This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനീവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജനീവ== ==Geneva== 1. സിറ്റ്സര്‍ലന്‍ഡിലെ ഒരു നഗരവും അതുള്‍ക്കൊള്ളുന്...)
അടുത്ത വ്യത്യാസം →

08:51, 28 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജനീവ

Geneva

1. സിറ്റ്സര്‍ലന്‍ഡിലെ ഒരു നഗരവും അതുള്‍ക്കൊള്ളുന്ന പ്രവിശ്യയും. ജനീവ തടാകത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഗാലോ-റോമന്‍ കാലഘട്ടത്തില്‍ രൂപമെടുത്ത ഈ നഗരം സീസറിന്റെ വ്യാഖ്യാനങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. 120 ബി.സി.-യില്‍ റോമിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന ഈ നഗരം അന്ന് ഹെല്‍വീഷ്യയുടെ ഭാഗമായിരുന്നു. എ.ഡി. 456 ആയപ്പോള്‍ ബര്‍ഗണ്ടിയന്‍ രാഷ്ട്രത്തിന്റെ ഭാഗമായി മാറിയ ജനീവ 534-ല്‍ ഫ്രാങ്ക്സ് സാമ്രാജ്യത്തിന്‍ കീഴിലായി. 16-ാം ശതകത്തില്‍ ജനീവ നഗരം പ്രൊട്ടസ്റ്റന്റ് മതപരിഷ്കര്‍ത്താവായ കാല്‍വിന്റെ നവീനാശയങ്ങളുടെ പണിശാലയായി മാറി. കാല്‍വിനിസത്തിന്റെ കേന്ദ്രമായിരുന്നതിനാല്‍ ഇതിന് നവോത്ഥാനത്തിലും സുപ്രധാനമായ പങ്കുലഭിച്ചു.

1536-ല്‍ ജനീവയിലെത്തിയ കാല്‍വിന്റെ പ്രയത്നം നഗരത്തെ യൂറോപ്പിലെ ഒരു പ്രധാന മതകേന്ദ്രമാക്കി ഉയര്‍ത്തി. ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെട്ടിരുന്നവര്‍ക്ക് ഒരു അഭയകേന്ദ്രമായിരുന്ന ഈ നഗരം ഇക്കാലത്തു തന്നെ ഒരു സാര്‍വ ജനീനത്വസ്വഭാവം ആര്‍ജിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവസമയത്ത് ഫ്രാന്‍സുമായി സംയോജിപ്പിക്കപ്പെട്ടുവെങ്കിലും നെപ്പോളിയന്റെ പതനത്തോടുകൂടി നഗരം വീണ്ടും സ്വതന്ത്രമായി.

ജനീവാ നഗരം പല മഹദ്വ്യക്തികള്‍ക്കും ജന്മം നല്കിയിട്ടുണ്ട്. റൂസോ, ഫെര്‍ഡിനന്‍ ദ സോസിര്‍, ദ ല്യൂക്ക് തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്രശേഖരങ്ങളും ലോക പ്രശസ്തങ്ങളാണ്. വോള്‍ട്ടയര്‍, ഗിബണ്‍, ഷെല്ലി, റസ്കിന്‍, ബൈറണ്‍ തുടങ്ങിയ സാഹിത്യകാരന്മാരും ഈ നഗരത്തിന്റെ സന്താനങ്ങളാണ്. ലീഗ് ഒഫ് നേഷന്‍സിന്റെ ആസ്ഥാനമായിരുന്ന ജനീവയ്ക്ക് ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കാലത്താണ് ഈ പ്രതാപം കൈവന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത് 'ഐക്യരാഷ്ട്രസംഘടനയുടെ യൂറോപ്യന്‍കേന്ദ്രം' ആയി മാറി. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടനയുടെ ആസ്ഥാനവും ജനീവ തന്നെ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ നഗരത്തിന് 'അന്താരാഷ്ട്ര തര്‍ക്കപരിഹാരകേന്ദ്രം' എന്ന പ്രാധാന്യം കൂടി ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന(WHO)യുടെ ആസ്ഥാനവുമാണ് ജനീവ.

ജനീവയിലെ പഴയ നഗരകേന്ദ്രം റോണ്‍ നദിയുടെ ഇടതുകരയിലുള്ള ഒരു കുന്നിന്‍പുറത്തായി സ്ഥിതിചെയ്യുന്നു. ആധുനിക നഗരം പഴയ നഗരത്തിനും തടാകത്തിനും മധ്യേയും റോണ്‍ നദിയുടെ വലതുകരയിലുമായാണ് വികസിച്ചിട്ടുള്ളത്. 1847-നുശേഷം നഗരം കാര്യമായ വികാസം നേടി. ഒരു പ്രധാന വാണിജ്യ-സാംസ്കാരിക-കേന്ദ്രമാണ് ഈ നഗരം. റോഡുകളും റെയില്‍പ്പാതകളും ധാരാളമുള്ള ഈ നഗരത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്.

