This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍ഹിക വാസ്തുവിദ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാര്‍ഹിക വാസ്തുവിദ്യ== ഗൃഹസംബന്ധമായ വാസ്തുവിദ്യ. മനുഷ്യവാസ...)
അടുത്ത വ്യത്യാസം →
11:38, 1 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ഗാര്‍ഹിക വാസ്തുവിദ്യ
ഗൃഹസംബന്ധമായ വാസ്തുവിദ്യ. മനുഷ്യവാസത്തിനുള്ള സംരചനകളുടെ വികാസചരിത്രമാണിത്. പ്രതികൂല കാലാവസ്ഥ, വന്യമൃഗങ്ങള്‍, ശത്രുക്കള്‍ തുടങ്ങിയവയില്‍ നിന്നുള്ള സുരക്ഷിതത്വം ലക്ഷ്യമാക്കിയാണ് ആദിമ മനുഷ്യന്‍ ഭവനനിര്‍മാണം തുടങ്ങിയത്. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട വാസ്തുവിദ്യ വ്യാപകമായത് 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടിയാണ്.
ആമുഖം
പ്രധാനമായി മൂന്നുതരത്തിലുള്ള ഭവനങ്ങളാണ് നിര്‍മിച്ചുവരുന്നത്. താപനില കൂടുതലുള്ള കാലാവസ്ഥാ പ്രദേശങ്ങളില്‍ പരമാവധി വാതായനസൗകര്യം ലഭിക്കത്തക്കവിധത്തിലുള്ള മുറികളോടും വായുപ്രവാഹസൗകര്യമുള്ള മുറ്റങ്ങളോടും കൂടിയ ഭവനങ്ങളും, നല്ല തണുപ്പനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ മുറികളില്‍ ചൂടു ലഭിക്കുന്നതിനു പറ്റിയ തരത്തില്‍ ഒന്നിനോടൊന്ന് ബന്ധപ്പെട്ട മുറികളുള്ള ഭവനങ്ങളും ഇവയില്‍ രണ്ടിനങ്ങളാണ്. മിതശീതോഷ്ണമേഖലകളിലെ സമ്മിശ്ര സ്വഭാവമുള്ള ഭവനങ്ങള്‍ മൂന്നാമത്തെ ഇനത്തില്‍പ്പെടുന്നു.
ആദ്യകാലത്ത് കെട്ടിടനിര്‍മാണത്തിന് പ്രധാനമായും മരം ആണ് ഉപയോഗിച്ചിരുന്നത്. മെസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിന്റെ പ്രാരംഭദശയിലാണ് ഇഷ്ടിക ഉപയോഗപ്പെടുത്താനാരംഭിച്ചതെന്ന് കരുതപ്പെടുന്നു. സമ്പന്നരുടെ ഭവനങ്ങളും പൊതു കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് ശിലകളോടൊപ്പം ഇഷ്ടികയും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. വെട്ടുകല്ലും കരിങ്കല്ലും ഇഷ്ടികയും കൂടുതല്‍ ഭാരം താങ്ങേണ്ടിവരുന്ന ഭിത്തികളുടെ നിര്‍മാണത്തിനാണുപയോഗിച്ചിരുന്നത്. സാധാരണക്കാരുടെ ഭവന നിര്‍മാണത്തിന് ഏറിയ പങ്കും പച്ച ഇഷ്ടികയാണുപയോഗിച്ചിരുന്നത്. കാലക്രമേണ പുതിയ കെട്ടിടനിര്‍മാണ പദാര്‍ഥങ്ങള്‍ പ്രചാരത്തില്‍ വരാന്‍ തുടങ്ങി. കോണ്‍ക്രീറ്റ്, പ്രബലിത കോണ്‍ക്രീറ്റ് (reinforced concrete), ഉരുക്ക്, ഗ്ലാസ് തുടങ്ങിയവ ഇവയ്ക്കുദാഹരണങ്ങളാണ്. സാങ്കേതികവിദ്യയുടെ വികാസഫലമായും ഗാര്‍ഹിക വാസ്തുവിദ്യയില്‍ പല മാറ്റങ്ങളുണ്ടായി. വൈദ്യുതി, ശുദ്ധജലവിതരണം, മലിനജല നിര്‍മാര്‍ജനം, വാതാനുകൂലനം തുടങ്ങിയവ സാങ്കേതികവിദ്യയുടെ സംഭാവനകളാണ്. കാലാകാലങ്ങളില്‍ മനുഷ്യന്റെ സൗന്ദര്യബോധത്തില്‍ ഉണ്ടായ മാറ്റങ്ങളും ഗാര്‍ഹിക വാസ്തുവിദ്യയെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി.
പൊതുവായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, കൊട്ടാരങ്ങള്‍, സ്മാരകമന്ദിരങ്ങള്‍ തുടങ്ങിയവയിലാണു വാസ്തുവിദ്യയിലെ പുതുമകള്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്നതെങ്കിലും ഗാര്‍ഹിക വാസ്തുവിദ്യയിലും കാലാനുസൃതമായ മാറ്റങ്ങള്‍ പ്രതിഫലിച്ചിരുന്നതായി കാണാം. ഗാര്‍ഹിക വാസ്തുവിദ്യയില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളില്‍ പ്രാദേശികസ്വാധീനം കൂടുതല്‍ പ്രകടമായിരുന്നു. നവോത്ഥാനകാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളിലെ വാസ്തു ശില്പികള്‍ സ്വയം പ്രകാശനത്തിനുള്ള ഏറ്റവും പറ്റിയ മാധ്യമമായി ഭവനങ്ങളെ കരുതാന്‍ തുടങ്ങി. ഇതോടെ വാസ്തുശില്പികളുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഗാര്‍ഹിക വാസ്തുവിദ്യയായിത്തീര്‍ന്നു. 20-ാം ശ.-മായപ്പോഴേക്കും വാസ്തുവിദ്യയുടെ നേതൃത്വപരമായ പങ്ക് ഗാര്‍ഹികവാസ്തുവിദ്യ ഏറ്റെടുക്കുകതന്നെ ചെയ്തു.
ചരിത്രാതീത കാലത്തെയും ക്ലാസ്സിക്കല്‍ കാലഘട്ടത്തിന് തൊട്ടുമുമ്പുള്ള കാലത്തെയും പാര്‍പ്പിട നിര്‍മാണവിദ്യാസംബന്ധിയായ തെളിവുകള്‍ വളരെക്കുറച്ചേ ഇന്നവശേഷിച്ചിട്ടുള്ളു. ഈ കാലങ്ങളിലെ ഗാര്‍ഹിക വാസ്തുവിദ്യയുടെ സവിശേഷതകളെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ലഭ്യമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രധാന കാലഘട്ടത്തിലെയും ഭവനങ്ങളുടെ സവിശേഷതകളെക്കുറിച്ച് പൊതുവായ ചില ധാരണകളിലെത്താനും കഴിഞ്ഞിട്ടുണ്ട്.
ആദ്യകാലഘട്ടം
ഗുഹാവാസികളായിരുന്ന ആദിമമനുഷ്യന്‍ ഗുഹാമുഖം ഭാഗികമായി അടയ്ക്കാന്‍ കരിങ്കല്‍ കഷണങ്ങളുപയോഗിച്ച് ഭിത്തി കെട്ടിയതോടെയാകാം കല്പണി ആരംഭിച്ചത്. വൃത്താകൃതിയില്‍ മരക്കമ്പുകള്‍നാട്ടി അവയുടെ മുകള്‍ഭാഗം ഒരുമിച്ചു കൂട്ടിക്കെട്ടി പനയോലകള്‍, പുല്ലുകള്‍ മുതലായവകൊണ്ടു മേയാന്‍ തുടങ്ങിയതോടെ കെട്ടിടനിര്‍മാണത്തില്‍ ചട്ടക്കൂടുപയോഗിക്കുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചതായും കരുതാം. കാലക്രമേണ കെട്ടിടനിര്‍മാണത്തില്‍ ഭിത്തിയും ചട്ടക്കൂടും ഉപയോഗിക്കാന്‍ തുടങ്ങി. ഭിത്തിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കല്പണിയും ചട്ടക്കൂടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മരപ്പണിയും ഉരുത്തിരിഞ്ഞുവന്നു. ആദ്യകാലഭവനനിര്‍മാണത്തിലെ പ്രാഥമിക പരിഗണന വിവിധതരം ശത്രുക്കളില്‍നിന്നുള്ള അഭയമായിരുന്നതായും കരുതപ്പെടുന്നു. ജലാശയങ്ങളുടെ തീരത്തോടടുത്ത് കുറ്റികള്‍ അടിച്ചുതാഴ്ത്തി അവയ്ക്കുമുകളില്‍ കുടിലുകള്‍ കെട്ടുന്ന സമ്പ്രദായം ചിലയിടങ്ങളില്‍ പ്രചാരത്തില്‍വന്നു.
