്‍ നീക്കം ചെയ്യപ്പെടുന്നു.

കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ഇഷ്ടികകളും ഓടുകളും വിവിധവര്‍ണത്തിലുള്ളവയാണെങ്കിലും മഞ്ഞവര്‍ണത്തിലുള്ളവ രാജകൊട്ടാരനിര്‍മാണത്തിനു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഈ നിബന്ധന ലംഘിച്ചാല്‍ മരണശിക്ഷ വരെ ലഭിക്കാറുമുണ്ടായിരുന്നു.

കലാമേന്മയോടുകൂടിയ വിഭാവന

കലാമേന്മയോടുകൂടിയ വിഭാവന (Artistic appearance). പ്രാചീനവാസ്തുശില്പങ്ങള്‍ മനോഹരമായിരുന്നതുപോലെ തന്നെ പ്രായോഗികാവശ്യത്തിനനുയോജ്യവുമായിരുന്നു. മേല്‍ക്കട്ടി(canopy)യുടെ ആകൃതിയുള്ള മേല്‍ക്കൂരയുടെയും മുകളിലോട്ടു വളഞ്ഞിരിക്കുന്ന ഇറമ്പിന്റെയും (eaves) കാര്യം തന്നെ ഉദാഹരണമായി എടുക്കാം. മഴവെള്ളം ഒലിച്ചു പോകാനും വേനല്‍ക്കാലത്ത് സൂര്യരശ്മി തടുത്തു നിര്‍ത്തുവാനും ഇവ സഹായകങ്ങളാണ്. തൂണുകളുടെ മുകളറ്റം കെട്ടിടത്തിന്റെ അകത്തോട്ടായി അല്പം ചരിഞ്ഞിരിക്കുന്ന രീതിയും കെട്ടിടത്തിന്റെ അകവശത്തുനിന്നും പുറത്തോട്ടു പണിതിട്ടുള്ള തൂണുകളുടെ പൊക്കം ക്രമേണ വര്‍ധിച്ചുവരുന്ന സംവിധാനവും കെട്ടിടത്തിന്റെ കെട്ടുറപ്പിനെ വര്‍ധിപ്പിക്കുക മാത്രമല്ല, അവയില്‍ ഉപയോഗിച്ചിരിക്കുന്ന വക്രരേഖകള്‍ക്കു രൂപഭംഗിയും നല്കിയിരുന്നു. സൗന്ദര്യാവബോധവും പ്രയോജനക്ഷമതയും തമ്മിലുള്ള സമഞ്ജസമായ മിശ്രണമാണ് ഈ സംവിധാന രീതിയില്‍ നിഴലിച്ചിരിക്കുന്നത്.

വാസ്തുശില്പങ്ങളുടെ ജ്യാമിതീയ രൂപങ്ങള്‍ക്കും വൈവിധ്യമുണ്ടായിരുന്നു-സമചതുരം, ദീര്‍ഘചതുരം, ത്രികോണം, ഷട്ഭുജം (hexagon), അഷ്ടജം (octagon), ദ്വാദശാംശം (duodecagon), വൃത്തം, അര്‍ധവൃത്തം, കുരിശ് (cross), പീച്ച് പഴാകൃതി, ഫാന്‍ (fan), സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ അനേകം രൂപങ്ങളിലുള്ളവ ഉണ്ടായിരുന്നു. മേല്‍ക്കൂരകളും വ്യത്യസ്ത രൂപങ്ങളില്‍ പണിതിരുന്നു. വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവയെ കോര്‍ത്തിണക്കി അതിസങ്കീര്‍ണമായ രീതിയിലും കെട്ടിടങ്ങള്‍ പണിതിരുന്നു.

ചായം പൂശുന്ന രീതി=

കെട്ടിടങ്ങള്‍, കൊട്ടാരങ്ങള്‍ തുടങ്ങിയവയിലെ മുറികള്‍; തൂണുകള്‍ എന്നിവയെല്ലാം ചായം പൂശി മോടിപിടിപ്പിച്ചവയായിരുന്നു. നിര്‍മാണാവശ്യത്തിനായി മിനുസമുള്ള ഓടുകളും ധാരാളമായി ഉപയോഗപ്പെടുത്തിയിരുന്നു. വര്‍ണങ്ങള്‍ മുറിയുടെ ചുറ്റുപാടുകളുമായും മറ്റു സമീപവസ്തുക്കളുമായും പൊരുത്തപ്പെട്ടു പോകുന്നവയായിരുന്നു. മരസാമാനങ്ങളെ സംരക്ഷിക്കാനായി അവയുടെ പുറത്ത് ഒരിനം കോലരക്കു വാര്‍ണിഷോ ചായമോ പൂശുമായിരുന്നു. ഭിത്തികളുടെ അകവശത്തുള്ള അലങ്കാരങ്ങള്‍ വൈവിധ്യമാര്‍ന്നവയായിരുന്നു. കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, അള്‍ത്താരകള്‍ തുടങ്ങിയവയിലുള്ള ഉത്തരങ്ങള്‍, തൂണുകള്‍, മച്ചുകള്‍, ഭിത്തികള്‍ എന്നിവയെല്ലാം വിവിധതരം ചിത്രങ്ങളാല്‍ അലങ്കൃതമായിരുന്നു. ഇവയില്‍ ചുവര്‍ച്ചിത്രങ്ങളും വരച്ചു ചേര്‍ത്തിരുന്നു; അപൂര്‍വമായി തുണി കൊണ്ടുള്ള ചിത്രത്തയ്യലുകളും ചുവരില്‍ പിടിപ്പിച്ചിരുന്നു. വാസഗൃഹങ്ങളില്‍ ആര്‍ഭാടരീതിയിലുള്ള അലങ്കാരങ്ങള്‍ കുറവായിരുന്നു. ഇവിടെയും കെട്ടിടത്തിന്റെ രൂപം അതിന്റെ ചുറ്റുപാടുകളുമായി താദാത്മ്യം പ്രാപിപ്പിക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം. ഉദാഹരണമായി യാങ്സീ (Yangtze) നദിക്കരയിലുണ്ടായിരുന്ന വീടുകളുടെ ഭിത്തികള്‍ക്ക് ഇരുണ്ട ചാരനിറം കൊടുത്തപ്പോള്‍ ഉത്തരചൈനയുടെ മലകളില്‍ പണിത കെട്ടിടങ്ങളുടെ ചുവരുകള്‍ മണ്ണുകൊണ്ടുള്ളവയും സ്ളേറ്റ് നിറത്തിലുള്ള ഓടുകള്‍ പാകിയവയുമായിരുന്നു.

അലങ്കാര കൊത്തുപണികള്‍

അലങ്കാര കൊത്തുപണികള്‍ (decorative engravings). പ്രാചീന ചൈനയിലെ കെട്ടിടനിര്‍മാണത്തില്‍ അലങ്കാര കൊത്തുപണികള്‍ക്കു വളരെ പ്രാധാന്യമുണ്ടായിരുന്നു. 2000-ത്തില്‍ അധികം വര്‍ഷം പഴക്കമുള്ള കൊത്തുപണികളോടുകൂടിയ കഴുക്കോല്‍, ചിത്രപ്പണി ചെയ്ത മോന്തായക്കോലുകള്‍ എന്നിവ ഇന്നുമുണ്ട്. കല്ല്, ഇഷ്ടിക എന്നിവയില്‍ നാനാതരം ദൃശ്യങ്ങള്‍ കൊത്തുപണിചെയ്ത് ചേര്‍ത്തിരുന്നു. മൃഗങ്ങള്‍, ചെടികള്‍, വിഖ്യാത വ്യക്തികളുടെ ജീവചരിത്രങ്ങള്‍, ഓപ്പറയിലെ വിവിധരംഗങ്ങള്‍ മുതലായവയായിരുന്നു പ്രധാനമായും കൊത്തുപണികളിലൂടെ ആവിഷ്കരിക്കപ്പെട്ടിരുന്നത്.

പുരാതന വാസ്തുശില്പങ്ങള്‍.

ചൈനയില്‍ ശില്പഭംഗിയാര്‍ന്ന നിരവധി പ്രാചീന വാസ്തുശില്പമാതൃകകള്‍ കാണാന്‍ കഴിയും, രാജകീയ പ്രൌഢിയുള്ള കൊട്ടാരങ്ങള്‍, അള്‍ത്താരകള്‍, ഗാംഭീര്യമുള്ള ശവക്കല്ലറകള്‍, പൂന്തോട്ടങ്ങള്‍, രാജകീയ സൗധങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, പഗോഡകള്‍, ദൗ ക്ഷേത്രങ്ങള്‍, മുസ്ലിം ആരാധനാലയങ്ങള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍, ജലസംഭരണികള്‍, വാനനിരീക്ഷണകേന്ദ്രങ്ങള്‍, പ്രതിരോധസംവിധാനത്തിന്റെ ഭാഗമായി പണിത മതിലുകള്‍ തുടങ്ങിയവ ഇവയില്‍പ്പെടുന്നു.

കൊട്ടാരങ്ങള്‍.

പുരാതന കാലത്തെ ഏറ്റവും മഹത്തരമായ വാസ്തുശില്പങ്ങളുടെ പട്ടികയില്‍ പ്രാമുഖ്യമുള്ളവ കൊട്ടാരങ്ങളാണ്. ബി.സി. 20-ാം ശ. മുതല്ക്കേ ഇവയുടെ നിര്‍മാണം നടന്നിരുന്നു. ആദ്യകാലത്ത് അടിമകളെയാണ് പണിക്കു നിയോഗിച്ചിരുന്നത്. ഫ്യൂഡല്‍ പ്രഭുക്കന്മാരും രാജാക്കന്മാരും തങ്ങളുടെ കൊട്ടാരങ്ങള്‍ അങ്ങേയറ്റം ചാരുതയോടെ നിര്‍മിക്കുവാന്‍ ബദ്ധശ്രദ്ധരായി. കെട്ടിടനിര്‍മാണത്തിനുപയോഗിച്ചിരുന്ന വസ്തുക്കള്‍ ഏറ്റവും മേന്മയേറിയവയായിരുന്നു. ശില്പികള്‍ കഴിവുറ്റവരും അവര്‍ സ്വീകരിച്ചിരുന്ന സാങ്കേതിക വിദ്യകള്‍ മികച്ചവയുമായിരുന്നു. ചിന്‍ (Chin) രാജവംശത്തിലെ ആദ്യത്തെ ചക്രവര്‍ത്തിയായ ഷി ഹ്വാങ് ടി (Shih Huang Ti, ഭ.കാ. ബി.സി. 221-210) പണികഴിപ്പിച്ച എപാങ് കൊട്ടാരം, ബി.സി.206 മുതല്‍ എ.ഡി. 8 വരെ ചൈന ഭരിച്ചിരുന്ന പശ്ചിമ ഹാന്‍ (Western Han) രാജാക്കന്മാര്‍ പണികഴിപ്പിച്ച വെയ്യാങ്, ചഞ്ച്ഗ്ലി, ജിയന്‍സാങ് കൊട്ടാരങ്ങള്‍, തങ് വംശജരുടെ ഡാമിങ്, സിങ്ക്വിങ് കൊട്ടാരങ്ങള്‍ എന്നിവ ഇവയില്‍ പ്രസിദ്ധങ്ങളാണ്. ഓരോ രാജവംശത്തിന്റെയും പ്രൌഢിയുടെ മകുടോദാഹരണങ്ങളായിരുന്ന ഇവ ഒന്നുകില്‍ ആ വംശത്തിന്റെ ഭരണശേഷമോ അല്ലെങ്കില്‍ തുടര്‍ന്നുവന്ന കലാപങ്ങളിലോ നശിപ്പിക്കപ്പെട്ടു. ഇന്ന് അവശേഷിക്കുന്നവ മിങ് (Ming), ചിങ് (Ching) ഭരണകാലത്തു ബീജിങ്ങില്‍ പണിത 'വിലക്കപ്പെട്ട നഗര'ത്തിലെ കൊട്ടാരവും ഷെന്‍യാങ്ങിലെ കൊട്ടാരവുമാണ്.

ശവക്കല്ലറകള്‍

ശവക്കല്ലറകള്‍ (Mausoleums). പുരാതന ചൈനയില്‍ ശവസംസ്കാരച്ചടങ്ങിന് വളരെയേറെ പ്രാധാന്യം നല്കപ്പെട്ടിരുന്നു. വിപുലമായ രീതിയില്‍ ശവക്കല്ലറകകള്‍ പണിയുകയും അവയില്‍ വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ പരേതാത്മാവിന്റെ ഉപയോഗത്തിനായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക പതിവായിരിക്കുന്നു. മരിക്കുന്നതിനു മുമ്പ് ആ വ്യക്തി താമസിച്ചിരുന്ന ഗൃഹത്തിന്റെ പ്രൌഢിക്കും ഗാംഭീര്യത്തിനും തുല്യമായ രീതിയിലാണ് അദ്ദേഹത്തിനുള്ള കല്ലറയും പണിതിരുന്നത്. കല്ലറകള്‍ക്ക് പുറത്തും അവയ്ക്കകത്ത് ഭൂമിക്കടിയിലും വളരെ ചേതോഹരമായ രീതിയില്‍ മിനുക്കുപണികളും കൊത്തുപണികളും ചെയ്തിരുന്നു. ഭരണമാറ്റക്കാലത്ത് ഉണ്ടായ കലാപങ്ങളില്‍പ്പെട്ട് ഇവയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. ശത്രുക്കളുടെ ആക്രമണസമയത്ത് പല കല്ലറകളും പൊളിച്ച് അവയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. അപൂര്‍വം കല്ലറകള്‍ മാത്രം ഇന്നും നിലനില്‍ക്കുന്നു. ബീജിങ്ങിലെ നഗരപ്രാന്തത്തില്‍ പണിതിട്ടുള്ള മിങ് രാജവംശത്തിലെ കല്ലറകള്‍, ഹെബൈ (Hebei) പ്രവിശ്യയുടെ കിഴക്കും പടിഞ്ഞാറും ചിങ് (Ching) വംശജര്‍ പണിത പൂര്‍വ കല്ലറ, പശ്ചിമ പൂര്‍വ കല്ലറ, ഷെന്‍യാങ് നഗരത്തിന്റെ കിഴക്കും വടക്കും ഉള്ള ഉത്തര കല്ലറകള്‍ തുടങ്ങിയവ ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു. ഇവയെല്ലാം ഗാംഭീര്യത്തിന്റെ കാര്യത്തില്‍ രാജകൊട്ടാരങ്ങളോടു കിടപിടിക്കത്തക്കവയായിരുന്നു; ചിലതു കൊട്ടാരങ്ങളെക്കാള്‍ മെച്ചപ്പെട്ടവയുമായിരുന്നു.