പുരാതനവും ആകര്‍ഷകവുമായ അനേകം കെട്ടിടങ്ങള്‍ ജനീവയിലുണ്ട്. 12-ാം ശതകത്തിലുള്ള സെന്റ് പീറ്റര്‍ കതീഡ്രല്‍, ഇപ്പോള്‍ സര്‍വകലാശാലയായി മാറിയിട്ടുള്ള കാല്‍വിന്റെ അക്കാദമി, ആതനീയം (ശാസ്ത്ര-സാഹിത്യശാഖകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനം), മ്യൂസിയങ്ങള്‍, തിയെറ്റര്‍ ഇവയെല്ലാം ജനീവയിലെ ചരിത്രസ്മാരകങ്ങളില്‍പ്പെടുന്നു. സോസിര്‍ സംഭാവന ചെയ്ത ജിയോളജിക്കല്‍ ശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഇക്കൂട്ടത്തില്‍ പ്രഥമസ്ഥാനത്താണ്. പാരിസ് ഓപെറ ഹൗസ് കഴിഞ്ഞാല്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണ് ജനീവയിലെ മനോഹരമായ തിയെറ്ററിനുള്ളത്. 1559-ല്‍ സ്ഥാപിതമായ ജനീവാ സര്‍വകലാശാലയും ഒരു സാംസ്കാരിക മുതല്‍ക്കൂട്ടായി ഇന്നും ഇവിടെയുണ്ട്. പ്രധാന വ്യവസായങ്ങളില്‍ വാച്ച്, ആഭരണം, ശാസ്ത്രസാമഗ്രികള്‍, ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് പ്രാമുഖ്യം.

സ്വിറ്റ്സര്‍ലന്‍ഡിലെ പട്ടണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ജനീവാ നഗരം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ജനീവാ തടാകവും മോണ്ട് ബ്ലാങ്ക് മാസിഫും ധാരാളം ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. റോണ്‍ നദി ജനീവ തടാകത്തില്‍ പതിക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന കൂറ്റന്‍ ജലധാര(Jet d' Eau)യാണ് നഗരങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

2. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു പ്രവിശ്യ. 1815-ല്‍ രൂപീകൃതമായ ഈ പ്രവിശ്യയിലെ മുഖ്യഭാഷ ഫ്രഞ്ചാണ്. വിസ്തീര്‍ണം: 282 ച.കി.മീ.; റോണ്‍ തടത്തില്‍ തെക്കന്‍ ജൂറാ പര്‍വത നിരകള്‍ക്കും ആല്‍പ്സിന്റെ അടിവാരക്കുന്നുകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ജനീവാ തടാകം, വോ പ്രവിശ്യ, ഫ്രാന്‍സ് എന്നിവയാല്‍ ആവൃതമാണ്. ഇവിടത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും ജനീവാ നഗരത്തില്‍ വസിക്കുന്നു. ജനീവാ തടാകക്കരയിലെ തെക്കോട്ടു ചരിഞ്ഞിറങ്ങുന്ന മലഞ്ചരിവുകള്‍ മുന്തിരിക്കൃഷിയുടെ കേന്ദ്രങ്ങളാണ്. കുത്തനെ കാണുന്ന ചരിവുകള്‍ സമൃദ്ധമായ മുന്തിരിവിള നല്കുന്നു. ആഭരണനിര്‍മാണം, വാച്ചുനിര്‍മാണം എന്നിവ മുഖ്യ വ്യവസായങ്ങളില്‍ പെടുന്നവയാണ്. ഫ്രാന്‍സില്‍ ഉദ്ഭവിക്കുന്ന ആര്‍വ് (Arve) നദി ഈ പ്രവിശ്യയിലൂടെ ഒഴുകി ജനീവാ നഗരത്തില്‍ വച്ച് റോണ്‍ നദിയുമായി ചേരുന്നു.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കുശേഷം ജനീവയുടെ വളര്‍ച്ചയില്‍ മാന്ദ്യം സംഭവിച്ചെങ്കിലും ഇവിടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇതിനു ബദലായിത്തീര്‍ന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ വളര്‍ച്ചയും പ്രവിശ്യാപുരോഗതിക്ക് ആക്കം കൂട്ടി.

3. മധ്യ-പടിഞ്ഞാറന്‍ നൂയോര്‍ക്കിലുള്ള ഒരു നഗരവും ജനീവ എന്നറിയപ്പെടുന്നു. റോച്ചസ്റ്ററിന് 77 കി.മീ. തെക്കു കിഴക്കു മാറി സെനിക തടാകത്തിന്റെ വടക്കേയറ്റത്തായി ഓണ്ടറീയോ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. പഴങ്ങള്‍, വിത്തുകള്‍ തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ക്കും തൈകള്‍ മുളപ്പിച്ചെടുക്കുന്ന നഴ്സറികള്‍ക്കും പ്രസിദ്ധിയാര്‍ജിച്ച ഈ പ്രദേശത്ത് കോര്‍ണല്‍ സര്‍വകലാശാലയുടെ അംഗീകാരമുള്ള ഒരു സംസ്ഥാന കൃഷികേന്ദ്രവുമുണ്ട്. ഭക്ഷ്യസംസ്കരണവും ടൈപ്പ്റൈറ്റര്‍ മെഷീനുകള്‍, ഇരുമ്പുത്പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, കാര്‍ട്ടണുകള്‍ എന്നിവയുടെ നിര്‍മാണവും ഇവിടത്തെ പ്രധാന വ്യവസായങ്ങളില്‍പ്പെടുന്നു.

ഹോബര്‍ട്ട് കോളജ് ഫോര്‍ മെന്‍, ഇതിന്റെ സഹോദരസ്ഥാപനമായ വില്യം സ്മിത് കോളജ് ഫോര്‍ വിമന്‍ എന്നിവ ഈ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രങ്ങളാണ്. ലോകത്തില്‍ ആദ്യത്തെ വനിതാ ഫിസിഷ്യന്‍ ആയ എലിസബത്ത് ബ്ലാക്വെല്‍ ബിരുദം നേടിയത് (1849) ജനീവാ മെഡിക്കല്‍ കോളജില്‍ നിന്നായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B5%80%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