മരക്കുറ്റികള്‍ അടുത്തടുത്തായി വൃത്താകൃതിയില്‍ കുഴിച്ചുവച്ച് അവ തമ്മില്‍ കൂട്ടിക്കെട്ടി പരസ്പരം യോജിച്ചിരിക്കത്തക്കവിധത്തില്‍ ചാന്തുതേച്ച് അവയ്ക്കുമുകളില്‍ പനയോലകൊണ്ട് മേഞ്ഞവയായിരുന്നു ആദ്യകാല ആഫ്രിക്കന്‍ കുടിലുകള്‍. കുടിലുകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ അവയ്ക്കിടയില്‍ വേലികെട്ടിയിരുന്നതായും കരുതപ്പെടുന്നു. നദീതീരങ്ങളില്‍ കുറ്റികള്‍ അടിച്ചുതാഴ്ത്തി അവയ്ക്കുമുകളില്‍ വെള്ളം കയറാത്തവിധത്തില്‍ പണിതതും പൊതുവരാന്തയോടുകൂടിയതും ആയ ഭവനശൃംഖലകള്‍ ബോര്‍ണിയോയില്‍ പ്രാചീനകാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. അര്‍ധകുംഭകാകൃതിയില്‍ ഐസുകട്ടകളുപയോഗിച്ച് എസ്കിമോകള്‍ നിര്‍മിച്ച ഈഗ്ളു ഭവനങ്ങളും ശ്രദ്ധേയങ്ങളാണ്.
യൂറോപ്യന്മാര്‍ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ 17-ാം ശ. മുതല്‍ കോളനികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെ അതാതിടങ്ങളിലെ വാസ്തുവിദ്യയിലും യൂറോപ്യന്‍ സ്വാധീനം പ്രകടമാകാന്‍ തുടങ്ങി. എങ്കിലും ഇത്തരം രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ പ്രാകൃതരീതിയിലുള്ള ഭവനങ്ങളും ഭവനനിര്‍മാണരീതിയും ഇപ്പോഴും നിലനില്ക്കുന്നതായി കാണാം. ഉത്തര ആസ്റ്റ്രേലിയയിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട നാടോടികള്‍ ഗുഹകളെ പ്രകൃതിദത്തമായ വാസസ്ഥലങ്ങളായി ഇക്കാലത്തും ഉപയോഗപ്പെടുത്തിവരുന്നു. നവീന ശിലായുഗമാതൃകയിലുള്ള ഭവനങ്ങള്‍ ഇപ്പോഴും നിര്‍മിച്ചുപയോഗിച്ചുവരുന്ന ജനവിഭാഗങ്ങള്‍ കംബോഡിയയിലും ന്യൂഗിനിയിലുമുണ്ട്. പ്രാകൃതരീതിയില്‍ തടിയും കളിമണ്ണും ഉപയോഗിച്ച് ഭവനങ്ങള്‍ നിര്‍മിക്കുന്ന രീതി ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ ആധുനിക കാലഘട്ടത്തിലും നിലവിലുള്ളതായി കാണാം.
ഈജിപ്ത്
ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ ത്വരിതഗതിയിലുള്ള മുന്നേറ്റം പാവപ്പെട്ടവരുടെ ഭവനനിര്‍മാണത്തില്‍ പറയത്തക്ക സ്വാധീനം ചെലുത്തുകയുണ്ടായില്ല. ഈജിപ്തിലെ സാധാരണ പൗരന്മാരുടെ ഭവനങ്ങളധികവും ഇപ്പോഴും രണ്ടു മുറികള്‍ മാത്രമുള്ളവയാണ്. ഇത്തരം ഭവനങ്ങളുടെ പ്രധാന നിര്‍മാണ പദാര്‍ഥങ്ങള്‍ പച്ച ഇഷ്ടികയും ഈറ്റയും കളിമണ്ണും ആണ്. പനയോലയാണ് പുരമേച്ചിലിനുപയോഗപ്പെടുത്തുന്നത്. എന്നാല്‍ സമ്പന്നവര്‍ഗത്തിന്റെ ഭവനങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളായിരുന്നു. അവര്‍ പ്രധാന അറയുടെ പിന്‍ഭാഗത്തോ വശങ്ങളിലോ ആവശ്യാനുസരണം മുറികള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇഷ്ടികത്തൂണുകളാല്‍ താങ്ങപ്പെട്ട പരന്ന മേല്‍ക്കൂരയും ഈജിപ്തില്‍ പ്രചാരത്തില്‍ വന്നു. പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും ഉഷ്ണകാലത്ത് കിടന്നുറങ്ങുകയും ചെയ്യുക സാധാരണമായിരുന്നു. സമ്പന്ന ഭവനങ്ങള്‍ വലുപ്പക്കൂടുതലുള്ളവയും നടുമുറ്റത്തോടുകൂടിയവയും ആയിരുന്നു. വിശാലമായ നടുമുറ്റം, അതിനുചുറ്റും സാമ്പത്തികപ്രൌഢി കാണിക്കത്തക്കവിധത്തിലുള്ള കെട്ടിടശൃംഖല, കെട്ടിടശൃംഖലയ്ക്കു ചുറ്റുമായി ഉയരത്തിലുള്ള പുറം മതിലുകള്‍ എന്നിവയായിരുന്നു ഗ്രാമപ്രമാണികളുടെ ഭവനങ്ങളുടെ സവിശേഷതകള്‍. എന്നാല്‍ ഈജിപ്തുകാരുടെ അക്കാലത്തെ വിശ്വാസമനുസരിച്ച് ഈ ലോകത്തിലെ വീട് താത്കാലികവും മരണാനന്തരലോകത്തിലേത് ശാശ്വതവുമായി കരുതപ്പെട്ടിരുന്നതിനാല്‍ ആര്‍ഭാടം നിറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കുന്നതില്‍ അവര്‍ പൊതുവേ വിമുഖരായിരുന്നു. മരണാനന്തര ജീവിതത്തിനുപകരിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍മിക്കപ്പെട്ട പിരമിഡുപോലുള്ള സംരചനകള്‍ വന്‍ ചെലവുള്ളതും ആര്‍ഭാടം നിറഞ്ഞവയും ആയിരുന്നു. സാധാരണക്കാരുടേതില്‍ നിന്നു വ്യത്യസ്തമായി രാജകൊട്ടാരങ്ങളും പ്രഭുമന്ദിരങ്ങളും അപ്രകാരം തന്നെ. നോ: ഈജിപ്ഷ്യന്‍ വാസ്തുവിദ്യ
പശ്ചിമേഷ്യ
ഈജിപ്ഷ്യന്‍ സംസ്കാരത്തിലും മെസൊപ്പൊട്ടേമിയന്‍ സംസ്കാരത്തിലും ഗാര്‍ഹികവാസ്തുവിദ്യയില്‍ ചില മാറ്റങ്ങള്‍ പ്രകടമാവുകയുണ്ടായി. പാവപ്പെട്ടവരുടെ വസതികള്‍ മിക്കവാറും ഒറ്റമുറിയോടുകൂടിയവയായിരുന്നു. ഇടത്തരക്കാരുടെ ഭവനങ്ങള്‍ ഒന്നിലധികം മുറികളോടുകൂടിയവയും വൈവിധ്യമുള്ളവയുമായിരുന്നു. സമ്പന്നവര്‍ഗത്തില്‍പ്പെട്ടവരുടെ ഭവനങ്ങളാകട്ടെ, ആര്‍ഭാടപൂര്‍ണവും അനേകം മുറികള്‍, മലിനജലനിര്‍ഗമന സൗകര്യം, പൂന്തോട്ടങ്ങള്‍ മുതലായവയോടുകൂടിയവയും ആയിരുന്നു. ബാബിലോണിയയില്‍ സമ്പദ്വിതരണം നീതിപൂര്‍വമായിരുന്നതുകൊണ്ട് സമ്പത്തു കേന്ദ്രീകരിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണംകൊണ്ടുതന്നെ ഭവനങ്ങള്‍ പൊതുവേ ഒരേ നിലവാരത്തിലുള്ളവയായിരുന്നു. ബാബിലോണിയയിലെ ഗാര്‍ഹിക വാസ്തുവിദ്യ ഈജിപ്ഷ്യന്‍ നിലവാരത്തില്‍നിന്നു വളരെ മെച്ചപ്പെട്ടതായിരുന്നില്ല. 2000 വര്‍ഷങ്ങളോളം ഈ നില തുടരുകയും ചെയ്തു.
