This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാല്‍സ്വര്‍ത്തി, ജോണ്‍ (1867 - 1933)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാല്‍സ്വര്‍ത്തി, ജോണ്‍ (1867 - 1933)== ==Galsworthy, John== 1932-ല്‍ സാഹിത്യത്തില്‍ ...)
അടുത്ത വ്യത്യാസം →
12:22, 1 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാല്‍സ്വര്‍ത്തി, ജോണ്‍ (1867 - 1933)
Galsworthy, John
1932-ല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടിയ ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തും. കഥ, കവിത, ഉപന്യാസം, നോവല്‍, നാടകം എന്നിങ്ങനെ സാഹിത്യത്തിലെ മിക്ക ശാഖകളും കൈകാര്യം ചെയ്തിട്ടുള്ള ഗാല്‍സ്വര്‍ത്തി നോവലിന്റെയും നാടകത്തിന്റെയും രംഗങ്ങളിലാണു വിജയം വരിച്ചത്. ജീവിതകാലത്ത് നാടകകൃത്തെന്ന നിലയിലായിരുന്നു പ്രശസ്തി. ഇന്ന് നോവലിസ്റ്റായിട്ടാണ് ഇദ്ദേഹം കൂടുതല്‍ ആദരിക്കപ്പെടുന്നത്.
ലണ്ടന്‍ നഗരത്തിനു തൊട്ടു കിടക്കുന്ന സറി കൗണ്ടിയിലെ കിങ്സ്റ്റണില്‍ ഒരു സമ്പന്ന കുടുംബത്തില്‍ 1867 ആഗ. 14-ന് ജോണ്‍ ജനിച്ചു. പ്രസിദ്ധമായ ഹാരോ പബ്ലിക് സ്കൂളിലും ഓക്സ്ഫഡ് സര്‍വകലാശാലയിലെ ന്യൂ കോളജിലും പഠിച്ചു. നിയമത്തിലാണ് ഓക്സ്ഫഡില്‍ നിന്ന് ഓണേഴ്സ് ബിരുദം നേടിയത്. പിന്നീടു ലിങ്കണ്‍സ് ഇന്നില്‍ നിന്നു നിയമപരിശീലനം നേടി. മകനും തന്നെപ്പോലെ അഭിഭാഷകനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. കായിക വിനോദങ്ങളില്‍ തത്പരനായിരുന്ന ജോണ്‍ വിദ്യാഭ്യാസകാലത്ത് സാഹിത്യത്തില്‍ അഭിരുചി പ്രദര്‍ശിപ്പിച്ചിരുന്നില്ല. എഴുത്തുകാരനായിത്തീര്‍ന്നതിന്റെ പിന്നിലുള്ള ശക്തമായ പ്രേരണ, ആദ്യം കാമുകിയും പിന്നീടു ഭാര്യയുമായിത്തീര്‍ന്ന ആഡ കൂപ്പറുടേതാണെന്ന് ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ സഹോദരീപുത്രനായ ആര്‍തര്‍ കൂപ്പറുടെ ഭാര്യ ആഡയുമായി പത്തുവര്‍ഷം നീണ്ട പ്രേമബന്ധത്തിനുശേഷമാണ് (ആഡയും കൂപ്പറുമായുള്ള വിവാഹമോചനത്തിനുശേഷം) ഇദ്ദേഹം അവരെ വിവാഹം കഴിച്ചത്. ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പര്യടനത്തിനിടയ്ക്കു ടൊറന്‍സ് എന്ന കപ്പലില്‍വച്ചു പരിചയപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റ് ജോസഫ് കൊണ്‍റാഡ് (1857-1924) ചെലുത്തിയ സ്വാധീനമാണ് എടുത്തു പറയത്തക്ക മറ്റൊരുഘടകം (പോളണ്ടില്‍ ജനിച്ചു വളര്‍ന്ന തിയഡോര്‍ ജോസഫ് കൊണ്‍റാഡ് കോഴ്സെ നിയോവ്സ്കി എന്ന സാഹസികനായ സമുദ്രസഞ്ചാരി ഇതിനകം ജോസഫ് കൊണ്‍റാഡ് എന്ന പേരില്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു). കൊണ്‍റാഡ് തന്റെ പ്രഥമകൃതിയായ ആള്‍മേയേഴ്സ് ഫോളി (1895) ഇതിനകം എഴുതിക്കഴിഞ്ഞിരുന്നു.
