This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാ(കാ)ല്‍ക്കൊപൈറൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാ(കാ)ല്‍ക്കൊപൈറൈറ്റ്== ==Chalcopyrite== ചെമ്പിന്റെ പ്രധാനപ്പെട്ട ഒരു ...)
അടുത്ത വ്യത്യാസം →

08:20, 20 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചാ(കാ)ല്‍ക്കൊപൈറൈറ്റ്

Chalcopyrite

ചെമ്പിന്റെ പ്രധാനപ്പെട്ട ഒരു അയിര്. ഫോര്‍മുല:CuFeS2. ചാല്‍കോസ് (Chalkos-ചൈമ്പ്), പൈറൈറ്റ്സ് ലിഥോസ് (Pyrites lithos-തീെയുണ്ടാക്കുന്ന കല്ല്) എന്നീ ഗ്രീക് പദങ്ങളില്‍ നിന്നാണ് ചാല്‍ക്കൊപൈറൈറ്റ് എന്ന പദത്തിന്റെ നിഷ്പത്തി. ഇത് കോപ്പര്‍ പൈറൈറ്റ് എന്ന പേരിലും അറിയപ്പെടുന്നു. ചാല്‍ക്കൊപൈറൈറ്റും ചാല്‍ക്കൊസൈറ്റും ചെമ്പിന്റെ സള്‍ഫൈഡ് അയിരുകളാണ്. സള്‍ഫൈഡ് അയിരുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ചാണ് കാര്‍ബണേറ്റ് അയിരുകളായ പച്ചനിറമുള്ള മാലക്കൈറ്റും (Malachite), നീലനിറമുള്ള അഷുറൈറ്റും (Azurite) ഉണ്ടാകുന്നത്. ഇപ്രകാരം മാലക്കൈറ്റും അഷുറൈറ്റും കാണപ്പെടുന്ന സ്ഥലങ്ങളില്‍ അടിയില്‍ ചെല്ലുമ്പോള്‍ സള്‍ഫൈഡ് അയിരുകളുടെ സഞ്ചയമുണ്ടെന്ന് കരുതാം. പൈറൈറ്റിനെപ്പോലെ ചാല്‍ക്കൊ പൈറൈറ്റിനെയും 'വിഡ്ഢികളുടെ സ്വര്‍ണം' എന്നു വിളിക്കാറുണ്ട്. എന്നാല്‍ ഇതിന് സ്വര്‍ണത്തെ അപേക്ഷിച്ച് കാഠിന്യം വളരെ കുറവാണ്.

ഭൌതികഗുണങ്ങള്‍. ചതുര്‍ഭുജവ്യൂഹത്തിലാണ് ചാല്‍ക്കൊപൈറൈറ്റിന്റെ ക്രിസ്റ്റലീകരണം. സാധാരണയായി ചാല്‍ക്കൊപൈറൈറ്റിന്റെ ക്രിസ്റ്റലുകള്‍ ചതുസ്തലകത്തെ (tetrahedron) അനുസ്മരിപ്പിക്കുന്ന ദീര്‍ഘഗോളാകൃതിയിലാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ ക്രിസ്റ്റലുകളില്ലാതെയും (massive form) കാണാറുണ്ട്. ഇവയുടെ ക്രിസ്റ്റലുകള്‍ വളരെ ചെറുതായിരിക്കും.

ചെമ്പിന്റെയും ഇരുമ്പിന്റെയും സള്‍ഫൈഡായ ഈ ധാതുവില്‍ ചെമ്പിന്റെ അംശം 34.5 ശ.മാ. മാത്രമാണ്. ശുദ്ധമായ ഉപരിതലങ്ങളില്‍ പിച്ചളയുടെ മഞ്ഞ(brass yellow)നിറമുള്ള ഈ ധാതുവിന് ഓക്സീകരണം സംഭവിച്ച് നിറത്തിന് മങ്ങല്‍ ഉണ്ടാകാം. കാഠിന്യം 3.5-4; ആ.സാ. 4.1-4.3; പ്രകാശികമായി അതാര്യം (opaque); ലോഹദ്യുതി മുതലായവയാണ് പ്രധാന ഭൌതികഗുണങ്ങള്‍.

ഉപസ്ഥിതി. മുഖ്യ ചാല്‍ക്കൊപൈറൈറ്റ് നിക്ഷേപങ്ങള്‍ ജല-താപീയ (hydrothermal) വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ലോകപ്രസിദ്ധമായ കൂപ്പ്ഫെര്‍ഷീഫര്‍ (Kupferschiefer) ചെമ്പ് നിക്ഷേപങ്ങളിലെ ചാല്‍ക്കൊപൈറൈറ്റ്, കോപ്പര്‍ സള്‍ഫേറ്റിന്റെ നിരോക്സീകരണഫലമായി രൂപംകൊണ്ടിട്ടുള്ളതാണെന്നാണ് വിശ്വാസം. ചാല്‍ക്കൊപൈറൈറ്റ് ചെമ്പിന്റെ മറ്റ് അയിരുകളോടൊപ്പം ആഗ്നേയശിലകളില്‍ കാണപ്പെടുന്നു. പെഗ്മറൈറ്റ്-ആഗ്നേയശിലയിലാണ് ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

ചെമ്പിന് ധാരാളം അയിരുകളുണ്ടെങ്കിലും ഈ ലോഹം വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത് ചാല്‍ക്കൊപൈറൈറ്റില്‍ നിന്നാണ്. യു.എസ്., ചിലി, കാനഡ, റഷ്യ, കോങ്ഗോ എന്നീ രാജ്യങ്ങള്‍ ചെമ്പയിര്‍ നിക്ഷേപങ്ങളാല്‍ സമ്പന്നമായതിനാല്‍ ഇവയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെമ്പയിര്‍ കാണപ്പെടുന്നത് ബിഹാര്‍, ആന്ധ്രപ്രദേശ്, ജമ്മു-കാശ്മീര്‍, മധ്യപ്രദേശ്, തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ സാമ്പത്തികപ്രാധാന്യമില്ലാത്ത ചെമ്പയിരുകളാണുള്ളത്. ചാല്‍ക്കൊപൈറൈറ്റ് നിക്ഷേപം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ബിഹാറിലും ആന്ധ്രപ്രദേശിലുമാണ്. ഇന്ത്യയിലെ പ്രധാന ചാല്‍ക്കോപൈറൈറ്റുനിക്ഷേപം ബിഹാറിലെ സിങ്ഭോമിലുള്ള മൊസബാനിയിലാണ്. ബിഹാറിലെ തന്നെ രാഖ, സുര്‍ദ, ധോഭാനി എന്നീ സ്ഥലങ്ങളിലും സാമ്പത്തിക പ്രാധാന്യമുള്ള ചാല്‍ക്കൊപൈറൈറ്റ് നിക്ഷേപങ്ങളുണ്ട്. കേരളത്തില്‍ പ്രാകൃതിക ചെമ്പിന്റെ നിക്ഷേപങ്ങള്‍ തുലോം വിരളമാണ്. കോട്ടയത്തിന് 5 കി.മീ. കിഴക്കുമാറി വടവത്തൂരിലും, കൊല്ലം ജില്ലയിലെ പുനലൂരിലും നേരിയ തോതില്‍ ചെമ്പയിരുകള്‍ കാണുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