This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രഹണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗ്രഹണം== സാധാരണ പരിതസ്ഥിതിയില്‍ ദൃശ്യമാവുന്ന ഗ്രഹനക്ഷത്രാദ...)
അടുത്ത വ്യത്യാസം →
16:20, 28 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രഹണം
സാധാരണ പരിതസ്ഥിതിയില്‍ ദൃശ്യമാവുന്ന ഗ്രഹനക്ഷത്രാദികള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മുഴുവനായോ ഭാഗികമായോ അദൃശ്യമാകുന്ന പ്രത്യേക പ്രതിഭാസം. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മനുഷ്യനു പണ്ടു മുതല്ക്കേ പരിചിതങ്ങളാണ്. 'പ്രത്യക്ഷപ്പെടാന്‍ പറ്റാതെ വരുന്ന അവസ്ഥ' എന്നര്‍ഥമുള്ള Eklepsis എന്ന ഗ്രീക് പദത്തില്‍ നിന്നാണ് 'eclipse' എന്ന ആംഗലേയ പദത്തിന്റെ ഉത്പത്തി. ഗ്രഹണം എന്ന മലയാളപദത്തിന് ഗ്രസിക്കുക അല്ലെങ്കില്‍ വിഴുങ്ങുക എന്നാണ് അര്‍ഥം.
ജ്യോതിശ്ശാസ്ത്രപരമെന്ന പോലെ ചരിത്രപരമായും സാമൂഹികമായും ഗ്രഹണങ്ങള്‍ക്കു പ്രധാന്യമുണ്ട്. നമുക്കു ചൂടും വെളിച്ചവും തരുന്ന സൂര്യനെ മറച്ച് പകല്‍ ഇരുട്ടാക്കുന്ന ഗ്രഹണവേളയെ പ്രാചീന മനുഷ്യര്‍ ഭയാശങ്കകളോടെയാണ് വീക്ഷിച്ചിരുന്നത്. ഏതോ ആപത്തിന്റെ മുന്നോടിയാണ് ഗ്രഹണമെന്നവര്‍ കരുതി. ഗ്രഹണ സമയത്ത് ആഹാരം കഴിക്കരുതെന്നും തത്സമയം 'പൂഴി നാഗ'ത്തിനുകൂടി വിഷമുണ്ടെന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇന്നും ചെറിയ തോതില്‍ നിലനില്ക്കുന്നുണ്ട്. പാലാഴിമഥനവേളയില്‍ ലഭിച്ച അമൃത് അസുരന്മാര്‍ക്കിടയിലെത്തിക്കാന്‍ വേഷപ്രച്ഛന്നരായെത്തിയ രാഹു കേതുക്കളുടെ 'തനിനിറം' കാണിച്ചുകൊടുത്ത സൂര്യചന്ദ്രന്മാരെ അവര്‍ ഗ്രസിക്കുമ്പോഴാണ് ഗ്രഹണമുണ്ടാകുന്നതെന്ന് ഹൈന്ദവപുരാണം പറയുന്നു. മഹാഭാരതത്തില്‍ ജയദ്രഥവധത്തിനു മുന്നോടിയായി ശ്രീകൃഷ്ണന്‍ സുദര്‍ശനം കൊണ്ടു സൂര്യനെ മറച്ച് ഇരുട്ടുണ്ടാക്കിയ സന്ദര്‍ഭം വാസ്തവത്തില്‍ ഒരു ഗ്രഹണവേളയായിരുന്നുവെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ഗ്രീക്, റോമന്‍, അസ്സീറിയന്‍ പുരാണങ്ങളിലും ഗ്രഹണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 'നട്ടുച്ചയ്ക്കിരുട്ടു'ണ്ടാക്കുന്ന പ്രതിഭാസത്തെപ്പറ്റി ബൈബിളിലും പരാമര്‍ശം കാണാം.
