This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്നല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജന്നല്‍ == ==Window== കാറ്റും വെളിച്ചവും കടത്തിവിടാന്‍ കെട്ടിടത്ത...)
അടുത്ത വ്യത്യാസം →

09:02, 28 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജന്നല്‍

Window

കാറ്റും വെളിച്ചവും കടത്തിവിടാന്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ നിര്‍മിക്കുന്ന തുറസ്സ്. ഉര്‍ദു ഭാഷയില്‍ നിന്നും മലയാളം സ്വീകരിച്ച പദമാണ് ജന്നല്‍. ജനാല എന്നും പറയും. സുതാര്യമോ അര്‍ധതാര്യമോ ആയ കണ്ണാടിച്ചില്ലുകള്‍ പിടിപ്പിച്ച് പ്രകാശപ്രവേശം സാധ്യമാക്കുന്നു; ചട്ടം (sash) പുറംവായുവിലേക്ക് തുറന്ന് വായു സഞ്ചാരവും.

ഒരു ചട്ടക്കൂട്ടിലാണ് (Casing) ജന്നല്‍ ഉറപ്പിക്കുന്നത്. ഇതിന്റെ കീഴ്ഭാഗം ജന്നല്‍പ്പടി (sill) എന്നും മുകള്‍ഭാഗം മേല്‍പ്പടി (intel) എന്നും വശങ്ങള്‍ നെടുമ്പടി (jamb) എന്നും അറിയപ്പെടുന്നു. അകത്തോട്ടോ പുറത്തോട്ടോ തുറക്കാവുന്ന രീതിയില്‍ ചട്ടക്കൂട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് ചട്ടം. മേല്‍പ്പടി വിലങ്ങനെയോ അര്‍ധവൃത്താകാരത്തിലോ അറ്റം കൂര്‍ത്ത് കമാനരൂപത്തിലോ ആകാം. ജന്നലിന്റെ ആവശ്യമനുസരിച്ചാണ് പാളികള്‍ സജ്ജമാക്കുന്നത്. അകവശത്ത് കൂടുതല്‍ പ്രകാശം ലഭിക്കേണ്ടയിടങ്ങളില്‍ സുതാര്യമായ കണ്ണാടിച്ചില്ലും അകവശം പുറത്തുനിന്ന് ദൃശ്യമാകരുതെന്നുണ്ടെങ്കില്‍ അര്‍ധതാര്യമോ ഇളം നിറത്തിലുള്ളതോ ആയ ചില്ലും ഉപയോഗിക്കുന്നു. അകവശത്ത് വിസരിതപ്രകാശം ആവശ്യമുള്ളപ്പോഴും ഇളംനിറ ചില്ലുകളാണ് പ്രയോജനകരം. ദേവാലയങ്ങളിലെയും മറ്റും ജന്നലുകളില്‍ നിറച്ചില്ലുകളാണ് ഉപയോഗിക്കാറുള്ളത്. ചട്ടത്തില്‍ ഒറ്റച്ചില്ലോ ഏതാനും ചില്ലുകളോ ഘടിപ്പിക്കാം. ഒന്നിലധികം ചില്ലുകള്‍ ഉപയോഗിക്കുമ്പോള്‍ അവയെ വേര്‍തിരിച്ചു ഘടിപ്പിക്കാന്‍ തടി, ഈയം, ലോഹം എന്നിവ കൊണ്ടുള്ള ദണ്ഡുകളുപയോഗിക്കുന്നു. കുത്തനെ പിടിപ്പിക്കുന്ന ദണ്ഡുകള്‍ക്ക് നടുക്കാല്‍ (mullion) എന്നും വിലങ്ങനെ പിടിപ്പിക്കുന്ന ദണ്ഡുകള്‍ക്ക് കുറുക്കുദണ്ഡ് (transom) എന്നും പറയുന്നു.

