This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ചില്‍, സര്‍ വിന്‍സ്റ്റണ്‍ (1874 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചര്‍ച്ചില്‍, സര്‍ വിന്‍സ്റ്റണ്‍ (1874 - 1965)== ==Churchill, Sir Winston== ലോകപ്രസിദ...)
അടുത്ത വ്യത്യാസം →

06:55, 13 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചര്‍ച്ചില്‍, സര്‍ വിന്‍സ്റ്റണ്‍ (1874 - 1965)

Churchill, Sir Winston

ലോകപ്രസിദ്ധനായ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും നോബല്‍ സമ്മാനജേതാവായ സാഹിത്യകാരനും. ലോര്‍ഡ് റാന്‍ഡോള്‍ഫ് ചര്‍ച്ചിലിന്റെയും അമേരിക്കക്കാരിയായ ജെന്നി ജറോമിന്റെയും മൂത്ത പുത്രനായി, ബ്ളെന്‍ഹെയിം കൊട്ടാരത്തില്‍ 1874 ന. 30-ന് ചര്‍ച്ചില്‍ ജനിച്ചു. വിന്‍സ്റ്റണ്‍ ലിയോനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍ എന്നായിരുന്നു പൂര്‍ണമായ പേര്. നന്നെ ചെറുപ്പത്തില്‍ത്തന്നെ ഇംഗ്ലീഷ് സാഹിത്യത്തിലും ബ്രിട്ടീഷ് ചരിത്രത്തിലും പ്രാവീണ്യം നേടുകയുണ്ടായി. സാന്‍ഡ്ഹേഴ്സററിലുള്ള റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു സൈനിക വിന്യാസത്തിലും യുദ്ധതന്ത്രപ്രയോഗങ്ങളിലും പാടവം നേടി (1894). തുടര്‍ന്നു ബ്രിട്ടീഷ് പട്ടാളത്തില്‍ അംഗമായ ചര്‍ച്ചിലിന്, ആഗ്രഹിച്ചതുപോലെ, തനിക്കധീനമായ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവസരം ലഭിച്ചു. അവിടെ നിന്നും ലീവെടുത്ത് ക്യൂബയിലെത്തിയപ്പോള്‍ അവിടത്തെ ഗവണ്‍മെന്റ് തങ്ങളുടെ പട്ടാളത്തില്‍ ചേര്‍ക്കുകയും 'സ്പാനിഷ് മിലിട്ടറി ക്രോസ്' എന്ന ബഹുമതി നല്കി ആദരിക്കുകയും ചെയ്തു. ഇന്ത്യയിലേക്കു നിയോഗിക്കപ്പെട്ട പട്ടാളത്തില്‍ അംഗമായി ചര്‍ച്ചില്‍ മുംബൈയിലെത്തി.

ഇന്ത്യയുടെ വ.പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ കലാപകാരികളുമായി യുദ്ധം ചെയ്യാന്‍ ബിന്‍ഡന്‍ ബ്ളഡിന്റെ നായകത്വത്തില്‍ നിയോഗിക്കപ്പെട്ട പട്ടാളഗ്രൂപ്പില്‍, ബ്രിട്ടനിലെ ഒരു വൃത്താന്തപത്രത്തിന്റെ യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ ചര്‍ച്ചില്‍ പങ്കെടുത്തു. യുദ്ധരംഗത്തു കാഴ്ചവയ്ച്ച മികച്ച പ്രവര്‍ത്തനങ്ങളുടെ അനുസ്മരണമാണ് ദ് സ്റ്റോറി ഒഫ് ദ് മാലാഖണ്ഡ് ഫീല്‍ഡ് ഫോഴ്സ് (1898). ഇതാണ് ചര്‍ച്ചിലിന്റെ ആദ്യത്തെ കൃതി. ബൂവര്‍യുദ്ധരംഗത്തു പത്രലേഖകനായി എത്തിയ ചര്‍ച്ചില്‍, യുദ്ധാവേശത്താല്‍ പട്ടാളക്കാരനായി. അവിടെ വച്ച് ബൂവര്‍പട്ടാളക്കാരുടെ തടവുകാരനാവുകയും ചെയ്തു. 1899 ഡി. 12-ന് തടവുചാടി രക്ഷപെട്ടു.

