This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാകര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചാകര== കേരളത്തിന്റെ കടലോരങ്ങളില്‍ വ. കണ്ണൂര്‍ മുതല്‍ തെ. കൊല്...)
അടുത്ത വ്യത്യാസം →
12:33, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചാകര
കേരളത്തിന്റെ കടലോരങ്ങളില്‍ വ. കണ്ണൂര്‍ മുതല്‍ തെ. കൊല്ലം വരെ ഏകദേശം 272 കി.മീ. പ്രദേശത്ത്, ചില പ്രത്യേക ഇടങ്ങളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസം. സാധാരണയായി ജൂണ്‍ മുതല്‍ സെപ്. വരെ അനുഭവപ്പെടുന്ന തെ. പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്താണ് ചാകര പ്രത്യക്ഷപ്പെടാറുള്ളത്. തീരക്കടലിനു ചേര്‍ന്ന ജലപ്പരപ്പില്‍ തങ്ങിനില്‍ക്കുന്നതും ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നിക്ഷേപിക്കപ്പെടുന്നതുമായ സാന്ദ്രതയുള്ള ചെളിയാണ് മഡ് ബാങ്ക് അഥവാ 'ചാകര' എന്ന പേരില്‍ അറിയപ്പെടുന്നത്. 'നിശ്ചേഷ്ടമായ കടല്‍' അഥവാ 'നിശ്ശബ്ദമായ കടല്‍' എന്നാണ് 'ചാകര'യുടെ അര്‍ഥമെന്നു പറയാം. അഴുക്കുനിറഞ്ഞ ചെളിവെള്ളം എന്നര്‍ഥം വരുന്ന 'കെട്ടവെള്ളം' എന്നും മലയാളത്തില്‍ ചാകര അറിയപ്പെടുന്നുണ്ട്.
1678 മുതല്‍ തന്നെ കേരളകടല്‍ത്തീരങ്ങളില്‍ ചാകര കണ്ടുവന്നിരുന്നതിന് രേഖകളുണ്ട്. 1938-ല്‍ ആര്‍.സി. ബ്രിസ്റ്റോ പ്രസിദ്ധീകരിച്ച ചാകരയുടെ ചരിത്രം (രണ്ടുവാല്യം) എന്ന പുസ്തകത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടിരുന്ന ചാകരയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കേരളകടല്‍ത്തീരങ്ങളില്‍ വ്യത്യസ്തമായ 20 സ്ഥലങ്ങളില്‍, വിവിധ കാലങ്ങളിലായി ചാകര പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവയില്‍ കൊച്ചിക്കു വ. ഞാറയ്ക്കലും ആലപ്പുഴയ്ക്കു തെ. പുറക്കാട്ടും പ്രത്യക്ഷപ്പെടുന്നവയാണ് ഏറെ പ്രസിദ്ധി കിട്ടിയിട്ടുള്ളവ. ഈ രണ്ടു ചാകരകളും മിക്കവാറും എല്ലാ വര്‍ഷങ്ങളിലും മുടക്കമില്ലാതെ കണ്ടുവരുന്നു. കേരളകടല്‍ത്തീരങ്ങളില്‍ മാത്രം കാണപ്പെടുന്ന തനതായ ഒരു പ്രതിഭാസമാണിത്. നന്നായി ചെളിനിറഞ്ഞുകലങ്ങി നിശബ്ദമായി നില്‍ക്കുന്ന ഒരു അവസ്ഥയാണ് ചാകരയുടെ പ്രത്യക്ഷലക്ഷണം. വെള്ളത്തില്‍ ചെളി അസാമാന്യമായി തങ്ങിനില്‍ക്കുന്നതിനാല്‍ ജലത്തിന്റെ സുതാര്യത കുറയുകയും, തന്മൂലം തിരമാലകള്‍ സാന്ദ്രമായിത്തീരുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ കാലവര്‍ഷക്കാലങ്ങളില്‍ കാറ്റിന്റെ ശക്തി 7 ബ്യൂ-ഫോര്‍ട്ട് എത്തുമ്പോഴും ചാകര പ്രദേശങ്ങള്‍ വളരെ ശാന്തമായിരിക്കും.