ഗ്രീസ്
ഗ്രീക് സുവര്‍ണകാലഘട്ടത്തില്‍പ്പോലും സാധാരണ ഗ്രീക് കര്‍ഷകഭവനങ്ങള്‍ പ്രാകൃതരീതിയിലുള്ള കുടിലുകളായിരുന്നു. ഇതര രാജ്യങ്ങളില്‍ പലതിനെക്കാളും തണുപ്പു കൂടുതലായതുകൊണ്ട് ഗ്രീസിലെ ഭവനങ്ങളില്‍ ചൂട് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമായിത്തീര്‍ന്നു. ഇഷ്ടികകൊണ്ടു നിര്‍മിച്ചതും ഒറ്റ മുറിയോടുകൂടിയതുമായ ഭവനങ്ങളില്‍ കടുത്ത ശൈത്യകാലത്ത് കന്നുകാലികളും മനുഷ്യരോടൊപ്പം കഴിഞ്ഞു കൂടുക സാധാരണമായിരുന്നു. മുറിയുടെ മധ്യത്തില്‍ തറനിരപ്പില്‍ നിന്നു കെട്ടിയുയര്‍ത്തി മേല്‍ക്കൂരയുടെ മുകളിലെത്തുന്നതരം പുകക്കുഴലുകള്‍ ഇത്തരം ഭവനങ്ങളുടെ സവിശേഷതയായിരുന്നു. ഈറ്റകൊണ്ടാണ് മേല്‍ക്കൂരകള്‍ നിര്‍മിച്ചിരുന്നത്. ഗ്രീക് സ്മാരക മന്ദിരങ്ങളും പൊതുകെട്ടിടങ്ങളും അത്യുന്നതമായ വാസ്തുവിദ്യാ വൈദഗ്ധ്യം പ്രകടമാക്കുകയും ചെയ്തു. ക്ഷേത്രങ്ങള്‍, തിയെറ്ററുകള്‍ പൊതുസമ്മേളനസ്ഥലങ്ങള്‍ തുടങ്ങിയവയായിരുന്നു പുരുഷന്മാരുടെ പ്രധാന വിഹാരകേന്ദ്രങ്ങള്‍. ഭവനങ്ങളില്‍ പിന്‍വശത്തുള്ള മുറികളിലോ മുകളിലത്തെ നിലയിലുള്ള മുറികളിലോ സ്ത്രീകളുടെ ജീവിതം പരിമിതപ്പെടുത്തിയിരുന്നു. ആധുനിക സങ്കല്പമനുസരിച്ചുള്ള കുടുംബജീവിതം ആയിരുന്നില്ല അന്ന് നിലവിലിരുന്നത്. കുടുംബജീവിതത്തിന്റെ ഔപചാരിക കേന്ദ്രമായി ഉപയോഗപ്പെടുത്തിയിരുന്നത് ഭവനത്തിന്റെ മധ്യഭാഗത്തുള്ള മുറിയായിരുന്നു.
മാസിഡോണിയന്‍ വിജയത്തിനുശേഷം സമ്പന്നവര്‍ഗത്തിന്റെ ഭവനങ്ങളിലും പൊതുകെട്ടിടങ്ങളുടെ ചില സവിശേഷതകള്‍ പ്രകടമാകാന്‍ തുടങ്ങി. ക്ഷേത്രങ്ങളിലെന്നപോലെ സമ്പന്നരുടെ ഭവനങ്ങളിലും മ്യൂറല്‍ പെയിന്റിങ്ങുകളും പ്രതിമകളും വിലകൂടിയ പലതരം വിരിപ്പുകളും കളിമണ്‍ പ്രദര്‍ശനവസ്തുക്കളും സ്ഥലം പിടിക്കാന്‍ തുടങ്ങി. സമ്പന്ന ഭവനങ്ങളുടെ നിര്‍മിതിയിലും ക്ഷേത്രമാതൃകകള്‍ സ്വീകാര്യമായിത്തീര്‍ന്നു. നോ: ഗ്രീക് വാസ്തുവിദ്യ
റോം
മധ്യത്തില്‍ പുകക്കുഴലോടുകൂടിയ റോമിലെ ആദ്യകാല കുടിലുകള്‍ ആട്രിയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, കാലക്രമത്തില്‍ ഭവനങ്ങളുടെ മധ്യഭാഗത്തു വരുന്ന മുറിക്കും ആട്രിയം എന്ന പേര്‍പതിഞ്ഞു. സമ്പന്നരുടെയും ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും വിവിധ തരത്തിലും വലുപ്പത്തിലുമുള്ള എല്ലാത്തരം ഭവനങ്ങളും ആട്രിയത്തെ കേന്ദ്രീകരിച്ചാണ് നിര്‍മിക്കപ്പെട്ടിരുന്നത്. കെട്ടിടത്തിന്റെ വലുപ്പം കൂടുന്നതനുസരിച്ച് ആട്രിയത്തിന്റെയും പുകക്കുഴലിന്റെയും വലുപ്പം കൂട്ടേണ്ടിവന്നു. സാമ്രാജ്യത്വകാലഘട്ടമായപ്പോഴേക്കും മറ്റു മുറികളിലേക്കു കാറ്റും വെളിച്ചവും കടക്കാന്‍ ഉപകരിക്കുന്ന തരത്തില്‍ ആട്രിയത്തിന്റെ നിര്‍മിതിയില്‍ മാറ്റങ്ങള്‍ വന്നുചേര്‍ന്നു. സമ്പന്നഭവനങ്ങള്‍ പിന്‍ഭാഗത്തു പൂന്തോട്ടത്തോടുകൂടിയതും രണ്ടുനിലകളുള്ളതും അലങ്കാരം നിറഞ്ഞ ആട്രിയത്തോടുകൂടിയതും ആയിത്തീര്‍ന്നു.
