This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചുമ== ശ്വാസകോശത്തില്‍നിന്ന് വായു, വായിലൂടെ ശക്തിയായി ശബ്ദത്...)
അടുത്ത വ്യത്യാസം →

Current revision as of 05:37, 2 ഫെബ്രുവരി 2016

ചുമ

ശ്വാസകോശത്തില്‍നിന്ന് വായു, വായിലൂടെ ശക്തിയായി ശബ്ദത്തോടുകൂടി പുറത്തേക്ക് തള്ളുന്ന പ്രക്രിയ. സാധാരണ ചുമ ശ്വാസകോശത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയാണ്. കണ്ഠ(larynx)ത്തിനും ഉപശ്വസനി(secondary bronchi)കള്‍ക്കും ഇടയ്ക്കുള്ള പ്രദേശത്തുണ്ടാകുന്ന ഏതുതരം അസ്വസ്ഥതകളും ചുമയ്ക്ക് കാരണമാകാം. ശ്വസിക്കുന്ന വായുവിലെ കരടുകളോ ശ്വാസകോശത്തിലുണ്ടാകുന്ന ശ്ളേഷ്മ സ്രവങ്ങളോ ശ്വസനിയുമായി ബന്ധപ്പെട്ട ട്യൂമറുകളോ ഒക്കെ അസ്വസ്ഥതയുണ്ടാക്കും. ശ്വസിക്കുമ്പോള്‍ നെഞ്ചിലെ പേശികളും പ്രാചീരവും (diaphragm) സങ്കോചിച്ച് വായു ഉള്ളിലേക്ക് എടുക്കുന്നു. വായുവില്‍ എന്തെങ്കിലും കരടോ മാലിന്യമോ അടങ്ങിയിട്ടുണ്ടെങ്കില്‍ നിമിഷനേരത്തേക്ക് തൊണ്ടയില്‍നിന്ന് ശ്വാസനാളിയിലേക്കുള്ള പ്രവേശനകവാടമായ ക്ലോമമുഖം (glottis) അടയുന്നു. തത്ക്ഷണം നെഞ്ചിലെ പേശികള്‍ വീണ്ടും സങ്കോചിച്ച് നെഞ്ചിനുള്ളിലെ വായുമര്‍ദം വര്‍ധിപ്പിക്കുന്നു. ക്ളോമമുഖം തുറക്കുന്ന ക്ഷണത്തില്‍ നെഞ്ചിലെ വായു ശക്തിയോടെ പുറന്തള്ളപ്പെടുന്നു. ഇപ്രകാരം ശ്വാസവായുവിലെ കരടുകളോ മറ്റു മാലിന്യങ്ങളോ ശ്വാസകോശത്തിലെത്തുന്നത് തടയുന്നു. ശ്വാസകോശത്തിലെത്തിയാല്‍ അപകടകരമായേക്കാവുന്ന എന്തും ചുമയ്ക്ക് കാരണമാകും.

ന്യുമോണിയ, ക്ഷയം എന്നീ രോഗാവസ്ഥകളുടെ ലക്ഷണമായും ചുമയുണ്ടാകാം. സാധാരണ ജലദോഷത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ചുമ. രോഗകാരകങ്ങളായ വൈറസുകള്‍ തൊണ്ടയിലും മൂക്കിലും അടിഞ്ഞുകൂടി അവിടെ വീക്കവും പഴുപ്പും ഉണ്ടാക്കുന്നു. ഇത് ചുമയ്ക്ക് കാരണമാകുന്നു. ബ്രോങ്കൈറ്റിസിന്റെ ഒരു പ്രധാന ലക്ഷണമാണ് ചുമ. പുകവലിക്കുമ്പോള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്, പുകയിലയുടെ അംശങ്ങള്‍ എന്നിവ ശ്വസനി(bronchus)യുടെ നേര്‍ത്ത ആവരണത്തെ നശിപ്പിക്കുന്നു. അങ്ങനെ രോഗാണുക്കള്‍ ആക്രമിക്കാനും തത്ഫലമായി പഴുപ്പുണ്ടാവാനും ഇടയാവുന്നു. പുകവലിക്കാരുടെ ചുമ ഗുരുതരമായ ശ്വാസകോശ രോഗലക്ഷണമായിരിക്കാം. വില്ലന്‍ചുമ, ശ്വാസകോശാര്‍ബുദം, ആസ്ത്മ, അലര്‍ജികള്‍ മുതലായ പല രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ് ചുമ. ശ്വാസകോശത്തിനുള്ളിലെ നാഡികളില്‍ മര്‍ദം ചെലുത്തുന്ന എന്തും ചുമയ്ക്കിടയാക്കും. ഇത്തരം ചുമയോടൊപ്പം കഫം ഉണ്ടാകാറില്ല. ചുമയ്ക്ക് ഹേതുവായ രോഗാണു നിര്‍ണയത്തിന് രോഗാണുക്കളെ കള്‍ച്ചര്‍ ചെയ്യണം.