ചാകര എന്ന പ്രതിഭാസത്തിന്റെ ഉത്പത്തിയും അവയുടെ നീക്കങ്ങളും ഇല്ലാതാകലും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ചാകരയുടെ രൂപവത്കരണത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ പല ശാസ്ത്രജ്ഞന്മാരും മുന്നോട്ടുവച്ചിട്ടുണ്ട്. 1886-ലെ റോഡ്സ് സാങ്കല്പിക സിദ്ധാന്തമാണ് ഇവയില്‍ ആദ്യത്തേത്. ഈ സിദ്ധാന്തമനുസരിച്ച് കായലിന്റെ അടിത്തട്ടില്‍നിന്നും കടലിലേക്ക് ചെളിവെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകുന്നു. കായല്‍ ജലാശയങ്ങളില്‍ കാലവര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഹൈഡ്രോസ്റ്റാറ്റിക് സമ്മര്‍ദംമൂലമാണ് ഈ ഒഴുക്കുണ്ടാകുന്നത്. ആലപ്പുഴ, ഞാറയ്ക്കല്‍ എന്നീ ചാകരപ്പാടുകളിലെ മണ്ണിന്റെ സാമ്പിളുകളും അതുപോലെതന്നെ കായലുകളിലെ മണലും ഡോ. ലേക്സ് രാസപരിശോധനകള്‍ക്കു വിധേയമാക്കി. ഈ പരിശോധനകളില്‍ മുകളില്‍ സൂചിപ്പിച്ച ചാകരപ്പാടുകളില്‍ നിന്നെടുത്ത മണലും കായലുകളിലെ മണലും തമ്മില്‍ യാതൊരു സാമ്യവും കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇതില്‍ നിന്ന്, കായലുകളില്‍നിന്നും ഒഴുകിയെത്തുന്ന ചെളിയില്‍ നിന്നല്ല ചാകര രൂപംകൊള്ളുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ഏഴ്ആള്‍ താഴ്ചവരെ സാധാരണ കടല്‍ത്തട്ടിലെയും, ചാകര പ്രദേശങ്ങളിലെ കടല്‍ത്തട്ടിലെയും ചെളികള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ഡ്യൂസ്കെയിന്‍ സ്ഥാപിച്ചിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ചെളി വകഞ്ഞെടുത്ത് ജലനിരപ്പില്‍ എത്തിക്കുന്നത് തിരമാലകളാണ്. കാലവര്‍ഷങ്ങളില്‍ ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകളില്‍ നിന്നുണ്ടാകുന്ന ഇടതടവില്ലാത്ത ഊര്‍ജത്തിന്റെ സഹായത്താല്‍ അടിത്തട്ടില്‍നിന്നും വരുന്ന ചെളി ജലോപരിതലത്തില്‍ തങ്ങിനില്‍ക്കുവാന്‍ ഇടയാകുന്നു. ജലനിരപ്പില്‍ തങ്ങിനില്‍ക്കുന്ന ഈ എക്കലത്രയും കടലിലെത്തിക്കുന്നതില്‍ നദികള്‍ക്കുള്ള നിര്‍ണായകപങ്ക് അവര്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ട് ചാകര എന്ന പ്രതിഭാസം ചില പ്രത്യേക ഇടങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു എന്നതിനു വിശദീകരണം നല്കുവാന്‍ ഡ്യൂസ്കെയിനും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല.
1968-ല്‍ കുറുപ്പും വര്‍മയും മുന്നോട്ടുവച്ച നിഗമനങ്ങള്‍ അനുസരിച്ച് ചാകര രൂപം കൊള്ളുന്നതിനുകാരണം തീരത്തുനിന്നും നടുക്കടലിലേക്കും, നടുക്കടലില്‍നിന്നു തീരത്തേക്കുമുള്ള ഒഴുക്കിന്റെ പരസ്പര പ്രവര്‍ത്തനമാണ്. ആദ്യത്തേത് തിരമാലകള്‍ മുഖേനയും രണ്ടാമത്തേത് റിപ്പ് ഫ്ലോക്സ് പ്രക്രിയവഴിയും. തീരത്തുള്ള ശക്തമായ തരംഗങ്ങള്‍ ചെളിയെ നടുക്കടലിലേക്കു നീക്കുന്നു. പ്രതിവര്‍ഷവും, ഒരു വര്‍ഷത്തില്‍ത്തന്നെ വിവിധ മാസങ്ങളിലും ഉണ്ടാകുന്ന ചാകരയുടെ മാറ്റങ്ങള്‍ തിരമാലകളുടെ പ്രവര്‍ത്തനംമൂലമാണ്.
