This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പ്രാചീനചരിത്രം)
(പോര്‍ച്ചുഗീസുകാരുടെ കീഴില്‍)
വരി 190: വരി 190:
1498-ല്‍ വാസ്കോ ദ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം കോഴിക്കോട്ടെത്തി. സാമൂതിരിയില്‍ നിന്നുള്ള എതിര്‍പ്പും അറബികളില്‍ നിന്നുള്ള മത്സരവുംമൂലം കോഴിക്കോട്ട് നിലയുറപ്പിക്കാനുള്ള ആഗ്രഹം പോര്‍ച്ചുഗീസുകാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ അവര്‍ വടക്കന്‍ കടലോരത്തേക്ക് നീങ്ങി. അല്‍ഫോണ്‍സോ ദ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം 1510-ല്‍ ഗോവയില്‍ (പഴയ ഗോവ) എത്തി ബിജാപ്പൂര്‍ സുല്‍ത്താനായ ആദില്‍ഷായെ പരാജയപ്പെടുത്തി. 1510 ന. 25-ന് രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് ആല്‍ബുക്കര്‍ പൂര്‍ണ വിജയം നേടിയത്. അങ്ങനെ ഗോവ പൗരസ്ത്യ തീരത്തെ ആദ്യ പോര്‍ച്ചുഗീസ് കോളനിയായി. രണ്ടു ലക്ഷമായിരുന്നു അന്ന് ഇവിടത്തെ ജനസംഖ്യ.
1498-ല്‍ വാസ്കോ ദ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം കോഴിക്കോട്ടെത്തി. സാമൂതിരിയില്‍ നിന്നുള്ള എതിര്‍പ്പും അറബികളില്‍ നിന്നുള്ള മത്സരവുംമൂലം കോഴിക്കോട്ട് നിലയുറപ്പിക്കാനുള്ള ആഗ്രഹം പോര്‍ച്ചുഗീസുകാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ അവര്‍ വടക്കന്‍ കടലോരത്തേക്ക് നീങ്ങി. അല്‍ഫോണ്‍സോ ദ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം 1510-ല്‍ ഗോവയില്‍ (പഴയ ഗോവ) എത്തി ബിജാപ്പൂര്‍ സുല്‍ത്താനായ ആദില്‍ഷായെ പരാജയപ്പെടുത്തി. 1510 ന. 25-ന് രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് ആല്‍ബുക്കര്‍ പൂര്‍ണ വിജയം നേടിയത്. അങ്ങനെ ഗോവ പൗരസ്ത്യ തീരത്തെ ആദ്യ പോര്‍ച്ചുഗീസ് കോളനിയായി. രണ്ടു ലക്ഷമായിരുന്നു അന്ന് ഇവിടത്തെ ജനസംഖ്യ.
 +
 +
[[ചിത്രം:Goa fort 1.png|200px|right|thumb|ഗോവ അഗ് വാഡാ കോട്ട]]
    
    
പ്രകൃതിദത്തമായ തുറമുഖങ്ങളും വിസ്തൃതമായ നദികളും ഉള്ള ഗോവ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കുമുള്ള ഒരു കേന്ദ്രമായി വികസിപ്പിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഒട്ടും സമയം വേണ്ടിവന്നില്ല. ഇന്ത്യയില്‍ ആദ്യമായി സങ്കേതമുറപ്പിച്ച യൂറോപ്യര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ വിട്ടതും അവരാണ്. പഴയ ഗോവയില്‍  ആധിപത്യമുറപ്പിച്ച അവര്‍ 16-ാം ശ.-ത്തോടെ ഗോവ മുഴുവനും ബാര്‍ഡസ്-സാല്‍സെറ്റ് പ്രവിശ്യകളും ദാമന്‍-ദിയു-നഗര്‍ ഹവേലി പ്രവിശ്യകളും സ്വന്തമാക്കി. 1542-ല്‍ ക്രിസ്തുമത പ്രചാരണത്തിനായി ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലെത്തിയതോടെ ഇവിടെ വ്യാപകമായ മതപരിവര്‍ത്തനം നടന്നു.
പ്രകൃതിദത്തമായ തുറമുഖങ്ങളും വിസ്തൃതമായ നദികളും ഉള്ള ഗോവ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കുമുള്ള ഒരു കേന്ദ്രമായി വികസിപ്പിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഒട്ടും സമയം വേണ്ടിവന്നില്ല. ഇന്ത്യയില്‍ ആദ്യമായി സങ്കേതമുറപ്പിച്ച യൂറോപ്യര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ വിട്ടതും അവരാണ്. പഴയ ഗോവയില്‍  ആധിപത്യമുറപ്പിച്ച അവര്‍ 16-ാം ശ.-ത്തോടെ ഗോവ മുഴുവനും ബാര്‍ഡസ്-സാല്‍സെറ്റ് പ്രവിശ്യകളും ദാമന്‍-ദിയു-നഗര്‍ ഹവേലി പ്രവിശ്യകളും സ്വന്തമാക്കി. 1542-ല്‍ ക്രിസ്തുമത പ്രചാരണത്തിനായി ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലെത്തിയതോടെ ഇവിടെ വ്യാപകമായ മതപരിവര്‍ത്തനം നടന്നു.

16:24, 22 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഗോവ

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഏറ്റവും ചെറിയ സംസ്ഥാനം. പോര്‍ച്ചുഗീസ് ചരിത്രസ്മാരകങ്ങളാല്‍ സമ്പന്നവും പാശ്ചാത്യപൗരസ്ത്യ സംസ്കാരങ്ങള്‍ ഇടകലര്‍ന്നതുമായ പ്രമുഖ ഇന്ത്യന്‍ കടലോര സുഖവാസ കേന്ദ്രമാണ് ഗോവ. 1987 മേയ് 30-ന് ഗോവ സംസ്ഥാനപദവി നേടി. അതിനുമുന്‍പ് 25 വര്‍ഷത്തോളം ദാമന്‍, ദിയു പ്രവിശ്യകളോടൊപ്പം ഗോവ ഒരു സംയുക്ത കേന്ദ്രഭരണ പ്രദേശമായിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനമാണ് ഗോവ. ദാമനും ദിയുവും കേന്ദ്രഭരണ പ്രദേശങ്ങളായി തുടരുന്നതിനാല്‍ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണത്തില്‍ (ആറ്) കുറവില്ല. 1961 ഡി. 19-നാണ് 451 വര്‍ഷത്തെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ-ദാമന്‍-ദിയു പ്രവിശ്യകള്‍ മോചിതമായി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. വെണ്‍മണല്‍ നിറഞ്ഞ കടല്‍ത്തീരവും തെങ്ങിന്‍ തോട്ടത്തിന്‍ തണല്‍ വിരിക്കുന്ന ഭൂപ്രകൃതിയും ഗോവയെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.

വ. മഹാരാഷ്ട്ര സംസ്ഥാനത്തിനും കിഴക്കും തെക്കും കര്‍ണാടക സംസ്ഥാനത്തിനും പ. അറബിക്കടലിനും മധ്യേയാണ് സംസ്ഥാനത്തിന്റെ കിടപ്പ്. കി. സഹ്യപര്‍വതവും വ. ടിറക്കോള്‍ നദിയും സംസ്ഥാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നു. കര്‍ണാകത്തോടു ചേര്‍ന്നു കിടക്കുന്ന ഇടതൂര്‍ന്ന വനങ്ങളാണ് ഗോവയുടെ തെക്കേ അതിര്‍ത്തി. സംസ്ഥാനത്തിന് വ.കി. 105 കി.മീ. നീളവും കി.പ. 60 കി.മീ. വീതിയുമുണ്ട്.

മാണ്ഡവി നദിയുടെ ഇടത്തേക്കരയില്‍ വ്യാപിച്ചുകിടക്കുന്ന പനാജി (പഴയ പേര് പഞ്ചിം) ആണ് ഗോവയുടെ തലസ്ഥാനം. ഇവിടേക്ക് വികസിതമായ റോഡ്-റെയില്‍-ജല-വ്യോമ ഗതാഗത സൗകര്യമുണ്ട്. വാസ്കോ ദ ഗാമ, മഡ്ഗാവ് എന്നിവയാണ് പനാജിക്കടുത്ത റെയില്‍വേ സ്റ്റേഷനുകള്‍; ഡബോളിം (29 കി.മീ.) അടുത്ത വിമാനത്താവളവും. മുംബൈയില്‍ നിന്ന് 568 കി. മീറ്ററും ബാംഗ്ളൂരില്‍ നിന്ന് 581 കി.മീറ്ററും (റോഡ്) ദൂരമുണ്ട് പനാജിയിലേക്ക്. മൊത്തം വിസ്തൃതി: 3,702 ച.കി.മീ. തലസ്ഥാനം: പനാജി; മര്‍ഗോവേ, വാസ്ഗോദ ഗാമ, മപുസ, വോണ്ട-എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍. ജനസംഖ്യ: 1,457,723 (2010).


ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂപ്രകൃതി

നൂറ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മനോഹരമായ കടല്‍ത്തീരമാണ് ഗോവന്‍ ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. ഉയരംകുറഞ്ഞ ഗിരിനിരകളും ചെറിയ കുന്നിന്‍ പ്രദേശങ്ങളും സമതലങ്ങളും അപൂര്‍വമല്ല. ഭൂഘടന കി. സഹ്യാദ്രി നിരകളില്‍ നിന്നും പടിഞ്ഞാറോട്ട് ചാഞ്ഞിറങ്ങുന്നു. നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും മാവിന്‍തോട്ടങ്ങളും കൊണ്ട് ഹരിതാഭമായ പ്രകൃതി ഗോവയുടെ മറ്റൊരു പ്രത്യേകതയാണ്. അത്യാകര്‍ഷകങ്ങളായ കടപ്പുറങ്ങളാണ് മറ്റൊരു പ്രത്യേകത. നദീതീരങ്ങളുടെ തുരുത്തുകളും കൃഷിയിടങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു. 36 ദ്വീപുകളുള്ളതില്‍ തിസ്വാഡി ഗ്രൂപ്പ് ഏറെ പ്രസിദ്ധിനേടിയിട്ടുള്ളതാണ്. പനാജിയും മര്‍മഗോവയുമാണ് പ്രധാന തുറമുഖങ്ങള്‍; സെന്‍ സാഗര്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും (1,150 മീ.) കറ്റഞ്ചിമല്‍ (1,100 മീ.), വെഗൂറിം (1,055 മീ.), മോര്‍ലെം കോഗര്‍ (1,024 മീ.) എന്നിവ സഹ്യാദ്രിയിലെ മറ്റ് ഉയര്‍ന്ന ഗിരിശൃങ്ഗങ്ങളുമാണ്.