അച്ഛനെ പിന്തുടര്‍ന്ന് രാഷ്ട്രീയം പ്രവര്‍ത്തനരംഗമാക്കിയ ചര്‍ച്ചില്‍, 1900-ത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ ഓല്‍ഡ്ഹാം നിയോജകമണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1901 ഫെ. 18-ന് പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തില്‍, അപ്പോഴും തുടര്‍ന്നിരുന്ന ബൂവര്‍യുദ്ധത്തില്‍ എതിരാളികളുടെ യുദ്ധതന്ത്രജ്ഞതയെ പ്രശംസിച്ചത് പാര്‍ട്ടിക്കു സ്വീകാര്യമാകാഞ്ഞതിനെത്തുടര്‍ന്നുണ്ടായ ഭിന്നതമൂലം 1904-ല്‍ ചര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുകയും ലോയ്ഡ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയില്‍ അംഗമാവുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ വ.പടിഞ്ഞാറന്‍ മാഞ്ചസ്റ്ററില്‍ നിന്നു ലിബറല്‍പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചുജയിച്ചു. ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ച ലിബറല്‍പാര്‍ട്ടിയുടെ മന്ത്രിസഭയില്‍ ചര്‍ച്ചില്‍ കോളണികളുടെ അണ്ടര്‍ സെക്രട്ടറിയായി. 1906-ല്‍ ലോര്‍ഡ് റാന്‍ഡോള്‍ഫ് ചര്‍ച്ചില്‍ എന്ന പേരില്‍ പിതാവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു.

1908-ല്‍ ഡെന്‍ജിയിലെ അയര്‍ളിപ്രഭ്വിയുടെ മകള്‍ ക്ളെമന്റൈന്‍ ഹോളിയറെ ചര്‍ച്ചില്‍ വിവാഹം ചെയ്തു. ഭരണനൈപുണ്യവും വാക്ചാതുരിയും പാണ്ഡിത്യവുംകൊണ്ട് പ്രശസ്തിലേക്കുയര്‍ന്ന ചര്‍ച്ചിലിനു താമസിയാതെതന്നെ കാബിനറ്റ് പദവിയിലുള്ള ബോര്‍ഡ് ഒഫ് ട്രേഡിന്റെ പ്രസിഡന്റു സ്ഥാനം ലഭിച്ചു (1908-10).

അടുത്ത പാര്‍ലമെന്റില്‍ ചര്‍ച്ചിലിനു ഹോം സെക്രട്ടറിയുടെ പദവികിട്ടി. ജര്‍മനി യുദ്ധസന്നാഹങ്ങളൊരുക്കുന്നതുകണ്ട് ബ്രിട്ടീഷ് കപ്പല്‍പ്പടയെ യുദ്ധസന്നദ്ധമാക്കാന്‍ നിയുക്തനായത് ചര്‍ച്ചില്‍ ആണ് (1911-15). കപ്പല്‍പ്പടയെ സജ്ജമാക്കിയതിനു പുറമേ, 'റോയല്‍ ഫ്ളയിങ് കോര്‍' എന്ന പേരില്‍ ആദ്യമായി ഒരു വായുസേനയ്ക്ക് ഇംഗ്ളണ്ടില്‍ രൂപം കൊടുക്കുകയും ചെയ്തു. ജര്‍മനി റഷ്യയെയും ബല്‍ജിയത്തെയും ഫ്രാന്‍സിനെയും ആക്രമിച്ചപ്പോള്‍ ബല്‍ജിയത്തെ സഹായിക്കാന്‍ ബാധ്യസ്ഥനായിരുന്ന ബ്രിട്ടന്‍ ജര്‍മനിക്കു നല്കിയ അന്ത്യശാസനം അവര്‍ വകവയ്ക്കാതിരിക്കുകയും തുടര്‍ന്ന്, 1914 ആഗ. 4-ന് ബ്രിട്ടന്‍ ജര്‍മനിയോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ആരംഭിച്ച ഒന്നാംലോകയുദ്ധം തുടരുമ്പോള്‍, പാര്‍ലമെന്റില്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പുംകൂടി വന്നതിനാല്‍ ചര്‍ച്ചില്‍ മന്ത്രിപദം വിട്ട് ബ്രിട്ടീഷ് പട്ടാളത്തില്‍ കേണലായി ഫ്രാന്‍സിലെത്തി. ലോയ്ഡ് ജോര്‍ജിന് പ്രധാനമന്ത്രിപദം ലഭിച്ചപ്പോള്‍ ചര്‍ച്ചിലിനെ ആയുധങ്ങളുടെ ചുമതലയുള്ള മന്ത്രിയായി നിയമിച്ചു. ചര്‍ച്ചിലിന്റെ ആസൂത്രിതമായ മുന്നേറ്റത്തിന്റെ ഭാഗമായി, അറുനൂറ് ബ്രിട്ടീഷ് ടാങ്കുകള്‍ ഒരുമിച്ചു നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം അവസാനിച്ചത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചര്‍ച്ചിലിന് ജയപരാജയങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ ലേബര്‍കക്ഷിയുടെ മുന്നേറ്റത്തില്‍ ഇദ്ദേഹത്തിനും പാര്‍ട്ടിക്കും ഭരണം നഷ്ടപ്പെട്ടു. ഇക്കാലത്തെ അനുഭവങ്ങള്‍ തോട്ട്സ് ആന്‍ഡ് അഡ്വഞ്ചേഴ്സ് (1932) എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലെ തകര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ചര്‍ച്ചില്‍ ഗ്രന്ഥരചനയിലേര്‍പ്പെട്ടു. ഇത് സാമ്പത്തികമായി വലിയ നേട്ടമായിരുന്നു. കെന്റിലുള്ള ഒരു എസ്റ്റേറ്റും ബംഗ്ളാവും വിലയ്ക്കുവാങ്ങി.