ഫ്രം ദ ഫോര്‍ വിന്‍ഡ്സ് (1897) ആണ് ഗാല്‍സ്വര്‍ത്തിയുടെ ആദ്യകൃതി. ഇതിന്റെ പ്രസിദ്ധീകരണത്തിലും പുതിയ എഴുത്തുകാരനെ സാഹിത്യകാരന്മാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും കൊണ്‍റാഡ് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ കൃതിയിലെ മിക്ക കഥകളിലും റഷ്യന്‍ നോവലിസ്റ്റായ ടര്‍ഗനീഫി (1818-83)ന്റെയും ഫ്രഞ്ച് കഥാകൃത്തായ മോപ്പസാങ്ങി(1850-93)ന്റെയും കഥാഖ്യാന രീതിയുടെ സ്വാധീനം പ്രകടമായിരുന്നു. ഈ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പ്രഥമ നോവലായ ജോസിലിന്‍ (1908) എഴുതിത്തുടങ്ങിയിരുന്നു. സ്നേഹശൂന്യമായ ദാമ്പത്യബന്ധമാണ് ഇതിലെ മുഖ്യ പ്രമേയം. വില്ല റൂബെയിന്‍ (1900) എന്ന നോവലും മാന്‍ ഒഫ് ഡെവണ്‍ (1901) എന്ന കഥാസമാഹാരവും ഗാല്‍സ്വര്‍ത്തി പ്രസിദ്ധീകരിച്ചത് ജോണ്‍സണിഞ് ജോണ്‍ എന്ന തൂലികാനാമത്തിലായിരുന്നു.
ദ സില്‍വര്‍ ബോക്സ് (1906) എന്ന നാടകത്തിന്റെ രചനയും കോര്‍ട്ട് തിയെറ്ററില്‍ ഗ്രന്‍വില്‍ ബാര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന വിജയകരമായ അതിന്റെ അവതരണവും ഗാല്‍സ്വര്‍ത്തിയെ പ്രസിദ്ധനാക്കി. ശില്പപരമായി കുറവുകളുണ്ടായിരുന്നെങ്കിലും നാടകത്തിന്റെ സാമൂഹികമായ ഉള്ളടക്കം നാടകനിരൂപകന്മാര്‍ക്ക് ഇഷ്ടപ്പെട്ടു. സാമൂഹിക സദാചാരപ്രശ്നങ്ങളാണ് തുടര്‍ന്നുള്ള നാടകങ്ങളിലും ഇദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. 1909-ല്‍ രചിച്ച സ്ട്രൈഫ് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മര്‍ക്കടമുഷ്ടിമൂലം പണിമുടക്ക് ഒരു മാനുഷികദുരന്തമായിത്തീരുന്നത് ചിത്രീകരിക്കുന്നു. അടുത്തവര്‍ഷം 'ഡ്യൂക് ഒഫ് യോര്‍ക്ക്' തിയെറ്ററില്‍ ആദ്യമായി അരങ്ങേറിയ ജസ്റ്റിസില്‍ അവതീര്‍ണമാക്കുന്നത് ഏകാന്തത്തടവിന്റെ ക്രൂരതയാണ്. സമൂഹത്തിലും സര്‍ക്കാരിലും നാടകം വിലയ ചലനമുണ്ടാക്കി. ഏകാന്തത്തടവു സമ്പ്രദായം ഇല്ലാതാക്കുന്ന നിയമനിര്‍മാണം ഇംഗ്ലണ്ടില്‍ താമസിയാതെ ഉണ്ടായി. ലോയല്‍ട്ടീസ്, ദ സ്കിന്‍ ഗെയിം, എസ്കേപ്പ് എന്നീ നാടകങ്ങളും അരങ്ങത്തു വിജയിച്ചു.