കാലാവസ്ഥ

ന.-ഫെ. മാസങ്ങളിലാണ് ഏറ്റവും സുഖകരമായ കാലാവസ്ഥ. ജൂണ്‍-സെപ്. മഴക്കാലമാണ്. വേനല്‍ക്കാലത്ത് 24oC മുതല്‍ 32oC വരെയും ശൈത്യകാലത്ത് 21oC മുതല്‍ 32oC വരെയും ചൂട് അനുഭവപ്പെടുന്നു. ജൂണ്‍-സെപ്. മാസങ്ങളില്‍ 3,200 മി. മീ. മഴ ലഭിക്കാറുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1,022 മീ. ഉയരത്തിലുള്ള സംസ്ഥാനത്തിന്റെ കിടപ്പ് കാലാവസ്ഥയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു.

ജലസമ്പത്ത്

സഹ്യാദ്രിനിരകളില്‍ നിന്നുദ്ഭവിക്കുന്ന പത്തു നദികളാണ് ഗോവയെ ജലസിക്തമാക്കുന്നത്. ഇവയില്‍ മാണ്ഡവി, സുവാറി എന്നിവയാണ് പ്രധാനം. ടിറക്കോള്‍, ചപോറ, സാള്‍, തള്‍പ്പോന, ബാഗ തുടങ്ങിയ നദികളെല്ലാം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്നു. ഇവയില്‍ മിക്കതും ഗതാഗതയോഗ്യമാണ്. അനേകം കായലുകളും ഈ സംസ്ഥാനത്തുണ്ട്. മായം, കാരമ്പോളിം എന്നീ കായലുകള്‍ പ്രകൃതി രമണീയങ്ങളാണ്. ഇതില്‍ ആദ്യത്തേത് ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ ഖ്യാതി നേടിയിട്ടുണ്ട്.

ജൈവസമ്പത്ത്

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കാണാറുള്ള ജൈവ വൈവിധ്യമാര്‍ന്ന നിത്യഹരിത വനങ്ങള്‍ പശ്ചിമ ഘട്ടത്തിലുണ്ട്. 250 ച.കി.മീ. സ്ഥലത്ത് ഇത്തരം വനങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറെ ഉയര്‍ന്ന മരങ്ങളും ഇടതൂര്‍ന്ന കാടുകളും വള്ളിപ്പടര്‍പ്പുകളും മറ്റും വനങ്ങളില്‍ ധാരാളം കാണാം. പര്‍വതസാനുക്കളിലധികവും ഈര്‍പ്പമുള്ള ഇലപൊഴിയുംകാടുകള്‍ നിറഞ്ഞവയാണ്. മാണ്ഡവി-സുവാറി നദികളുടെ തീരങ്ങളില്‍ വിസ്തൃതങ്ങളായ മാന്തോപ്പുകളുണ്ട്. തീരപ്രദേശങ്ങളില്‍ കാറ്റാടിമരങ്ങള്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്നു.

സതാറി, സംഗം, കാനക്കോന എന്നീ താലൂക്കുകളിലെ മലമ്പ്രദേശങ്ങളിലും താഴ്വരകളിലുമാണ് ഇടതൂര്‍ന്ന വനങ്ങള്‍ അധികമായുള്ളത്. 349 ച.കി.മീ. വനം ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും ധര്‍മസ്ഥാപനങ്ങളുടെയും മറ്റും നിയന്ത്രണത്തിലാണ്. ഈറ, കരിമ്പ്, പുകയില, പഴവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, തേന്‍ തുടങ്ങിയവയാണ് പ്രധാന വനവിഭവങ്ങള്‍.

പശ്ചിമഘട്ടങ്ങളില്‍ വിവിധ ജന്തുവര്‍ഗങ്ങളുണ്ട്. ബോണ്ട്ല, മോളം, കൊട്ടിഗാവ് എന്നിവയാണ് സംസ്ഥാനത്തെ വന്യമൃഗസങ്കേതങ്ങള്‍. പനാജിയില്‍ നിന്ന് 55 കി.മീ. അകലെയുള്ള ബോണ്ട്ലയാണ് ഇതില്‍ ഏറ്റവും ചെറുത് (വിസ്തീര്‍ണം 18 ച.കി.മീ.) പുള്ളിപ്പുലി, സാംബര്‍, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും മുതലകളും ഇവിടെയുണ്ട്. ഇതോടനുബന്ധിച്ച് മാനുകള്‍ക്കു വേണ്ടിയുള്ള ഒരു പാര്‍ക്കും സംവിധാനം ചെയ്തിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഈ മൃഗങ്ങളെ അടുത്തുനിന്നു കാണാനുള്ള സൗകര്യമുണ്ട്. ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനും അനുബന്ധമായുണ്ട്. പനാജിയില്‍ നിന്ന് 66 കി.മീ. അകലെ സ്ഥിതിചെയ്യുന്ന മോളം വന്യമൃഗസങ്കേതം (ഭഗവാന്‍ മഹാവീര്‍ വന്യമൃഗസങ്കേതം) 1968-ല്‍ സ്ഥാപിതമായി. 208 ച.കി.മീറ്ററാണ് ഇതിന്റെ വിസ്തൃതി. പുള്ളിപ്പുലി, സാംബര്‍, ആന തുടങ്ങിയ മൃഗങ്ങളെയും വിവിധജാതി പക്ഷികളെയും ഇഴജന്തുക്കളെയും ഇവിടെ കാണാം. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 3,36,903 മൃഗങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.

ജനങ്ങളും ജീവിതരീതിയും

ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട 'കന്നഡിഗ'രാണ് ഗോവയിലെ ആദിമ നിവാസികള്‍. പില്ക്കാലത്ത് ഇവിടെ എത്തിയ ആര്യന്‍ ജനതയുമായി കലര്‍ന്നുണ്ടായ സങ്കരവര്‍ഗം പിന്നീട് ഗോവയില്‍ ആധിപത്യം നേടി. കൊങ്കണിഭാഷയില്‍ ദ്രാവിഡപദങ്ങളുടെ സ്വാധീനം പ്രകടമായി കാണാം. അധ:സ്ഥിത സമുദായങ്ങളുടെ ഇടയില്‍ നിലവിലിരിക്കുന്ന ചില ആചാരങ്ങളും തദ്ദേശീയരുടെ ദ്രാവിഡബന്ധം പ്രകടമാക്കുന്നതാണ്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ക്ഷേത്രോത്സവങ്ങളും ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാളുകളും യൂറോപ്യന്‍ മാതൃകയിലുള്ള കാര്‍ണിവലും ജനങ്ങളുടെ മുഴുവന്‍ ഉത്സവമാണ്. നാടോടിനൃത്ത രൂപങ്ങളും സംഗീതവും കലയും ഗോവന്‍ ജീവിതവുമായി ഇഴ ചേര്‍ന്നിരിക്കുന്നു.

കൃഷിയും മത്സ്യബന്ധനവും ഖനിജ വ്യവസായവുമാണ് ജനങ്ങളുടെ മുഖ്യതൊഴില്‍ മേഖലകള്‍. വിനോദസഞ്ചാരവും ധാരാളം പേര്‍ക്ക് തൊഴില്‍ നല്കുന്നുണ്ട്. എല്ലാ തരത്തിലുമുള്ള സമുദ്ര ഭക്ഷ്യ വിഭവങ്ങളും ഇവിടെ ലഭിക്കും. അരിയാണ് മുഖ്യ ആഹാരം. മല്‍ക്കോര്‍ഡ-ഫെര്‍ണഡീന ഇനങ്ങളില്‍പ്പെട്ട ഗോവന്‍ മാമ്പഴങ്ങള്‍ പ്രസിദ്ധി നേടിയവയാണ്. മറാഠിയും കൊങ്കണിയുമാണ് മുഖ്യ വ്യവഹാര ഭാഷകള്‍.

പൊതുജനാരോഗ്യം

48 ഗവണ്‍മെന്റ് ആശുപത്രികളും 69 സ്വകാര്യ ആശുപത്രികളും 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. ഒരു മെഡിക്കല്‍ കോളജും പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍മാരുടെ എണ്ണം 1,118. 1981-ലെ കണക്കനുസരിച്ച് ജനസംഖ്യാനുപാതത്തില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ നിരക്ക് 1:972 ആണ്. ഇന്ത്യയില്‍ മൊത്തമായി ഈ നിരക്ക് 1:2699 ആകുന്നു.

വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാണ്. വിദ്യാഭ്യാസമേഖലയില്‍ 1,272 പ്രൈമറി സ്കൂളുകളും 439 മിഡില്‍ സ്കൂളുകളും 297 ഹൈസ്കൂളുകളും, 23 ഹയര്‍സെക്കന്‍ഡറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ മെഡിക്കല്‍ കോളജുകളിലൊന്നാണ് ഗോവ മെഡിക്കല്‍ കോളജ് (1842). പനാജി ആസ്ഥാനമായുള്ള ഗോവ യൂണിവേഴ്സിറ്റി 1985 ജൂണ്‍ 30-ന് നിലവില്‍ വന്നു. ഗോവയിലെ ഏക സര്‍വകലാശാലയാണിത്.

