This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചലനം, സസ്യങ്ങളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചലനം, സസ്യങ്ങളില്‍== ഒരു സസ്യത്തിനു മൊത്തമായോ അതിന്റെ അവയവങ്...)
അടുത്ത വ്യത്യാസം →

08:23, 17 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചലനം, സസ്യങ്ങളില്‍

ഒരു സസ്യത്തിനു മൊത്തമായോ അതിന്റെ അവയവങ്ങള്‍ക്കു മാത്രമായോ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ് ചലനം എന്ന പദംകൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. മൊത്തത്തിലുള്ള സ്ഥാനമാറ്റത്തിന് വളരെ ചുരുക്കം സസ്യങ്ങള്‍ക്കേ കഴിയുന്നുള്ളൂ.

സസ്യങ്ങള്‍ക്ക് ആകര്‍ഷണക്ഷമതയുണ്ട്. കോശദ്രവ്യത്തെ ഉത്തേജിപ്പിക്കുന്ന വിവിധ ബാഹ്യചോദകങ്ങളുടെ ആകര്‍ഷണവും അതുവഴിയുണ്ടാകുന്ന പ്രതികരണങ്ങളുംമൂലമാണ് സസ്യങ്ങളില്‍ ചലനങ്ങളുണ്ടാകുന്നത്. അതിനാല്‍ സസ്യഭാഗങ്ങളുടെ ചലനങ്ങള്‍ അധികവും പ്രേരിതചലനങ്ങളാണ് എന്നുപറയാം. മാര്‍ക്കാന്‍ഷ്യ, ഇക്വിസെറ്റം എന്നിവയിലെ എലേറ്ററുകളുടെ ചുരുളുകള്‍ നിവരുന്നതും കായ്കളുടെയും സ്പോറാന്‍ജിയങ്ങളുടെയും സ്ഫോടനം നടക്കുന്നതും കോശദ്രവ്യവുമായി യാതൊരു ബന്ധവുമില്ലാത്ത യാന്ത്രികചലനങ്ങളാലാണ്. ഇവ ആര്‍ദ്രതാഗ്രാഹിചലനങ്ങളാണ്. ഉത്തേജനശേഷിയുള്ള കോശദ്രവ്യത്തില്‍ ചോദനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പ്രേരണമൂലമാണ് പ്രേരിതചലനങ്ങള്‍ ഉണ്ടാകുന്നത്. ഗമനചലനം (movement of loco-motion), അഭിവിന്യാസചലനം അഥവാ വക്രതാചലനം (move-ment of orientation or curvature) എന്നിങ്ങനെ രണ്ടുവിധം പ്രേരിതചലനങ്ങളാണ് പ്രധാനമായും സസ്യങ്ങളില്‍ കണ്ടുവരുന്നത്.


ചലിക്കാന്‍ കഴിയുന്ന ജീവികളുടെ ചലനങ്ങളും ഒരിടത്ത് ഉറച്ചു നില്‍ക്കുന്ന സസ്യത്തിന്റെ സ്വതന്ത്രമായ ഭാഗങ്ങളുടെ ചലനവും ഗമനചലനത്തിന് ദൃഷ്ടാന്തങ്ങളാണ്. ഗമനചലനം തന്നെ സ്വയംചലനം (spontaneous movement), സ്പര്‍ശിതചലനം അഥവാ അനുചലനം (tactic locomotory movement) എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. ആന്തരികചലനംമൂലമുണ്ടാകുന്ന ചലനങ്ങളാണ് സ്വയംചലനങ്ങള്‍. ഉയര്‍ന്നയിനം സസ്യങ്ങളുടെ കോശദ്രവ്യചലനം; സഞ്ചാരശേഷിയുള്ള ശൈവാലയങ്ങള്‍, ഫംഗസുകള്‍, സ്പോറുകള്‍, ഗാമേറ്റുകള്‍ എന്നിവയുടെ ചലനങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ബാഹ്യചോദനത്താല്‍ പ്രേരിതമായ ചലനങ്ങളാണ്-സ്പര്‍ശിതചലനം അഥവാ അനുചലനം എന്നറിയപ്പെടുന്നത്. അണ്ഡത്തിലേക്കുള്ള ബീജാണുവിന്റെ രാസവസ്തു പ്രേരിതമായ ചലനം, പ്രകാശ സംശ്ലേഷകബാക്റ്റീരിയങ്ങളുടെയും സഞ്ചാരശേഷിയുള്ള ആല്‍ഗകളുടെയും ഹരിതസസ്യങ്ങളിലെ ക്ലോറോപ്ലാസ്റ്റുകളുടെയും പ്രകാശഅനുചലനം എന്നിവ ഇത്തരം ചലനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