നിര്‍മാണരീതികളുടെയും പദാര്‍ഥങ്ങളുടെയും വികസനത്തിന്റെ ഫലമായി വാസ്തുവിദ്യാരംഗത്ത് ജന്നലിന്റെ പ്രാധാന്യം വളരെക്കണ്ട് വര്‍ധിച്ചിട്ടുണ്ട്. 1940 വരെ ജന്നല്‍ ഭാഗങ്ങള്‍ മിക്കതും ദാരുനിര്‍മിതമായിരുന്നു. വീതികൂടിയ ദാരുദണ്ഡുകള്‍ക്കു പകരം അലുമിനിയം, ഉരുക്ക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ കൊണ്ടു നിര്‍മിച്ച വീതികുറഞ്ഞ ദണ്ഡുകള്‍ ഉപയോഗിക്കാമെന്നായതോടെ ചില്ലുപാളികളുടെയും വായുവും വെളിച്ചവും കടത്തിവിടാനുള്ള തുറസ്സിന്റെയും വലുപ്പം വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. തുരുമ്പിക്കാനോ ജീര്‍ണിക്കാനോ സാധ്യതയില്ലെന്നതുകൊണ്ടും പരിരക്ഷച്ചെലവ് തീരെ കുറവാണെന്നതുകൊണ്ടും അലുമിനിയം ഇതര ലോഹങ്ങളുടെ സ്ഥാനം പൂര്‍ണമായി കൈയടക്കിക്കഴിഞ്ഞു. ഗാര്‍ഹിക-വ്യാവസായിക-വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇന്ന് അലുമിനിയമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

ചരിത്രം. അടച്ചുകെട്ടിയ വീടുകളുടെ നിര്‍മാണത്തോടെയാവണം ജന്നലിന്റെ ആവിര്‍ഭാവം. ഈജിപ്തിലെ പ്രാചീന ചുവര്‍ച്ചിത്രങ്ങള്‍, അസീറിയയിലെ റിലീഫുകള്‍, കീറ്റിലെ ടെറാക്കോട്ടാ നിര്‍മിത സ്മാരക ഫലകങ്ങള്‍ എന്നിവയിലെ ചിത്രീകരണങ്ങളില്‍ ജന്നലുകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

ചരിത്രാതീതകാലത്തെ കുടിലുകളുടെ ഓലമേഞ്ഞ കൂരയിലെ ഗഹ്വരങ്ങള്‍ (കിളിവാതിലുകള്‍) ആയിരിക്കണം ആദ്യകാല ജന്നലുകള്‍. കാറ്റും വെളിച്ചവും കടന്നുവരാനും പുകപുറത്തു പോകാനും ഇവ ഉപകരിച്ചു. പുകക്കുഴലിന്റെ ആവിര്‍ഭാവത്തോടെ ജന്നലിന്റെ സ്ഥാനം ചുവരുകളിലായി. പ്രാചീനകാലങ്ങളില്‍ കാറ്റും വെളിച്ചവും നിയന്ത്രിക്കാന്‍ മൃഗചര്‍മം കൊണ്ടാണ് ജന്നലുകള്‍ അടച്ചിരുന്നത്.