ആരാധനാലയങ്ങള്‍

ചരിത്രപ്പഴമയുള്ള ധാരാളം ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും ഗോവയിലുണ്ട്. പോര്‍ച്ചുഗീസ് ആസ്ഥാനമായിരുന്ന ഓള്‍ഡ് ഗോവയില്‍ ധാരാളം ദേവാലയങ്ങള്‍ കാണാം. സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം സൂക്ഷിച്ചിട്ടുള്ള ബസലിക്ക ഒഫ് ബോം ജീസസാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധം ('ബോം ജീസസ്' എന്ന പദത്തിന് നല്ലയേശു, ഉണ്ണിയേശു എന്നിങ്ങനെയാണ് അര്‍ഥം). 1594-ലാണ് ഈ ദേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പ്രധാന അള്‍ത്താരയില്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും അതിനു മുകളിലായി സെന്റ് ഇഗ്നേഷ്യസ് ലയോളയുടെ ഭീമാകാര പ്രതിമയും കാണാം.

വേലബസലിക്ക ബോം ജീസ്സ് ആരാധനാലയം

ക്രിസ്തുമത പ്രചരണത്തിനായി 1542-ലാണ് ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലെത്തിയത്. 1548-ല്‍ ജപ്പാനിലേക്കു പോയ അദ്ദേഹം കുറേക്കാലം അവിടെ സഭാപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു. തന്റെ ശ്രമങ്ങള്‍ക്ക് വേണ്ടത്ര ഫലം ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം ഗോവയിലേക്കു തിരിച്ചു. യാത്രാമധ്യേ ചൈനീസ് തീരത്തുള്ള സാന്‍ഡിയന്‍ ദ്വീപില്‍വച്ച് ഫ്രാന്‍സിസ് സേവ്യര്‍ മരണമടഞ്ഞു. അവിടെ അടക്കം ചെയ്ത മൃതദേഹം പിന്നീട് മലാക്കയിലേക്കു കൊണ്ടുപോയി. നാലുമാസത്തിനുശേഷം പേടകം തുറന്നുനോക്കിയപ്പോള്‍ ഭൗതിക ശരീരത്തിന് ഒരു പോറല്‍പോലും സംഭവിച്ചിട്ടില്ലെന്നു കണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമി അദ്ഭുതാദരങ്ങളോടെ മൃതദേഹം ഗോവയിലേക്ക് കൊണ്ടുപോന്നു. 1613-ല്‍ ആ വിശുദ്ധജഡം ബോം ജീസസ് പള്ളിയിലെ പ്രധാന അള്‍ത്താരയുടെ അരികില്‍ ഒരു ഗ്ലാസ് പേടകത്തില്‍ സ്ഥാപിച്ചു. 12 വര്‍ഷത്തിലൊരിക്കല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം ആരാധനയ്ക്കായി ജനങ്ങളുടെ മുന്നില്‍ തുറന്നുവയ്ക്കാറുണ്ട്. തങ്ങളുടെ ആത്മീയ ഗുരുവിന്റെ സ്മരണകള്‍ അനുസ്മരിക്കുന്ന ഗോവക്കാര്‍ അന്ന് ഉത്സവദിനമായി കൊണ്ടാടുന്നു. 1622-ലാണ് ഈ പ്രദര്‍ശനം ആദ്യമായി നടന്നത്.

സേ-കതീഡ്രലാണ് ഓള്‍ഡ് ഗോവയിലെ ഏറ്റവും വലിയ ദേവാലയം. ചര്‍ച്ച് ഒഫ് സെന്റ് ഫ്രാന്‍സിസ് ഒഫ് അസീസി (1520), ചാപ്പല്‍ ഒഫ് സെന്റ് കാതറീന്‍ (1510), ചര്‍ച്ച് ഒഫ് സെന്റ് കാജതാന്‍, ചര്‍ച്ച് ഒഫ് അവര്‍ ലേഡി ഒഫ് ദ് റോസറി (1510), ചര്‍ച്ച് ഒഫ് സെന്റ് അഗസ്റ്റിന്‍, ചാപ്പല്‍ ഒഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, ചാപ്പല്‍ ഒഫ് അവര്‍ ലേഡി ഒഫ് ദ് മൌണ്ട് (1510), ചര്‍ച്ച് ആന്റ് കോണ്‍വെന്റ് ഒഫ് സെന്റ് മോണിക്ക (1627), കോണ്‍വെന്റ് ആന്‍ഡ് ദ് ചര്‍ച്ച് ഒഫ് സെന്റ് ജോണ്‍ ഒഫ് ഗോഡ്, റോയല്‍ ചാപ്പല്‍ ഒഫ് സെന്റ് ആന്റണി ഓള്‍ഡ് എന്നിവയാണ് ഗോവയിലെ മറ്റ് പ്രധാന ദേവാലയങ്ങള്‍. സെന്റ് ആനി (തലാലിം), ഹോളി സ്പിരിറ്റ് (മഡ്ഗാവ്), സെന്റ് അലക്സ് (കുര്‍ത്തോറിം), അവര്‍ ലേഡി ഒഫ് ഇമാക്യുലേറ്റ് കണ്‍സപ്ഷന്‍ (പനാജി), റേസ് മാഗോസ് (വെരം), അവര്‍ ലേഡി ഒഫ് ഗുഡ്ഹോപ്പ് (കാന്‍ഡളിം), മാ-ദേ ദേവൂസ് (സാലിഗാവോ, ബാര്‍ഡസ്) എന്നിവയും പ്രധാനപ്പെട്ട ക്രൈസ്തവാരാധനാ കേന്ദ്രങ്ങളാണ്.

മങ്കേഷ് (മങ്കേഷി, പോണ്‍ഡ), മഹല്‍സ (മര്‍ദോല്‍), മഹാലക്ഷ്മി (പനാജി), കാമാക്ഷി (ഷിറോദ), ചന്ദ്രനാഥ (ചന്ദ്രനാഥഹില്‍), ദാമോദര്‍ (സമ്പാലിം), മല്ലികാര്‍ജുന്‍ (കാനക്കോന), കമലേശ്വര്‍ (കോഡ്ഗാവ്), സപ്തകോടേശ്വര്‍ (നരോവ), വിതല്‍ മന്ദിര്‍, ദത്തമന്ദിര്‍ (സാങ്കലിം), കലികാദേവി (കന്‍സര്‍പാല്‍), ശാന്താദുര്‍ഗ (കാവലം, പോണ്‍ഡ), നരസിംഹ (വെലിങ്ഗ, പോണ്‍ഡ), ശാന്താദുര്‍ഗ (ഫത്തോര്‍പ, കീപം), പരശുറാം (പൊയിംഗുനീം, കാനക്കോന), ബ്രഹ്മകര്‍മലി (സതാറി) തുടങ്ങിയവ പ്രധാന ക്ഷേത്രങ്ങളാണ്.

ഇബ്രാഹിം ആദില്‍ഷായുടെ കാലത്തു നിര്‍മിച്ച പോണ്‍ഡയിലെ 'സഫാഷഹൂറി മസ്ജിദ്' ആണ് (1560) ഗോവയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി. സംഗം, പനാജി, വാല്‍പോയ് എന്നിവിടങ്ങളിലെല്ലാം മുസ്ലിം ജമാ-അത്തുകളുമുണ്ട്.

ഉത്സവങ്ങള്‍

മംഗേഷിക്ഷേത്രം

ഫാല്‍ഗുന (മാര്‍ച്ച്) മാസത്തിലെ വെളുത്ത വാവു ദിവസം ഗോവയിലെങ്ങും ഹിന്ദുക്കള്‍ കൊണ്ടാടുന്ന വസന്തോത്സവം ഷിഗ്മോത്സവം എന്ന് അറിയപ്പെടുന്നു. പനാജി, മാപ്പുസ, വാസ്കോഡ ഗാമ, മഡ്ഗാവ് എന്നിവിടങ്ങളില്‍ ഇതോടനുബന്ധിച്ച് പ്രത്യേകാഘോഷങ്ങളുണ്ട്. 'സത്ര' എന്നറിയപ്പെടുന്ന ക്ഷേത്രോത്സവങ്ങള്‍ നാനാ ജാതി മതസ്ഥരെ ആകര്‍ഷിക്കുന്നു. മഹാശിവരാത്രി, രംഗപഞ്ചമി, രാമനവമി, ചിത്രപൂര്‍ണിമ, ഗോകുലാഷ്ടമി, ഗണേശചതുര്‍ഥി, ദീപാവലി, നവരാത്രി, ദസറ, കോജഗിരി പൂര്‍ണിമ, ദത്തജയന്തി എന്നിവയാണ് മറ്റു പ്രധാനോത്സവങ്ങള്‍.

മൂന്നു രാജാക്കന്മാരുടെ പെരുനാള്‍ (ജനു. 6) അവര്‍ ലേഡി ഒഫ് കാന്‍ഡലാറിയയുടെ പെരുനാള്‍ (ഫെ. 2), നൊയമ്പുകാലത്തെ അഞ്ചാം തിങ്കളാഴ്ച, നസ്രയനായ യേശുവിന്റെ പെരുനാള്‍ (ഈസ്റ്റര്‍ കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച), അവര്‍ ലേഡി ഒഫ് മിറക്കിള്‍സിന്റെ പെരുനാള്‍ (ഈസ്റ്റര്‍ കഴിഞ്ഞുള്ള 16 ദിവസം), സാവോ ജോവയുടെ പെരുനാള്‍ (ജൂണ്‍ 24), നോവിഡാഡ്സിന്റെ ഫെസ്റ്റിവല്‍ (ആഗ. 24), അവര്‍ ലേഡി ഒഫ് റോസറിയുടെ പെരുന്നാള്‍ (നവ. മൂന്നാം ബുധനാഴ്ച), സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ പെരുന്നാള്‍ (ഡി. 8), ക്രിസ്മസ് തുടങ്ങിയവയാണ് പ്രധാന ക്രൈസ്തവാഘോഷങ്ങള്‍.

ഷാ അബ്ദുള്ളയുടെ പേരിലുള്ള ഉറൂസ് മഹോത്സവം (പോണ്‍ഡ) മുസ്ലിങ്ങളുടെ മുഖ്യ ഉത്സവങ്ങളിലൊന്നാണ്.

