This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുങ്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചുങ്കം== ==Excise duty== ആഭ്യന്തര ഉത്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന ...)
അടുത്ത വ്യത്യാസം →

Current revision as of 06:12, 1 ഫെബ്രുവരി 2016

ചുങ്കം

Excise duty

ആഭ്യന്തര ഉത്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന ഒരിനം പരോക്ഷ നികുതി (indirect tax). എക്സൈസ് ഡ്യൂട്ടിയെ ഉത്പാദനചുങ്കം അഥവാ ഉത്പാദനത്തീരുവ എന്നു പറയുന്നു. ഒരു രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കളിലാണ് ഉത്പാദനത്തീരുവ ചുമത്തുന്നത്. (ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയെ കസ്റ്റംസ് തീരുവ എന്നു പറയുന്നു.) ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളിന്മേലും എക്സൈസ് നികുതി ചുമത്താറില്ല. ചില പ്രത്യേക വസ്തുക്കളിന്മേല്‍ മാത്രമേ ഇതു ചുമത്തുന്നുള്ളു. എന്നാല്‍ വില്പനനികുതി മിക്ക വസ്തുക്കള്‍ക്കും ബാധകമാണ്. പെട്രോളിയം ഉത്പന്നങ്ങള്‍, പുകയില ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങളെയാണ് പ്രധാനമായും എക്സൈസ് നികുതിക്കു വിധേയമാക്കുന്നത്.

ചില പ്രത്യേക ഉത്പന്നങ്ങളുടെയോ ആഡംബരവസ്തുക്കളുടെയോ ഉപഭോഗം പരമാവധി നിരുത്സാഹപ്പെടുത്തുകയെന്നതാണ് എക്സൈസ് നികുതിയുടെ പ്രധാന ലക്ഷ്യം. പൊതുഖജനാവിന്റെ പ്രധാന വരുമാന സ്രോതസ്സുകൂടിയാണ് എക്സൈസ് നികുതി. പ്രകൃതിയില്‍ ദുര്‍ലഭമായ വിഭവങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതിനുവേണ്ടിയോ പുകയില, സിഗററ്റ്, മറ്റു ലഹരിവസ്തുക്കള്‍ തുടങ്ങിയ അവശ്യേതര വസ്തുക്കളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടിയോ ചുമത്തുന്ന എക്സൈസ് നികുതിയുടെ നിരക്ക് വളരെ ഉയര്‍ന്നതായിരിക്കും.

എക്സൈസ് നികുതിക്കനുകൂലമായി പൊതുധനകാര്യശാസ്ത്രം ചില സാമ്പത്തിക തത്ത്വങ്ങള്‍ ഉന്നയിക്കുന്നുണ്ട്: (i) ആഡംബരവസ്തുക്കളിന്മേല്‍ ഭാരിച്ച നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സമ്പന്നവിഭാഗങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഗവണ്‍മെന്റിനു ലഭിക്കുന്നു. ഇത് മിതവ്യയത്തിനു പ്രേരകമാകുന്നതുകൊണ്ട് എക്സൈസ് നികുതി ഒരു വ്യയക്രമീകരണനികുതി (Sumptuary tax) കൂടിയാണ്. (ii) സാമൂഹികമായി വിനാശകരമായ ഉത്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ അവയ്ക്കുമേല്‍ ഉയര്‍ന്ന തോതില്‍ നികുതികള്‍ ചുമത്തേണ്ടതുണ്ട്. (iii) ജനക്ഷേമത്തിനുവേണ്ടി, സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം ജനങ്ങളില്‍ നിന്നുതന്നെ തിരിച്ചു പിടിക്കുന്നതിനുവേണ്ടി, പൊതുമുതലുകളുടെ ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കണം. ഇങ്ങനെ സമാഹരിക്കുന്ന പണം പുതിയ ചെലവിനങ്ങള്‍ക്കായി തുടര്‍ന്ന് ഉപയോഗിക്കുകയും ചെയ്യാം. പൊതു നിരത്തുകളുടെ ഉപഭോക്താക്കള്‍ എന്ന നിലയ്ക്ക് വാഹന ഉടമകളില്‍ നിന്ന് ഈടാക്കുന്ന വാഹനനികുതി ഈയിനത്തില്‍പ്പെടുന്നു. (iv) ക്ഷാമത്തിന്റെയും പണപ്പെരുപ്പംമൂലമുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും മറ്റും കാലഘട്ടത്തില്‍ ദുര്‍ലഭവസ്തുക്കളില്‍ നികുതി ചുമത്തുകവഴി അവയുടെ അമിതോപഭോഗം തടയാന്‍ കഴിയും.

