This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദനക്കുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചന്ദനക്കുടം== കേരളത്തിലെ ചില മുസ്ലിം പള്ളികളുമായി ബന്ധപ്പെ...)
അടുത്ത വ്യത്യാസം →

08:26, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചന്ദനക്കുടം

കേരളത്തിലെ ചില മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട് വര്‍ഷംതോറും നടത്തിവരുന്ന പ്രാദേശിക ഉത്സവം. പള്ളികളിലെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടലങ്കരിച്ചതും, തേനോ മധുരപലഹാരമോ അടക്കം ചെയ്തതുമായ കുടങ്ങള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. കുടങ്ങളെ മാത്രമായും അനുഷ്ഠാനത്തെ പൊതുവായും ചന്ദനക്കുടം എന്ന പേരുകൊണ്ടുതന്നെയാണ് വിശേഷിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ കുംഭങ്ങള്‍ എഴുന്നള്ളിക്കാത്ത ആണ്ടുനേര്‍ച്ചകളെയും ചന്ദനക്കുടം എന്നു വിളിക്കാറുണ്ട്.

മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രാദേശികോത്സവമാണ് ആണ്ടുനേര്‍ച്ച. പൂര്‍വികാരാധനയാണ് ഇതിനു പിന്നിലുള്ളത്. ആണ്ടുനേര്‍ച്ചയിലൂടെ മണ്‍മറഞ്ഞ പുണ്യാത്മാക്കളെയും പ്രശസ്തരെയുമാണ് അനുസ്മരിക്കുന്നത്. അത്തരം മഹാരഥന്മാരുടെ ശവക്കല്ലറകള്‍ പുണ്യസ്ഥലങ്ങളായാണ് കരുതപ്പെടുന്നത്. അവയെ ജാറങ്ങള്‍ എന്നാണ് വിളിക്കുന്നത്. ജാറങ്ങളുമായോ പള്ളികളുമായോ ബന്ധപ്പെട്ടാണ് ചന്ദനക്കുടം നടത്താറ്.

ചന്ദനക്കുടത്തിന് ഹൈന്ദവ ദേവാലയങ്ങളിലെ ഉത്സവങ്ങളുമായി സാമ്യമുണ്ട്. ഇത് തുടങ്ങുന്നത് കൊടിയേറ്റത്തോടെയാണ്. പിന്നീട് ജാറത്തില്‍ ഓത്ത് (വേദപാരായണം) നടത്തും. 'മുട്ടും വിളിക്കാര്‍' എന്നറിയപ്പെടുന്ന വിളംബരക്കാര്‍ നാടുനീളെ നടന്നു നാഗസ്വരം പോലുള്ള വാദ്യത്തിന്റെ അകമ്പടിയോടെ ചന്ദനക്കുടം നടക്കാന്‍ പോകുന്ന വിവരം വിളിച്ചറിയിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരോടും വാദ്യഘോഷങ്ങളോടും കൂടിയാണ് ചന്ദനക്കുടങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ടുവരിക. ചിലയിടങ്ങളില്‍ കുടങ്ങള്‍ക്കു പകരം പെട്ടികളാണ് എഴുന്നള്ളിക്കാറുള്ളത്. എഴുന്നള്ളത്തു കഴിഞ്ഞ് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. വെടിക്കെട്ടോടുകൂടിയാണ് ഉത്സവാഘോഷങ്ങള്‍ സമാപിക്കുക.

മണത്തല ചന്ദനക്കുടം, മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, കാഞ്ഞിരമറ്റം നേര്‍ച്ച, ചങ്ങനാശേരി ചന്ദനക്കുടം എന്നിവ പ്രസിദ്ധമാണ്. ഹൈദ്രോസ്കുട്ടിമൂപ്പന്‍ എന്ന ഭക്തനായ അഭ്യാസിയുമായി ബന്ധപ്പെട്ടതാണ് മണത്തല ചന്ദനക്കുടം. മൈസൂര്‍ സുല്‍ത്താന്മാരുമായുണ്ടായ കലഹത്തിലാണ് ഇദ്ദേഹം ദിവംഗനായത്. ആ വീരചരമത്തിന്റെ ഓര്‍മയാണ് ഗുരുവായൂരിനടുത്തുള്ള മണത്തലയിലെ ഈ നേര്‍ച്ചയിലൂടെ നിലനിര്‍ത്തുന്നത്. മലപ്പുറം നേര്‍ച്ചയിലൂടെ മലപ്പുറം കലാപത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നു. ഈ നേര്‍ച്ചയെക്കുറിച്ചുള്ള മാപ്പിളപ്പാട്ടാണ് ഷഹീദ് മാല.

ചന്ദനക്കുടങ്ങള്‍ക്കു പകരം പെട്ടികള്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന സമ്പ്രദായം കൊണ്ടോട്ടി നേര്‍ച്ചയിലുണ്ട്. അലങ്കരിച്ച പെട്ടികള്‍ ഘോഷയാത്രയായി കൊണ്ടുവന്നു കൊണ്ടോട്ടിത്തങ്ങളുടെ പ്രതിനിധിയെ ഏല്പിക്കുകയാണ് പ്രധാന ചടങ്ങ്. വള്ളുവനാട്ടിലെ വെള്ളറക്കാരുടേതാണ് ആദ്യത്തെ പെട്ടിവരവ്. അവസാനത്തേത് കൊണ്ടോട്ടി സ്വാമിമഠക്കാരുടെ തട്ടാന്‍ പെട്ടിയാണ്. കാഞ്ഞിരമറ്റത്ത് ശെയ്ഖ് പരീതിന്റെ ജാറത്തിലാണ് ചന്ദനക്കുടം നടത്തുന്നത്. ഇവിടെ നിന്നാണ് വാവര്‍ സന്ന്യാസമാരംഭിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. കാഞ്ഞിരമറ്റം നേര്‍ച്ചയില്‍ ചക്കരക്കഞ്ഞിവിതരണം ഒരു പ്രത്യേകതയാണ്.

മമ്പുറം, പുളിങ്ങോം, ഏയ്പ്പള്ളി, പട്ടാമ്പി, തൃത്താല, പെരുമ്പടപ്പ്, തെരുവത്തുപള്ളി, മാഞ്ഞാലി, പെരുവന്താനം, ഈരാറ്റുപേട്ട, എരുമേലി, ഏനാത്ത്, ബീമാപള്ളി എന്നിവിടങ്ങളിലും ചന്ദനക്കുടം നടത്തിവരുന്നു.

ശബരിമല പേട്ടതുള്ളലിന്റെ ഭാഗമായി നടത്താറുള്ള എരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ചാണ് എരുമേലി ചന്ദനക്കുടമഹോത്സവം. ഇത് മതമൈത്രിയുടെ ഒരു മഹനീയ മാതൃകകൂടിയാണ്. ഉത്സവദിവസം സന്ധ്യയ്ക്ക് വാവരുടെ പള്ളിയില്‍നിന്നും ആനപ്പുറത്ത് ചന്ദനക്കുടവും വാളും ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ദേവസ്വം അധികാരികള്‍ കര്‍പ്പൂരം കത്തിച്ച് പൂമാലയിട്ട് ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രനടയില്‍ വാദ്യമേളം ആരംഭിക്കും. ചന്ദനക്കുടം മഹോത്സവത്തില്‍ മുസ്ലിങ്ങളോടൊപ്പം ആയിരക്കണക്കിന് ഹിന്ദുക്കളും പങ്കെടുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