This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനീവാ സമ്മേളനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജനീവാ സമ്മേളനങ്ങള്‍== അന്താരാഷ്ട്ര പ്രാധാന്യമുള്ള ചില സമ്മ...)
അടുത്ത വ്യത്യാസം →

09:11, 28 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജനീവാ സമ്മേളനങ്ങള്‍

അന്താരാഷ്ട്ര പ്രാധാന്യമുള്ള ചില സമ്മേളനങ്ങള്‍.


1954, 55, 62 എന്നീ വര്‍ഷങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍. 1954 ഏപ്രില്‍-ജൂലായിലെ ജനീവാ സമ്മേളനത്തില്‍ 19 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു. കൊറിയയുടെ ഏകീകരണവും ഇന്തോ-ചൈനയിലെ പ്രശ്ന പരിഹാരവുമായിരുന്നു ഇതില്‍ പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍. ചൈനയെ പ്രതിനിധീകരിച്ച ജോഎന്‍ലീ(ചൌ-എന്‍ലായി)യുമായി ഒരു ധാരണയിലെത്താന്‍ കഴിയാതിരുന്ന യു.എസ്. സെക്രട്ടറി മേയ് മാസാരംഭത്തില്‍ത്തന്നെ ചര്‍ച്ച മതിയാക്കി മടങ്ങിപ്പോയി. കൊറിയയുടെ ഏകീകരണത്തിന് പരിഹാരം കണ്ടെത്താന്‍ ഈ ചര്‍ച്ചയില്‍ കഴിഞ്ഞില്ലെങ്കിലും അതേ വര്‍ഷം ജൂല. 21-ന് ഒപ്പുവച്ച ഒരു സന്ധിമൂലം ഇന്തോ-ചൈനാ യുദ്ധം അവസാനിച്ചു.

1955 ജൂലായിലെ സമ്മേളനത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ്.എസ്.ആര്‍., യു.എസ്. എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുത്തു. പോട്സ്ഡാമില്‍ വച്ച് 1945-ല്‍ ആയിരുന്നു മുമ്പ് ഇതുപോലൊരു ഒത്തുകൂടല്‍ നടന്നത്. ഇവരുടെ ചര്‍ച്ചകള്‍ക്കുശേഷം ഒക്ടോബര്‍-നവംബറില്‍ അതതു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഒരുമിച്ചു ചേര്‍ന്ന് ഭാവിയിലെ അനുരഞ്ജനങ്ങള്‍ക്കായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുവെങ്കിലും ചര്‍ച്ചയില്‍ ഉള്‍പ്പെട്ട ഒറ്റ വിഷയത്തില്‍പ്പോലും തീരുമാനമെടുക്കാന്‍ ആയില്ല.

1962 മാര്‍ച്ചില്‍ ജനീവയില്‍ വച്ച് നിരായുധീകരണത്തെപ്പറ്റി യു.എന്‍. അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ പരിമിതമായ ഫലങ്ങളേ ഇതില്‍ നിന്നുമുരുത്തിരിഞ്ഞുള്ളൂവെങ്കിലും 1963-ലെ ടെസ്റ്റ് ബാന്‍ ഉടമ്പടിക്ക് ഇത് ഒരു കാരണമായി ഭവിച്ചു. 1964-ലും 65-ലും വീണ്ടും നിരായുധീകരണ ചര്‍ച്ചാസമ്മേളനങ്ങള്‍ ജനീവയില്‍ നടത്തുകയുണ്ടായി.

2. നാവിക-നിരായുധീകരണ സമ്മേളനങ്ങള്‍

(1) 1922-ലെ വാഷിങ്ടണ്‍ സമ്മേളനത്തിനോടനുബന്ധമായി 1927-ല്‍ ജനീവയില്‍ നടന്ന സമ്മേളനം. യു.എസ്. ആയിരുന്നു ഈ രണ്ടു സമ്മേളനങ്ങളും തുടങ്ങി വച്ചത്. വാഷിങ്ടണ്‍ ഉടമ്പടി മൂലമുണ്ടായ വിടവു നികത്തുക എന്നതായിരുന്നു 1927-ലെ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാന കപ്പലുകളും വിമാന വാഹിനികളും മാത്രമേ വാഷിങ്ടണ്‍ ഉടമ്പടിയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നുള്ളൂ. ബ്രിട്ടനും യു.എസ്സും തമ്മിലുണ്ടായിരുന്ന കടുത്ത അഭിപ്രായഭിന്നത ഈ സമ്മേളനത്തെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചില്ല. 1930-ല്‍ ലണ്ടനില്‍ നടന്ന സമ്മേളനം ഇതിന്റെ തുടര്‍ച്ചയായിരുന്നു.