വാസ്തുവിദ്യ

പോര്‍ച്ചുഗീസ് രീതിയിലുള്ള വാസ്തുവിദ്യ

17-ാം ശ.-ത്തില്‍ ഇറ്റലിയിലുണ്ടായ നവോത്ഥാനം യൂറോപ്യന്‍ നാടുകളിലെങ്ങുമുള്ള ശില്പകലാ ശൈലിയിലും മാറ്റങ്ങളുണ്ടാക്കി. 'ബറോക്ക്' എന്നറിയപ്പെടുന്ന ഈ നവീന വാസ്തുശില്പശൈലി ഗോവയിലെ ദേവാലയങ്ങളുടെ നിര്‍മാണത്തിലും സ്വാധീനം ചെലുത്തി. റോമിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിന്റെ മാതൃകയിലാണ് ഇവിടത്തെ സെന്റ് കാജതാന്‍ പള്ളി നിര്‍മിച്ചിട്ടുള്ളത്. ബോം ജീസസിന്റെ ദേവാലയവും സേ കത്രീഡലും 'ക്ലാസ്സിക്കല്‍ ഓര്‍ഡര്‍' ശൈലിയിലും, ചര്‍ച്ച് ഒഫ് അവര്‍ ലേഡി ഒഫ് ദ റോസറി, ചര്‍ച്ച് ഒഫ് സെന്റ് ഫ്രാന്‍സിസ് ഒഫ് അസീസി എന്നിവ 'മനോലിന്‍' ശൈലിയിലും രൂപംകൊണ്ടവയാണ്. ശില്പാശയം വിദേശികളുടേതായിരുന്നെങ്കിലും ശില്പികള്‍ തദ്ദേശീയരായിരുന്നതിനാല്‍ വ്യത്യസ്ത ശൈലിയുടെ മിശ്രണങ്ങളും കാണാം. സെന്റ് ഫ്രാന്‍സിസ് ഒഫ് അസീസിയുടെ ദേവാലയത്തിലെ ചുവര്‍ ചിത്രങ്ങളില്‍ ഇത് പ്രകടമാണ്. അവര്‍ ലേഡി ഒഫ് ദ റോസറി ദേവാലയത്തിലെ പ്രധാന ആള്‍ത്താരയ്ക്കടുത്തുള്ള സ്മാരക സ്തൂപത്തില്‍ ബിജാപ്പൂര്‍-ഗുജറാത്തി ശൈലികളുടെ സ്വാധീനം പ്രകടമായിരിക്കുന്നു. പെയിന്റിങ്ങുകളില്‍ ചിലത് ഇറ്റാലിയന്‍-ഇസ്ലാമിക്-ഗോഥിക് ശൈലികളുടെ സമ്മിശ്രങ്ങളാണ്. ബൈബിള്‍ കഥകളോ വിശുദ്ധന്മാരുടെ ജീവിത കഥകളോ ആണ് ഇവയിലെ പ്രമേയം.

കല

പാശ്ചാത്യവും പൗരസ്ത്യവുമായ വിവിധ സംസ്കാരങ്ങളുടെ സങ്കലനഭൂമിയായ ഗോവ സംഗീതത്തിനും കലയ്ക്കും നല്കിയിട്ടുള്ള സംഭാവന വളരെ വലുതാണ്. ലതാ മങ്കേഷ്കറുടെയും ആശാ ബോണ്‍സ്ളേയുടെയും പിതാവായ ദീനാനാഥ് മങ്കേഷ്കര്‍, 'ലയഭാസ്കര്‍' പഠ്വര്‍കര്‍, ശ്രീമതി ഹീരാഭായ് പെഡ്നേക്കര്‍, കേസര്‍ബായ് കേട്കര്‍, മൊഗുബായ് കുര്‍ദീകര്‍, കിഷോറി അമോങ്കര്‍ എന്നീ പ്രശസ്ത സംഗീതജ്ഞര്‍ ഗോവക്കാരാണ്. 'ഹിപ്നോട്ടിസ'ത്തിന്റെ പിതാവെന്നു അറിയപ്പെടുന്ന അബ്ബ ഫാരിയ (പനാജിയില്‍ ഇദ്ദേഹത്തിന്റെ പ്രതിമയുണ്ട്) കാന്‍ഡലിന്‍ ഗ്രാമക്കാരനായിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം അരങ്ങേറുന്ന തിയെറ്റര്‍ കോംപ്ലക്സ്

ഫുട്ബോളാണ് മുഖ്യകളി. ഫുട്ബോളിനായി ഒഴിച്ചിട്ടിട്ടുള്ള കുറെ സ്ഥലവും ഗോള്‍പോസ്റ്റും ഗോവയിലെ ഏതു ഗ്രാമത്തിലും കണ്ടെത്താം. ബ്രഹ്മാനന്ദ് ശങ്കുവാള്‍ക്കര്‍, മൊറീഷ്യോ അല്‍ഫോണ്‍സോ, സേവിയോ മദേറ തുടങ്ങിയവര്‍ ഗോവയിലെ പ്രമുഖ ഫുട്ബോള്‍ താരങ്ങളാണ്. മര്‍മഗോവയ്ക്കടുത്ത ഫത്തോര്‍ദയില്‍ 9 കോടി രൂപ ചെലവില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച നെഹ്റു സ്റ്റേഡിയം 1989 ജനു. 19-ന് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയുണ്ടായി. വോളിബോള്‍, ക്രിക്കറ്റ്, ഹോക്കി, കബഡി എന്നീ കളികളും പ്രചാരം നേടിവരുന്നു.

പെരനി, ജാഗര്‍ എന്നിങ്ങനെ രണ്ടുതരം നാടോടി നാടകങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ട്. ഗോഫ്, തല്‍ഗഡി, ഷിഗ്മോ, മാന്‍ഡോ, ഫഗ്ഡി, ധാലോ, ദേഖ്നി, മസല്‍ഖല്‍, ഘോടേ-മോദ്നി, വീരഭദ്ര, ഹാന്‍പെട്ട്, സുവാരി തുടങ്ങിയ നാടോടി നൃത്തരൂപങ്ങള്‍ ഗോവന്‍ ജീവിതവുമായി അലിഞ്ഞു ചേര്‍ന്നവയാണ് മാണ്ഡവി നദിക്കരയിലുള്ള കലാ അക്കാദമി സംഗീതം, സാഹിത്യം, രംഗകലകള്‍ തുടങ്ങിയവയുടെ പ്രോത്സാഹനാര്‍ഥം സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഗോവയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള 27 നാടോടി നൃത്തരൂപങ്ങള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സദസ്സുകളില്‍ അരങ്ങേറാറുണ്ട്.

വിനോദസഞ്ചാരം

കടലോര സുഖവാസ കേന്ദ്രമായ ഗോവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ഷന്തോറും വര്‍ധിച്ചുവരുന്നു. പത്തുലക്ഷത്തിലധികം ആളുകള്‍ വര്‍ഷന്തോറും ഇവിടെ എത്താറുണ്ടെന്നാണ് കണക്ക്. ഇവരില്‍ 1.25 ലക്ഷത്തോളം പേര്‍ വിദേശികളാണ്.

വെര്‍ക്ക കടല്‍ത്തീരത്തെ വിനോദസഞ്ചാരം

കടല്‍പ്പുറങ്ങളാണ് ഗോവയുടെ മുഖ്യ ആകര്‍ഷണം. കലാങ്കോട്, ബാഗ, കോള്‍വ, ബനാലിം,  വാഗത്തോര്‍, ചപോറ, അന്‍ജൂന, മിറാമര്‍, ഡോണ പോള എന്നീ കടലോരങ്ങള്‍ ലോകപ്രശസ്തി നേടിയവയാണ്. പനാജിയില്‍ നിന്ന് 16 കി.മീ. അകലെയുള്ള കലാങ്കോട് ബീച്ചിനാണ് ഏറെ പ്രശസ്തി. സഞ്ചാരികള്‍ക്ക് ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമുള്ള ധാരാളം സൗകര്യങ്ങള്‍ ഇവിടെയുണ്ട്. തെക്കന്‍ ഗോവയില്‍ വെല്‍ക്കാവോ മുതല്‍ ബേടുര്‍ വരെ 28 കി.മീ. ദൈര്‍ഘ്യമുള്ള കടലോരം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.

ആദില്‍ഷാ നിര്‍മിച്ച കോട്ടയുടെ ഭാഗമായ 'വൈസ്രോയിയുടെ ആര്‍ച്ച്', പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച അഗൂദാകോട്ട (1609-12, പനാജിയില്‍ നിന്ന് 18. കി.മീ.), ദൂദ് സാഗര്‍ ജലപാതം (കോലം റെയില്‍വേസ്റ്റേഷനില്‍ നിന്ന് 10. കി.മീ.), ഗോവയിലെ ആര്‍ക്കൈവ്സ് മ്യൂസിയം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഗോവ വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ നോര്‍ത്ത് ഗോവ, സൗത്ത് ഗോവ, ബീച്ചുകള്‍, ദൂദ്സാഗര്‍ ജലപാതം എന്നിവിടങ്ങളിലേക്ക് നിത്യേന ടൂറിസ്റ്റ് ബസുകള്‍ ഏര്‍പ്പെടുത്തി യിരിക്കുന്നു. മാണ്ഡവി നദിയില്‍ ഉല്ലാസയാത്രയ്ക്കായി ബോട്ട് സര്‍വീസുണ്ട്. സംസ്ഥാനത്തെ മൂന്ന് വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും സാലിം അലി പക്ഷിനിരീക്ഷണകേന്ദ്രവും സന്ദര്‍ശനയോഗ്യമാണ്.

സന്ദര്‍ശകരുടെ നിലയ്ക്കാത്ത പ്രവാഹം അനുഭവപ്പെടുന്ന സ്ഥലമാണ് പഴയ ഗോവ. പനാജിക്ക് 9 കി.മീ. കിഴക്കു സ്ഥിതി ചെയ്യുന്ന ഈ പഴയ രാജധാനി ഇന്ന് പ്രതാപം അയവിറക്കിക്കഴിയുന്നു. പ്രാചീന ദേവാലയങ്ങള്‍ക്കൊപ്പം 1964-ല്‍ ഇവിടെ സജ്ജീകരിക്കപ്പെട്ട പുരാവസ്തു മ്യൂസിയവും പോര്‍ട്രേറ്റ് ഗാലറിയും മറ്റുമാണ് ഇവിടത്തെ ആകര്‍ഷണ കേന്ദ്രങ്ങള്‍. സേ-കതീഡ്രലിനു പ. സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയുടെ ഒരു ഭാഗത്താണ് മ്യൂസിയം.