ലിബറല്‍-ലേബര്‍ പാര്‍ട്ടികളുടെ നയപരിപാടികളിലും പ്രവര്‍ത്തനരീതികളിലും ഉണ്ടായ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് ചര്‍ച്ചില്‍ വീണ്ടും യാഥാസ്ഥിതിക കക്ഷിയില്‍ ചേരുകയും 1924-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്തു. ഭൂരിപക്ഷം ലഭിച്ച യാഥാസ്ഥിതിക കക്ഷിബാള്‍ഡ്വിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മന്ത്രിസഭയില്‍ പ്രധാനമന്ത്രിപദത്തിനു തൊട്ടടുത്ത 'ചാന്‍സലര്‍ ഒഫ് ദി എക്സ്ചെക്കര്‍' സ്ഥാനം ചര്‍ച്ചിലിനു നല്കപ്പെട്ടു (1924-29).

ഈ സമയത്ത് ജര്‍മനി അടുത്ത ഒരു ലോകയുദ്ധത്തിനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസ്സോളിനിയും ആത്മസഖ്യം സ്ഥാപിച്ച് ആയുധശേഖരണം തകൃതിയില്‍ നടത്തി. യാഥാസ്ഥിതിക കക്ഷിയും ലിബറല്‍ കക്ഷിയും കൂട്ടുചേര്‍ന്നുള്ള മന്ത്രിസഭയില്‍ പങ്കാളിയാകാതെ പുറത്തുനിന്നിരുന്ന ചര്‍ച്ചിലിന്റെ യുദ്ധസൂചനകള്‍ ആരും കാര്യമായി എടുത്തില്ല. 1939 സെപ്. 1-ന് ഹിറ്റ്ലര്‍ പോളണ്ടില്‍ രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യത്തെ വെടിപൊട്ടിച്ചു. പോളണ്ടിനെ രക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ബ്രിട്ടനും യുദ്ധത്തില്‍ കക്ഷിചേര്‍ന്നു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ചര്‍ച്ചിലിന് നാവികസേനയുടെ ചുമതല ലഭിച്ചു. പോളണ്ടും നോര്‍വെയും കീഴടക്കിക്കൊണ്ട് ഹിറ്റ്ലര്‍ കുതിച്ചു മുന്നേറിയപ്പോള്‍, പ്രധാനമന്ത്രിയായ ചേംബര്‍ലയിനിന്റെ കഴിവുകേടിനെ പാര്‍ലമെന്റ് ഒന്നാകെ അപലപിക്കുകയും തുടര്‍ന്ന്, അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു (1940 മേയ്). പകരം ഒരു പ്രധാനമന്ത്രിയായി ഏവരും നിര്‍ദേശിച്ചത് ചര്‍ച്ചിലിനെയാണ്. പാര്‍ട്ടിഭേദമെന്യേ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ജനത യുദ്ധസന്നാഹം നടത്തി. ഫ്രാന്‍സും കടന്നെത്തിയ ജര്‍മന്‍പടയോട് ബ്രിട്ടീഷ് സൈന്യം ഏറ്റുമുട്ടി. ചര്‍ച്ചിലിന്റെ സാഹസികതയും വൈമാനികശിക്ഷണവും കൂടുതല്‍ ഫലവത്തായി പ്രയോഗിക്കാന്‍ സാധിക്കുകയും അത് സഹപ്രവര്‍ത്തകര്‍ക്ക് ഉത്തേജകമാവുകയും ചെയ്തു. എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ ചര്‍ച്ചിലിന്റെ സ്ഥാനം നിസ്തുലമാണ്. “I have nothing to offer but blood, toil, tears and ...” എന്നു തുടങ്ങുന്ന കോമണ്‍സിലെ പ്രസംഗം ചരിത്രപ്രസിദ്ധമാണ് (1940 മേയ്). ദ് സെക്കന്‍ഡ് വേള്‍ഡ് വാര്‍ (6 വാല്യങ്ങള്‍), എ ഹിസ്റ്ററി ഒഫ് ദി ഇംഗ്ലീഷ് സ്പീക്കിങ് പീപ്പിള്‍സ് (4 വാല്യങ്ങള്‍), ദ് വേള്‍ഡ് ക്രൈസിസ് (5 വാല്യങ്ങള്‍) മുതലായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ്. ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ പില്ക്കാലത്ത് പന്ത്രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി അണ്‍റിലന്റിങ് സ്റ്റ്രഗിള്‍, ദ് ഡോണ്‍ ഒഫ് ലിബറേഷന്‍ വിക്ടറി എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടന്റെ അധീനതയില്‍ കഴിഞ്ഞ ഇന്ത്യക്ക് സ്വാതന്ത്യ്രം നല്കുന്നതിനോടു യോജിക്കാന്‍ അതിരുകടന്ന രാജ്യസ്നേഹം ഇദ്ദേഹത്തെ അനുവദിച്ചില്ല. മാത്രമല്ല, ഗാന്ധിജിയെ 'അര്‍ധനഗ്നനായ ഫക്കീര്‍' എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.

