This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുംപ്ലോവിസ്, ലുഡ് വിഗ് (1838 - 1909)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗുംപ്ലോവിസ്, ലുഡ് വിഗ് (1838 - 1909)== ==Gumplowicz, ludwig== ആസ്റ്റ്രിയന്‍ സാമൂഹി...)
അടുത്ത വ്യത്യാസം →
15:20, 7 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗുംപ്ലോവിസ്, ലുഡ് വിഗ് (1838 - 1909)
Gumplowicz, ludwig
ആസ്റ്റ്രിയന്‍ സാമൂഹികശാസ്ത്രജ്ഞന്‍. ശാസ്ത്രീയ സാമൂഹിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ അഗ്രഗണ്യനായ ഇദ്ദേഹം ജൂതദമ്പതികളുടെ പുത്രനായി ഗലീഷ്യ(ഇപ്പോള്‍ പോളണ്ടിന്റെ ഭാഗം)യിലെ ക്രാകോവില്‍ 1838-ല്‍ ജനിച്ചു. ക്രാകോവ്, വിയന്ന എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഗ്രാസ് സര്‍വകലാശാലയില്‍ നിയമ വിഭാഗ പ്രൊഫസറായി നിയമിതനായി(1875). ഗ്രാസില്‍ വച്ചാണ് സാമൂഹിക ശാസ്ത്രത്തിന്റ രൂപരേഖകള്‍ (ഗ്രുണ്ട്റിസ്സ് ഡേര്‍ സോഷ്യോളൊഗീ) എന്ന പ്രശസ്ത ഗ്രന്ഥം ഇദ്ദേഹം രചിച്ചത് (1885).
ആസ്റ്റ്രോ-ഹംഗേറിയന്‍ രാജഭരണത്തിന്‍ കീഴില്‍ സാക്ഷ്യം വഹിക്കേണ്ടിവന്ന വര്‍ഗസമരങ്ങളും രൂക്ഷമായ യഹൂദവിരോധവുമാണ് ഇദ്ദേഹത്തിന്റെ സാമൂഹിക ശാസ്ത്രചിന്തകളെ സ്വാധീനിച്ചത്. സാമൂഹിക ശാസ്ത്രത്തെ സമൂഹത്തിന്റെയും സാമൂഹിക നിയമങ്ങളുടെയും ശാസ്ത്രം എന്ന് ഇദ്ദേഹം നിര്‍വചിച്ചു. ഇതില്‍ വ്യക്തികളെക്കാള്‍ സമൂഹങ്ങളുടെ പഠനങ്ങള്‍ക്കാണ് പ്രാധാന്യം. വ്യക്തിഗത പെരുമാറ്റങ്ങളെ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ മൊത്തത്തിലുള്ള പെരുമാറ്റത്തിന്റെ ഒരു പ്രതിഫലനമായിട്ടാണ് ഇദ്ദേഹം വ്യാഖ്യാനിക്കുന്നത്. സാമൂഹിക പ്രതിഭാസങ്ങളുടെ വിശകലനത്തില്‍ സാമൂഹിക സംഘട്ടനത്തിന്റെ പ്രാധാന്യം അംഗീകരിച്ച ആദ്യകാല സാമൂഹിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഗുംപ്ളോവിസ് സാമൂഹിക ചിന്തയെ ഡാര്‍വിന്‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുത്താനും ശ്രമിച്ചു. ഡാര്‍വിന്റെ ജീവിത മത്സരസിദ്ധാന്തത്തെ ഔഗസ്റ്റ് കോംതേയുടെ കര്‍ക്കശമായ ശാസ്ത്രീയ നിഷ്ഠാശാസ്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം സമൂഹത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃത്യനുസരണ സിദ്ധാന്തത്തിന് രൂപം നല്കിയത്.
മനുഷ്യരാശിയെ മുഴുവന്‍ സംയോജിപ്പിക്കുന്ന പൊതുവായ രക്തബന്ധം എന്ന് ഒന്നില്ലെന്നും മനുഷ്യന്റെ ഉത്പത്തിക്ക് വിവിധങ്ങളായ കാരണങ്ങളുണ്ടെന്നും ഇദ്ദേഹം സമര്‍ഥിച്ചു. ആധുനിക സമൂഹം ആവിര്‍ഭവിച്ചത് അതിനുമുന്‍പുണ്ടായിരുന്ന വിവിധ ജനസമൂഹങ്ങളുടെ അനുസ്യൂതമായ ജീവന്മരണ സമരങ്ങളിലൂടെയാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. ആക്രമണം, കീഴടങ്ങല്‍, സംയോജനം എന്നിവയുടെ നിരന്തരമായ ഒരു ചക്രമായാണ് ചരിത്രത്തെ ഇദ്ദേഹം വീക്ഷിക്കുന്നത്. കീഴടങ്ങിയ ജനവിഭാഗങ്ങളുടെമേല്‍ അധീശത്വം പുലര്‍ത്തുന്നതിനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് സ്റ്റേറ്റ് ആവിര്‍ഭവിച്ചത്. ആ ജനതയുടെ മേലുള്ള ഭരണം സുഖകരമാക്കുന്നതിനുവേണ്ടി നിയമങ്ങളുണ്ടായി. ചക്രത്തില്‍ നിന്നും രൂപം കൊണ്ട അസമത്വങ്ങളില്‍ നിന്ന് സാമൂഹിക പൃഥക്കരണം ഉണ്ടായി. സാമൂഹിക സംഘട്ടനങ്ങളെ സംബന്ധിച്ച ഗുംപ്ളോവിയന്‍ സിദ്ധാന്തങ്ങള്‍ അതിശയോക്തി പ്രസ്താവങ്ങളാണെങ്കിലും അവ സാമൂഹികശാസ്ത്രത്തിലെ ഒരു പ്രധാന മേഖലയാണെന്നതില്‍ സംശയമില്ല. ആത്മീയവാദപരമോ പ്രകൃത്യതീതമോ ആയ വിശദീകരണങ്ങള്‍ അവലംബിക്കാതെ പ്രകൃത്യനുസരണരീതിയില്‍വേണം സമൂഹത്തെ വിശകലനം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന നിര്‍ബന്ധം ശാസ്ത്രീയ സാമൂഹിക ശാസ്ത്രത്തിന്റെ സ്ഥാപനത്തിന് സഹായകമായിരുന്നു. ഇദ്ദേഹം 1909 ആഗ. 19-നു ഗ്രാസില്‍ നിര്യാതനായി.