This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാളുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാളുകള്‍== പശ്ചിമയൂറോപ്പില്‍ ഗാള്‍ (ലാറ്റിന്‍-ഗാല്ലിയ) എന്ന ...)
അടുത്ത വ്യത്യാസം →
12:31, 1 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാളുകള്‍
പശ്ചിമയൂറോപ്പില്‍ ഗാള്‍ (ലാറ്റിന്‍-ഗാല്ലിയ) എന്ന പ്രദേശത്തു വസിച്ചിരുന്ന ജനവര്‍ഗം. കി. ആല്‍പ്സ് പര്‍വതനിരകള്‍, തെ. മെഡിറ്ററേനിയന്‍ കടല്‍, പ.-ഉം വ.-ഉം അത്ലാന്തിക് സമുദ്രം എന്നിവയാണ് ഗാളിന്റെ അതിര്‍ത്തികള്‍. ഒരു സങ്കരവര്‍ഗമാണ് ഗാളുകള്‍. വെങ്കലയുഗത്തില്‍ ആല്‍പ്സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു കുടിയേറിയവരാണ് കെല്‍ടിക് ഭാഷ പശ്ചിമയൂറോപ്പില്‍ കൊണ്ടുവന്നത്. ബി.സി. 8-ാം ശ.-ത്തോടെ കുടിയേറ്റക്കാര്‍ ഗാളിലെത്തിത്തുടങ്ങി. 7-ാം ശ.-ത്തില്‍ ഇവര്‍ സ്പെയിനിലും പോര്‍ച്ചുഗലിലും പിന്നീട് ജര്‍മനിയിലും എത്തി. റോമാക്കാര്‍ ഗാളുകള്‍ എന്നു വിളിച്ചിരുന്ന കെല്‍റ്റുകള്‍ ആല്‍പ്സ് കടന്ന് ഇറ്റലിയിലെത്തി പോ താഴ്വരയില്‍ വാസമുറപ്പിച്ചു. പോ പ്രദേശം ഗാല്ലിയാ സിസാല്‍ പിനിയാ എന്നാണ് അറിയപ്പെട്ടിരുന്നത്. സു.ബി.സി. 390-ല്‍ ഗാളുകള്‍ റോം കൈവശപ്പെടുത്തിയെങ്കിലും പിന്നീട് തുരത്തപ്പെട്ടു. ബി.സി. 222-ല്‍ റോമാക്കാര്‍ സിസാല്‍പൈന്‍ ഗാള്‍ കീഴടക്കിയതോടെ ഗാളുകള്‍ റോമന്‍ ജീവിതശൈലി സ്വീകരിക്കുകയുണ്ടായി. ഗാളുകള്‍ ഇതോടെ രണ്ടു വിഭാഗമായി. പോ നദിക്കു തെക്കുള്ളവര്‍ ഗാല്ലിയ സിസ്പാഡാനാ എന്നും വടക്കുള്ളവര്‍ ഗാല്ലിയ ട്രാന്‍സ്പാഡാനാ എന്നും അറിയപ്പെട്ടു. ബി.സി. 49-ല്‍ ജൂലിയസ് സീസര്‍ ഗാളുകള്‍ക്ക് റോമന്‍ പൗരത്വം നല്കുകയുണ്ടായി. ബി.സി. 27 മുതല്‍ 12 വരെയുള്ള കാലത്ത് അഗസ്റ്റസ്, ഗാളിനെ റോമാസാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഗാള്‍ ഗോത്രങ്ങളെ കെല്‍ടിക് ഗാള്‍, ബെല്‍ജിക് ഗാള്‍, അക്വിറ്റേനിയ എന്നിങ്ങനെ മൂന്നാക്കി തിരിച്ചു. അഗസ്റ്റസ് തുടര്‍ന്ന് മൂന്നു പ്രവിശ്യകളും ഉണ്ടാക്കി-ഗാല്ലിയ ബെല്‍ജിക്ക, ഗാല്ലിയ ലുഗ്ഡുനെന്‍സിസ്, അക്വിറ്റേനിയ എന്നിങ്ങനെ. റോമാസാമ്രാജ്യത്തിലെ സമ്പന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഗാള്‍. ഗാളുകള്‍ ലത്തീന്‍ ഭാഷ സ്വീകരിച്ചുവെങ്കിലും വളരെക്കാലം കെല്‍ടിക് പ്രചാരത്തിലിരുന്നു. ക്രിസ്തുമതത്തിന്റെ സ്ഥാപനം വരെ ഗാളുകള്‍ കെല്‍റ്റിക് ദേവതകളെ ആരാധിച്ചിരുന്നു.
എ.ഡി. 5-ാം ശ.-ത്തില്‍ വാന്‍ഡലുകളും വിസിഗോത്തുകളും ഗാള്‍ പ്രദേശം ആക്രമിച്ചു. 6-ാം ശ.-ത്തില്‍ ഗാള്‍ പ്രദേശം മുഴുവന്‍ ക്ലോവിസ് കീഴടക്കിയതോടെ ഗാള്‍ ഫ്രാങ്ക് രാജ്യത്തിന്റെ ഭാഗമായി. ഇതോടെ ഗാള്‍ എന്ന പ്രദേശം ഇല്ലതായി.
യോദ്ധാക്കളെന്നു പേരുകേട്ടിരുന്ന ഗാളുകള്‍ കൃഷി, ഖനനം, ലോഹവിദ്യ എന്നിവയിലും പ്രഗല്ഭരായിരുന്നു. അയല്‍ നാടുകളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ ബി.സി. 3-ാം ശ.-ത്തില്‍ത്തന്നെ നാണയങ്ങള്‍ ഇറക്കിയിരുന്നു. ഗാള്‍ സമൂഹത്തില്‍ നാഗരിക ജീവിതവും വികസ്വരമായിരുന്നു. സാംസ്കാരികമായ ഔന്നത്യവും ഉണ്ടായിരുന്നു. വാഗ്മികള്‍, കവികള്‍, ഗായകര്‍ എന്നിവര്‍ക്ക് മാന്യമായ സ്ഥാനം നല്കിയിരുന്നു. ഗ്രീക്, എട്രൂസ്കന്‍ ലോഹവിദ്യ, കളിമണ്‍പാത്ര നിര്‍മാണശൈലി എന്നിവയുടെ സ്വാധീനം ഗാള്‍ലോഹ-കളിമണ്‍ നിര്‍മാണവിദ്യകളില്‍ പ്രകടമായിക്കാണാം.
ബി.സി. 1-ാം ശ. വരെ ഗാള്‍ ഗോത്രങ്ങള്‍ രാജഭരണത്തിന്‍ കീഴിലായിരുന്നു. എന്നാല്‍ അതിനുശേഷം രാജഭരണം കാലക്രമേണ ഇല്ലാതാവുകയും പ്രഭുക്കന്മാര്‍ ഭരണവര്‍ഗമായിത്തീരുകയും ചെയ്തു. പുരോഹിതവര്‍ഗത്തിനു പൊതുക്കാര്യങ്ങളില്‍ ഗണ്യമായ സ്വാധീനമുണ്ടായിരുന്നുവെന്നു കാണാം.