സുഖശീതള കാലാവസ്ഥയിലുള്ള മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വാതായനത്തിന് പ്രത്യേക സംവിധാനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. മറ്റിടങ്ങളില്‍ പ്രകാശത്തിന്റെ അപര്യാപ്തത ഒരു പ്രശ്നമായിരുന്നു. ഇതിനു പരിഹാരമായാണ് കര്‍ണാക് തുടങ്ങിയ ഈജിപ്ഷ്യന്‍ ക്ഷേത്രങ്ങളിലെ ഇടനാഴികളുടെ ചുവരുകളുടെ മുകളിലായി പള്ളിഭിത്തി ജന്നലുകള്‍ നിര്‍മിച്ചത്. അങ്കണം കേന്ദ്രമാക്കി ഗൃഹങ്ങള്‍ നിര്‍മിച്ചിരുന്നതുകൊണ്ടും വീടുകളിലെ മുറികള്‍ നടുമുറ്റത്തേക്ക് തുറന്നിരുന്നതുകൊണ്ടും ഗ്രീസിലെ ഭവനങ്ങളില്‍ ജന്നലുകളുടെ ആവശ്യമുണ്ടായിരുന്നില്ല; കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ചില്ലിട്ട ജന്നലുകള്‍ നിര്‍മിച്ചു തുടങ്ങിയത് റോമന്‍ സാമ്രാജ്യ കാലത്താണ്. പഴയ ജന്നലുകളുടെ തകര്‍ന്നുപോയ ഭാഗങ്ങളായിരിക്കാം പോമ്പിയിലെ അവശിഷ്ടങ്ങളില്‍ കണ്ടെത്തിയ കണ്ണാടിക്കഷ്ണങ്ങള്‍ പിടിപ്പിച്ച വെങ്കല ചട്ടക്കൂടുകള്‍. ആദ്യകാല ക്രിസ്തീയ ദേവാലയങ്ങളിലും ബൈസാന്തിയന്‍ നിര്‍മിതികളിലും ചെറിയ ചില്ലിട്ട ജന്നലുകള്‍ ധാരാളമുണ്ടായിരുന്നു. ഫാഗിക സോഫിയ(ഇസ്താന്‍ബുള്‍)യുടെ കുംഭഗോപുരത്തിന്റെ ചുവട്ടിലെ മാര്‍ബിള്‍ ചട്ടക്കൂടില്‍ കണ്ണാടിച്ചില്ലുകള്‍ പതിച്ച ജന്നല്‍ നിരകള്‍ അകവശം പ്രകാശപൂരിതമാക്കിയിരുന്നു. ബൈസാന്തിയന്‍ നിര്‍മാണശൈലി അനുകരിച്ച ഇസ്ലാമിക വാസ്തുശില്പികള്‍ മാര്‍ബിളിനു പകരം സിമന്റാണുപയോഗിച്ചത്. 12-13 ശ.-ത്തോടെ ജന്നല്‍ നിര്‍മാണശൈലി യൂറോപ്പിലും പ്രചരിച്ചു. അവര്‍ മാര്‍ബിളിനും സിമന്റിനും പകരം ഈയദണ്ഡുകളാണുപയോഗിച്ചത്.

മധ്യകാലഘട്ടത്തില്‍ ജന്നല്‍ വാസ്തുവിദ്യാ സാങ്കേതികത്തില്‍ കാര്യമായ ചലനങ്ങളുണ്ടായി. യൂറോപ്പില്‍ കണ്ണാടി ജന്നലുകള്‍ പ്രചാരത്തില്‍ വന്നു. ജന്നലിന്റെ രൂപകല്പനയില്‍ നവീനാശയങ്ങള്‍ പരീക്ഷിക്കാന്‍ വാസ്തുശില്പികളെ സഹായിക്കാന്‍ മതാധികാരികള്‍ മുന്നോട്ടു വന്നതോടെ റോസ് ജന്നല്‍, മോടിപിടിപ്പിച്ച വലിയ ചില്ലുള്ള ജന്നല്‍ എന്നിവയുടെ നിര്‍മാണത്തിന് വഴിയൊരുങ്ങി. ഗോഥിക് കാലഘട്ടത്തിന്റെ അവസാനകാലത്ത് ആര്‍ഭാടത്തിന് മുന്‍തൂക്കമുണ്ടായിരുന്നു.

നവോത്ഥാനകാലത്ത് ജന്നലുകളുടെയും ഭിത്തികളുടെയും വിസ്തീര്‍ണങ്ങള്‍ക്കു തമ്മില്‍ ഒരു സന്തുലിതാനുപാതം വേണമെന്ന നിലയുണ്ടായി. 17-ാം ശ.-ത്തിന്റെ അന്ത്യകാലത്ത് ഇംഗ്ലണ്ടില്‍ ഇരട്ടതൂക്കുചട്ട ജന്നല്‍ പ്രചാരത്തില്‍ വന്നു. 18-ഉം 19-ഉം ശ.-ങ്ങളില്‍ കണ്ണാടി ഉത്പാദനം പുരോഗമിച്ചതോടെ ജന്നലുകളിലെ കണ്ണാടിപ്പാളികളുടെ വലുപ്പം കൂടി; ഒരു ജന്നലില്‍ ഘടിപ്പിക്കുന്ന കണ്ണാടിച്ചില്ലുകളുടെ എണ്ണം കുറഞ്ഞു. ഈ പുരോഗതിയാണ് 20-ാം ശ.-ല്‍ ചിത്രജന്നലിന്റെയും ജന്നല്‍ഭിത്തിയുടെയും വികസനം സാധ്യമാക്കിയത്.

