This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലിഫോമിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാലിഫോമിസ്== ==Galliformes== ഒരു പക്ഷിഗോത്രം. കോഴിയിനങ്ങള്‍, മയില്‍ തു...)
അടുത്ത വ്യത്യാസം →

11:51, 1 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗാലിഫോമിസ്

Galliformes

ഒരു പക്ഷിഗോത്രം. കോഴിയിനങ്ങള്‍, മയില്‍ തുടങ്ങിയ പക്ഷികള്‍ ഉള്‍പ്പെടുന്ന ഈ ഗോത്രത്തില്‍ ഏതാണ്ട് 275-ഓളം പക്ഷി സ്പീഷീസുകളാണുള്ളത്. ഇവ പ്രധാനമായും സാമ്പത്തിക പ്രാധാന്യമുള്ള വളര്‍ത്തുപക്ഷികളും വിനോദത്തിനായി വളര്‍ത്തുന്ന പക്ഷികളും (game birds) ആണ്. അന്റാര്‍ട്ടിക്ക, ഏതാനും ചെറുദ്വീപുകള്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മറ്റെല്ലാ ഭൂഭാഗങ്ങളിലും ഇവയെ കണ്ടെത്താനാകും.

ഏറ്റവുമധികം സാമ്പത്തിക പ്രാധാന്യമുള്ള മൂന്നിനം വളര്‍ത്തു പക്ഷികള്‍ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. ഗാലസ് ജീനസില്‍പ്പെട്ട വളര്‍ത്തുകോഴികളാണിവയില്‍ പ്രധാനം. ഇവയുടെ അധിക ഉത്പാദനശേഷിയുള്ള നിരവധി സങ്കരയിനങ്ങളെയും ഇന്ന് വളര്‍ത്തിവരുന്നു. ന്യുമീഡിയ മെലിയാഗ്രിസ് (Numidea meleagris) എന്ന ശാസ്ത്രനാമമുള്ള ഗിനിക്കോഴികള്‍, മെലിയാഗ്രിസ് ഗാലോപ്പാവോ (Meleagris gallopavo) എന്ന ശാസ്ത്രനാമമുള്ള ടര്‍ക്കിക്കോഴികള്‍ എന്നിവയാണ് മറ്റ് രണ്ടിനങ്ങള്‍. ഇവയോടൊപ്പം മയില്‍, വാന്‍കോഴി, തിത്തിരിപ്പക്ഷി എന്നിവയും പ്രധാനപ്പെട്ട ഗാലിഫോമിസ് ഗോത്രക്കാര്‍ തന്നെ.

അധികദൂരം പറക്കാന്‍ കഴിവില്ലാത്ത ഈ പക്ഷികള്‍ കൂടുതല്‍ സമയവും തറയില്‍ത്തന്നെ കഴിയുന്നു. ചില സ്പീഷീസുകള്‍ രാത്രികാലങ്ങളില്‍ മരങ്ങളില്‍ ചേക്കേറാറുണ്ട്. ഈ ഗോത്രത്തിലെ പക്ഷികള്‍ക്കു താരതമ്യേന ചെറിയ ചിറകുകളാണുള്ളത്. അല്പം ഉള്ളിലേക്കു വളഞ്ഞ ഈ ചിറകുകള്‍ ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുന്നു. ഈ പ്രത്യേകതകള്‍മൂലം ഇവയ്ക്ക് അധികദൂരം പറക്കാനാവില്ല. പക്ഷേ, മറ്റു പക്ഷികള്‍ക്കുള്ളതിനെക്കാള്‍ ബലമേറിയ കാലുകള്‍ ഇവയ്ക്കുണ്ട്. നാലുകാല്‍വിരലുകളും അവയില്‍ കട്ടിയേറിയ നഖങ്ങളും കാണപ്പെടുന്നു. കൊക്ക് ചെറുതും തടിച്ചതുമാണ്. ശരീരത്തിന്റെ അടിഭാഗത്തായി കാണപ്പെടുന്ന നെഞ്ചെല്ലിന്റെ നൗതലം അഥവാ കീല്‍ (Keel) ഉയര്‍ന്നു വികസിച്ചിരിക്കുന്നു. വാല്‍ പൂര്‍ണവികസിതമാണ്. ചില സ്പീഷീസുകളില്‍ ഇവ തീരെ ചെറുതാണ്. വാലറ്റം ഉരുണ്ടതോ കൂര്‍ത്തതോ ആകാം. വാലില്‍ 8 മുതല്‍ 32 വരെ തൂവലുകള്‍ കാണപ്പെടുന്നു.