ബി.സി. 2137 ഒ. 22-ന് ഉണ്ടായ സൂര്യഗ്രഹണത്തെപ്പറ്റിയുള്ള പ്രസ്താവമാണ് ഗ്രഹത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിത രേഖയായി കണക്കാക്കപ്പെടുന്നത്. ഷൂ-കിങ് (Chou-King) എന്ന ചൈനീസ് ഗ്രന്ഥത്തിലാണീ പരാമര്‍ശമുള്ളത്. ബി.സി. 1735 മേയ് 3-ന് സിറിയയിലെ ഊഗറീറ്റ് എന്ന സ്ഥലത്തു വച്ചുണ്ടായ പൂര്‍ണ സൂര്യഗ്രഹണവും 14-ാം ശ.(ക്രി.മു.)-ത്തിന്റെ അവസാനം ചൈനയില്‍ സംഭവിച്ച ഗ്രഹണവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാബിലോണിയ, നിനവെ, ഏഷ്യാ മൈനര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഗ്രഹണങ്ങള്‍ ക്രി.മു. 1063-ാമാണ്ടു മുതല്‍ ക്രി.വ. 364-ാമാണ്ടു വരെ വിവിധ കാലങ്ങളില്‍ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ക്രി.വ. 1868, 1874, 1912 ഏ. 17, 1924, 1966, 1970 മാ. 7 തുടങ്ങിയ കാലങ്ങളില്‍ ഗ്രഹണം സംഭവിച്ചിട്ടുണ്ട്. 1980 ഫെ. 16-നു നടന്ന പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നു. അന്ന് ഉച്ച തിരിഞ്ഞ് മൂന്നുമണി മുപ്പത്തെട്ടു മിനിട്ട് മുപ്പത്തിമൂന്നു സെക്കന്‍ഡില്‍ ഇന്ത്യയിലെ ഗോകര്‍ണത്ത് ആരംഭിച്ച ഗ്രഹണം മൂന്നുമണി അമ്പത്തിയാറു മിനിട്ട് പന്ത്രണ്ടു സെക്കന്‍ഡിന് ബംഗാള്‍ ഉള്‍ക്കടല്‍ഭാഗത്തെത്തി. ഇതിനിടയ്ക്കുള്ള സമയം മുഴുവന്‍ ഇന്ത്യയിലൂടെയായിരുന്ന ഗ്രഹണത്തിന്റെ യാത്ര. അപൂര്‍വമായ ഈ പ്രതിഭാസം ദര്‍ശിക്കാന്‍ വേണ്ടി സാധാരണ ജനങ്ങള്‍ തുടങ്ങി ജ്യോതിശ്ശാസ്ത്ര വിശാരദന്മാര്‍വരെയുള്ള ആളുകള്‍ ഇന്ത്യയില്‍ പലയിടത്തും തിങ്ങിക്കൂടിയിരുന്നു. 2008-ലും ഇന്ത്യയില്‍ പൂര്‍ണഗ്രഹണം ദൃശ്യമായെങ്കിലും മഴക്കാലമായിരുന്നതിനാല്‍ നിരീക്ഷണങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ല.
