This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുപെരുമാറ്റം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജന്തുപെരുമാറ്റം== ==Animal behaviour== ആരോഗ്യമുള്ള ജന്തുവിന്റെ പ്രവര്‍ത...)
അടുത്ത വ്യത്യാസം →
04:53, 2 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജന്തുപെരുമാറ്റം
Animal behaviour
ആരോഗ്യമുള്ള ജന്തുവിന്റെ പ്രവര്‍ത്തനരീതി. ഉറങ്ങുക, ഉണരുക, സഞ്ചരിക്കുക, ഭക്ഷണം ശേഖരിക്കുക, മറ്റു ശത്രുമൃഗങ്ങള്‍ക്കു സ്വയം ഭക്ഷണമാകാതിരിക്കാന്‍ മുന്‍കരുതലും ജാഗ്രതയും പാലിക്കുക, ശത്രുക്കളെ തുരത്തുക, ഇണതേടുക, കുഞ്ഞുങ്ങളെ പരിപാലിക്കുക, സ്വയം വൃത്തിയാക്കുക തുടങ്ങി ജന്തുക്കള്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നത് ജീവനും ഒപ്പം വംശവും നിലനിര്‍ത്താനാണ്. ജന്തുവും തന്റെ പരിസരവും ഈ നിരന്തരമായ പെരുമാറ്റത്തില്‍ അന്യോന്യം പൂരിതമാണ്. പെരുമാറ്റശാസ്ത്രം ഇത്തോളജി (Ethology) എന്നറിയപ്പെടുന്നു.
അടിസ്ഥാന തത്ത്വങ്ങള്‍. ജന്തുക്കളുടെ പെരുമാറ്റ രീതികളെക്കുറിച്ച് മനുഷ്യന്‍ പണ്ടേ ബോധവാനായിരുന്നു. ഒരു ശാസ്ത്രശാഖ എന്ന നിലയിലേക്കു പെരുമാറ്റ രീതികളുടെ പഠനത്തെ പ്രതിഷ്ഠിച്ചതു ചാള്‍സ് ഡാര്‍വിനാണ്. ജന്തുപെരുമാറ്റത്തിന്റെ മര്‍മ രഹസ്യങ്ങളെ രണ്ടു തത്ത്വങ്ങളിലായി ഇദ്ദേഹം നിജപ്പെടുത്തി: (1) പെരുമാറ്റ രീതികള്‍ക്ക് ആ ജന്തുവിന്റെ ശാരീരിക പ്രകൃതിയുമായി ഉറ്റ ബന്ധമുണ്ട്. ജീവിത പരിസരവും പ്രശ്നങ്ങളുമായി നിരന്തരം മല്ലിടാനും ജീവനും വര്‍ഗവും നിലനിര്‍ത്താന്‍ വേണ്ടത്ര മാറ്റങ്ങള്‍ പെരുമാറ്റ രീതിയില്‍ ഉള്‍ക്കൊള്ളാനും നിലനില്പിനാവശ്യമായ ഇത്തരം കഴിവുകള്‍ അടുത്ത തലമുറയ്ക്കു കൈമാറാനും അവയ്ക്കു കഴിയുന്നു. (2) ഏതുവര്‍ഗത്തിലുള്ള ജന്തുവായാലും (മനുഷ്യനുള്‍പ്പെടെ) മാനസിക പ്രവര്‍ത്തനങ്ങളില്‍ ഒരു തുടര്‍ച്ച കാണപ്പെടുന്നു.
ഈ തത്ത്വങ്ങളെ ആധാരമാക്കി രണ്ടു സ്വതന്ത്ര ശാസ്ത്രശാഖകളും ഉണ്ടായി: ഇത്തോളജി (Ethology-പെരുമാറ്റ രീതി)യും താരതമ്യ മനഃശാസ്ത്ര(Comparative Psychology)വും. ഇത്തോളജി യൂറോപ്പിലാണ് രൂപം കൊണ്ടതും വളര്‍ച്ച പ്രാപിച്ചതും; താരതമ്യ മനഃശാസ്ത്രം യു.എസ്സിലും.