ഇടത്തരക്കാരുടെ ഭവനങ്ങളുടെ ആട്രിയം സമ്പന്നരുടേതിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയായിരുന്നു. ഇടത്തരം ഭവനങ്ങളുടെ അടുക്കളയും തീന്‍മുറിയും ആട്രിയത്തിനു പിന്‍ഭാഗത്തും കിടപ്പുമുറികള്‍ മുകളിലത്തെ നിലയിലും ആയിരുന്നു. ഒന്നിലേറെ നിലകളുള്ള കെട്ടിടങ്ങളില്‍ പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. ഇത്തരം കെട്ടിടങ്ങളില്‍ പാവപ്പെട്ട ഒരു കുടുംബത്തിനു കഴിഞ്ഞുകൂടാന്‍ ലഭിച്ചിരുന്നത് ഒറ്റമുറി മാത്രമായിരുന്നു. പട്ടിണിപ്പാവങ്ങള്‍ തിങ്ങിത്താമസിച്ചിരുന്ന ഇത്തരം ചില കോളനിക്കെട്ടിടങ്ങള്‍ക്ക് ഏഴു നിലകള്‍വരെയുണ്ടായിരുന്നു. അഗസ്റ്റസ് ചക്രവര്‍ത്തിയുടെ കാലത്ത് (ബി.സി. 63 - എ.ഡി. 14) ഇത്തരം കെട്ടിടങ്ങളുടെ പരമാവധി ഉയരം 24 മീ. ആയി പരിമിതപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ, ചരിത്രത്തിലാദ്യമായി പ്രയോഗത്തില്‍വന്ന കെട്ടിടനിര്‍മാണ നിയന്ത്രണനിയമം ഇതായിരിക്കാം. തെരുവോരങ്ങളിലുള്ള ഇത്തരം ബഹുനിലക്കെട്ടിടങ്ങളുടെ താഴത്തെനിലയിലെ തെരുവിനഭിമുഖമായുള്ള മുറികള്‍ കടകളായി ഉപയോഗപ്പെടുത്തിയിരുന്നു. മുകളിലത്തെ നിലകള്‍ ഇഷ്ടികകൊണ്ടു നിര്‍മിച്ചവയും സാധാരണ ജനല്‍ നിരകളോടുകൂടിയവയും ആയിരുന്നു. ആധുനിക ഇറ്റലിയിലും ഈ മാതൃകയിലുള്ള കെട്ടിടങ്ങള്‍ കാണാം. ചിലപ്പോള്‍ അപകടകരമായ നിലയില്‍ തള്ളിനില്ക്കുന്നവിധം മുകളിലത്തെ നിലകള്‍ നിര്‍മിക്കപ്പെട്ടിരുന്നു.
ഗാര്‍ഹിക വാസ്തുവിദ്യയിലെ റോമന്‍പാരമ്പര്യം മറ്റുചില രാജ്യങ്ങളിലെ ഗാര്‍ഹികവാസ്തുവിദ്യയിലും പിന്നീട് സ്വാധീനം ചെലുത്തുകയുണ്ടായി. ദക്ഷിണഫ്രാന്‍സും സിറിയയും റോമന്‍ സ്വാധീനത്തിനു വിധേയമായ രണ്ടു രാജ്യങ്ങളാണ്. എന്നാല്‍, ബ്രിട്ടനിലെ കാലാവസ്ഥ റോമന്‍ ആട്രിയത്തിന് അനുയോജ്യമായിരുന്നില്ല. ബ്രിട്ടനിലെത്തിച്ചേര്‍ന്ന റോമന്‍ വാസ്തുവിദ്യാശൈലി ബ്രിട്ടീഷ് വാസ്തുവിദ്യാശൈലിക്കനുരൂപമായി പരിവര്‍ത്തന വിധേയമാവുകയാണുണ്ടായത്.
മധ്യകാലഘട്ടം
കളിമണ്ണുകൊണ്ടോ അപൂര്‍വമായി മാത്രം കല്ലുകൊണ്ടോ നിര്‍മിച്ച ചുവരുകളോടും ഓലയോ പുല്ലോ കൊണ്ടു മേഞ്ഞ കൂരകളോടുംകൂടിയ തീരെ സൗകര്യക്കുറവുള്ള കുടിലുകളിലായിരുന്നു 13-ാം ശ. വരെ യൂറോപ്യന്‍ രാജ്യങ്ങളിലെ അടിയാളര്‍ താമസിച്ചിരുന്നത്. ഇംഗ്ലണ്ടിലെ ആദ്യകാല കോട്ടമാളികകള്‍ നല്ല സുരക്ഷിതത്വം ഉള്ളവയായിരുന്നെങ്കിലും അവയിലെ താമസ സൗകര്യം അടിയാളഭവനങ്ങളെക്കാള്‍ വളരെ മെച്ചപ്പെട്ടതായിരുന്നില്ല. അവ ഇരുട്ടു നിറഞ്ഞതും വൃത്തിഹീനവുമായിരുന്നു. 13-ാം ശ.-ത്തിന്റെ ആരംഭത്തോടെ സാവധാനത്തിലാണെങ്കിലും ഗാര്‍ഹിക വാസ്തുവിദ്യയില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. സമ്പന്നരുടെയും ഇടത്തരക്കാരുടെയും ഭവനങ്ങളുടെ പ്രത്യേകത മധ്യഭാഗത്ത് ഒരു ഹാളും ഹാളിനു ചുറ്റുമായി മറ്റു മുറികളും എന്നതായിത്തീര്‍ന്നു. നല്ലയിനം കല്ലുകള്‍കൊണ്ടു പാകിയ ഹാളുകള്‍ 20 മീ. വരെ നീളവും 7 മീ. വരെ വീതിയും ഉള്ളവയായിരുന്നു. ഇത്തരം ഹാളുകളുടെ ജനലുകള്‍ ചെറുതും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ടതുമായിരുന്നു. ഹാളിന്റെ ഒരറ്റത്ത് കുടുംബാംഗങ്ങള്‍ക്കും അതിഥികള്‍ക്കും ഇരുന്ന് ആഹാരം കഴിക്കുന്നതിനുള്ള സൗകര്യവും മധ്യത്തില്‍ ചൂടുകായുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മതിലുകള്‍ നല്ല കനമുള്ളവയും കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ നിര്‍മിക്കപ്പെട്ടവയുമായിരുന്നു. തടി സുലഭമായ പ്രദേശങ്ങളില്‍ അര്‍ധദാരുരീതി (half timber method) പ്രചാരത്തിലുണ്ടായിരുന്നു (നോ: അര്‍ധദാരുരീതി). ജനല്‍ പാളികള്‍ക്കു കണ്ണാടി ഇടുന്നതും അപൂര്‍വമല്ലായിരുന്നു. ജനലുകള്‍, വാതിലുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഗോഥിക് രീതിയിലുള്ള കമാനങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ ഇടുങ്ങിയ തെരുവുകള്‍ക്കിരുവശങ്ങളിലുമായി രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങളിലാണ് മധ്യകാലഘട്ടത്തിലെ പുത്തന്‍ പണക്കാരും ഇടത്തരക്കാരും താമസിച്ചിരുന്നത്. ഈ മാതൃകയിലുള്ള മൂന്നുനില കെട്ടിടങ്ങള്‍ ഫ്രാന്‍സില്‍ പലയിടത്തും വളരെക്കാലം നിലനിന്നിരുന്നു. ഇത്തരം കെട്ടിടങ്ങളുടെ താഴത്തെ നിലയിലെ തെരുവിനഭിമുഖമായുള്ള മുറികള്‍ കടകളായും പിന്‍ഭാഗത്തെ മുറികള്‍ അടുക്കള, സ്റ്റോര്‍ തുടങ്ങിയവയായും ഉപയോഗിച്ചിരുന്നു. മുകളിലത്തെ നിലകളില്‍ തെരുവിനഭിമുഖമായുള്ള മുറികള്‍ ആഫീസ്, പഠനം തുടങ്ങിയവയ്ക്കും പിന്‍ഭാഗത്തെ മുറികള്‍ കിടപ്പറകള്‍ക്കും ഉപയോഗപ്പെടുത്തി. ഉത്തര യൂറോപ്പിലെ മധ്യകാല ഭവനങ്ങള്‍ ആസൂത്രിതവും സാമാന്യം മെച്ചപ്പെട്ട ശുദ്ധജലവിതരണ സൗകര്യങ്ങളോടുകൂടിയതും താരതമ്യേന സൗകര്യപ്രദവുമായിരുന്നു. തുടര്‍ന്നുള്ള 500 വര്‍ഷങ്ങളോളം ഗാര്‍ഹിക വാസ്തുവിദ്യയില്‍ പറയത്തക്ക മാറ്റങ്ങളുണ്ടായില്ല. ഇറ്റലിയുടെ വടക്കന്‍ ഭാഗങ്ങളിലെ നഗരപ്രദേശങ്ങളിലാണ് ഗാര്‍ഹിക വാസ്തുവിദ്യയില്‍ ആദ്യമായി മാറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. ഇറ്റാലിയന്‍ നഗരങ്ങളില്‍ ഉയരക്കൂടുതലുള്ളതും സങ്കീര്‍ണത നിറഞ്ഞതുമായ കൊട്ടാരങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു. വെനീസില്‍ കൃത്രിമ കനാലുകള്‍ക്കും കൃത്രിമത്തടാകങ്ങള്‍ക്കും അഭിമുഖമായി നിര്‍മിക്കപ്പെട്ട സമ്പന്ന ഭവനങ്ങളുടെ പിന്‍ഭാഗത്ത് പൂന്തോട്ടങ്ങള്‍ക്കുള്ള സ്ഥലസൗകര്യങ്ങളുണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകഭവനങ്ങള്‍ മെച്ചപ്പെട്ട നിലവാരത്തിലേക്കുയര്‍ന്നുകൊണ്ടിരുന്നു. തെക്കന്‍ യൂറോപ്പില്‍ കല്പണിക്കും വടക്കന്‍ യൂറോപ്പില്‍ മരപ്പണിക്കും ആയിരുന്നു പ്രാമുഖ്യം.
