This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചന്ത== സാധനസാമഗ്രികള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലം. പ്രാചീന ...)
അടുത്ത വ്യത്യാസം →

08:29, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചന്ത

സാധനസാമഗ്രികള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലം. പ്രാചീന കാലത്ത് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്തുക്കള്‍ അവരവര്‍ തന്നെ മിക്കവാറും ഉത്പാദിപ്പിച്ചിരുന്നു. അതിനാല്‍ ചന്തകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊണ്ടുള്ള വിപണനം വലിയ തോതില്‍ ആവശ്യമായിരുന്നില്ല. ചോദനത്തോത് വര്‍ധിച്ചതോടെ വേണ്ടത്ര അളവില്‍ ആവശ്യമുള്ള സാധനസാമഗ്രികള്‍ നിര്‍മിക്കുന്നതിനു കഴിയുന്ന അവസ്ഥ സംജാതമായി. അപ്പോള്‍ ഓരോരുത്തര്‍ക്കും സ്വയം നിര്‍മിക്കുവാന്‍ കഴിയുന്ന സാധനങ്ങള്‍ നല്കി അവയ്ക്കു പകരം ഇതരസാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ രീതിയിലുള്ള വിപണനം നടത്തുന്നതിന് ഒരു പ്രത്യേക സ്ഥലവും ദിവസവും നിശ്ചയിക്കപ്പെട്ടു. പള്ളി മേധാവികളുടെയോ നാടുവാഴികളുടെയോ മേല്‍നോട്ടത്തിലായിരുന്നു മധ്യകാലഘട്ടത്തില്‍ സാധന സാമഗ്രികളുടെ വിപണനം നടന്നിരുന്നത്. ഉത്പാദകരായ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒന്നിച്ചു ചേരുന്നതിനും സാധനങ്ങളുടെ ക്രയവിക്രയം നടത്തുന്നതിനും ഇത്തരത്തിലുള്ള ചന്തകള്‍ വഴിയൊരുക്കി. ഇന്നും മിക്ക പ്രദേശങ്ങളിലും പ്രത്യേക ദിവസങ്ങളില്‍ ചന്ത കൂടുന്നത് ഈ പ്രാചീന രീതിയെ അനുസ്മരിപ്പിക്കുന്നു. ചരക്കുകളുടെയും മനുഷ്യരുടെയും സഞ്ചാരത്തിനു വിഷമം നേരിട്ടിരുന്ന പ്രാചീനകാലത്ത് ഇത്തരം ചന്തകള്‍ ആവശ്യമായിരുന്നു.

നാണയത്തിന്റെ പ്രചാരത്തോടുകൂടി ക്രയവിക്രയത്തിന് കൂടുതല്‍ സൌകര്യമുണ്ടായി. ക്രമേണ സ്ഥിരം ചന്തകള്‍ തന്നെ സ്ഥാപിക്കപ്പെട്ടു. ഇതോടെ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കച്ചവടക്കാര്‍ എന്നൊരു പ്രത്യേക വിഭാഗം ഉണ്ടാവുകയും ചെയ്തു. സ്ഥിരം ചന്തകളെ സാധാരണയായി 'അങ്ങാടികള്‍' (ബസാറുകള്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.

കേരള സംസ്ഥാനത്ത് വളരെ പുരാതനകാലം മുതല്‍തന്നെ ഇത്തരം ചന്തകള്‍ ഉണ്ടായിരുന്നു. കാര്‍ഷികോത്പന്നങ്ങള്‍ മത്സ്യം തുടങ്ങി ദൈനംദിന ഉപഭോഗവസ്തുക്കളാണ് സാധാരണയായി ചന്തകളില്‍ വില്ക്കാറുള്ളത്. കാര്‍ഷിക വിഭവങ്ങളെക്കൂടാതെ ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, തുണി, ഔഷധങ്ങള്‍ തുടങ്ങിയവയും അങ്ങാടികളില്‍ ലഭ്യമാണ്. പ്രാചീന കേരളത്തിലെ പ്രസിദ്ധിയേറിയ അങ്ങാടികളാണ് കോഴിക്കോട്ടങ്ങാടി, നാഗപുരത്തു നല്ലങ്ങാടി എന്നിവ. അതുപോലെതന്നെ വാണിയംകുളം ചന്ത, ചങ്ങനാശേരി ചന്ത, തമിഴ്നാട്ടിലെ പൊള്ളാച്ചിച്ചന്ത തുടങ്ങിയവയും സുപ്രസിദ്ധ ചന്തകളാണ്. ചരക്കുകളുടെ ചോദനവും പ്രദാനവും ഒരു പ്രദേശത്തുതന്നെ തങ്ങി നില്ക്കുന്ന പ്രാദേശിക ചന്തകളാണിവ. പാല്‍, വെണ്ണ, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിവയ്ക്കുള്ള ചന്തകള്‍ പ്രാദേശിക ചന്തകളാണ്. ഇത്തരം വസ്തുക്കളെ കേടുകൂടാതെ അധികകാലം സൂക്ഷിക്കുവാന്‍ വിഷമമായതുകൊണ്ട് അവയുടെ കമ്പോളം ഹ്രസ്വമാണ്. ചില ഉത്സവങ്ങളോടനുബന്ധിച്ച് ചില ചന്തകള്‍ നടത്തിവരുന്നു. സംക്രാന്തി വാണിഭം, ശിവരാത്രിച്ചന്ത തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചന്തകളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ഓണച്ചന്ത, വിഷുച്ചന്ത എന്നിവ. വില്ക്കാനായി സമാഹരിച്ചിരിക്കുന്ന സാധനങ്ങളുടെ പേരിലും ചന്തകള്‍ അറിയപ്പെടാറുണ്ട് (ഉദാ. കാലിച്ചന്ത, മീന്‍ചന്ത). വാര്‍ത്താവിനിയമത്തിനും ഗതാഗതത്തിനുമുള്ള സൌകര്യങ്ങള്‍, ചരക്കുകളുടെ വാഹ്യത, ഈട്, ചോദനം തുടങ്ങിയവ ചന്തകളിലെ വ്യാപാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പാല്‍, വെണ്ണ, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ അധികകാലം കേടുകൂടാതെ നില്‍ക്കുന്ന ചരക്കുകളല്ല. പാല്‍, പഴം, മത്സ്യം എന്നിവ ശീതീകരണംവഴി സൂക്ഷിക്കുന്ന സംഭരണ സമ്പ്രദായങ്ങള്‍ ഉണ്ടായതോടെ ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോയി വില്ക്കാന്‍ കഴിയുന്നുണ്ട്. ക്ഷീരോത്പന്നങ്ങള്‍, മാമ്പഴം, വാഴപ്പഴം, പുഷ്പങ്ങള്‍ എന്നിവയെ പുറംനാടുകളിലേക്ക് കയറ്റി അയയ്ക്കുവാനും ഇന്നു സാധ്യമാണ്. ഇപ്രകാരം ഇന്ന് കമ്പോളത്തിന്റെ വ്യാപ്തി തന്നെ വര്‍ധിച്ചിരിക്കുകയാണ്. വിപണന രംഗത്ത് ഇത്തരത്തിലുള്ള വികാസമുണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങായി വര്‍ത്തിക്കുന്ന നാടന്‍ ചന്തകളുടെ പ്രസക്തിക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. നോ: നാട്ടുചന്ത

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