പ്രാചീനകാല ആരാധനാലയങ്ങള്‍. =

കൃഷിയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത സമൂഹത്തില്‍ കാര്‍ഷികോത്പാദനം മുതല്‍ സകലതിന്റെയും നിയാമകശക്തിയായി കണക്കാക്കിയിരുന്നത് സ്വര്‍ഗത്തെയും ഭൂമിയെയും ആയിരുന്നു. അതുകൊണ്ട് ഇവയുടെയും ചൈനക്കാര്‍ ശക്തികളായി കരുതിയിരുന്ന മഴ, ഇടി, തീ, സൂര്യചന്ദ്രന്മാര്‍, വായു, നക്ഷത്രജാലങ്ങള്‍ തുടങ്ങിയവയുടെയും ആരാധനയ്ക്കായി ക്ഷേത്രങ്ങളും ദേവതകളുടെ പ്രീതിക്കായി വഴിപാടുകളും നേര്‍ച്ചകളും മറ്റും നടത്താനായി അള്‍ത്താരകള്‍ മുതലായവയും നിര്‍മിച്ചിരുന്നു. പര്‍വതങ്ങള്‍, നദികള്‍, പരേതാത്മാക്കള്‍, കാലം ചെന്ന സന്ന്യാസിമാര്‍, ജ്ഞാനികള്‍, ദിവ്യന്മാര്‍ എന്നിവരോടുള്ള ബഹുമാനാര്‍ഥവും ക്ഷേത്രങ്ങള്‍ പണിതിരുന്നു. ബീജിങ്ങിലെ സ്വര്‍ഗക്ഷേത്രം, ഹ്വാങ്ക്വിണ്ഗ്ഗ്യോ (Huangquiongyo) അള്‍ത്താര, യൂവാന്‍ക്വിന്റാന്‍ (Yuanqintan) അള്‍ത്താര, ക്വിനിയന്‍ ഹാള്‍ (Qunian Hall) മുതലായവ ഇത്തരം ആവശ്യങ്ങള്‍ക്കായി പണിത വാസ്തുശില്പങ്ങളാണ്. വെന്മിയൊ (Wenmiao) ക്ഷേത്രം കണ്‍ഫ്യൂഷ്യസിനോടുള്ള ബഹുമാനാര്‍ഥവും വുമിയോ (Wumiao) ക്ഷേത്രം ജനറല്‍ ഗ്വാന്‍ യുവിനു (Guan Yu) വേണ്ടിയും നിര്‍മിച്ചതാണ്. ഷാന്‍ഡുങ് (Shandong) പ്രവിശ്യയിലെ കുഫു(Qufu)യില്‍ പണിതിരിക്കുന്ന വെന്മിയൊ ക്ഷേത്രമാണ് ഏറ്റവും വലുത്. ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങള്‍ നിര്‍മിക്കാന്‍ മാത്രം ഉപയോഗിച്ചു വന്നിരുന്ന മിനുസമുള്ള മഞ്ഞ ഓടുകള്‍ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഡിജുണ്‍ (Dijun) എന്ന സ്ഥാനപ്പേര് നല്കി ചൈനക്കാര്‍ ബഹുമാനപുരസ്സരം ആരാധിക്കുന്ന വുയുഇ (Wuhyue) പര്‍വതങ്ങള്‍ക്കായി പണിതിട്ടുള്ള അഞ്ചുക്ഷേത്രങ്ങളും ഔന്നത്യം പുലര്‍ത്തുന്നവയാണ്.

ബുദ്ധമതം, ദൗയിസം, ഇസ്ലാം തുടങ്ങിയ മതങ്ങളും വാസ്തുവിദ്യയ്ക്കു വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. മതപ്രചാരണാര്‍ഥവും നിരവധി ക്ഷേത്രങ്ങള്‍ പണിതിരുന്നു. ചൈനയിലെമ്പാടുമുള്ള ബുദ്ധക്ഷേത്രങ്ങള്‍, ലാമാക്ഷേത്രങ്ങള്‍ എന്നിവയെല്ലാം അന്യൂനമായ വാസ്തുശില്പങ്ങളാണ്. തങ് വംശജര്‍ നിര്‍മിച്ച ദക്ഷിണ ധ്യാനെസി(Dhyanes)ലുള്ള നന്‍ചന്‍, ഫഗ്വാങ് (Faguang) എന്നീ ബുദ്ധക്ഷേത്രങ്ങള്‍, പഗോഡകള്‍ എന്നിവയും എടുത്തു പറയേണ്ടവയാണ്. ഇവയില്‍ ലീയെ വംശത്തിലെ ഡവൊസോങ് ചക്രവര്‍ത്തിയുടെ കാലത്ത് (1056-ല്‍) യിങ്സിയന്‍ (Yingxian)

പ്രവിശ്യയില്‍ നിര്‍മിച്ചിട്ടുള്ള പഗോഡയാണ് ഇന്ന് ലോകത്തില്‍ മരം കൊണ്ടു നിര്‍മിച്ച സൗധങ്ങളില്‍ വച്ച് ഏറ്റവും ഉയരം കൂടിയത് (67 മീ.). ഇഷ്ടികയും കല്ലും ഉപയോഗിച്ചു പണിതിട്ടുള്ള മികച്ച പഗോഡയാണ് ഹെബൈ പ്രവിശ്യയിലെ ഡിങ്സിയനി(Dingxian) ല്‍ നിര്‍മിച്ചിരിക്കുന്ന ലിഔഡി നിരീക്ഷണ ഗോപുരം. ഇതിന്റെ ഉയരം 84 മീറ്ററാണ്. പൗരസ്ത്യ രാജവംശകാലത്തു പ്രചാരത്തില്‍ വന്ന ദൗ മതത്തിന്റെ പ്രചാരണാര്‍ഥം പണിത ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തം ബീജിങ്ങിലെ ബെയ്യുണ്‍ (Baiyun) ക്ഷേത്രമാണ്. ചില ക്ഷേത്രങ്ങള്‍ക്കു രാജകൊട്ടാരത്തിന്റെ പദവി ചക്രവര്‍ത്തിമാര്‍ നല്കിവന്നിരുന്നു.
  

മുസ്ലിം ദേവാലയങ്ങളില്‍ ചിലതു മാത്രമേ ചൈനീസ് വാസ്തുശില്പമാതൃക സ്വീകരിച്ചുള്ളൂ. ഭൂരിപക്ഷം മുസ്ലിം ആരാധനാലയങ്ങളും ഇസ്ലാമിക രീതിയില്‍ പണിതവയായിരുന്നു.

ഗുഹാക്ഷേത്രങ്ങള്‍.

ശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളും കൊണ്ട് അലങ്കൃതമായ ഇവയെ പ്രാചീന ചൈനീസ് കലകളുടെ ഉറവിടമായിട്ടാണു കരുതുന്നത്. ചൈനക്കാര്‍ കൃത്രിമമായുണ്ടാക്കിയ പല ഗുഹകളും പുരാതന ചിത്രകലയുടെ കലവറ കൂടിയാണ്. ഏറ്റവും പ്രശസ്തമായ കൃത്രിമ ഗുഹകള്‍ (grottoes) ഷന്‍ഷി പ്രവിശ്യയിലെ ടടൂങ്ങിലുള്ള യുന്‍ഗ്യാങ്ങും എയ്നന്‍ (Aenan) പ്രവിശ്യയിലെ ലോങ്മെനും മൊഗവൊയുമാണ്.

ഉദ്യാനങ്ങള്‍.

പൂന്തോട്ട നിര്‍മാണത്തെ ഒരു കലയാക്കി വളര്‍ത്തിയെടുത്തവരാണ് പുരാതന ചൈനക്കാര്‍. ചുറ്റുപാടുകളുമായി ഇണങ്ങിച്ചേര്‍ന്നു നില്ക്കുന്ന നിരവധി രമ്യാരാമങ്ങള്‍ ചൈനയിലെമ്പാടും കാണാന്‍ കഴിയും. ഇമ്പീരിയല്‍ ഗാര്‍ഡന്‍, ജോങ്നന്‍ ഹൈ(Zhongnanhai)യിലെ ക്വിയന്‍ലോങ് ഗാര്‍ഡന്‍, പ്രിന്‍സ് ഒഫ് ഗോങ് (Prince of Gong's) രമ്യത്തില്‍ രാജപ്രൌഢിയോടെ നില്ക്കുന്ന ഉദ്യാനം, സുജൌ(Suzhou)വിലും യങ്ജൌ(Yangzhou) വിലും കാണുന്ന സ്വകാര്യപൂന്തോട്ടങ്ങള്‍ എന്നിവ വിഖ്യാതങ്ങളായ ആരാമങ്ങളില്‍പ്പെടുന്നു.

പഗോഡകള്‍.

വിശിഷ്ട വ്യക്തികളുടെയോ പ്രധാന സംഭവങ്ങളുടെയോ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെടുന്ന സ്മാരകങ്ങളാണിവ. അനേകം നിലകള്‍ ഉള്ള ഒരു സൗധമാണ് പഗോഡ. മുകളിലോട്ട് പോകുന്തോറും ഓരോ നിലയുടെയും ചുറ്റളവ് കുറഞ്ഞുവരുന്നു. ഓരോ നിലയുടെയും ചുറ്റും ഓരോ ഗാലറിയും അതിനോടു ചേര്‍ന്ന് പുറത്തേക്കു തള്ളിനില്ക്കുന്ന മേല്‍ക്കൂരയും ഉണ്ട്. മേല്‍ക്കൂരയുടെ കോണുകള്‍ മുകളിലോട്ടു വളഞ്ഞിരിക്കും. ഇവയില്‍ മണികള്‍ തൂക്കിയിട്ടിരിക്കും. പഗോഡകള്‍ നിര്‍മിക്കുന്നത് ഇഷ്ടിക കൊണ്ടാണെങ്കിലും മിനുസമുള്ള ഓടുകള്‍ ഇവയ്ക്കു മീതെ പാകി മോടി വര്‍ധിപ്പിക്കുന്നു.

വാസഗൃഹങ്ങള്‍.

പുരാതന വാസ്തുവിദ്യയുടെ ഉത്കൃഷ്ടമാതൃകകളാണിവ. കാലദേശങ്ങള്‍ക്കനുസൃതമായി രൂപഭാവത്തിനും മാറ്റം വന്നിട്ടുണ്ട്. മംഗോളിയയിലെ യര്‍ട്ട്, തിബത്തിലെ കല്ലുകൊണ്ടു നിര്‍മിച്ചിട്ടുള്ള ഭവനസമൂഹങ്ങള്‍, മലമ്പ്രദേശങ്ങളില്‍ കൃത്രിമ കമ്പുകളുടെ മുകളില്‍പണിതിട്ടുള്ള ഇരുനില ഭവനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധങ്ങളാണ്. ഹാന്‍ (Han) വംശകാലത്ത് വിസ്താരമേറിയ അങ്കണങ്ങള്‍ക്കുള്ളിലായി അനവധി വീടുകള്‍ തടിയില്‍ പണിതിരുന്നു. ഇത്തരം നിരവധി അങ്കണങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ഒരു വലിയ അങ്കണമാക്കിമാറ്റുന്ന രീതിയും വിരളമല്ല. ഒരു കുടുംബത്തിലെ മൂന്നോ നാലോ തലമുറയില്‍പ്പെട്ടവര്‍ ഒരു കൂരയ്ക്കു കീഴെ വസിച്ചിരുന്ന ആചാരരീതി ഇവര്‍ അനുവര്‍ത്തിച്ചിരുന്നു. ഇവയില്‍ പലതും യുദ്ധങ്ങളില്‍ നശിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്നശേഷം (1949) ഇത്തരത്തിലുള്ള ഭവനങ്ങള്‍ പൈതൃക സമ്പത്തായി സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.

ദുര്‍ദേവതകള്‍ നേര്‍രേഖയില്‍ക്കൂടി മാത്രമേ സഞ്ചരിക്കുകയുള്ളു എന്നൊരു വിശ്വാസം ചൈനയില്‍ നിലനിന്നിരുന്നു. ഈ ദേവതകളില്‍ നിന്നും രക്ഷനേടാമെന്ന വിശ്വാസത്തിലാണ് അക്കാലത്തു നിര്‍മിക്കപ്പെട്ട ഭവനങ്ങളുടെ മൂലകള്‍ വളഞ്ഞ രീതിയില്‍ രൂപകല്പന ചെയ്തിരുന്നത്.

നഗരസംവിധാനം

സു.ബി.സി. 2000-ത്തിലെ സിയ (Xia) കാലഘട്ടത്തിലാണ് ചൈനയില്‍ നഗരങ്ങള്‍ പണിതു തുടങ്ങിയതെന്ന് കരുതപ്പെടുന്നു. വളരെ വ്യാപകമായ നഗരസംവിധാനം ബി.സി. 5-ാം ശ.-ല്‍ നിലനിന്നിരുന്നതായി ഷൗ ലി (Zhou Li) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. തലസ്ഥാന നഗരക്രമീകരണത്തെപ്പറ്റി വിശുദ്ധമായ ഒരു അധ്യായം തന്നെ ഈ ഗ്രന്ഥത്തിലുണ്ട്. ഗു അന്‍സി എന്ന ഗ്രന്ഥത്തില്‍ ചുറ്റുപാടുകളുമായി ഇണങ്ങിപ്പോകുന്ന തരത്തിലായിരിക്കണം തലസ്ഥാനനഗര സംവിധാനവും നിര്‍മാണവും എന്നു പറയുന്നുണ്ട്. ഹാന്‍ ഭരണകാലത്തു പണിത ചാങ്ങ്യന്‍ നഗരം ഇതിനുദാഹരണമാണ്. വൈയി നദിക്കരയില്‍ പണിത ഈ നഗരം നദിയുടെ വളവുകള്‍ക്കും തിരിവുകള്‍ക്കും അനുരൂപമായ രീതിയിലായിരുന്നു സംവിധാനം ചെയ്യപ്പെട്ടിരുന്നത്. നഗരങ്ങള്‍ ആവിര്‍ഭവിച്ചതോടെ നഗരസംരക്ഷണത്തിനു പ്രാധാന്യം ഏറിവന്നു. ഇതിനായി തനതായ ഒരു പദ്ധതി തന്നെ ആസൂത്രണം ചെയ്യപ്പെട്ടിരുന്നു.