താരതമ്യ മനഃശാസ്ത്രജ്ഞര്‍ എലി, മനുഷ്യക്കുരങ്ങുകള്‍ എന്നിവയെ പരീക്ഷണശാലകളില്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ നിരീക്ഷിച്ചു പെരുമാറ്റങ്ങളും പ്രതികരണങ്ങളും വിശകലനം ചെയ്യുന്നു. ഇത്തോളജിസ്റ്റുകള്‍, ഷട്പദങ്ങള്‍, പറവകള്‍, മീനുകള്‍, കുരങ്ങുകള്‍ എന്നിവയെ അവയുടെ നൈസര്‍ഗികമായ ജീവിതസാഹചര്യങ്ങളില്‍ അവയറിയാതെ പഠനവിധേയമാക്കുന്നു. ജന്തുക്കളുടെ പെരുമാറ്റരീതി പരിസ്ഥിതിയോടുള്ള പ്രതികരണമാണെന്ന് ഇത്തോളജിയും അതല്ല, ജന്മനായുള്ളതും സ്വതന്ത്രവുമായ പ്രതികരണമാണ് പെരുമാറ്റമെന്ന് താരതമ്യ മനഃശാസ്ത്രവും പഠിപ്പിക്കുന്നു. ഈ രണ്ടു ചിന്താഗതികളെയും സമന്വയിപ്പിക്കുന്നതാണ് ആധുനിക സമീപനം. പില്ക്കാല അറിവുകള്‍, തനതുകാലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറിവുകള്‍, പരിസരത്തോടുള്ള പ്രതികരണം, ഭക്ഷണം, വായു, ജലം എന്നിവയിലൂടെ ജന്തുക്കളില്‍ കടന്നുകൂടുന്ന വിവിധയിനം മനുഷ്യനിര്‍മിതമായ രാസവസ്തുക്കളുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലം എന്നിവയുടെ ആകെത്തുകയാണ് ജന്തുക്കളുടെ പെരുമാറ്റം.
ആധുനിക ഗവേഷണമേഖലകള്‍. തത്ത്വങ്ങളെ അടിസ്ഥാനമാക്കി ജന്തുപെരുമാറ്റത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നു. പെരുമാറ്റ രീതിയെ വൈകല്യം കൂടാതെ മനസ്സിലാക്കുക, ആധുനിക സങ്കേതങ്ങളുപയോഗിച്ച് വിശകലനം ചെയ്യുക എന്നീ കാര്യങ്ങളില്‍ ഗവേഷകര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വിഭിന്നങ്ങളാണ്.