ആയുര്‍വേദ പ്രകാരം ചുമ അഞ്ചുതരമുണ്ട്: വാതകാസം, പിത്തകാസം, കഫകാസം, ക്ഷതകാസം, ക്ഷയകാസം. വേണ്ടവിധത്തില്‍ ചികിത്സിക്കാതിരുന്നാല്‍ എല്ലാ ചുമയും ക്ഷയരോഗ കാരണമായി പരിണമിക്കും. ഹൃദയത്തിലും ശിരസ്സിലും വയറ്റിലും വാരിപ്പുറങ്ങളിലും വേദനയും മുഖത്തിന് ക്ഷീണഭാവവും സംഭവിപ്പിച്ച് ശരീരബലം, ഓജസ്സ് ഇവ ക്ഷയിപ്പിച്ച് അടച്ച ശബ്ദത്തില്‍ വരണ്ട കഫത്തോടുകൂടി വേഗത്തില്‍ ചുമയ്ക്കുന്നത് വാതകാസ ലക്ഷണമാണ്. പിത്തകാസത്തിന്റെ ലക്ഷണമാണ് പനി, ചൂട്, വായുണങ്ങല്‍, വായില്‍ കയ്പുരസം എന്നിവ. ചുമച്ചുണ്ടാകുന്ന ഛര്‍ദിക്ക് മഞ്ഞനിറവും എരിവുരസവും ഉണ്ടാകും. കഫകാസത്തില്‍, ചുമയ്ക്കുമ്പോള്‍ വളരെ കൊഴുത്ത കഫം തുപ്പും. തലവേദനയുമുണ്ടാകും. ശരീരത്തില്‍ കഫം നിറഞ്ഞിരിക്കുന്നതുമൂലം കനവും ചൊറിച്ചിലുമുണ്ടാകും. അത്യധ്വാനം, വലിയ ഭാരമെടുക്കല്‍ മുതലായ കാരണങ്ങളാല്‍ നെഞ്ചിനുള്ളില്‍ ക്ഷതം സംഭവിക്കുന്നതുമൂലം ഉണ്ടാകുന്ന ചുമയാണ് ക്ഷതകാസം. തുടക്കത്തില്‍ ഇത് വരട്ടുചുമയായിരിക്കും. പിന്നീട് ചുമച്ച് തുപ്പുന്നതില്‍ രക്തമുണ്ടാകും. നെഞ്ച് പിളര്‍ന്നുപോകുന്നതുപോലെയുള്ള വേദന, ജ്വരം, ശ്വാസവികാരം, ഒച്ചയടപ്പ്, ഞരങ്ങല്‍ ഇവയാണ് ക്ഷതകാസ ലക്ഷണങ്ങള്‍. ക്ഷയകാസമുള്ളവര്‍ ദുര്‍ഗന്ധത്തോടുകൂടിയതും ഹരിതവര്‍ണമായതും രക്തം കലര്‍ന്നതും പഴുപ്പുപോലെയുള്ളതുമായ കഫം ചുമച്ചു തുപ്പും. ചുമയ്ക്കുമ്പോള്‍ ഹൃദയം പിളര്‍ന്നുപോകുന്നതായിത്തോന്നും. കാരണം കൂടാതെ വലുതായ ഉഷ്ണവും ശൈത്യവും തോന്നും. ശക്തിക്ഷയവും ശരീരശോഷണവും സംഭവിക്കും.

സാധാരണ ചുമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറും. ചുമ തടഞ്ഞുനിര്‍ത്താതെ കഫം പുറന്തള്ളുന്ന ഔഷധങ്ങള്‍ ആണ് ഉപയോഗിക്കേണ്ടത്. ചുമ വിട്ടുമാറുന്നില്ലെങ്കില്‍ രോഗനിര്‍ണയം നടത്തി അതിനനുയോജ്യമായ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടതാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