ഉത്പന്നത്തിന്റെ അളവിന്റെ നിശ്ചിത ശതമാനം എന്ന നിലയ്ക്കോ ഉത്പന്ന മൂല്യത്തിന്റെ നിശ്ചിത ശതമാനം എന്ന നിലയ്ക്കോ ആണ് എക്സൈസ് നികുതി ഈടാക്കുന്നത്. ഈ നികുതിയുടെ ആഘാതം/നിപാതം (impact/incidence) ആത്യന്തികമായി ഉപഭോക്താക്കള്‍ തന്നെ വഹിക്കേണ്ടിവരുന്നതിനാലും ചെറിയ വരുമാനക്കാരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാലും ഇത് അധോഗാമി നികുതി (regressive tax) എന്നറിയപ്പെടുന്നു.

ഏറ്റവും പുരാതനമായ പൊതുവരുമാന സ്രോതസ്സുകളില്‍ ഒന്നാണ് എക്സൈസ്. പ്രാചീന റോമിലും ഈജിപ്തിലും എക്സൈസ് ഏര്‍പ്പെടുത്തിയിരുന്നു. ഫ്യൂഡലിസം തകരുകയും ഭൂനികുതി പോലുള്ള ധനകാര്യ ഉപാധികളില്‍ നിന്നുള്ള വരുമാനം അപര്യാപ്തമാവുകയും ചെയ്തതോടെയാണ് എക്സൈസ്, കസ്റ്റംസ് തുടങ്ങിയ നികുതി സമ്പ്രദായങ്ങള്‍ പ്രചാരത്തിലായത്. വ്യവസായവത്കരണം വികസിക്കുകയും അന്താരാഷ്ട്രവ്യാപാര-വാണിജ്യ ബന്ധങ്ങള്‍ വ്യാപകമാവുകയും ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ചരക്കുകളുടെ ക്രയവിക്രയത്തിനു മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ എക്സൈസ് നികുതി ഏര്‍പ്പെടുത്തിയത് 1643-ലാണ്. നികുതി പിരിവ് സ്വകാര്യ കുത്തകകളെ ഏല്പിക്കുന്ന സംവിധാനമായിരുന്നു ആദ്യം നിലവിലുണ്ടായിരുന്നത്. ഈ സമ്പ്രദായത്തെ രാഷ്ട്രങ്ങളുടെ സമ്പത്ത് (The Wealth of Nations) എന്ന കൃതിയില്‍ ആഡം സ്മിത്ത് (1723-90) നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പിന്നീട് ഈ രീതി ഉപേക്ഷിക്കപ്പെടുകയുണ്ടായി. ക്രമേണ നികുതി സമാഹരണം ഭരണകൂടം ഏറ്റെടുത്തു. രാജഭരണകാലത്ത് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തിച്ചുങ്കം, കടല്‍ച്ചുങ്കം, കരച്ചുങ്കം എന്നിവയാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന കസ്റ്റംസ് തീരുവകള്‍. ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കൊണ്ടുവരുന്ന ചരക്കുകളിന്മേല്‍ രാജമുദ്ര പതിച്ച്, ചുങ്കം പിരിച്ചതിനുശേഷം വിട്ടുകൊടുക്കുകയായിരുന്നു പതിവ്.

ഇന്ന് മിക്ക രാജ്യങ്ങളുടെയും നികുതി ഘടനയില്‍ പ്രമുഖസ്ഥാനമാണ് എക്സൈസ് നികുതിക്കുള്ളത്. മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും സമാഹരിക്കുന്നത് എക്സൈസ് നികുതികള്‍ വഴിയാണ്. ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനസ്രോതസ്സുകളില്‍ എക്സൈസ് നികുതിക്ക് നിര്‍ണായകസ്ഥാനമാണുള്ളത്. ഇന്ത്യാഗവണ്‍മെന്റിന്റെ നികുതി സ്രോതസ്സുകളില്‍ മുഖ്യം എക്സൈസ് നികുതിയാണ്. 1994-95-ലെ മൊത്തം നികുതി വരുമാനത്തിന്റെ 41.08 ശതമാനവും സമാഹരിച്ചത് എക്സൈസ് വഴിയാണ്.

പുകയില, പഞ്ചസാര, തുണിത്തരങ്ങള്‍ എന്നിവയാണ് കേന്ദ്ര എക്സൈസിനു വിധേയമാക്കുന്ന പ്രധാന ഉത്പന്നങ്ങള്‍. 1994-95-ലെ ബജറ്റില്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ സംസ്ഥാന എക്സൈസിന്റെ വിഹിതം 12.65 ശതമാനമായിരുന്നു. എക്സൈസ് നികുതിയിലൂടെ കേന്ദ്രം സമാഹരിക്കുന്ന തുകയുടെ 45 ശ.മാ. സംസ്ഥാനങ്ങള്‍ക്കായി പുനര്‍വിതരണം ചെയ്യണമെന്നായിരുന്നു ഒമ്പതാം ധനകാര്യകമ്മിഷന്‍ (1990-95) ശിപാര്‍ശ ചെയ്തത്. ഇന്ത്യയുടെ മൊത്തം എക്സൈസ് വരുമാനത്തിന്റെ 3.087 ശതമാനമാണ് കേരളത്തിനു ലഭിച്ചത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