സാഹിത്യകാരനെന്ന നിലയില്‍ ഗാല്‍സ്വര്‍ത്തിയുടെ പ്രശസ്തി ഇന്നു നില്‍ക്കുന്നത് ഫോഴ്സൈറ്റ് സാഗ എന്ന നോവല്‍ പരമ്പരകളുടെ അടിത്തറയിന്മേലാണ്. ദ മാന്‍ ഒഫ് പ്രോപ്പര്‍ട്ടി (1906), ഇന്‍ ചാന്‍സറി (1920), ടു ലെറ്റ് (1921) എന്നീ മൂന്ന് ഗ്രന്ഥങ്ങളും ചേര്‍ത്ത് ഒറ്റ പുസ്തകമായി 1922-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാമത്തെ പരമ്പരയായ എ മോഡേണ്‍ കോമഡിയിലെ ഗ്രന്ഥങ്ങള്‍ ദ വൈറ്റ് മങ്കി (1924), ദ സില്‍വര്‍ സ്പൂണ്‍ (1926), സ്വാന്‍ സോങ് (1928) എന്നിവയാണ്. ഫോഴ്സൈറ്റ് കുടുംബത്തിന്റെ ഭാഗധേയം തലമുറകളിലൂടെ ആഖ്യാനം ചെയ്യുകവഴി എഡ്വേഡിയന്‍ കാലഘട്ടത്തിലെ ഉയര്‍ന്ന ഇടത്തരക്കാരുടെ ജീവിതവും വിശ്വാസങ്ങളും പെരുമാറ്റങ്ങളും പൂര്‍വധാരണകളുമെല്ലാം അവയുടെ സര്‍വ ശക്തിദൗര്‍ബല്യങ്ങളോടുംകൂടി ഗാല്‍സ്വര്‍ത്തി നമുക്ക് കാട്ടിത്തരുന്നു. ഗ്രന്ഥകാരന്റെ സൂക്ഷ്മമായ നിരീക്ഷണശക്തിയും നിശിതമായ ഉള്‍ക്കാഴ്ചയും തികഞ്ഞ അനുതാപവും വിപുലമായ പശ്ചാത്തലത്തില്‍ ഹൃദ്യമായി വിരചിച്ചിട്ടുള്ള ഈ വംശചരിത്രത്തില്‍ പ്രകടമാണ്. ഗാല്‍സ്വര്‍ത്തിയുടെ അസാധാരണമായ സര്‍ഗശക്തിയുടെ തെളിവാണ് ഈ വംശകഥ.
ഫോഴ്സൈറ്റ് നോവലുകള്‍ കൂടാതെ വേറെയും നോവലുകള്‍ ഗാല്‍സ്വര്‍ത്തി രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനം ദ ഡാര്‍ക് ഫ്ളവര്‍ (1913), ദ ഫ്രീലാന്‍സ് (1915), സെയിന്റ്സ് പ്രോഗ്രസ് (1919) എന്നിവയാണ്. ഒട്ടേറെ കഥാസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസില്‍സ് ഇന്‍ സ്പെയിന്‍ എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ ഒരു സമാഹാരം 1927-ല്‍ പുറത്തുവന്നു. മരണാനന്തരമാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തത് (1934).
1918-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നൈറ്റ് പദവി (knight hood) നല്കാന്‍ തയ്യാറായെങ്കിലും ഗാല്‍സ്വര്‍ത്തി അത് സ്നേഹപൂര്‍വം നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ 1929-ല്‍ നല്കിയ ഓര്‍ഡര്‍ ഒഫ് മെരിറ്റ് ബഹുമതി സ്വീകരിച്ചു. ഓക്സ്ഫഡും കേംബ്രിജും ഉള്‍പ്പെടെ പല ബ്രിട്ടിഷ്-അമേരിക്കന്‍ സര്‍വകലാശാലകളും ഡോക്ടറേറ്റ് നല്കി ഗാല്‍സ്വര്‍ത്തിയെ ആദരിക്കുകയുണ്ടായി. 1933 ജനു. 31-ന് ഹാംസ്റ്റെഡിയിലെ വസതിയില്‍ ഗാല്‍സ്വര്‍ത്തി അന്തരിച്ചു.
(ഡോ. എന്‍.എ. കരീം)