പ്രാചീന ചൈനയിലുള്ള എല്ലാ നഗരങ്ങള്‍ക്കും ചുറ്റിലും മതിലുകളും കിടങ്ങുകളും പണിഞ്ഞിരുന്നു. വാതിലുകള്‍ മതിലുകളില്‍ത്തന്നെയായിരുന്നു നിര്‍മിച്ചിരുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഇവയ്ക്കുണ്ടായിരുന്നു. ബീജിങ്ങിലെ വിലക്കപ്പെട്ട നഗര(Forbidden city)ത്തിന്റെ കോണുകളില്‍ സ്ഥാപിച്ചിരുന്ന സ്തംഭങ്ങളുടെ മേല്‍ക്കൂരകള്‍ സ്വര്‍ണംകൊണ്ടു നിര്‍മിച്ചവയായിരുന്നു. മാത്രമല്ല, അവയിലെ വാമടകള്‍ (eaves) പുറത്തോട്ടു തള്ളി മുകളിലോട്ടു വളഞ്ഞിരിക്കുന്ന രീതിയില്‍ പണിതവയായിരുന്നു. ചുറ്റുമതിലിനു തൊട്ടുതാഴെയുള്ള കിടങ്ങില്‍ ഇവയുടെ പ്രതിഫലനം ദൃശ്യമായിരുന്നു. ഇത്തരത്തിലുള്ള മതിലുകളില്‍ ഇന്നും വളരെ പ്രശസ്തമായ ഒന്നാണ് ഷന്‍ഷി (Shanxi) പ്രവിശ്യയിലെ സിയന്‍ (Xian) നഗരത്തിനു ചുറ്റും കാണുന്ന മതില്‍. മിങ് രാജവംശത്തിലെ ചക്രവര്‍ത്തി നിയോഗിച്ച ക്വിന്‍ രാജാവാണ് 600 വര്‍ഷം മുമ്പ് ഇതു പണിതത്. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷം ഇരുപതിലധികം രാജവംശങ്ങളിലുള്ളവരുടെ ശ്രമഫലമായി നിര്‍മിക്കപ്പെട്ടതാണ് ചൈനീസ് വന്‍മതില്‍ (Great Wall of China). അനേകം മതിലുകള്‍ ചേര്‍ന്ന ഇതിന്റെ നീളം സു. 5000 കി.മീ. ആണ്.

പാലങ്ങള്‍.

പുരാതനകാലം മുതല്‍ക്കു തന്നെ വിവിധതരത്തിലുള്ള പാലങ്ങള്‍ ചൈനയില്‍ നിര്‍മിച്ചിരുന്നു. ബീം, ആര്‍ച്ച്, റോപ്പ് ആന്‍ഡ് ചെയിന്‍, പൊങ്ങികിടക്കുന്നയിനം, വീടും ഇടനാഴികയും ചേര്‍ന്നതരം (house & corridor bridge), പവിലിയന്‍ രീതിയില്‍ ഉള്ളവ (pavilion bridge) തുടങ്ങിയവ ഇവയില്‍പ്പെടുന്നു. ഇവയുടെ നിര്‍മാണത്തിനായി തടി, ഇഷ്ടിക, കല്ല്, ഇരുമ്പു ചങ്ങല, മുളങ്കയറുകള്‍, വലകള്‍ തുടങ്ങി നിരവധി പദാര്‍ഥങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നു കാണുന്ന പല പുരാതന പാലങ്ങളും സാംസ്കാരികാവശിഷ്ടങ്ങളുടെ രൂപത്തില്‍ സര്‍ക്കാര്‍ സംരക്ഷിച്ചുപോരുന്നവയാണ്. ഇവയില്‍ ഏറ്റവും പ്രധാനം ഹെബൈ (Hebei) പ്രവിശ്യയിലുള്ള അന്‍ജി (Anji) പാലമാണ്. ഇതിനെ ഈജോ (Zhaozhou) പാലം എന്നും പറയാറുണ്ട്. സുയി (Sui) രാജവംശത്തിലെ യങ്ഡി (Yangdi) ചക്രവര്‍ത്തിയാണിത് നിര്‍മിച്ചത്. കല്ലുകൊണ്ടു പണിത ഇത് ഒറ്റ ആര്‍ച്ചോടുകൂടിയതും തുറന്ന സ്പാന്‍ഡ്രല്‍ രീതിയിലുള്ളതുമാണ്. 37.35 മീ. ആണ് ഇതിന്റെ ഇടനീളം. 1300 വര്‍ഷത്തിലേറെ പഴക്കമുള്ള ഇതിന് ഇന്നും കേടുപാടുകളൊന്നുമില്ല. ഈ മാതൃകയില്‍ ലോകത്തില്‍ ഇന്നുള്ള ഏക പാലവും (ഹോളോ സ്റ്റോണ്‍ ആര്‍ച്ച് ബ്രിഡ്ജ്) ഇതാണെന്നു കരുതപ്പെടുന്നു. ഫുജിയാന്‍ (Fujian) പ്രവിശ്യയിലെ ജാങ്ജോ(Zhangzhou)യിലുള്ള ഹുഡു (Hudu) പാലം (12-ാം ശ.-ത്തില്‍ പണിതത്), ക്വനന്‍ജോ (Quanzhou)യിലുള്ള അന്‍പിങ് പാലം (Anping Bridge, 12-ാം ശ.-ലോകത്തിലെ ഏറ്റവും നീളം കൂടിയ പുരാതന പാലം), ജിന്‍ (Jin) വംശകാലത്ത് ബീജിങ്ങില്‍ നിര്‍മിച്ച ലുഗൌപാലം (Lugou Bridge) മുതലായവ ഇത്തരം വിഖ്യാത പാലങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

ജലസംഭരണികള്‍.

പുരാതന കാലത്ത് ചൈനയില്‍ നിര്‍മിച്ച ജലസംഭരണികളില്‍ പലതും ഇന്നും പ്രവര്‍ത്തനക്ഷമമാണ്. ലിബിങ്ങും (Libing) അദ്ദേഹത്തിന്റെ പുത്രനും കൂടി ബി.സി. 3-ാം ശ.-ത്തില്‍ സിച്വാന്‍ (Sichuan) പ്രവിശ്യയിലെ ഗ്വാന്‍ഷിയനില്‍ (Guanxian) നിര്‍മിച്ച ഡുജിയങ്യാന്‍ വൈയര്‍ (Dujiangyan Weir) ഇന്നും 53,000 ഹെക്ടറിലധികം സ്ഥലത്തെ ജലസേചിതമാക്കുന്നു. ബി.സി. 3-ാം ശ.-ത്തില്‍ ഷിങ്യ(Xing'an)നിലെ കുണ്ടിയിലുള്ള ഗുയങ്സി ജ്വാങ് (Guangxi Zhuang) എന്ന സ്വയംഭരണപ്രദേശത്തെ യാങ്സി (Yangtze), സുജിയങ് (Zhujiang) എന്ന നദീവ്യൂഹത്തെയും ഷിയങ് ജീ അങ് (Xiangjiang), ലിജിയങ് Lijiang) എന്നീ നദികളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പണിത ലിങ്ചു (Lingqu) കൃത്രിമത്തോട്ടിലാണ് ലോകത്തില്‍ ആദ്യമായി ജലവിതാനം ഉയര്‍ത്തുവാനായി ഒരു ലോക്ക് (lock) സംവിധാനം ഉപയോഗിച്ചത്.

വാനനിരീക്ഷണകേന്ദ്രങ്ങള്‍.

ജ്യോതിശ്ശാസ്ത്രപഠനങ്ങള്‍ നടത്തിയിരുന്ന ആദ്യകാല രാജ്യങ്ങളില്‍ ഒന്നാണ് ചൈന. വിവിധ രാജവംശങ്ങളുടെ ഭരണകാലത്ത് ചൈനയില്‍ അനവധി വാനനിരീക്ഷണകേന്ദ്രങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഷീയന്‍ (Xian), ലൊയങ് (Loyang) എന്നീ നഗരങ്ങളില്‍ 2000 വര്‍ഷം മുമ്പു നിര്‍മിച്ച വാനനിരീക്ഷണകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു. ഇവയില്‍ ഏറ്റവും പഴക്കമേറിയത് ഹീനന്‍ (Henan) പ്രവിശ്യയിലെ ഡെങ്ഫെങ് (Dengfeng) വാനനിരീക്ഷണകേന്ദ്രമാണ്. 13-ാം ശ.-ത്തിലാണിതു പണിതത്. അന്നു നിലവിലുണ്ടായിരുന്ന 27 വാനനിരീക്ഷണകേന്ദ്രങ്ങളെ ഒത്തുചേര്‍ത്തു സ്ഥാപിച്ച ശൃംഖലയുടെ ആസ്ഥാനം ആയി പ്രവര്‍ത്തിച്ചിരുന്നതും ഈ കേന്ദ്രമായിരുന്നു. അന്നുപയോഗിച്ചിരുന്ന മണ്ഡപം, കല്ലില്‍ തീര്‍ത്ത ചില ഉപകരണങ്ങള്‍, പ്രാചീന ചൈനയില്‍ നിലവിലുണ്ടായിരുന്ന നിഴല്‍ ഘടികാരം (Sun dial) എന്നിവ അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മിങ് വംശത്തിലെ യിങ്സൊങ് (Yingzong) ചക്രവര്‍ത്തി ബീജിങ്ങില്‍ പണിത (1442) വാനനിരീക്ഷണകേന്ദ്രവും പ്രസിദ്ധമാണ്. അക്കാലത്തുപയോഗിച്ചിരുന്ന ജ്യോതിശ്ശാസ്ത്രോപകരണങ്ങളും അതിനായി പണിത മന്ദിരവും പഴയകാലത്തെ അവസ്ഥയിലേക്ക് അവയെല്ലാം തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ചൈനക്കാര്‍ തങ്ങളുടെ പുരാതനവാസ്തുശില്പങ്ങളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും പ്രത്യേക നിയമം തന്നെ നടപ്പാക്കിയിരിക്കുന്നു. ഇതിനായി അവിടെ പ്രത്യേകം സമിതികളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുരാതന ശില്പങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ വര്‍ഷന്തോറും നടത്തണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ പുരാതനവാസ്തുശില്പങ്ങള്‍ അവയുടെ പഴയകാലത്തെ പ്രൌഢിയിലേക്ക് പുനരുദ്ധാരണം ചെയ്യപ്പെടുന്നുമുണ്ട്.

വാസ്തുവിദ്യാരീതികളും രാജവംശങ്ങളും

ചൈനീസ് വാസ്തുവിദ്യാരീതികളുടെ വികാസപരിണാമങ്ങള്‍ക്ക് ചൈന ഭരിച്ചിരുന്ന വിവിധ രാജവംശങ്ങള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ കനത്തതാണ്. ഓരോ രാജവംശവും അവരവരുടെ രീതികള്‍ അവലംബിച്ചെങ്കിലും ഇവ മൊത്തത്തില്‍ ചൈനയുടെ തനതായ വാസ്തുവിദ്യാരീതിയായി മാറുകയാണുണ്ടായത്.

വാസ്തുവിദ്യയെ സംബന്ധിക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നത് നവശിലായുഗ കാലഘട്ടം മുതലാണ്. കൃഷിയും സ്ഥിരതാമസപ്രവണതയും ആരംഭിക്കുന്നതിക്കാലം മുതല്ക്കാണ്. ഷെന്‍സിയിലെ സിയനിനടുത്ത് 1950-നും 55-നും ഇടയില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്നും അവിടെ ബി.സി. 3-ാം സഹസ്രാബ്ദത്തിന്റെ മധ്യകാലത്ത് ഒരു കര്‍ഷകഗ്രാമം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കുടിലുകളും ശവപ്പറമ്പകളും അവിടെ ഉണ്ടായിരുന്നു. ഇവയെ തമ്മില്‍ വേര്‍പെടുത്തിയിരുന്നത് വീതിയേറിയ ചാലു(ditch)കളായിരുന്നു. മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളായി ഉപയോഗപ്പെടുത്തിയിരുന്ന ഇത്തരം ചാലുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കപ്പെട്ടിരുന്നു. വൃത്താകാരത്തിലോ ചതുര്‍ഭുജാകൃതിയിലോ പണിതിരുന്ന ശവപ്പറമ്പുകള്‍ ഭൂനിരപ്പില്‍ നിന്നും അരമീറ്ററോളം താഴ്ന്നതായിരുന്നു. അവയുടെ മധ്യഭാഗത്തായിട്ടാണ് ചിത ഒരുക്കിയിരുന്നത്. ചിതയ്ക്കു ചുറ്റുമായി കാണുന്ന നാലു കുഴികളിലായിരിക്കണം മേല്‍ക്കൂരയെ താങ്ങി നിര്‍ത്തിയിരുന്ന തടിത്തൂണുകള്‍ നാട്ടിയിരുന്നത്. ഒരു മരച്ചട്ടക്കൂട്ടില്‍ വയ്ക്കോല്‍, വൃക്ഷക്കൊമ്പുകള്‍, നെയ്ത ഞാങ്ങണപ്പുല്ല് എന്നിവ പാകി കളിമണ്ണു കൊണ്ട് അവയെ പൊതിഞ്ഞാണ് കൂര നിര്‍മിച്ചിരുന്നത്. ശവക്കല്ലറയുടെ പ്രവേശനകവാടം തെക്കുവശത്തായിരുന്നു. പില്ക്കാലത്തെ നഗര സംവിധാനരീതിയുടെ ആദ്യാങ്കുരങ്ങള്‍ ഇവിടെ നിന്നാണാരംഭിക്കുന്നത്.

ബി.സി. 2105 വരെ ചൈന ഭരിച്ചിരുന്നത് അടിമ രാജവംശമായിരുന്നു. ഈ കാലഘട്ടത്തില്‍ ചൈനയിലെ വാസ്തുവിദ്യാസമ്പ്രദായത്തിനു കാര്യമായ പുരോഗതി കൈവന്നു. അടിമകളെക്കൊണ്ട് കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, അള്‍ത്താരകള്‍, ശവക്കല്ലറകള്‍ മുതലായവ പണികഴിപ്പിച്ചു. ഫ്യൂഡല്‍ കാലഘട്ടത്തിലെ ചക്രവര്‍ത്തിമാര്‍, പ്രഭുക്കന്മാര്‍, സേനാനായകര്‍ തുടങ്ങിയവര്‍ താമസത്തിനായി വളരെ ആര്‍ഭാടമായിത്തന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു.

ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വൈജ്ഞാനിക പുരോഗതിക്കനുസൃതമായി പുതിയ വാസ്തുവിദ്യാസമ്പ്രദായങ്ങളും ഉരുത്തിരിഞ്ഞുവന്നു. അക്കാലത്തു പണിതക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പഗോഡകള്‍ തുടങ്ങിയ പല പ്രാചീന കെട്ടിടങ്ങളും ഇന്നും നിലനില്ക്കുന്നു.

ഷങ് രാജവംശം

ഷങ് രാജവംശം (ബി.സി. 1523-1028). ചൈന ഭരിച്ച ആദ്യത്തെ രാജവംശം ഷങ് വംശമാണ്. ഇവര്‍ തലസ്ഥാന നഗരം പല സ്ഥലത്തായി മാറ്റി മാറ്റി സ്ഥാപിച്ചിരുന്നു. ഇത്തരം തലസ്ഥാന നഗരങ്ങളില്‍ രണ്ടെണ്ണം മാത്രമേ ശരിയായി തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവയില്‍ ഒന്ന് പുരാതന നഗരമായ ആവോ (Ao) ആണ്. ചെങ്യോ Chenghow)വിനടുത്തുള്ള ഈ നഗരം സു.ബി.സി. 1500-ല്‍ സ്ഥാപിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. രണ്ടാമത്തേത് ഹൊനന്‍ പ്രവിശ്യയിലെ അന്യങ്ങിന് (Anyang) അടുത്തുള്ള സിയാവോ ടുണ്‍ (Hsiao-t'un) ആണ്. ഇതാണ് അവസാനത്തെ തലസ്ഥാനം; ഏറ്റവും പ്രശസ്തവും ഇതുതന്നെ. ഗ്രേറ്റ് ഷാങ് എന്നറിയപ്പെട്ടിരുന്ന ഈ തലസ്ഥാന നഗരം ബി.സി. 1300-ല്‍ പാന്‍-കെങ് (P'an-Keng) സ്ഥാപിച്ചതാണ്.

തലസ്ഥാന നഗരത്തില്‍ പാര്‍പ്പിടങ്ങള്‍ സമാന്തരനിരകളില്‍ ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ പണിതിരുന്നു. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, മറ്റു പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ എന്നിവയുടെ വിശാലമായ മട്ടുപ്പാവുകള്‍ ചവിട്ടിക്കുഴച്ച മണ്ണുകൊണ്ടാണ് നിര്‍മിച്ചിരുന്നത്; പലതിന്റെയും അടിത്തറയ്ക്ക് കല്ലുപയോഗിച്ചു. ചിലതില്‍ അവയ്ക്കുമീതെ ഒരു വെങ്കലപ്പാളിയും കാണാമായിരുന്നു. തലസ്ഥാന നഗരമായിരുന്ന ആവോയില്‍ കെട്ടിടങ്ങള്‍ക്ക് മട്ടുപ്പാവ് പൊതുവേ പണിയാറില്ലായിരുന്നു; ഉണ്ടെങ്കില്‍ത്തന്നെ അവയ്ക്ക് ഉയരവും കുറവായിരുന്നു.

അന്യങ് നഗരത്തില്‍ നിര്‍മിക്കപ്പെട്ട മിക്ക കെട്ടിടങ്ങളുടെയും അടിത്തറയും ചുവരുകളും ചവിട്ടിക്കുഴച്ച മണ്ണില്‍ തീര്‍ത്തപ്പോള്‍ ബാക്കിഭാഗങ്ങള്‍ തടിയില്‍ തീര്‍ത്തിരുന്നു. ഇവിടെനിന്നും കണ്ടെത്തിയ ഏറ്റവും വലിയ തടിക്കെട്ടിടത്തിന് സു. 30 മീ. നീളമുണ്ട്. കരിങ്കല്ലു കൊണ്ടു നിര്‍മിച്ച അതിന്റെ അടിത്തറ ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതായിരുന്നു. ഈ അടിത്തറയിലാണ് മരത്തൂണു കള്‍ ഉറപ്പിച്ചിരുന്നത്.

അന്യങ് നഗരത്തില്‍ പലയിടത്തും നിയോലിത്തിക് മാതൃകയില്‍ ഭൂനിരപ്പില്‍നിന്നും താഴ്ന്ന തറയോടുകൂടി പണിത വീടുകളോടൊപ്പം ഭൂനിരപ്പില്‍ തന്നെ പണിതിട്ടുള്ള ധാരാളം വീടുകളും കാണപ്പെടുന്നു. ഭൂമിക്കടിയില്‍ വീടു പണിയുന്ന രീതിയില്‍ നിന്നും തറനിരപ്പില്‍ വീടു പണിയുന്ന രീതിയിലേക്കുള്ള മാറ്റം ഈ കാലത്താരംഭിച്ചതാണെന്നു കരുതാം. ഭൂഗര്‍ഭവീടുകളില്‍ പൊതുവേ സംഭരണ അറകളും കാണാമായിരുന്നു.

നഗരത്തിനു ചുറ്റും കോട്ടമതില്‍കെട്ടുന്ന സമ്പ്രദായവും ഇക്കാലത്താരംഭിച്ചിരിക്കാനാണിട. ചെങ്ചോവിനടുത്തുള്ള ആവോയില്‍ 1.6 x 2 കി.മീ. ചുറ്റളവിലുള്ള മതിലിന്റെ അവശിഷ്ടങ്ങള്‍ കാണാം. അന്യങ്ങിലെ കോട്ടമതിലുകള്‍ ചവിട്ടിക്കുഴച്ച മണ്ണുകൊണ്ടു നിര്‍മിച്ചിരുന്നു; പ്രവേശന കവാടം തടിയിലും. വാസ്തുവിദ്യാസമ്പ്രദായത്തിലെ പ്രധാന ഘടകവസ്തുക്കളായ ഇഷ്ടിക, മേല്‍ക്കൂര ഓടുകള്‍ എന്നിവ ഇക്കാലത്ത് ഉപയോഗിച്ചിരുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല.

വളരെ സവിശേഷതയുള്ള സാമൂഹിക വ്യവസ്ഥിതിയാണ് അക്കാലത്ത് ചൈനയില്‍ നിലനിന്നിരുന്നത്. അടിമത്തവും നരബലിയും സമുദായാചാരങ്ങളില്‍പ്പെടുമായിരുന്നു. മിക്കവാറും എല്ലാ പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ അസ്തിവാരത്തിലും നരബലിയുടെയോ മൃഗബലിയുടെയോ അവശിഷ്ടങ്ങള്‍ കാണാം. രാജകീയ ശവക്കല്ലറകളില്‍ വെങ്കലത്തിലും കളിമണ്ണിലും അനവധി വസ്തുക്കള്‍, രഥങ്ങള്‍, കുതിരകളുടെ അസ്ഥിപഞ്ജരങ്ങള്‍ എന്നിവയെല്ലാം കാണാന്‍ കഴിയും. ചൈനക്കാരുടെ മരണാനന്തര ജീവിതവിശ്വാസത്തെയാണിവ സൂചിപ്പിക്കുന്നത്. ഷങ് വാസ്തുശില്പികള്‍ കെട്ടിടസ്ഥാനനിര്‍ണയ ചടങ്ങിന് മതപരവും മാന്ത്രികവിധികള്‍ക്കനുസൃതവുമായ പ്രാധാന്യം നല്കിയിരുന്നു.

ശവദാഹത്തിനായി കെട്ടി ഒരുക്കുന്ന മേട, ശവക്കല്ലറ എന്നിവയുടെ നിര്‍മാണത്തിലും ചൈനക്കാര്‍ ചില പ്രത്യേക മാര്‍ഗരേഖകള്‍ പാലിച്ചിരുന്നു. കല്ലറയുടെ തെക്കുഭാഗത്തുകൂടിയായിരുന്നു ശവമഞ്ചം പ്രവേശിപ്പിച്ചിരുന്നത്. ഇതിനാല്‍ ആ ഭാഗത്തെ പണിക്ക് പ്രത്യേക പ്രാധാന്യവും നല്കി. തറയില്‍ ആഴത്തില്‍ കുഴിച്ച ഒരു അറയായിരുന്നു ശവകുടീരം. ഇതിന്റെ വടക്കും തെക്കും ഭാഗങ്ങളില്‍ കോണിപ്പടികളും പണിയുന്നു. ചിലപ്പോള്‍ ഇവയ്ക്ക് 21 മീ. വരെ നീളം കാണാറുണ്ട്. കൂടുതല്‍ സങ്കീര്‍ണമായ നിര്‍മാണരീതിയാണെങ്കില്‍ മേടയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളില്‍ ഓരോ ചെറിയ കോവണി കൂടി പണിയുന്നു. ഇതുകൂടിയാകുമ്പോള്‍ മേടയ്ക്ക് ഒരു കുരിശിന്റെ ആകൃതി കൈവരും. ഈ ശവസംസ്കാര അറയില്‍ സു. രണ്ടുമീറ്ററോളം ഉയരമുള്ള ഒരു മരച്ചട്ടക്കൂട്ടിന്റെ അടിയിലാണ് ശവപ്പെട്ടി വയ്ക്കാറുള്ളത്. ഇതിന്റെ ചുറ്റും നാലുവശത്തുമായി ബലിമൃഗത്തിന്റെ ശരീരഭാഗങ്ങളും വയ്ക്കുന്നു. ശവക്കല്ലറ മണ്ണിട്ടു മൂടുന്നതുകൊണ്ട് അങ്ങനെ ഒരു കല്ലറ അവിടെ ഉണ്ടെന്നു മനസ്സിലാക്കാനും കഴിയുമായിരുന്നില്ല.

ജോ രാജവംശം

ജോ രാജവംശം (ബി.സി. 1027-256). വാസ്തുവിദ്യയെ വളരെയധികം സ്വാധീനിച്ച പല മാറ്റങ്ങളും അരങ്ങേറിയത് ഈ ഭരണകാലത്താണ്.

ബി.സി.771 വരെ നീണ്ടുനിന്ന പശ്ചിമ ജോ ഭരണകാലത്തെ വാസ്തുവിദ്യയില്‍ ആദ്യം പിന്തുടര്‍ന്നിരുന്നത് ഷങ് സമ്പ്രദായങ്ങളായിരുന്നു. രാജ്യത്തിന്റെ വിസ്തൃതി വിപുലീകരിച്ചതോടെ ചെറിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ജോ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വെങ്കല പൂച്ചട്ടികള്‍, പാത്രങ്ങള്‍ തുടങ്ങിയവയില്‍ അക്കാലത്തെ കെട്ടിടങ്ങളുടെ മാതൃകകള്‍ ആലേഖനം ചെയ്തിരിക്കുന്നു. വീടുകളുടെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവായിരുന്നു. ഇരുനിലക്കെട്ടിടങ്ങളുടെ മേല്‍ക്കൂര ഓടു പാകിയതായിരുന്നു. മേല്‍ക്കൂരയ്ക്ക് താങ്ങു നല്കിയിരുന്നത് തടിത്തൂണുകളായിരുന്നു. തൂണുകള്‍ക്കു മുകളില്‍ വിന്യസിച്ചിരുന്ന ഒരുതരം സ്ളാബ് ഉപയോഗിച്ചാണ് ഉത്തരത്തില്‍നിന്നും തൂണിലേക്കു ഭാരം പകര്‍ന്നിരുന്നത്. ബ്രാക്കറ്റിങ് സംവിധാനം അന്ന് നിലവില്‍ വന്നിരുന്നില്ല.

നഗരത്തിനു ചുറ്റും പ്രതിരോധ മതിലുകള്‍ കെട്ടുന്ന സമ്പ്രദായം അക്കാലത്തും പ്രചാരത്തിലുണ്ടായിരുന്നു. പ്രാദേശിക ആചാരങ്ങള്‍ക്കും വ്യക്തിയുടെ സാമൂഹിക നിലയ്ക്കും വിധേയമായി കല്ലറകളുടെ വിസ്തൃതിയിലും ആകൃതിയിലും ചില വ്യത്യാസങ്ങള്‍ കണ്ടിരുന്നു. ഹൂപെയിലെ ടാങ്ഷാനി (Tangshan) ലുള്ള കല്ലറകളില്‍ മാത്രം മരം കൊണ്ടുള്ള ശവപ്പെട്ടിക്കു പകരം കല്പാളികള്‍ കൊണ്ടു പണിതവയാണു കാണുന്നത്.

പൗരസ്ത്യ ജോ (Eastern Chou) കാലത്തെയും വാറിങ് കിങ്ഡംസ്' കാലത്തെയും വാസ്തുവിദ്യാരീതികളെക്കുറിച്ച് താരതമ്യേന കൂടുതല്‍ അറിവു ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ നഗരസംവിധാനത്തെ സംബന്ധിച്ചുള്ള ഒരു പ്രശസ്ത ഗ്രന്ഥമായ ജോ ലി (Chou Li)യില്‍ മാതൃകാ തലസ്ഥാനം എങ്ങനെ സംവിധാനം ചെയ്യണം എന്ന് വിശദമാക്കുന്നുണ്ട്.

'സമചതുരാകൃതിയിലായിരിക്കണം തലസ്ഥാന നഗരി. അതിന്റെ ഓരോ വശത്തിനും ഏകദേശം 5.79 കി.മീ. നീളവും മൂന്നു പ്രവേശനകവാടങ്ങളും ഉണ്ടായിരിക്കണം. നഗരത്തിനകത്ത് 9 രഥങ്ങള്‍ക്കു കടന്നുപോകാന്‍ പാകത്തിനു വീതിയുള്ള 18 തെരുവീഥികള്‍ കാണണം. ഇവയില്‍ ഒമ്പതെണ്ണം നെടുകെയും ബാക്കി കുറുകെയുമായിരിക്കണം'. 'നഗരത്തിന് ഇടതുവശത്തായി പ്രധാന ക്ഷേത്രവും വലതുവശത്തായി ഭൂമിയുടെ അള്‍ത്താര (Altar of the Earth)യും മുന്‍വശത്ത് രാജസഭകൂടാനുള്ള വേദിയും പിറകിലായി വ്യാപാരകേന്ദ്രവും നിര്‍മിക്കണം' എന്നും ആ ഗ്രന്ഥം നിഷ്കര്‍ഷിക്കുന്നു.