താഴെപ്പറയുന്ന കാരണങ്ങള്‍മൂലമാണ് ചാകര ഉണ്ടാകുന്നതെന്ന് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു:
1.കടലാക്രമണം, അടിഞ്ഞുകൂടല്‍, എക്കലുകളുടെ നീക്കം.
2.നീരൊഴുക്കു മുഖേനയുള്ള തീരക്കടലിലെ എക്കലുകളുടെ നീക്കം.
3.സമ്മര്‍ദത്താലുണ്ടാകുന്ന 'മഡ് കോണി'ന്റെ രൂപവത്കരണം.
4.ആഴംകൂടുമ്പോള്‍ ഉണ്ടാകുന്ന വസ്തുക്കളുടെ നിക്ഷേപം.
ചാകരപ്പാടില്‍ അടിത്തട്ടിലുള്ള ചെളിയുടെ കനം ഒന്നു മുതല്‍ രണ്ട് മീറ്റര്‍വരെയായിരിക്കും; തന്നെയുമല്ല ഇവ ഇടകലര്‍ന്നതുമാകുന്നു. ഇവിടങ്ങളില്‍ അടിഞ്ഞുകൂടുന്ന ഊറലുകളിലെ തരികള്‍ക്ക് പശിമരാശിയുണ്ടായിരിക്കും. ഈ ഊറലുകളില്‍ കാണപ്പെടുന്ന പ്രധാന ഘടകം കളിമണ്ണാണ് (45-60 ശ.മാ. വരെ); ശേഷമുള്ളവ എക്കലും, ചെറിയൊരു ശ.മാ. മണല്‍ത്തരികളും. അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ഊറലുകളില്‍ ജലാംശം വളരെ കൂടുതലാണ് (60-80 ശ.മാ. വരെ). 5-8 ശ.മാ. ജൈവാവശിഷ്ടങ്ങളും അടങ്ങിയിരിക്കുന്നു. ഇതിന്റെ അളവ് ചാകരപ്പാടിനു വെളിയിലുള്ള തോതിനെക്കാള്‍ കൂടുതലാണ്.
ചാകരയുടെ സാന്നിധ്യംമൂലം കടല്‍ത്തീരം കടലിലേക്കു തള്ളുകയും, ഈ തള്ളലിന് ഇരുവശത്തുമുള്ള തീരത്ത് കടലാക്രമണം ഉണ്ടാകുകയും ചെയ്യുന്നു. കാലവര്‍ഷത്തിനുശേഷമുള്ള കാലങ്ങളില്‍, തീരങ്ങളിലേക്ക് അടിച്ചുകയറുന്ന തിരമാലകളുടെ വര്‍ധിച്ച ഊര്‍ജത്തിന് കുറവു വരുന്നതോടുകൂടി ചാകരപ്രദേശം ശാന്തമാകുന്നു.
വര്‍ഷാവര്‍ഷങ്ങളില്‍ ചാകരയുടെ സാന്നിധ്യം ഒരു പ്രദേശത്തുനിന്ന് വേറൊരു ദിക്കിലേക്ക് മാറുന്നതായി കാണപ്പെടുന്നുണ്ട്. ഞാറയ്ക്കലെയും പുറക്കാട്ടെയും ചാകരകള്‍ ഓരോ വര്‍ഷവും നേരിയതോതില്‍ തെക്കോട്ടു നീങ്ങുന്നതായി അനുഭവപ്പെട്ടുവരുന്നു. ഈ ചലനം വളരെ പതുക്കെയും, എന്നാല്‍ തുടര്‍ച്ചയായിട്ടുള്ളതും ആണ്. ചാകര ശക്തിപ്രാപിക്കുന്നതോടുകൂടി പൊങ്ങിക്കിടക്കുന്ന ചെളിയുടെ നീക്കവും സജീവമാകുന്നു. ചില അവസരങ്ങളില്‍ ചാകര പൂര്‍ണമായോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ വടക്കോട്ടു നീങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്.