പലതരം ജന്നലുകള്‍. വാസ്തുവിദ്യാ ശൈലിയനുസരിച്ചും നിര്‍മാതാവിന്റെ അഭിരുചിയോ മുന്‍ഗണനയോ കണക്കിലെടുത്തും ജന്നലുകള്‍ വിവിധരീതിയില്‍ നിര്‍മിക്കുന്നു; ഇവയില്‍ പ്രധാനമായവ താഴെ ചേര്‍ക്കുന്നു.

ഇരട്ടതൂക്കചട്ട ജന്നല്‍ (Double hang sash window). മുകളിലോട്ടും താഴോട്ടും നിരക്കിമാറ്റാവുന്ന തരത്തിലുള്ള രണ്ടു ചട്ടങ്ങള്‍ ഇതിലുണ്ട്. പുറമേ നിന്നും കാണാനാകാത്തവിധം ചട്ടക്കൂടിന്റെ മുകളില്‍ ഉറപ്പിച്ച റാട്ടുകളിലൂടെ ചങ്ങലയോ ലോഹനാരോ കടത്തിവിട്ട് അതിന്റെ അഗ്രങ്ങളില്‍ ഭാരങ്ങള്‍ തൂക്കിയിട്ടാണ് ചട്ടങ്ങളെ ചട്ടക്കൂട്ടിലുള്ള ചാലുകളിലൂടെ നിരക്കി നീക്കുന്നത്. ചിലതില്‍ ചട്ടത്തെ സ്പ്രിങ് ഉപയോഗിച്ച് നെടുമ്പടിയോടു ബന്ധിപ്പിക്കാറുമുണ്ട്.

കേസ്മെന്റ് ജന്നല്‍ (Casement window). ഇതില്‍ വിജാഗിരി ഉപയോഗിച്ച് ചട്ടങ്ങളെ ചട്ടക്കൂട്ടിനോടു ബന്ധിപ്പിക്കുന്നു. ലംബമായിനില്ക്കുന്ന ചട്ടം അകത്തോട്ടോ പുറത്തോട്ടോ തുറക്കാം. പുറത്തോട്ടു തുറക്കാവുന്നവയാണ് അധികവും. കൈകൊണ്ടോ ക്രാങ്ക് തുടങ്ങിയ യന്ത്രസംവിധാനം കൊണ്ടോ ചട്ടങ്ങള്‍ തുറക്കുന്നു.

ഫ്രഞ്ച് ജന്നല്‍ (French window). തറനിരപ്പുവരെ എത്തുന്ന ചട്ടങ്ങളുള്ളതിനാല്‍ ഇതിന് ഫ്രഞ്ച് വാതില്‍ എന്നും പേരുണ്ട്. അകത്തോട്ടു തുറക്കുന്ന തരത്തിലാണ് ഇതിന്റെ ചട്ടങ്ങള്‍.

മേലാപ്പു ജന്നല്‍ (Awning window). മൂന്നോ അതിലധികമോ ചട്ടങ്ങളുള്ള ഈ ജന്നലില്‍ പുറത്തേക്കു തുറക്കാവുന്ന തരത്തില്‍ വിജാഗിരി ഉപയോഗിച്ചാണ് ചട്ടങ്ങള്‍ ഘടിപ്പിക്കുന്നത്. തുറന്നുവച്ചാല്‍ ചട്ടങ്ങള്‍ വെയില്‍ മറപോലെ പ്രവര്‍ത്തിക്കും; മഴവെള്ളം അകത്തേക്കു വീഴുന്നതു തടയുകയും ചെയ്യും. ചട്ടങ്ങള്‍ തുറക്കാന്‍ ക്രാങ്ക് ഉപയോഗിക്കണം. എല്ലാ ചട്ടങ്ങളും ഒരേ സമയം അടയ്ക്കാനും തുറക്കാനും കഴിയും. മുകളിലത്തെ ചട്ടങ്ങള്‍ തുറക്കുന്നതിനു മുമ്പായി ഏറ്റവും താഴത്തെ ചട്ടം തുറക്കാവുന്ന രീതിയിലും ജന്നല്‍ നിര്‍മിക്കാം.