രണ്ടാം ലോകയുദ്ധം ചര്‍ച്ചിലിനെ വിശ്വവിഖ്യാതനായ നേതാവാക്കി. യുദ്ധസന്നാഹം കാര്യമായി ഇല്ലാതിരുന്ന ബ്രിട്ടന് ആയുധശേഖരവും ആത്മവിശ്വാസവും ഉണ്ടാക്കാന്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തിനു കഴിഞ്ഞു. യുദ്ധം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചില്‍ വിജയിയായി എങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. ഭൂരിപക്ഷം ലഭിച്ച ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ആറ്റ്ലി പ്രധാനമന്ത്രിയായി. ഈ ഘട്ടത്തില്‍ ചര്‍ച്ചില്‍ സാഹിത്യപ്രവര്‍ത്തനത്തിനു കൂടുതല്‍ സമയം വിനിയോഗിച്ചു. ചിത്രരചനയില്‍ മുന്‍പുണ്ടായിരുന്ന താത്പര്യത്തെയും പോഷിപ്പിച്ചു. പെയിന്റിങ് ആസ് എ പാസ്ടൈം എന്ന ഗ്രന്ഥവും രചിക്കുകയുണ്ടായി. കുതിരസവാരി, ഇഷ്ടികപ്പണി തുടങ്ങിയ വിനോദങ്ങളിലും ഏര്‍പ്പെട്ടു. ജോര്‍ജ് VI രാജാവ് രാജ്യത്തിലെ ഏറ്റവും വലിയ ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' നല്കി ഇദ്ദേഹത്തെ ആദരിച്ചു. 1951-ല്‍ ഒരിക്കല്‍ക്കൂടി ബ്രിട്ടീഷ് ജനത ചര്‍ച്ചിലിനെ പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചു. ജോര്‍ജ് VI-ന്റെ നിര്യാണത്തെത്തുടര്‍ന്ന് സിംഹാസനാരോഹണം ചെയ്ത രണ്ടാം എലിസബത്ത് രാജ്ഞി 'ഓര്‍ഡര്‍ ഒഫ് ദ് ഗാര്‍ട്ടര്‍' ബഹുമതി ചര്‍ച്ചിലിനു സമ്മാനിച്ചു. 1953-ല്‍ സര്‍ സ്ഥാനവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു. 1954 ന. 30-ന് ലോകമെമ്പാടും ചര്‍ച്ചിലിന്റെ 80-ാം ജന്മദിനം ആഘോഷിക്കപ്പെട്ടു. 1955-ല്‍ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി വിരമിച്ച് വാര്‍ധക്യകാലം സന്തോഷപ്രദമായി നയിച്ചുവരവേ, 1965 ജനു. 24-ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