This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക(ഗ)രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==തക [ഗ]രം== ==Indian Valerian== ഔഷധ സസ്യം. വലേറിയനേസീ (Valerianaceae) എന്ന സസ്യകുടുംബത...)
അടുത്ത വ്യത്യാസം →

06:58, 1 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

തക [ഗ]രം

Indian Valerian

ഔഷധ സസ്യം. വലേറിയനേസീ (Valerianaceae) എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. വലേറിയാന ജടാമാന്‍സി (Vale riana jatamansi). വലേറിയാന വാല്ലിച്ചി (Valeriana wallichii) എന്ന ശാ.നാ.-ത്തിലാണ് ഇത് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇതിന് സംസ്കൃതത്തില്‍ തഗര, കാലാനുസാരകം, കുടിലഃ, ചക്രഃ, ബാര്‍ബടിരഃ, ക്ഷത്രഃ, രാജഹര്‍ഷണം എന്നീ പേരുകളുമുണ്ട്.

പുഷ്പങ്ങളോടുകൂടിയ തക(ഗ)രച്ചെടി

കാശ്മീര്‍, ഭൂട്ടാന്‍, ഹിമാലയന്‍ പ്രദേശങ്ങള്‍, അഫ്ഗാനിസ്ഥാന്‍, ഖാസിയാ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തകരസസ്യം കാണുന്നു. 1,200 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ സസ്യം സമൃദ്ധമായി വളരുന്നത്. 15-45 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ചിരസ്ഥായിയായ ഓഷധിയാണ് തകരം. തിരശ്ചീനമായി വളരുന്ന കട്ടിയേറിയ പ്രകന്ദമാണ് ഇതിനുള്ളത്. തണ്ടും ഇലകളും രോമിലമായിരിക്കും. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടിന്റെ ചുവടുഭാഗത്തുള്ള ഇലകള്‍ 2.5-7.5 സെ.മീ. നീളമുള്ളവയാണ്. ഇലഞെട്ട് നീളം കൂടിയതായിരിക്കും. ചില ഇലകള്‍ക്ക് ഞെട്ടു കാണുന്നില്ല. ഇത്തരം ഇലകള്‍ തണ്ടിനോടു വളരെ ചേര്‍ന്നിരിക്കുന്നു. വെവ്വേറെ ചെടികളിലാണ് ആണ്‍ പെണ്‍ പുഷ്പങ്ങളുണ്ടാകുന്നത്. ശാഖാഗ്രങ്ങളില്‍ 26 സെ.മീറ്ററോളം വ്യാസമുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പുകലര്‍ന്ന വെള്ളനിറമായിരിക്കും. പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ആയതാകാരമോ രേഖാകാരമോ ഉള്ള സഹപത്രങ്ങള്‍ ഫലത്തിനോളം തന്നെ നീളമുള്ളവയാണ്. അണ്ഡാശയത്തിന് മൂന്ന് അറകളുണ്ട്. ഇളം കായ്കള്‍ രോമിലമായിരിക്കും. ഇവ മൂപ്പെത്തുമ്പോഴേക്കും രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നു.

തകരത്തിന്റെ വേരാണ് ഔഷധയോഗ്യമായ ഭാഗം. വേരില്‍ വലേറിയാനിക്, ഐസോവലേറിയാനിക് അമ്ലങ്ങളും; ഹൈഡ്രോക്സി വലെറാനോന്‍, അസിറ്റോക്സി വലെറാനോന്‍, ലിനാറിന്‍ ഐസോവലറേറ്റ് എന്നീ രാസഘടകങ്ങളും; സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്. വേര് കഷായ രസവും, മധുര തിക്തകടു അനുരസങ്ങളോടുകൂടിയതും, സ്നിഗ്ധ ഗുണമുള്ളതും, ഉഷ്ണവീര്യ പ്രധാനവുമാണ്. ത്രിദോഷങ്ങളെ അകറ്റി തലവേദന, നേത്രരോഗങ്ങള്‍, നാഡീശൂല, അപസ്മാരം എന്നിവ ശമിപ്പിക്കുവാന്‍ ഇവ പര്യാപ്തമാണ്. നാഡീവൈകല്യങ്ങള്‍ കൊണ്ടുള്ള ഉറക്കമില്ലായ്മ അകറ്റാനും ഇത് ഉത്തമമാണ്. വ്രണം, ആമവാതം എന്നിവയുടെ ശമനത്തിനും ഇത് പ്രയോജനപ്പെടുന്നു.

പഴക്കം ചെന്ന വ്രണത്തില്‍ തകരവേര് ഉണക്കിപ്പൊടിച്ചു വിതറിയാല്‍ വളരെ വേഗം വ്രണം ഉണങ്ങും. തേള്‍, പാമ്പ് തുടങ്ങിയ വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന നീരും വേദനയും വിഷവും ശമിപ്പിക്കാനും ഇതിന്റെ ഉണക്കിപ്പൊടിച്ച വേര് ഉത്തമമാണ്. വേര് പച്ചയായോ ഉണക്കിയോ പൊടിച്ച് വീണ്ടും അരച്ച് ലേപമായി ഉപയോഗിച്ചാല്‍ ആമവാതവും സന്ധിവാതവും മൂലമുണ്ടാകാറുള്ള നീരും വേദനയും മാറിക്കിട്ടും.നേത്രരോഗങ്ങള്‍ക്ക് തകരവേരും കടുക്കാത്തോടും കൂടി അരച്ചു ചേര്‍ത്ത് അഞ്ജനമായുപയോഗിക്കാറുണ്ട്. തകരവേരു പൊടിച്ചതും ജഡാമാഞ്ചിചൂര്‍ണവും കൂട്ടിച്ചേര്‍ത്ത് രാത്രി ഒന്നോ രണ്ടോ ഗ്രാം കഴിച്ച് പാലും കുടിച്ചാല്‍ നല്ല ഉറക്കം കിട്ടും.

'തകരം ശീതമത്യന്തം ദൃഷ്ടി ദോഷ വിനാശനം

വിഷ വേഗത്തെയും തീര്‍ക്കും ഭൂതാപസ്മാര നാശനം'

എന്നാണ് ഗുണപാഠത്തില്‍ തകരയുടെ ഔഷധ ഗുണങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95(%E0%B4%97)%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