(2) 1932-ല്‍ ജനീവയില്‍ നടന്ന സമ്മേളനം. ബ്രിട്ടനും യു.എസ്സും 1930-ലെ ലണ്ടന്‍ സമ്മേളനത്തിനുശേഷം ലോകരാജ്യങ്ങളുടെ വമ്പിച്ച ആയുധശേഖരം കുറയ്ക്കാനുള്ള ഉപാധികളെക്കുറിച്ചാലോചിച്ചു തുടങ്ങി. എന്നാല്‍ സ്വന്തം സായുധശക്തി കുറയ്ക്കാന്‍ ഫ്രാന്‍സ് തയ്യാറാകാതിരുന്നത് ഇതിന് ഒരു പ്രധാന തടസ്സമായി. രാജ്യത്തിന്റെ സുരക്ഷ കാത്തുകൊള്ളാമെന്ന ഉറപ്പായിരുന്നു ഫ്രാന്‍സിനാവശ്യം. ആയുധശേഖരണത്തില്‍ തങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന ജര്‍മനിയുടെ നിര്‍ബന്ധവും പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ആക്രമണായുധങ്ങളുടെ നിയന്ത്രണത്തിനും നശിപ്പിക്കലിനും വേണ്ടി ബ്രിട്ടനും യു.എസ്സും വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഏതുതരത്തില്‍പ്പെട്ട ആയുധങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ യോജിപ്പിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞില്ല. 1933 ഒക്ടോബറില്‍ ഹിറ്റ്ലര്‍ നടത്തിയ പിന്മാറ്റം സമ്മേളനത്തിനേറ്റ ഒരു മാരകപ്രഹരമായിരുന്നു. ഇതോടൊപ്പം 'ലീഗ് ഒഫ് നേഷന്‍സി'ല്‍ നിന്നുമുള്ള ഹിറ്റ്ലറുടെ പിന്മാറ്റവും ഇതിനെ കൂടുതല്‍ രൂക്ഷമാക്കി.

3. റെഡ്ക്രോസ് സമ്മേളനങ്ങള്‍ (Geneva-Conventions).

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന റെഡ്ക്രോസ് ദേശീയ സമ്മേളനങ്ങള്‍. 1864-ല്‍ ജനീവയില്‍ നടന്ന ഒരു സമ്മേളനത്തില്‍ ആണ് ആദ്യമായി ഈ സഖ്യം അംഗീകരിക്കപ്പെട്ടത്. ഇതിനുശേഷം 1906-ല്‍ നടന്ന സമ്മേളനം ഇതിന്റെ തുടര്‍ച്ചയായി കരുതപ്പെടുന്നു. യുദ്ധത്തടവുകാരുടെ സംരക്ഷണവും പൌരന്റെ സ്വത്തിനും ജീവനുമുള്ള നഷ്ടത്തിന്റെ ലഘൂകരണവും പ്രാവര്‍ത്തികമാക്കാന്‍ നൂറ്റാണ്ടുകളായി ഉദ്ദേശിച്ചുണ്ടാക്കിയ അന്തര്‍ദേശീയ അഭിപ്രായങ്ങളുടെ സമന്വയമായിരുന്നു ഇത്. യുദ്ധത്തിലുപയോഗിക്കപ്പെടുന്ന ഭീകരമാര്‍ഗങ്ങളുടെ നിയന്ത്രണവും മുറിവേറ്റ ഭടന്മാരുടെ സംരക്ഷണവും ആയിരുന്നു ഈ അന്താരാഷ്ട്ര ഉടമ്പടിയുടെ മുഖ്യ ലക്ഷ്യങ്ങള്‍. 1870-71-ലെ ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധഫലമായി ഉരുത്തിരിഞ്ഞ 'റെഡ്-ക്രോസ് സംഘടന' നിഷ്പക്ഷമായി നിന്നു കൊണ്ട് മുറിവേറ്റ ഭടന്മാരുടെ ശുശ്രൂഷ നിര്‍വഹിച്ചു. ഇക്കാലത്ത് പാരിസിലും ബര്‍ലിനിലും ഇതേപോലെയുള്ള മറ്റു സംഘടനകളും രൂപംകൊണ്ടിരുന്നു. യുദ്ധത്തടവുകാരുടെയും സാധാരണ ജനങ്ങളുടെയും ശുശ്രൂഷയ്ക്കു മാത്രമായല്ലാതെ ചികിത്സയ്ക്കും പ്രാധാന്യം കൊടുക്കുന്നതായിരുന്നു 1929-ലെ ജനീവാ സമ്മേളനം. ഒന്നാംലോകയുദ്ധാനുഭവങ്ങളില്‍ നിന്നുമുരുത്തിരിഞ്ഞതായിരുന്നു ഈ സമ്മേളനത്തിലെ ആശയങ്ങള്‍. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1949-ല്‍ വീണ്ടും നടന്ന ജനീവാ സമ്മേളനത്തില്‍ യുദ്ധത്തിന്റെ ഭീകരതകള്‍ കുറയ്ക്കുവാന്‍ വേണ്ടി നാല് അന്താരാഷ്ട്ര ഉടമ്പടികള്‍ രൂപംകൊണ്ടു. യുദ്ധസമയത്ത് സാധാരണ ജനങ്ങളുടെ സംരക്ഷണം, യുദ്ധത്തടവുകാരുടെ ചികിത്സ, ഭടന്മാരുടെ ശുശ്രൂഷ എന്നിവയ്ക്കായിരുന്നു ഈ ഉടമ്പടികളില്‍ മുന്‍തൂക്കം. ജനീവയില്‍ 1992 ജൂണില്‍ നടന്ന സമ്മേളനത്തില്‍ 170 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