This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരമുണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാരമുണ്ടി== ==Eastern grey heron== കൊക്കിനോടു സാമ്യമുള്ള ഒരു വലിയ ജലപ്പക്...)
അടുത്ത വ്യത്യാസം →

08:00, 18 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചാരമുണ്ടി

Eastern grey heron

കൊക്കിനോടു സാമ്യമുള്ള ഒരു വലിയ ജലപ്പക്ഷി. വൃക്ഷങ്ങള്‍ നിറഞ്ഞ കടല്‍-കായല്‍-ചതുപ്പുനില തീരങ്ങളില്‍ കാണപ്പെടുന്നു. സിക്കോണിഫോര്‍മിസ് (Ciconiiformes) ഗോത്രത്തിലെ ആര്‍ഡെയ്നെ (Ardeinae) ഉപകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാ.നാ.: ആര്‍ഡിയ സിനെറിയ (Ardea cinerea). ഈ സ്പീഷീസില്‍ വിവിധ ഉപസ്പീഷീസുകള്‍ ഉണ്ട്. ഇവയ്ക്ക് തമ്മില്‍ വര്‍ണവലുപ്പവ്യത്യാസങ്ങളുണ്ട്. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, മലേഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി ആഗോളവ്യാപകമായി ഈ പക്ഷിയെ കണ്ടുവരുന്നു.

ചാരമുണ്ടിക്ക് ഏകദേശം 90 സെ.മീ. ഉയരവും 2 കി.ഗ്രാം ശരീരഭാരവും ഉണ്ട്. ശരീരത്തിന്റെ മുകള്‍ഭാഗത്തിന് ചാരനിറവും കഴുത്തിനും ശിരസ്സിനും അടിഭാഗങ്ങള്‍ക്കും മങ്ങിയ വെളുപ്പുനിറവുമാണ്. കഴുത്തിന്റെ ഏതാണ്ട് അടിഭാഗത്തായിട്ടാണ് നീളംകൂടിയ ചിറകുകള്‍ കാണപ്പെടുന്നത്. മുന്‍കഴുത്തില്‍ നെടുനീളെ കറുത്ത പുള്ളികളും ഉണ്ട്. ശരീരവലുപ്പവും കഴുത്തിലെ പുള്ളികളും ചാരമുണ്ടിയെ മറ്റ് പക്ഷികളില്‍നിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. ചിറകുകള്‍ വിസ്തൃതവും തുവലുകള്‍ക്ക് കറുപ്പുനിറവുമാണ്. കൊക്കിനും കണ്ണിനും മഞ്ഞനിറവും കാലുകള്‍ക്ക് തവിട്ടുനിറവുമാണുള്ളത്. വാല് കുറുകിയിരിക്കുന്നു. നീര്‍പക്ഷികള്‍ക്ക് സഹജമായ നീണ്ടകാലുകള്‍, മെലിഞ്ഞുനീണ്ട കഴുത്ത്, നീണ്ടുപരന്നുകൂര്‍ത്ത ബലിഷ്ഠമായ ചുണ്ടുകള്‍ എന്നിവയും ചാരമുണ്ടിയുടെ പ്രത്യേകതകളാണ്. തല ചിറകുകള്‍ക്കിടയിലാക്കിയാണ് ഈ പക്ഷികള്‍ പറക്കുന്നത്. പൂവനും പിടയ്ക്കും തമ്മില്‍ തുവലുകളില്‍ വ്യത്യാസമുണ്ട്. പിടയില്‍ ഉച്ചി (crest) ഭാഗത്തെയും മാറിടത്തെയും തുവലുകള്‍ക്ക് വലുപ്പക്കുറവുണ്ട്. സാധാരണയായി പരുഷസ്വരത്തില്‍ ഫ്രാന്‍ങ്ക് (frank) എന്ന ശബ്ദം പുറപ്പെടുവിക്കുന്നു.

മത്സ്യം, തവള എന്നിവയാണ് പ്രധാന ആഹാരം. മത്സ്യത്തെ കൊക്കുപയോഗിച്ച് റാഞ്ചിയെടുക്കാന്‍ ചാരമുണ്ടിക്ക് പ്രത്യേക കഴിവുണ്ട്. സാധാരണയായി വെള്ളത്തില്‍ ഒറ്റക്കാലില്‍ നിന്നാണ് ഇവ ഇരപിടിക്കാറുള്ളത്. സമൂഹവാസിയായ ചാരമുണ്ടി വന്‍വൃക്ഷങ്ങളിലാണ് കൂട് കെട്ടുന്നത്. ഒരു വൃക്ഷത്തില്‍ത്തന്നെ വളരെയധികം കൂടുകള്‍ കാണുന്നു. സാധാരണമായി ചെറുചുള്ളികള്‍ നിരത്തിവച്ച് പെണ്‍പക്ഷി കൂടുകെട്ടുന്നു. പ്രജനനകാലത്ത് ശരീരഭാഗത്ത് നിറവ്യത്യാസം ഉണ്ടാവുകയും പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും. ഒരു പ്രജനനഘട്ടത്തില്‍ 3-6 മുട്ടകള്‍ വരെ ഇടുന്നു. മുട്ടകള്‍ക്ക് നീലയും പച്ചയും കലര്‍ന്ന നിറമാണുള്ളത്. പൂവനും പിടയും ചേര്‍ന്ന് അടയിരിക്കുന്നു. ഇത് ഏകദേശം 26 ദിവസം നീണ്ടുനില്‍ക്കുന്നു. തുടര്‍ന്ന് പക്ഷിക്കുഞ്ഞുങ്ങള്‍ എട്ട് ആഴ്ചക്കാലത്തോളം കൂട്ടിനുള്ളില്‍ പൂവന്റെയും പിടയുടെയും ശുശ്രൂഷയില്‍ കഴിയുന്നു. ചാരമുണ്ടിക്ക് ദേശാടനസ്വഭാവമുണ്ട്. മാംസത്തിനുവേണ്ടി മനുഷ്യന്‍ ഇവയെ ധാരാളമായി വേട്ടയാടിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