പാരമ്പര്യാധിഷ്ഠിത പെരുമാറ്റം (Behaviour genetics). ജന്തു പെരുമാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ അത്യാധുനികം പാരമ്പര്യാധിഷ്ഠിത പെരുമാറ്റ മേഖലയാണ്. ഓരോ ജന്തുവിനും പരമ്പരാഗതമായി സിദ്ധിച്ചിരിക്കാനോ സ്വായത്തമാക്കാനോ കഴിഞ്ഞിട്ടുള്ള പെരുമാറ്റ രീതികളെപ്പറ്റിയും ആ രീതികള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങളെക്കുറിച്ചും ഉള്ള ഗവേഷണമാണ് ഈ മേഖലയില്‍ ഉള്‍ക്കൊള്ളുന്നത്. ഇവിടെ ജന്മവാസനയില്‍ നിന്നുളവാകാവുന്ന പെരുമാറ്റത്തെക്കുറിച്ചല്ല അന്വേഷണം നടത്തുക, മറിച്ച് പാരമ്പര്യമായി എന്തെല്ലാം പെരുമാറ്റ രീതികളാണ് ജന്തു പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ്. ഉദാഹരണമായി ഒരു പ്രത്യേക മത്സ്യവര്‍ഗത്തിലെ ആണ്‍മത്സ്യങ്ങള്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക സമയത്തും കാലാവസ്ഥയിലും ചില നിശ്ചിത വസ്തുക്കള്‍ കൊണ്ട് കൂടു നിര്‍മിക്കുന്നു. അതിനുശേഷം അവ പെണ്‍മത്സ്യങ്ങളെ കൂട്ടിനരികിലേക്കു ക്ഷണിച്ചാനയിക്കുന്നു. കൂടു പരിശോധിക്കുന്ന പെണ്‍മത്സ്യത്തിനു ബോധ്യപ്പെട്ടാല്‍ അവ കൂട്ടിനുള്ളില്‍ മുട്ടകളിടുന്നു. പെണ്‍മത്സ്യം മുട്ടയിട്ടു കൂടൊഴിയുമ്പോള്‍ ആണ്‍ മത്സ്യം മുട്ടകളെ തന്റെ ബീജങ്ങള്‍ കൊണ്ടു മൂടുകയും തത്ഫലമായി ബീജസംയോഗം നടക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റരീതി ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നു. ഇത്തരം നിശ്ചിത പെരുമാറ്റം പാരമ്പര്യമായി ജീനുകള്‍ വഴി കൈമാറപ്പെട്ടതാണോ എന്നു പരീക്ഷണങ്ങള്‍ വഴി ഇനിയും തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി അതേ വര്‍ഗത്തില്‍പ്പെട്ടതും എന്നാല്‍ തികച്ചും വിഭിന്നമായ ഒരു കൂടു നിര്‍മാണവും ഇണചേരല്‍ രീതിയും പുലര്‍ത്തുന്ന കീഴ്ശാഖയിലെ മത്സ്യങ്ങളുമായി സങ്കരവര്‍ഗമുണ്ടാക്കി പരീക്ഷണങ്ങള്‍ നടത്തിവരുന്നു. ഈ പരീക്ഷണത്തില്‍ നിന്നും ഇണചേരല്‍ കാലം, കൂടുനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍, പെരുമാറ്റ രീതികള്‍ എന്നിവയില്‍ എന്തു വ്യത്യാസമാണ് വന്നു ചേരുന്നതെന്ന് കണ്ടെത്തിവരുന്നു.
പാരമ്പര്യാധിഷ്ഠിത പെരുമാറ്റ രീതികളെപ്പറ്റി പഠിക്കുന്നഗവേഷകര്‍ പഠനവിധേയമാകുന്ന ജന്തുക്കളില്‍ 'ലക്ഷണ' വ്യത്യാസങ്ങളുണ്ടോ എന്നാണ് ശ്രദ്ധിക്കുന്നത്. ലക്ഷണങ്ങളിലെ വ്യതിയാനങ്ങളെ രണ്ടായി തിരിക്കാം: ഗുണവ്യത്യാസവും ഗണവ്യത്യാസവും. ഒരേ വര്‍ഗത്തിലെ ജന്തുക്കളില്‍ത്തന്നെ നിറവ്യത്യാസമുണ്ട്. അല്‍ബിനോകളെയും കറുത്ത നിറമുള്ളവയെയും ഉദാഹരണമായെടുക്കാം. മുയലുകളിലും എലികളിലും ഇത്തരം വ്യത്യാസം പ്രകടവും സാധാരണവുമാണ്. ഇതാണ് ഗുണവ്യത്യാസം. വലുപ്പത്തിലുള്ള വ്യത്യാസങ്ങളെ ഗണവ്യത്യാസം എന്നു പറയുന്നു. മുയലുകളില്‍ത്തന്നെ വലുപ്പമേറിയവയും കുറഞ്ഞവയും കണ്ടുവരുന്നു.