ആധുനിക ഭവനാസൂത്രണ സമ്പ്രദായത്തിന്റെ തുടക്കം കുറിച്ചത് യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. 14-ാം ശ.-ത്തിനും 17-ാം ശ.-ത്തിനും ഇടയ്ക്ക് ഭവനങ്ങളില്‍ കൂടുതല്‍ മുറികള്‍ വ്യത്യസ്താവശ്യങ്ങള്‍ക്കു വേര്‍തിരിച്ചറിയാവുന്ന തരത്തില്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടില്‍ ഭവനമധ്യത്തിലുള്ള ഹാളിന്റെ വശങ്ങളില്‍ ആവശ്യാനുസരണം സമമിതീയമായി മുറികള്‍ നിര്‍മിക്കപ്പെടുകയാണുണ്ടായത്. 16-ാം ശ. വരെ വലിയ കെട്ടിടങ്ങളില്‍ അനേകം കോവണികള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇത്തരം കെട്ടിടങ്ങളിലെ സഞ്ചാരസൗകര്യം നന്നേ മോശമായിരുന്നു. ഫ്രാന്‍സിലെ ഭവനങ്ങള്‍ ഇംഗ്ലണ്ടിലേതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു.
നവോത്ഥാന കാലഘട്ടം
ഇറ്റലിയില്‍ മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന വാസ്തുവിദ്യാശൈലി നവോത്ഥാന കാലഘട്ടത്തോടെ വികാസം പ്രാപിക്കാന്‍ തുടങ്ങി. ഗാര്‍ഹികവാസ്തുവിദ്യയില്‍ ഈ മാറ്റത്തിന് നേതൃത്വം നല്കിയ പ്രമുഖ വാസ്തുശില്പി ആന്‍ഡ്രിയാ പല്ലാഡിയോ (1518-80) ആയിരുന്നു. വിസന്‍സായ്ക്കടുത്തു പണിതീര്‍ത്ത വില്ലാ റോട്ടന്‍ഡാ പോലുള്ള കെട്ടിടങ്ങള്‍ ഭവനനിര്‍മാണത്തിന് ക്ഷേത്രമാതൃക ഉപയോഗപ്പെടുത്തിയതിന് ഉദാഹരണങ്ങളാണ്. ക്ലാസിക് ശൈലിയിലെ സമമിതി (symmetry), അനുപാതം (proportion), മാപനം (scale), അലങ്കാരം (ornament) തുടങ്ങിയ ഘടകങ്ങള്‍ ബലികഴിക്കാതെയാണ് ഭവനനിര്‍മാണത്തില്‍ ക്ഷേത്രമാതൃക സ്വീകരിക്കപ്പെട്ടത്. ഇറ്റലിയില്‍ ആരംഭിച്ച നവോത്ഥാന വാസ്തുവിദ്യാശൈലി അതിവേഗം ഫ്രാന്‍സിലേക്കും വ്യാപിച്ചു. ഇതോടെ, കമനീയമായ വിശദാംശങ്ങളോടുകൂടിയ ആകര്‍ഷകങ്ങളായ ഭവനങ്ങള്‍ ഉരുത്തിരിഞ്ഞു വരാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ നവോത്ഥാനശൈലി പ്രചാരത്തില്‍ വരാന്‍ തുടങ്ങിയത് ഹെന്റി VIII-ന്റെ കാലത്തിനുശേഷമാണ്. ഉത്തരയൂറോപ്പില്‍ നിന്നാണ് ഈ ശൈലി ഇംഗ്ലണ്ടിലേക്കു വ്യാപിച്ചത്. ഇംഗ്ലണ്ടിലെ നവോത്ഥാന ശൈലിയുടെ വികാസത്തില്‍ പ്രധാന പങ്കുവഹിച്ചത് ഇനിഗോ ജോണ്‍സ് (1573-1652) എന്ന വാസ്തുശില്പിയാണ്. ഇംഗ്ലണ്ടിലെ ആദ്യകാല വാസ്തുശില്പികളില്‍ പ്രമുഖനും ഇദ്ദേഹം തന്നെയാണ്.
നവീന ക്ലാസ്സിക് ശൈലി
ഇംഗ്ലണ്ടിലെ ഏറ്റവും പ്രസിദ്ധനായ വാസ്തുശില്പി സര്‍ ക്രിസ്റ്റോഫര്‍ റെന്‍ ആയിരുന്നു. പൊതുകെട്ടിടങ്ങളുടെ നിര്‍മാണത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും ഗാര്‍ഹികവാസ്തുവിദ്യയിലും റെന്നിന്റെ സ്വാധീനം പ്രകടമായി. മങ്ങിയും തെളിഞ്ഞും പല്ലാഡിയന്‍ ശൈലി കുറേക്കാലം കൂടി നിലനില്ക്കുകയുണ്ടായി. എന്നാല്‍, 18-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ജോര്‍ജിയന്‍ ശൈലി എന്ന പേരില്‍ അറിയപ്പെടുന്ന തനിമയുള്ള ഇംഗ്ലീഷ് നവീന ക്ലാസ്സിക് ശൈലി മറ്റു വാസ്തുവിദ്യാശൈലികളെ പിന്തള്ളുകയുണ്ടായി. ലാളിത്യവും മിതത്വവുമുള്ള അലങ്കാരങ്ങളോടുകൂടിയ ഈ ശൈലിയുടെ ശ്രദ്ധേയമായ സവിശേഷത മനോജ്ഞമായ അനുപാതം ആയിരുന്നു. ഗ്രീക്-റോമന്‍ വാസ്തുവിദ്യാ ശൈലികളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട റോബര്‍ട്ട് ആഡം സ്വന്തമായ ഒരു ഗാര്‍ഹികവാസ്തുവിദ്യാശൈലിക്കു രൂപംനല്കി. ലളിതമായ ആകൃതിയും സങ്കീര്‍ണമായ അലങ്കാരരീതിയുമായിരുന്നു ഈ ശൈലിയുടെ പ്രത്യേകത. ലണ്ടനിലെ സെന്റ് ജെയിംസ് സ്ട്രീറ്റില്‍ റോബര്‍ട്ട് ആഡം നിര്‍മിച്ച ഇടത്തരം വലുപ്പത്തിലുള്ള ഒരു ഭവനം ഈ പ്രത്യേക ശൈലിയുടെ സവിശേഷതകളോടൊപ്പം, അക്കാലത്തെ സമ്പന്ന ഭവനങ്ങളുടെ പ്രത്യേകതകളും പ്രകടമാക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ ഉയരം കൂടിയ താഴത്തെ നിലയില്‍ വിശ്രമവിനോദാദികള്‍ക്കുള്ള ഏഴു പ്രധാന മുറികളും മുകളിലത്തെ നിലയില്‍ കിടപ്പുമുറികളും ആണ്. ചതുരാകൃതിയിലുള്ള ഈ കെട്ടിടത്തിലെ സംഗീതാസ്വാദനത്തിനുള്ള പ്രത്യേക മുറി അണ്ഡാകൃതി (oval)യിലും വസ്ത്രധാരണത്തിനുള്ള മുറി വൃത്താകൃതിയിലുമാണ് പണി കഴിപ്പിച്ചിട്ടുള്ളത്. 19-ാം ശ.-ത്തിന്റെ ആരംഭത്തോടെ ജോര്‍ജിയന്‍ ശൈലി രണ്ടായി പിരിഞ്ഞു. അവയിലൊന്ന് റൊമാന്റിക് പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ളതായിരുന്നു. രണ്ടാമത്തേത് റീജന്‍സി ശൈലി എന്ന പേരില്‍ പിന്നീടറിയപ്പെടാന്‍ തുടങ്ങി.