സമ്പദ് വ്യവസ്ഥ

മണ്ണ്

സതാറി താലൂക്കിന്റെ വടക്കുകിഴക്കേ അതിര്‍ത്തിയിലുള്ള ചില പ്രദേശങ്ങള്‍ ഒഴിച്ച് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം പ്രീ-കാംബ്രിയന്‍ മഹാകല്പത്തെ ശിലാവ്യൂഹങ്ങളാണു കാണുന്നത്. വെട്ടുകല്‍ നിറഞ്ഞതും എക്കല്‍ കലര്‍ന്നതും മണല്‍ നിറഞ്ഞതും ലവണം കലര്‍ന്നതും ചതുപ്പു നിറഞ്ഞതുമായ വ്യത്യസ്ത മണ്ണിനങ്ങളാണ് ഇവിടെയുള്ളത്. ധാതുസമ്പുഷ്ടമാണ് മണ്ണ്.

കൃഷി

കാര്‍ണിവലിലെ ഒരു പ്ലോട്ട്

കോളനിവാഴ്ചക്കാലത്ത് ഗോവയുടെ കാര്‍ഷിക മേഖല അവഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം സാമ്പത്തിക വികസന പരിപാടികളില്‍ കൃഷിക്കു മുഖ്യമായ സ്ഥാനം ലഭിച്ചു. നെല്ലാണ് മുഖ്യവിള. ഖാരീഫ് (ജൂണ്‍/സെപ്.), റാബി (ഒ.-ഫെ.) എന്നിവയാണ് നെല്‍ക്കൃഷിയുടെ കാലം. 2,07,069 ടണ്‍ ആണ് വാര്‍ഷിക നെല്ലുത്പാദനം. പയര്‍ വര്‍ഗങ്ങളും റാഗി തുടങ്ങിയ ധാന്യങ്ങളും വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തേങ്ങ, കശുവണ്ടി, അടയ്ക്ക, കരിമ്പ് എന്നിവയും കൈതച്ചക്ക, ചക്ക, വിവിധയിനം മാമ്പഴങ്ങള്‍, വാഴപ്പഴം തുടങ്ങിയവയും ധാരാളമായി ഇവിടെ ഉത്പാദിപ്പിക്കുന്നു.

ഗോവക്കാരുടെ പ്രിയപ്പെട്ട വിളയാണ് തെങ്ങ്. 'മഡ്' എന്നത്രെ തെങ്ങിന് ഇവിടത്തെ പേര്. ഉയരം കൂടിയ ഇനത്തില്‍പ്പെടുന്ന ബനോളിം ആണ് പ്രചാരം നേടിയിട്ടുള്ള തെങ്ങിനം. ഒരു ഗ്രാമത്തിന്റെ പേരാണ് ബനോളിം. മഡ്ഗാവ് (തെങ്ങുള്ള ഗ്രാമം) എന്നാണ് ബനോളിം ഇപ്പോള്‍ കൂടുതലായറിയപ്പെടുന്നത്. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ഒരു ഉപകേന്ദ്രം പഴയ ഗോവയിലുണ്ട്.

ജലസേചനവും വൈദ്യുതിയും

പുതുവര്‍ഷ കലാപരിപാടികള്‍

നദീസമ്പത്തിനാല്‍ അനുഗൃഹീതമായ ഗോവയില്‍ ജലസേചന പദ്ധതികള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. കൃഷിഭൂമിയുടെ 8.79 ശതമാനത്തോളം പ്രദേശത്ത് ജലസേചന സൗകര്യമുണ്ട്. സെലാലിം, അഞ്ജൂനെം എന്നീ ഡാമുകള്‍ ഭാഗികമായി കമ്മിഷന്‍ ചെയ്തതോടെ കൂടുതല്‍ സ്ഥലത്തേക്ക് ജലം എത്തിത്തുടങ്ങിയിട്ടുണ്ട്. തിലാരിഡാമിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. ഈ പദ്ധതികള്‍ പൂര്‍ണമായി നടപ്പില്‍ വരുന്നതോടെ 29,584 ഹെക്ടര്‍ സ്ഥലംകൂടി ജലസേചന സൗകര്യമുള്ളതാകും.

സംസ്ഥാനത്ത് ആകെയുള്ള 386 ഗ്രാമങ്ങളില്‍ എട്ടെണ്ണം ഡാമുകളുടെ നിര്‍മാണംമൂലം വെള്ളത്തിനടിയിലായി. ഒരു ഗ്രാമം ആള്‍പ്പാര്‍പ്പില്ലാത്തതാണ്. ബാക്കിയുള്ള 377 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഗോവയിലെ 13 ഗ്രാമങ്ങളില്‍ മാത്രമേ വൈദ്യുതി എത്തിയിരുന്നുള്ളു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും മഹാരാഷ്ട്രയിലും നിന്നാണ് സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത്.

വനസമ്പത്ത്

സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ 28.4 ശ. മാ. വനമാണ്. 1963-64 മുതലാണ് ഇവിടെ ശാസ്ത്രീയമായ വനപാലന-വികസന ശ്രമങ്ങള്‍ ആരംഭിച്ചത്. വന്‍തോതിലുള്ള തോട്ടക്കൃഷി ആരംഭിച്ചതും ഇതിനുശേഷമാണ്. തേക്കും (9,728 ഹെ.) യൂക്കാലിപ്റ്റസും (5,289 ഹെ.) റബ്ബറും (580 ഹെ.) കശുമാവും (9,510 ഹെ.) ആണ് പ്രധാന തോട്ടവിളകള്‍.

മത്സ്യബന്ധനം

മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍

105 കി.മീ. ദൈര്‍ഘ്യമുള്ള ഗോവന്‍ തീരക്കടല്‍ മത്സ്യസമ്പത്തിനാല്‍ സമൃദ്ധമാണ്. നദികളും കായലുകളും ധാരാളം മത്സ്യശേഖരമുള്ളവ തന്നെ. പരമ്പരാഗതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ് ജനങ്ങളിലധികവും. 600-ലധികം യന്ത്രവത്കൃതബോട്ടുകളും രംഗത്തുണ്ട്. 40,000-ത്തിലധികം പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്കുന്നു. വര്‍ഷന്തോറും 56,000 ടണ്‍ മത്സ്യം ഇവിടെ നിന്നു ലഭിക്കുന്നുണ്ട്.

ധാതുസമ്പത്ത്

ധാതുസമ്പത്തിനാല്‍ അനുഗൃഹീതമായ സംസ്ഥാനമാണ് ഗോവ. ഇരുമ്പയിര്, മാങ്ഗനീസ്, ഫെറോ-മാങ്ഗനീസ്, ബോക്സൈറ്റ്, സിലിക്ക എന്നിവയാണ് ഇവിടെ നിന്നും ഖനനം ചെയ്യുന്ന മുഖ്യ ധാതുക്കള്‍. സംസ്ഥാനത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് ഖനിജ വ്യവസായം ഗണ്യമായി സഹായിക്കുന്നുണ്ട്.

ഖനനം

ഇരുമ്പയിര്, ബോക്സൈറ്റ്, ഫെറോ മാങ്ഗനീസ് എന്നിവയാണ് ഇവിടെ ഖനനം ചെയ്യുന്ന പ്രധാന ധാതുദ്രവ്യങ്ങള്‍. ഇവയുടെ കയറ്റുമതിയില്‍ നിന്ന് ഗണ്യമായ വിദേശ നാണ്യം ലഭിക്കുന്നു. ചുണ്ണാമ്പുകല്ലും കളിമണ്ണും ഇതര ഖനിജങ്ങളാണ്. 58 ശ.മാ. ഇരുമ്പിന്റെ അംശം അടങ്ങിയ 40.5 കോടി ടണ്‍ ഇരുമ്പയിരിന്റെ ശേഖരം ഇവിടെയുണ്ടെന്നു കണക്കാക്കപ്പെടുന്നു. 60 ലക്ഷം ടണ്‍ വരുന്ന കറുത്ത ഇരുമ്പയിരിന്റെയും 1.2 കോടി ടണ്‍ കളിമണ്ണിന്റെയും നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാണ്ഡവി, സുവാറി എന്നീ നദികളുടെയും മര്‍മഗോവാതുറമുഖത്തിന്റെയും സാമീപ്യം ധാതുദ്രവ്യങ്ങളുടെ വേഗത്തിലുള്ള കയറ്റുമതിക്ക് സഹായകമാണ്. 1981-ല്‍ 1.19 കോടി ടണ്‍ ഇരുമ്പയിരും 1.17 കോടി ടണ്‍ മാങ്ഗനീസും ഫെറോ-മാങ്ഗനീസും ഇവിടെ നിന്നു ഖനനം ചെയ്തു. ജപ്പാനിലേക്കാണ് മുഖ്യ കയറ്റുമതി.

വ്യവസായങ്ങള്‍

ഗോവയിലെ വഴിയോര വാണിഭങ്ങള്‍

5,765 ചെറുകിട വ്യവസായ യൂണിറ്റുകളുണ്ട്. ബേക്കറി, പ്രിന്റിങ് പ്രസ്, തടിമില്ലുകള്‍, ടയര്‍ റീട്രെഡിങ് യൂണിറ്റുകള്‍, പഴ-മത്സ്യ സംസ്കരണശാലകള്‍, കശുവണ്ടി സംസ്കരണം, മൊസേക്, ടൈല്‍സ്, സോപ്പ് നിര്‍മാണം, ഫര്‍ണിച്ചര്‍ നിര്‍മാണം, ടൈപ്പ്റൈറ്റര്‍ റിബണ്‍, കാര്‍ബണ്‍ പേപ്പര്‍, ആട്ടോമൊബൈല്‍ ബാറ്ററി, പോളിത്തീന്‍ ബാഗുകള്‍, സോഡിയം സിലിക്കേറ്റ്, മത്സ്യവലകള്‍, സ്റ്റൗവുകള്‍, പാദരക്ഷകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണ് പ്രധാന ചെറുകിടവ്യവസായങ്ങള്‍. 219.09 കോടി രൂപ മുതല്‍മുടക്കുള്ള ഈ വ്യവസായ യൂണിറ്റുകളിലൂടെ 39,432-ല്‍ അധികം പേര്‍ക്ക് സ്ഥിരമായി തൊഴില്‍ ലഭിച്ചുവരുന്നു. 42 വന്‍കിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലായി 18,923 പേര്‍ പണിയെടുക്കുന്നുണ്ട്. 16 വ്യവസായ-എസ്റ്റേറ്റുകളുമുണ്ട്; ഒരു ഇലക്ട്രോണിക്സ് നഗരവും സംസ്ഥാനത്തുണ്ട്.