വര്‍ഗീകരണം. രണ്ടുതരം ഗ്രഹണമുണ്ട്-സ്വയം പ്രകാശമുള്ള വസ്തുക്കളുടെ ഗ്രഹണവും സ്വയം പ്രകാശമില്ലാത്തവയുടെ ഗ്രഹണവും. സൂര്യഗ്രഹണം ആദ്യത്തേതിനും ചന്ദ്രഗ്രഹണം രണ്ടാമത്തേതിനും ഉദാഹരണങ്ങളാണ്. ഗ്രഹിത വസ്തുവിനും നിരീക്ഷകനുമിടയ്ക്ക് മറ്റ് ഏതെങ്കിലും വസ്തു തടസ്സമായി വന്നെത്തുമ്പോള്‍ ആദ്യത്തെ രീതിയിലുള്ള ഗ്രഹണമുണ്ടാകുന്നു. നിരീക്ഷകനിലേക്കെത്തുന്ന പ്രകാശം തടയപ്പെടുകയാണിവിടെ സംഭവിക്കുന്നത്. സൂര്യഗ്രഹണ വേളയില്‍ സൂര്യനും ഭൂമിയ്ക്കുമിടയ്ക്ക് ചന്ദ്രന്‍ തടസ്സവസ്തുവായി വരികയും സൂര്യനില്‍ നിന്നും ഭൂമിയിലേക്കു വരുന്ന പ്രകാശം തടയപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെ ഇനം ഗ്രഹണത്തിലാകട്ടെ ഗ്രഹിത വസ്തുവിനും അതിനു പ്രകാശം നല്കുന്ന സ്രോതസ്സിനുമിടയ്ക്കാണ് തടസ്സം വന്നെത്തുന്നത്. സൂര്യനില്‍ നിന്ന് ചന്ദ്രനിലെത്തിച്ചേരുന്ന പ്രകാശം ഇടയ്ക്കുവരുന്ന ഭൂമി തടസ്സപ്പെടുത്തുന്നു. ഗ്രഹിത വസ്തു (ചന്ദ്രന്‍) നിരീക്ഷകന് (ഭൂമിക്ക്) അഭിമുഖമായിരുക്കുമെങ്കിലും പ്രകാശം വീഴാത്തതുകൊണ്ട് അത് അദൃശ്യമായിരിക്കും.
സൂര്യഗ്രഹണം. ഭൂമി സൂര്യനെയും ചന്ദ്രന്‍ ഭൂമിയെയും ചുറ്റി കറങ്ങുന്നുണ്ടല്ലോ. അങ്ങനെ ചുറ്റി സഞ്ചരിക്കുന്ന വേളയില്‍ ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വന്ന് സൂര്യനില്‍ നിന്ന് ഭൂമിയില്‍ പതിക്കുന്ന പ്രകാശം മറയ്ക്കുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു. കറുത്ത വാവിന്‍നാളിലാണിതുണ്ടാകുന്നത്. കാരണം ചന്ദ്രന്റെ പ്രകാശിതഭാഗം മുഴുവന്‍ ഭൂമിക്ക് അദൃശ്യമായിരിക്കുന്നത് കറുത്തവാവിന്‍നാളിലായിരിക്കും. എന്നാല്‍ എല്ലാ കറുത്ത വാവിനും സൂര്യഗ്രഹണം സംഭവിക്കുന്നില്ല. അതിനു കാരണം ഭൂമി സൂര്യനെ ചുറ്റുന്ന പരിക്രമണതലവും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന പരിക്രമണതലവും തമ്മിലുള്ള ചായ്വ് (inclination) ആണ്. ഈ രണ്ടു പരിക്രമണതലങ്ങള്‍ ഒന്നുതന്നെയാണെങ്കില്‍ (ചായ്വുണ്ടായിരുന്നില്ലെങ്കില്‍) എല്ലാ കറുത്ത വാവിന്‍ നാളിലും സൂര്യഗ്രഹണമുണ്ടാകുമായിരുന്നു. എന്നാല്‍ പരിക്രമണ തലങ്ങള്‍ തമ്മില്‍ 5o9' ചരിവുള്ളതിനാല്‍ വാവുനാളുകളില്‍ സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യമായും നേര്‍രേഖയില്‍ വരണമെന്നില്ല.
സൂര്യഗ്രഹണവേളയില്‍ സൂര്യപ്രകാശത്തിനു പകരം ഭൂമിയില്‍ പതിക്കുന്നത് ചന്ദ്രന്റെ നിഴലാണ്. ഈ നിഴലിനു രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് പ്രകാശം തീരെ ഇല്ലാത്ത; 'പ്രച്ഛായ' (umbra); രണ്ട് ഭാഗിക പ്രകാശമുള്ള ഉപച്ഛായ (penumbra). (ചിത്രം 1) നോക്കുക. കോണ്‍ (cone) ആകൃതിയുള്ള വൃത്തസ്തംഭരൂപത്തിലാണ് രണ്ടും. പക്ഷേ, അവയുടെ ശീര്‍ഷ (vertex)-പാദ(base)ങ്ങള്‍ വിപരീത ദിശയിലാണെന്നു മാത്രം. പ്രച്ഛായയുടെ ശീര്‍ഷം ഭൂമിയോടടുത്തും പാദം ചന്ദ്രനോടടുത്തും സ്ഥിതിചെയ്യുമ്പോള്‍ ഉപച്ഛായയുടേതു നേരെ തിരിച്ചാണ്.