ഓരോ പാരമ്പര്യഗുണത്തെയും അവ ഗുണവ്യത്യാസമോ ഗണവ്യത്യാസമോ ആയിരുന്നാലും പഠനവിഷയമാക്കണമെങ്കില്‍ അവയെ പരിപാലിക്കേണ്ടതുണ്ട്. വിലമതിക്കത്തക്ക ലക്ഷണങ്ങളുള്ളവ തമ്മിലും മതിപ്പില്ലാത്ത ലക്ഷണങ്ങളുള്ളവ തമ്മിലും ബന്ധിപ്പിച്ച് പഠനം നടത്തുകയാണ് ആദ്യത്തെ രീതി. ഇത്തരം പഠനം തലമുറകള്‍ വരെ തുടര്‍ന്നുകൊണ്ടുപോയാല്‍ മാത്രമേ പ്രത്യേക ഗുണങ്ങളിലും ലക്ഷണങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. ഈ വക പരീക്ഷണങ്ങളിലൂടെ പരമ്പരാഗതമായ ഗുണങ്ങളായ വഴി മനസ്സിലാക്കുന്നതിനുള്ള കഴിവ്, ക്ഷമ, ചിത്തവൃത്തി, ചലനശക്തി, ചങ്ങാത്തം, ലൈംഗിക ചേഷ്ടാപ്രകടനം എന്നിവയില്‍ മാറ്റം വരാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
പാരമ്പര്യഗുണങ്ങളെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കാന്‍ പാരമ്പര്യാധിഷ്ഠിത പെരുമാറ്റപഠനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് അടുത്ത ബന്ധുക്കളുമായുള്ള ഇണ ചേര്‍ക്കല്‍. മൃഗങ്ങളിലെ സഹോദരനും സഹോദരിയും തമ്മില്‍ ഇണ ചേര്‍ത്തു കിട്ടുന്ന തലമുറകളിലെ സഹോദരനെയും സഹോദരിയെയും വീണ്ടും ഇണ ചേര്‍ക്കുന്ന രീതി അനേകം തലമുറകളിലേക്കു നടത്തിയാണ് പരീക്ഷണങ്ങള്‍ വിലയിരുത്തുന്നത്. ഇത്തരം പ്രജനനങ്ങളിലൂടെ ഒരേ പോലുള്ള യുഗ്മകങ്ങള്‍ക്കു ജന്മം നല്കാനാവും. പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തില്‍ ഏകദേശം ഒരുപോലെ ആകൃതിയും പ്രകൃതിയും രൂപസാദൃശ്യവുമുള്ള മൃഗവര്‍ഗം ലഭ്യമാകും. ആകെയുള്ള വ്യത്യാസം ആണും പെണ്ണും എന്നതു മാത്രമായിരിക്കും. ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ നിരീക്ഷിക്കപ്പെടുന്നത് പെരുമാറ്റ ഗുണങ്ങള്‍ പാരമ്പര്യമായി പകരുന്നതാണോ അല്ലയോ എന്നുള്ളതാണ്. ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചിലയിനം മൃഗങ്ങള്‍ പ്രത്യേകതരം രോഗങ്ങളെപ്പറ്റി ഗവേഷണം ചെയ്യാന്‍ ഉതകുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബ്ദതരംഗങ്ങള്‍ കേട്ടാല്‍ സന്നിയുണ്ടാകുന്ന എലിവര്‍ഗം ഇതിനുദാഹരണമാണ്.