ഗതാഗതം

വിപുലമായ റോഡ്-റെയില്‍-ജല-വ്യോമ ഗതാഗത സൗകര്യങ്ങളുള്ള സംസ്ഥാനമാണ് ഗോവ. മൂന്നു ദേശീയ പാതകള്‍ (എന്‍.എച്ച്. 4 A, എന്‍.എച്ച്. 17, എന്‍.എച്ച്. 17 A) സംസ്ഥാനത്തിലൂടെ കടന്നുപോകുന്നുണ്ട് (മൊത്തം ദൈര്‍ഘ്യം 224. കി.മീ.). പനാജി, മഡ്ഗാവ്, വാസ്കോ ദ ഗാമ, പോണ്‍ഡ, മാപ്പുസ എന്നീ നഗരങ്ങളില്‍ ബസ് ഡിപ്പോകളുണ്ട്. കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബാംഗ്ളൂര്‍, വെല്‍ഗാം, മുംബൈ, ഗോകര്‍ണം, ഹൂബ്ലി, കാര്‍വാര്‍, മാല്‍വാര്‍, മംഗലാപുരം, മിറാജ്, മൈസൂര്‍, പുണെ, രത്നഗിരി, വെങ്ഗൂര്‍ല, എന്നിവിടങ്ങളിലേക്ക് അന്തര്‍-സംസ്ഥാന ബസ് സര്‍വീസ് നടത്തുന്നു. മോട്ടോര്‍ ബൈക്ക്, ടാക്സികള്‍ എന്നിവയുടെ ബാഹുല്യം ഗോവയുടെ പ്രത്യേകതയാണ്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള മിറാജ് - ബാംഗ്ളൂര്‍ സെക്ടറിലെ ലോണ്ട ജങ്ഷനില്‍ നിന്ന് ഗോവയിലേക്ക് മീറ്റര്‍ഗേജ് റെയില്‍പ്പാതയുണ്ട്. ഡബോളിമിലാണ് വിമാനത്താവളം.

ചരിത്രവും ഭരണസംവിധാനവും

ചരിത്രം

പ്രാചീനചരിത്രം

ഗോമാഞ്ചല, ഗോപകപട്ടം, ഗോപകപുരി, ഗോപപുരി, ഗോമന്തകം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് സപ്തകൊങ്കണിയില്‍ ഒന്നായ ഗോവ. മഹാഭാരതത്തിലെ ഭീഷ്മ പര്‍വത്തിലും (9-143) ഹരിവംശത്തിലും (അധ്യായം 16) വരാഹപുരാണത്തിലും (അധ്യായം 85) ഗോമന്തകത്തെപ്പറ്റി പരാമര്‍ശമുണ്ട്. രാമായണത്തിലും ഈ സ്ഥലത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ടോളമി (എ.ഡി. 2-ാം ശ.) 'കൗബ' എന്നും അറബികള്‍ 'സിന്താബൂര്‍' അഥവാ സാന്താബൂര്‍ എന്നും ഈ സ്ഥലത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

മീരാമാര്‍ബീച്ചിലെ മതമൈത്രി സ്മാരകം

കേരളോത്പത്തിക്കു സമാനമായ ഒരു ഐതിഹ്യം ഗോവയുടെ പിറവിയെക്കുറിച്ചും ഉണ്ട്. പരശുരാമന്‍ സഹ്യപര്‍വതത്തില്‍ നിന്ന് പടിഞ്ഞാറോട്ട് ഒരു അമ്പ് എയ്തുവെന്നും അമ്പുവീണ സ്ഥലംവരെയുള്ള കടല്‍ പിന്നോട്ടൊഴിഞ്ഞ് ഇന്നത്തെ ഗോവ ഉണ്ടായി എന്നുമത്രെ ഐതിഹ്യം. ബനാലിന്‍ ഗ്രാമം ഇന്നും ഈ ഐതിഹ്യത്തെ ആസ്പദമാക്കി ഉത്സവം ആഘോഷിക്കാറുണ്ട്. ബാണഹള്ളി (പരശുരാമന്റെ ബാണം വീണ സ്ഥലം-ഹള്ളി-എന്നര്‍ഥം) ആണുപോലും ബനാലിന്‍ ആയത്. മഹാദേവി (മാണ്ഡവി), അഘനാശിനി (സുറാവി) എന്നീ നദികളും പരശുരാമസൃഷ്ടിയാണെന്ന് ഐതിഹ്യം പറയുന്നു.

ബി.സി. 3-ാം ശ.-ത്തില്‍ മൗര്യ സാമ്രാജ്യത്തിന്റെ അധീനതയിലിരുന്ന പ്രദേശമാണിതെന്ന് രേഖകളുണ്ട്. ക്രിസ്തുവര്‍ഷാരംഭത്തോടെ കോലാപ്പൂരിലെ ശാതവാഹനന്മാര്‍ ഈ പ്രദേശം കൈയടക്കി. ചന്ദ്രാപ്പൂര്‍ (ചന്ദോര്‍) ആസ്ഥാനമാക്കി വാണ ഭോജരാജവംശം എ.ഡി. 4-ാം ശ.-ത്തോടെ ഗോവയില്‍ അധീശത്വം ഉറപ്പിച്ചു. 6-ാം ശ.-ത്തില്‍ കുമാരദീപം (ഇന്നത്തെ കുംബര്‍ ജുവ) ആസ്ഥാനമായി ഭരിച്ചിരുന്ന അനിര്‍ജിതവര്‍മന്റെ ഭരണ സീമയിലായി ഈ പ്രദേശം. എ.ഡി. 580 മുതല്‍ 750 വരെ വാതാപി(ബാദാമി)യിലെ ചാലുക്യര്‍ ഇവിടം ഭരിച്ചു. തുടര്‍ന്ന് 13-ാം ശ.-ത്തിന്റെ അവസാനംവരെ സിലാരന്മാരും കദംബന്മാരും യഥാക്രമം രാഷ്ട്രകൂടന്മാരുടെയും പടിഞ്ഞാറന്‍ ചാലൂക്യന്മാരുടെയും സാമന്തന്മാരെന്ന നിലയില്‍ ഗോവയിലെ ഭരണകര്‍ത്താക്കളായി.

പുതിയ ഉത്ഖനനത്തെളിവുകള്‍

അടുത്ത കാലത്ത് പഴയ ഗോവയില്‍ നടത്തിയ ഒരു ഉത്ഖനനത്തില്‍ നിന്ന് ഗോവയിലെ ആദ്യ ഗവര്‍ണറായിരുന്ന ആല്‍ബുക്കര്‍ക്കിന്റെ ഭൗതികശരീരം സംസ്കരിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായെന്ന് പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് രേഖപ്പെടുത്തിയിരിക്കുന്നു. ഗോവയില്‍ താന്‍ പണിചെയ്ത 'ഡസറ' എന്ന പള്ളിയില്‍ വേണം തന്റെ മൃതദേഹം മറവുചെയ്യാനെന്ന് ആല്‍ബുക്കര്‍ക്ക് മരണപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഉള്‍ഭാഗം മുഴുവന്‍ തങ്കം പൂശിയ ഡസറ ഗോവയിലെ മനോഹരമായ ദേവാലയങ്ങളിലൊന്നാണ് ഇതോടനുബന്ധിച്ച് ആല്‍ബുക്കര്‍ക്കിന്റെ വലിയ ഒരു പ്രതിമയും ഉണ്ടായിരുന്നത്രെ. ഗോവയില്‍ ഭരണാധികാരികളായി വരുന്ന പുതിയ ഗവര്‍ണര്‍മാര്‍ നഗരപ്രവേശം ചെയ്തുകഴിഞ്ഞാലുടന്‍ ആല്‍ബുക്കര്‍ക്കിന്റെ സെമിത്തേരിയില്‍ ചെന്നു പ്രാര്‍ഥിക്കുമായിരുന്നു. 1565-ല്‍ ആല്‍ബുക്കര്‍ക്കിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ലിസ്ബനിലേക്ക് കൊണ്ടുപോയി. ശരിയായ സംരക്ഷണം ഇല്ലാത്തതിനാല്‍ കാലക്രമേണ ഡസറ പള്ളി ക്ഷയോന്മുഖമായി. പള്ളിയിലെ ശേഷിച്ച മരവും കല്ലുമെല്ലാം പനാജിയില്‍ പുതിയ മന്ദിരങ്ങള്‍ നിര്‍മിക്കാനായി വിനിയോഗിച്ചു. കൃത്യസ്ഥലമേതെന്നുപോലും അറിയാനാവാത്ത നിലയിലായി ഡസറയുടെ സ്ഥിതി. ഉത്ഖനനത്തില്‍ നിന്ന് പള്ളിയുടെ ചില ഭാഗവും പോര്‍ച്ചുഗീസ്-ലിഖിതത്തോടുകൂടിയ കരിങ്കല്‍ത്തൂണും കണ്ടെടുത്തതോടെ ഡസറയുടെ സ്ഥാനം നിര്‍ണയിക്കാന്‍ കഴിഞ്ഞു. തെ.കിഴക്കനേഷ്യയിലെ കത്തോലിക്കാ മതപഠനത്തിന്റെ പ്രശസ്ത കേന്ദ്രമായിരുന്ന സെന്റ് പോള്‍സ് ചര്‍ച്ചിന്റെ അവശിഷ്ടങ്ങളും ഖനനത്തില്‍ നിന്നു ലഭിക്കുകയുണ്ടായി.