ചന്ദ്രന്റെ പ്രച്ഛായ വീഴുന്ന ഭൂഭാഗത്ത് സൂര്യന്‍ നിശ്ശേഷം അപ്രത്യക്ഷമായിരിക്കും. ശരിക്കും പൂര്‍ണമായി ഇരുട്ടു വ്യാപിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്നതിനെ 'പൂര്‍ണ സൂര്യഗ്രഹണ'മെന്നു പറയുന്നു. എന്നാല്‍ ഉപച്ഛായ പതിക്കുന്നിടത്താകട്ടെ, സൂര്യന്‍ ഭാഗികമായി മാത്രമേ മറയപ്പെടുകയുള്ളു. അവിടെ 'ഭാഗിക ഗ്രഹണം' സംഭവിക്കുന്നു. മിക്ക സൂര്യഗ്രഹണങ്ങളും ഭാഗികമാണ്.
പൂര്‍ണ സൂര്യഗ്രഹണം അത്യപൂര്‍വവും അതീവ ശ്രദ്ധേയവുമായൊരു പ്രതിഭാസമാണ്. പകല്‍ ഗ്രഹണാരംഭത്തോടെ കുറേശ്ശെക്കുറേശ്ശെയായി അന്തരീക്ഷവും ചുറ്റുപാടുകളും ഇരുളടഞ്ഞു വരികയും നിമിഷനേരത്തേക്ക് പൂര്‍ണാന്ധകാരം വ്യാപിക്കുകയും പിന്നീട് അല്പാല്പമായി വെളിച്ചം തിരിച്ചുവരികയും ചെയ്യുന്നു. ഈ അവസരത്തില്‍ ചന്ദ്രക്കലപോലെ പല വലുപ്പത്തില്‍ സൂര്യനെ ദര്‍ശിക്കാം. സൂര്യന്റെ പ്രകാശ സ്രോതസ്സായ പ്രഭാമണ്ഡലം (photosphere) നിശ്ശേഷം മറയുന്ന അവസരത്തില്‍ ബെയ്ലി മുത്തുകള്‍ (Bailey's beads) ചുറ്റും കാണാം. ചന്ദ്രഗര്‍ത്തങ്ങളിലൂടെ അല്പാല്പം കടന്നു വരുന്ന സൂര്യപ്രകാശമാണതിനു കാരണം. പൂര്‍ണഗ്രഹണത്തിന്റെ തുടക്കത്തിലും അന്ത്യത്തിലും ചിലപ്പോള്‍ വലിയ ഗര്‍ത്തങ്ങളില്‍ക്കൂടി വലിയ അളവില്‍ പ്രകാശം കടന്നു വരാം. ഇതു 'വജ്രമോതിരം' (Diamond Ring) എന്നറിയപ്പെടുന്നു. സാധാരണ പരിതഃസ്ഥിതിയില്‍ പ്രഭാമണ്ഡലത്തിന്റെ ജാജ്വല്യപ്രഭമൂലം അഗോചരമായിരിക്കുന്ന സൂര്യാന്തരീക്ഷമായ 'വര്‍ണഗോള'(chromosphere)വും 'കൊറോണ' (corona)യും പൂര്‍ണ സൂര്യഗ്രഹണ വേളയില്‍ പ്രകാശമാനമായി കാണപ്പെടും. 'പ്രോമിനന്‍സുകള്‍' (prominences) 'ജ്വാലകള്‍' (flares) തുടങ്ങി സൂര്യോപരിതലത്തിലുള്ള പല പ്രതിഭാസങ്ങളും ഈ അവസരത്തില്‍ ദൃശ്യമാകും. 1980 ഫെ. 