ലോയങ്ങിനടുത്തായിരുന്നു പൗരസ്ത്യ ജോക്കാരുടെ തലസ്ഥാന നഗരം. ചവിട്ടിക്കുഴച്ച മണ്ണുകൊണ്ടു നിര്‍മിച്ച 3 മുതല്‍ 6 മീ. വരെ വീതിയുള്ള ഭിത്തികളുടെ അവശിഷ്ടങ്ങള്‍ അവിടെ കാണാം.

രാജകൊട്ടാരം കേന്ദ്രബിന്ദുവാക്കി അതിനു താഴെയായി പടിപടിയായി മറ്റു കെട്ടിടങ്ങള്‍ പണിയുന്ന രീതി നടപ്പില്‍ വന്നതു പൗരസ്ത്യ ജോ കാലത്താകണം. ഇതേ സമയത്തുതന്നെയാണ് സ്വകാര്യഭവനങ്ങള്‍ അങ്കണ മാതൃകയില്‍ സംവിധാനം ചെയ്തു തുടങ്ങിയതും സാമൂഹിക നിലയ്ക്കനുസൃതമായി കെട്ടിടം പണിയുന്ന രീതി വ്യാപകമായതും.

ചിന്‍ രാജവംശം

ചിന്‍ രാജവംശം (ബി.സി. 221-206). ചൈനയെ ഏകീകരിച്ച് കൊണ്ടുവന്നതിവരാണ്. തങ്ങളുടെ പിന്‍ഗാമികളുടേതില്‍ നിന്നും തികച്ചും വ്യതിരിക്തമായ നയപരിപാടികള്‍ ഇവര്‍ ആസൂത്രണം ചെയ്തു. ഇതിന്റെ മാറ്റൊലി വാസ്തുവിദ്യാരീതികളിലും ദൃശ്യമായിരുന്നു. നാട്ടുരാജ്യങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുന്ന വാസ്തുവിദ്യാസമ്പ്രദായങ്ങളുടെ മേളനത്തിലൂടെ ഒരു പുതിയ വാസ്തുവിദ്യാശൈലി തന്നെ ആവിര്‍ഭവിക്കുകയുണ്ടായി.

ഹാന്‍ രാജവംശം

ഹാന്‍ രാജവംശം (ബി.സി. 202-എ.ഡി. 220). ചൈനീസ് വാസ്തുവിദ്യയുടെ ക്ലാസ്സിക്കല്‍ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതിക്കാലത്തെയാണ്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന പല വാസ്തുവിദ്യാരീതികളും വാസ്തുശില്പങ്ങളും ഇക്കാലത്ത് പുനരുദ്ധരിക്കപ്പെട്ടു. ചൈനീസ് വാസ്തുവിദ്യാശൈലിക്ക് മറ്റു രാജ്യങ്ങളില്‍ വ്യാപകമായ പ്രചാരം ലഭിച്ചതും ഇക്കാലത്താണ്. കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്തു പണിത പല വാസ്തുശില്പങ്ങളും ഹാന്‍ വംശകാലത്തെ രീതികളിലേക്ക് വെളിച്ചംവീശുന്നുണ്ട്.

ചിന്‍ വംശജര്‍ നശിപ്പിച്ച കണ്‍ഫ്യൂഷ്യനിസവും മറ്റു പഴയ പാരമ്പര്യമൂല്യങ്ങളും ഇവര്‍ പുനരുദ്ധരിച്ചുവെങ്കിലും ആദ്യ അഗസ്റ്റ് ചക്രവര്‍ത്തി നടപ്പിലാക്കിയ പല നല്ല പരിഷ്കാരങ്ങളും ഇവര്‍ നിലനിര്‍ത്തി. ചിന്‍ കാലത്തുണ്ടാക്കിയവ കൂടാതെ ഷങ്, ജോ കാലങ്ങളില്‍ നിലനിന്നിരുന്ന ശൈലികളെയും വികസിപ്പിക്കാന്‍ ഇവര്‍ മടിച്ചിരുന്നില്ല. രാജകീയ ഗാംഭീര്യത്തോടുകൂടിയുള്ള വിവിധതരം കെട്ടിടങ്ങള്‍ ഇക്കാലത്തു നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇക്കാലത്താണ് ശവക്കുഴിക്കൂനകള്‍ നിര്‍മിക്കുന്ന രീതി ആദ്യമായി പ്രയോഗത്തില്‍ വന്നത്. ചിന്‍ രാജവംശകാലത്തെ മറ്റൊരു പ്രധാന സംഭവമാണ് വന്‍മതിലിന്റെ നിര്‍മാണം. വടക്കുവശത്തുകൂടി ചൈനയുടെ മേല്‍ നാടോടിവര്‍ഗങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങളെ ചെറുത്തുനിനില്ക്കാനാണ് ഇതു നിര്‍മിച്ചത്. ജോ വംശക്കാലത്ത് നാട്ടുപ്രമാണിമാര്‍ പ്രതിരോധാവശ്യത്തിനായി തങ്ങളുടെ നാട്ടുരാജ്യങ്ങളുടെ ചുറ്റും ചവിട്ടിക്കുഴച്ച മണ്ണുകൊണ്ട് പണിതിരുന്ന കോട്ടമതിലുകള്‍ക്കു സമാനമാണീ വന്‍മതില്‍. ചുറ്റുപാടുകളുമായി യോജിച്ചുപോകത്തക്ക രീതിയില്‍ ഒരു വാസ്തുശില്പം എങ്ങനെ പണിയാം എന്നതിനുള്ള ഒരുദാഹരണം കൂടിയാണിത്.

കൊട്ടാരനിര്‍മാണത്തിന്റെ സുവര്‍ണയുഗം എന്നു വിശേഷിപ്പിക്കാവുന്ന അക്കാലത്തെക്കുറിച്ച് കൂടുതല്‍ അറിവ് തരുന്നത് ചരിത്രലേഖനങ്ങളും 'ഫു കവിതകള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരുതരം നീണ്ട വിവരണാത്മക കവിതകളുമാണ്.

ബുദ്ധക്ഷേത്രങ്ങള്‍ക്ക് രൂപകല്പന നല്കിയത് ഹാന്‍ വംശക്കാരാണെന്നു കരുതപ്പെടുന്നു. ഹാന്‍ വംശജരുടെ കൊട്ടാരങ്ങളില്‍ ബൃഹത് പവിലിയനുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതിന്റെയും അടിത്തറ ചവിട്ടിക്കുഴച്ച മണ്ണുകൊണ്ടു പണിതതാണ്. ഭാരംതാങ്ങിസംവിധാനം (corbel system) വ്യാപകമായി സ്വീകരിച്ചുതുടങ്ങുന്നതിക്കാലത്താണ്. കല്ലുകൊണ്ടും തടികൊണ്ടും പണിത വാസ്തുശില്പങ്ങളില്‍ ഈ സംവിധാനം ഒരുപോലെ സ്വീകരിച്ചുകാണുന്നു. കൂടുതല്‍ വീതിയേറിയതും കനം കൂടിയതുമായ ഓടുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതിക്ക് അനുയോജ്യമായതാണ് ഈ പുതിയ സംവിധാനം. ഹാന്‍ വംശജരുടെ മറ്റൊരു വിലപ്പെട്ട സംഭാവനയാണ് തോരണ കമാനങ്ങള്‍ (ogival vaults) ഉപയോഗിച്ച് കല്ലുകൊണ്ടോ ഇഷ്ടിക കൊണ്ടോ കെട്ടിടങ്ങള്‍ പണിയുന്ന രീതി. രാജകീയ ശ്മശാനങ്ങളിലെ വളഞ്ഞതോ കൂര്‍ത്തതോ ആയ കമാനങ്ങളും ഇവരുടെ കാലത്താണ് പ്രചാരത്തില്‍ വന്നത്.

ഇവരുടെ ഭരണകാലത്തെ രണ്ടു ഘട്ടങ്ങളായി വിഭജിക്കാം: 'പശ്ചിമ' ഹാന്‍ കാലഘട്ടവും (ബി.സി. 202 മുതല്‍ എ.ഡി. 9 വരെ) 'പൂര്‍വ' ഹാന്‍ കാലഘട്ടവും (9-23). ചതുരാകൃതിയിലുള്ള നിര്‍മാണ ശൈലി പൂര്‍വ ഹാന്‍ തലസ്ഥാനത്താണ് ദൃശ്യമാകുന്നത്.

ആരാമങ്ങള്‍, കമാനരൂപത്തിലുള്ള മുള്‍പ്പാതകള്‍, മട്ടുപ്പാവുകള്‍, കോവണിപ്പടികള്‍, കര്‍ട്ടന്‍ ഭിത്തികള്‍ എന്നിവയാല്‍ പരസ്പരം ബന്ധപ്പെടുത്തി പണിതിട്ടുള്ള കെട്ടിടങ്ങളുടെ ശൃംഖല ഉള്‍ക്കൊണ്ട ഒരു ബൃഹത് സ്മാരകശൈലിയാണ് ചിന്‍ വംശജര്‍ സ്വീകരിച്ചിരുന്നത്. ഇതേ ശൈലി തന്നെ ഹാന്‍ വംശജര്‍ തുടര്‍ന്നു. അതോടൊപ്പം കുത്തനെയുള്ള നിര്‍മാണരീതിക്കും അവര്‍ തുടക്കം കുറിച്ചു. പ്രവേശന കവാടങ്ങള്‍ക്കിരുവശവും സ്തംഭങ്ങള്‍ പണിയുന്ന രീതിയും ഉണ്ടായിരുന്നു.

ഇഷ്ടിക, കരിങ്കല്ല്, തടി എന്നിവ ഉപയോഗിച്ചു വളരെ വിപുലമായ രീതിയില്‍ പണിതവയാണ് ഹാന്‍ ശവക്കല്ലറകള്‍. ശവക്കൂനകള്‍ പ്രചാരത്തില്‍ വന്നത് ഇക്കാലത്താണ്. ഒരു കല്ലറയെത്തന്നെ പല അറകളായി വിഭജിച്ചശേഷം ഒരു കമാനം കൊണ്ട് അവയെ ആവരണം ചെയ്യുമായിരുന്നു. ചിന്‍, ഹാന്‍ ചക്രവര്‍ത്തിമാരുടെ ശവക്കല്ലറകള്‍ ഭീമാകാരമായ മണ്‍തിട്ടകള്‍ കൊണ്ടു മൂടപ്പെട്ടിരുന്നു. ഇന്നും അത്തരം മണ്‍തിട്ടകള്‍ ചൈനയില്‍ കാണാം. പല ഹാന്‍ കല്ലറകളും ചുവര്‍ച്ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ചിലതില്‍ വിലയേറിയതും ആകര്‍ഷകങ്ങളുമായ ഇഷ്ടികകള്‍, കൊത്തുപണിചെയ്ത കല്ലുകള്‍ തുടങ്ങിയവയും കാണാം. ഇത്തരം ഏതാനും ഇഷ്ടികകള്‍ ഹോസ്റ്റണിലെ മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്സില്‍ സൂക്ഷിച്ചിട്ടുണ്ട്.

കല്ലറകളുടെ അകവശം മോടിപിടിപ്പിക്കാനായി തടി ഉപയോഗിച്ചിരുന്നു. പുതിയതരം ഒരു മേല്ക്കൂരസംവിധാനവും ഇവയില്‍ ആദ്യമായി ഉപയോഗിച്ചുകാണുന്നു. പില്ക്കാലത്ത് വിദൂരപൗരസ്ത്യ ദേശങ്ങളിലെ വാസ്തുവിദ്യാസമ്പ്രദായങ്ങള്‍ ഈ ശൈലി വിപുലമായി സ്വീകരിച്ചുവന്നു.

കല്ലറകളുടെ വെളിയില്‍ ഷെന്‍ ടവൊ (Shen tao), ശവകുടീരാരാമങ്ങള്‍ തുടങ്ങിയവ നിര്‍മിച്ചിരുന്നു അവയെ തൂണുകള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിമകള്‍, കല്‍ പലകകളില്‍ തീര്‍ത്ത ബലിക്ഷേത്രങ്ങള്‍ എന്നിവ കൊണ്ടു മോടിപിടിപ്പിച്ചിരുന്നു. ഇവയെല്ലാം ഹാന്‍ കാലത്തെ വാസ്തുശില്പികളുടെ കരവിരുതിനുദാഹരണങ്ങളാണ്.

ആറു രാജവംശങ്ങള്‍

ആറു രാജവംശങ്ങള്‍ (220-581). ഹാന്‍ പാരമ്പര്യമാണ് ഇക്കൂട്ടര്‍ തുടര്‍ന്നു വന്നിരുന്നത് എന്നനുമാനിക്കപ്പെടുന്നു. നത മധ്യചരിവുകളോടുകൂടിയ വളഞ്ഞ കൂരകള്‍ ഇക്കാലത്തെ സവിശേഷതയാണ്. യന്ത്രോപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടതോടെ ബലതന്ത്രത്തിന്റെ സ്വാധീനം വാസ്തുവിദ്യാരീതികളില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര വൈ (Northern Wei)യുടെ കാലത്തു പണിത മിങ് ടങ്ങില്‍ ഒരു മുറിയുടെ കൂരയ്ക്കുകീഴില്‍ ജ്യോതിര്‍ഗോളങ്ങളുടെ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുകയും കറങ്ങുന്ന ഒരു സംവിധാനം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗുഹാക്ഷേത്രങ്ങളിലും ശവക്കല്ലറകളിലും ഉള്ള പ്രതിമകളിലും ചിത്രരചനകളിലും വളരെ ആര്‍ഭാടമായ രീതിയില്‍ അലങ്കാരപ്പണികള്‍ ചെയ്തു വന്നിരുന്നു. ഇവയില്‍ പലതും അന്നുവരെ ചൈനയില്‍ അറിയപ്പെടാത്തവയായിരുന്നു. ഇക്കാലത്തെ ദാരു വാസ്തുവിദ്യാരീതികള്‍ ജപ്പാനിലെ ചില ക്ഷേത്രങ്ങളിലും അനുകരിച്ചിരുന്നു. കല്ലറകള്‍, ബുദ്ധഗുഹാക്ഷേത്രങ്ങള്‍ എന്നിവയില്‍ കാണുന്ന കൊത്തുപണികളില്‍ നിന്നും ഈ കാലഘട്ടത്തിലെ ദാരുശില്പങ്ങളെക്കുറിച്ചു മനസ്സിലാക്കാം. അക്കാലത്ത് കൊറിയയിലും ജപ്പാനിലും പ്രചാരത്തിലിരുന്ന വാസ്തുവിദ്യാശൈലിയും ഇക്കാര്യത്തില്‍ കൂടുതല്‍ അറിവു തരുന്നു.