നാഡീകലകള്‍ക്കും ശരീരത്തിലെ അന്തര്‍ഗ്രന്ഥി സ്രവങ്ങള്‍ക്കും ചില രാസവസ്തുക്കള്‍ക്കും പെരുമാറ്റത്തെ നിയന്ത്രിക്കാനാവും എന്നു തെളിഞ്ഞിട്ടുണ്ട്. അന്തര്‍ഗ്രന്ഥിസ്രവങ്ങളെയും നാഡീകലകളെയും ദീപനരസങ്ങളുടെ ഉത്പാദനത്തെയും നിയന്ത്രിക്കുകവഴി ജന്തുക്കളുടെ പെരുമാറ്റരീതിയെ ജീനുകള്‍ നിയന്ത്രിക്കുന്നു. ഇവയുടെ പ്രവര്‍ത്തനംമൂലം ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പെരുമാറ്റത്തിലും ചലനം സൃഷ്ടിക്കുന്നു. പെരുമാറ്റ രീതികള്‍ക്കും പരിസരശക്തികള്‍ക്കും ഓരോ ജീവിയുടെയും ശരീരശാസ്ത്രത്തിലും ഗുണധര്‍മത്തിലും വ്യതിയാനം സൃഷ്ടിക്കാനാവുമെന്ന് ശാസ്ത്രത്തിന്റെ മറ്റു മേഖലകളിലെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാരമ്പര്യശാസ്ത്രവും ശരീരശാസ്ത്രവും രൂപവിജ്ഞാനീയ ശാസ്ത്രവുമെല്ലാം പരസ്പരപൂരകങ്ങളാണ്.
ജന്തുപെരുമാറ്റത്തില്‍ നാഡീകലകളും അന്തര്‍ഗ്രന്ഥി സ്രവങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇവ രണ്ടും പെരുമാറ്റ രീതികളുടെ ആരംഭത്തിനും അവസാനത്തിനും മൂലകാരണമാണ്. നാഡീകലകളില്‍ ഇലക്ട്രോഡുകള്‍ ഉറപ്പിച്ചു വൈദ്യുതിചലനം വഴി ഉത്തേജനം നല്കുക, കൃത്രിമ അന്തര്‍ഗ്രന്ഥി സ്രവങ്ങള്‍ കുത്തിവയ്ക്കുക എന്നീ പരീക്ഷണങ്ങളിലൂടെ നാഡീകലകളുടെയും അന്തര്‍ഗ്രന്ഥി സ്രവങ്ങളുടെയും പ്രാധാന്യം നിജപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ആക്രമിക്കാനും രക്ഷപ്പെടാനും ഉള്ള പെരുമാറ്റ രീതികള്‍ കൃത്രിമമായി മൃഗങ്ങളില്‍ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിനു കഴിയും. വൈദ്യുതിചാലനം വഴി നാഡീകലകളെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നതിനു സമാനമാണ് ചില പക്ഷി വര്‍ഗങ്ങളില്‍ ആണ്‍ പക്ഷികളുടെ വര്‍ണശബളമായ രൂപം ദര്‍ശിക്കുന്ന മാത്രയില്‍ പെണ്‍പക്ഷിയില്‍ നാഡീകലകളുടെ ഉത്തേജനം ഉണ്ടായി മുട്ടയിടുന്നതിനുള്ള പ്രചോദനം ഉണ്ടാകുന്നത്. നാഡീകലകളുടെ രാസഗുണം വിവിധ പെരുമാറ്റകാലങ്ങളില്‍ തിട്ടപ്പെടുത്തുമ്പോള്‍ പെരുമാറ്റ രീതിക്കനുസരണമായി രാസഗുണത്തിലും വ്യതിയാനങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പെരുമാറ്റങ്ങളുടെ വികസനം. പെരുമാറ്റ രീതികള്‍ ഒരു ജീവിയുടെ ജീവിതകാലത്തു പല കാലഘട്ടങ്ങളിലായാണ് വികാസം പ്രാപിക്കുന്നത്. പാരമ്പര്യാധിഷ്ഠിതമാണെങ്കിലും ഓരോ കാലഘട്ടത്തിലും തനത് അവസരങ്ങളിലുണ്ടാകുന്ന പ്രത്യേക സാഹചര്യങ്ങളോടുള്ള