16-ന് ഇന്ത്യയില്‍ ഉണ്ടായത് ഇത്തരമൊരു പൂര്‍ണ സൂര്യഗ്രഹണമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള അനവധി ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ഈ അവസരം വിനിയോഗിച്ച് സൂര്യന്റെ ഘടനയെയും കാന്തി-അയണിത-മണ്ഡലങ്ങളെയും കുറിച്ച് പഠിക്കുകയും, ഭൂമിയില്‍ പ്രകൃതിയിലും ജീവികളിലും ഗ്രഹണ വേളയിലുണ്ടാകുന്ന മാറ്റങ്ങളെയും വിവിധ പ്രതിഭാസങ്ങളെയും പറ്റി നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. സൂര്യനില്‍ നിന്നുള്ള പ്രകാശം നിലയ്ക്കുന്നതോടൊപ്പം ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളും ഏതാനും നക്ഷത്രങ്ങളും ആകാശത്തില്‍ ദൃശ്യമാകുന്ന മനോഹരമായ കാഴ്ചയും പൂര്‍ണ സൂര്യഗ്രഹണ വേളയില്‍ ഉണ്ടാകാറുണ്ട്.
ഭാഗിക ഗ്രഹണത്തില്‍ സൂര്യന്‍ പൂര്‍ണമായി മറയാത്തതുകൊണ്ട് പൂര്‍ണാന്ധകാരമുണ്ടാകില്ല.
ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനുമിടയ്ക്ക് ഭൂമി വന്നെത്തുമ്പോള്‍ ചന്ദ്രനിലേക്കുള്ള പ്രകാശം തടയപ്പെടുന്നു. അപ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്റെ പ്രകാശിത ഭാഗം മുഴുവന്‍ ഭൂമിയിലേക്ക് തിരിഞ്ഞിരിക്കുമ്പോള്‍ അതായത്, വെളുത്ത വാവിന്‍ നാളില്‍ മാത്രമേ ഇത്തരം ഗ്രഹണമുണ്ടാവുകയുള്ളു. എല്ലാ വെളുത്ത വാവിന്‍നാളിലും ചന്ദ്രഗ്രഹണമുണ്ടാകാത്തത് മുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ ചന്ദ്രന്റെയും ഭൂമിയുടെയും പരിക്രമണതലത്തിലുള്ള ചായ്വ് മൂലമാണ്.
ചന്ദ്രഗ്രഹണവേളയില്‍ ഭൂമിയുടെ നിഴലാണ് ചന്ദ്രനില്‍ പതിക്കുന്നത്. അതിനുമുണ്ട് പ്രച്ഛായയും ഉപച്ഛായയും. എന്നാല്‍ പ്രച്ഛായയില്‍ ചന്ദ്രനെത്തുമ്പോഴാണ് ഗ്രഹണം ദൃശ്യമാകുന്നത്. ഉപച്ഛായയിലെത്തുമ്പോഴുള്ള ഗ്രഹണം അദൃശ്യവും അപ്രധാനവുമാണ്. ഭൗമാന്തരീക്ഷത്തില്‍ അപഭംഗത്തിനു വിധേയമായി വന്നെത്തുന്ന സൂര്യപകാശംമൂലം, ചന്ദ്രന്‍ പൂര്‍ണമായി മറയപ്പെടുകയില്ലെന്ന വസ്തുതയും പ്രസ്താവയോഗ്യമാണ്.