മണ്ണില്‍ ഉറച്ചുനില്‍ക്കുന്ന സസ്യങ്ങളുടെ അവയവങ്ങളുടെ ചലനമാണ് വക്രതാചലനം അഥവാ അഭിവിന്യാസചലനം. വളര്‍ച്ചയോടു ബന്ധപ്പെട്ട ചലനങ്ങളായ വൃദ്ധിചലനവും (growth movement)ഇതില്‍ ഉള്‍പ്പെടുന്നു.

വളരുന്ന ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതികരണഫലമായി സസ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് അനുവര്‍ത്തനങ്ങള്‍ അഥവാ അഭിഗതി (tropism) എന്നറിയപ്പെടുന്നത്. ഇതില്‍ ഗുരുത്വാനുവര്‍ത്തനം, പ്രകാശാനുവര്‍ത്തനം (Phototropism), ജലാനുവര്‍ത്തനം (Hydrotropism),രാസാനുവര്‍ത്തനം (Chemotropism), സ്പര്‍ശാനുവര്‍ത്തനം (Thingmotropism) എന്നിവ ഉള്‍പ്പെടുന്നു.

സസ്യങ്ങളുടെ പ്രാഥമികമൂലങ്ങള്‍ മണ്ണിനടിയിലേക്കും കാണ്ഡം മണ്ണിനുമുകളിലേക്കും വളരുന്നത് ഗുരുത്വഫലമായാണ്. വേര് ധനാത്മക ഗുരുത്വാനുവര്‍ത്തനവും കാണ്ഡം ഋണാത്മക ഗുരുത്വാനുവര്‍ത്തനവും ആണ് കാണിക്കുന്നത്. ഇതില്‍ ചോദനമായിരിക്കുന്നത് ഗുരുത്വമാണ്. നിശ്ചിതസമയത്തേക്ക് നിശ്ചിത തീവ്രതയില്‍ ഗുരുത്വം ഉണ്ടായിരുന്നാല്‍ മാത്രമേ പ്രതികരണമുണ്ടാവുകയുള്ളൂ. പ്രകാശചോദനഫലമായാണ് പ്രകാശാനുവര്‍ത്തനങ്ങളുണ്ടാകുന്നത്. പ്രകാശം ലഭിക്കുന്ന ഭാഗത്തേക്ക് തണ്ടുകള്‍ വളരുന്നത് ധനാത്മക പ്രകാശാനുവര്‍ത്തനവും (positive phototropism) എതിര്‍ ദിശയിലേക്കുള്ള വേരിന്റെ വളര്‍ച്ച ഋണാത്മക പ്രകാശാനുവര്‍ത്തനവും (negative phototropism) ആണ്. പ്രകാശാനുവര്‍ത്തനത്തിനും പ്രകാശസംശ്ലേഷണത്തിനും വ്യത്യസ്തപ്രകാശതരംഗങ്ങളാണ് ആവശ്യം. പ്രകാശാനുവര്‍ത്തനവും ഗുരുത്വാനുവര്‍ത്തനവും ഹോര്‍മോണിന്റെ (auxin) അസമമായ വിതരണംമൂലമുണ്ടാകുന്ന വളര്‍ച്ചകൊണ്ടാണ് സംഭവിക്കുന്നത്.