ഷന്‍ഷിയിലെ യുങ്കാങ്ങിലുള്ള ആറാമത്തെ ഗുഹയില്‍ വളരെ സരളമായി രൂപകല്പന ചെയ്ത ചതുര്‍ഭുജാകൃതിയുള്ള ഒരു പവിലിയനുണ്ട്. ഇതില്‍ നിന്നും ഈ രാജവംശകാലത്തെ ബ്രാക്കറ്റിങ് സംവിധാനത്തെക്കുറിച്ചു മനസ്സിലാക്കാം. ഹാന്‍ കാലത്തെ ബോട്ടിന്റെ ആകൃതിയിലുണ്ടായിരുന്ന ബ്രാക്കറ്റിങ് സംവിധാനത്തിന്റെ മധ്യഭാഗത്തായി മറ്റൊരു ശാഖ കൂടി ചേര്‍ക്കപ്പെട്ടുകാണുന്നു. ഇവയെ പിന്നീടു തടികൊണ്ടുള്ള താങ്ങുകളോടുകൂടി ചേര്‍ത്ത് 'ഫ' ആകൃതിയിലാക്കി. ഇരട്ട ചരിവുള്ള കൂരയുടെ മുകളില്‍ ശോഭാസ്തൂപങ്ങള്‍ വയ്ക്കുന്ന രീതിയും ഇക്കാലത്താണു തുടങ്ങിയത്. പില്ക്കാലത്ത് ഇവയുടെ ആകൃതിയില്‍ അല്പം മാറ്റമുണ്ടായി. പഗോഡകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നതും ഇക്കാലത്താണ്. ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും ബുദ്ധക്ഷേത്രങ്ങളിലെ സ്തൂപങ്ങളുടെ ഒരു അനുകരണമാവാം ഇവയെന്നു കരുതപ്പെടുന്നു. ഹാന്‍ കാലത്തെ തടിഗോപുരങ്ങളുടെ ചുവടുപിടിച്ചാണ് പഗോഡകള്‍ പണിതിരുന്നത്. പ്രധാനമായും രണ്ടുതരം പഗോഡകള്‍ ഉണ്ടായിരുന്നു: കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ചു പണിതവയും തടിയില്‍ നിര്‍മിച്ചവയും. ജപ്പാനിലെ നരയില്‍ കാണുന്ന പഗോഡകള്‍ ചൈനീസ് മാതൃകകളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചവയാകയാല്‍ അവയില്‍ നിന്നും ചൈനയിലുണ്ടായിരുന്ന പഗോഡകളെക്കുറിച്ച് അറിവു ലഭിക്കുന്നു. പഗോഡകളുടെ എണ്ണം കൂടുന്നതോടൊപ്പം അവയിലെ നിലകളുടെ എണ്ണത്തിലും ഉയരത്തിലും വര്‍ധനവുണ്ടായി. ചില പഗോഡകള്‍ 12 നിലകള്‍ വരെ ഉള്ളവയായിരുന്നു. ഏറ്റവും മുകളില്‍ കൊടിമരത്തെ വലയം ചെയ്തു ലോഹത്തകിടുകള്‍ ഉറപ്പിച്ചിരുന്നു. നിലകളുടെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുവാന്‍ തൂണുകളും ചുവരില്‍ നിന്ന് എഴുന്നു നില്ക്കുന്ന ഭാരംതാങ്ങി സംവിധാനവും ഉപയോഗിച്ചിരുന്നു. കല്ലുകൊണ്ടു പണിത, 12 നിലകളുള്ള ഒരു പഗോഡ തികച്ചും ഇന്ത്യന്‍ ശൈലിയില്‍ത്തന്നെയാണ് നിര്‍മിച്ചിരുന്നത്.

ബുദ്ധക്ഷേത്രങ്ങളുടെ രൂപം ക്രമപ്പെടുത്തിയത് ഇക്കാലത്താണ്. തെക്കുവശത്തുള്ള ക്ഷേത്രകവാടത്തിനഭിമുഖമായാണ് പഗോഡ സ്ഥാപിക്കുന്നത്. അതിനു മുന്നിലായി ബുദ്ധനെ പ്രതിഷ്ഠിച്ചിട്ടുള്ള പവിലിയനും വായനാമുറിയും പണിയുന്നു. ഇവയെല്ലാം പരമ്പരാഗതമായ ഉത്തര-ദക്ഷിണ ദിശയിലാണു സ്ഥിതിചെയ്യുന്നത്. എന്നാല്‍ മറ്റൊരു രീതി കാണാറുണ്ട്. ഇതില്‍ പഗോഡ മധ്യത്തിലും രണ്ടുവശത്തായി ബൗദ്ധപവിലിയനും വായനാമുറിയും പണിയുന്നു.

സുയി - തങ് വംശങ്ങള്‍.

സുയി (581-618), തങ് (618-907) വംശങ്ങള്‍. 583-ല്‍ രൂപകല്പന ചെയ്ത നഗരമാണ് ചാങ്ഗന്‍. പില്ക്കാലത്ത് പെക്കിങ് (ഇന്നത്തെ ബീജിങ്) നഗരം നിര്‍മിച്ചതും ഈ നഗരത്തിന്റെ മാതൃകയിലാണ്.

ഇവരുടേത് പ്രധാനമായും ക്ഷേത്ര നിര്‍മാണത്തിന്റെ ഘട്ടമായിരുന്നു. പഗോഡകളും നിര്‍മിച്ചിരുന്നു.

ആദ്യത്തെ ഏതാനും തങ് ചക്രവര്‍ത്തിമാര്‍ തങ്ങളുടെ മുന്‍കാല ഭരണാധിപന്മാരെപ്പോലെ അമ്പലങ്ങളും പഗോഡകളും പണിയുന്നതില്‍ അതീവ തത്പരരായിരുന്നു. ഇവയില്‍ കല്ലുകൊണ്ടു പണിതവ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഇവയില്‍ ഏറ്റവും പഴക്കമേറിയത് വടക്കേ ഷന്‍ഷിയിലെ വുടായി(Wu-t'ai)യില്‍ 782-ല്‍ പണിത പഗോഡയാണ്. ജപ്പാനിലെ നരയില്‍ 752-ല്‍ പണിത ഗ്രേറ്റ് ബുദ്ധാഹാളിന്റെ നിര്‍മാണശൈലി തങ്ങ് വംശകാലത്തേതാണ്.

തങ് വംശജര്‍ നിര്‍മിച്ച ദാരു പഗോഡകള്‍ ഇന്ന് ഇല്ലെങ്കിലും അക്കാലത്ത് ഇതേ ശൈലിയില്‍ ജപ്പാനിലെ നരയില്‍ പണിതവ ഇന്നും നിലനില്ക്കുന്നു. പക്ഷേ, ഒരു കാര്യം സുവ്യക്തമാണ്. തങ് കാലത്തോ അതിനുശേഷമോ നിര്‍മിച്ച പഗോഡകളില്‍ ഇന്ത്യന്‍ പഗോഡ നിര്‍മാണ രീതി അനുകരിച്ചു കാണുന്നില്ല. ഇതിനൊരപവാദമായി കാണുന്നത് സുങ്-യുയേ-സു (Sung-Yueh-Ssu) പഗോഡ മാത്രമാണ്.

അഞ്ചു രാജവംശങ്ങളും ലിയൊ - രാജവംശവും

അഞ്ചു രാജവംശങ്ങളും ലിയൊ (Liao) രാജവംശവും (907-960) : അഞ്ചു രാജവംശങ്ങളുടെ ഭരണകാലം വളരെ ഹ്രസ്വമായിരുന്നെങ്കിലും ഇവര്‍ക്കു ചൈനീസ് വാസ്തുവിദ്യയുടെ വികാസത്തില്‍ പ്രത്യേകം പങ്കുണ്ടായിരുന്നു. അന്നത്തെ വാസ്തുവിദ്യയില്‍ പ്രാദേശിക രീതികള്‍ക്കു വളരെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. ഇവ പരിപൂര്‍ണമായി വികാസത്തിലെത്തുന്നത് ദക്ഷിണ സുങ്ങുകാരുടെ കാലത്താണ്.

വാസ്തുവിദ്യാ സമ്പ്രദായങ്ങളില്‍ പുതുമ കണ്ടെത്തിയ ഏകരാജവംശം ലിയൊ വംശത്തിലെ ഖിത്താന്മാര്‍ മാത്രമാണ്. തങ് കാലത്ത് കൊട്ടാരങ്ങളുടെ കമാനങ്ങള്‍ തെക്കുഭാഗത്തായിരുന്നു നിര്‍മിച്ചിരുന്നത്. ലിയൊ വംശജര്‍ തങ്ങളുടെ കൊട്ടാരങ്ങളുടെ കിഴക്കു ഭാഗത്തായിട്ടാണ് കമാനങ്ങള്‍ പണിതത്. പ്രാചീന കാലത്തെ സൂര്യാരാധനാസമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ രീതിയെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട പഗോഡകള്‍ക്ക് ഏഴോ പതിമൂന്നോ നിലകള്‍ ഉണ്ടായിരുന്നു. ഇഷ്ടികയില്‍ പണിത ഇവ അഷ്ടഭുജമാതൃകയിലുള്ളവയായിരുന്നു. വശങ്ങളുടെ പ്രതലങ്ങള്‍, തൂണുകള്‍, ചുവരില്‍ നിന്നും എഴുന്നുനില്ക്കുന്ന ഭാരംതാങ്ങികള്‍, ചുവര്‍ പ്രതിമകള്‍, ചിത്രവേലകള്‍ എന്നിവയാല്‍ അലങ്കൃതമായിരുന്നു. ചിത്രവേലകളില്‍ മൃഗങ്ങളുടെയും ദേവന്മാരുടെയും രൂപങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ആദ്യകാല തടിക്കെട്ടിടങ്ങള്‍ തങ് കാലത്തെ പരമ്പരാഗതരീതിയുടെ അനുകരണങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ക്രമേണ ലിയൊങ് തടിക്കെട്ടിട നിര്‍മാണശൈലിയെ സമകാലികരായ സുങ് ശൈലി സ്വാധീനിച്ചുതുടങ്ങി. ഇതിനുള്ള തെളിവാണ് ഷെന്‍ഷിയിലെ യിങ്ഷീനി(Yinghsien)യിലുള്ള ഫൊ-ക്വാങ്-സു (Fo-Kuang-Ssu). പഗോഡയിലെ പുറത്തോട്ടു തള്ളി നില്ക്കുന്ന മേല്‍ക്കൂരകള്‍ (roof slopes). തങ് കാലത്തെ ഒറ്റപ്പെട്ട വലിയ ബ്രാക്കറ്റുകള്‍ക്കു പകരം ചെറിയ ബ്രാക്കറ്റുകള്‍ ഇടതൂര്‍ന്നു ഘടിപ്പിക്കുന്ന രീതി പ്രയോഗത്തില്‍ വന്നു.

കെട്ടിടനിര്‍മാണ രീതികളില്‍ വളരെയൊന്നും പുതുമ പ്രദര്‍ശിപ്പിക്കാത്ത ലിയൊ കലാകാരന്മാര്‍ കല്ലുകളുടെ നിര്‍മാണ കാര്യത്തില്‍ തങ്ങളുടേതായ തനിമ പ്രകടിപ്പിച്ചിട്ടുണ്ട്.

സുങ് -ചിന്‍ രാജവംശങ്ങള്‍.

സുങ് (Sung, 9601279), ചിന്‍ (Chin, 11151234) രാജവംശങ്ങള്‍. ഉത്തര സുങ് തലസ്ഥാനനഗരം ഗോപുരങ്ങളുടെ നഗരമായിരുന്നു എന്നു പറയാം. അക്കാലത്തെ വാസ്തുശില്പരീതി ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചു കാണുന്നത് 1038-ല്‍ ലിയൊ പ്രവിശ്യയില്‍ നിര്‍മിച്ച ഗ്രന്ഥശാലാമന്ദിരത്തിലാണ്.

അക്കാലത്തെ വാസ്തുവിദ്യയുടെ ഒരു സവിശേഷത കെട്ടിടത്തിന്റെ കോണുകളില്‍,വാമടകള്‍ മുകളിലോട്ടു വളച്ചു പണിയുന്ന സമ്പ്രദായത്തിന്റെ ആരംഭമാണ്. മേല്‍ക്കൂരയുടെ താഴോട്ടുള്ള വളയല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന സംവിധാനമാണിത്. ഹൈ ഗോഥിക് (High Gothic) ശൈലിയോട് ഏകദേശസാദൃശ്യമുള്ളതായിരുന്നു ഇത്.

കെട്ടിടങ്ങളുടെ അകത്തുള്ള മിനുക്കുപണികളും അലങ്കാരങ്ങളും കൂടുതല്‍ സങ്കീര്‍ണമായി. മറ്റൊരാകര്‍ഷണീയത പഗോഡകളുടെ നിര്‍മാണ ശൈലിയാണ്. തടിയിലോ ഇഷ്ടികയിലോ നിര്‍മിച്ചിരുന്ന ഇവ 6 മുതല്‍ 8 വരെ വശങ്ങള്‍ ഉള്ളവയായിരുന്നു. ഇവയില്‍ പ്രസിദ്ധമായ ചിലതാണ് കോയ്ഫെങ്ങിലെ ലോഹവര്‍ണത്തിലുള്ള ഇഷ്ടിക പഗോഡ, ജെഹൊളി(Jehol)ലെ ചിങ്ജോവിലുള്ള ഏഴു നിലകളുള്ള ധവള പഗോഡ (White pagoda). പെക്കിങ്ങിലെ 13 നിലയുള്ള ടിയാന്‍ നിങ്സു പഗോഡ തുടങ്ങിയവ. തടിയില്‍ത്തീര്‍ത്ത പ്രസിദ്ധമായ പഗോഡയാണ് ഷെന്‍സിയിലെ ഫൊ-ക്വാങ് സു പഗോഡ. ഇതിന് എട്ടു വശങ്ങളും അഞ്ചു നിലകളും ഉണ്ട്.