കൊളോണിയല്‍ കാലഘട്ടം
17-ഉം 18-ഉം ശ.-ങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കീഴടക്കിയ ഇതര രാജ്യങ്ങളില്‍ അതാതു രാജ്യങ്ങളിലെ കാലാവസ്ഥയ്ക്കും കെട്ടിട നിര്‍മാണ പദാര്‍ഥങ്ങളുടെ സവിശേഷതകള്‍ക്കും അനുസൃതമായി യൂറോപ്യന്‍ ഗാര്‍ഹികവാസ്തുവിദ്യാശൈലികള്‍ പ്രചാരത്തില്‍ വരാന്‍ തുടങ്ങി. യു.എസ്സില്‍ കുടിയേറിയ യൂറോപ്യന്മാര്‍ മാറിയ സാഹചര്യത്തിനനുസരിച്ച് അവരുടെ ഭവനനിര്‍മാണരീതിയിലും ക്രമേണ മാറ്റങ്ങള്‍ വരുത്തി. അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങളില്‍ കുടിയേറിയവര്‍ക്ക് കാടുവെട്ടിത്തെളിക്കേണ്ടിവന്നതിനാല്‍ തടി സുലഭമായിരുന്നു. സ്വാഭാവികമായി ആ ഭാഗങ്ങളിലെ കെട്ടിടനിര്‍മാണത്തില്‍ മരപ്പണിക്ക് പ്രാമുഖ്യം ലഭിച്ചു. ഇത്തരം സാഹചര്യങ്ങളാലാണ് ഇംഗ്ലണ്ടില്‍ നിന്നു യു.എസ്സിലേക്കു കുടിയേറിയവര്‍ ഇംഗ്ലണ്ടിലെ വസ്തുവിദ്യാശൈലികളില്‍ നിന്നു പലതുകൊണ്ടും വ്യത്യസ്തമായ ഒരു വാസ്തുവിദ്യാശൈലിക്കു രൂപം നല്കാനിടയായത്.
1667-നോടടുപ്പിച്ച് പല്ലാഡിയന്‍ വാസ്തുവിദ്യാശൈലി യു.എസ്സില്‍ അറിയപ്പെടാന്‍ തുടങ്ങി. 18-ാം ശ.-ത്തിന്റെ തുടക്കത്തോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വാസ്തുശില്പികള്‍ യു.എസ്സിലേക്കു കുടിയേറാനാരംഭിച്ചു. 1730-കളില്‍ ബോസ്റ്റണില്‍ പ്രവര്‍ത്തനം ആരംഭിച്ച ജോണ്‍ ജെയിംസ് എന്ന വാസ്തുശില്പി ഇക്കൂട്ടത്തില്‍പ്പെടുന്നു. ഏറെക്കഴിയുംമുമ്പ് ഇംഗ്ലീഷ് മാതൃകയോടു സാമ്യമുള്ള അമേരിക്കന്‍ ജോര്‍ജിയന്‍ ശൈലി ഉരുത്തിരിഞ്ഞു. അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഈ ശൈലിയില്‍ പണിതീര്‍ത്ത ഭവനങ്ങള്‍ തടിപ്പണിക്കു പ്രാമുഖ്യമുള്ളവയായിരുന്നു. ഒതുക്കമുള്ള പ്ലാനോടുകൂടിയതും ഉയരക്കൂടുതലുള്ളതുമായിരുന്നു ഇത്തരം ഭവനങ്ങള്‍. ജര്‍മന്‍-ഡച്ച് വാസ്തുവിദ്യാശൈലികള്‍ ന്യൂയോര്‍ക്കിലും പെന്‍സില്‍വാനിയയിലും ഗാര്‍ഹിക വാസ്തുവിദ്യയെ സ്വാധീനിക്കുകയുണ്ടായി. മെക്സിക്കോയിലാകട്ടെ, സ്പാനിഷ് വാസ്തുവിദ്യയുടെ സ്വാധീനമാണ് പ്രകടമായത്. 18-ഉം 19-ഉം ശ.-ങ്ങളില്‍ ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇംഗ്ലീഷ് വാസ്തുവിദ്യാശൈലികള്‍ പ്രചരിക്കാനിടയായി.
വിക്ടോറിയന്‍ കാലഘട്ടം
18-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ യൂറോപ്പിലെ സാധാരണക്കാരുടെ ഗാര്‍ഹിക വാസ്തുവിദ്യയില്‍ പ്രകടമായ മാറ്റം വരികയുണ്ടായി. 18-ാം ശ.-ത്തിന്റെ മധ്യഘട്ടംവരെ യൂറോപ്പിലെ കൈത്തൊഴില്‍ക്കാരും നെയ്ത്തുകാരും കൃഷിക്കാരും അവരുടെ ഭവനങ്ങള്‍ പണിപ്പുരകളായിക്കൂടി ഉപയോഗിച്ചിരുന്നു. എന്നാല്‍, വ്യവസായവിപ്ലവത്തെത്തുടര്‍ന്ന് സ്ഥിതിയാകെ മാറി. കെട്ടിട നിര്‍മാണവിദ്യയില്‍ മാത്രമല്ല, വീടിന്റെ ഉപയോഗത്തിലും കുടുംബജീവിതത്തില്‍ത്തന്നെയും വ്യവസായ വിപ്ലവം ഗണ്യമായ പരിവര്‍ത്തനം ഉണ്ടാക്കി. ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളില്‍ അധികംപേരും ദിവസത്തിന്റെ ഏറിയ പങ്കും ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളായിത്തീര്‍ന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന കെട്ടിടങ്ങളിലായി അവരുടെ അന്തിയുറക്കം. ഇത്തരം കെട്ടിടങ്ങളിലെ വാതായന സൗകര്യവും മറ്റു താമസ സൗകര്യങ്ങളും താഴ്ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇഷ്ടികയാണ് നിര്‍മാണത്തിനുപയോഗിച്ചിരുന്നത്. ശുദ്ധജലവിതരണ സജ്ജീകരണങ്ങള്‍ ഇവയിലില്ലായിരുന്നു. 19-ാം ശ.-ത്തിന്റെ മധ്യഘട്ടത്തോടെ ഇത്തരം കെട്ടിടങ്ങള്‍ അടുത്തടുത്തായി കൂണുപോലെ പൊന്തിവന്നതുമൂലം പല വന്‍നഗരങ്ങളിലും അനാരോഗ്യകരമായ ചേരിപ്രദേശങ്ങള്‍ രൂപംകൊണ്ടു. എന്നാല്‍, റെയില്‍വേ സൗകര്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇടത്തരക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളില്‍നിന്ന് അകലെയുള്ള സൗകര്യപ്രദമായ പ്രദേശങ്ങളില്‍ ഭവനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. വന്‍നഗരങ്ങള്‍ക്കടുത്തുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പരിസരങ്ങള്‍ ഇടത്തരക്കാരുടെ ഭവനകേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരുന്നു, പുത്തന്‍ പണക്കാരുടെ ഭവനങ്ങള്‍ പ്രയോജനക്ഷമതയെക്കാള്‍ ആഡംബരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും പ്രാമുഖ്യമുള്ളവയായിത്തീര്‍ന്നു.
