This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്തുമേനോന്‍, ഒയ്യാരത്ത് (1847 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചന്തുമേനോന്‍, ഒയ്യാരത്ത് (1847 - 99)== മലയാള സാഹിത്യകാരന്‍. ലക്ഷണയ...)
അടുത്ത വ്യത്യാസം →
08:27, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചന്തുമേനോന്‍, ഒയ്യാരത്ത് (1847 - 99)
മലയാള സാഹിത്യകാരന്‍. ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് എന്ന നിലയില്‍ ഇദ്ദേഹം പ്രസിദ്ധിനേടി. തലശ്ശേരിക്കടുത്തുള്ള നടുവണ്ണൂരില്‍ കുളങ്ങര കണ്ടിമഠം വീട്ടില്‍ ഇടപ്പാടി ചന്തുനായരുടെയും കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്തു വീട്ടിലെ പാര്‍വതിയമ്മയുടെയും മകനായി 1847 ജനു. 9-ന് ചന്തുമേനോന്‍ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബാസല്‍മിഷന്‍വക ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാഭ്യാസം തുടരുകയും അണ്‍കവനന്റഡ് സിവില്‍ സര്‍വീസ് പരീക്ഷയും മെട്രിക്കുലേഷനും പാസാകുകയും ചെയ്തു. തിരുവങ്ങാടു ക്ഷേത്രത്തിനു സമീപം ഒയ്യാരത്തു ഭവനത്തില്‍ താമസിച്ചതുകൊണ്ട് ഒയ്യാരത്തു ചന്തുമേനോന്‍ എന്ന പേരില്‍ അറിയപ്പെട്ടു.
കോടതിയില്‍ ക്ളാര്‍ക്കായി ആരംഭിച്ച് മുന്‍സിഫ്, ആക്റ്റിങ് അഡീഷണല്‍ സബ് ജഡ്ജി എന്നിങ്ങനെ വിവിധ തസ്തികകളില്‍ ഔദ്യോഗികജീവിതം നയിച്ച ചന്തുമേനോന്‍ ഉത്തമനായ നിയമജ്ഞന്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ റാവു ബഹദൂര്‍സ്ഥാനം നല്കി മേനോനെ ആദരിക്കുകയുണ്ടായി (1898).
ദേശീയ നവോത്ഥാനവാദിയായിരുന്ന ചന്തുമേനോന്‍ സമുദായ പരിഷ്കരണാര്‍ഥമാണ് നോവലുകള്‍ രചിച്ചത്. ഏതാണ്ട് രണ്ടു മാസക്കാലം കൊണ്ട് എഴുതിത്തീര്‍ത്ത ഇന്ദുലേഖ (1889) സംഭാവ്യമായ ഒരു കഥയുടെ അകൃത്രിമ സുന്ദരമായ ആവിഷ്കാരമാണ്. സമകാലീന സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഹാസപരിഹാസങ്ങളില്‍ക്കൂടി നായര്‍-നമ്പൂതിരി സമുദായങ്ങളില്‍ നിലനിന്നിരുന്ന യാഥാസ്ഥിതികത്വം, അനാചാരങ്ങള്‍, അസമത്വങ്ങള്‍ മുതലായവയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു ചന്തുമേനോന്‍. മലബാര്‍ ജില്ലാ കളക്ടറായിരുന്ന ഡബ്ള്യൂ.എച്ച്. ഡ്യൂമെര്‍ഗ് ഇന്ദുലേഖ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട് (1891). ശാരദ (1892) അപൂര്‍ണമായ കൃതിയാണ്. മൂന്നു ഭാഗങ്ങളില്‍ നോവല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും എട്ട് അധ്യായങ്ങളുള്ള ഒരു ഭാഗം എഴുതാനേ ആയുസ്സ് അനുവദിച്ചുള്ളൂ. സി.അന്തപ്പായിയും പയ്യംപള്ളില്‍ ഗോപാലപിള്ളയും ശാരദ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയും ശാരദയിലെ വൈത്തിപ്പട്ടരും മലയാള സാഹിത്യത്തിലെ മരണമില്ലാത്ത കഥാപാത്രങ്ങളാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തിനും ചമ്പത്തില്‍ ചാത്തക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിനും എഴുതിയ നിരൂപണങ്ങള്‍, കുഞ്ഞിശങ്കരന്‍ നമ്പ്യാരുടെ നളചരിതത്തിനു രചിച്ച മുഖവുര എന്നിവയാണ് ചന്തുമേനോന്റെ ഇതര കൃതികള്‍.
ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയില്‍ നിന്നു കിട്ടിയ പ്രേരണയും പ്രോത്സാഹനവുമാണ് ഇന്ദുലേഖയുടെ രചനയ്ക്കു നിദാനമായി വര്‍ത്തിച്ചതെന്ന് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫലിതരസപ്രിയനും കഥകളി, സംഗീതം, നൃത്തം തുടങ്ങിയ കലകളില്‍ തത്പരനുമായിരുന്നു ചന്തുമേനോന്‍. ഇദ്ദേഹത്തിന്റെ കലാരസികത്തവും ഹാസപരിഹാസശക്തിയും വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ ജീവചരിത്രകാരനായ മൂര്‍ക്കോത്തു കുമാരന്‍ വിവരിക്കുന്നു. 1899 സെപ്. 7-ന് ചന്തുമേനോന്‍ നിര്യാതനായി. നോ: ഇന്ദുലേഖ