ചാകരപ്രദേശങ്ങളിലെ വെള്ളത്തില്‍ ധാരാളം സൂക്ഷ്മ-ജലസസ്യങ്ങള്‍ കാണപ്പെടുന്നതിനാല്‍ അവിടം പൊതുവേ ഫലസമൃദ്ധമായിരിക്കും. 'ക്ലോറോഫില്‍ എ'യുടെ തോതും ഇവിടെ വളരെ കൂടിയിരിക്കും (10 മുതല്‍ 33 വരെ മി. ഗ്രാം/മീ2). ജന്തുപ്ലവകങ്ങളുടെ സാന്നിധ്യവും കൂടുതലാണ്.
അടിത്തട്ടില്‍ കഴിയുന്ന ജീവികളുടെ കൂട്ടത്തില്‍ ഏറ്റവും അധികമുള്ളത് ഫെറോനിഫെറ എന്ന ഇനമാണ്. നിമറ്റോഡുകളും കക്കകളുമാണ് ഫെറോനിഫെറ കഴിഞ്ഞാല്‍ എണ്ണത്തില്‍ അധികം. വെള്ളത്തിന്റെ അടിത്തട്ടില്‍ സാധാരണമായി സ്ഥിരമോ ശാശ്വതമോ ആയ ഒരു ഘടന ഇല്ലാത്തതിനാല്‍ അടിത്തട്ടില്‍ കാണപ്പെടുന്ന ജീവികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.
ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പലായനം ചെയ്യുന്ന ചെമ്മീനുകളും മാന്തളുകളും ഒഴികെയുള്ള പെലാജിക് മത്സ്യങ്ങളും 'കോളം ഫീഡേഴ്സു'മാണ് ചാകരയില്‍ കാണപ്പെടുന്ന മത്സ്യസമ്പത്തില്‍ അധികവും. ചാകരക്കടലിലെ ഒരു മുഖ്യസാന്നിധ്യമാണ് മാന്തള്‍ മത്സ്യങ്ങള്‍.
10 മുതല്‍ 25 ച.കി.മീ. വരെ വളരെ ശാന്തമായി കാണപ്പെടുന്ന ചാകരപ്രദേശം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന നാടന്‍വഞ്ചികളും വള്ളങ്ങളും സുരക്ഷിതമായും സൗകര്യപ്രദമായും സൂക്ഷിക്കുന്നതിനു സഹായകരമാണ്. ചാകരപ്പാടുകളില്‍ മത്സ്യബന്ധനത്തിന് വിവിധയിനം വലകള്‍ ഉപയോഗിക്കുന്നു. പഞ്ഞിനൂലോ നൈലോണോകൊണ്ട് ഉണ്ടാക്കിയ 50-60 മീ. നീളവും 15-20 മീ. വീതിയുമുള്ള സമകോണത്തിലുള്ള 'താങ്ങുവല'യാണ് ഒന്ന്; പഞ്ഞിനൂലോ നൈലോണുകൊണ്ടോ തീര്‍ത്തതും കണ്ണികള്‍ക്ക് 9-25 മി.മീ. വലുപ്പമുള്ളതുമായ 'മത്തിച്ചാളവല' മറ്റൊരു തരവും.