പ്രതികരണവും പെരുമാറ്റ രീതിയുടെ പ്രതിഫലനത്തെ ബാധിക്കുന്നു. ഉദാഹരണമായി നായ്ക്കുട്ടികള്‍ ജനിച്ചു മൂന്നാഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയില്‍ മനുഷ്യരോട് ഇണങ്ങുകയും പഴകുകയും ചെയ്യുന്നില്ലെങ്കില്‍ അവയ്ക്കു മനുഷ്യനുമായി സാധാരണ ബന്ധം പുലര്‍ത്താനാവാതെ വരുന്നു. ഇങ്ങനെയുള്ള കാലയളവുകളെ സ്നിഗ്ധകാലങ്ങള്‍ എന്നുപറയുന്നു. ഇതേ കാലയളവില്‍ത്തന്നെ നായ്ക്കുട്ടികള്‍ മറ്റു നായ്ക്കളുമായി ബന്ധം പുലര്‍ത്താനിടയാകുന്നില്ലെങ്കില്‍ ഭാവിയില്‍ നായ്ക്കളുമായി സാധാരണ ബന്ധംപുലര്‍ത്താന്‍ കെല്പില്ലാത്തവയായി കാണുന്നു. സ്നിഗ്ധകാലങ്ങളില്‍ നേടേണ്ട അനുഭവസമ്പത്ത് പെരുമാറ്റ രീതിയെ സാരമായി ബാധിക്കും.
ഇതിനു സമാനമായ മറ്റൊരു കണ്ടുപിടിത്തമാണ് ഇംപ്രിന്റിങ് (imprinting). മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാക്കുഞ്ഞുങ്ങള്‍ അവ ആദ്യം കാണാനിടയാകുന്ന ചലിക്കുന്ന വസ്തുവിന്റെ പുറകെ പോകാന്‍ പഠിക്കുന്നു. അവ ആദ്യം കാണാനിടയാകുന്നതു ചലിക്കുന്ന മനുഷ്യനെയാണെങ്കില്‍, തള്ളത്താറാവിനെയും മനുഷ്യനെയും ഒരുമിച്ചു താറാക്കുഞ്ഞുങ്ങള്‍ക്കു മുമ്പില്‍ ചലിക്കാനനുവദിച്ചാലും അവ മനുഷ്യന്റെ പിറകേ തന്നെ പോകുന്നു. പ്രായപൂര്‍ത്തിയെത്തുന്ന താറാക്കുഞ്ഞുങ്ങളുടെ മറ്റു പെരുമാറ്റങ്ങളും ആദ്യം മനസ്സില്‍ പതിഞ്ഞ മനുഷ്യനുനേരെ പ്രകടിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജീവിതത്തിന്റെ ആദ്യകാലഘട്ടത്തില്‍ ഉണ്ടാകുന്ന 'ഇംപ്രിന്റിങ്' തുടര്‍ന്നുള്ള ജീവിതകാലഘട്ടത്തില്‍ ഉണ്ടാക്കാനിടയുള്ള പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇന്ദ്രിയപ്രക്രിയകള്‍. മൃഗങ്ങളുടെ മാനസികാവസ്ഥയെ മനസ്സിലാക്കാന്‍ മനുഷ്യന്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചും സ്ഥാനക്രമീകരണം നടത്തുന്നതിനെക്കുറിച്ചുമുള്ള അജ്ഞത ഇന്നും നിലനില്ക്കുന്നു. ഇതിനായുള്ള അന്വേഷണങ്ങള്‍ ഇന്ദ്രിയഗണങ്ങളും അവയുടെ പ്രവര്‍ത്തനവും ആശയവിനിമയം, സ്ഥാനക്രമീകരണം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്നു. തേനുള്ള സ്ഥലം തേനീച്ച കൂട്ടുകാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. ഒരുതരം നൃത്തത്തിലൂടെയാണ് തേനീച്ചകള്‍ ആശയവിനിമയം നടത്തുന്നത്. ചിതറിക്കിടക്കുന്ന പ്രകാശവീചികളുടെ സഹായത്തോടെയാണ് ധ്രുവങ്ങളില്‍ നിന്നും തിരിച്ചും തേനീച്ച സ്ഥാനക്രമീകരണം നടത്തുന്നത്.
