This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാച്ചുചാക്യാര്‍, അമ്മന്നൂര്‍ (1881 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാച്ചുചാക്യാര്‍, അമ്മന്നൂര്‍ (1881 - 1967)== കേരളീയ നാട്യകലാചാര്യന...)
അടുത്ത വ്യത്യാസം →

12:51, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചാച്ചുചാക്യാര്‍, അമ്മന്നൂര്‍ (1881 - 1967)

കേരളീയ നാട്യകലാചാര്യന്‍. കൂത്തിലും കൂടിയാട്ടത്തിലും അഭിനയ ചക്രവര്‍ത്തിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം പരമേശ്വരച്ചാക്യാര്‍ എന്നാണ്. മഹത്തായ കലാപാരമ്പര്യമുള്ള അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തില്‍ 1881-ല്‍ ജനിച്ചു. വിദ്യാരംഭം കഴിഞ്ഞപ്പോള്‍ത്തന്നെ ഇദ്ദേഹത്തെ അമ്മാവനായ വലിയ പരമേശ്വരച്ചാക്യാര്‍ കിടങ്ങൂര്‍ക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹമായിരുന്നു മുഖ്യഗുരു. 5 വയസ്സു മുതല്‍ 17 വയസ്സുവരെ കിടങ്ങൂരില്‍ താമസിച്ച് അഭിനയം നിഷ്കര്‍ഷിച്ചു പഠിച്ചു. ഉപനയനവും സമാവര്‍ത്തനവും അഭ്യാസവുമെല്ലാം കഴിഞ്ഞ് പണ്ഡിതനും വാഗ്മിയുമായ ഒരു നടനായിട്ടാണ് തിരിച്ചുവന്നത്.

ആദ്യകാലത്ത് ബാലിവധത്തിലെ സുഗ്രീവന്‍, തോരണയുദ്ധത്തിലെ രാവണന്‍, ശൂര്‍പ്പണഖാങ്കത്തിലെ ശ്രീരാമന്‍ എന്നീ വേഷങ്ങളാണ് ചെയ്തിരുന്നത്. ഇരുപതുവയസ്സു കഴിഞ്ഞയുടനെ, കരിങ്ങമ്പിള്ളി നമ്പൂതിരിപ്പാടിന്റെ ആദ്യാവസാനത്തില്‍, മനവക ക്ഷേത്രത്തില്‍വച്ച് ഒറ്റയ്ക്ക് 'മന്ത്രാങ്കം' നടത്തി. 41 ദിവസം നീണ്ടുനില്ക്കുന്ന മന്ത്രാങ്കം കൂത്തിന്റെ ഒടുവിലത്തെ ദിവസം 15-16 മണിക്കൂര്‍ നേരമുള്ള വലിയ കൂടിയാട്ടമുണ്ട്. അതിലെ വിദൂഷകന്റെ ആട്ടം നിര്‍വഹിച്ചുകൊണ്ട്, ചാച്ചുചാക്യാര്‍ കൂത്തരങ്ങിലെ തന്റെ അസാധാരണമായ പാടവം തെളിയിച്ചു. തുടര്‍ന്നങ്ങോട്ട് അരനൂറ്റാണ്ടിലേറെ പാടവം, ഫലിതപ്രയോഗചാതുരി, പരിഹാസപടുത്വം എന്നിവകൊണ്ട് അനുപമമായിരുന്നു ചാക്യാരുടെ അഭിനയ സമ്പ്രദായം. പ്രബന്ധം പറച്ചിലിനിടയില്‍ പരിഹസിക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടാക്കുക ഇദ്ദേഹത്തിന് ഒരു പ്രയാസമേയല്ല.

'പൊതിയില്‍ വാക്ക്, കുട്ടഞ്ചേരിഫലിതം, അമ്മന്നൂര്‍ ആട്ടം' എന്നാണ് പ്രസിദ്ധമായ ചൊല്ല്. അതനുസരിച്ച് അമ്മന്നൂര്‍ കുടുംബക്കാര്‍ പൊതുവേ കൂടിയാട്ടത്തിലെ അഭിനയത്തിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുക. എന്നാല്‍ വാഗ്ഗുണത്തിനും ആത്മകഥനത്തിനും ഫലിത പ്രയോഗത്തിനും തുല്യമായ പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു പുതിയ ശൈലിയാണ് ചാച്ചുചാക്യാര്‍ സ്വീകരിച്ചത്. ഹാസ്യരസത്തോടൊപ്പം കരുണരൗദ്രരസങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം പുകഴ്പെറ്റതാണ്.

'പ്രബന്ധം രാജസൂയമാണെങ്കില്‍ പറയാന്‍ ചാച്ചു തന്നെവേണം' എന്ന ചൊല്ല് ഇദ്ദേഹത്തിന്റെ അസാധാരണമായ അഭിനയശേഷിയുടെ കീര്‍ത്തിപത്രമാണ്. അവതരിപ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒന്നാണ് മേല്പുത്തൂര്‍ ഭട്ടതിരിയുടെ രാജസൂയം. ചാച്ചുചാക്യാര്‍ മാത്രമാണ് അത് അനായാസമായും ആകര്‍ഷകമായും അവതരിപ്പിച്ചിട്ടുള്ളത്. കൂടിയാട്ടം അഭിനയത്തിലെന്നല്ല, അതിന്റെ സാങ്കേതിക വശങ്ങളിലെല്ലാം തന്നെ ചാക്യാര്‍ നിപുണത നേടിയിരുന്നു. അനുദിനം പ്രചാരലുപ്തമായിക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ സംരക്ഷിക്കുന്നതിനുവേണ്ട ശ്രമങ്ങളും ഇദ്ദേഹത്തിന്റെ പക്ഷത്തുനിന്നുണ്ടായിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ ചാക്യാര്‍മഠത്തില്‍ 1931-ല്‍ സ്ഥാപിച്ച കൂടിയാട്ടക്കളരി ഇതിനുദാഹരണമാണ്.

സമ്പന്നമായൊരു ശിഷ്യപരമ്പര സൃഷ്ടിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പില്ക്കാല കൂത്തരങ്ങുകളില്‍ നിറഞ്ഞുനിന്ന പൈങ്കുളം രാമച്ചാക്യാരും ഇരിങ്ങാലക്കുട മാധവചാക്യാരുമാണ് ശിഷ്യന്മാരില്‍ പ്രമുഖര്‍.

ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞതോടെ ചാച്ചുചാക്യാര്‍ അരങ്ങില്‍ നിന്ന് വിരമിച്ചെങ്കിലും ഒരു ശക്തിസ്രോതസ്സായി അദ്ദേഹം അരങ്ങുനിറഞ്ഞുനിന്നിരുന്നു. 1957-58 കാലത്ത് കേരളസംഗീത നാടക അക്കാദമി ഇദ്ദേഹത്തെ അവാര്‍ഡു നല്കി ആദരിച്ചു. ചാച്ചുചാക്യാര്‍ 1967-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