മറ്റുഗ്രഹണങ്ങള്‍. വ്യാഴഗ്രഹത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങളുടെ ഗ്രഹണം ചരിത്ര പ്രാധാന്യമുള്ളവയാണ്. 1675-ല്‍ ഡാനിഷ് ശാസ്ത്രജ്ഞനായ റോമര്‍ ഈ ഗ്രഹണം നിരീക്ഷിച്ചാണ് പ്രകാശത്തിന്റെ വേഗത നിര്‍ണയിച്ചത്. സൂര്യന്‍, ഭൂമി, വ്യാഴം എന്നീ ക്രമത്തിലാണല്ലോ ഈ മൂന്നു ഗോളങ്ങളുടെയും കിടപ്പ്. വ്യാഴത്തെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ഗ്രഹത്തിനു പുറകിലും മുന്‍പിലും കാണപ്പെടും. എങ്കിലും എല്ലായ്പ്പോഴും സൂര്യനഭിമുഖമായിരിക്കുകയും ചെയ്യും. ഗ്രഹത്തിനു പുറകില്‍ ഉപഗ്രഹമെത്തുമ്പോള്‍ അത് വ്യാഴത്തിന്റെ നിഴലില്‍ പ്രവേശിക്കുകയും ഗ്രഹണമാരംഭിക്കുകയും ചെയ്യുന്നു. ഗ്രഹത്തിനു മുന്‍പിലെത്തുമ്പോഴാകട്ടെ, ഗ്രഹമുഖത്തുകൂടി ഉപഗ്രഹം നീങ്ങിപ്പോകുന്നതു കാണാം. ആദ്യത്തേതിനെ (ഉപഗ്രഹം ഗ്രഹത്തിന്റെ പുറകിലാകുമ്പോള്‍) 'മറയല്‍' (occultation) എന്നും മറ്റേതിനെ 'ഉപഗ്രഹസംക്രമണം' (transit) എന്നും പറയുന്നു. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുടെ സ്വഭാവമോ പരിപൂര്‍ണതയോ ഇവയ്ക്കില്ല.
വിദൂര നക്ഷത്രങ്ങളെ ചന്ദ്രന്‍ മറയ്ക്കുമ്പോഴുണ്ടാകുന്ന അദൃശ്യതയും ഒരു ഗ്രഹണ ഭേദമായി കണക്കാക്കാം. ഭൂമിയെ ചുറ്റുന്ന വേളയില്‍ ഏതെങ്കിലും നക്ഷത്രത്തിന്റെ മുന്‍പില്‍ ചന്ദ്രനെത്തുമ്പോഴാണീ പ്രതിഭാസം ഉടലെടുക്കുന്നത്. ചന്ദ്രന്‍ നക്ഷത്രത്തെ മറികടക്കുന്ന അവസരത്തില്‍ നക്ഷത്രം അപ്രത്യക്ഷമായിരിക്കും. അതുകഴിഞ്ഞാല്‍ വീണ്ടും ദൃശ്യമാകും.
ബുധന്‍, ശുക്രന്‍ എന്നീ അന്തര്‍ഗ്രഹങ്ങളുടെ സംക്രമണമാണ് മറ്റൊരു ഗ്രഹണ വിശേഷം, ചിലപ്പോള്‍ ഇവ സൂര്യനും ഭൂമിക്കുമിടയ്ക്ക് വന്നെത്തും. തദവസരത്തില്‍ അവയുടെ രൂപം കറുത്ത വൃത്താകൃതിയില്‍ സൂര്യബിംബത്തില്‍ ദൃശ്യമാകും. ഇത്തരം സംക്രമണങ്ങള്‍ ബുധനിലാണ് ശുക്രനെക്കാള്‍ കൂടുതലായി കാണപ്പെടുന്നത്. സൂര്യന്റെ 'ലംബനം' (Parallax) നിശ്ചയിക്കാന്‍ ശുക്രന്റെ സംക്രമണം സഹായിക്കുമെന്ന് ആദ്യം കണ്ടെത്തിയത് ഹാലിയാണ്.