സസ്യങ്ങളുടെ വേരുകള്‍ ഈര്‍പ്പംകുറഞ്ഞ ഭാഗത്തുനിന്ന് ഈര്‍പ്പംകൂടിയ ഭാഗത്തേക്കു വളരുന്നതാണ് ജലാനുവര്‍ത്തനം. സസ്യാവയവങ്ങളുടെ വളര്‍ച്ചാദിശയ്ക്ക് ചുറ്റുപാടിലുമുള്ള രാസവസ്തുക്കള്‍ സ്വാധീനം ചെലുത്തുന്നതുമൂലമാണ് രാസാനുവര്‍ത്തനം ഉണ്ടാകുന്നത്. പരാഗനാളത്തിന്റെ വര്‍ത്തികയിലൂടെ അണ്ഡാശയത്തിലേക്കുള്ള വളര്‍ച്ച നിശ്ചയിക്കുന്നത് കാര്‍പലിലുള്ള രാസവസ്തുക്കളാണ്. പരജീവികളുടെ ചൂഷണമൂലങ്ങളും പരജീവനഫംഗസുകളുടെ ഹൈഫകളും ആതിഥേയ സസ്യങ്ങളില്‍ തുളച്ചുകയറുന്നത് അവയിലുള്ള രാസവസ്തുക്കളുടെ ചോദനംമൂലമാണെന്ന് കരുതപ്പെടുന്നു. ഡ്രൊസീറയുടെ സ്പര്‍ശകങ്ങള്‍ ചലിക്കുന്നത് പ്രാണികളിലുള്ള രാസവസ്തുക്കളുടെ ചോദനംകൊണ്ടായിരിക്കാം എന്നും അനുമാനിക്കപ്പെടുന്നു.

വിവിധയിനം സസ്യങ്ങളുടെ പര്‍ണവൃന്തങ്ങളും മേന്തോന്നിയുടെ പത്രാഗ്രവും ചില സസ്യങ്ങളുടെ പ്രതാനങ്ങളും മുന്തിരിയുടെ ശാഖകളും എല്ലാം ഖരവസ്തുക്കളോടുള്ള സ്പര്‍ശനത്താല്‍ സൂക്ഷ്മഗ്രാഹകമായതിനാല്‍ സ്പര്‍ശനാനുവര്‍ത്തനം പ്രകടിപ്പിക്കുന്നു. വളര്‍ച്ചയെത്തിയ ചില പ്രതാനങ്ങള്‍ ഒരു പ്രത്യേകദിശയിലേക്കുമാത്രം വളരുന്നതായി കാണാം. ഇതാണ് സ്പര്‍ശനനിര്‍ലക്ഷ്യചലനം (thingmonastic movement)എന്നറിയപ്പെടുന്നത്.

ബാഹ്യപ്രചോദനംമൂലമുള്ള ചലനത്തിന് ചോദനദിശയുമായി ബന്ധമില്ലാത്തതാണ് അനുനിര്‍ലക്ഷ്യചലനം അഥവാ അനുകുഞ്ചനചലനം (nastic movement). അനുവര്‍ത്തനചലനങ്ങളെപ്പോലെ ഇവയും അവയവങ്ങള്‍ക്കിരുവശത്തുമുണ്ടാകുന്ന അസമമായ വളര്‍ച്ചകൊണ്ടോ അല്ലെങ്കില്‍ സ്ഫീതിയില്‍ വരുന്ന മാറ്റംമൂലമോ ആയിരിക്കാം സംഭവിക്കുന്നത്.