വാവല്‍ പോലുള്ള ജന്തുക്കള്‍ ഭക്ഷണം കണ്ടെത്താനായി ശബ്ദവീചികള്‍ ഉപയോഗിക്കുന്നു. ചില മത്സ്യങ്ങള്‍ വൈദ്യുതികണങ്ങള്‍ ഉത്പാദിപ്പിക്കുകയും അതിന്റെ തരംഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഈ രണ്ടു പെരുമാറ്റരീതികളും ഇന്നും പഠനവിഷയങ്ങളാണ്. ഇതുപോലെതന്നെ ശാസ്ത്രകൗതുകം ഉണര്‍ത്തിയ വസ്തുതകളാണ് മത്സ്യങ്ങളും പറവകളും കാലാവസ്ഥകള്‍ക്ക് അനുസരണമായി നടത്തുന്ന ദേശാടനങ്ങള്‍. ഇത്തരം ദേശാടനങ്ങളുമായി പ്രജനന പ്രക്രിയകള്‍ക്കു കാണുന്ന ബന്ധവും ദേശാടനത്തിനായി ഒരു വര്‍ഗത്തിലെ മീനുകള്‍ കാലാവസ്ഥയും ദിശയും കൃത്യമായി തെരഞ്ഞെടുക്കുന്നതിന്റെ പിന്നിലുള്ള രഹസ്യവും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
പഠനവും പഠനപ്രേരകവും. മനഃശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ക്കു പ്രിയങ്കരമായ വിഷയങ്ങളാണ് പഠനവും പഠനപ്രേരകങ്ങളും. ജന്തുക്കളുടെ 'ബുദ്ധി' വികാസത്തെപ്പറ്റിയുള്ള പഠനങ്ങള്‍ ഈയവസരത്തില്‍ ശ്രദ്ധേയമാണ്. എലി, മുയല്‍, പട്ടി, ചിമ്പാന്‍സി എന്നീ മൃഗങ്ങള്‍ക്കു ഒരേ പോലത്തെ പ്രശ്നം നല്കിയാല്‍ അതിനൊരു പോംവഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതു ചിമ്പാന്‍സിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ബുദ്ധിയുടെ വികാസത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മനുഷ്യനോടു വളരെ അടുത്തു ബന്ധമുള്ളതുകൊണ്ടാണ് ചിമ്പാന്‍സിക്ക് ഇതു സാധിക്കുന്നത്.
പെരുമാറ്റം സമൂഹത്തില്‍. ജന്തുക്കള്‍ക്ക് അവരുടെ കൂട്ടത്തിലെ പെരുമാറ്റത്തിനുള്ള രൂപരേഖകളെക്കുറിച്ചും സ്വന്തം വര്‍ഗത്തിലുള്ള മറ്റംഗങ്ങളുടെ പ്രതികരണമനുസരിച്ചുള്ള പെരുമാറ്റ വ്യത്യാസങ്ങളെക്കുറിച്ചും സമൂഹത്തിലെ പെരുമാറ്റ രീതികള്‍ക്കു പരമ്പരാഗത പെരുമാറ്റരീതി നിജപ്പെടുത്തുന്നതിലുള്ള പങ്കിനെക്കുറിച്ചും മനസ്സിലാക്കാന്‍ പരീക്ഷണശാലയിലും ജന്തുക്കള്‍ വസിക്കുന്ന നൈസര്‍ഗിക സാഹചര്യങ്ങളിലും പഠനങ്ങള്‍ നടക്കുന്നു. പരിസ്ഥിതികളോട് അനുരൂപീകരണം പ്രാപിക്കാനുള്ള ജീവതന്തുക്കളുടെ കഴിവാണ് പെരുമാറ്റ നിരീക്ഷണത്തിലും പരീക്ഷണത്തിലും കൂടെ ഉരുത്തിരിഞ്ഞു വരുന്നത്. കൂടാതെ പരിണാമ സംബന്ധമായ 'പെരുമാറ്റ'ത്തിന്റെ പൂര്‍വവൃത്താന്തം മനസ്സിലാക്കാനും ഇത്തരം പഠനങ്ങള്‍ സഹായകമാകും.