കുറഞ്ഞ വരുമാനക്കാരായ ഇടത്തരക്കാര്‍ നഗരപ്രാന്തങ്ങളില്‍ ചെറിയ പ്ലോട്ടുകള്‍ വാങ്ങി വീടുകള്‍ വയ്ക്കുന്ന പ്രവണത പ്രകടമായിക്കൊണ്ടിരുന്നു. വ്യാവസായിക വികാസത്തിന്റെ ഫലമായുള്ള ചില സൗകര്യങ്ങള്‍ സാധാരണക്കാരും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കാവുന്നതരം കുളിമുറികള്‍ ഇതിനൊരുദാഹരണമാണ്. കുളിമുറിയിലേക്കാവശ്യമുള്ള പലതും വാങ്ങി ഫിറ്റു ചെയ്താല്‍ മതിയെന്ന സ്ഥിതിയും വന്നുചേര്‍ന്നു. വീട്ടാവശ്യങ്ങള്‍ക്കുള്ള ഫര്‍ണിച്ചറുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ തുടങ്ങി. ശുദ്ധജലവിതരണ സമ്പ്രദായവും പിന്നീട് ഗ്യാസ് വിതരണ സമ്പ്രദായവും പ്രചാരത്തില്‍വന്നു. 19-ാം ശ.-ത്തിന്റെ അവസാനമായപ്പോള്‍ മലിന ജലനിര്‍ഗമന സജ്ജീകരണങ്ങളും നിലവില്‍വന്നു. 1900-ത്തോടുകൂടി വീട്ടാവശ്യത്തിനുള്ള വൈദ്യുതി വിതരണ സമ്പ്രദായവും നടപ്പിലായിത്തുടങ്ങി. മതിലുകളും മച്ചുകളും ചെലവുകുറഞ്ഞ രീതിയിലുള്ള അലങ്കാരപ്പണികള്‍ക്കു വിധേയമായി. ഇവയെല്ലാം ഭവനങ്ങളിലെ സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുകയുണ്ടായെങ്കിലും സൗന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടില്‍ ഗാര്‍ഹിക വാസ്തുവിദ്യ വളരെ മുന്നോട്ടുപോയില്ല. വാസ്തുവിദ്യയുടെ സൗന്ദര്യശാസ്ത്രപമായ വികാസത്തിനുവേണ്ടി ജോണ്‍ റസ്കിന്‍ (1819-1900), വില്യം മോറിസ് (1834-96) എന്നീ ബ്രിട്ടീഷ് വാസ്തുശില്പികള്‍ ശ്രമം നടത്തി. ഗോഥിക് ശൈലിയുടെ പുനരാവിഷ്കരണത്തിന് റസ്കിനും മധ്യകാലഘട്ടത്തിലെ ഭവനാലങ്കരണ രീതിയുടെ പുത്തന്‍ വളര്‍ച്ചയ്ക്ക് മോറിസും കാരണക്കാരായി. ഗാര്‍ഹിക വാസ്തുവിദ്യയില്‍ ഗോഥിക് രീതിയുടെ പുനരാവിഷ്കരണം പ്രകടമായത് ഗേബിളിന്റെ ഉയരക്കൂടുതല്‍, കമാനരൂപ ജനലുകള്‍ തുടങ്ങിയവയായിരുന്നു. ഗാര്‍ഹിക വാസ്തുവിദ്യാശൈലികള്‍ തമ്മിലുള്ള മത്സരത്തില്‍ നവീന ക്ലാസ്സിക് ശൈലിയെ ഏറെക്കാലം വിജയകരമായി ചെറുത്തു നില്‍ക്കാന്‍ പുനരാവിഷ്കരിക്കപ്പെട്ട ഗോഥിക് ശൈലിക്കു കഴിഞ്ഞു.
പാരമ്പര്യത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ രണ്ടു പ്രമുഖ വാസ്തുവിദ്യാപ്രസ്ഥാനങ്ങള്‍ 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ബ്രസ്സല്‍സില്‍നിന്നാരംഭിച്ച ആര്‍ട്ട് നോവെ (Art nouveau) പ്രസ്ഥാനമാണ് അവയിലൊന്ന്. പ്രകൃതിദത്തരൂപങ്ങളും അലങ്കാരങ്ങളും സ്വീകരിക്കുക എന്നതായിരുന്നു ഇതിന്റെ സവിശേഷത. രണ്ടാമത്തേതിന്റെ സവിശേഷത അലങ്കാരപ്പണികള്‍ക്കു പ്രാധാന്യം നല്കാതെ നിര്‍മാണരീതിയെയും ഉപയോഗത്തെയും അടിസ്ഥാനമാക്കി കെട്ടിടങ്ങളുടെ രൂപകല്പന നടത്തുക എന്നതായിരുന്നു. പിന്നീട്, ആഗോളവ്യാപകമായി പ്രചാരം നേടിയ ആധുനിക വാസ്തുവിദ്യയെ ഈ രണ്ടു പ്രസ്ഥാനങ്ങളും ഗണ്യമായി സ്വാധീനിച്ചിട്ടുള്ളതായി കാണാം. നോ: ആധുനിക വാസ്തുവിദ്യ
പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളില്‍
പാശ്ചാത്യ രാജ്യങ്ങളുമായുള്ള സമ്പര്‍ക്കം തുടങ്ങുന്നതുവരെ മിക്കവാറും എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും പരമ്പരാഗത വാസ്തുവിദ്യാശൈലികളാണ് കാലാനുസൃതമായ ചില്ലറ മാറ്റങ്ങളോടെ നിലനിന്നിരുന്നതെന്ന് പൊതുവേ പറയാം.
ഇന്ത്യ
അതിസമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധുനദീതട സംസ്കാരത്തിന് ബി.സി. 2500 വര്‍ഷത്തോളം പഴക്കമുണ്ട്. അക്കാലത്ത് മോഹന്‍ജൊദരോ, ഹരപ്പ, ചുറുദാരോ എന്നിവിടങ്ങളില്‍ ആസൂത്രിതമായ ജനവാസകേന്ദ്രങ്ങളുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഭംഗിയും സൗകര്യവുമുള്ള പാര്‍പ്പിടങ്ങളും ഋജുവായ തെരുവീഥികളും പൊതുകെട്ടിടങ്ങളും ഇത്തരം ജനവാസകേന്ദ്രങ്ങളുടെ സവിശേഷതകളായിരുന്നു. ചുട്ട ഇഷ്ടിക, കളിമണ്ണ്, ജിപ്സം തുടങ്ങിയ നിര്‍മാണ പദാര്‍ഥങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്നു. ബി.സി. 1500-നോടടുത്ത് ഈ സംസ്കാരം നശിച്ചുപോയതായി കരുതപ്പെടുന്നു.