അന്നത്തെ ആസ്ഥാന വാസ്തുശില്പിയായിരുന്ന ലീ ചീയായ് (Li Chiai) ക്രോഡീകരിച്ചതായി പറയപ്പെടുന്ന മാനുവല്‍ ഒഫ് ആര്‍ക്കിടെക്ച്ചറല്‍ പ്രാക്ടീസില്‍ ലേ ഔട്ട്, കല്പണി, മരപ്പണി, ബ്രാക്കറ്റിങ്, അലങ്കാരം, നിര്‍മാണവസ്തുക്കള്‍ എന്നിവയെപ്പറ്റിയെല്ലാം പ്രതിപാദിച്ചിരിക്കുന്നു.

യുവാന്‍ രാജവംശം

യുവാന്‍ (Yuan) രാജവംശം (1280-1368). വാസ്തുവിദ്യയിലെ ബറോക്ക് ഘട്ടമായി (Baroque Phase) ഇവരുടെ ഭരണകാലത്തെ വിശേഷിപ്പിക്കാം. ബറോക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചടുലമായ പ്രതലങ്ങള്‍ക്കും നിഴലും വെളിച്ചവും കൊണ്ട് സൃഷ്ടിക്കാവുന്ന പ്രഭാവങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക താത്പര്യത്തെയാണ്. ഈ രാജവംശകാലത്തെ പെക്കിങ് നഗരത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വര്‍ണനകള്‍ മാര്‍ക്കോപോളോയുടെ യാത്രാവിവരണത്തിലുണ്ട്.

ലിയൊങ്-സുങ് മാസ്റ്റര്‍പീസുകളുടെ അനുകരണത്തില്‍ ആരംഭിച്ച ഇവരുടെ വാസ്തുവിദ്യാസമ്പ്രദായങ്ങള്‍ ക്രമേണ ബറോക്ക് രീതിയിലെത്തിച്ചേരുകയാണുണ്ടായത്. അതിനോടൊപ്പം തന്നെ പരമ്പരാഗതമായ അഭിരുചിക്കനുയോജ്യമായ വിദേശീയ ഘടകങ്ങളെയും തങ്ങളുടെ വാസ്തുവിദ്യാശൈലിയില്‍ സ്വാംശീകരിക്കുവാന്‍ യുവാന്‍ കാലം മടികാണിച്ചില്ല. ക്രമമായി ചിട്ടപ്പെടുത്തിയിരുന്ന കൂടാരങ്ങള്‍ക്കു പകരം സംഗ്രഹിത കൂടാരങ്ങള്‍ ഈ ഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടു. കൂടാരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് ഇടനാഴികള്‍, അനുബന്ധ മുറികള്‍, ഗാലറികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു. വിവിധ ആകൃതിയിലുള്ള മേല്‍ക്കൂരകള്‍ ഒരു കെട്ടിടത്തില്‍ത്തന്നെ കാണാമായിരുന്നു. വൃത്താകാരത്തിലുള്ള കൂടാരങ്ങളും അനിയമിതാകാരത്തിലുള്ള കൂടാരങ്ങളും ഇവര്‍ നിര്‍മിച്ചിരുന്നു. ലാമാ ബുദ്ധമതവിഭാഗത്തിനും ഇക്കാലത്ത് ഇവര്‍ സംരക്ഷണം നല്കിയിരുന്നതുകൊണ്ട് തിബത്തന്‍ വാസ്തുവിദ്യാസമ്പ്രദായങ്ങളും യുവാന്‍ വാസ്തുശില്പങ്ങളില്‍ കാണാം. ഇതിനുത്തമോദാഹരണമാണ് പെക്കിങ്ങിലെ മ്യോ യിങ്-സു (Miao-Ying-Ssu) പഗോഡ. ഇതിന്റെ ആകൃതി കുപ്പിയുടേതുപോലെയാണ്. പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിരുന്ന പഗോഡകള്‍ കടുത്ത ചായങ്ങള്‍ പൂശി മോടിപിടിപ്പിച്ചിരുന്നു.

മിങ് രാജവംശം

മിങ് രാജവംശം (1368-1644). ആദ്യത്തെ മിങ് ചക്രവര്‍ത്തി നാങ്കിങ് നഗരത്തെ തന്റെ തലസ്ഥാനമാക്കിയശേഷം ചുറ്റും 30 കി.മീറ്ററോളം നീളമുള്ള മതില്‍ നിര്‍മിച്ചു. ഇന്ന് അവ നശിപ്പിക്കപ്പെട്ടിരിക്കുന്നു. 1421-ല്‍ യുങ് ലോ ചക്രവര്‍ത്തി തലസ്ഥാനം പെക്കിങ്ങിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ യുവാന്‍ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ട്സൂചിന്‍ ചെങ് അഥവാ 'വിലക്കപ്പെട്ട നഗരം' (Forbidden city) അദ്ദേഹം നിര്‍മിച്ചു.

ഈ നഗരത്തില്‍ പ്രവേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ലായിരുന്നു. രാജകീയ ഗൃഹങ്ങളിലെ സമ്പത്സമൃദ്ധിയും മറ്റ് കാര്യങ്ങളും സാധാരണക്കാര്‍ അറിയാതിരിക്കാന്‍ വിലക്കപ്പെട്ട നഗരത്തിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന പണിക്കാരെ മുഴുവന്‍ ചക്രവര്‍ത്തി വധിക്കുകയുണ്ടായി.

സാധാരണക്കാര്‍ക്കും വിദേശ സഞ്ചാരികള്‍ക്കും മറ്റും ഈ കൊട്ടാരം നോക്കിക്കാണാന്‍ അനുവാദം ലഭിച്ചത് ചൈനയില്‍ ജനകീയ സര്‍ക്കാര്‍ വന്നതിനു ശേഷം മാത്രമാണ്.

വാസ്തുവിദ്യാമാനദണ്ഡം വച്ചു നോക്കുമ്പോള്‍ വിലക്കപ്പെട്ട നഗരത്തിന്റെ നിര്‍മാണരീതിക്ക് സുങ് കാലഘട്ടത്തിലെ മഹത്ത്വം അവകാശപ്പെടാനാവില്ല. നിര്‍മാണത്തിന്റെ അടിസ്ഥാന യൂണിറ്റ് ഒരു സമചതുരമോ ദീര്‍ഘചതുരത്തിലുള്ള പവിലിയനോ (കൂടാരമോ) ആയിരുന്നു. ഇവയില്‍ പുറത്തോട്ടു തള്ളി നില്ക്കുന്ന തരത്തിലുള്ളവയും കാണാമായിരുന്നു. ബ്രാക്കറ്റിങ് വ്യൂഹത്തെ അലങ്കാരത്തിനുള്ള ചിത്രപ്പാളിയുടെ ഒരുപാധിയായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. കെട്ടിടനിര്‍മാണരീതിയില്‍ മുന്‍തൂക്കം ലഭിച്ചത് ചരിഞ്ഞ ഗുളികക്കാല്‍ (Balustrades) നിരകള്‍ക്കായിരുന്നു. ഇവയില്‍ വിവിധ വര്‍ണത്തില്‍ കൊത്തുപണികള്‍ ചെയ്തിരുന്നു.

ശവക്കല്ലറകളുടെ കൂര പണിയുവാനും വീപ്പയുടെ ആകൃതിയിലുള്ള കമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. വന്‍ ലി (Wan-li) ചക്രവര്‍ത്തി (മ. 1620)യുടെ കല്ലറ ഇതിനുദാഹരണമാണ്.

തങ്, സുങ് രാജവംശക്കാലങ്ങളിലെ വാസ്തുവിദ്യാസമ്പ്രദായങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരുന്ന മിങ് വാസ്തുവിദ്യാരീതി അടിസ്ഥാനപരമായി രേഖീയമാണ്. കെട്ടിടങ്ങളുടെ ലേ ഔട്ടില്‍ വളരെ കര്‍ക്കശമായ സമമിതി അവര്‍ പുലര്‍ത്തിപ്പോന്നിരുന്നു. മേല്‍ക്കൂരകള്‍ ആവശ്യത്തില്‍ക്കൂടുതല്‍ വക്രീയമായിരുന്നില്ല. സുങ്, ലിയൊ, യുവാന്‍ രാജവംശങ്ങളുടെ കാലത്തെപ്പോലെ അലങ്കാരപ്പണികള്‍ ചെയ്യുന്നതില്‍ ഇവര്‍ ഉത്സുകരായിരുന്നു. കല്പണിയില്‍ കൂടുതല്‍ താത്പര്യമുള്ളവരായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്.

മിങ്ങുകാര്‍ പണിത കോട്ടകളും നഗരങ്ങള്‍ക്കു ചുറ്റും നിര്‍മിച്ച മതിലുകളും അവരുടെ സൈനിക വാസ്തുവിദ്യാസമ്പ്രദായങ്ങളുടെ മഹത്ത്വത്തെ സൂചിപ്പിക്കുന്നവയാണ്. വന്‍മതില്‍ പുതുക്കിപ്പണിതത് ഇവരാണ്. അന്നത്തെ വാതായനങ്ങളും നിരീക്ഷണഗോപുരങ്ങളും ഇഷ്ടികകൊണ്ടു നിര്‍മിച്ച കനത്ത അടിത്തറകള്‍ക്കു മുകളിലാണു പണിതിരുന്നത്. ഇവയുടെ എല്ലാം കീഴ്ഭാഗം കനത്ത സുരക്ഷാസന്നാഹങ്ങളാല്‍ ഭദ്രമാക്കപ്പെട്ടതും മേല്‍ഭാഗം വായു കടക്കാത്തതുമായിരുന്നു. തിബത്തന്‍ ശൈലിയിലും പിരമിഡിന്റെ ആകൃതിയിലും പഗോഡകള്‍ പണിതിരുന്നെങ്കിലും പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിരുന്ന പഗോഡകള്‍ക്ക് ബുദ്ധക്ഷേത്രങ്ങളിലെ തൂക്കു വിളക്കുകളുടെ പൊക്കമേ ഉണ്ടായിരുന്നുള്ളൂ.

അന്ന് ചൈന സന്ദര്‍ശിച്ച മിഷനറിമാര്‍ മുഖേന ചൈനീസ് വാസ്തുവിദ്യാശൈലികളില്‍ പാശ്ചാത്യ സമ്പ്രദായങ്ങളുടെ പരോക്ഷമായ സ്വാധീനം ഉണ്ടായിട്ടുണ്ട്.

സൈനിക ആവശ്യങ്ങള്‍ക്കായി വാസ്തുവിദ്യയെ മിങ്ങുകാര്‍ ഫലപ്രദമായി ഉപയോഗിച്ചതിന്റെ തെളിവുകളാണ് അവര്‍ പുതുക്കിപ്പണിത ചൈനീസ് വന്‍മതിലും മറ്റ് അനേകം മതിലുകളും കോട്ടകളും. അവയിലെ വാതായനങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍ എന്നിവ ബലമേറിയ അടിത്തറയ്ക്കു മീതെ ഇഷ്ടിക കൊണ്ടു കെട്ടിപ്പൊക്കിയവയാണ്.

തടികൊണ്ടുള്ള വാസ്തുവിദ്യാരീതികള്‍ക്ക് ഒരു പുതിയ സമമിതിയും താളാനുഗതമായ സന്തുലിതാവസ്ഥയും കൈവന്നു. ബ്രാക്കറ്റിങ് സംവിധാനത്തിന്റെ പ്രാധാന്യം കുറഞ്ഞു. എന്നിരുന്നാലും അതിന്റെ 'മുന്തിരിക്കുല' രീതിക്ക് മാറ്റമൊന്നുമുണ്ടായില്ല.

ചിങ് രാജവംശം

ചിങ് രാജവംശം (Ching 1644-1912). മിങ് വാസ്തുവിദ്യാരീതിയുടെ വികസനത്തിലും മിങ്ങുകാരുടെ കാലത്തു പണിത കൊട്ടാരങ്ങളുടെ പുനരുദ്ധാരണത്തിലും ആയിരുന്നു ചിങ് രാജവംശം ശ്രദ്ധിച്ചിരുന്നത്. കെട്ടിടങ്ങള്‍ക്കു കൂടുതല്‍ കടുത്ത വര്‍ണങ്ങള്‍ പൂശുന്ന കാര്യത്തില്‍ ഇവര്‍ വളരെ ഉത്സുകരായിരുന്നു. പക്ഷികളുടെയും പൂക്കളുടെയും ചിത്രങ്ങള്‍ കൊണ്ടുള്ള അലങ്കാരപ്പണികള്‍, തടിയിലും കല്ലിലും കൊത്തിയ ശില്പങ്ങള്‍, ഇനാമല്‍ ചെയ്ത ഓടുകള്‍ എന്നിവയും ഇവരുടെ വാസ്തുവിദ്യയുടെ സവിശേഷതകളാണ്. മറ്റു രാജ്യങ്ങളുടെ വാസ്തുവിദ്യാരീതികളെ ഉള്‍ക്കൊള്ളാനും ഇവര്‍ സന്നദ്ധരായിരുന്നു. തിബത്തന്‍ വാസ്തുവിദ്യാരീതികള്‍ക്കു ചൈനയില്‍ വ്യാപകമായ പ്രചാരം ലഭിച്ചതു ചിങ് ഭരണകാലത്താണ്. ജെഹൊളി (Jehol) ലെ കെട്ടിടങ്ങളും പെക്കിങ് നഗരത്തിലെ പൂന്തോട്ടങ്ങളില്‍ കുപ്പിയുടെ രൂപത്തില്‍ പണിതിട്ടുള്ള പഗോഡകളും പെക്കിങ്ങിനടുത്തുള്ള വന്‍-ഷൗ-ഷനില്‍ കാണുന്ന സവിശേഷമായ കല്പണികളും ഇതിനുള്ള ഉദാഹരണങ്ങളാണ്.