നിര്‍ലക്ഷ്യചലനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ദിശാനുകുഞ്ചന (nictinastic) ചലനമാണ്. പുഷ്പങ്ങള്‍ വിടരുന്നതും കൂമ്പുന്നതും നിര്‍ലക്ഷ്യവൃദ്ധി വക്രതമൂലമാണ്. പരിദളപുടവും സംയുക്തപര്‍ണങ്ങളും പകല്‍സമയത്ത് വിടരുകയും രാത്രിയില്‍ കൂമ്പുകയും ചെയ്യുന്നു. രാത്രിയില്‍മാത്രം വിടരുന്ന പുഷ്പങ്ങള്‍ നിര്‍ലക്ഷ്യചലനമാണ് കാണിക്കുന്നത്. ലഗുമിനേസി, ഓക്സാലിഡേസി, യുഫോര്‍ബിയേസി എന്നീ ഉയര്‍ന്ന സസ്യകുലങ്ങളിലെ അംഗങ്ങളും പന്നല്‍വര്‍ഗത്തിലെ മാര്‍സീലിയയും (marselia) നിശാനുകുഞ്ചന പത്രചലനങ്ങളുള്ളവയാണ്. പര്‍ണഫലകം രാത്രിയില്‍ ലംബമായും പര്‍ണവൃന്തം മേലോട്ടോ താഴോട്ടോ വളഞ്ഞും ഇരിക്കും. പകല്‍ പര്‍ണഫലകം തിരശ്ചീനമായോ പ്രകാശപതനത്തിനനുസരിച്ചോ ആയിരിക്കും.

കമ്പനാനുകുഞ്ചന (seismonastism) ചലനമാണ് തൊട്ടാവാടിയില്‍ കാണുന്നത്. സ്പര്‍ശനാനുകുഞ്ചനം (haptonastism) എന്നും ഇത് അറിയപ്പെടുന്നു. സ്പര്‍ശനമാത്രയില്‍ത്തന്നെ തൊട്ടാവാടിയുടെ പര്‍ണപിച്ഛകം പെട്ടെന്ന് മടങ്ങുന്നു. സ്പര്‍ശനത്തിന്റെ ഉത്തേജനശക്തിക്കനുസരിച്ച് പര്‍ണകങ്ങള്‍ മുഴുവനായും പര്‍ണവൃന്തം തന്നെയും തണ്ടിനോട് ചേരുന്നിടത്തുനിന്ന് താഴേക്ക് തൂങ്ങുകയും ചെയ്യുന്നു. അടുത്തടുത്തുള്ള മറ്റ് ഇലകളും ക്രമേണ മടങ്ങി താഴേക്കു തൂങ്ങുന്നു. ഏകദേശം ഒറ്റനിമിഷത്തിനുള്ളില്‍ത്തന്നെ ഒരു ശാഖയിലെ മുഴുവന്‍ ഇലകളും കൂമ്പിപ്പോവുന്നു. സ്പര്‍ശനത്തിന്റെ ഉത്തേജനത്താല്‍ ആദ്യം പിച്ഛകം (pinnule), പിന്നീട് പര്‍ണകം (leaflet) അവസാനം പര്‍ണവൃന്തം (petiole) എന്നിങ്ങനെയാണ് കൂമ്പുന്നത്. സമീപത്തുള്ള ഇലകളിലാകട്ടെ പര്‍ണവൃന്തം ആദ്യവും പിച്ഛകങ്ങള്‍ അവസാനവും കൂമ്പുന്നു. താപനിലപോലുള്ള ബാഹ്യപരിസ്ഥിതികള്‍മൂലവും തൊട്ടാവാടിയുടെ പര്‍ണകങ്ങള്‍ക്ക് ചലനങ്ങളുണ്ടാകാം. ജലദൗര്‍ലഭ്യവും ഇരുട്ടും തുടര്‍ന്നുകൊണ്ടിരുന്നാല്‍ പര്‍ണകങ്ങളുടെ ചലനശേഷി നഷ്ടപ്പെടാനിടയുണ്ട്.

