This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചിത്രയോഗം== വള്ളത്തോള്‍ നാരയണമേനോന്‍ രചിച്ച മലയാളമഹാകാവ്യം...)
അടുത്ത വ്യത്യാസം →

08:29, 20 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രയോഗം

വള്ളത്തോള്‍ നാരയണമേനോന്‍ രചിച്ച മലയാളമഹാകാവ്യം. 1914-ലാണ് ഇതു പ്രസിദ്ധീകരിച്ചത്. വ്യവസ്ഥാപിതമായ മഹാകാവ്യമാനദണ്ഡങ്ങളനുസരിച്ച്, പതിവുരീതിക്ക് അനുസരണമായി രചിച്ച ഒരു കൃതിയാണിത്. എങ്കിലും വള്ളത്തോള്‍ക്കവിതയുടെ പ്രസാദഗുണവും ശില്പകാന്തിയും ഇതിനുണ്ട്.

ആകെ 18 സര്‍ഗങ്ങളാണുള്ളത്. ഓരോ സര്‍ഗത്തിനും രാജവര്‍ണനം, ചന്ദ്രസേന-കാത്യായനീസമാഗമം, താരാവലീചിത്രദര്‍ശനം എന്നീ മട്ടിലുള്ള ശീര്‍ഷകങ്ങള്‍ നല്കിയിട്ടുണ്ട്.

"ധരാതലത്തില്‍, ദ്ധനപുഷ്ടിയൊത്തു-

ണ്ടൊരാര്യദേശം നിഷധാഭിധാനം

ചിരാല്‍ വിളങ്ങുന്നു, കുബേരദിക്കാം

വരാംഗിയാള്‍ തൊട്ടൊരു പൊട്ടുപോലെ.

എന്നാരംഭിക്കുന്ന ഈ കാവ്യത്തില്‍ 1,590 ശ്ളോകങ്ങളാണുള്ളത്. ചിത്രസര്‍ഗം, യമകസര്‍ഗം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 11-ാം സര്‍ഗത്തിലെ 85 ഉപജാതിശ്ളോകങ്ങളും സര്‍ഗാന്തശ്ളോകവുമൊഴികെ മറ്റെല്ലാറ്റിലും ദ്വിതീയാക്ഷരപ്രാസം ഉണ്ട്.

സോമദേവ കവിയുടെ കഥാസരിത്സാഗരത്തിലെ ശശാങ്കവതീ ലംബകത്തില്‍ 34-ാം തരംഗം 41 മുതല്‍ 343 വരെയുള്ള ശ്ളോകങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മന്ദാരവതീ സുന്ദരസേന കഥയാണ് ഇതിന് അവലംബം. മൂലകഥയില്‍ വള്ളത്തോള്‍ കാര്യമായ വ്യതിയാനങ്ങളൊന്നും വരുത്തിയിട്ടില്ല. സ്ഥലം, പാത്രനാമം എന്നിവയില്‍ ചില മാറ്റങ്ങള്‍ കാണാം. മൂലകഥയിലെ മന്ദാരവതിയും സുന്ദരസേനനും മഹാകാവ്യത്തില്‍ താരാവലിയും ചന്ദ്രസേനനുമാണ്.

ഉദാത്തമായ വര്‍ണനകളും ശബ്ദാര്‍ഥമാധുര്യവും നിറഞ്ഞ മഹാകാവ്യമാണ് ചിത്രയോഗം. നിരവധി ഭാവമധുരങ്ങളായ മുക്തകങ്ങള്‍ ഇതിലുണ്ട്. എങ്കിലും വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍ക്കുള്ളത്ര പ്രസക്തി ഇതിനില്ല. അനുരാഗവും അതു സൃഷ്ടിക്കുന്ന വിരഹവേദനയും നിരവധി കല്പിതസംഭവങ്ങളും നിറഞ്ഞ ഈ കാവ്യം സമകാലികജീവിതത്തില്‍നിന്നു അന്യമായതാണ് ഇതിനു കാരണമെന്ന അഭിപ്രായമുണ്ട്. മഹാകവി കുമാരനാശാന്‍ ഈ കൃതിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

കഥാഗതി, ചിത്രദര്‍ശനത്താല്‍ കാമുകീകാമുകന്മാര്‍ക്ക് യോഗമുണ്ടാകുന്ന തരത്തിലായതിനാലാണ് ചിത്രയോഗം എന്ന പേരുവന്നതെന്നു കരുതപ്പെടുന്നു. നായികാനായകന്മാരുടെ പേരിനെ ആസ്പദമാക്കി ഈ കാവ്യത്തിന് താരാവലീചന്ദ്രസേനം എന്നൊരു പേരും നല്കിയിട്ടുണ്ട്. ചിത്രയോഗം അഥവാ താരാവലീചന്ദ്രസേനം മണിപ്രവാളകാവ്യം എന്നാണ് പൂര്‍ണ ഗ്രന്ഥനാമം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