This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിയോട്ടോ ഡി ബോണ്‍ഡോണ്‍ (സു. 1266 - 1337)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗിയോട്ടോ ഡി ബോണ്‍ഡോണ്‍ (സു. 1266 - 1337)== ==Giotto di Bondone== ഇറ്റാലിയന്‍ ചിത്ര...)
അടുത്ത വ്യത്യാസം →
17:33, 2 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗിയോട്ടോ ഡി ബോണ്‍ഡോണ്‍ (സു. 1266 - 1337)
Giotto di Bondone
ഇറ്റാലിയന്‍ ചിത്രകാരനും വാസ്തുശില്പിയും. ആധുനിക ചിത്രകലയുടെ പിതാവ് എന്നു വിളിക്കപ്പെടുന്ന ഗിയോട്ടോ 1266-ല്‍ ഇറ്റലിയിലെ വെസ്പിനാനോയ്ക്കു സമീപമുള്ള കോലെ എന്ന സ്ഥലത്തു ജനിച്ചു. ഗിയോട്ടോ ചെറുപ്പത്തില്‍ ആട്ടിടയനായിരുന്നുവെന്നും ഒരിക്കല്‍ പാറയില്‍ ആടിന്റെ ചിത്രം വരച്ചുകൊണ്ടിരുന്ന കൊച്ചു ചിത്രകാരനെ ഗിയൊവന്നി സിമാബെ എന്ന പ്രസിദ്ധനായ ചിത്രകാരന്‍ യാദൃച്ഛികമായി കണ്ടെത്തുകയായിരുന്നുവെന്നും ഒരു കഥയുണ്ട്. സിമാബെ കുട്ടിയെ ഫ്ളോറന്‍സില്‍ കൊണ്ടുപോയി അവിടെ താമസിപ്പിച്ച് ചിത്രകല അഭ്യസിപ്പിച്ചു. പിന്നീട് ഇദ്ദേഹം റോം, അസ്സീസി തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും പിയെട്രോ, കാവലിനി മുതലായവരുടെ ചിത്രകലയെയും പിസാനി ആദിയായവരുടെ ശില്പകലയെയും കുറിച്ചു കൂടുതല്‍ പഠിക്കുകയും ചെയ്തു. റോമിലെയും ഫ്ളോറന്‍സിലെയും ക്ലാസ്സിക്രീതികള്‍, നേപ്പിള്‍സ്, അവിഞ്ഞോണ്‍ എന്നിവിടങ്ങളിലെ ഗോഥിക് ശൈലി തുടങ്ങി ചിത്രരചനയുടെ നാനാവിധ സങ്കേതങ്ങള്‍ ഗിയോട്ടോയ്ക്കു ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞു.
റോം, നേപ്പിള്‍സ്, അവിഞ്ഞോണ്‍, പാദുവാ, അസ്സീസി, റിമിനി, റാവേന്ന എന്നീ സ്ഥലങ്ങളിലെല്ലാം ഗിയോട്ടോ സജീവമായ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനുള്ള തെളിവുകളുണ്ട്. സമകാലികരായ ദാന്തെ, പെട്രാര്‍ക്ക്, ബൊക്കേഷ്യോ എന്നിവര്‍ ഇദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറിയപങ്കും പ്രകൃതിയുടെ തനിമായാര്‍ന്ന ആവിഷ്കരണങ്ങളാണ്. രൂപങ്ങളില്‍ വ്യക്തിത്വവും മാനുഷികവികാരങ്ങളും ചേര്‍ന്നിണങ്ങിയിരിക്കുന്നു. ജീവിതത്തിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു മികവുറ്റ സ്മാരകങ്ങള്‍ തീര്‍ത്ത ഈ ഗോഥിക് ചിത്രകാരന്റെ രചനകളില്‍ അതിപ്രശസ്തങ്ങളായിട്ടുള്ളത് മൂന്നെണ്ണമാണ്. അസ്സീസിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലുള്ള ചിത്രമാണ് ആദ്യത്തേത്. ബൈബിള്‍ കഥകളെ ആസ്പദമാക്കിയുള്ള രചനകളാണ് ഇവ. പാദുവായിലെ അരീന ചാപ്പലില്‍ യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആലേഖനം ചെയ്തിട്ടുള്ള ചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മഹനീയ സൃഷ്ടിയായി ഗണിച്ചുപോരുന്നത്. ഫ്ളോറന്‍സിലെ സാന്റാക്രൂസ് ചാപ്പലിലുള്ള ചിത്രമാണു മറ്റൊന്ന്. ഫ്രാന്‍സിസ്, ജോണ്‍ എന്നീ പുണ്യവാളന്മാരുടെ ജീവിതകഥകളെ അവലംബമാക്കുന്നവയാണ് ഇത്. ഇദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ രചന ഫ്ളോറന്‍സിലെ ഉഫീസിയില്‍ ഉണ്ട്. പുത്രിയോടും മാലാഖമാരോടും ചേര്‍ന്നിരിക്കുന്ന മഡോണയാണ് ഇതിലെ പ്രതിപാദ്യം.
പ്രസിദ്ധനായ ചിത്രകാരന്‍ എന്നപോലെ തന്നെ അനുഗ്രഹീതനായ വാസ്തുശില്പി കൂടിയായിരുന്നു ഗിയോട്ടോ. ജീവിതത്തിലുടനീളം വാസ്തുശില്പനിര്‍മാണകൗതുകം പുലര്‍ത്തിയിരുന്നുവെങ്കിലും അവസാനകാലത്താണ് കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെടാന്‍ ഗിയോട്ടോയ്ക്കു കഴിഞ്ഞത്. ഒരു കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ മാത്രമായി ആ കരവിരുത് ഒതുങ്ങുകയും ചെയ്തു. 1334-ല്‍ ഫ്ളോറന്‍സിലെ പള്ളിയില്‍ ഔദ്യോഗിക വാസ്തുശില്പിയായി നിയമിതനായത് ഗിയോട്ടോയ്ക്കു ലഭിച്ച വലിയ അംഗീകാരവും ബഹുമതിയുമായിരുന്നു. പള്ളിയുടെ മണിഗോപുരത്തിന്റെ നിര്‍മാണത്തില്‍ ഇദ്ദേഹം വ്യാപൃതനായി. അതിന്റെ പണിപൂര്‍ത്തിയാകുന്നതിനുമുമ്പേ 1337 ജനു. 8-ന് ഗിയോട്ടോ ദിവംഗതനായി. ഇദ്ദേഹം രൂപകല്പന ചെയ്തിരുന്ന മാതൃകയില്‍ത്തന്നെയാണു ഗോപുരം പൂര്‍ത്തിയാക്കിയത്. 1985-ല്‍ ഹാലിധൂമകേതുവിനെ സമീപിച്ച് പഠനം നടത്താന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച ബഹിരാകാശപേടകത്തിന്റെ പേര്‍ ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം 'ഗിയോട്ടോ' എന്നായിരുന്നു.