തെള്ളിച്ചെമ്മീന്‍, നെയ്മത്തി, മുള്ളന്‍, കൊഴുവ, ഗന്തന്‍ തുടങ്ങിയവയാണ് ചാകരയില്‍നിന്നു ലഭിക്കുന്ന പ്രധാനയിനങ്ങള്‍. കാലാകാലങ്ങളില്‍ ലഭിക്കുന്ന മത്സ്യസമ്പത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെങ്കിലും ചെമ്മീനിനങ്ങള്‍ തീര്‍ച്ചയായും എല്ലാവര്‍ഷവും മുടങ്ങാതെ ലഭിച്ചുകൊണ്ടിരിക്കും. വിവിധ വര്‍ഷങ്ങളില്‍ ലഭിച്ച മത്സ്യങ്ങളുടെ കണക്കുപരിശോധിച്ചാല്‍ 10,425 ടണ്‍ മുതല്‍ 47.8 ടണ്‍വരെ ഇവ ഏറിയും കുറഞ്ഞുമിരിക്കുന്നതായി കാണുന്നു. ചാകരപ്രദേശത്തെ മത്സ്യബന്ധനവര്‍ധനവിന് ശരിയായ അടിസ്ഥാനമില്ല എന്ന പൊതുജനാഭിപ്രായം ശരിയല്ലെന്ന് പഴയ മത്സ്യബന്ധനത്തിന്റെ കണക്കുപരിശോധിക്കുമ്പോള്‍ മനസ്സിലാകും. 10-25 ച.കി.മീ. ചുറ്റളവിലേക്ക് തുടര്‍ച്ചയായി മൂന്ന് മാസക്കാലം സമീപപ്രദേശത്തുള്ള മുഴുവന്‍ മത്സ്യങ്ങളും ആകര്‍ഷിക്കപ്പെടുന്ന ഒരു പ്രതിഭാസം അറിയപ്പെട്ട ശാസ്ത്രനിയമങ്ങള്‍ക്ക് അപ്പുറത്താണ്.
സാധാരണമായി വെളുപ്പിനുമുതല്‍ ഉച്ചവരെയുള്ള സമയത്താണ് ചാകരപ്പാടുകളില്‍ മത്സ്യബന്ധനം നടത്തുന്നത്. പക്ഷേ, സമൃദ്ധമായ മത്സ്യക്കൊയ്ത്തുള്ളപ്പോള്‍ ദിവസം മുഴുവന്‍ ഇതു നീണ്ടുനില്ക്കും. ഉപരിതലത്തില്‍ മാത്രമാണ് 'മീന്‍ കോരല്‍' പ്രധാനമായും നടക്കുന്നത്. യന്ത്രവത്കൃത മത്സ്യബന്ധനം ചാകരപ്രദേശത്ത് നിയമപരമായി നിരോധിച്ചിരിക്കുന്നു. ചാകരപ്രദേശം എപ്പോഴും മത്സ്യസമൃദ്ധമായിരിക്കണമെന്നില്ല. ചില ദിവസങ്ങളില്‍ ഒഴിഞ്ഞ വള്ളങ്ങളുമായി മീന്‍പിടുത്തക്കാര്‍ മടങ്ങിയെത്താറുണ്ട്. ചാകരപ്പാടില്‍ കടല്‍ എപ്പോഴും ശാന്തമായിരിക്കുന്നതിനാല്‍ എല്ലാദിവസവും മുടങ്ങാതെ മത്സ്യബന്ധനം നടക്കുന്നു. അതേസമയം ചാകരപ്പാടിനു വെളിയിലുള്ള പ്രദേശത്ത് കടല്‍ ശാന്തമായിരിക്കുമ്പോള്‍ മാത്രമേ വള്ളങ്ങള്‍ കടലിലിറക്കാറുള്ളൂ.
ചാകരയുടെ ലക്ഷണങ്ങള്‍ കടലില്‍ കണ്ടുതുടങ്ങുന്നതോടുകൂടി മത്സ്യബന്ധനമേഖല സജീവമായിത്തുടങ്ങുന്നു. ആയിരക്കണക്കിനു മീന്‍പിടുത്തത്തൊഴിലാളികളും, മീന്‍കച്ചവടക്കാരും ചാകരക്കടപ്പുറത്ത് തമ്പടിച്ചു താമസം തുടങ്ങുന്നു. ഇവര്‍ കൂടുതലും വിദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരാണ്. അവനവന്റെ വള്ളങ്ങളും വലകളുമായാണ് ഇവര്‍ ചാകരപ്രദേശത്തേക്കു നീങ്ങുന്നത്.
(ഡോ. വി.എന്‍. ശങ്കരനാരായണന്‍)