ഒരു കൂട്ടത്തിന്റെ പെരുമാറ്റരീതി എങ്ങനെയാണ് പഠനവിഷയമാക്കുക എന്നറിയുക കൗതുകകരമാണ്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വന്നുകഴിഞ്ഞാല്‍ പറവകള്‍ വളരെ നിര്‍ബന്ധമായി ചെയ്യുന്ന ഒരു പ്രവൃത്തിയാണ് മുട്ടത്തോടുകള്‍ കൂട്ടില്‍ നിന്നും മാറ്റുക എന്നത്. പറവകള്‍ ഇടുന്ന മുട്ടയ്ക്കു മിക്കവാറും കൂടിനോട് ഇണങ്ങിച്ചേരുന്ന നിറമായിരിക്കും. മുട്ട വിരിഞ്ഞു കഴിഞ്ഞാല്‍ പൊട്ടിമാറുന്ന മുട്ടത്തോടിനകവശം വെള്ളയോടടുത്ത നിറമായിരിക്കും. കൂടുകളുടെ നിറത്തില്‍ നിന്നും വ്യത്യസ്തമായ നിറം ഉള്ളതു കൊണ്ടാണോ അതോ, മുട്ടത്തോടു തിന്നുന്ന മറ്റു പറവകളെ ഒഴിവാക്കാനാണോ മുട്ടത്തോടു മാറ്റുന്നതെന്നു വ്യക്തമല്ല. മുട്ടയിട്ട കൂട്ടിനുള്ളില്‍ ആദ്യം മുതലേ ഇല്ലാത്ത മറ്റു വസ്തുക്കള്‍ ഉണ്ടായാല്‍ അവയും മാറ്റപ്പെടുമോ എന്നതും പഠനവിധേയമാണ്. മുട്ടത്തോടുകള്‍ മാറ്റുന്നതിനു പ്രധാന കാരണങ്ങള്‍ മുട്ടയുടെ ഭാരക്കുറവോ നിറവ്യത്യാസമോ ആയിരിക്കാനിടയില്ലെന്നും മറിച്ച്, മുട്ടത്തോടിന്റെ പൊട്ടിയ അരികുകളായിരിക്കണം കാരണം എന്നും അഭിപ്രായം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
ജന്തു-പെരുമാറ്റം സമൂഹത്തിലെങ്ങനെയാണ് എന്നു പഠിക്കാന്‍ സാമൂഹ്യജീവികളായ കുരങ്ങുകളുടെ ജീവിതരീതിയും പെരുമാറ്റവും അവരുടേതായ പരിസരത്തില്‍ നിരീക്ഷിച്ചു വരുന്നു. ചിമ്പാന്‍സി, ഗൊറില്ല, ഒറാങ്ഉട്ടാന്‍, ബബൂണ്‍ എന്നീയിനം കുരങ്ങുകളെ ആധുനിക മാര്‍ഗങ്ങളുപയോഗിച്ചു പഠനവിഷയമാക്കിക്കൊണ്ടിരിക്കുന്നു. നോ: ഇത്തോളജി; ജന്തുഗന്ധങ്ങള്‍
(ഡോ. എ.സി. ഫെര്‍ണാന്റസ്)