This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഛന്ദശ്ശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഛന്ദശ്ശാസ്ത്രം== ഛന്ദസ്സുകളെക്കുറിച്ചുള്ള ശാസ്ത്രം. വേദാംഗ...)
അടുത്ത വ്യത്യാസം →
04:49, 3 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഛന്ദശ്ശാസ്ത്രം
ഛന്ദസ്സുകളെക്കുറിച്ചുള്ള ശാസ്ത്രം. വേദാംഗങ്ങളായ ആറു ശാസ്ത്രങ്ങളിലൊന്നായിട്ടാണ് പ്രാചീനഭാരതത്തില്‍ ഇതു വികാസം പ്രാപിച്ചിരുന്നത്. ഛന്ദസ്സുകളെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ വേദപഠനം സാധ്യമല്ല എന്നതിനാലാണ് ഇതിനു വേദാംഗം എന്ന പദവി ലഭിച്ചത്.
നിശ്ചിതമായ അക്ഷരസംഖ്യയും പാദവിഭജനവുമുള്ള വൃത്തങ്ങള്‍ക്കു സംസ്കൃതത്തില്‍ നല്കിയിരുന്ന പേരാണ് ഛന്ദസ്സ്. 1 മുതല്‍ 26 വരെ അക്ഷരസംഖ്യയുള്ള 26 ഛന്ദസ്സുകളെപ്പറ്റി പ്രാചീന വൃത്തശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. (1) ഉക്ത, (2) അത്യുക്ത, (3) മധ്യമ, (4) പ്രതിഷ്ഠ, (5) സുപ്രതിഷ്ഠ, (6) ഗായത്രി, (7) ഉഷ്ണിക്, (8) അനുഷ്ടുപ്പ്, (9) ബൃഹതി, (10) പംക്തി, (11) ത്രിഷ്ടുപ്പ്, (12) ജഗതി (13) അതിജഗതി, (14) ശക്വരി, (15) അതിശക്വരി, (16) അഷ്ടി, (17) അത്യഷ്ടി, (18) ധൃതി, (19) അതിധൃതി, (20) കൃതി, (21) പ്രകൃതി, (22) ആകൃതി, (23) വികൃതി (24) സംകൃതി (25) അഭികൃതി, (26) ഉത്കൃതി എന്നിവയാണിവ.
വേദങ്ങളില്‍ എട്ടക്ഷരമുള്ള അനുഷ്ടുപ്പും പതിനൊന്നക്ഷരമുള്ള ത്രിഷ്ടുപ്പും പന്ത്രണ്ടക്ഷരമുള്ള ജഗതിയുമാണ് ഛന്ദസ്സുകള്‍. ബ്രാഹ്മണങ്ങളില്‍ ചില സ്ഥലത്തും ഋഗ്വേദപ്രാതിശാഖ്യത്തിലും സാമവേദത്തിന്റെ നിദാനസൂത്രത്തിലും വൈദികഛന്ദസ്സുകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. പിംഗല(ള)മുനി രചിച്ച ഛന്ദശ്ശാസ്ത്രം എന്ന ഗ്രന്ഥമാണ് ഈ രംഗത്തെ പ്രാമാണിക ഗ്രന്ഥം. പ്രാതിശാഖ്യം, ശ്രൌതസൂത്രം, അനുക്രമണിക എന്നിവയെല്ലാം വൈദിക ഛന്ദസ്സുകളെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. എന്നാല്‍ വൈദികയുഗത്തിലെ അവസാനഗ്രന്ഥമായ പിംഗലന്റെ ഛന്ദശ്ശാസ്ത്രത്തില്‍ വൈദികഛന്ദസ്സുകളോടൊപ്പം ലൌകികഛന്ദസ്സുകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഓരോ ഛന്ദസ്സിലും അക്ഷരങ്ങളുടെ ഗുരുലഘുവ്യവസ്ഥയിലുള്ള വ്യത്യാസംകൊണ്ട് പലതരം വൃത്തങ്ങളുണ്ടാകാം. വര്‍ണവൃത്തങ്ങളാണ് ഈ രീതിയില്‍ വരുന്നത്. അനുഷ്ടുപ്പില്‍ താഴെയുള്ള ഛന്ദസ്സുകളില്‍ വരുന്ന വൃത്തങ്ങള്‍ക്ക് നീളം പോരാത്തതുകൊണ്ടും ഇരുപത്തൊന്നക്ഷരമുള്ള പ്രകൃതിഛന്ദസ്സിനുമേല്‍ പോയാല്‍ നീളം അധികമാകുന്നതുകൊണ്ടും കവികള്‍ ഇവയ്ക്കിടയിലുള്ള ഛന്ദസ്സുകളില്‍ മാത്രമേ ശ്ളോകങ്ങള്‍ രചിക്കാറുള്ളൂ. വക്ത്രം, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, വംശസ്ഥം, പ്രഹര്‍ഷിണി, മഞ്ജുഭാഷിണി, വസന്തതിലകം, മാലിനി, പഞ്ചചാമരം, മന്ദാക്രാന്ത, ശാര്‍ദൂലവിക്രീഡിതം, സ്രഗ്ധര എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രസിദ്ധമായ വൃത്തങ്ങള്‍.
ഈ വൃത്തങ്ങളിലെല്ലാം മൂന്നക്ഷരങ്ങളെ ഒരു ഗണമായി കണക്കാക്കുന്നു. അക്ഷരങ്ങളുടെ ഗുരുലഘുഭേദമനുസരിച്ച് അവയെ 8 ഗണങ്ങളായി വിഭജിച്ചിട്ടുണ്ട്.
സര്‍വഗുരു - മഗണം
സര്‍വലഘു - നഗണം
ആദിഗുരു - ഭഗണം
മധ്യഗുരു - ജഗണം
അന്ത്യഗുരു - സഗണം
ആദിലഘു - യഗണം
മധ്യലഘു - രഗണം
അന്ത്യലഘു - തഗണം
അക്ഷരങ്ങളുടെ ഹ്രസ്വ-ദീര്‍ഘവ്യത്യാസം, പിന്നില്‍ വരുന്ന അക്ഷരത്തിന്റെ സ്വഭാവം (അനുസ്വാരം, വിസര്‍ഗം, ഉറപ്പിച്ചുച്ചരിക്കുന്ന ചില്ല്, കൂട്ടക്ഷരം എന്നിവ പിന്നില്‍ വന്നാല്‍ മുന്നിലുള്ള ലഘു ഗുരുവാകും) എന്നിവയെ ആസ്പദമാക്കിയാണ് ഗുരുലഘുക്കളെ നിര്‍ണയിക്കുന്നത്. ദീര്‍ഘഛന്ദസ്സുകളില്‍ ഓരോ പാദത്തിലും ഇടയ്ക്കുവച്ച് വന്നേക്കാവുന്ന നിര്‍ത്തിനെ 'യതി' എന്നു വിളിക്കുന്നു.
മലയാളത്തില്‍ സംസ്കൃതഛന്ദസ്സുകളെ പൂര്‍ണമായി നിര്‍വചിച്ചത് വൃത്തമഞ്ജരീകാരനായ ഏ.ആര്‍. രാജരാജവര്‍മയാണ്.
(സുനിത, ടി.വി.)