ഗാലിഫോമിസ് ഗോത്രത്തിലെ പക്ഷികളില്‍ മിക്കവയിലും ലിംഗഭേദം പ്രകടമാണ്. ആണ്‍പക്ഷിക്ക് വര്‍ണാഭമായ തൂവലുകള്‍ കണ്ടുവരുന്നു. ആണ്‍പക്ഷികള്‍ക്കു പ്രത്യേകരീതിയിലുള്ള ശബ്ദങ്ങളുണ്ടാക്കാനും കഴിവുണ്ട്. പിടയെ ആകര്‍ഷിക്കാനുള്ള അടവുകളാണിവയെന്നു കരുതപ്പെടുന്നു. മിക്ക സ്പീഷീസുകളിലും ഒരു പൂവനോടൊപ്പം ഒന്നിലധികം പിടകളും കാണാറുണ്ട്. എങ്കിലും അടയിരിക്കുന്നതും മുട്ട വിരിയിക്കുന്നതും പെണ്‍പക്ഷികള്‍ തന്നെയായിരിക്കും. ഗാലിഫോമിസ് ഗോത്രത്തിലെ ചെറിയ ചില പക്ഷിയിനങ്ങള്‍ ജോഡിയായി മാത്രം ജീവിക്കുന്നു. ഈ ഇനങ്ങളില്‍ ആണ്‍-പെണ്‍പക്ഷികള്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സഹകരിക്കാറുണ്ടെങ്കിലും മുട്ടവിരിയിക്കുന്നത് പെണ്‍പക്ഷികള്‍ തന്നെയാണ്.

ഗാലിഫോമിസ് ഗോത്രത്തെ ഏഴ് കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. (1) മെഗാപോഡിയേ (Megapodiidae) - ഈ കുടുംബത്തില്‍ മൗണ്‍ഡ് എന്നു പേരുള്ള (Mound birds) ആസ്റ്റ്രേലിയന്‍ പക്ഷികളും ബ്രഷ് ടര്‍ക്കികളുമാണുള്ളത്. (2) ക്രാസിഡേ (Cracidae)-ചച്ചാലാക്ക (Chachalacas), ഗുവാന്‍ (Guans), കുറസ്സോ (Curassows) എന്നിവയാണ് ഈ കുടുംബത്തിലുള്ളത്. (3) ടെട്രാവോനിഡേ (Tetraonidae) - ഈ കുടുംബത്തില്‍ ചതുപ്പുപ്രദേശക്കോഴി(Grouse)കളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. (4) ഫാസിയാനിഡേ (Phasianidae)-വാന്‍ കോഴികള്‍ (Pheasants), പാട്രിഡ്ജ് (Patridge), ക്വയില്‍ (Quail) എന്നിവയാണ് ഈ കുടുംബത്തിലുള്ളത്. (5) ന്യൂമിഡിഡേ (Numididae) - ഗിനിക്കോഴികളുടെ കുടുംബമാണിത്. (6) മെലിയാഗ്രിഡിഡേ (Meleagrididae)-ടര്‍ക്കിക്കോഴികളെ ഈ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. (7) ഒപ്പിസ്തോക്കോമിഡേ (Opisthocomidae)-ഹൊവാട്ട്സിന്‍ (Hoatzin) എന്നയിനം പക്ഷികള്‍ മാത്രമാണ് ഈ കുടുംബത്തിലുള്ളത്. ചില വര്‍ഗീകരണരീതി ഗാലിഫോമിസ് ഗോത്രത്തെ മൂന്നു കുടുംബങ്ങളായിട്ടുമാത്രവും തിരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