കൊങ്കണിയും മറാഠിയുമാണ് മുഖ്യ ഭാഷകള്‍. 5.5 ലക്ഷം പേര്‍ സംസാരിക്കുന്ന കൊങ്കണിക്ക് ഭരണഭാഷാപദവി ലഭിച്ചിട്ടുണ്ട്. ഭരണകാര്യങ്ങളില്‍ മറാഠികൂടി ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ട്. ദ നവഹിന്ദ് ടൈംസ്, ദ ഹെറാള്‍ഡ്, ദ ഗോമന്തക് ടൈംസ് എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ഗോവയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു.

കദംബഭരണം

11-ാം ശതകാരംഭത്തോടെ ശാസ്തദേവന്റെ (എ.ഡി. 1005-50) നേതൃത്വത്തില്‍ ഗോവയിലെ കദംബന്മാര്‍ സിലാരന്മാരെ പരാജയപ്പെടുത്തി ഗോവ മുഴുവന്‍ തങ്ങളുടെ അധീനതയിലാക്കി. എ.ഡി. 1052-നടുപ്പിച്ച് ചന്ദോറില്‍ നിന്ന് ഗോവപുരിയിലേക്ക് (ഗോവ വെല്‍ഹ-പഴയ ഗോവ) ഇവര്‍ ആസ്ഥാനം മാറ്റി. കദംബ രാജാവായിരുന്ന ജയഭേരി I-ന്റെ (1050-80) കാലത്ത് ഗോവ ഒരു വാണിജ്യകേന്ദ്രമായി വികാസം നേടി. അടുത്തും അകലെയുമുള്ള പല രാജ്യങ്ങളുമായും ഗോവ ഇക്കാലത്ത് വ്യാപാരബന്ധങ്ങളിലേര്‍പ്പെട്ടു. സമുദ്രാധിപത്യത്തിലും ഗോവ മുന്നിട്ടു നിന്നു. ബ്രാഹ്മണമതവും ജൈനമതവും കദംബന്മാരുടെ ഭരണ കാലത്തു പ്രചാരം നേടി.

ജയകേശി II-ന്റെ കാലത്ത് (1126) ഗോവയുടെ അതിര്‍ത്തി കി. ധാര്‍വാറിനടുത്ത ഉനാകല്‍ വരെയും തെ. വടക്കന്‍ കാനറയിലെ ഹന്‍സി ഹെയ്വേ വരെയും വ. ബോംബെയ്ക്കടുത്ത സാല്‍സെറ്റെ വരെയും ഉള്ള പ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നു. ഗോവയുടെ സുവര്‍ണകാലങ്ങളിലൊന്നായിരുന്നു ഇത്.

യാദവഭരണം

13-ാം ശ.-ത്തില്‍ യാദവന്മാര്‍ കദംബന്മാരെ പരാജയപ്പെടുത്തി ഗോവയുടെ ഭരണം ഏറ്റെടുത്തു. യാദവ രാജാവായിരുന്ന രാമചന്ദ്രന്റെ (1271) സചിവനായിരുന്ന ഹേമാദ്രിയുടെ കാലത്താണ് തംഡി(സുര്‍ല)യിലെ ശ്രീ മഹാദേവ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. 13-ാം ശ.-ത്തിലെ കദംബ-യാദവ ശില്പശൈലിയുടെ അവശേഷിക്കുന്ന ഏക മാതൃകയാണ് ഇത്. ഡല്‍ഹി സുല്‍ത്താനേറ്റിനോട് എതിരിട്ട് യാദവന്മാര്‍ പരാജിതരായപ്പോള്‍ നാമമാത്ര രാജാക്കന്മാരായി തുടര്‍ന്നിരുന്ന കദംബന്മാര്‍ അധികാരം നേടാനായി ശ്രമമാരംഭിച്ചു. അലാവുദീന്‍ കില്‍ജിയുടെ പട്ടാളത്തലവനായിരുന്ന മാലിക് കാഫറുടെ പടയോട്ടക്കാലത്ത് ഇദ്ദേഹം കൊങ്കണിലുമെത്തി. ഒടുവിലത്തെ കദംബ രാജാവായിരുന്ന കാമദേവന്‍ ഗോവപുരി (ഗോവ വെല്‍ഹ) തകര്‍ന്ന് ചന്ദോറില്‍ അഭയം തേടി. മാലിക് കാഫറുടെ സൈന്യം ചന്ദോര്‍ വളഞ്ഞ് കോട്ടയും കൊട്ടാരങ്ങളും എല്ലാം നാമാവശേഷമാക്കി.

മുസ്ലിംഭരണം

14-ാം ശ.-ത്തില്‍ ഗോവ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി. അറേബ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത സുശക്തമായ ഒരു കുതിരപ്പട ഇക്കാലത്തു ഗോവയിലുണ്ടായിരുന്നു. ഒരു ശതകത്തോളം ഇവരുടെ ഭരണം നീണ്ടുനിന്നു. വ്യാപാരകേന്ദ്രം എന്ന നിലയില്‍ ഗോവ ഇക്കാലത്തു വീണ്ടും ഖ്യാതി നേടി.

1469-ല്‍ ഭാമിനി സുല്‍ത്താന്മാര്‍ ഇവിടം കൈയടക്കി. ഈ രാജവംശത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 1488-ല്‍ ബിജാപ്പൂരിലെ ആദില്‍ഷാ രാജവംശം പ്രഭാവം നേടി. ഇവരുടെ കാലത്ത് ഈല അഥവാ ഗോവ വെല്‍ഹ പരിഷ്കൃതമായ ഒരു നഗരമായി മാറി. ആദില്‍ഷാ നിര്‍മിച്ച കൊട്ടാരമാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുന്നത്. പോര്‍ച്ചുഗീസ് വൈസ്രോയിമാരുടെ ഔദ്യോഗിക വസതിയും ഇതായിരുന്നു.

പോര്‍ച്ചുഗീസുകാരുടെ കീഴില്‍

1498-ല്‍ വാസ്കോ ദ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം കോഴിക്കോട്ടെത്തി. സാമൂതിരിയില്‍ നിന്നുള്ള എതിര്‍പ്പും അറബികളില്‍ നിന്നുള്ള മത്സരവുംമൂലം കോഴിക്കോട്ട് നിലയുറപ്പിക്കാനുള്ള ആഗ്രഹം പോര്‍ച്ചുഗീസുകാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ അവര്‍ വടക്കന്‍ കടലോരത്തേക്ക് നീങ്ങി. അല്‍ഫോണ്‍സോ ദ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് നാവികസംഘം 1510-ല്‍ ഗോവയില്‍ (പഴയ ഗോവ) എത്തി ബിജാപ്പൂര്‍ സുല്‍ത്താനായ ആദില്‍ഷായെ പരാജയപ്പെടുത്തി. 1510 ന. 25-ന് രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് ആല്‍ബുക്കര്‍ പൂര്‍ണ വിജയം നേടിയത്. അങ്ങനെ ഗോവ പൗരസ്ത്യ തീരത്തെ ആദ്യ പോര്‍ച്ചുഗീസ് കോളനിയായി. രണ്ടു ലക്ഷമായിരുന്നു അന്ന് ഇവിടത്തെ ജനസംഖ്യ.

ഗോവ അഗ് വാഡാ കോട്ട

പ്രകൃതിദത്തമായ തുറമുഖങ്ങളും വിസ്തൃതമായ നദികളും ഉള്ള ഗോവ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കുമുള്ള ഒരു കേന്ദ്രമായി വികസിപ്പിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഒട്ടും സമയം വേണ്ടിവന്നില്ല. ഇന്ത്യയില്‍ ആദ്യമായി സങ്കേതമുറപ്പിച്ച യൂറോപ്യര്‍ പോര്‍ച്ചുഗീസുകാരായിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ വിട്ടതും അവരാണ്. പഴയ ഗോവയില്‍ ആധിപത്യമുറപ്പിച്ച അവര്‍ 16-ാം ശ.-ത്തോടെ ഗോവ മുഴുവനും ബാര്‍ഡസ്-സാല്‍സെറ്റ് പ്രവിശ്യകളും ദാമന്‍-ദിയു-നഗര്‍ ഹവേലി പ്രവിശ്യകളും സ്വന്തമാക്കി. 1542-ല്‍ ക്രിസ്തുമത പ്രചാരണത്തിനായി ഫ്രാന്‍സിസ് സേവ്യര്‍ ഗോവയിലെത്തിയതോടെ ഇവിടെ വ്യാപകമായ മതപരിവര്‍ത്തനം നടന്നു.

16-ാം ശ.-ത്തില്‍ ഒരു വാണിജ്യ കേന്ദ്രമെന്ന നിലയില്‍ ഗോവ ലോക പ്രശസ്തമായി. യൂറോപ്പില്‍ നിന്നും വിദേശപൂര്‍വദേശങ്ങളില്‍ നിന്നുമുള്ള വ്യാപാരച്ചരക്കുകളും പേര്‍ഷ്യയില്‍ നിന്നുള്ള മുത്തും പവിഴവും ചൈനീസ് മണ്‍പാത്രങ്ങളും സില്‍ക്കും പോര്‍ച്ചുഗലില്‍ നിന്നുള്ള വെല്‍വെറ്റും മലയയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളും മറ്റും ഇക്കാലത്ത് ഗോവന്‍ വിപണിയിലെത്തിയിരുന്നതായി രേഖകളുണ്ട്. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബനെക്കാള്‍ വാണിജ്യാഭിവൃദ്ധി നേടിയ ഗോവയെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ടായത്രെ-'ഗോവ കണ്ടാല്‍ ലിസ്ബണ്‍ വേണ്ട'. പൗരസ്ത്യ ദേശത്തെ റാണിയെന്നും ഇക്കാലത്ത് ഗോവ അറിയപ്പെട്ടിരുന്നു.