ഇന്ത്യന്‍ വാസ്തുവിദ്യയില്‍ പിന്നീടുണ്ടായ വികാസ പരിണാമങ്ങള്‍ സിന്ധുനദീതട സംസ്കാരത്തിന്റെ തുടര്‍ച്ചയായിരുന്നില്ല. ബി.സി. 1500-300 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പ്രചാരത്തില്‍വന്ന വേദകാല വാസ്തുവിദ്യാശൈലി പ്രധാനമായും മധ്യേഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു കടന്നുവന്ന ആര്യവംശജരുടെ സംഭാവനയായി കരുതപ്പെടുന്നു. ഈ കാലഘട്ടത്തിലെ പാര്‍പ്പിടങ്ങള്‍ ദീര്‍ഘചതുരാകൃതിയിലോ വൃത്താകൃതിയിലോ ഇവ രണ്ടും ചേര്‍ന്ന ആകൃതിയിലോ ഉള്ളവയായിരുന്നു. ബി.സി. 5-ാം ശ.-ത്തോടെ വേദകാല വാസ്തുവിദ്യാശൈലി ഉത്തരേന്ത്യമുഴുവന്‍ വ്യാപിച്ചതായി കാണാം. തടിയായിരുന്നു പ്രധാന നിര്‍മാണപദാര്‍ഥം. ഒരു സഹസ്രാബ്ദത്തിലേറെക്കാലം പ്രധാന കെട്ടിടനിര്‍മാണ പദാര്‍ഥമായി തടി ഉപയോഗിച്ചുപോന്നു. ഭവനങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് തടികൊണ്ടുള്ള വളവുകൂര (Vault) ഉപയോഗപ്പെടുത്തിയത് സുപ്രധാനമായ ഒരു സാങ്കേതിക നേട്ടമായിരുന്നു. വളച്ചെടുത്ത തടികള്‍ക്കിടയില്‍ പലകകള്‍ നിരത്തിയാണ് ഇത്തരം മേല്‍ക്കൂരകള്‍ നിര്‍മിച്ചിരുന്നത്. വേദകാലഘട്ടത്തിന്റെ അവസാനത്തോടെ ശില ഒരു പ്രധാന കെട്ടിടനിര്‍മാണ പദാര്‍ഥമായി അംഗീകരിക്കപ്പെട്ടു. എങ്കിലും നാലഞ്ചു ശ.-ങ്ങള്‍കൂടി മരപ്പണിയുടെ രീതികള്‍ ശിലകളില്‍ പ്രയോഗിക്കുക മാത്രമാണുണ്ടായത്. കല്പണിക്ക് വ്യക്തിത്വം കൈവന്നത് അഞ്ഞൂറു വര്‍ഷങ്ങളോളം പിന്നിട്ടശേഷമാണ്. വേദകാലശൈലിക്കുശേഷം ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വികസിച്ചുവന്ന പ്രധാന വാസ്തുവിദ്യാശൈലികള്‍ ബൌദ്ധം, ഹൈന്ദവം, ജൈനം, ഇന്തോ-ഇസ്ലാമികം, ഇന്തോ-യൂറോപ്യന്‍ എന്നിവയാണ്. ഈ ശൈലികള്‍ അതതുകാലത്തെ ഗാര്‍ഹിക വാസ്തുവിദ്യാശൈലിയിലും പ്രതിഫലിക്കുകയുണ്ടായി. നോ: ഇന്ത്യന്‍ വാസ്തുവിദ്യ
കേരളം ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ തരത്തിലുള്ളതായിരുന്നു കേരളത്തിലെ പരമ്പരാഗത ഗാര്‍ഹികവാസ്തുവിദ്യാശൈലി. ഗൃഹത്തിന്റെ അടിസ്ഥാനഘടകം ശാല എന്ന പേരില്‍ അറിയപ്പെടുന്നു. പരമ്പരാഗത വാസ്തുവിദ്യാവിധിപ്രകാരം ശാലയ്ക്കു മുന്‍വശത്തായി ഒരു അങ്കണം കൂടിയേതീരൂ. ഭവനത്തിലേക്കുള്ള വാതില്‍ ഈ അങ്കണത്തില്‍ നിന്നായിരിക്കണം. വീടിന്റെ വലുപ്പക്രമത്തിനനുസരിച്ച് ദ്വിശാലം, ത്രിശാലം, ചതുശ്ശാലം എന്നിങ്ങനെ ദശശാലംവരെ ഭവനങ്ങള്‍ പത്തു തരത്തിലാകാം. ഇടത്തരക്കാരുടെ ഭവനങ്ങള്‍ പൊതുവേ ചതുശ്ശാലകളായിരുന്നു. നാലു ശാലകളും അന്തരാളങ്ങളും തമ്മില്‍ ബന്ധിച്ചാണ് നാലുകെട്ടുണ്ടാക്കുന്നത്. വീടിനോടനുബന്ധിച്ചുള്ള കുലദേവതാസ്ഥാനങ്ങളും കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയും നിര്‍മിക്കുന്നത് പരമ്പരാഗത വാസ്തുവിദ്യാവിധിപ്രകാരമുള്ള നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. കെട്ടിടനിര്‍മാണ പദാര്‍ഥങ്ങളില്‍ കേരളത്തില്‍ ആദ്യകാലത്ത് തടിക്കായിരുന്നു പ്രാമുഖ്യം. കരിങ്കല്ല്, വെട്ടുകല്ല്, ഇഷ്ടിക, ഓട് തുടങ്ങിയവ കാലക്രമേണ കെട്ടിട നിര്‍മാണത്തില്‍ സ്ഥാനം നേടുകയുണ്ടായി. നോ: കേരളം
ചൈന
പരമ്പരാഗത വാസ്തുവിദ്യയ്ക്കനുസരിച്ചുള്ള ചൈനീസ് ഭവനം ഒരേ നിരയിലുള്ള മുറികള്‍ തമ്മില്‍ ഒരു വരാന്തയാല്‍ ബന്ധിക്കപ്പെട്ടതും ഉയരക്കൂടുതലുള്ള ചുറ്റുമതിലുകളോടുകൂടിയതുമായിരുന്നു. അധികം ഭവനങ്ങളും ഒറ്റനില മാത്രമുള്ളവയായിരുന്നു. പ്രധാന കെട്ടിടനിര്‍മാണ പദാര്‍ഥം തടിയായിരുന്നു. ചൈനീസ് പരമ്പരാഗത വാസ്തുവിദ്യയുടെ വികാസചരിത്രം തന്നെ മരപ്പണി പ്രവിധികളുടെ പുരോഗതിയുമായി ബന്ധപ്പെട്ടതാണെന്നു പറയാം. ഇഷ്ടികപ്പണിയും സാധാരണമായിരുന്നു. ഭവനമേല്‍ക്കൂര കുത്തനെ ചരിഞ്ഞു ടെന്റുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ്. നോ: ചീന വാസ്തുവിദ്യ
ജപ്പാന്‍
കനംകുറഞ്ഞ മതിലുകള്‍, നീക്കാവുന്നതരം ഇടമറകള്‍, ലാളിത്യം, ഗണിതശാസ്ത്രാനുസൃതമായ രൂപമാതൃക തുടങ്ങിയവയാണ് ജപ്പാനിലെ പരമ്പരാഗത വാസ്തുവിദ്യയുടെ സവിശേഷതകള്‍. വരാന്തയിലും മുറികളുടെ മൂലകളിലും ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള തൂണുകളാണ് ചരിഞ്ഞ മേല്‍ക്കൂരയുടെ ചട്ടക്കൂടിനെ താങ്ങി നിര്‍ത്തുന്നത്. മേല്‍ക്കൂരമേയാന്‍ ഓലകളും ഓടും ഉപയോഗിച്ചിരുന്നു. മുറികള്‍ക്കു മുകളില്‍ തടികൊണ്ടുള്ള മച്ചും സാധാരണമായിരുന്നു. വീടിന്റെ പുറംമതിലുകള്‍ കെട്ടുറപ്പുള്ളവയായിരുന്നു. എന്നാല്‍ വിഭജനമറകള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കാവുന്നതരം തട്ടികളോ സ്ക്രീനുകളോ ആയിരുന്നു. പരമ്പരാഗത ജപ്പാന്‍ വാസ്തുവിദ്യ ആധുനിക വാസ്തുവിദ്യയ്ക്കനുസൃതമായി പരിഷ്കരിക്കുന്നതില്‍ ആധുനിക ജാപ്പനീസ് വാസ്തുശില്പികള്‍ വിജയിച്ചിട്ടുണ്ട്. നോ: ജപ്പാന്‍ വാസ്തുവിദ്യ