ഗ്രഹണയുഗ്മതാരകള്‍-ദ്വന്ദ്വ നക്ഷത്രങ്ങളിലൊന്ന് മറ്റേതിന്റെ പുറകില്‍പ്പെട്ട് ഭൂമിയിലെ നിരീക്ഷകന് അദൃശ്യമായിത്തീരുന്നത്- ഗ്രഹണത്തിന്റെ മറ്റൊരു വകഭേദമാണ്. 'അല്‍ഗോള്‍' (Algol) ഒരുദാഹരണം (നോ: ഗ്രഹണയുഗ്മതാരക). മനുഷ്യന്‍ മറ്റു ഗ്രഹങ്ങളില്‍ ചെന്നെത്തുമ്പോള്‍ 'ഭൂഗ്രഹണം' ദര്‍ശിക്കാന്‍ സാധിച്ചേക്കും. ഭൂമി സൂര്യനെ മറയ്ക്കുമ്പോഴുണ്ടാകുന്ന അത്തരം പ്രതിഭാസം ഭൂമിയില്‍ വച്ചുകാണുവാന്‍ സാധ്യമല്ലല്ലോ.
ഗ്രഹണ നിരീക്ഷണത്തിന്റെ പ്രാധാന്യം. ഗ്രഹണവേള, ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ക്കു പലവിധത്തിലും പ്രാധാന്യമര്‍ഹിക്കുന്ന സമയമാണ്. പൂര്‍ണ സൂര്യഗ്രഹണവേളയാകട്ടെ അതിപ്രധാനവും. സൂര്യന്റെ രാസഘടന, അന്തരീക്ഷമായ വര്‍ണഗോളം, കൊറോണ, ഉപരിതല സ്വഭാവങ്ങള്‍ തുടങ്ങിയവയുടെ പഠനത്തിന് പൂര്‍ണ സൂര്യഗ്രഹണ നിരീക്ഷണം സഹായിക്കുന്നു. സൂര്യന്റെ ഗുരുത്വാകര്‍ഷണം മൂലം പിന്നണിയിലുള്ള നക്ഷത്രങ്ങളില്‍ നിന്നു വരുന്ന പ്രകാശത്തിനുണ്ടാകുന്ന വിചലനം (deflection) പൂര്‍ണ ഗ്രഹണവേളയില്‍ വ്യക്തമായിക്കാണാം. ഐന്‍സ്റ്റൈനിന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് തെളിവായി മാറിയ വസ്തുതകളിലൊന്നാണ് ഈ വിചലനം. സൗരസ്പെക്ട്രപഠനത്തിന് ഗ്രഹണവേള ഏറ്റവും യോജിച്ചതാണ്. മറ്റു നക്ഷത്രങ്ങളുടെ ഘടന മനസ്സിലാക്കാനും ഇത്തരം സ്പെക്ട്ര പഠനം ഉതകും.
സൂര്യചന്ദ്രന്മാര്‍ പരസ്പരം വിപരീത സ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന സമയം കൃത്യമായി തിട്ടപ്പെടുത്തുന്നതിനും ചന്ദ്രഗ്രഹണം ഉപയുക്തമാണ്. അതോടൊപ്പം ഭൂമിയുടെ ചലനത്തിന്റെ സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കണക്കാക്കാനും പറ്റും. ഭൂമിയുടെ അന്തരീക്ഷത്തിനു ഗ്രഹണംമൂലമുണ്ടാകുന്ന മാറ്റങ്ങള്‍, അയണിത മണ്ഡലത്തിന്റെ സ്വഭാവം, വേലിയേറ്റവും വേലിയിറക്കവും തുടങ്ങിയവയെപ്പറ്റിയുള്ള പഠനങ്ങള്‍ ഇവയ്ക്കും ഗ്രഹണ നിരീക്ഷണം ഉതകുന്നു. ഗ്രഹണവേളയില്‍ റോക്കറ്റും ഉപഗ്രഹങ്ങളും വിക്ഷേപിച്ചും ഫോട്ടോഗ്രാഫി, സ്പെക്ട്രപഠനം എന്നിവവഴിയും പല പ്രധാന നിമഗനങ്ങളിലും എത്തിച്ചേരാന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
(പ്രൊഫ. പി.സി. കര്‍ത്താ)