തലസ്ഥാനമാറ്റം

16-ാം ശ.-ത്തിന്റെ ഒടുവില്‍ ഗോവന്‍ തലസ്ഥാനം ക്ഷയോന്മുഖമാവാന്‍ തുടങ്ങി. 1543, 1570, 1625, 1640 എന്നീ വര്‍ഷങ്ങളിലുണ്ടായ കോളറയും പ്ളേഗും പഴയ ഗോവയില്‍ വമ്പിച്ച ആള്‍നാശം വരുത്തിവച്ചു. 1685-ല്‍ ജനസംഖ്യ 20,000 ആയി ചുരുങ്ങി. 1702-ല്‍ തലസ്ഥാനം മഡ്ഗാവിലേക്കു മാറ്റാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1843 മാ. 22-ന് ആസ്ഥാനം നോവ-ഗോവയിലേക്കു മാറ്റി. 1947-ല്‍ നോവ-ഗോവയുടെ പേര് സിഡാഡെ-ഡി-ഗോവ (പനാജി) എന്നാക്കി.

18-ാം ശ.-ത്തിലാണ് ഇന്നത്തെ ഗോവയിലുള്ള എതാനും സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. പോണ്ഡ സംഗം, കീപം, കാനക്കോന എന്നീ പ്രവിശ്യകള്‍ 1763-ലും പെഡ്നം, ബിക്കോലിം, സതാറി എന്നീ പ്രവിശ്യകള്‍ 1788-ലും ഗോവയോട് ചേര്‍ക്കപ്പെട്ടു.

സ്വാതന്ത്ര്യസമരം

മതപീഡന നയങ്ങള്‍ തുടര്‍ന്നുവന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരായ കലാപങ്ങള്‍ അവരുടെ ഭരണാരംഭം മുതല്‍തന്നെ ആരംഭിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പ്രധാനമാണ് പിന്റോ ഗൂഢാലോചന (1787). തദ്ദേശീയരായ കൈസ്ത്രവ പുരോഹിതര്‍ യൂറോപ്യന്‍ പുരോഹിതര്‍ക്കൊപ്പമുള്ള സ്ഥാനമാനങ്ങള്‍ തങ്ങള്‍ക്കു ലഭിക്കാതെ വന്നപ്പോള്‍ ചില പട്ടാള ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ നടത്തിയ ശ്രമമാണിത്. എന്നാല്‍ ഈ കലാപം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. 1845-ലും 1852-ലും പോര്‍ച്ചുഗീസുകാര്‍ക്കെതിരായി വീണ്ടും കലാപങ്ങള്‍ നടന്നു. 1870-ല്‍ പൊലീസുകാരും 1884-ല്‍ മറാത്താ പട്ടാളക്കാരും പോര്‍ച്ചുഗീസുകാരെ എതിര്‍ത്തു. ഇക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയിലാരംഭിച്ച സ്വാതന്ത്ര്യസമരം ഗോവയിലും പ്രത്യാഘാതങ്ങളുണ്ടാക്കി. ഫ്രാന്‍സിസ്കോ ലൂയിസ് ഗോമസ്, ദത്താത്രേയ വെങ്കടേശ്വര പൈ, ഗോവിന്ദപുണ്ഡലീക ഹെഗ്ഡേ, ദേശായി, ലൂയിസ് ഡ മെനെസിസ് ബ്രിഗാന്‍സ എന്നിവര്‍ ഗോവക്കാരുടെ ദേശീയ ബോധവും സ്വാതന്ത്ര്യതൃഷ്ണയും ഉണര്‍ത്തി.

1928-ല്‍ ഡോ. ട്രിസ്റ്റോ ബ്രഗന്‍സാ കാഹ്നയുടെ നേതൃത്വത്തില്‍ ഗോവയില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുണ്ടായി. ഇതിന്റെ മുഖ്യ പ്രവര്‍ത്തനകേന്ദ്രം മുംബൈയായിരുന്നു. 1946 ജൂണ്‍ 18-നു ഡോ. റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ ഗോവയില്‍ നിയമലംഘന പ്രസ്ഥാനമാരംഭിച്ചതോടെ സ്വതന്ത്യ്രസമരം കൂടുതല്‍ ഊര്‍ജിതമായി. 1947 ആഗ. 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ പോര്‍ച്ചുഗീസ് ഭരണകൂടത്തിനെതിരെ രൂക്ഷവും വ്യാപകവുമായ പ്രക്ഷോഭങ്ങളുണ്ടായി. 1954-ഓടെ ദാദ്രയും നഗര്‍ഹവേലിയും മോചിപ്പിക്കപ്പെട്ടു. 1961 ഡി. 19-ന് മലയാളിയായ ജനറല്‍ കെ.പി. കാണ്ടോത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേന ഗോവയില്‍ക്കടന്ന് പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കി. അതോടെ ദാമനും ദിയുവും ഇന്ത്യയുടെ ഭാഗമായി. അങ്ങനെ, 451 വര്‍ഷത്തെ പോര്‍ച്ചുഗീസ് ഭരണത്തിന് തിരശ്ശീല വീണു.

മതപീഡന ശ്രമങ്ങള്‍ നിര്‍ബാധം തുടര്‍ന്നുവെങ്കിലും പോര്‍ച്ചുഗീസ് ഭരണകാലത്ത് വാസ്തുശില്പകലയും പെയിന്റിങ്ങും സംഗീതവും മറ്റും അഭിവൃദ്ധി നേടി. അവരുടെ കാലത്ത് നിര്‍മിക്കപ്പെട്ടവയാണ് ഗോവയിലെ പ്രസിദ്ധ ക്രൈസ്തവ ദേവാലയങ്ങളെല്ലാംതന്നെ. ഗോവയിലെ മിന്റില്‍ നിര്‍മിച്ച പുതിയ നാണയങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് 1510 മാ. 12-ന് അല്‍ഫോണ്‍സോ ദ ആല്‍ബുക്കര്‍ക്ക് ഗോവയിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. തുടര്‍ന്ന് നാലു നൂറ്റാണ്ടുകാലം അവര്‍ക്ക് ഇവിടെ വേരൂന്നി നില്‍ക്കാന്‍ കഴിഞ്ഞു. പോര്‍ച്ചുഗീസ് മിഷണറിമാരാണ് ഇന്ത്യയിലെ ആദ്യത്തെ ഒരു അച്ചുകൂടം ഗോവയില്‍ സ്ഥാപിച്ചത് (1556). സെന്റ് പോള്‍സ് കോളജില്‍ ഇന്നും ആ അച്ചുകൂടമുണ്ട്. ശാസ്ത്രീയമായ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചതും ഇക്കാലത്തുതന്നെ.

മോചനത്തിനുശേഷം

1962 ജൂണ്‍ 8-ന് ഗോവയുടെ ആദ്യത്തെ ലഫ്. ഗവര്‍ണറായി ടി. ശിവശങ്കര്‍ നിയമിതനായി. സെപ്.-ല്‍ 29 അംഗങ്ങളുള്ള ഉപദേശക സമിതി രൂപീകരിച്ചു. വൈകാതെ പ്രവിശ്യയിലെ 149 പഞ്ചായത്തുകളിലും ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നു. 1962 ഡി. 9-നു ഗോവയിലെ ആദ്യത്തെ നിമയസഭാ തെരഞ്ഞെടുപ്പു നടന്നു. ദയാനന്ദ ബന്ദോദ്കറുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഗോവയെ മഹാരാഷ്ട്രയോടും ദാമന്‍, ദിയു പ്രവിശ്യകളെ ഗുജറാത്തിനോടും ലയിപ്പിക്കണമെന്ന പ്രമേയം 1966-ല്‍ നിയമസഭ പാസാക്കി. 1967 ജനു. 16-ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധന നടത്തിയപ്പോള്‍ ജനവിധി നിയമസഭാ തീരുമാനത്തിനെതിരായിരുന്നു. 1967 മാ.-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബന്ദോദ്കര്‍നേതൃത്വം വീണ്ടും വിജയം നേടി. 1972-ല്‍ നടന്ന തെരഞ്ഞെടുപ്പിലും എം. ജി.പി. ഭൂരിപക്ഷം കരസ്ഥമാക്കി. ബന്ദോദ്കറിന്റെ മരണത്തെത്തുടര്‍ന്ന് (1973 ആഗ. 13) അദ്ദേഹത്തിന്റെ മകള്‍ ശശികലാ കാകോദ്കറുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലേറി. 1977-ലെ പൊതുതെരഞ്ഞെടുപ്പില്‍ എം.ജി.പി. വിജയിച്ചുവെങ്കിലും 1979 ഏ. 27-ന് മന്ത്രിസഭ പുറത്തായി. 1980-ലെ തെരഞ്ഞെടുപ്പില്‍ ഗോവയിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി. പ്രതാപ് സിങ് റാനെ ആയിരുന്നു മുഖ്യമന്ത്രി. 1985-ലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1989-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിച്ചു. 1990 മാ.-ല്‍ ഈ മന്ത്രിസഭ രാജിവച്ചു. തുടര്‍ന്ന് പുതിയ കോണ്‍ഗ്രസിതര മന്ത്രിസഭ സ്ഥാനമേറ്റു.

ഭരണസംവിധാനം

ഗോവയെ രണ്ടു ജില്ലകളായി തിരിച്ചിരിക്കുന്നു. പനാജി ആസ്ഥാനമായ നോര്‍ത്ത് ഗോവയിലെ ജനസംഖ്യ: 6,64,804 (1991): വിസ്തീര്‍ണം: 1713 ച.കി.മീ. മഡ്ഗാവ് ആസ്ഥാനമായ സൗത്ത് ഗോവയിലെ ജനസംഖ്യ: 14,57,723 (2011); വിസ്തീര്‍ണം: 1,948 ച.കി.മീ. ഇവയെ 11 താലൂക്കുകളായും 424 റവന്യു വില്ലേജുകളായും തിരിച്ചിരിക്കുന്നു. 10 സാമൂഹിക വികസന ബ്ളോക്കുകളുമുണ്ട്. രണ്ടു ലോക്സഭാസീറ്റുകളും ഒരു രാജ്യസഭാസീറ്റും 30 അസംബ്ലി സീറ്റുകളുമാണ് ഇവിടെയുള്ളത്.

മുംബൈ ഹൈക്കോടതിയുടെ ഒരു ബഞ്ച് പനാജിയില്‍ പ്രവര്‍ത്തിക്കുന്നു. സൗത്ത് ഗോവയില്‍ ഒരു ജില്ലാ കോടതി പ്രവര്‍ത്തിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