ഹോപ്പര്‍ ജന്നല്‍ (Hopper window). വിജാഗിരി ഉപയോഗിച്ച് ചട്ടക്കൂടിന്റെ താഴ്ഭാഗത്ത് ഉറപ്പിച്ചിട്ടുള്ള ചട്ടങ്ങള്‍ ഉള്ള ജന്നല്‍. ഇത് അകത്തോട്ടു തുറക്കുന്നു.

ബേ ജന്നല്‍ (Bay window). മൂന്നോ അതിലധികമോ ജന്നലുകള്‍ ചേര്‍ന്നതാണിത്. മിക്കവയും ഇരട്ടതൂക്കുചട്ട തരത്തിലുള്ളവയുമായിരിക്കും. ഒരു ബേ ജന്നലിന്റെ ഒരു ജോഡി ജന്നലുകള്‍ ഭിത്തിക്കു കോണായാണ് പണിയുക. വക്രിയ രീതിയിലോ പുറം ഭാഗങ്ങള്‍ ഉരുണ്ടരീതിയിലോ പണിയുന്ന ജന്നലാണ് ബോ ജന്നല്‍ (Bow window). താഴത്തെ നിലയില്‍ മാത്രമേ ബോ ജന്നലുകള്‍ ഉണ്ടാവൂ. മുകളിലത്തെ നിലയിലെ ജന്നലുകള്‍ ഓറിയല്‍ (Oriel) എന്നു പറയുന്നു.

ഡോര്‍മെര്‍ ജന്നല്‍ (Dormer window). ചരിഞ്ഞ മേല്‍ക്കൂരയ്ക്കു സമകോണായി പുറത്തേക്കു തള്ളി നില്ക്കുന്ന രീതിയില്‍ പണിയുന്ന ഈ ജന്നലിനു തന്നെ ഒരു ചരിഞ്ഞ മേല്‍ക്കൂരയുണ്ടാകും.

ഉറപ്പിച്ച ജന്നല്‍ (fixed Window). ഇതില്‍ ചട്ടങ്ങള്‍ ചട്ടക്കൂടില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്നതിനാല്‍ അത് എപ്പോഴും അടഞ്ഞു തന്നെയിരിക്കും.

ചിത്ര ജന്നല്‍ (Picture window). വലിയ ചട്ടമുള്ള ജന്നലാണിത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ പാകത്തിലാണിതിന്റെ സംവിധാനം. ശീതോഷ്ണ ക്രമീകരണമില്ലാത്ത മുറിയാണെങ്കില്‍ ചിത്ര ജന്നലിന്റെ വശങ്ങളില്‍ വായു സഞ്ചാരാര്‍ഥം ചെറിയ കേസ്മെന്റ് ജന്നലുകളോ മറ്റു ജന്നലുകളോ പണിയുന്നു.

ജന്നല്‍ ഭിത്തി (Window wall). മുഴുനീള ഭിത്തിയുടെ രൂപത്തില്‍ ചെറിയ ജന്നലുകളോ കണ്ണാടി പാനലുകളോ ചേര്‍ത്തു നിര്‍മിക്കുന്നു. ഇതിലൂടെ മട്ടുപ്പാവിലോ മറ്റോ കടക്കണമെന്നുണ്ടെങ്കില്‍ വിലങ്ങനെ നിരക്കി മാറ്റാവുന്ന ചട്ടങ്ങളോടുകൂടിയും ഇതു നിര്‍മിക്കാം.

നിരങ്ങും ജന്നല്‍ (Sliding window). വാതില്‍പ്പുറക്കാഴ്ചകള്‍ ആസ്വദിക്കാന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