ഷീ 1703-ല്‍ കാങ് ഷീ ചക്രവര്‍ത്തീ മഞ്ചു രാജവംശക്കാരുടെ തലസ്ഥാനനഗരമായ ജെഹൊളില്‍ ഒരുനിര കൊട്ടാരങ്ങളും പവിലിയനുകളും നിര്‍മിച്ചു. ഈ കൊട്ടാരങ്ങളെ അടിസ്ഥാനമാക്കി ജെസ്യൂട്ട് പുരോഹിതനായ മാട്ടിയോ റിപ 1712-13 കാലത്ത് ഏതാനും ശില്പങ്ങള്‍ ചെയ്തു. 1724-ല്‍ റിപ ഈ കൊത്തുപണികള്‍ ലണ്ടനില്‍ പ്രചരിപ്പിച്ചു. ഈ സംഭവമാണ് പില്ക്കാലത്ത് യൂറോപ്പില്‍ പൂന്തോട്ടങ്ങളുടെ അഭികല്പനയില്‍ ഉണ്ടായ പരിവര്‍ത്തനത്തിനു കാരണമായി ഭവിച്ചത്.

ചിങ് വംശത്തിലെ ചില ചക്രവര്‍ത്തിമാര്‍ ജെഹൊള്‍ കൊട്ടാരത്തിനരികില്‍ കൂറ്റന്‍ ബുദ്ധക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നു. ഈ കെട്ടിടങ്ങളില്‍ കാണുന്ന ചൈനീസ്-തിബത്തന്‍ സമ്മിശ്ര നിര്‍മാണരീതികള്‍ ഈ ചക്രവര്‍ത്തിമാര്‍ക്കു തിബത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ലാമാ-ബുദ്ധമതത്തോടുള്ള ചായ്വിനെയാണു സൂചിപ്പിക്കുന്നത്.

1687-ല്‍ കാങ് ഷീ ചക്രവര്‍ത്തി പെക്കിങ് നഗരത്തിന്റെ വടക്കുഭാഗത്തായി ഒരു ഉദ്യാനം പണിയുവാനാരംഭിച്ചു. ഇതാണു പില്ക്കാലത്തെ പ്രശസ്തമായ യുവാന്‍ മിങ് യുവാന്‍.

ചിന്‍ ലുങ് ചക്രവര്‍ത്തി തന്റെ തലസ്ഥാനനഗരം അല്പകാലത്തേക്ക് ഇവിടേക്കു മാറ്റി സ്ഥാപിച്ചു. അക്കാലത്തു ജീവിച്ചിരുന്ന മിഷനറി പ്രവര്‍ത്തകനും കലാകാരനുമായ ഗിയുസെപ്പികാസ്റ്റിഗ്ളിയോണെ യുവാന്‍-മിങ്-യുവാന്റെ വടക്കുഭാഗത്തായി ചക്രവര്‍ത്തിക്കുവേണ്ടി ചൈനീസ്-റൊകൊകൊ (Sino-rococo) മാതൃകയില്‍ ഏതാനും കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഈ കെട്ടിടങ്ങളുടെ ചുറ്റും ഇറ്റാലിയന്‍ രീതിയിലുള്ള പൂന്തോട്ടങ്ങളും അദ്ദേഹം ഒരുക്കിയിരുന്നു.

രാജകീയ ഉദ്യാനങ്ങളില്‍ കാണുന്ന പഗോഡകള്‍ ഇനാമല്‍ ചെയ്ത ഓടുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സുങ് കാലത്തെ ബഹുഭുജക്ഷേത്രാകൃതി ഇവയില്‍ വീണ്ടും പുനര്‍ജനിച്ചു. എന്നാല്‍ ബഹുഭുജക്ഷേത്രത്തിന്റെ വശങ്ങള്‍ ഒരേ അളവിലുള്ളവയല്ല. നീളം കൂടിയ വശങ്ങളും കുറഞ്ഞവയും ഇടവിട്ടിടവിട്ടു വരുന്ന രീതിയിലാണ് അവ പണിതിരുന്നത്. എന്നാല്‍ പെക്കിങ് നഗരത്തിനകത്തു കെട്ടിടങ്ങള്‍ പണിതതു മിങ് ശൈലിയില്‍ തന്നെയാണ്. കെട്ടിടങ്ങളുടെ അക്ഷീയവും സമമിതവും ആയ സ്വഭാവ വിശേഷങ്ങള്‍ ഇതിനു തെളിവാണ്.

കെട്ടിടങ്ങളില്‍ തടിത്തൂണുകള്‍ക്കു പകരം പലപ്പോഴും ചതുര്‍ഭുജാകാരച്ഛേദമുള്ള കനം കുറഞ്ഞ ഭിത്തിസ്തംഭങ്ങളാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു കെട്ടിടത്തിന്റെ വലുപ്പവും കുറവായിരുന്നു. അന്ന് കെട്ടിട നിര്‍മാണത്തിനനുയോജ്യമായ തടി ശേഖരിക്കുക അത്ര എളുപ്പമല്ലായിരുന്നു. മിങ്ങുകാരുടെ കാലത്ത് അവര്‍ നടത്തിയ വന നശീകരണമാണ് അത്തരത്തിലൊരവസ്ഥ സൃഷ്ടിച്ചത്. തടിയുടെ ദൗര്‍ലഭ്യം വാസ്തുവിദ്യയില്‍ ഒരു പ്രതിസന്ധിക്കു വഴിയൊരുക്കി. 19-ാം ശ.-ന്റെ അവസാനകാലത്ത് ചിങ് വംശജര്‍ വിലക്കപ്പെട്ട നഗരത്തിന്റെ തെക്കു ഭാഗത്തുള്ള 'സ്വര്‍ഗക്ഷേത്ര'ത്തില്‍ ചിനിയന്‍ എന്നറിയപ്പെടുന്ന വാര്‍ഷിക പ്രാര്‍ഥനാമന്ദിരം പണികഴിപ്പിച്ചപ്പോള്‍ അതിനാവശ്യമായ തടി അമേരിക്കയിലെ ഒറിഗോണില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടിവന്നു.

ആധുനിക കാലഘട്ടം

ആധുനിക കാലഘട്ടം (1912-നുശേഷം). 1912 മുതല്‍ ചൈനയില്‍ വാസ്തുവിദ്യ ഉള്‍പ്പെടെയുള്ള എല്ലാ രംഗങ്ങളിലും മാറ്റത്തിന്റെ തിരയടികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അക്കാലത്തുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങളാണവ.

1920-കളുടെ മധ്യം വരെ ചൈനയില്‍, എക്ളെറ്റിക് യൂറോപ്യന്‍ വാസ്തുവിദ്യാസമ്പ്രദായങ്ങളാണ് ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വന്നിരുന്നത്. കാന്റണ്‍, അമൊയി, ഫൂ ചൊ എന്നീ തുറമുഖപട്ടണങ്ങളിലെ വാസ്തുശില്പങ്ങള്‍ ഇത്തരത്തില്‍ പണിതവയാണ്. ഇവയില്‍ പലതും രൂപകല്പന ചെയ്തതു വിദേശിയ വാസ്തുശില്പികളായിരുന്നു.

വിദേശ പരിശീലനം നേടിയ ഒരു സംഘം ചൈനീസ് വാസ്തുശില്പികള്‍ ചേര്‍ന്നു 1925-ല്‍ ചൈനയില്‍ നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ചൈനയുടെ പരമ്പരാഗത വാസ്തുവിദ്യാസമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനം, അത്തരം രീതികളുടെ പുനരുദ്ധാരണം, ആധുനിക വാസ്തുവിദ്യാസമ്പ്രദായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പരമ്പരാഗത രീതികളെ എങ്ങനെ മാറ്റിയെടുക്കാം എന്നിവയായിരുന്നു ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

1930-ല്‍ ഇവര്‍ സൊസൈറ്റി ഫോര്‍ ദ് സ്റ്റഡി ഒഫ് ചൈനീസ് ആര്‍ക്കിടെക്ചര്‍ എന്ന സംഘടന രൂപീകരിച്ചു. അടുത്തവര്‍ഷം തന്നെ പ്രശസ്ത വാസ്തുശില്പിയായ ലിയങ് സു ചെങ് ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. പിന്നീട് മുപ്പതു വര്‍ഷക്കാലത്തോളം ഈ പ്രസ്ഥാനത്തിലെ പ്രമുഖ വാസ്തുശില്പിയും അദ്ദേഹമായിരുന്നു. നാന്‍കിങ്ങിലെയും ഷാങ്ഹെയിലെയും മുനിസിപ്പല്‍ മന്ദിരങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പുതിയ സര്‍വകലാശാലാ ആസ്ഥാന മന്ദിരങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത് ഈ സംഘടനയിലെ വാസ്തുശില്പികളായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ചൈനയും ജപ്പാനും തമ്മിലുണ്ടായ യുദ്ധം ഈ വികസന പ്രക്രിയയ്ക്കു തടസ്സമായി ഭവിച്ചു. 1949-നുശേഷം ഈ സംഘം തങ്ങളുടെ വാസ്തുവിദ്യാരീതികളില്‍ യാഥാസ്ഥിതികത്വത്തിനാണു കൂടുതല്‍ പ്രാധാന്യം നല്കിക്കാണുന്നത്. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചൈനീസ് കള്‍ച്ചര്‍ മന്ദിരം', ടയിപെയിലെ 'നാഷണല്‍ പാലസ് മ്യൂസിയം' എന്നിവ ഇതിനുള്ള തെളിവുകളാണ്. പരമ്പരാഗത രീതികളുടെയും ആധുനിക പ്രവണതകളുടെയും സംയോജനത്തിന്റെ മറ്റൊരു മിഴിവുറ്റ തെളിവാണ് തയ്വാനിലെ ടയി ചങ്ങി(T'ai-Chung) ല്‍ ഐ.എം.പെയ് (I.M.P'ei)രൂപകല്പന ചെയ്ത തങ്ഹൈ (Tunghai) സര്‍വകലാശാലാമന്ദിരം.

1949-നുശേഷം ചൈനയിലെമ്പാടും പാര്‍പ്പിടങ്ങളും വ്യാവസായികാവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളും മറ്റും ദ്രുതഗതിയില്‍ പണിയേണ്ട അവസ്ഥ സംജാതമായി. വാസ്തുവിദ്യാരീതികള്‍ കൂടുതല്‍ ഉപയോഗപ്രദമായിത്തീരുന്നതിന് ഇവ വഴിവച്ചു. ക്രമേണ വ്യവസായശാലകള്‍, പാര്‍പ്പിടങ്ങള്‍, ജലസംഭരണികള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനായി ബൃഹത് പദ്ധതികള്‍ രൂപീകരിക്കപ്പെട്ടു. വന്‍തോതിലുള്ള കെട്ടിട നിര്‍മാണംമൂലം ബീജിങ് തുടങ്ങിയ പ്രധാന നഗരങ്ങളുടെ മുഖച്ഛായയ്ക്കുതന്നെ മാറ്റം സംഭവിച്ചു. പ്രാചീന നഗരഭിത്തികള്‍ പലതും പൊളിച്ചു മാറ്റപ്പെട്ടു. എന്നാല്‍ വിലക്കപ്പെട്ട നഗരം പോലെയുള്ളവയെ ശ്രദ്ധാപൂര്‍വം പുനരുദ്ധരിക്കുകയുണ്ടായി. ടിയാനെന്‍മെന്‍ സ്ക്വയര്‍ പണിതതും ഇക്കാലത്താണ്.

ഏതുതരത്തിലുള്ള വാസ്തുവിദ്യാരീതി സ്വീകരിക്കണം എന്നതിനെച്ചൊല്ലി 1949-മുതല്‍ തന്നെ ചൈനയിലെ വാസ്തുശില്പികള്‍ക്കിടയില്‍ വിവാദങ്ങള്‍ നിലനിന്നിരുന്നു. പരമ്പരാഗത രീതിയിലുള്ള മേല്‍ക്കൂരയ്ക്കും ബ്രാക്കറ്റിങ് സംവിധാനത്തിനും ഊന്നല്‍ നല്കി വന്നിരുന്ന 'നവോത്ഥാന' രീതി അനാവശ്യവും ആര്‍ഭാടവുമാണെന്ന് വിമര്‍ശനമുണ്ടായി. എന്നാല്‍ 1950-ല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വലിയ കെട്ടിടങ്ങള്‍ പണിതിരിക്കുന്നത് 'അനുരഞ്ജന നവോത്ഥാന' രീതിയിലാണ്; പ്രതിരോധ മന്ത്രാലയ മന്ദിരം ഇതിനുദാഹരണമാണ്. പക്ഷേ, 'മിലിട്ടറി മ്യൂസിയം ഒഫ് ദ് ചൈനീസ് പീപ്പിള്‍സ് റവല്യൂഷന്‍' മന്ദിരം നിര്‍മിച്ചിരിക്കുന്നത് സിനോ-സോവിയറ്റ് ശൈലിയിലാണ്. 1959-ല്‍ പൂര്‍ത്തിയാക്കിയ ഭീമാകാരമായ 'ഗ്രേറ്റ് ഹാള്‍ ഒഫ് ദ് പീപ്പിള്‍' കെട്ടിടം പണിതത് ഒരു വര്‍ഷത്തിനുള്ളിലാണ്. 10,000 പേര്‍ക്കിരിക്കാവുന്ന അതിലെ പ്രധാന ഹാളിന്റെ അകവശത്തു താങ്ങുകളൊന്നുമില്ല.

വാസ്തുവിദ്യയിലെ 'ഇന്റര്‍നാഷണല്‍ മോഡേണ്‍ സ്റ്റൈല്‍' പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് വളരെക്കാലത്തേക്കു ചൈനക്കാര്‍ ഉള്‍ക്കൊണ്ടില്ല. ക്രമേണ ഈ രീതികള്‍ക്കു പ്രചാരം ലഭിച്ചു തുടങ്ങി. ഈ ശൈലി ആദ്യമായി പരീക്ഷിച്ചു നോക്കിയത് 'പെക്കിങ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍' മന്ദിരത്തിലാണ്. പിന്നീട് പെക്കിങ് വര്‍ക്കേഴ്സ് സ്റ്റേഡിയവും ഇതേ ശൈലിയില്‍ പണിതു. എന്നാല്‍ ഇന്നും ചൈനീസ് വാസ്തു ശില്പികള്‍ പരമ്പരാഗതരീതികളെയും വാസ്തുവിദ്യയിലെ ആധുനിക പ്രവണതകളെയും സംയോജിപ്പിക്കുന്നതില്‍ വിമുഖരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