കോശത്തിനുള്ളിലുള്ള കോശീയഘടകങ്ങളുടെ ചലനവും പരിസ്ഥിതിക്കനുസരിച്ചുള്ള കോശങ്ങളുടെ ചലനവും തമ്മില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. സസ്യങ്ങളിലും ജന്തുക്കളിലും ശ്വാസോഛ്വാസം, ചലനം, വളര്‍ച്ച, പ്രത്യുത്പാദനം മുതലായവയ്ക്കെല്ലാം ആധാരം ചലനാത്മകമായ ഒരു 'സമതുലിതവ്യൂഹം' എന്ന് ഷാര്‍പ്പ് വിശേഷിപ്പിച്ച കോശദ്രവ്യമാണ്. കോശത്തിനുള്ളില്‍ കോശദ്രവ്യം നിരന്തരമായി ചലിക്കുന്നതാണ് കോശദ്രവ്യഭ്രമണം അഥവാ സൈക്ലോസിസ് (cyclosis) എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സസ്യകോശങ്ങളില്‍ ഇത്തരം ചലനങ്ങള്‍ രണ്ടു വിധത്തില്‍ കാണപ്പെടുന്നു. വാലിസ്നേറിയ, എലോജിയ എന്നീ ജലസസ്യങ്ങളുടെ പത്രകോശങ്ങളിലെ കോശദ്രവ്യം കോശമധ്യത്തില്‍ കോശകേന്ദ്രത്തിനോടുചേര്‍ന്നുള്ള ഒരേയൊരു രിക്തികയ്ക്കുചുറ്റുമായി ഒരു പ്രത്യേക ദിശയില്‍മാത്രം ചലിക്കുന്നു. ഇത് ഘൂര്‍ണനം (rotation) എന്ന് അറിയപ്പെടുന്നു. ട്രഡസ് കാന്‍ഷ്യ, റിയാ ഡിസ്കളര്‍ തുടങ്ങിയ സസ്യങ്ങളുടെ പുഷ്പങ്ങളിലെ കേസരങ്ങളില്‍ കാണുന്ന ചെറുലോമ കോശങ്ങളില്‍ കോശദ്രവ്യചലനം രിക്തികകള്‍ക്കുചുറ്റും വ്യത്യസ്തദിശകളിലായിരിക്കും. ഇത്തരത്തിലുള്ള ഭ്രമണം പരിസഞ്ചരണം (circulation) എന്നാണ് അറിയപ്പെടുന്നത്. സൈറ്റോപ്ലാസചലനങ്ങളും കോശകേന്ദ്രം, ക്ലോറോപ്ലാസ്റ്റുകള്‍, ലൈസോസോമുകള്‍, മൈറ്റോക്കോണ്‍ഡ്രിയകള്‍, ക്രോമസോമുകള്‍ എന്നിവയുടെ ചലനങ്ങളും കോശദ്രവ്യഭ്രമണങ്ങളാണ്. സൈറ്റോപ്ലാസത്തിലെ നിലംബിത കൊളോയ്ഡീയകണങ്ങള്‍ മാട്രിക്സിനുള്ളില്‍ ഒരു പ്രത്യേകരീതിയില്‍ സഞ്ചരിക്കുന്നു. ചലിക്കുന്ന ജലതന്മാത്രകള്‍ കൊളോയ്ഡീയകണങ്ങളില്‍ തട്ടുന്നതുമൂലമാണ് ഇവയ്ക്കും ചലനങ്ങളുണ്ടാകുന്നത്. ഇത് ബ്രൌണിയന്‍ ചലനങ്ങള്‍ (Brownian movement) എന്നറിയപ്പെടുന്നു. കൊളോയ്ഡീയകണങ്ങളുടെ വലുപ്പത്തെയും താപനിലയെയും അനുസരിച്ചാണ് ഈ ചലനങ്ങളുണ്ടാകുന്നത്.

എല്ലാ വിഭജനകോശങ്ങളിലും നടക്കുന്ന ക്രമഭംഗത്തിനോടും ക്രമാര്‍ധഭംഗത്തിനോടും അനുബന്ധിച്ചുള്ള കോശവിഭജനവും സൈറ്റോപ്ലാസവിഭജനവും ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ മൈറ്റോട്ടിക ചലനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